Art and Literature
ഭീതിയുടെ നിഴലുകള്‍; പി. വത്സലയുടെ കാവല്‍ വായന
Art and Literature

ഭീതിയുടെ നിഴലുകള്‍; പി. വത്സലയുടെ 'കാവല്‍' വായന

ഡോ. യു. ഷംല
|
22 Nov 2023 7:25 AM GMT

കഥയായും കവിതയായും നോവലായും മലയാള സാഹിത്യലോകത്ത് പ്രത്യക്ഷപ്പെട്ട ആദിവാസി ജീവിതത്തെ ചിത്രീകരിക്കുന്ന രചനകള്‍ക്ക് അടിത്തറ പണിയാന്‍ കഴിഞ്ഞ കഥാകാരിയാണ് പി. വത്സല.

മലയാള സാഹിത്യ ലോകത്തേക്ക് വയനാടന്‍ ആദിവാസി ജീവിതത്തിന്റെ തീക്ഷ്ണമായ അടയാളപ്പെടുത്തലുകളുമായി കടന്നുവന്ന പി. വത്സല എന്ന കഥാകാരി ഇനി അക്ഷരങ്ങളിലും ഓര്‍മകളിലും മാത്രം. ഗോത്ര ജീവിതത്തിന്റെ തനിമയെ, സവിശേഷതകളെ, പ്രതിസന്ധികളെ അവര്‍ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളെ, ചൂഷണങ്ങളെ ചാട്ടുളി പോലുളള ഭാഷകൊണ്ട് വരച്ചിട്ടു അവര്‍. ആദിവാസി സ്ത്രീയുടെ നിശ്ശബ്ദ സഹനങ്ങള്‍ പലപ്പോഴും കയ്യേറ്റത്തിന്റെയും ആണധികാരവ്യവസ്ഥിതിയുടെയും നെഞ്ചില്‍ തറക്കുന്ന പന്തങ്ങളാണ്. കഥയായും കവിതയായും നോവലായും പിന്നീട് മലയാളസാഹിത്യലോകത്ത് പ്രത്യക്ഷപ്പെട്ട രചനകള്‍ക്ക് അടിത്തറപണിയാന്‍ കഴിഞ്ഞ കഥാകാരിയാണ് പി. വത്സല. തീര്‍ച്ചയായും കേരളത്തിലെ ആദിവാസി ജനതയുടെ സാമൂഹ്യജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പി. വത്സലയുടെ ശക്തമായ എഴുത്തിന് കഴിഞ്ഞിട്ടുണ്ട്.

വയനാട്ടിലെ ആദിവാസികളുടെ ജീവിതപശ്ചാത്തലത്തില്‍ രചിച്ച ചെറുകഥയാണ് കാവല്‍. ഭയംപോലെ മനുഷ്യനെ നിസ്സഹായനാക്കുകയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്ന ഒരു വികാരമില്ലെന്നും അത് ബാല്യം കഴിയാത്ത, എന്നാല്‍ കൗമാരത്തില്‍ എത്തിനില്‍ക്കുന്ന ഒരു കുട്ടിയിലാകുമ്പോള്‍ അതിന്റെ തീവ്രത എത്രത്തോളമാകുമെന്നും പി. വത്സല നമ്മെ അനുഭവപ്പെടുത്തുന്നു.

മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ വ്യത്യസ്ത മുഖങ്ങളെ അടയാളപ്പെടുത്തുന്ന കഥാലോകമാണ് പി. വത്സലയുടേത്. പ്രകൃതിയുമായിടഞ്ഞും സമരസപ്പെട്ടും ജീവിക്കുന്ന മനുഷ്യന്റെ ചൂടും ചൂരും നിറഞ്ഞ അനുഭവപരമ്പരകള്‍, സാഹസികതകള്‍, വിഭ്രമാത്മകതകള്‍ ഇവ ഈ കഥാപ്രപഞ്ചത്തിന് വ്യത്യസ്തത പകരുന്നു. കാടുകള്‍ വെട്ടിനിരത്തുന്ന പുതുകാലത്ത് കാടിന്റെ മക്കളുടെ ജീവിതവും സംസ്‌കാരവും സമൂഹത്തിന്റെ അതിരുകള്‍ക്കും അപ്പുറത്തേയ്ക്ക് വകഞ്ഞു മാറ്റപ്പെട്ടിരിക്കുന്നു. നഗരവത്കരണവും ഉപഭോഗസംസ്‌കാരവും സൃഷ്ടിച്ച പുറംപൂച്ചുകളുടെ ലോകത്ത്, കാടിന്റെ തനിമയും കാട്ടുജീവിതവും വെറും കെട്ടുകാഴ്ചകള്‍ മാത്രമാകുന്നു.

