അപരിചിതര്‍
|| കവിത
പണ്ട് അപരിചിതരായി
ഭൂമിയുടെ രണ്ടു ദിക്കില്‍
ജീവിച്ചവര്‍
പാറയുടെ അടിയിലെ
വഴുക്കുകല്ലില്‍
മറിഞ്ഞു വീണ
നിമിഷം അറിയാതെ
ചുംബിച്ചു
ട്രെയിനിന്റെ പ്രകമ്പനം
പോലെ ഉടലില്‍
ഒരു കാര്‍മേഘം
ഉരുണ്ടു കളിച്ചു
അവള്‍ അതിനെ
ഭ്രാന്തെന്നു വിളിച്ചു
അവന്റെ കാലുകളില്‍
പ്രണയം സ്വര്‍ണചിറകു
തുന്നി കൊടുത്തു
വര്‍ഷങ്ങളെ
കടലെടുത്തു തീര്‍ത്തപ്പോള്‍
ചിറകു കരിഞ്ഞു,
വ്രണപെട്ടു
അവനില്‍ ഒരു
പുഴു ജനിച്ചു
അവളപ്പോഴും
സ്വര്‍ണച്ചിറക്
മറച്ചു വെച്ച്
അവന്‍ പറക്കാതെ
ഇരിക്കുകയാണെന്നു
വെറുതെ ചിന്തിച്ചു.
മുറിവുകള്‍ കൂട്ടിവെച്ചു
ഒരുനാള്‍ അവന്‍
തന്റെ ചിറകു പരത്തി
കടല്‍ പാലത്തിലൂടെ
പറന്നകന്നു
ഒറ്റ തുരുത്തില്‍,
വഴുക്കു പാറയില്‍,
അദൃശ്യമായ
ഒരു വരി പോലെ
അവളുടെ ഭ്രാന്ത്
മരിച്ചു വീണു
പണ്ട് അപരിചിതരായി
ഭൂമിയുടെ ദിക്കില്‍
ജീവിച്ചവര്‍,
മരണക്കിടക്കയിലും
ഒന്നെന്നു പുലമ്പിയവര്‍
വെറുപ്പിന്റെ നീലത്തടാകത്തില്‍
തുഴഞ്ഞു നീങ്ങി
അവളപ്പോഴും
സ്വര്‍ണ ചിറകു ഒളിപ്പിച്ച
ശലഭമെന്നു
നിനച്ചു മരുദ്വീപില്‍
ഏകാന്തയായി ഉറങ്ങി.