റിമനന്റ്‌സ് ഓഫ് ലോഫര്‍: പൊറാട്ട് നാടകവും ജീവിത പോരാട്ടങ്ങളും
|പൊറാട്ട് നാടക കലാകാരന്‍മാരുടെ ജീവിതം അടയാളപ്പെടുത്തിയ അര്‍ജുന്‍ പി.ജെ സംവിധാനം ചെയ്ത 'റിമനന്റ്‌സ് ഓഫ് ലോഫര്‍' ഡോക്യുമെന്ററിയുടെ കാഴ്ചാനുഭവം.
നാടന്‍പാട്ടും നാടകവും ഹാസ്യവും സംഗീതവുമൊക്കെ ഇടകലര്‍ന്ന് താള നിബിഡമായൊരു നാടോടി കലയാണ് പൊറാട്ട് നാടകം. പൊറാട്ട് നാടകത്തിനുപിന്നിലെ അണിയറ ജീവിതങ്ങളെ അടയാളപ്പെടുത്തുകയാണ് അര്‍ജുന്‍ പി.ജെ സംവിധാനം ചെയ്ത 'Remanants of laughter'. പാലക്കാട് ജില്ലയിലെ കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെ പാണ സമുദായത്തില്‍ നിന്ന് ഉരുവം കൊണ്ടതാണ് പൊറാട്ട് നാടകം. പൊറാട്ട് കലാകാരന്മാരുടെയും അവരുടെ ജീവിത പോരാട്ടങ്ങളുടെയും ചരിത്രം അടയാളപ്പെടുത്തേണ്ടതുതന്നെയാണ്. തിരസ്‌കരിക്കപ്പെടുന്നവരേയോ പരിഹാസ്യരാവുന്നവരേയോ സൂചിപ്പിക്കുന്ന പ്രാദേശിക പ്രയോഗമായി 'പൊറാട്ട് നാടകത്തെ' മനസ്സിലാക്കിയ മലയാളികള്‍ക്ക് പൊറാട്ടിനെ കുറിച്ചുള്ള പുനര്‍വിചിന്തനത്തിന് വഴിയൊരുക്കുകയാണ് അര്‍ജുന്‍ പി.ജെ തന്റെ ഡോക്യൂമെന്ററിയിലൂടെ.
അന്യംനിന്നുപോകുന്ന ഈ പരമ്പരാഗത കലാരൂപത്തിന് നൂറ്റമ്പതിലേറെ വര്‍ഷം പഴക്കമുണ്ട്. 'പുത്തൂര്‍ ചാമക്കുട്ടി' എന്നയാളില്‍ നിന്നാണ് തുടക്കം എന്ന് കരുതപ്പെടുന്നു. തമിഴ് സംസ്‌കൃതിയുമായി ബന്ധപ്പെട്ട് കിടക്കുന്ന പാലക്കാടിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ തമിഴകത്തിന്റെ ഭാഷയും ആചാരങ്ങളും കലാരൂപങ്ങളും സ്വാധീനം ചെലുത്തിയിരുന്നു. തമിഴകത്തിന്റെ നിലക്കൂത്ത് എന്ന തെരുക്കൂത്തിന്റെ ചുവട് പിടിച്ചാണ് പൊറാട്ട് നാടകത്തിന്റെ ഉത്ഭവം. കഥകളിയടക്കം കേരളത്തിലെ മുഖ്യധാര കലാരൂപങ്ങളെല്ലാം സവര്‍ണ്ണാധീനതയില്‍ വിഹരിക്കുമ്പോള്‍, അവര്‍ണ്ണരുടെ കലയായി ക്ഷേത്രവളപ്പുകളിലും കൊയ്ത്തു കഴിഞ്ഞ നെല്‍പാടങ്ങളിലുമൊക്കെയാണ് പൊറാട്ട് നാടകം വെളിച്ചം കാണുന്നത്.