അതിമാനുഷകഥാപാത്രങ്ങളും പരസ്യങ്ങളുടെ മായക്കാഴ്ചകളും ചൂഷണം നിറഞ്ഞ കമ്പോളസംസ്‌കാരവും കീഴടക്കുന്ന ബാലമനസ്സുകള്‍ക്ക് വൈജാത്യം നിറഞ്ഞൊരു സാഹസികാനുഭവം പകര്‍ത്തുന്ന കഥയാണ് വത്സലയുടെ കാവല്‍. വിദ്യാഭ്യാസവും സമ്പത്തും സുരക്ഷിതത്വവും ഇല്ലെങ്കിലും അധ്വാനത്തിന്റെ മഹത്ത്വത്തില്‍ അഭിമാനിക്കുന്ന ആദിവാസിബാലന്റെ വീക്ഷണകോണില്‍ അവതരിപ്പിക്കുന്ന കാവല്‍ നാടകീയത നിറഞ്ഞ ആഖ്യാനസൗന്ദര്യം അടിമുടി നിലനിര്‍ത്തുന്നു.


വയനാട്ടിലെ ആദിവാസികളുടെ ജീവിതപശ്ചാത്തലത്തില്‍ രചിച്ച ചെറുകഥയാണ് കാവല്‍. ഭയംപോലെ മനുഷ്യനെ നിസ്സഹായനാക്കുകയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്ന ഒരു വികാരമില്ലെന്നും അത് ബാല്യം കഴിയാത്ത, എന്നാല്‍ കൗമാരത്തില്‍ എത്തിനില്‍ക്കുന്ന ഒരു കുട്ടിയിലാകുമ്പോള്‍ അതിന്റെ തീവ്രത എത്രത്തോളമാകുമെന്നും പി. വത്സല നമ്മെ അനുഭവപ്പെടുത്തുന്നു. ജന്മിയുടെ കല്‍പനപ്രകാരം കൃഷിക്ക് കാവല്‍കിടക്കാന്‍ തീരുമാനിക്കപ്പെടുന്ന ജോഗി എന്ന അടിയാനാണ് ഇതിലെ കേന്ദ്രകഥാപാത്രം. ഇത്രയും നാള്‍ തന്റെ അച്ഛനെ ഏല്‍പിച്ച പണി, ജന്മി തനിക്കായി ചുമതലപ്പെടുത്തിയപ്പോള്‍ അവന്‍ അഭിമാനഭരിതനാകുന്നു. സന്തോഷപൂര്‍വം തിരുവോളമ്മ കൊടുത്ത തണുത്ത ചോറുണ്ട് തമ്പ്രാന്‍ നല്‍കിയ അവകാശവും വാങ്ങി പന്നിയെ ഓടിക്കുവാനുള്ള പടക്കങ്ങളുമായി അവന്‍ കളത്തിലെത്തുന്നു. അവിടവിടെയായി കേള്‍ക്കുന്ന പന്തല്‍പ്പാട്ടിന്റെ സ്വരം ഏറ്റുവാങ്ങിയും നീട്ടിപ്പാടിയും അവന്‍ ഭയമില്ലാത്തവനായി മാറുന്നു, അഥവാ സ്വയം ധൈര്യം നടിക്കുന്നു.

കഥയില്‍ പ്രതിധ്വനിക്കുന്ന ആദിവാസി ജീവിതത്തിന്റെ ഭക്ഷണരീതികളും സംസ്‌കാരവും കഥയെ വ്യതിരിക്തമാക്കുന്നു. മുളമ്പാത്തി കൂരിയാട്ടുക, കടച്ചികള്‍ അരിപ്പറങ്കികള്‍ തുടങ്ങിയ പ്രയോഗങ്ങളില്‍ പതിഞ്ഞുകിടക്കുന്ന കാട്ടുജീവിതത്തിന്റെ തനിമ അവയുടെ ഭാഷാപരമായ സവിശേഷതകള്‍ ഇവ കഥയ്ക്ക് സവിശേഷമാനം നല്‍കുന്നു.

