Art and Literature
ശശിക്ക്
Art and Literature

ശശിക്ക്

കേദാര്‍ മിശ്ര
|
30 Dec 2022 1:57 AM GMT

| കവിത

ആദ്യമായി അയാള്‍

എന്റെ വീട്ടിലേക്കു വന്നത്

കന്ദമാലില്‍ നിന്നായിരുന്നു!

കന്ദമാല്‍ എവിടെയാണ്

താങ്കള്‍ക്കറിയാമോ?

അയാള്‍ ചോദിച്ചു.

ഒരു കേരളീയന്‍

ഒഡീഷക്കാരനോട് ചോദിക്കുകയാണ്,

കന്ദമാല്‍ എവിടെയാണ്

താങ്കള്‍ക്കറിയാമോ എന്ന്!

ഞാന്‍ അയാളുടെ

താടി വളര്‍ന്ന

വികാരരഹിതമായ

മുഖത്തേക്കു നോക്കി.

ഗുജറാത്ത് ഒടുങ്ങുന്നിടത്ത്

കന്ദമാല്‍ തുടങ്ങുന്നത്

ഞങ്ങളറിഞ്ഞു

ഒരേ തീയും ചോരയുമായിരുന്നു

ഗുജറാത്തിലേതും

കന്ദമാലിലേതും.

അവിടെ നിന്ന് അയാള്‍ വരുന്നു,

കണ്ണുകളില്‍ ചോരയും തീയുമായി.

താങ്കളുടെ കണ്ണുകളെ

ഞാന്‍ എന്തു ചെയ്യും?

ചോരയോ തീയോ ആകാനാവാത്തത്ര

ചെറുതാണ് എന്റെ വാക്കുകള്‍

മൗനത്താല്‍ ഞാന്‍ താങ്കളോട് സംസാരിക്കുന്നു

എന്റെ മൗനം താങ്കള്‍ ക്യാമറയില്‍ പകര്‍ത്തുന്നു

ഇപ്പോള്‍, എന്റെ വാക്കുകളുടെ മൗനമെവിടെ?

എവിടെ,

നമ്മുടെ ഈ മൂകബധിര ലോകത്തോട്

അന്തിമമായ ചോരയുടെയും തീയുടെയും

കഥ പറയാമെന്ന താങ്കളുടെ വാഗ്ദാനം?

മൊഴിമാറ്റം: അന്‍വര്‍ അലി




Similar Posts