വിത്തിടാതെ വാടുന്നില്ല പൂക്കള്‍
|| കവിത
പതിനാലിലാണ് ഞാന്‍ നിന്നെ കണ്ടുമുട്ടുന്നത്,
കൃത്യമായിപ്പറഞ്ഞാല്‍
മെയ് ഇരുപത്തിയാറിന്റെ
പൊള്ളുന്ന സായാഹ്നത്തില്‍
പത്തൊമ്പതില് ബില്‍ക്കീസിനരികില്‍
വീണ്ടും നമ്മളൊന്നിച്ചു,
വേരറുക്കുന്ന വേദനയിലാണ്
നാമാലിംഗനബദ്ധരായത്
ഇരുപത്തിരണ്ടില്‍ മുസ്കാന്റെ
അഭിമാനമുഷ്ടിയില്‍ നാമണി നിരന്നു,
നിന്റെ ചുംബനങ്ങള്‍ക്ക്
ഇങ്ക്വിലാബിന്റെ ഗന്ധം
ഇന്ന് ചുറ്റിപ്പിണഞ്ഞു കിടന്ന്
നാം സ്വപ്നം കാണുന്നു:
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ആസിഫയെന്നും
ജുനൈദെന്നും പേര് നല്‍കണം
കശ്മീരിലെ ക്ഷേത്രത്തില്‍ ചെന്ന്,
ഫരീദാബാദിലെ റയില്‍ പാളങ്ങളില്‍ നിന്ന്,
പേരിടീല്‍ ചടങ്ങ് നടത്തണം.
ഇനിയൊരിക്കല്‍ എനിക്കാരീ പേരിട്ടെന്ന ചോദ്യത്തിന്
അനീതിയെന്ന് നാം മറുപടി പറയും
ഞാനവര്‍ക്ക് സ്നേഹം കൊണ്ട് മുലയൂട്ടുമ്പോള്‍
നീയവരുടെ നട്ടെല്ലിനൊരു താങ്ങ് വെച്ച് കെട്ടണം
ബാങ്കൊലി തോരാത്ത അയോധ്യയില്‍
ബാബ്രിയുടെ തൂണുകള്‍ കെട്ടിപ്പിടിക്കണം
നജീബിനെ അവസാനമായിക്കണ്ട
പൂമരച്ചോട്ടില്‍ നമുക്കൊന്നിരിക്കണം,
ദില്ലിയുടെ പുകമറയില്‍ നിമിഷനേരത്തേക്ക്
നാമൊരു ഫാത്തിമ നഫീസായി മാറും
രോഹിത്ത് അവസാനമായിക്കണ്ട
പുസ്തകത്താളില്‍ കുഞ്ഞുവിരലുകളോടിക്കണം,
സ്വപ്നങ്ങളെ തൂക്കിലേറ്റിയതാരെന്ന്
അവര്‍ സ്വയം ചോദിച്ചു തുടങ്ങട്ടെ
കല്‍ബുര്‍ഗിയുടെയും ലങ്കേഷിന്റെയും
പേനകളെ വായിക്കണം, വെടിയൊച്ച കേള്‍ക്കണം,
സഫൂറയുടെയും കാപ്പന്റെയും ക്യാമറ-
ക്കണ്ണില്‍ തടവറ തപ്പണം
മുഗളന്റെ താജും മിനാരവും കയറണം,
എരിയുന്ന തലയെ, വെട്ടിമുറിച്ച
സ്വര്‍ഗ്ഗത്തെ, വികലമായ ദ്വീപിനെക്കാണണം,
അവകാശങ്ങളെണ്ണിയെണ്ണി പഠിപ്പിക്കണം
എന്നിട്ടു വേണം
നമുക്കുറങ്ങുവാ, നീ മണ്ണിലൊരൊ-
ടുക്കത്തിനൊരു തുടക്കത്തിന്
അസ്ഥിവാരമിട്ടെന്ന തണുപ്പില്‍