Art and Literature
ആയുധപ്പുര നിലനില്‍പ്പുകള്‍ക്കുവേണ്ടിയുള്ള നാടക പ്രതിരോധം
Art and Literature

'ആയുധപ്പുര' നിലനില്‍പ്പുകള്‍ക്കുവേണ്ടിയുള്ള നാടക പ്രതിരോധം

പി.എസ് റഫീഖ്
|
8 Oct 2022 2:56 AM GMT

ഏതൊരിന്ത്യക്കാരനും ഗാന്ധിയെ അഥവാ, ഇന്ത്യയെ തൊടാമായിരുന്നു. പക്ഷേ, ഇന്നത്തെ ഒരു കൂട്ടം രാജ്യ സ്‌നേഹികളുടെ ഇന്ത്യയില്‍, കപട ദേശീയ വാദികളുടെ ഇന്ത്യയില്‍ എന്നെപ്പോലെ ഒരാള്‍ക്ക് മുസ്‌ലിം ഐഡന്റിറ്റിയുള്ള ഒരെഴുത്തുകാരന് ഇന്ത്യയെ തൊടാനാവില്ല എന്നത് സത്യാനന്തര ലോകത്തെ പരമപ്രധാനമായ ഒരു സത്യമാണ്. ബൈജു. സി.പിയുടെ ആയുധപ്പുര' എന്ന നാടക പുസ്തകത്തെക്കുറിച്ച് എഴുത്തുകാരനായ പി.എസ് റഫീഖ് എഴുതിയ കുറിപ്പ്.

'സത്യത്തില്‍ ആദ്യം പ്രകാശനം എന്ന കര്‍മം നടക്കുന്നത് എഴുതുന്നയാളുടെ മനസ്സിലാണ് എന്ന് നമുക്കറിയാം. ആയൊരര്‍ഥത്തില്‍ ആയുധപ്പുര എന്ന ഈ നാടകം എന്നേ വെളിച്ചപ്പെട്ടു കഴിഞ്ഞു. മഹത്തായ ഒരാശയത്തിന്റെ വെളിച്ചപ്പെടല്‍.

എഴുത്തുകാരന്റെ മനസ്സില്‍ വളരെ മുമ്പേ നടന്നു എങ്കില്‍ അതിന്റെ വിളംബരമാണ് ഇപ്പോഴിവിടെ നടക്കുന്നത്. മനുഷ്യന്റെ ചരിത്രത്തോളം തന്നെ ഭാഷയ്ക്കും പഴക്കമുണ്ട്. അന്നു തൊട്ടേ മനുഷ്യര്‍ അവരെ വിളംബരം ചെയ്യാന്‍ തുടങ്ങിയിരുന്നു. കല്ലില്‍ കോറിയ വരകളിലൂടെ ശില്‍പങ്ങളിലൂടെ ചിത്രങ്ങളിലൂടെയൊക്കെ കടന്നുവന്ന് ലിപിയാകാരം പൂണ്ട് ഓലകളിലേക്കും ചെപ്പേടുകളിലേക്കും പതുക്കെ കടലാസിലേക്കും ഭാഷ കടന്നുവന്നു. ഭാഷയില്‍ മനുഷ്യന്റെ അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും പാലായനത്തിന്റെയും ജയപരാജയങ്ങളുടെയും പ്രേമത്തിന്റെയും രതിയുടെയും മരണത്തിന്റെയുമെല്ലാം ആത്മപ്രകാശനമുണ്ട്. ലോകം കണ്ട യുദ്ധങ്ങളിലൂടെയും മനുഷ്യന്റെ പല വിധത്തിലൂടെയുള്ള പ്രയാണങ്ങളിലൂടെയും കടന്നുവന്ന ഭാഷകളില്‍ നിന്ന് പലവിധ ക്ലാസിക്കുകയുണ്ടായി. മഹാഭാരതവും. ഇലിയഡും ഒഡീസിയും യുലീസസുമെല്ലാം അതുല്യമായ നാടകീയതയോടെയും അനശ്വരമായ അനുഭവതലങ്ങളിലൂടെയും മനുഷ്യര്‍ക്കിടയിലൂടെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. മനുഷ്യന്റെ മനസുകളില്‍ അവകള്‍ പുതിയ പുതിയ പ്രകാശനങ്ങള്‍ നേടുന്നു.

