ഇത്രയധികം ആണുങ്ങളെ പെറ്റുണ്ടായതാണോ കേരളം!
|ജീവിതം എന്തു പഠിപ്പിച്ചു എന്ന് യാതൊരു മൂലധനവും ഇല്ലാത്ത ജനത തുറന്നു പറഞ്ഞു തുടങ്ങുമ്പോള്‍ തീരാവുന്നതേയുള്ളൂ നായകന്മാരുടെ പുറം പൂച്ചുകള്‍. ജോളി ചിറയത്തിന്റെ 'നിന്നു കത്തുന്ന കടലുകള്‍' - ആത്മകഥയുടെ വായന.
കന്നട കവിയും ചിന്തകനുമായ എ.കെ രാമാനുജന്‍ പറയുന്ന ഒരു നാടന്‍കഥയുണ്ട്.
ഒരിടത്ത് ഒരു വിധവ തന്റെ രണ്ടു മക്കളോടും മരുമക്കളോടും കൂടി പാര്‍ത്തുവന്നു. മക്കളും മരുമക്കളും വിധവയെ എപ്പോഴും എന്ത് ചെയ്താലും പഴി പറഞ്ഞുകൊണ്ടേയിരുന്നു. ആരോടും പറയുക വയ്യാതെ തനിക്ക് പറയാനുള്ളതെല്ലാം ഉള്ളില്‍ ഒതുക്കി പോകെ പോകെ വിധവയുടെ ശരീരം നാള്‍ക്കുനാള്‍ വീര്‍ത്തു വന്നു. ഇത് കണ്ട്മരുമക്കള്‍ അവളെ പരിഹസിച്ചു. തീറ്റ കുറയ്ക്കാന്‍ ഉപദേശിച്ചു. ഒരു ദിവസം ഒക്കെ മടുത്ത് വിധവ വീട്ടില്‍ നിന്ന് പുറപ്പെട്ടു. ആളൊഴിഞ്ഞ ഒരു വീട്ടിനകത്ത് പോയി ഒറ്റക്കിരുന്നു. അവര്‍ക്ക് തന്റെ തിക്കുമിട്ടല്‍ കൊണ്ട് അത്ര പൊറുതി കെട്ടിരുന്നു. മുന്നിലെ മതില്‍ നോക്കി വിധവ മൂത്ത സന്തതിയുടെ നടപടികളെ കുറിച്ചുള്ള തന്റെ വ്യസനം ആരോടെന്നില്ലാതെ പറഞ്ഞു. പറഞ്ഞൊഴിഞ്ഞതും ആ മതില്‍ ഇടിഞ്ഞു വീണു. അവള്‍ രണ്ടാമത്തെ മതിലിനു നേരെ തിരിഞ്ഞു. രണ്ടാമത്തെ സന്തതിയുടെ കഥ പറഞ്ഞുതുടങ്ങി. ഇങ്ങനെ ഓരോ കഥയും പറഞ്ഞു തീരവേ മതിലുകള്‍ ഒന്നൊന്നായി പൊളിഞ്ഞു വീണു. കനമൊഴിഞ്ഞു തൂവല്‍ പോലെ വിധവ തിരികെ നടന്നു.
കേരളം എന്ന വന്‍മതിലിന് നേരെ ഒരു കഥ സോല്ലട്ടുമാ? എന്നു ചോദിക്കുന്ന ഒരു സ്ത്രീ ജോളി ചിറയത്തിന്റെ 'നിന്നു കത്തുന്ന കടലുകള്‍' എന്ന ആത്മകഥയിലുണ്ട്. ആണുങ്ങള്‍ പെറ്റുണ്ടായതല്ല കേരളമെന്ന് ഈ കലാകാരി തന്റെ എഴുത്തിലൂടെ പ്രഖ്യാപിക്കുന്നു. രജനി പാലാപറമ്പിലിന്റെ 'ആ നെല്ലിമരം പുല്ലാണ്' എന്ന കൃതിയിലൂടെ കേരളീയ ആധുനികതയുടെ ഓമന ഗൃഹാതുരതകളെ ചോദ്യം ചെയ്ത ഗൂസ്‌ബെറി ബുക്‌സ് ആണ് പ്രസാധകര്‍.
