മലയാളത്തിലെ ഇന്‍സെന്‍ഡിസ്; ഇരട്ട ഞെട്ടിക്കുന്നത് എങ്ങനെ
|ചില ചിത്രങ്ങള്‍ തിയറ്റര്‍ വിട്ടിറങ്ങിയാലും കൂടെ പോരില്ലേ. തലയില്‍ ഒരു പെരുപ്പ് സമ്മാനിക്കില്ലേ. അത് കണ്ടന്റ് അത്രമേല്‍ നമ്മുടെ തലയ്ക്കുള്ളില്‍ കടന്നിരിക്കുമ്പോള്‍ കൂടിയാണ്. അങ്ങനെയൊന്നാവാന്‍ ഇരട്ടക്കാവുന്നുണ്ട്. സിനിമ അവസാനിച്ചാലും രോഹിത് പ്രേക്ഷകനെ തിയറ്ററിലെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വിടാതെ ഇരുത്തുന്നുണ്ട്.
ത്രില്ലറുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഇന്‍ഡസ്ട്രിയാണ് മലയാളം. അഞ്ചാം പാതിരയുടെ ഹിറ്റിന് ശേഷം മാലപ്പടക്കം കണക്കെയാണ് മലയാളത്തില്‍ ക്രൈം ത്രില്ലര്‍ വന്നത്. പലതും നിലംതൊടാതെ പോയി. പല ചിത്രങ്ങളും ഹിറ്റുകളുടെ അനുകരണങ്ങള്‍ മാത്രമായിരുന്നു. പറഞ്ഞുവന്നത് ഒന്നിനുപിറകെ ഒന്ന് എന്ന രീതിയില്‍ ക്രൈം ത്രില്ലര്‍ ഇറങ്ങിയ ഇന്‍ഡസ്ട്രിയിലാണ് ഇരട്ട എത്തുന്നത്. ഞെട്ടിത്തരിച്ച് തിയറ്റര്‍ വിട്ടിറങ്ങാന്‍ സഹായിക്കുന്ന ഒന്നായി ഇരട്ട മാറുന്നിടത്താണ് മറ്റു ത്രില്ലറുകളെ പിന്നിലാക്കുന്നത്.
വാഗമണ്‍ പൊലീസ് സ്റ്റേഷനില്‍ പട്ടാപ്പകല്‍ നടക്കുന്ന ഒരു കുറ്റകൃത്യം. അതിനെ പിന്‍പറ്റി നടക്കുന്ന അന്വേഷണം. ഇതാണ് ഇരട്ടയുടെ അടിസ്ഥാനം. പക്ഷേ, പൂര്‍ണമായും ഒരു കുറ്റാന്വേഷണചിത്രമല്ല ഇത്. നടക്കുന്നത് ഒരു കുറ്റന്വേഷണമാണെന്നത് പ്രേക്ഷകന്റെ മനസ്സില്‍ കുരിക്കിയിടുന്നു. പിന്നെ ഓരോ കഥാപാത്രങ്ങളുടേയും ജീവിതത്തിലേക്ക് ആസ്വാദകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ചിത്രം. അവരുടെ വൈകാരികാവസ്ഥകളെ ചിത്രീകരിച്ച് ഡ്രാമയിലേക്ക് വഴിമാറുന്നു. വീണ്ടും തിരിച്ചെത്തി കുറ്റകൃത്യത്തിന്റെ രഹസ്യം മറനീക്കി പുറത്തുകൊണ്ടുവരുന്നു. അതായത്, കഥ പറച്ചില്‍ രീതിയില്‍ സിഥിരം സിനിമ മോള്‍ഡുകളില്‍ നിന്ന് മാറിനടക്കാന്‍ രോഹിത് ശ്രമിച്ചു എന്നതാണ് ഇരട്ടയെ വ്യത്യസ്തമാക്കുന്നത്. നമ്മള്‍ കണ്ട് പരിചയിച്ച ത്രില്ലര്‍ സിനിമകളൊന്നും ചിത്രത്തില്‍ കടന്നുവരുന്നില്ല, കേസന്വേഷണം പോലും റിയലിസ്റ്റിക്കായി ചെയ്തുവെച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനുള്ളില്‍ നടക്കുന്ന ഒന്ന് യഥാര്‍ഥത്തില്‍ എങ്ങിനെയാണോ ഉണ്ടാവുക അങ്ങനെയാണ് ഒരുക്കിയത്. കഥ ഒരുക്കുമ്പോള്‍ ഇത്തരം പ്രൊസീജിയറുകളെപറ്റി രോഹിത് നന്നായി പഠനം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്.