കൊട്ടാരങ്ങളിലും കോവിലകങ്ങളിലും സംസ്‌കൃത നാടക വിവര്‍ത്തനങ്ങളിലൂടെയും ചെറു പ്രഹസനങ്ങളിലൂടെയും കടന്നുവന്ന് വി.ടി ഭട്ടതിരിപ്പാടിലൂടെയും പുളിമാനയിലൂടെയുമെല്ലാം സാമുദായിക പരിഷ്‌ക്കരണ ധര്‍മം നിര്‍വ്വഹിച്ചും സി.ജെയിലൂടെയും സി.എന്‍ ശ്രീകണ്ഠന്‍ നായരിലൂടെയും പുതിയ സാമൂഹിക രാഷ്ട്രീയ ശരികളെ സമീപിച്ചും എന്‍.എന്‍ പിള്ളയിലൂടെയും തോപ്പില്‍ ഭാസിയിലൂടെയും കെ.ടി മുഹമ്മദിലൂടെയുമെല്ലാം സാമൂഹിക ശരീരത്തിന്റെ ആഴത്തില്‍ മനസ്സാക്ഷി തുന്നിച്ചേര്‍ത്തും അത് മുന്നേറി.

ലോക സാഹിത്യമിപ്പോഴെത്തി നില്‍ക്കുന്നത് അബ്ദുറസാഖ് ഗുര്‍ണ എന്ന ആഫ്രിക്കന്‍ എഴുത്തുകാരനിലാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നോബല്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ട ഗുര്‍ണ തീര്‍ച്ചയായും ഈ വേനല്‍ക്കാലത്ത് ഒരു ചെറിയ നീര്‍ച്ചാട്ടമായി അനുഭവപ്പെടുന്നു. ബ്രിട്ടീഷ് കോളനിയായിരുന്ന സാന്‍സിബാറില്‍ ജനിച്ച ഗുര്‍ണ അധിനിവേശത്തിന്റെ ക്രൂരതയും വംശീയതയുടെ രക്ത സ്‌നാതമായ മണ്ണും കണ്ടിട്ടുള്ളയാളാണ്. നഗ്‌നമായ അടിമക്കച്ചവടം നിലനിന്നിരുന്ന ഒരു ദേശക്കാരനാണ് അദ്ദേഹം. അറേബ്യന്‍ ഉപദ്വീപുകളിലെ പ്ലാന്റേഷനുകളിലേക്കും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തേയിലത്തോട്ടങ്ങളിലേക്കും അടിമപ്പണിക്ക് വില്‍ക്കപ്പെട്ടിരുന്ന ഒരു വംശത്തിന്റെ പ്രതിനിധിയാണ് ഗുര്‍ണ. വംശഹത്യകളുടെയും പാലായനങ്ങളുടെയും ഓര്‍മകളാണ് അബ്ദുറസാഖ് ഗുര്‍ണയുടെ സാഹിത്യം. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നടന്ന ഏകാധിപത്യങ്ങളിലേക്കും ക്രൂരമായ കൊലപാതകങ്ങളിലേക്കും നുണകളിലേക്കും ലോകം പിന്നെയും ചാഞ്ഞു തുടങ്ങുന്ന ഈ അസ്വഭാവികതയില്‍ ഗുര്‍ണയുടെ സാഹിത്യത്തിന് ലഭിച്ച അംഗീകാരം മനുഷ്യ വംശത്തിന് ആശ്വസിക്കാവുന്ന ഒരു സംഗതിയാണ്.