കലാകാരനോ രാഷ്ട്രീയക്കാരനോ ആരുമാവട്ടെ സാധാരണ മനുഷ്യരിലും അധികം പരിഗണനയും അനുതാപവും ആര്‍ദ്രതയും പ്രതീക്ഷിക്കപ്പെടുന്ന മനുഷ്യര്‍ ജീവിതത്തില്‍ എത്രമാത്രം ഇന്‍സെന്‍സിറ്റീവും സ്വാര്‍ത്ഥരുമാണ് - ഇങ്ങനെ പറച്ചില്‍ ഒന്നും പ്രവൃത്തി മറ്റൊന്നുമാകുമ്പോള്‍ അപമാനിതയാകുന്ന അതിമാനിനിയായ ഒരു സ്ത്രീ ഇതിലുണ്ട്.
ജീവിതം എന്തു പഠിപ്പിച്ചു എന്ന് യാതൊരു മൂലധനവും ഇല്ലാത്ത ജനത തുറന്നു പറഞ്ഞു തുടങ്ങുമ്പോള്‍ തീരാവുന്നതേയുള്ളൂ നായകന്മാരുടെ പുറം പൂച്ചുകള്‍. സാധാരണമെന്നും നിസ്സാരമെന്നും പുറന്തള്ളുന്ന യാഥാര്‍ഥ്യങ്ങളിലാണ് എല്ലാത്തരം ഹിംസാവ്യവസ്ഥകളും പുലര്‍ന്നുപോരുന്നത്. തീ പിടിക്കുന്ന ചിന്തകളുടെ ഒരു കടല്‍ അധികാരത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട മനുഷ്യര്‍ ഉള്ളില്‍ പേറി നടക്കുന്നുണ്ട്. സ്വയം ചിന്തകളില്‍ വെന്തുരുകി തെളിച്ചെടുക്കുന്ന വെളിച്ചമാണ് അവര്‍ക്ക് ജീവിതം. താന്‍ ഒരു സാധാരണ മനുഷ്യനാണെന്നും സാധാരണ മനുഷ്യര്‍ക്കും രാഷ്ട്രീയവും നിലപാടുകളും ഓര്‍മകളും പരുവപ്പെടലുകളും ഉണ്ടെന്നും ഈ എഴുത്തുകാരി പറഞ്ഞുവയ്ക്കുന്നു. സമൂഹത്തിന് താന്‍ നല്‍കിയ കനപ്പെട്ട സംഭാവന തന്റെ ജീവിതാധ്വാനം തന്നെയാണ് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.
അനുഭവിച്ച നിമിഷങ്ങളുടെ വൈകാരിക അധ്വാനം രാഷ്ട്രീയവത്കരിക്കുന്ന ഒരു ഭാഷ ഈഎഴുത്തുകാരി നിര്‍മ്മിക്കുന്നു. ഒരുവട്ടം പോലും മടങ്ങിവരാന്‍ ഇച്ഛിക്കാത്ത ചില ലോകങ്ങള്‍ കേരളീയ ആധുനികതയുടെ അടിപ്പടവുകളില്‍ സംഭവിക്കുന്നുണ്ട്. നിത്യജീവിതത്തിലെ സാധാരണ സന്ദര്‍ഭങ്ങളില്‍ തുടരുന്ന സമരങ്ങളുടെ ഒരു നീണ്ട ചരിത്രം ഈ ഈ നിശബ്ദ ഹിംസയില്‍ പുലരുന്നുണ്ട്. നീതിയെക്കുറിച്ചും സത്യത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും ഒരുവശത്ത് തത്വം പഠിപ്പിക്കുകയും മറുവശത്ത് പ്രായോഗികമായി അനീതികള്‍ ഒളിച്ചു കടത്തുകയും ചെയ്യുന്ന ഒരു വ്യവസ്ഥയോട് ഒടുങ്ങാത്ത കലഹം ഉള്ള ഒരു പെണ്‍കുട്ടി ഇവിടെ നിരന്തരം കയര്‍ത്തു നില്‍ക്കുന്നു. എന്റെ കാശ് തൊടാം എന്നാല്‍, എന്റെ ശരീരം സ്പര്‍ശിക്കാന്‍ അയിത്തം ഉള്ള ഒരു വ്യവസ്ഥ ഇവിടെ പുലരുന്നുണ്ട് എന്ന് ഓര്‍മിപ്പിക്കുന്നു. കഥപറച്ചിലുകള്‍ക്കിടെ പലവന്മരങ്ങളും ആശയങ്ങളും കടപുഴകി വീഴുന്നു.
