സെമിത്തേരിയിലെ വൃക്ഷം | Short Story
|| കഥ
ഗ്രാമത്തിന്റെ തെക്കനതിര്‍ത്തിയോട് ചേര്‍ന്ന പനകള്‍ക്കുമപ്പുറം എരുമപ്പുല്ലുകള്‍ തീര്‍ത്ത പുല്‍ത്തകിടിയും കാട്ടുതകരകളും കൃഷ്ണകിരീടങ്ങളും കടന്നു ചെന്നാല്‍ ഇവയില്‍ നിന്ന് വേര്‍തിരിച്ചറിയാനാവാത്തിടത്തു നിന്ന് ഞങ്ങളുടെ സെമിത്തേരി ആരംഭിക്കുന്നു. ചുറ്റുമതിലോ പ്രവേശന കവാടമോ കൂടാതെ അത് പുഴയോരത്തോളം നീണ്ടു കിടക്കുന്നു. ഇവിടെ ചെറുതും വലുതുമായ വൃക്ഷങ്ങള്‍ ചില്ലകളാല്‍ ഇടകലര്‍ന്ന് തൊട്ടുരുമ്മിയും അകന്നുമാറിയും നില്‍ക്കുന്നുണ്ട്. ഗ്രാമത്തിലുള്ളവരെല്ലാം പലപ്പോഴായി ഇവിടേയ്ക്ക് വരാറുണ്ടെങ്കിലും ഒടിഞ്ഞു വീണ ഒരു ചില്ല മാറ്റിയിടുവാനോ വളര്‍ന്നുയര്‍ന്ന വേരുകള്‍ വെട്ടിമാറ്റാനോ ആരും മുതിരാറില്ല. ഒരുപാട് കാലത്തിനു മുന്‍പ് കാട്ടുചെടികളും തിരിച്ചറിയാനാവാത്ത ചെറുമരങ്ങളും മാത്രമുള്ള ഉപേക്ഷിക്കപ്പെട്ട നിലമായിരുന്നു ഗ്രാമത്തിനു പുറത്തുള്ള ഈ താഴ്‌വര. എന്നാല്‍, കടല്‍ കടന്നു വന്ന സായിപ്പന്മാരുടെ കാലത്ത് പെട്ടന്നൊരു ദിവസം ഇതൊരു സെമിത്തേരിയായി മാറി. കാട് കാണാന്‍ വന്നൊരു ലന്തക്കാരി അപകടത്തില്‍പ്പെട്ടു മരിച്ചതിനെ തുടര്‍ന്ന് അവളുടെ ശരീരം ഇവിടെ കുഴിച്ചു മൂടിയതായിരുന്നു അതിന്റെ തുടക്കം. കാല്‍ വഴുതി പാറയില്‍ തലയിടിച്ചു വീണു മരിച്ച നവോഢയായ തന്റെ പ്രാണനെ, അവളേറെ ഇഷ്ടപ്പെട്ടതെന്ന് അവസാനമായി പറഞ്ഞയിടത്ത് ഒരടി മാത്രം താഴ്ച്ചയില്‍ അയാള്‍ കുഴിച്ചു മൂടി. അതിനു മുന്‍പ് അപ്പോഴും ചൂട് വിട്ടു മറാത്ത ഇടതു മാറിനോട് വേരുകള്‍ ചേരും വിധം ആരോ പിഴുതു നല്‍കിയ നീര്‍മരുതിന്റെ തൈ ചേര്‍ത്ത് വച്ചിരുന്നു. അപ്പോഴും കട്ട പിടിക്കാതിരുന്ന ചുടുചോര തളം കെട്ടിയ ഹൃദയത്തില്‍ നിന്ന് ആ വേരുകള്‍ പുനര്‍ജ്ജീവിക്കണമെന്നായിരിക്കാം അയാളാശിച്ചത്. ഈ താഴ്‌വര മേലില്‍ ഗ്രാമത്തിന്റെ സെമിത്തേരിയായിരിക്കുമെന്ന് അയാള്‍ പറഞ്ഞപ്പോഴായിരുന്നു അങ്ങനെയൊരു വാക്ക് തന്നെ എല്ലാവരും ആദ്യമായി കേട്ടത്. തൊട്ടപ്പുറത്തെ കാട്ടില്‍ നിന്നൊരു കുറുക്കനോ ഗ്രാമത്തിലാകെ അലഞ്ഞു നടക്കുന്ന പട്ടികളോ മണം പിടിച്ചവിടെയെത്തി കുഴി മാന്താന്‍ ശ്രമിക്കാത്തത് ഏവരെയും അദ്ഭുതപ്പെടുത്തി. അന്ന് മുതല്‍ ഗ്രാമത്തിലെ ഓരോ മരണത്തിനും ശേഷം ഇവിടെ ഓരോ വൃക്ഷങ്ങളുയര്‍ന്നു. അവയുടെ തടിയും ഇലകളും വേരുകളുമെല്ലാമെല്ലാം മരിച്ചയാളില്‍ നിന്ന് മാത്രം പുഷ്ടിപ്പെടാന്‍ ശവം പരിപൂര്‍ണ്ണ നഗ്‌നമാക്കിയാണ് ചടങ്ങുകള്‍ നടത്തുന്നത്. മരിച്ചു പോയ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍ക്കുന്നവരെല്ലാം സെമിത്തേരിയിലേക്ക് കടന്നുവന്ന് അതാതു വൃക്ഷങ്ങളില്‍ ചാരിയിരിക്കുന്നതും പതിവ് കാഴ്ചയാണ്. സായിപ്പ് പറഞ്ഞു തരാത്തൊരു കാര്യം കൂടി ഞങ്ങളിന്ന് സെമിത്തേരിയോട് ചേര്‍ത്ത് വച്ചിട്ടുണ്ട്. വളര്‍ന്നു വരുന്ന വൃക്ഷങ്ങള്‍ പൂവണിയുകയോ, ഫലങ്ങള്‍ പൊഴിക്കുകയോ ചെയ്യുന്നതോടെ ജീവിച്ചിരിക്കുന്നവര്‍ അവരോട് ചെയ്ത തെറ്റുകളെല്ലാം പൊറുത്ത് ആത്മാക്കള്‍ മണ്ണിനോട് വിട പറയുന്നുവെന്ന്. ഈ കാണുന്ന മാവും ഞാവലും ഇലവും കണിക്കൊന്നയും മണിമരുതുമെല്ലാം ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ നെഞ്ചോട് ചേര്‍ന്നമര്‍ന്ന വേരുകളില്‍ നിന്ന് തിടം കൊണ്ടവയാണ്.