ഒരിക്കല്‍ ബഷീര്‍ ഉമ്മയോട് വന്നു പറയുന്നു, ഉമ്മാ ഞാന്‍ ഗാന്ധിയെ തൊട്ടു. ബഷീറിന്റെ മറ്റെല്ലാ വാക്കുകളെയും പോലെ പ്രകാശിക്കുന്ന ഒരു പ്രസ്താവന. അത്രയും പ്രകാശം ആ പ്രസ്താവനക്ക് വരാനുള്ള പ്രധാന കാരണം നമുക്കറിയാം. നമ്മളന്ന് ബ്രിട്ടീഷുകാരുടെ കീഴിലായിരുന്നു. ഗാന്ധി എന്നാല്‍ മുഴുവന്‍ ഇന്ത്യയുടെയും വികാരമായിരുന്നു. ഓരോ ഇന്ത്യക്കാരനും തൊടാനാഗ്രഹിക്കുന്ന ഇന്ത്യയായിരുന്നു അന്ന് ഗാന്ധി. ജാതി ഹിന്ദുവായിരുന്ന ഗാന്ധി, പലപ്പോഴും അയിത്തത്തെയോ, ചാതുര്‍ വര്‍ണ്യത്തെയോ മറികടന്നിട്ടില്ലാത്ത ഗാന്ധി പക്ഷേ ഒരു ജനതയെ ഒന്നിപ്പിക്കുന്ന ഏക ശരീരമായിരുന്നു. ഏതൊരിന്ത്യക്കാരനും അന്ന് ഗാന്ധിയെ അഥവാ ഇന്ത്യയെ തൊടാമായിരുന്നു. പക്ഷേ, ഇന്നത്തെ ഒരു കൂട്ടം രാജ്യ സ്‌നേഹികളുടെ ഇന്ത്യയില്‍ കപട ദേശീയ വാദികളുടെ ഇന്ത്യയില്‍ എന്നെപ്പോലെ ഒരാള്‍ക്ക് മുസ്‌ലിം ഐഡന്റിറ്റിയുള്ള ഒരെഴുത്തുകാരന് ഇന്ത്യയെ തൊടാനാവില്ല എന്നത് സത്യാനന്തര ലോകത്തെ പരമപ്രധാനമായ ഒരു സത്യമാണ്

തീര്‍ച്ചയായും എന്റെ സുഹൃത്ത് ബൈജു സി.പി എഴുതിയ ആയുധപ്പുര എന്ന ഈ നാടകം മനുഷ്യരാശി നേരിടുന്ന നിലനില്‍പിന്റെ രാഷ്ട്രീയത്തിന്റെ ഒരാശയ പ്രകാശനമാണ്. വലിയൊരാശയത്തിന്റെ പ്രചരണവും പ്രകടനവുമാണ്. ഉറപ്പായും മലയാള നാടക വേദി വളര്‍ന്നതും അത്തരം നാടകങ്ങളിലൂടെയാണ്. കൊട്ടാരങ്ങളിലും കോവിലകങ്ങളിലും സംസ്‌കൃത നാടക വിവര്‍ത്തനങ്ങളിലൂടെയും ചെറു പ്രഹസനങ്ങളിലൂടെയും കടന്നുവന്ന് വി.ടി ഭട്ടതിരിപ്പാടിലൂടെയും പുളിമാനയിലൂടെയുമെല്ലാം സാമുദായിക പരിഷ്‌ക്കരണ ധര്‍മം നിര്‍വ്വഹിച്ചും സി.ജെയിലൂടെയും സി.എന്‍ ശ്രീകണ്ഠന്‍ നായരിലൂടെയും പുതിയ സാമൂഹിക രാഷ്ട്രീയ ശരികളെ സമീപിച്ചും എന്‍.എന്‍ പിള്ളയിലൂടെയും തോപ്പില്‍ ഭാസിയിലൂടെയും കെ.ടി മുഹമ്മദിലൂടെയുമെല്ലാം സാമൂഹിക ശരീരത്തിന്റെ ആഴത്തില്‍ മനസ്സാക്ഷി തുന്നിച്ചേര്‍ത്തും അത് മുന്നേറി.



