മൂക്കുത്തിക്കുമുണ്ട് ഒരു സമരകഥ; പുഷ്പവതി പാടുമ്പോള്‍
|കേരളീയ നവോത്ഥാന സമര ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധപ്പണിക്കരാണ് മൂക്കുത്തി സമരത്തിന് നേതൃത്വം കൊടുത്തത്. ശ്രീനാരായണ ഗുരുവിന് മുമ്പ് കേരളത്തിലേക്ക് നവോത്ഥാനത്തിന്റെ വെളിച്ചം പടര്‍ത്തിയ മഹാനായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. മൂക്കുത്തി സമരത്തെയും ആറാട്ടുപുഴ വേലായുധപ്പണിക്കാരെയും അനുസ്മരിക്കുന്ന മനോഹരമായ പാട്ടാണ് പുഷ്പ്പവതിയുടെ ഗാനം.
മൂക്കുത്തിക്കും ഒരു കഥ പറയാനുണ്ട്. പോരാട്ടത്തിന്റെ ചോര തെറിച്ച കഥ. ആ കഥയാണ് മൂക്കുത്തി എന്ന പാട്ടിലൂടെ ഗായിക പുഷ്പവതി പറയുന്നത്. ഇരുട്ടില്‍ വെളിച്ചം സമ്മാനിച്ച മിന്നുന്ന പോരാട്ട ചരിത്രങ്ങളുടെ ഓര്‍മകളാണ് മൂക്കുത്തി സമരം.
കേരളീയ നവോത്ഥാന സമര ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധപ്പണിക്കരാണ് മൂക്കുത്തി സമരത്തിന് നേതൃത്വം കൊടുത്തത്. ശ്രീനാരായണ ഗുരുവിന് മുമ്പ് കേരളത്തിലേക്ക് നവോത്ഥാനത്തിന്റെ വെളിച്ചം പടര്‍ത്തിയ മഹാനായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. മൂക്കുത്തി സമരത്തെയും ആറാട്ടുപുഴ വേലായുധപ്പണിക്കാരെയും അനുസ്മരിക്കുന്ന മനോഹരമായ പാട്ടാണ് പുഷ്പ്പവതിയുടെ ഈ ഗാനം. എഴുത്തുകാരനും ഗാന രചയിതാവുമായ ബൈജു. സി.പി രചന നിര്‍വഹിച്ച പാട്ടിന് സംഗീതം നല്കി പാടിയിരിക്കുന്നത് സിനിമ പിന്നണി ഗായിക പുഷ്പവതിയാണ്.
1860 ലാണ് കേരളത്തില്‍ പന്തളത്ത് മൂക്കുത്തിയിടാന്‍ വേണ്ടി സ്ത്രീകള്‍ ഐതിഹാസികമായ മൂക്കുത്തി സമരം നടത്തിയത്. ജാതിയില്‍ ഉയര്‍ന്നവര്‍ക്കു മാത്രമേ മൂക്കുത്തി ധരിക്കാവൂ എന്നതായിരുന്നു അന്നത്തെ തിട്ടൂരം. അക്കാലത്ത് ഒരു തൊഴിലാളി സ്ത്രീ മൂക്കുത്തി ധരിച്ച് പണിക്കെത്തിയപ്പോള്‍ മേലാളന്‍ന്മാര്‍ അവരെ അപമാനിക്കുകയും അവരുടെ മൂക്കുത്തി മൂക്കില്‍ നിന്ന് ബലമായി പറിച്ചെടുക്കുകയും ചെയ്തു. മുറിഞ്ഞ മൂക്കുമായി ആ സ്ത്രീകള്‍ അവരില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഈ സംഭവം അറിഞ്ഞ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആ പ്രശ്നത്തില്‍ ഇടപെട്ടു. പിറ്റേന്ന് പൊതുവീഥിയിലൂടെ നിരവധി സ്ത്രീകള്‍ മൂക്കുത്തിയും ധരിച്ച് പ്രകടനമായി നടന്നു. അവര്‍ക്കൊപ്പം ആറാട്ടുപുഴ വേലായുധപ്പണിക്കരുമുണ്ടായിരുന്നു. പ്രതിഷേധത്തിന്റെ മിന്നുന്ന ആ ജാഥക്കു നേരെ ഒന്ന് വിരലനക്കാന്‍ പോലും ആരും മുതിര്‍ന്നില്ല.
ആറാട്ടുപുഴയുടെ സാന്നിധ്യവും സ്ത്രീകളുടെ പോരാട്ട വീറിനും മുന്നില്‍ മേലാള വര്‍ഗം പത്തി മടക്കിയെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പിന്നീടൊരിക്കലും മൂക്കുത്തി ഇടാന്‍ ഒരു സ്ത്രീക്കും വിലക്കുണ്ടായില്ല എന്നത് ആ സമരത്തെ നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമാക്കി മാറ്റുന്നു.
കേരള നവോത്ഥാന സമരത്തിന്റെ ആദ്യ രക്തസാക്ഷിയായി ചരിത്രം ആറാട്ടുപുഴ വേലായുധ പണിക്കരെ അടയാളപ്പെടുത്തുന്നു. മേലാളരുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പോരാടിയ അദ്ധേഹത്തെ 1874 ല്‍ കൊല്ലത്തേക്കുള്ള യാത്രക്കിടെ വേമ്പനാട്ടു കായലില്‍ വെച്ച് ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
മൂക്കുത്തി പറിച്ചെറിയപ്പെട്ട് മൂക്കു മുറിഞ്ഞ് കരഞ്ഞു കൊണ്ട് ഓടിപ്പോയ അന്നത്തെ ആ സ്ത്രീയുടെ ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടിയുടെ ചിന്തകളിലൂടെയാണ് മൂക്കുത്തിപ്പാട്ട് മുന്നേറുന്നത്. നാം ഇന്നനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യങ്ങളുടേയും പിന്നില്‍ അറിയപ്പെടാത്ത നിരവധി മനുഷ്യര്‍ നടത്തിയ പോരാട്ടങ്ങള്‍ ഉണ്ട്. മൂക്കുത്തി സമരത്തെയും ആറാട്ടുപുഴ വേലായുധപ്പണിക്കരേയും സ്മരിക്കുന്ന, പുഷ്പവതി പാടിയ ഈ വീഡിയോ ഗാനംയൂട്യൂബില്‍ മൂക്കുത്തി എന്ന് തിരഞ്ഞാല്‍ കാണാം.