തണുപ്പില്‍ ഉറങ്ങാതിരിക്കാനായി ഉള്ളംകാലില്‍ നിന്നും കീറിയ ചാക്കുകഷണം നെഞ്ചിലേക്ക് മാറ്റിയിടുന്നു. എങ്കിലും ആ അരണ്യ നിശ്ശബ്ദതയില്‍ കനല്‍ചൂടേറ്റ് അവന്‍ ഉറക്കത്തിലേക്ക് വഴുതിവീഴുന്നു. അനക്കം കേട്ട് ഞെട്ടിയുണരുമ്പോള്‍ കുറിച്യന്‍ മുദ്ദന്റെ കരിമ്പിച്ചിപ്പയാണ് എന്നു മനസ്സിലാകുന്നുവെങ്കിലും ക്രമേണ പയ്യല്ല, കാട്ടാനയാണെന്ന യാഥാര്‍ഥ്യം അവന്റെ മനസ്സിലേക്ക് ഒരു മിന്നല്‍പോലെ കടന്നുവന്നു. ഭയത്തിന്റെ ആ ഒരുനിമിഷം അവന്‍ തളര്‍ന്നു. ശബ്ദം പുറത്തേക്ക് വന്നില്ല. പെട്ടെന്ന് എന്തൊ ഒരു ഉള്‍പ്രേരണയോടെ ശരംപോലെ അച്ഛന്റെയും തമ്പ്രാന്റെയും അടുത്തെത്തി ശബ്ദം ഇല്ലാതെ സംസാരിച്ച അവനൊപ്പം അവര്‍ കണ്ടതോ, കാട്ടാന നശിപ്പിച്ച വാഴക്കൂട്ടങ്ങളും തക്കാളിപ്പടര്‍പ്പുകളും മത്തന്‍വള്ളികളും ഈ കാഴ്ചയുടെ തിരിച്ചറിവില്‍ അവന്‍ എത്തിനിന്നത് തന്റെ തൊട്ടടുത്തുകൂടി പോയ കാട്ടാനയിലും താന്‍ ചവിട്ടിയ ചൂടുള്ള ആനപ്പിണ്ടത്തിലുമാണ്. അപ്പന്‍ അവനെ എങ്ങനെയൊ കുടിലില്‍ കൊണ്ടുചെന്നാക്കി. കനല്‍ച്ചൂടില്‍ അവന്‍ വില്ലുപോലെ ബലംപിടിച്ച് അനക്കവുമൊച്ചയുമില്ലാതെ കിടക്കുമ്പോള്‍ കാവല്‍ എന്ന കഥയ്ക്ക് വിരാമമാകുന്നു.


പ്രാന്തവത്കരിക്കപ്പെട്ടവന്റെ വീക്ഷണകോണാണ് പി. വത്സലയില്‍ മുന്നിട്ടുനില്‍ക്കുന്നത്. തൊമരുകളും കണ്ടങ്ങളും തിരിച്ചറിയാതെ ജോഗി അപ്പന്റെടുത്തേയ്ക്ക് ഓടുന്നതും നിലാവുതട്ടി തീക്കുണ്ഡങ്ങള്‍ തിളങ്ങുന്നതും കഥാകാരി തീവ്രാനുഭവമാക്കി പകര്‍ന്നു തരുമ്പോള്‍ ജോഗി ഭയപ്പെട്ടു നിലവിളിക്കുകയോ ബോധംകെടുകയോ അല്ല ചെയ്യുന്നതെന്നും, മറിച്ച് വളരെവേഗം അച്ഛനെയും തമ്പ്രാനെയും അറിയിക്കുകയാണ് ചെയ്തതെന്നുമുള്ള അവന്റെ ഉത്തരവാദിത്ത ബോധത്തിലാണ് നാമെത്തിനില്‍ക്കുന്നത്. കഥയില്‍ പ്രതിധ്വനിക്കുന്ന ആദിവാസി ജീവിതത്തിന്റെ ഭക്ഷണരീതികളും സംസ്‌കാരവും കഥയെ വ്യതിരിക്തമാക്കുന്നു. മുളമ്പാത്തി കൂരിയാട്ടുക, കടച്ചികള്‍ അരിപ്പറങ്കികള്‍ തുടങ്ങിയ പ്രയോഗങ്ങളില്‍ പതിഞ്ഞുകിടക്കുന്ന കാട്ടുജീവിതത്തിന്റെ തനിമ അവയുടെ ഭാഷാപരമായ സവിശേഷതകള്‍ ഇവ കഥയ്ക്ക് സവിശേഷമാനം നല്‍കുന്നു.

വൈലോപ്പിള്ളിയുടെ 'സഹ്യന്റെ മകനും'ഭാഗവതത്തിലെ ഗജേന്ദ്ര മോക്ഷവും കേട്ടുവളര്‍ന്ന മലയാളിക്ക് മനുഷ്യമനസ്സിന്റെ വിഭ്രമാന്മകതകളെ വാസനകളുടെ ഗമനത്തെ ഗജരൂപവുമായി ചേര്‍ത്തു വായിക്കുവാന്‍ ബുദ്ധിമുട്ടില്ല. അടിച്ചമര്‍ത്തപ്പെട്ട വാസനകളുടെ കലവറയായ മനുഷ്യമനസ്സിന്റെ രഹസ്യഗമനത്തെ ഗജരാജന്‍ ചിലയര്‍ഥത്തില്‍ പ്രതിനിധീകരിക്കുന്നുണ്ടാകാം. സ്വന്തം മനസ്സിനു കാവല്‍കിടക്കുന്ന മനുഷ്യനെ ഓര്‍ക്കാതെ കഥയുടെ വായനാനുഭവം പൂര്‍ത്തിയാവുന്നില്ല.

(കോട്ടയം, അടുക്കം ഗവ. എച്ച്.എസ്.എസ് പ്രാധാനാധ്യാപികയാണ് ലേഖിക)

Similar Posts