മുന്നാക്ക ജാതിക്കാര്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കുമിടയില്‍ വാസ്തവത്തില്‍ ഒരു വിപ്ലവം നയിക്കാന്‍ ഈ കലാരൂപത്തിന് പ്രത്യക്ഷ്യാ സാധിച്ചു. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ജീവിത പ്രശ്‌നങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി നിലകൊണ്ട് നര്‍മവും ആക്ഷേപഹാസ്യവും കലര്‍ത്തി സാമൂഹിക പ്രശ്‌നങ്ങള്‍, സദാചാര കഥകള്‍, പ്രാദേശിക ഇതിഹാസങ്ങള്‍ എന്നിവ പൊറാട്ട് നാടകങ്ങളുടെ പ്രമേയമായി. തിട്ടപ്പെടുത്തിയ തിരക്കഥകാളൊന്നുമില്ലാതെയാണ് കലാകാരന്മാര്‍ അരങ്ങിലെത്തുന്നത്. രംഗസഞ്ചാരം, രംഗചേഷ്ടകള്‍, രംഗചര്യകള്‍ എന്നിവയെല്ലാം കളിയാശാനിലൂടെ വേഷക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നു. വാച്യ-വ്യംഗ്യ-ധ്വന്യാത്മകമായ ഭാഷകളിലൂടെ സ്വന്തം അനുഭവ തലങ്ങളില്‍ നിന്ന് കൊണ്ട് രംഗാവതരണം നടത്തുന്ന കലാകാരന്‍മാര്‍ പ്രേക്ഷകര്‍ക്ക് സ്വഭിപ്രായങ്ങള്‍ രൂപപ്പെടുത്താന്‍ സഹായകമാകുന്നു. ഇത്രയും മഹത്തായ കലാസൃഷ്ടിയെ കണ്ടില്ലെന്ന് നടിക്കുന്ന കേരള ജനതയ്ക്ക് പൊറാട്ട് നാടകത്തിന്റെ തീവ്രതയും പ്രാധാന്യവും വ്യക്തമാക്കുന്ന ഉറച്ച ശബ്ദമാകുകയാണ് 'Remanants of laughter'.
പന്ത്രണ്ട് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് - വൈകുന്നേരം ഏഴ് മണിക്ക് തുടങ്ങി പിറ്റേന്ന് പുലര്‍ക്കാലം ഏഴുമണിവരെ - ഈ കലാരൂപം. വാദ്യോപകരണങ്ങളുടെയോ ശബ്ദം വെളിച്ചം എന്നിവയുടെ ആധിക്യമില്ലാതെ ആല്‍ക്കൂട്ടത്തിനിടയിലാണ് പൊറാട്ടിലെ രംഗാവതരണം. ജനക്കൂട്ടത്തിനിടയില്‍ നിന്നുകൊണ്ട് നാടകത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ നാടകം ചിത്രീകരിക്കാന്‍ സംവിധായകന്‍ അര്‍ജുന്‍ പി.ജെക്കും ഛായാഗ്രഹണം നിര്‍വഹിച്ച അലക്‌സ് ജോണിനും സാധിച്ചു. ദൈര്‍ഘ്യമേറിയ ഈ കലാരൂപത്തെ കുറ്റമറ്റ രീതിയില്‍ കാണികളിലേക്കെത്തിക്കാന്‍ 'Remnants of laughter' ശ്രമിച്ചതിന്റെ ഫലമാണ് ഈ ഡോക്യൂമെന്ററിയെ തേടിയെത്തിയ ദേശീയ, അന്തര്‍ദേശീയ അംഗീകരങ്ങള്‍. പോര്‍ച്ചുഗലിലെ ലിസ്ബണ്‍ യൂണിവേഴ്‌സിറ്റി, സ്‌പെയിനിലെ ടോകാറ്റി ഫിലിം ഫെസ്റ്റിവല്‍, സ്വീഡനിലെ അന്ത്രാഷ്ട്ര ചലച്ചിത്രമേളകള്‍, സൈന്‍സ് ചലച്ചിത്രമേളയടക്കം വിവിധ ഇന്ത്യന്‍ ചലച്ചിത്രമേളകളിലും ഡോക്യൂമെന്ററി പ്രദര്‍ശിക്കപ്പെട്ടു. മീഡിയവണ്‍ അക്കാദമിയിലെ മാധ്യമ വിദ്യാര്‍ഥിയായിരിക്കെ പ്രൊജക്റ്റ് വര്‍ക്കുകളുടെ ഭാഗമായാണ് അര്‍ജുനും സംഘവും ഈ ചിത്രം ഒരുക്കിയത്.
സമൂഹത്തില്‍ ജനകീയമായ മുഖ്യധാരാ കലാരൂപങ്ങള്‍ക്കിടയില്‍ 'പൊറാട്ട് നാടകവും' അതിന്റെ കലാകാരന്മാരും ആദരിക്കപ്പെടേണ്ടതുണ്ട്. അന്യംനിന്ന് പോവുന്ന കലാരൂപമായി പൊറാട്ട് നാടകം മാറാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തിലും സാമൂഹിക തലത്തിലും പരിഗണനകള്‍ ലഭിക്കേണ്ടതുണ്ട്. സദസ്സിനെ ചിരിപ്പിക്കുകയും സരസമായ ആക്ഷേപ ഹാസ്യത്തിലൂടെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ കലാകാരന്മാര്‍ തങ്ങളുടെ ആത്മ സമര്‍പ്പണം ഒന്നുകൊണ്ട് മാത്രമാണ് ഈ കലാസൃഷ്ടിയെ നിലനിര്‍ത്തി വരുന്നത്.