Art and Literature
വാമോസ് അര്‍ജന്റീന
Click the Play button to hear this message in audio format
Art and Literature

വാമോസ് അര്‍ജന്റീന

മിത്ര നീലിമ
|
23 Nov 2022 5:25 AM GMT

| കവിത

അപ്പന്‍ അര്‍ജന്റീനക്കാരന്‍ ആയിരുന്നു.

അമ്മച്ചി ബ്രസീല്കാരിയും.

അപ്പന്‍ മോനു ഡീഗോ സര്‍ജിയോന്നും

അമ്മ മോള്‍ക്ക് ഹെലന്‍ അരാന്റസ്

എന്നും പേരിട്ടു.

മോന്‍ ഫോര്‍വേഡുകളും

മോള് ഡിഫെന്‍ഡറുകളും ആയി മുന്നേറി.

അപ്പനും അമ്മയും അവര്‍ക്കിടയില്‍ മിഡ്ഫീല്‍ഡര്‍മാരായി.

കോളനിക്കാര്‍ക്ക് ചിരിക്കാനെന്നും

വകയായി.

തൊങ്കി കളീം കുട്ടീം കോലുമൊന്നും

അവറ്റിങ്ങള് പഠിച്ചില്ല.

പള്ളിക്കൂടം വിട്ടാ പിള്ളേര് ഗ്രൗണ്ടിലാ.

ഒന്നേ..

രണ്ടേ..

പെലെ..

മറഡോണ..

അപ്പന്‍ എഞ്ചുവടി പഠിപ്പിച്ചു.


പെലപ്പിള്ളേര്‍ക്ക് പെലെ മാച്ചാ..ടിയെ

എന്ന കറിയമേസ്തിരിടെ ചിരി

അമ്മച്ചിക്കങ്ങു കൊണ്ട് കേറി.

പെനാല്‍റ്റി ഷൂട്ട്..

മേസ്തിരി ഡിം!

ഷീറ്റിട്ട പെരക്ക് മോളിലൂടെ മഴവെള്ളം പാഞ്ഞുകുത്തി വന്നതിന്റെ പിറ്റേന്ന്

പെരക്ക് മോളില് നീലപടുതയൊരെണ്ണം

അപ്പന്‍ കെട്ടി.

അതിന്റെ പിറ്റേന്ന് പണിക്കു പോണ വീട്ടീന്ന് കൊണ്ടന്ന

മഞ്ഞപടുത അമ്മച്ചിയും കെട്ടി.

ഡീഗോയും ഹെലനും രണ്ട് രാജ്യങ്ങളായി.

കോര്‍ണര്‍ കിക്ക്..

ടീവീല് പന്തുകളി കാണുമ്പം

അപ്പനും അമ്മച്ചിയും പിന്നെ

കയ്യാങ്കളിയായി,

പിടുത്തോം വലീമായി!

നാട്ടുകാരെ ചിരിപ്പിക്കാനായി ഉണ്ടായ

തന്തേം തള്ളേമെന്ന് ഹെലന്‍ അരിശപ്പെട്ടു.

തൊണ്ണൂറിലെ ഇറ്റാലിയക്ക്

സെബാന്‍ ചേട്ടന്റെ ടീവിലെ പന്ത് കളി

ഒളിച്ചു നോക്കി കണ്ടതിനു

അപ്പനു പൊതിരെകിട്ടിയതാ.

പിന്നേം പത്തുകൊല്ലം കഴിഞ്ഞ്

ഹെവെന്‍സ് ക്ലബ്ബില്‍ ടീവി വന്നേപ്പിന്നെയാ

അപ്പന്‍ പേടിക്കാതെ കളി കണ്ടത്.

പിന്നെ അമ്മച്ചി പണിക്കു പോയ വീട്ടീന്ന്

പഴേത് ഒപ്പിച്ചൊരെണ്ണം കൊടുത്ത്

മഹാനായ അക്ബറിന്റെ വീട്ടുകാര്‍

അമ്മച്ചിയെ അനുഗ്രഹിച്ചു.

അക്ബറിനും കളിഭ്രാന്തായിരുന്ന്!


വാമോസ് അര്‍ജന്റീന!

അപ്പന്‍ കാണാപ്പാഠം പഠിച്ചു.

ദേസ്യോ ബ്രസീല്‍ ഗാഞ്യര്‍

എന്നതാ അമ്മച്ചി ഇതിന്റെ അര്‍ത്ഥം?

ഡീഗോ വാ പൊളിച്ചു.

എന്നതായാലും ബ്രസീല് ജയിക്കും മാനെ

അമ്മച്ചി കണ്ണീരൊപ്പി.

ഡീഗോ ദൈവത്തിന്റെ പുത്രന്‍ ആണെന്നും

അവന്റെ രാജ്യം വരുമെന്നും അപ്പന്‍

മുട്ടെ നിന്നും പ്രാര്‍ത്ഥിച്ചു.

അമ്മച്ചി ദൈവപുത്രന്റെ മാതാവായി.

കറുത്ത ഈശോ കുരിശില്‍ കിടന്നു അനുഗ്രഹിക്കട്ടെ!

അമ്മ എന്നും കൊന്ത ചൊല്ലി.

രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ അതിര്‍ത്തികെട്ടി

ഹെലനും ഡീഗോയും വളര്‍ന്നു.

ഡീഗോ മൈക്കാട് പണിക്കും

ഹെലന്‍ തുന്നലിനും പോയി.

ദൈവത്തിന്റെ കൈ ഉടനെങ്ങും കാണുകേലന്നോര്‍മ്മിച്ചു

അപ്പനും അമ്മയും

നാലു കൊല്ലം കൂടുമ്പോ കെട്ടിയ

അതിര്‍ത്തി പൊളിക്കും.

കാലം അതിന്റെ വഴിക്ക് പോയി.

പിള്ളേര് സോക്കറീന്ന് വിരമിച്ചു

പല വഴിക്കും പോയി.

അപ്പനും അമ്മച്ചിയും സെല്‍ഫ് ഗോളടിച്ചു മുന്നേറി.

എസ്‌കോബാറിന്റെ തുള വീണ ശരീരം

സ്വപ്നത്തില്‍ വരുന്നതായി തോന്നി

അപ്പന് മതിഭ്രമം ഉണ്ടായി.

വാമോസ് അര്‍ജന്റീന

അപ്പന്‍ അബോധാവസ്ഥയില്‍ മുരളുന്നത്

അമ്മച്ചി കേക്കുന്നുണ്ടായിരുന്നു.

ഓര്‍മ്മ വരാന്‍ കര്‍ത്താവിന്റെ തിരുരൂപം

ഒരെണ്ണം കട്ടിലിന്ററ്റത്ത് അമ്മച്ചി വെച്ചു.

മിശിഹാക്ക് മെസ്സിയുടെ അതേ രൂപം.

അമ്മച്ചി വീണ്ടും കണ്ണീരൊപ്പി.

അതേ സമയം

അങ്ങ് ദൂരെ റെഡീമര്‍ പ്രതിമക്കും

കണ്ണീരു വന്നിരുന്നു.

മനുഷ്യരുടെ ദുഃഖങ്ങളില്‍

കയ്യും മലത്തി നിക്കാനല്ലാതെ

ദൈവങ്ങള്‍ മറ്റെന്തു ചെയ്യാനാണ്?



Similar Posts