വയലാ വാസുദേവപ്പിള്ളയും ജി.ശങ്കരപ്പിള്ളയും തുപ്പേട്ടനും സി.എല്‍ ജോസും ജയപ്രകാശ് കുളൂരുമെല്ലാം ആധുനികമായ ഉണര്‍ച്ചയിലേക്ക് മലയാള നാടകത്തെ തട്ടിയുണര്‍ത്തി. നിരവധി പ്രഗത്ഭരായ നാടക കൃത്തുക്കളും സംവിധായകരും നാടക പ്രവര്‍ത്തകരും ഇന്ന് കേരളത്തിലുണ്ട്. നാടകത്തിനുവേണ്ടി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് എല്ലാ വര്‍ഷവും നടത്തുന്ന മഹാമേളകള്‍ നമുക്കുണ്ട്.


സത്യത്തില്‍ ഇന്ന് ബൈജു സി.പിയുടെ ഈ നാടകം സംസാരിക്കുന്ന രാഷ്ട്രീയത്തെ മനസിലാക്കുമ്പോള്‍ നാം കെ. ദാമോദരന്റെ പാട്ടബാക്കി ഓര്‍ക്കുന്നു. എത്രയളന്നാലും ജന്മിക്ക് പാട്ടം ബാക്കിയാക്കുന്ന കുടിയാന്റെ കര്‍ഷകന്റെ കഥ തന്നെയാണ് ബൈജുവും പറയുന്നത്. നിരവധി നാളുകളായി രാജ്യത്തു നടക്കുന്ന കര്‍ഷ സമരത്തെ ഫാഷിസ്റ്റുകളെ തിരിടുന്ന വിധം നാം ദിനേന കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്തരുണത്തില്‍ ഈ നാടകത്തിന്റെ സാമൂഹിക പ്രസക്തിയും ഏറെ തന്നെയാണ്.


എന്റെ ചെറിയ ഗ്രാമത്തിലുണ്ടായിരുന്ന സൈക്കിള്‍ കടക്കാരനായിരുന്ന ഒരു നാടകകൃത്തിനെ ഞാനോര്‍ക്കുകയാണ്. ഞങ്ങളുടെ ഗ്രാമത്തിനപ്പുറത്തേയ്ക്ക് അറിയപ്പെടാതിരുന്ന അദ്ധേഹമായിരുന്നു ഞങ്ങളുടെയെല്ലാം നാടക ഗുരു. ഒരിക്കല്‍ പോലും അദ്ധേഹത്തിന്റെയൊപ്പം പ്രവര്‍ത്തിക്കാനോ അദ്ധേഹമെഴുതിയ നാടകത്തിലഭിനയിക്കാനോ കഴിഞ്ഞിട്ടില്ലാത്ത ഞാന്‍ പക്ഷേ ഞങ്ങളുടെ ഗ്രാമത്തിലെ അദ്ദേഹമവശേഷിപ്പിച്ചു പോയ ഊര്‍ജ്ജം നിരന്തരം കാണുന്നുണ്ട്. അദ്ധേഹമവശേഷിപ്പിച്ചു പോയ നടീ നടന്മാരെ കണ്ടുമുട്ടാറുണ്ട്. ആ നാടക പരിസരം ഇപ്പോഴുമവിടെയുണ്ട്. അദ്ദേഹമുണ്ടായിരുന്നു എന്നതിന്റെ ഓര്‍മയാണത്. മറവിക്കെതിരെയുള്ള കലാപം തന്നെയാണത്. മറവിയില്‍ നിന്ന് ഓര്‍മയുടെ മഹാ പ്രവാഹത്തിലേക്ക് ഈ രാഷ്ട്രീയ നാടകത്തിലൂടെ ബൈജുവും സഞ്ചരിക്കുകയാണ്. അദ്ദേഹത്തിന്റെ കലാപം അര്‍ഥമുള്ളതായിത്തീരട്ടെ.




ബൈജു. സി.പി


പി.എസ് റഫീഖ്

Similar Posts