വിനിമയമില്ലായ്മയില്‍ പഴകി ഒരു മനുഷ്യന്‍ എത്ര കാലം ജീവിക്കും?. മനുഷ്യരേക്കാള്‍ സഹിഷ്ണുതയും കേള്‍വിയും കടലാസിനുണ്ടെന്ന് പറഞ്ഞുകൊണ്ട് 13 വയസ്സുള്ള ഒരു പെണ്‍കുട്ടി എഴുതിയ ഡയറി ഫാസിസത്തിനെതിരായ ഏറ്റവും ആഴത്തിലുള്ള വിമോചന കുറിപ്പുകളില്‍ ഒന്നായി വായിക്കപ്പെട്ടിട്ടുണ്ട്. ആന്‍ ഫ്രാങ്ക് വീട്ടിനകത്ത് ദൈനംദിനവും സാധാരണവുമായ അനുഭവങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന അനീതികളുടെ ചരിത്രം കൂടി ഡയറിയില്‍ എഴുതി വയ്ക്കുന്നുണ്ട്. ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പ് പ്രിയപ്പെട്ടവരോട് നടത്തുന്ന സമരം കൂടിയാണ് എന്ന് ആ പെണ്‍കുട്ടി ആവര്‍ത്തിക്കുന്നുണ്ട്.
മുഖ്യധാരയില്‍ ചര്‍ച്ചാവിഷയമായ സമരപരമ്പരകളുടെ ഭാഗമാവുമ്പോഴും ജനിച്ച അന്നുമുതലുള്ള അതിജീവനത്തിന്റെ സ്വകാര്യവും ഏകാന്തവുമായ സമര ചരിത്രം ഈ പുസ്തകത്തിലുണ്ട്. വൈകാരിക പ്രതിസന്ധികളുടെയും ഒറ്റപ്പെടലുകളുടെയും ഒരു നീണ്ട സ്ത്രീ ചരിത്രം.
ഏകാന്തതയിലും വിജനത്തിലും അവളവളിലേക്ക് ചുഴിഞ്ഞു നോക്കുന്ന ഒരു സ്ത്രീ ചിന്താവിഷ്ടയായ സീതയിലുണ്ട്. ഭര്‍ത്താവും മക്കളും കൂടെയില്ലാത്ത നേരം റോളുകളുടെ ഉടുപ്പുകള്‍ അഴിച്ചുവെച്ച് സ്വയം മുഖം നോക്കുന്ന ഒരുവള്‍. കടന്നുപോന്ന ഓരോ നിമിഷങ്ങളും അവള്‍ തിരിഞ്ഞു നോക്കുന്നു. ആഴത്തില്‍ പരിശോധിക്കുന്നു. ദാമ്പത്യത്തില്‍ ഒരാള്‍ രാജാവാകേണ്ടതില്ലെന്ന് അവള്‍ വെളിപ്പെടുത്തുന്നു. സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും പരിഗണനയുടെയും കേള്‍വിയുടെയും ഇരുമെയ്യാര്‍ന്നതെങ്കിലും ഒരൊറ്റ ജീവിത ജനാധിപത്യം പൂര്‍വ്വകാലത്തില്‍ ഉണ്ടായിരുന്നുവെന്ന് ഓര്‍മിച്ചെടുക്കുന്നു.
