മാനവികതയില്‍ വിടരുന്ന പ്രണയസുഗന്ധം
|സബീന എം. സാലിയുടെ 'ലേഡി ലാവന്‍ഡര്‍' നോവല്‍ വായന.
ഏതു വസ്തുവും നമുക്ക് അത്രമേല്‍ പ്രിയതരമായിരുന്നുവെന്ന് തിരിച്ചറിയുന്നത്, അത് സ്വന്തമാകുന്നതിന് മുന്‍പും അത് നഷ്ടപ്പെട്ടു കഴിഞ്ഞുമാണ്. സബീന എം. സാലിയുടെ നോവല്‍ ലേഡി ലാവന്‍ഡറിലെ ഹൃദയത്തില്‍ പതിഞ്ഞ വരികളാണിവ.
അഭയാര്‍ഥികളുടെ നീറുന്ന ജീവിതക്കാഴ്ചകള്‍ക്കൊപ്പം തീവ്രവാദത്തിന്റേയും ഫാസിസത്തിന്റേയും പശ്ചാത്തലത്തില്‍ സബീന എം. സാലി എഴുതിയ തികച്ചും വ്യതിരിക്തമായ റൊമാന്‍സ് ഫിക്ഷന്‍ നോവലാണ് ലേഡി ലാവണ്ടര്‍. അലറിവിളിക്കുന്ന ദുരന്തത്തിന്റെ കൊടും കാറ്റ് ജീവിതത്തിലുടനീളം പരന്നു വീശുമ്പോഴും സമാനതകളില്ലാത്ത പ്രണയം കൊണ്ട് വാചാലരാവുകയാണ് ആദിലും യൊഹാനും. അഭയാര്‍ഥികളുടെ സാക്ഷാത്കരിക്കപ്പെടാത്ത സ്വപ്നങ്ങള്‍ക്ക് സ്നേഹം കൊണ്ടൊരു തുന്നിക്കെട്ടാണ് ഈ നോവലെന്നാണ് ആമുഖത്തില്‍ നോവലിസ്റ്റിന്റെ സാക്ഷ്യം.
വായന പുരോഗമിക്കുമ്പോള്‍ അതിനും മുകളിലുള്ള ഹൃദയാലുത്വവും അഭയമറ്റവരോടുള്ള അക്ഷരഐക്യവും ദുരന്തങ്ങള്‍ക്കിടയിലും നിറയുന്ന ആദിലിന്റേയും യോഹാന്റേയും നിരുപാധികവും ആത്മാര്‍ഥത തുളുമ്പുന്നതുമായ പ്രണയത്തിന്റെ ലാവണ്ടര്‍ സുഗന്ധവുമാണ് അനുഭവപ്പെടുന്നത്. ആദ്യ അധ്യായം പദശുദ്ധിയാലും പദപ്രയോഗങ്ങളുടെ കാവ്യ സൗരഭ്യം തുളുമ്പുന്ന നടനലയത്താലും മ്യൂണിക് നഗരത്തിന്റെ ഓരോ അണുവിനേയും കാഴ്ചയേയും ഒരു ചലച്ചിത്രത്തിലെന്ന പോലെ അനുഭവിപ്പിക്കുന്നു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിപ്പെടേണ്ടതില്ല.
'മതത്തിന്റേയും വംശത്തിന്റേയും രാഷ്ട്രത്തിന്റേയും വേലിക്കെട്ടുകളില്ലാതെ, സകല സ്പര്‍ധകളേയും വൈര്യങ്ങളേയും കെടുത്തിക്കളഞ്ഞു കൊണ്ട് എന്തുകൊണ്ട് മനുഷ്യന് ജീവിച്ചു കൂടാ?' എന്ന് യൊഹാനിലൂടെ നോവലിസ്റ്റ് മനുഷ്യത്വപ്പെടുന്നത് നിര്‍വചിക്കാന്‍ കഴിയാത്ത വികാരമായി ആത്മാവിലേക്കാണ് പടരുന്നത്.
'വെറുപ്പിനുള്ള ഔഷധം സ്നേഹമാണ്.
പ്രണയമാണ്. അതുകൊണ്ട് ഞാന്‍ മനുഷ്യജാതിയാണ്.
എന്റെ മതം സ്നേഹമാണ്. എന്റെ രാഷ്ട്രം പ്രണയമാണ്.'