സൗഹൃദ വട്ടങ്ങളിലെ നോവിക്കുന്ന ചെറുതമാശകളില്‍ നിന്നുപോലും ഞാനവനെ പൊതിഞ്ഞു പിടിച്ചു. കരിക്കുട്ടനും കാക്കുവും ലോലനും പാറ്റയുമായിരുന്നു എന്റെ കൂട്ടുകാര്‍. എല്ലാത്തിനും അമരക്കാരനായി മൈക്കിളേട്ടനും. കളി കഴിഞ്ഞു വന്നാല്‍ ഒരുമിച്ചിരുന്ന് പഠിച്ച് അവന്റെയോ എന്റെയോ വീട്ടില്‍ ഒരു പായയിലുറങ്ങും. നീണ്ടു മലര്‍ന്നു കിടക്കുന്ന എന്റെ ഇടതു ചുമലിനോട് മുഖം ചേര്‍ത്തു വച്ച് ഉറങ്ങുന്ന മനു ഉണര്‍ന്നു കഴിഞ്ഞാലും എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാതെ എനിക്ക് വേണ്ടി കാത്തു കിടക്കുമായിരുന്നു. ഞാനില്ലാതെ ഒന്നും ചെയ്യാന്‍ മുതിരാത്ത അവന്റെ ശീലത്തെ ഞാന്‍ പരമാവധി താലോലിച്ചു കൊണ്ടുമിരുന്നു.
കള്ളവാറ്റും, കഞ്ചാവ് തോട്ടത്തിന് കാവല്‍ കിടപ്പും, മോഹിപ്പിക്കുന്ന പെണ്ണുങ്ങളെയെല്ലാം കയറിപ്പിടിക്കലുമൊന്നും സന്തോഷം തരുന്നില്ലെന്ന് തോന്നുന്ന ചില ദിവസങ്ങളില്‍, എന്നെ പ്രസവിച്ച് മാസം തികയുന്നതിനു മുന്‍പ് കിണറ്റില്‍ ചാടിച്ചത്ത അമ്മയുടെ കുഴിമാടത്തില്‍ നിന്നുയര്‍ന്ന പേരമരത്തില്‍ ചാരിയിരിക്കാന്‍ ഞാനും ചിലപ്പോഴെല്ലാം ഇവിടെ വരാറുണ്ട്. എന്നാലിന്ന് എന്നെ സെമിത്തേരിയിലേക്കെത്തിച്ചത്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെട്ടന്നൊരു രാത്രി കാണാതായി, ദിവസങ്ങള്‍ക്കു ശേഷം കോര മാപ്ലയുടെ തണ്ടികയിലെ നെല്‍പത്തായത്തില്‍ നിന്ന് മരിച്ച നിലയില്‍ കിട്ടിയ എന്റെ അയല്‍പക്കമായിരുന്ന സതീശേട്ടന്റെയും അല്ലിയമ്മയുടെയും മകന്‍ മനുവിന്റെ കുഴിമാടത്തില്‍ നിന്നുയര്‍ന്ന വാകയാണ്.
എന്നേക്കാള്‍ രണ്ടു വയസ്സിനു ഇളപ്പമായിരുന്നു അവന്‍. മറ്റു സഹോദരങ്ങളില്ലാത്ത ഞങ്ങള്‍ രണ്ടു പേരും അല്ലിയമ്മയുടെ സ്‌നേഹം ഒരു പോലെ അനുഭവിച്ചു കൊണ്ടാണ് വളര്‍ന്നത്. സ്വന്തം അനിയനെപ്പോലെ ഞാനവനെ കാണണമെന്ന് ഓര്‍മപ്പെടുത്തുംവിധം തീവ്രമായിരുന്നു അവരെനിക്ക് തന്ന പരിഗണന. ഒരു പക്ഷെ അവനൊരു ഊമയാണെന്നുള്ളതാകാം അതിനുള്ള കാരണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ദയനീയമായ ചില ചുണ്ടു പിളര്‍ത്തലുകളല്ലാതെ മറ്റൊരു ശബ്ദവും പുറപ്പെടുവിക്കാന്‍ കഴിയാത്ത വിധം പരിപൂര്‍ണ്ണമായിരുന്നു അവന്റെ നിശബ്ദത. അവരുടെ ആഗ്രഹം പോലെ തന്നെ സ്‌കൂളിലേക്കുള്ള നടത്തത്തിലും അത് കഴിഞ്ഞ് എല്ലാവരും ചേര്‍ന്നുള്ള കളികളിലും ഞാനവനെ കൂടെക്കൂട്ടി. സൗഹൃദ വട്ടങ്ങളിലെ നോവിക്കുന്ന ചെറുതമാശകളില്‍ നിന്നുപോലും ഞാനവനെ പൊതിഞ്ഞു പിടിച്ചു. കരിക്കുട്ടനും കാക്കുവും ലോലനും പാറ്റയുമായിരുന്നു എന്റെ കൂട്ടുകാര്‍. എല്ലാത്തിനും അമരക്കാരനായി മൈക്കിളേട്ടനും. കളി കഴിഞ്ഞു വന്നാല്‍ ഒരുമിച്ചിരുന്ന് പഠിച്ച് അവന്റെയോ എന്റെയോ വീട്ടില്‍ ഒരു പായയിലുറങ്ങും. നീണ്ടു മലര്‍ന്നു കിടക്കുന്ന എന്റെ ഇടതു ചുമലിനോട് മുഖം ചേര്‍ത്തു വച്ച് ഉറങ്ങുന്ന മനു ഉണര്‍ന്നു കഴിഞ്ഞാലും എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാതെ എനിക്ക് വേണ്ടി കാത്തു കിടക്കുമായിരുന്നു. ഞാനില്ലാതെ ഒന്നും ചെയ്യാന്‍ മുതിരാത്ത അവന്റെ ശീലത്തെ ഞാന്‍ പരമാവധി താലോലിച്ചു കൊണ്ടുമിരുന്നു.