മധ്യവര്‍ഗ്ഗ നീതിബോധം സൗകര്യപൂര്‍വ്വം പ്രായോഗിക ബുദ്ധി എന്നോ സാമാന്യബോധം എന്നോ ഓമനപ്പേരിട്ട് ശീലിപ്പിച്ച് എടുക്കുന്ന ദൈനംദിന ജീവിതത്തിന്റെ നിരന്തരവും നിശബ്ദമാവുമായ ഹിംസാചരിത്രം ഇവിടെ എഴുത്തുകാരി തുറന്നു വയ്ക്കുന്നു. അതുകൊണ്ടാണ് കേരളത്തിലെ ജാതി പച്ചിലകള്‍ക്കിടയില്‍ പാമ്പു പോലെ ഒളിഞ്ഞു പ്രവര്‍ത്തിക്കുന്നു എന്ന് എഴുത്തുകാരി എഴുതുന്നത്. അത്രമേല്‍ സ്വാഭാവികമാക്കപ്പെട്ട ഹിംസകളില്‍ സ്വയംനിര്‍ണയിക്കാന്‍ പണിപ്പെടുന്ന മനുഷ്യരുടെ അകനാനൂറുകളാണ് ഈ പെണ്‍ചരിതം. എങ്ങനെയാണ് നിലപാടുകളും നീതിബോധവും ഉള്ള ബുദ്ധിമതിയായ ഒരു സ്ത്രീ അവളുടെ വളര്‍ച്ചയുടെ ഓരോ പടവിലും പ്രശ്‌നക്കാരിയും കഴിവുകെട്ടവളും കയറു പൊട്ടിച്ചോടുന്നവളും ആയി വിധിക്കപ്പെടുന്നത് എന്ന ചോദ്യം ഈ ആത്മകഥയില്‍ ഓരോ അധ്യായത്തിലും തുടരുന്നുണ്ട്. കലാകാരനോ രാഷ്ട്രീയക്കാരനോ ആരുമാവട്ടെ ആ മട്ടില്‍ സാധാരണ മനുഷ്യരിലും അധികം പരിഗണനയും അനുതാപവും ആര്‍ദ്രതയും പ്രതീക്ഷിക്കപ്പെടുന്ന മനുഷ്യര്‍ ജീവിതത്തില്‍ എത്രമാത്രം ഇന്‍സെന്‍സിറ്റീവും സ്വാര്‍ത്ഥരുമാണ് - ഇങ്ങനെ പറച്ചില്‍ ഒന്നും പ്രവൃത്തി മറ്റൊന്നുമാകുമ്പോള്‍ അപമാനിതയാകുന്ന അതിമാനിനിയായ ഒരു സ്ത്രീ ഇതിലുണ്ട്.
'പ്രൊപ്പഗാണ്ടയുടെ ഭാഗമായി ഒപ്പുശേഖരണം നടത്തുമ്പോള്‍ എന്നെങ്കിലും സാധാരണ മനുഷ്യരുടെ അടുത്ത് പോയി ഒപ്പ് സ്വീകരിക്കുന്ന പരിപാടി നടത്താറുണ്ടോ? അങ്ങനെ എന്തുകൊണ്ടാണ് ചിന്തിക്കാത്തത്? സാധാരണ മനുഷ്യര്‍ക്ക് ഈ ചിന്തകള്‍ ഇല്ലേ? അവര്‍ക്ക് രാഷ്ട്രീയമില്ലേ? വരേണ്യത എന്നത് ആക്റ്റിവിസത്തിലും ബുദ്ധിജീവിതത്തിലും ഉണ്ട്. അത് ആര്‍ക്കും മറികടക്കാന്‍ പറ്റിയിട്ടില്ല.' മുഖ്യധാരയില്‍ ചര്‍ച്ചാവിഷയമായ സമരപരമ്പരകളുടെ ഭാഗമാവുമ്പോഴും ജനിച്ച അന്നുമുതലുള്ള അതിജീവനത്തിന്റെ സ്വകാര്യവും ഏകാന്തവുമായ സമര ചരിത്രം ഈ പുസ്തകത്തിലുണ്ട്. വൈകാരിക പ്രതിസന്ധികളുടെയും ഒറ്റപ്പെടലുകളുടെയും ഒരു നീണ്ട സ്ത്രീ ചരിത്രം.