യസീദി കുലത്തില്‍ ജനിച്ചുവെന്ന കാരണത്താല്‍ അനുഭവിക്കേണ്ടി വന്ന യാതനകളാല്‍ യൊഹാന്റെ ഹൃദയമുറിവുകളിലൂടെ, നോവുകളിലൂടെ നീറി നീറി വായന നീളുമ്പോള്‍ ചരിത്ര കുതുകിയായ ഗ്രന്ഥകാരിയെ അവരുടെ അശ്രാന്ത അന്വേഷണവായ്പ്പിനെ കൂടിയാണ് വായനക്കാര്‍ കണ്ടെത്തുന്നത്. തന്റെ സ്ത്രീത്വത്തെ അപമാനിച്ചവനെ സ്വയരക്ഷയ്ക്കായി ഹനിക്കേണ്ടി വന്നപ്പോഴും അവന്റെ ശരീരത്തില്‍ നിന്ന് ഒഴുകിപ്പരക്കുന്ന ചോരയില്‍ മുങ്ങി മരിക്കുന്ന ഒരുപറ്റം ഉറുമ്പു കൂട്ടങ്ങളാണ് അവളുടെ കണ്ണുകളെ സജലങ്ങളാക്കുന്നത്.
ആ ഉറുമ്പുകളെ ഓര്‍ത്തിട്ടാണ് അവള് വേദനിക്കുന്നത്. ആ സന്ദര്‍ഭത്തില്‍ സ്ത്രീത്വത്തിന്റെ ശക്തമായ രണ്ട് ഭാവങ്ങളാണ് ഒരേസമയം എഴുത്തുകാരി കോര്‍ത്തിണക്കുന്നത്. അഭയാര്‍ഥികള്‍ അനുഭവിക്കുന്ന കൊടും ക്രൂരതകള്‍ നിറഞ്ഞ ഭാഗങ്ങളിലൂടെ വായന നീണ്ടപ്പോള്‍ നോവലിന്റെ പിറവി നേരങ്ങളില്‍ എഴുത്തുകാരി അനുഭവിച്ചിട്ടുള്ള അന്തഃസംഘര്‍ഷങ്ങളിലേക്കും എഴുത്തുന്മാദങ്ങളിലേക്കുമാണ് മനസ്സോടിപ്പോയത്.
വായന തീരുമ്പോള്‍ 'ടേക്ക് യുവര്‍ ടൈം&ഫാള്‍ ഇന്‍ ലവ് എന്ന ആദിലിന്റെ ഇഷ്ട ഗാനം ടേക്ക് യുവര്‍ ടൈം ആന്‍ഡ് 'റെയ്സ് ഇന്‍ ലവ്' എന്ന് തിരുത്തിയെഴുതാനാണ് തോന്നിയത്. തീവ്രമായ അഭയാര്‍ഥി നൊമ്പരങ്ങള്‍ക്കും തീവ്രവാദത്തിന്റേയും ഫാസിസത്തിന്റേയും പച്ചയായ തലങ്ങള്‍ക്കുമൊപ്പം
പ്രണയത്തിന്റെ ഉയര്‍ച്ചയേയും ഉണര്‍ച്ചയേയുമാണ് ലേഡി ലാവന്‍ഡര്‍ സമ്മാനിക്കുന്നത്. അത് എങ്ങനെയെന്ന് വാങ്ങി വായിച്ചു തന്നെ വായനക്കാര്‍ അറിയാന്‍ ലേഡി ലാവണ്ടറിന്റെ പരിസമാപ്തിയെന്തെന്ന് മനഃപൂര്‍വ്വം തന്നെ ഈ ആസ്വാദനക്കുറിപ്പില്‍ നിന്ന് ഒഴിവാക്കുന്നു. തുടങ്ങിയാല്‍ വായന പൂര്‍ത്തിയായിത്തീരാതെ ഈ പുസ്തകം അടച്ചുവെക്കാന്‍ കഴിയില്ല എന്നതാണ് അനുഭവം. കാഴ്ചയില്‍ നിന്ന് കേള്‍വിയിലേക്കും അനുഭൂതി തലത്തിലേക്കും ഹൃദയങ്ങളെ ചലിപ്പിക്കുന്നത്തിനൊപ്പം കെട്ടിലും മട്ടിലും ആകര്‍ഷകമായ പുസ്തകരൂപ സുഖമേകുന്നുണ്ട് ലേഡി ലാവന്‍ഡര്‍. ഡി.സി റൊമാന്‍സ് ഫിക്ഷന്‍ മത്സര ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ നോവലിന്റെ പ്രസാധകരും ഡി.സി ബുക്സ് തന്നെയാണ്.
നിഖില സമീര്‍