കുട്ടിക്കളികള്‍ മടുപ്പിച്ചു തുടങ്ങിയൊരു ദിവസം, അരക്കെട്ടിലെന്തോ വലിഞ്ഞു മുറുകാന്‍ തുടങ്ങവേ എനിക്കാദ്യമായി കുറച്ചു സ്വകാര്യത വേണമെന്ന് തോന്നി. പൊട്ടിത്തരിക്കുന്നതിനെയെല്ലാം കെട്ടഴിച്ചുവിടാനുള്ള മാര്‍ഗത്തിന് ഒരു സഹായമെന്നു പറഞ്ഞു കൊണ്ട് മൈക്കിളേട്ടന്‍ തിളങ്ങുന്നൊരു പടം പോക്കറ്റില്‍ തിരുകിത്തന്ന ദിവസം എനിക്കാദ്യമായി മനുവിനെ ദൂരെയെവിടെയെങ്കിലും എറിഞ്ഞു കളയണെമെന്നു തോന്നി. ഒറ്റയ്‌ക്കൊരിടത്തിരിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയമായപ്പോള്‍ നിരാശനായി ഞാന്‍ മൈക്കിളേട്ടനോട് സങ്കടം പറഞ്ഞു. രണ്ടാമതൊന്നാലോചിക്കാതെ അയാള്‍ നിര്‍ദ്ദേശിച്ച പോംവഴി 'അവനെയും ആ തിളങ്ങുന്ന പടത്തിന്റെ ഉപഭോക്താവാക്കുക' എന്നതായിരുന്നു. അതത്ര ശരിയായി തോന്നിയില്ലെങ്കിലും കാര്യസാധ്യത്തിനായി ഒന്ന് പ്രയോഗിച്ചു നോക്കാന്‍ തന്നെ തീരുമാനിച്ചു. അന്ന് വൈകുന്നേരം പഠിക്കാനിരുന്ന നേരം അവന്‍ കാണത്തക്കവിധം ഞാനത് മേശപ്പുറത്തു വീഴ്ത്തി. പോക്കറ്റിലൊതുങ്ങും വിധം പല തവണ മടക്കിയിരുന്ന ചിത്രം ബാലിശമായ കൗതുകം കൊണ്ടെന്ന പോലെ നിഷ്‌കളങ്കമായി നിവര്‍ത്തിയതും ചെറിയൊരലര്‍ച്ചയോടെ അവന്‍ പിന്നോട്ടാഞ്ഞു. തലയിലണിഞ്ഞിരുന്ന സ്വര്‍ണ്ണത്തൂവാലയൊഴിച്ചാല്‍ പരിപൂര്‍ണ്ണ നഗ്‌നയായ ഒരു സ്ത്രീയുടെ ചിത്രമായിരുന്നു അത്. ഇടതു കൈത്തലം കൊണ്ട് തന്റെ മാറിടം എടുത്തു പിടിക്കാന്‍ ശ്രമിക്കവേ വലതു കൈവിരലുകളാല്‍ അരക്കെട്ടിനെ വിടര്‍ത്തിയെടുക്കാന്‍ അവള്‍ ശ്രമിക്കുകയായിരുന്നു. ഒരു നിമിഷത്തെ പകപ്പിനു ശേഷം എന്നെ ദയനീയമായി നോക്കിക്കൊണ്ട് അവനെഴുന്നേറ്റ് പുറത്തേക്കോടി.
ആ ഒറ്റ രാത്രി കൊണ്ട് അയാളൊരു പെണ്ണായി മാറിയെന്നും ഭാര്‍ഗ്ഗവേട്ടന്‍ നോക്കി നില്‍ക്കെ നെഞ്ചുരുണ്ട് മുടി നീണ്ടു വളര്‍ന്നുവെന്നും മൈക്കിളേട്ടന്‍ പറയാറുണ്ട്. ഒടുവില്‍ എല്ലാവരും നോക്കി നില്‍ക്കവേ ഗൗതമന്‍ സെമിത്തേരിയിലെ വൃക്ഷങ്ങളില്‍ തൊട്ടു പ്രാര്‍ഥിച്ച് പുഴയിലേക്ക് ചാടി നീന്തിപ്പോയി. കാലങ്ങളോളം അയാളെക്കുറിച്ച് പിന്നെയൊന്നും കേട്ടില്ല. ഒടുവില്‍ വര്‍ഷത്തിലൊരിക്കല്‍ പുഴ കടന്ന് വരുന്ന കച്ചവടക്കാരിലൊരുവന്‍ അയാളെ നഗരത്തിലെ ഹിജഡകളുടെ കൂട്ടത്തില്‍ കണ്ടുവത്രെ. മുടി നീട്ടി വളര്‍ത്തി സാരി ധരിച്ച് ചുണ്ടില്‍ ചായം പൂശിയ അയാളുടെ പേര് ഗൗതമി എന്നുമാണ്.
ആരോടുമൊന്നും പറഞ്ഞില്ലെങ്കിലും ആ മുഖത്ത് നോക്കാനുള്ള മടി കൊണ്ട് ഒരുമിച്ചുള്ള നടപ്പും കിടപ്പുമൊഴിവാക്കി അവനെ അകറ്റി നിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചു. ആദ്യപടിയായി, ഒന്‍പതാം തരത്തില്‍ മൂന്നാം തവണയും തോക്കുമെന്നുറപ്പുള്ളതിനാല്‍ സ്‌കൂളില്‍ പോക്ക് നിര്‍ത്തി. ബീഡിയും കള്ളുമെല്ലാം പരീക്ഷിക്കുന്നതിനു പുറമെ നാട്ടിലെ സുന്ദരി ജാനകിയുടെ വീടിനു വലംവയ്ക്കാനും തുടങ്ങിയിരുന്നതിനാല്‍ അവനെ ഒഴിവാക്കേണ്ടത് അവശ്യമായിരുന്നു. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ എന്റെ മുഖത്ത് നോക്കാനും ചെറിയൊരു ചിരിയോടെ പഴയ സൗഹൃദം തിരിച്ചുപിടിക്കാനുമുള്ള അവന്റെ ഓരോ ശ്രമങ്ങളേയും ഞാന്‍ അവഗണിച്ചു. അവനെ എത്ര മാത്രം വേദനിപ്പിക്കുമെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യുന്നതില്‍ ഉന്മത്തമായൊരു ആനന്ദവും അനുഭവിക്കാതിരുന്നില്ല. മാത്രമല്ല, അന്ന് മുതല്‍, കൂടെ നടന്നിരുന്ന കാലത്തൊന്നും ചെയ്യാതിരുന്നത് പോലെ, ഞങ്ങളവനെ സസൂക്ഷ്മം നിരീക്ഷിക്കാനും തുടങ്ങി. ആദ്യമെല്ലാം, എന്നോടിണങ്ങാനുള്ള അവന്റെ ഓരോ ശ്രമങ്ങളും, പൊതുയിടങ്ങളില്‍ ഞാനില്ലാതെ പകച്ചു കൊണ്ടുള്ള പ്രത്യക്ഷപ്പെടലുകളും പറഞ്ഞു ചിരിക്കാനുള്ള കാര്യങ്ങള്‍ മാത്രമായിരുന്നെങ്കില്‍ അതിനൊരു മറുവശമുണ്ടെന്ന് ആദ്യമായി കണ്ടുപിടിച്ചത് മൈക്കിളേട്ടനായിരുന്നു.