ഏത് അനുഭവങ്ങളും സ്വാഭാവികമാണ് എന്ന ബോധ്യത്തില്‍ നിന്നാണ് ആത്മകഥയിലെ സത്യസന്ധത എന്ന പതിവുചോദ്യം എഴുത്തുകാരി സംബോധന ചെയ്യുന്നത്. പ്രസവ കിടക്കയില്‍ മാറ്റാന്‍ അടിവസ്ത്രം പോലുമില്ലാതെ ഒരു തുള്ളി വെള്ളത്തിന് ദാഹിച്ച് കിടക്കുന്ന അനുഭവം ഓര്‍മിച്ചുകൊണ്ട് അമ്മയാവുക എന്നത് ഒട്ടും കാല്‍പനികം അല്ല എന്ന് എഴുത്തുകാരി വെളിപ്പെടുത്തുന്നു. സ്ത്രീയുടെ ലൈംഗികതയും കാമനാ ലോകങ്ങളും വികസിച്ചുവരുന്ന ഒട്ടും ഒളിഞ്ഞുനോട്ട ആനന്ദങ്ങള്‍ ഇല്ലാത്ത ഒരു സ്ത്രീ കാഴ്ച ഈ ആത്മകഥ അവതരിപ്പിക്കുന്നുണ്ട്. വിവാഹിതയും അമ്മയും ആയിരിക്കുമ്പോഴും തനിക്കൊരു പ്രണയം ഉണ്ട് എന്ന് ആകുലതകളും ആലങ്കാരികതകളും ഇല്ലാതെ വെളിപ്പെടുത്തുന്ന സന്ദര്‍ഭം ഓര്‍ഗാനിക്കായി സംഭവിച്ച ഒന്നും നിഷേധിക്കേണ്ടതില്ല എന്ന എഴുത്തുകാരിയുടെ നിലപാട് വ്യക്തമാക്കുന്നു. സന്തോഷത്തോടെയും മൂല്യത്തോടെയും ആര്‍ദ്രതയോടെയും കൂടിയാണ് ഇത്തരം വിഷയങ്ങള്‍ സമീപിക്കേണ്ടത് എന്ന് എഴുത്തുകാരി വെളിപ്പെടുത്തുന്നു.
സൗഹൃദങ്ങളിലൂടെ, ബന്ധങ്ങളിലൂടെ പലതരം തിരിച്ചറിവുകളിലേക്കും ഇടപെടലുകളിലേക്കും സാമൂഹികമായി വളരുന്ന ഒരു സ്ത്രീ ഇതിലുണ്ട്. ആണുങ്ങളും ആണുങ്ങളും പങ്കിടുന്ന സൗഹൃദത്തിന്റെ താല്‍പര്യങ്ങള്‍ അല്ല ഇവിടെ പുലരുന്നത്. വിനിമയത്തിനു വേണ്ടിയുള്ള ആഴത്തിലുള്ള ഒരു തേടല്‍ എഴുത്തുകാരി അനുഭവം പറച്ചിലില്‍ പങ്കിടുന്നു. സ്വാഭാവികവും സാധാരണവും ആയി തുടരാന്‍ അവള്‍ഇച്ഛിക്കുന്നു. അധികാരനിരപേക്ഷമായ ഇത്തരം ഒരു കാഴ്ച എല്ലാത്തരം ബന്ധങ്ങളെയും പൊതുബോധത്തിനപ്പുറത്ത് നിരീക്ഷിക്കാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് തുറവിയോടെ കേള്‍ക്കാനുമുള്ള ഒരു കേള്‍വിയിലേക്ക് അവളെനയിക്കുന്നുണ്ട്. ഒരു രാഷ്ട്രീയ ശരികളുടെയും ഭാരത്തില്‍ അല്ല ഇത് സംഭവിക്കുന്നത്. സംഭവിച്ചു പോകുന്നതാണ് ജീവിതം എന്നുള്ള ബോധ്യം ഇത്തരം ഓരോ തെരഞ്ഞെടുപ്പുകളിലും എഴുത്തുകാരി സൂക്ഷിക്കുന്നു.