ഓരോരുത്തര്‍ പറയുന്ന കഥകളെ ഫ്‌ളാഷ്ബാക്കായി പറഞ്ഞാണ് സിനിമ മൊത്തം കഥ പറഞ്ഞു തീര്‍ക്കുന്നത്. ജിതിന്‍ ഐസക് തോമസ് അറ്റെന്‍ഷന്‍ പ്ലീസില്‍ പല കഥകള്‍ വെറുതെ പറഞ്ഞ് മാത്രം ഞെട്ടിച്ചതിന്റെ മറ്റൊരു രീതി. രോഹിത് ഒരു കഥയുടെ ലെയറുകളെ വിഷ്വലില്‍ പൊതിഞ്ഞ് സിനിമയാക്കുകയാണ്. തുടക്കത്തില്‍ സിനിമയുടെ ഈ പതുക്കെ പോക്ക്, എന്താണിങ്ങനെ എന്ന് തോന്നിപ്പിക്കുമെങ്കിലും രണ്ടാം പകുതിയോടെ സിനിമക്ക് സംഭവിക്കുന്ന മാറ്റവും വേഗതയുമാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ഫ്രഞ്ച് ചിത്രം ഇന്‍സെന്‍ഡൈസൊക്കെ കണ്ട് കിളിപാറിയ മലയാളിക്കാണ് രോഹിത് ഇരട്ട സമ്മാനിക്കുന്നത്. ചിത്രത്തിലെ ആഴമുള്ളതും, തീവ്രവുമായ കഥാ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങള്‍ കടന്നു പോകുന്ന വൈകാരികമായ മുഹൂര്‍ത്തങ്ങളുമെല്ലാം പ്രേക്ഷകന്റെ മുന്നില്‍ ഏറ്റവും വിശ്വാസയോഗ്യമായി അവതരിപ്പിക്കുന്നതിലും പൂര്‍ണ്ണമായും രോഹിത് വിജയിച്ചിട്ടുണ്ട്. ആ വൈകാരികതയെ പ്രേക്ഷകരുടെ മനസ്സുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞതാണ് ചിത്രത്തിന്റെ വിജയം.
ത്രില്ലറുകളുടെ രാജാക്കന്‍മാരാണ് കൊറിയന്‍ സിനിമ. ഞെട്ടിത്തരിച്ച ത്രില്ലറുകള്‍ പലതും കൊറിയന്‍ സിനിമയിലായിരുന്നു. അതില്‍ തന്നെ ഓള്‍ഡ് ബോയിയും, മെമ്മേറേയ്‌സ് ഓഫ് മര്‍ഡറും നോ മേഴ്‌സിയുമൊക്കെ ഇപ്പോഴും ത്രില്ലര്‍ പട്ടികയില്‍ മുന്‍പന്തിയിലാണ്. ഇതൊക്കെ കണ്ട് മലയാളിയുടെ ത്രില്ലര്‍ ആസ്വദനത്തിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അങ്ങനെയുള്ള പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് സിബിഐ 5 ലൂടെ എസ്.എന്‍സ്വാമി പത്രകഷ്ണം ചേര്‍ത്തുവെച്ച് ട്വിസ്റ്റ് കാണിച്ചപ്പോള്‍ അത് ഏറ്റില്ലെന്ന് മാത്രമല്ല തമാശയായി, ട്രോള്‍ മെറ്റീരിയലായി മാറുകയും ചെയ്തു. സിനിമ തലയില്‍ കയറിയ പുതിയ എഴുത്തുകാരും സംവിധായകരും അത് തിരിച്ചറിഞ്ഞ് തങ്ങളുടെ വര്‍ക്കുകളില്‍ കാണികളെ എക്‌സൈറ്റ് ചെയ്യിക്കാനുള്ളത് ഉള്‍പ്പെടുത്തുന്നുണ്ട്. അവിടെയാണ് രോഹിത് മലയാള സിനിമ സംവിധായകരില്‍ പ്രതീക്ഷയുളളവരുടെ നിരയിലേക്ക് ഈ ഒരൊറ്റ ചിത്രം കൊണ്ട് കയറുന്നുണ്ട്.
കൊറിയന്‍ ത്രില്ലറുകള്‍ പലതും അതിന്റെ ക്ലൈമാക്‌സ് കൊണ്ടാണ് ഞെട്ടിച്ചിട്ടുള്ളത്. പല കിളികളെയും പലയിടങ്ങളിലായി പറത്തിയാണ് സിനിമ അവസാനിക്കുക. ഇരട്ട പ്രേക്ഷകന് സമ്മാനിക്കുന്നത് ഈ ഒരു ഫീലാണ്. മലയാളം ഇങ്ങനെയൊരു ക്ലൈമാക്‌സ് കണ്ടിട്ടുണ്ടാവില്ലെന്ന് തീര്‍ച്ചായണ്. മാര്‍ട്ടിന്‍ എന്തിനാണ് പ്രൊഡ്യൂസറുടെ കുപ്പായത്തില്‍ വന്നതെന്നതിന് ഉത്തരമായിരുന്നു ഇത്. അങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമായില്ലെങ്കില്‍ പിന്നെന്ത് എന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് ചിന്തിച്ചിട്ടുണ്ടാവും എന്നതാണ് വസ്തുത.