മനു കൈകാലുകള്‍ ചലിപ്പിക്കുന്നതില്‍ എന്തോ പ്രത്യേകതയില്ലേ? ചിലപ്പോഴെല്ലാം കുമ്പിട്ട ശിരസ്സ് ഉയര്‍ത്തി നോക്കുന്നതിലും പെട്ടെന്നെടുത്ത തീരുമാനത്തില്‍ വെട്ടിത്തിരിയുമ്പോഴും എന്തോ ഒരു വശപ്പിശക്. കൈകളിലെന്തെങ്കിലും തൂക്കി നടക്കേണ്ടി വന്നാലോ തൂണിലോ മറ്റോ ചാരിക്കൊണ്ട് ശരീരഭാരം ഒരു കാലിലൂന്നുമ്പോഴും മറ്റൊരു വടിവ്. എല്ലാത്തിനുമുപരി പൊതുവെ തടിച്ച അവന്റെ നിതംബഭാഗം വല്ലാതെയൊന്ന് തുടുത്തതുപോലെ. രോമങ്ങളില്ലാത്ത തൊലി തിളങ്ങുന്നു. ഇങ്ങനെ ഞങ്ങളോരോരുത്തരും കണ്ടെത്തിയ കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനിടെ കരിക്കുട്ടന്‍ പ്രസ്താവിച്ചു.
'എല്ലാവരും കേട്ടോ, അവന്‍ മറ്റതാ, ഒന്‍പത്. എനിക്കൊറപ്പാ''
എല്ലാവരും ആര്‍ത്തു ചിരിച്ചെങ്കിലും എനിക്കതിനു കഴിഞ്ഞില്ല. അവന്‍ തുടര്‍ന്ന് എന്നോടായിട്ടു പറഞ്ഞു:
'നീ സൂക്ഷിച്ചോ നിന്നെയവന്‍ നോട്ടമിട്ടിട്ടുണ്ട്'.
ഞാന്‍ അന്ധാളിപ്പോടെ മൈക്കിളേട്ടനെ നോക്കി. പാറ്റ പറഞ്ഞു:
''അതിനു ചാന്‍സ്ണ്ട്, നീ ഗൗതമന്റെ കാര്യം കേട്ടിട്ടില്ലേ'. പെട്ടന്ന് കാക്കു ഇടയില്‍ കയറി:
''ഗൗതമനല്ല ഗൗതമി' അവന് ചിരി പൊട്ടി.
മൈക്കിളേട്ടനെക്കാളും മൂത്തതായിരുന്നു കൊല്ലന്‍ ഭാര്‍ഗ്ഗവന്റെ മകന്‍ ഗൗതമന്‍. നാല് പെങ്ങന്മാര്‍ക്ക് ഒരൊറ്റ ആങ്ങള. സ്‌കൂളിലൊന്നും പോകാതെ അവരുടെ തന്നെ മുറ്റത്തുള്ള ആലയില്‍ അച്ഛനെ സഹായിക്കുകയായിരുന്നു ഗൗതമന്‍. ഒഴിവു കിട്ടുമ്പോള്‍ സെമിത്തേരിക്കപ്പുറത്തെ കാട്ടില്‍ മ്ലാവിനെ കെണി വച്ച് പിടിച്ചും പുഴയുടെ ആഴങ്ങളില്‍ തോട്ടയെറിഞ്ഞും അയാള്‍ മഥിച്ചു നടന്നു. 'നല്ലൊരു ഉശിരന്‍ ചെക്കന്‍' എന്നാണ് അയാളെപ്പറ്റി വാറ്റുകാരന്‍ ആന്റണി പറയാറ്. കുരുത്തു വന്ന മീശക്ക് കനം വെയ്ക്കാന്‍ തുടങ്ങിയ കാലത്താണ് അയാളില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്. ആദ്യമെല്ലാം കൂട്ടുകാരെയെല്ലാം ഒഴിവാക്കി അച്ഛന്റെ ആലയില്‍ തന്നെ കുത്തിയിരുപ്പ് തുടങ്ങി. പിന്നെപ്പിന്നെ ആലയിലേക്കും ഇറങ്ങാതെ വീട്ടിനുള്ളില്‍ തന്നെയായി. ഒരു ദിവസം നട്ടപ്പാതിരയ്ക്ക് തട്ടും മുട്ടും കേട്ട് ഭാര്‍ഗവേട്ടന്‍ വിളക്ക് തെളിച്ചു നോക്കുമ്പോള്‍ ഗൗതമന്‍ അയാളുടെ മൂത്ത മകളുടെ ബ്ലൗസ് ധരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത്രയുമായിരുന്നു വിശ്വസിക്കാവുന്ന രീതിയില്‍ ഞാന്‍ കേട്ട കഥകള്‍. എന്നാല്‍, ആ ഒറ്റ രാത്രി കൊണ്ട് അയാളൊരു പെണ്ണായി മാറിയെന്നും ഭാര്‍ഗ്ഗവേട്ടന്‍ നോക്കി നില്‍ക്കെ നെഞ്ചുരുണ്ട് മുടി നീണ്ടു വളര്‍ന്നുവെന്നും മൈക്കിളേട്ടന്‍ പറയാറുണ്ട്. ഒടുവില്‍ എല്ലാവരും നോക്കി നില്‍ക്കവേ ഗൗതമന്‍ സെമിത്തേരിയിലെ വൃക്ഷങ്ങളില്‍ തൊട്ടു പ്രാര്‍ഥിച്ച് പുഴയിലേക്ക് ചാടി നീന്തിപ്പോയി. കാലങ്ങളോളം അയാളെക്കുറിച്ച് പിന്നെയൊന്നും കേട്ടില്ല. ഒടുവില്‍ വര്‍ഷത്തിലൊരിക്കല്‍ പുഴ കടന്ന് വരുന്ന കച്ചവടക്കാരിലൊരുവന്‍ അയാളെ നഗരത്തിലെ ഹിജഡകളുടെ കൂട്ടത്തില്‍ കണ്ടുവത്രെ. മുടി നീട്ടി വളര്‍ത്തി സാരി ധരിച്ച് ചുണ്ടില്‍ ചായം പൂശിയ അയാളുടെ പേര് ഗൗതമി എന്നുമാണ്.
