ശ്വാനന്‍ | നാം മറന്നത്
|| രണ്ട് കവിതകള്‍
ശ്വാനന്‍
നിന്റെ അപാരമായ ഘ്രാണശക്തിയാല്‍
ചുരുളഴിയാതെ കിടന്ന കുറ്റകൃത്യങ്ങളെല്ലാം
നിവര്‍ന്നു വന്നു.
മണ്ണിട്ടുമൂടിയ നിഗൂഡരഹസ്യങ്ങള്‍ പോലും
മറനീക്കി പുറത്തുവന്നു.
തേഞ്ഞുമാഞ്ഞില്ലാതെയാകുന്ന കേസുകള്‍
തെളിയിക്കപ്പെട്ടു.
കള്ളന്മാര്‍, കൊലപാതകികള്‍ വരെ
നിന്റെ വലയില്‍ കുരുങ്ങി അഴിക്കുള്ളിലായി.
നീ പുറത്ത് കാവല്‍ നില്‍പുണ്ടെന്ന ധൈര്യത്തില്‍ അനേകം
വീടുകള്‍ അന്തിയുറങ്ങി..
നിന്റെ വിലമതിക്കാനാവാത്ത സേവനങ്ങള്‍ക്ക് പകരം
അവര്‍ അന്നപാനീയങ്ങള്‍ നല്‍കി.
വാലാട്ടി, മുട്ടിയുരുമ്മി ആജ്ഞകളെല്ലാം
അക്ഷരം പ്രതി അനുസരിക്കുന്ന
അടിമയെ പോലെ നീ ജീവിച്ചു.
ഉച്ചത്തിലുള്ള കുര പോലും
നിനക്കു വേണ്ടിയായിരുന്നില്ല.
പക്ഷെ, അവര്‍ ഓരോ തെറിയഭിഷേകത്തിലും നിന്റെ
പേരാണ് വിളിക്കുന്നത്.
നീ എന്നെങ്കിലും അവരോടൊപ്പമിരുന്നു അവര്‍ കുടിക്കുന്ന
വെള്ളത്തിലൊന്ന് തലയിട്ടു നോക്കൂ
കമ്പും കല്ലുമെടുത്ത് ആട്ടിയോടിക്കും
ചിലപ്പോള്‍ കൊന്നുകളയും
നീയൊന്നറിയുക, മനുഷ്യര്‍ കര്‍മങ്ങള്‍ക്കു വില
കല്‍പിക്കാറില്ല. വര്‍ഗമാണ് പ്രധാനം.
അവര്‍ ഉന്നതകുലജാതരെന്ന് മേനി നടിക്കുന്ന
സങ്കുചിത മനസ്സിന്നുടമകള്‍
സ്വാര്‍ത്ഥത നിറഞ്ഞ നികൃഷ്ട ജന്‍മം
നീയോ, പരോപകാരി, മറ്റുള്ളവര്‍ക്ക്
വേണ്ടി മാത്രം കുരക്കുന്ന
പുണ്യജന്മം.
നാം മറന്നത്
തിരക്കിന്നിടയില്‍ അല്‍പനേരം പിഞ്ചുപൈതലിന്‍
മിഴിപ്പൂവില്‍ വിരിയും ഭാവങ്ങളിലേക്കൊന്നു നോക്കുക
നോവിന്റെ ചെറുകണിക വീണാല്‍ മതി
ആ നിമിഷം മിഴികള്‍ നിറയും
അധരം വിതുമ്പും
ഇത്തിരി മധുരം, ഒരു പനിനീര്‍പ്പൂവ്
ആ കരങ്ങളില്‍ നല്‍കുക
മറുനിമിഷം മിഴികള്‍ വിടരും
പുഞ്ചിരി വിരിയും
ആ പുഞ്ചിരിയിലുണ്ട് പാലരുവിയുടെ
പരിശുദ്ധിയും വെണ്മയും.
ഭാവാഭിനയമെന്തെന്നറിയാത്ത വദനത്തില്‍
നിറയുന്നത് വിടരാന്‍ തുടങ്ങുന്ന പൂമൊട്ടിന്‍
നിഷ്‌ക്കളങ്കതയൊന്ന് മാത്രം.
കുഞ്ഞുകണ്‍പീലി പൂട്ടി മെല്ലെ ചായുറങ്ങുമ്പോള്‍
അരികില്‍ ചേര്‍ന്നിരിക്കുക
നാളെയെ കുറിച്ച് ആധിയില്ലാത്ത,
സ്വപ്നങ്ങളുടെ ഭാരമില്ലാത്ത,
സുഖസുഷുപ്തിയെന്തെന്നറിയാം.
തിരക്കിന്നിടയില്‍ ഒരിക്കലെങ്കിലും
നന്മയുടെ വെളിച്ചം ചിതറുന്ന
ആ ഹൃദയത്തിലൊന്നു കാതോര്‍ക്കുക
നാം നടന്നവഴികളിലെവിടെയോ നഷ്ടമായ,
അതുമല്ലെങ്കില്‍ നാം മറന്നുപോയ
നിര്‍മലഗാനത്തിന്‍ തുടിതാളം കേള്‍ക്കാം.
.............