അഗ്രസീവായ ഇമോഷനല്‍ കാരക്ടറുകളില്‍ അസാധ്യ പ്രകടനം കാഴ്ചവെക്കുന്ന നടനാണ് ജോജു ജോര്‍ജ്. ജോജുവിന്റെ ഹിറ്റ് ചിത്രങ്ങള്‍ നോക്കൂ, ഇങ്ങനെയുള്ള കഥാപാത്രമായിരിക്കും. നിഷേധിയായ ഉള്ളില്‍ നന്മയുള്ള കഥാപാത്രത്തിനുള്ളില്‍ നില്‍ക്കാന്‍ ജോജുവിന് പ്രത്യേക കഴിവുണ്ട്. ഇരട്ടയില്‍ രണ്ട് വേഷത്തിലെത്തുന്ന ജോജു പ്രകടനം കൊണ്ട് ഞെട്ടിക്കുന്നുണ്ട്. സിനിമയിലെ മുഴുവന്‍ സമയത്തും സ്‌ക്രീനില്‍ ജോജുവുണ്ട്. രണ്ട് കഥാപാത്രങ്ങളിലും സാമ്യം പോലും തോന്നാത്ത തരത്തില്‍ പ്രത്യേക മാനറിസങ്ങള്‍ പ്രമോദിനും വിനോദിനും നല്‍കാന്‍ ജോജു ശ്രമിച്ചിട്ടുണ്ട്. ഇമോഷന് പ്രധാന്യമുള്ള സിനിമയില്‍ അത്തരം സീനുകളില്‍ സിനിമ മുഴുവന്‍ കയ്യിലെടുക്കാനും ജോജു ശ്രദ്ധിക്കുന്നുണ്ട്. ജോജുവിന്റെ കരിയര്‍ ബെസ്റ്റായി ഇരട്ട മാറിയാലും അത്ഭുതപ്പെടാനില്ല.
വൈകാരിക രംഗങ്ങളാല്‍ സമ്പന്നമായ കഥ അങ്ങനെ എളുപ്പത്തില്‍ പറയാവുന്ന ഒന്നല്ല. തഴക്കം ചെന്നൊരു സംവിധായകന്റെ കയ്യടക്കം നവാഗതനായ രോഹിത്തില്‍ കാണാനാവുന്നുണ്ട്. മനു ആന്റണിയുടെ എഡിറ്റിങ്, വിജയ്യുടെ ഛായാഗ്രഹണം, ജേക്‌സ് ബിജോയ്യുടെ സംഗീതം ഇതെല്ലാം രോഹിത്തിന്റെ ജോലി ഒരു പരിധിവരെ എളുപ്പമാക്കാന്‍ സഹായിച്ചിട്ടുണ്ട്. വാഗമണിന്റെ മനോഹരമായ ഫ്രെയിമുകളും ചിത്രത്തിന് സമ്മാനിക്കുന്ന ഫീല്‍ വലുതാണ്. റിയലിസ്റ്റിക്കായി കഥ പറയുന്ന ചിത്രത്തില്‍ ആക്ഷന്‍ സീക്വന്‍സുകളും അങ്ങനെ ഒരുക്കാനും അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. അഞ്ജലി, അഭിറാം, സാബു, ജയിംസ് ഏലിയ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, സൃന്ദ തുടങ്ങി എല്ലാവരും തന്നെ അവരവരുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തുന്നുണ്ട്.
ചില ചിത്രങ്ങള്‍ തിയറ്റര്‍ വിട്ടിറങ്ങിയാലും കൂടെ പോരില്ലേ. തലയില്‍ ഒരു പെരുപ്പ് സമ്മാനിക്കില്ലേ. അത് കണ്ടന്റ് അത്രമേല്‍ നമ്മുടെ തലയ്ക്കുള്ളില്‍ കടന്നിരിക്കുമ്പോള്‍ കൂടിയാണ്. അങ്ങനെയൊന്നാവാന്‍ ഇരട്ടക്കാവുന്നുണ്ട്. സിനിമ അവസാനിച്ചാലും രോഹിത് പ്രേക്ഷകനെ തിയറ്ററിലെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വിടാതെ ഇരുത്തുന്നുണ്ട്. നായാട്ട് എന്ന ചിത്രത്തിന് ശേഷം മനസിനെ വേട്ടയാടുന്ന തരത്തില്‍ ഒരു മികച്ച ചിത്രം മലയാള സിനിമയ്ക്ക് നല്‍കിയതില്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനും ജോജു ജോര്‍ജിനും അഭിമാനിക്കാം.