തല നിറയെ ചിന്താക്കുഴപ്പവുമായി ഞാന്‍ വീട്ടിലേക്കു ചെന്ന് കയറുമ്പോള്‍ മനു പരിഭവ മുഖഭാവത്തോടെ എന്നെയും കാത്ത് മുറ്റത്തെ വള്ളിമുല്ലപ്പടര്‍പ്പില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. എനിക്കവനെക്കണ്ട് സഹതാപം തോന്നി ഭയവും. വിങ്ങിപൊട്ടുമെന്നു തോന്നുംവിധം ചുണ്ടു കടിച്ചു കൊണ്ട് നീണ്ടു വളര്‍ന്നൊരു നാമ്പിനെ കൈവിരലുകള്‍ കൊണ്ട് ചുറ്റിപ്പിരിക്കുന്നതു കണ്ടപ്പോള്‍ എനിക്ക് എന്തോ വല്ലായ്മ തോന്നി. അവനെ കടന്നു പോകാതെ ഞാന്‍ നിന്നതും മനു പൊട്ടിക്കരയാന്‍ തുടങ്ങി. കരച്ചില്‍ നിര്‍ത്താന്‍ പറയാനോ അവനെ ആശ്വസിപ്പിക്കാനോ എനിക്ക് തോന്നിയില്ല. പാത്രം കഴുകാനായി മുറ്റത്തേക്കിറങ്ങി വന്ന അല്ലിയമ്മ ഓടിയടുക്കുന്നതു വരെ അത് തുടര്‍ന്നു. ഈ സംഭവങ്ങളെല്ലാം പിറ്റേന്ന് കരിക്കുട്ടനെ അറിയിച്ചപ്പോള്‍ അവന്‍ പറഞ്ഞു:
'അവന്‍ മാറിത്തുടങ്ങി. ഇനി അല്ലിയമ്മേടെ സാരിയുടുക്കാന്‍ അധികം നാള്‍ വേണ്ട'.
എനിക്ക് വിഷമം തോന്നി. മൈക്കിളേട്ടനെ ഒന്ന് കാണാനുറച്ച് ഞാന്‍ വാറ്റുകളത്തിലേക്ക് നടന്നു. എന്താണ് അയാളോട് ഞാന്‍ പറയാന്‍ പോകുന്നതെന്നോ ഇതിനൊരു പ്രതിവിധി കണ്ടെത്താന്‍ അയാള്‍ക്ക് കഴിയുമോ, അല്ലെങ്കില്‍ അങ്ങനെ ഒന്നുണ്ടോ എന്ന് പോലും എനിക്കറിയില്ലായിരുന്നു. ഗൗതമന്‍ ഗൗതമിയായതു പോലെ ആയതുപോലെ മനു തന്റെ പേരിനെ എന്ത് ചെയ്യുമെന്നും ഞാന്‍ വ്യാകുലപ്പെട്ടു. വാറ്റുകളത്തില്‍ പതിവുകാരെല്ലാം പിരിഞ്ഞു പോകാന്‍ തുടങ്ങിയിരുന്നു. അടിച്ചു വാരാനും കഴുകിയൊതുക്കാനും മൈക്കിളേട്ടന്‍ ആന്റണിയെ സഹായിക്കുകയാണ്. അയാളെ കാത്തുകൊണ്ട് ഞാന്‍ സെമിത്തേരിയിലേക്ക് നോക്കി നിന്നു. ആത്മാക്കളെ പേറുന്ന വൃക്ഷങ്ങളെ പ്രകാശമാനമാക്കാന്‍ യത്‌നിക്കുന്നതു പോലെ മിന്നാമിനുങ്ങുകള്‍ അവിടവിടെ പാറി നടക്കുന്നുണ്ട്.
'എന്താ കാര്യം, നീ കുടി കഴിഞ്ഞു പോയതല്ലേ'
മര്യാദയില്ലാതെ തലയില്‍ തട്ടിക്കൊണ്ട് അയാള്‍ ചോദിച്ചു.
മുഖവുരയൊന്നുമില്ലാതെ കാര്യത്തിലേക്കു കടന്നു. ഇളംനിലാവിന്റെ പ്രതിഫലനമെന്നോണം ആ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു.
'ഞാനവനോടൊന്ന് സംസാരിക്കട്ടെ എന്നിട്ട് തീരുമാനിക്കാം എന്ത് വേണമെന്ന്'
ഒടുവിലയാള്‍ പറഞ്ഞു. പിറ്റേന്ന് മനു സ്‌കൂള് വിട്ടു വരും വഴി അമ്പലക്കുളത്തിനപ്പുറത്തെ പൊന്തകള്‍ക്കരികില്‍ കാത്തു നില്‍ക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.
കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് ഒറ്റയ്ക്കായിരുന്നു അവന്റെ വരവ്. മടക്കിക്കുത്താതെ താഴ്ന്നുകിടക്കുന്ന മുണ്ട് ഒരു കൈ കൊണ്ടൊതുക്കിപ്പിടിച്ചുള്ള ആ നടപ്പ് കണ്ടപ്പോഴെനിക്ക് ദേഷ്യം തോന്നി. എന്നെ കണ്ടതും അവന്റെ കണ്ണുകളൊന്ന് വിടര്‍ന്നെങ്കിലും മൈക്കിളേട്ടന്റെ രൂപം അവയില്‍ ഭീതി പടര്‍ത്തി. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ഞാന്‍ അവരെ വിട്ട് ഒരല്‍പം മുന്നിലേക്ക് നടന്ന് മടിക്കുത്തില്‍ നിന്ന് ഒരു ബീഡിയെടുത്ത് വലിക്കാന്‍ തുടങ്ങി. പിന്നെ അടുത്തത്, അതിനു ശേഷം അടുത്തതെന്ന മുറയില്‍ തുടര്‍ന്നു. ഇതിനിടയില്‍ അയാള്‍ മനുവിനെയും കൊണ്ട് പൊന്തക്കാടിനുള്ളിലേയ്ക്ക് കയറിപ്പോകുന്നത് കണ്ടിരുന്നു. അല്‍പസമയത്തിനു ശേഷം ധൃതയില്‍ അവന്‍ പുറത്തേക്കിറങ്ങി എന്നെ നോക്കാതെ ഓടിമറയുന്നതാണ് ഞാന്‍ കണ്ടത്. അവനു പിന്നാലെ മുണ്ടു മുറുക്കിയുടുത്തു കൊണ്ട് ചാടിയിറങ്ങി വന്ന മൈക്കിളേട്ടന്‍ എന്റെ കയ്യില്‍ പിടിച്ച് സൈക്കിളിലേയ്ക്ക് കയറ്റി ആഞ്ഞു ചവിട്ടാന്‍ തുടങ്ങി. വീടിനു പുറകിലെ തൊഴുത്ത് അടിച്ചുവാരി കഴുകിക്കൊണ്ടിരുന്ന അല്ലിയമ്മയുടെ മുന്‍പിലാണ് ഞങ്ങള്‍ ചെന്നു നിന്നത്. അവനിതു വരെ എത്തിയിട്ടില്ല. അയാള്‍ കണ്ണ് കൊണ്ട് കാണിച്ചത് പ്രകാരം ഞാന്‍ എന്റെ വീട്ടിലേക്കു പോയി. കാര്യങ്ങള്‍ മനുവിന് അനുകൂലമായല്ല സംഭവിച്ചതെന്ന് എനിക്കേതാണ്ട് മനസ്സിലായി.
പൊന്തക്കാടിനുള്ളില്‍ സംഭവിച്ചതെന്തെന്ന് എനിക്കൊരിക്കലും അറിയാന്‍ കഴിഞ്ഞില്ല. അന്നത്തോടെ മനുവിന്റെ പഠിപ്പ് നിന്നു. പിറ്റേന്ന് മുതല്‍ അവന്‍ ചാത്തൂട്ടി വൈദ്യരുടെ ചികിത്സയിലായി. അകത്ത് കഴിക്കാനും പുറമെ അരച്ച് പുരട്ടാനുമായി പലയിനം പച്ചമരുന്നുകള്‍ക്കായി അല്ലിയമ്മയും സതീശന്‍ചേട്ടനും എന്റെ അച്ഛനും നാടാകെ അലഞ്ഞുനടന്നു. മുഖമാകെ വിളറി വെളുത്ത് ദേഹമാകെ ചീര്‍ത്ത് അഴുകാന്‍ തുടങ്ങുന്നൊരു ശവം പോലെ ഇടയ്‌ക്കൊക്കെ മനു ജനാലയില്‍ പ്രത്യക്ഷപ്പെടും. അപ്പോഴെല്ലാം വിതുമ്പാനൊരുങ്ങുന്ന കണ്ണുകളാല്‍ അവനെന്നെ നോക്കിയെങ്കിലും ഞാന്‍ മാറിക്കളഞ്ഞു. നാളുകള്‍ കഴിഞ്ഞ് സെമിത്തേരിക്കപ്പുറം പുഴക്കരയിലിരുന്ന് വാറ്റടിക്കുമ്പോള്‍ ആലോചനയില്‍ നിന്നുണര്‍ന്ന് മൈക്കിളേട്ടന്‍ പറഞ്ഞു.
'കഴിഞ്ഞ ദിവസം ഞാനവിടെ പോയിരുന്നു. അവന്‍ മാറിത്തുടങ്ങി'.
അയാളുടെ ആ തീര്‍പ്പു പറച്ചില്‍ എന്റെ കൂട്ടുകാര്‍ക്കിടയില്‍ ഉണര്‍ത്തിവിട്ട വികാരം അവരുടെ ഇളകിയുള്ള ചിരിയില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ഒരു പരിധി വരെ അത് എന്നെയും കീഴ്‌പ്പെടുത്തിക്കഴിഞ്ഞുവെന്നത് തെല്ലൊരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിയുകയും ചെയ്തു.
'ഗൗതമന്‍ - ഗൗതമി'
പാറ്റ മുദ്രാവാക്യം പോലെ വിളിച്ചു പറഞ്ഞു. അത് സെമിത്തേരിയിലോടി നടന്ന കാറ്റിലൂടെ പടര്‍ന്നു.
അപ്പോഴേക്കും ചാത്തൂട്ടി വൈദ്യരുടെ മരുന്നുകളില്‍ ഫലം കാണാത്തതിനാല്‍ അല്ലിയമ്മ അവനെ കാവിലെ പൂജാരിയായ കാളിക്കുട്ടന് കൈമാറിക്കഴിഞ്ഞിരുന്നു. നീട്ടി വളര്‍ത്തിയ താടിയുഴിഞ്ഞുകൊണ്ട് സഹായിയായ കറുമ്പനെയും കൊണ്ട് അയാള്‍ മനുവിന്റെ വീട്ടിലെത്തി. അടച്ചുറപ്പുള്ള ഒരേയൊരു മുറിയില്‍ തന്നാലാവും വിധം കളംവരച്ച് മറ്റുള്ളവരെയെല്ലാം പുറത്താക്കി വാതിലടച്ച് പൂജ തുടങ്ങി. ജനനത്തോടെ മരിച്ചുപോയ അല്ലിയമ്മയുടെ മകളുടെ ആത്മാവ് അവനില്‍ ആവേശിച്ചിരിക്കുന്നുവെന്നായിരുന്നു കാളിക്കുട്ടന്റെ നിഗമനം. ജപിച്ച ചരടിലും മന്ത്രിച്ച ഗുരുതിയിലും തുടങ്ങിയ ചികിത്സയാണ് ഇപ്പോള്‍ ഉച്ചാടനത്തിലെത്തി നിക്കുന്നത്. അടച്ചിട്ട മുറിയില്‍ നിന്നും പുളയുന്ന ചൂരലിന്റെ മൂളലല്ലാതെ മനുവിന്റെ ഒരു ഞരക്കം പോലും അന്ന് കേട്ടില്ല.. കല്ല് പോലെ നിശ്ചലയെങ്കിലും നല്ലതെന്തോ പ്രതീക്ഷിക്കുന്നത് പോലെ അല്ലിയമ്മ എല്ലാത്തിനും സാക്ഷ്യം വഹിക്കുന്നത് കണ്ടപ്പോള്‍ നിയന്ത്രിക്കാനാവാതെ ഞാന്‍ സെമിത്തേരിയിലേക്ക് നടന്നു. കാളിക്കുട്ടന്റെ വരവ് എല്ലാ വെള്ളിയാഴ്ചകളിലും തുടര്‍ന്നു.