അവളെ അവളായി തിരിച്ചറിയുന്ന ഒരു കമ്യൂണിനായുള്ള തേടല്‍ ഈ ആത്മകഥാ രചനയിലും പ്രേരണയാവുന്നുണ്ട്. ഒന്നും ബോധിപ്പിക്കാനും തെളിയിക്കാനോ സ്വയം വിശദീകരിക്കാനോ അല്ല ഈ എഴുത്ത്. ബുദ്ധിയും നിലപാടും രാഷ്ട്രീയ ബോധവും സത്യസന്ധതയും ആര്‍ജ്ജവവും അലിവും കരുണയും പരിഗണനയും ഉള്ള അനവധി മനുഷ്യരുടെ ഒരു കൂട്ടായ്മയിലേക്ക് പലകാലങ്ങളില്‍ എത്തിപ്പെട്ട ചരിത്രം പറഞ്ഞുകൊണ്ട് അജ്ഞാതരായ അനവധി മനുഷ്യരെ കേള്‍വിയ്ക്കായി എഴുത്തുകാരി ക്ഷണിക്കുന്നു.
നീതിയും നിലപാടുകളും ഇവിടെ പറച്ചിലില്‍ പ്രദര്‍ശിപ്പിക്കേണ്ട തത്വങ്ങള്‍ ആയല്ല നില്‍ക്കുന്നത്. മറിച്ച് ജീവിതത്തിലുടനീളം മനുഷ്യന്‍ മനുഷ്യനോട് നല്‍കുന്ന പരിഗണന എന്ന നിലയിലാണ്. 'വയലന്‍സിന് എത്ര ദൂരം സഞ്ചരിക്കാമോ അതുപോലെ തന്നെ സ്‌നേഹത്തിനും അതിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കാന്‍ പറ്റും. വയലന്‍സിന്റെ എല്ലാ സാധ്യതകളും മനുഷ്യന് അറിയാമല്ലോ. ശരീരത്തിലും മനസ്സിലും ആത്മാവിലും മറ്റുള്ളവരെ മുറിപ്പെടുത്തുന്നത് എങ്ങനെയെന്ന്. ഇനി സ്‌നേഹത്തിന്റെ സാധ്യതകളില്‍ കൂടിയെപരീക്ഷണം നടത്താനുള്ളു.' ഈ കലാകാരിയുടെ സ്‌നേഹപരീക്ഷണക്കുറിപ്പുകള്‍ തന്റെ ജീവിതത്തിലെ നായിക താന്‍ തന്നെയാണ് എന്ന് എല്ലാ സങ്കീര്‍ണ്ണതകളോടും സത്യസന്ധതയോടും നടത്തുന്ന ഒരു ആത്മപ്രഖ്യാപനമാണ്.
മറ്റുള്ളവര്‍ക്ക് ആത്മസുഖത്തിനായി അവളവളെ മറക്കുന്ന ഒരു സ്ത്രീ ഒടുവില്‍ താന്‍ ആരുടെ ജീവിതകഥയുടെയും എക്സ്റ്റന്‍ഷന്‍ അല്ല എന്ന് തിരിച്ചറിയുന്നു. 'മറ്റുള്ളവരുടെ ജീവിതത്തിന്റെ എക്സ്റ്റന്‍ഷനുകളായി സ്വന്തം അസ്തിത്വത്തെ കാണുന്നവരുണ്ട്. അപ്പോഴും വ്യക്തി എന്ന യാഥാര്‍ത്ഥ്യം അവിടെയുണ്ട്. ഞാന്‍ എന്ന വ്യക്തി എന്തെന്നും ആരെന്നും ഉണ്ട്. ആരുടെയെങ്കിലും തോന്നലല്ല ഞാന്‍ എന്നും ശരിക്കും ഞാനുണ്ടെന്നും മറ്റുള്ളവരുടെ ജീവിതകഥയിലെ അടിക്കുറിപ്പായി മാത്രം ഒതുങ്ങേണ്ടതല്ലെന്നുമുള്ള അവബോധത്തിലേക്കെത്താന്‍ സമയമെടുത്തു.' ആരുടെയും തോന്നല്‍ അല്ലാത്ത ശരിക്കുമുള്ള ഒരു ഞാനിലേക്കുള്ള ഒരു സ്ത്രീയുടെ പ്രയാണമാണ് ഈ അനുഭവസാക്ഷ്യം.