ഒരു ദിവസം വൈകിട്ട് പുഴക്കരയില്‍ ചൂണ്ടയിടാന്‍ ഞാന്‍ ചെല്ലുന്നതും കാത്ത് എല്ലാവരും അക്ഷമരായി ഇരിക്കുകയായിരുന്നു. അല്ലിയമ്മയറിയാതെ മനുവിനെ സെമിത്തേരി വരെയൊന്നെത്തിക്കണം എന്നാണാവശ്യം. എന്താണുദ്ധേശമെന്ന് വ്യക്തമായി മനസ്സിലായെങ്കിലും അതിനെ എതിര്‍ക്കാനുള്ള കരുത്ത് എനിക്ക് എന്നോ നഷ്ടമായിരുന്നു. അല്ലിയമ്മ പുല്ലരിയാന്‍ പോയ നേരം നോക്കി പിറ്റേന്ന് തന്നെ ആരും കാണാതെ ഞാന്‍ മനുവിനെയും കൊണ്ട് പുറത്തേക്കിറങ്ങി. നടപ്പുവഴികളൊന്നും ഉപയോഗിക്കാതെ ആളൊഴിഞ്ഞ പറമ്പുകളിലെ കുറ്റിക്കാടുകള്‍ കവച്ചു കടന്ന് അവനെ സെമിത്തേരിയിലെത്തിച്ചു. ഞാന്‍ ചെന്നു വിളിച്ചത് മുതല്‍ എന്തിനാണെന്നോ എവിടേക്കാണെന്നോ സംശയിക്കാതെ മുണ്ട് മുറുക്കിയുടുത്ത് ചാടിയിറങ്ങുകയായിരുന്നു മനു. നടപ്പിലുടനീളം സന്തോഷത്തോടെ ചുറ്റും നോക്കിക്കൊണ്ടിരുന്നെങ്കിലും പുഴക്കരയില്‍ മൈക്കിളേട്ടനെയും സംഘത്തിനെയും കണ്ടതോടെ അവനൊന്ന് പരുങ്ങി. നേരത്തെ പറഞ്ഞത് പ്രകാരം വാറ്റുകളത്തിലൊന്ന് പോയി വരാമെന്നു പറഞ്ഞ് ഞാന്‍ പെട്ടന്ന് പിന്തിരിഞ്ഞു നടന്നു. എന്താണ് നടക്കുന്നതെന്നറിയാനുള്ള ആകാംക്ഷ അടക്കിക്കൊണ്ട് ഒരു ഗ്ലാസ്സടിച്ചു. കുറച്ചു കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ പൊട്ടിയ ബട്ടണുകള്‍ കൂട്ടിപ്പിടിച്ച് നെഞ്ചു മറച്ചും അഴിഞ്ഞു തൂങ്ങിയ മുണ്ട് വാരിചുറ്റിക്കൊണ്ടും മനു മരങ്ങള്‍ക്കിടയിലൂടെ പായുന്നതാണ് കണ്ടത്. പെട്ടന്ന് സെമിത്തേരിയിലെ പൊട്ടക്കിണറിനെ ഓര്‍ത്തുകൊണ്ട് ഞാനോടിച്ചെന്ന് അവനെ കരിക്കുട്ടനില്‍ നിന്ന് രക്ഷിച്ചു. എല്ലാം കണ്ടു കൊണ്ട് ചെറുചിരിയോടെ ഒരു മരത്തില്‍ ചാരി നില്‍ക്കുകയായിരുന്നു മൈക്കിളേട്ടന്‍. ഒരു വിധത്തിലെല്ലാവരെയും പറഞ്ഞ് പിന്തിരിപ്പിച്ച് ഞാനവനെയും കൊണ്ട് തിരിച്ചു നടന്നു.
ഏകദേശം ഒരു മാസത്തിനു ശേഷം കോര മാപ്ലയുടെ കൊച്ചുമകളുടെ കല്യാണത്തിനാണ് പിന്നെയവനെ കാണുന്നത്. അല്ലിയമ്മയും ഭര്‍ത്താവും വെപ്പുകാരനായ രവിയെ സഹായിക്കാമെന്നേറ്റിരുന്നതിനാല്‍ മനുവിനെ വിശ്വസിച്ചേല്‍പ്പിക്കാന്‍ അവര്‍ക്ക് എന്നെ മാത്രമേ കിട്ടിയുള്ളൂ. കല്യാണവീട്ടിലെ ആവശ്യത്തിന് മാത്രമായി അവരുടെ പറമ്പില്‍ തട്ടിക്കൂട്ടിയ ആന്റണിയുടെ വാറ്റുകളത്തില്‍ നിന്ന് രണ്ട് വെട്ടുഗ്ലാസ്സ് ഒറ്റവലിക്ക് കുടിച്ചിട്ട് നിക്കുകയായിരുന്നു ഞാന്‍. അന്നത്തെ സംഭവത്തിന് ശേഷം അവന്റെ മുഖത്ത് നോക്കാന്‍ മടിച്ചിരുന്നെങ്കിലും അല്ലിയമ്മയോട് എതിര്‍ത്ത് പറയാന്‍ തോന്നിയില്ല. ഒരു ധൈര്യത്തിന് ഒന്നൂടെ അടിച്ചിട്ട് ഞാനവനെ കോര മാപ്ലയുടെ തണ്ടികയിലേക്ക് കൊണ്ടുപോയി. പത്തായത്തിനു മുകളിലവനിരിക്കുന്നത് കണ്ട് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു, അത്, ആ സംശയം. മൈക്കിളേട്ടന്‍ മനുവിനെ പൊന്തക്കാടിനുള്ളിലേക്ക് വിളിച്ചു കൊണ്ടുപോയതിനു ശേഷമാണ് പ്രശ്‌നങ്ങളെല്ലാം വഷളായത്. കരിക്കുട്ടനും പാറ്റയുമെല്ലാം ആര്‍ത്തിയോടെയാണ് സെമിത്തേരിയില്‍ വച്ച് അവന്റെ പുറകെ പാഞ്ഞത്. ജാനകിയെപ്പോലും അവരങ്ങനെ നോക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്തിലേക്കാണ് ഈ ചിന്തകള്‍ എന്നെ നയിക്കുന്നതെന്ന് വ്യക്തമായി മനസ്സിലായെങ്കിലും അതിനെ തടയാന്‍ മുതിരാതെ കൗതുകത്തോടെ ഞാന്‍ നിന്നു. മനുവിന്റെ അടുത്ത പേരെന്തായിരിക്കും?. ഞാന്‍ തിരിഞ്ഞു നോക്കി. വലതു കൈ തലയിണയാക്കി കിടക്കാന്‍ തുടങ്ങുകയായിരുന്നു അവന്‍. ചാരായത്തിന്റെ ലഹരിയോടൊപ്പം വയറിനു താഴെ ഒരു മിന്നലൊളി പറന്നു കളിയ്ക്കാന്‍ തുടങ്ങി. ഞാന്‍ ചെന്നവന്റെ അരികിലിരുന്നു. തളര്‍ന്ന കണ്ണുകളുയര്‍ത്തി അവനെന്നെ നോക്കുമ്പോഴും എനിക്കറിയില്ലായിരുന്നു ഞാനാ തുടയില്‍ കൈ വയ്ക്കാന്‍ പോവുകയാണെന്ന്. അവിടെ അമര്‍ത്തി തടവാന്‍ തുടങ്ങിയ എന്റെ ഭാവമാറ്റം മനസ്സിലാക്കി കുതറിമാറി, ചാരിക്കിടന്ന വാതിലിനരികിലേക്ക് അവന്‍ ഓടാന്‍ തുടങ്ങുമെന്നറിഞ്ഞിരുന്നെങ്കില്‍ ഞാനത് ചെയ്യുകയില്ലായിരുന്നു. നാടാകെ സമ്മേളിച്ച കല്യാണവീട്ടില്‍ എല്ലാവരും കേള്‍ക്കത്തക്ക വിധം ഇതുവരെ കേള്‍ക്കാത്ത ശബ്ദത്തില്‍ എന്റെ കണ്ണുകളിലേക്കു നോക്കി അലറി വിളിച്ചത് കൊണ്ടായിരുന്നു ഞാനവന്റെ വായ വലതു കൈപ്പത്തിയിലൊതുക്കി കഴുത്ത് ഇടം കൈ കൊണ്ട് ഞെരിച്ചമര്‍ത്തിയത്. എന്നാല്‍, അത്ര പെട്ടന്ന് അവന്‍ മരിച്ചു വീഴുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാനെപ്പൊഴേ പിടി വിട്ടേനെ. പിന്നെയവനെ പത്തായത്തിലൊളിപ്പിക്കുകയും നെല്ലിട്ട് മൂടുകയും ചെയ്ത്, എന്റെ കണ്ണൊന്ന് തെറ്റിയപ്പോള്‍ അവന്‍ സെമിത്തേരിയിലേക്കും അവിടെ നിന്ന് പുഴയിലേക്കും കടന്നു കളഞ്ഞുവെന്ന് കള്ളം പറയാതെ മറ്റൊരു വഴിയുമില്ലായിരുന്നു. അതില്‍ വിശ്വാസം വരാതെ അല്ലിയമ്മയും ഭര്‍ത്താവും നാടാകെ അവനെ തിരഞ്ഞപ്പോള്‍ അതുവരെ ആരും തുറക്കാതിരുന്ന കോരമാപ്ലയുടെ തണ്ടികയിലേക്ക് ഓടിക്കയറി, പത്തായത്തില്‍ ഒന്നുമില്ലെന്ന് ഞാന്‍ പറഞ്ഞപ്പോഴും ആരുമെന്നെ സംശയിച്ചില്ല. ഒടുവില്‍ ചീഞ്ഞു നാറിത്തുടങ്ങിയ ശവം കണ്ടെടുക്കുമ്പോഴും എല്ലാത്തിനും കാരണമായി അവന്റെ ഭ്രാന്തിനെ കാളിക്കുട്ടന്‍ പ്രതിഷ്ഠിക്കുമ്പോഴും അവനെ അവസാനമായി കണ്ടത് ഞാനാണെന്ന കാര്യം എല്ലാവരും മറന്നു കഴിഞ്ഞിരുന്നു. അല്ലിയമ്മ മാത്രം എന്റെ നേരെയൊന്ന് നോക്കി, ഒരു നിമിഷത്തേക്ക് മാത്രം.
ഒരപകടത്തില്‍ നിന്ന് സ്വയം രക്ഷിച്ചെടുത്തതിന്റെ ആശ്വാസത്തില്‍ ദിവസങ്ങളോളം ഞാന്‍ മനുവിനെ സൗകര്യപൂര്‍വ്വം മറന്നു. കാലം കഴിയും തോറും ആ മുഖം മനസ്സിലൊരു അര്‍ബുദമായി വളരവേ, അല്ലിയമ്മ അവന്റെ കുഴിമാടത്തിലെ വാകയില്‍ തൂങ്ങിച്ചത്തു. അതേ വര്‍ഷം കച്ചവടത്തിന് വന്നവരുടെ കൂടെ സതീശേട്ടന്‍ എങ്ങോട്ടോ പോയി. ഇന്നിവിടെയിരുന്ന് അവന്റെ കുഴിമാടത്തില്‍ നിന്നുയര്‍ന്ന വാകയുടെ പൂക്കാത്ത ചില്ലയിലെ വിടരാത്ത മൊട്ടിന്റെ പൊഴിയാത്ത ഇതളിനായി, ആത്മാവിന്റെ തലോടലിനായി നെഞ്ചാകെ വിങ്ങിക്കൊണ്ട് കൈ നീട്ടവേ എങ്ങും ശൂന്യത നിറയുന്നു. മനുവിന്റെ ശവം മൂടുന്നതിനു മുന്‍പ് അവനിലവശേഷിച്ചിരുന്ന വസ്ത്രങ്ങള്‍ അല്ലിയമ്മ ചീന്തിയെടുക്കുമ്പോഴും അടക്കാനാവാത്ത ആകാംക്ഷ അവന്റെ അരക്കെട്ടിലേക്കുറ്റു നോക്കാന്‍ പ്രേരിപ്പിച്ചതാണ് എനിക്കിപ്പോള്‍ ഓര്‍മ വരുന്നത്.