കൃഷ്ണാസ് ഐഡന്റിറ്റി ക്രൈസിസ്
|| കഥ
കണ്ണന് ഗൂഢചിന്തയിലാണ്. പൂമരക്കൊമ്പിലാണ്. ഊതാന്‍ പാകത്തില്‍ മുരളിക തെരുപിടിച്ചിട്ടും ഊത്ത്മറന്ന പാമ്പാട്ടിയെപ്പോലെ അസ്വസ്ഥനായി കാലാട്ടിക്കൊണ്ടിരുന്നു, കൊമ്പത്തിരുന്ന്. ചിന്ത തീരുന്നില്ല.
താഴെ മേപ്പത്തൂര് ഭട്ടതിരി യോഗയിലാണ്.
ഗോപികമാരുടെ ഉടുപ്പുടവ അങ്ങു താഴേ, യമുനയുടെ തീരത്തെ അലക്കുകല്ലില് കിടപ്പുണ്ട്. കണ്ണന് തുണിയെടുക്കാന്‍ വരുമെന്നോര്‍ത്ത് തുണിയുടുക്കാതെ കൊതിയോടെ, ഇത്തിരി നാണത്തോടെ മാറിടം മറച്ചും അരയോളം വെള്ളത്തില്‍ ബാക്കിയുള്ള നാണവും മറച്ച് ചില നാട്യങ്ങള്‍ കാട്ടി, ആംഗ്യവിക്ഷേപങ്ങളുമായി പെണ്ണുങ്ങള് വെള്ളം തെറ്റിച്ചു കളിക്കുന്നു. കൂട്ടത്തില്‍ ചില തരുണികള്‍, ''ഒന്നാനാം കുളക്കടവില്‍ ഒരായിരം തൊഴിമാര്...' പാടുന്നുണ്ട്. കാട്ടുപൊന്തയില്‍ ഇടയ്ക്കിടെ ചില ഊളന്മാര് തല പൊന്തിച്ചു നോക്കുന്നുണ്ട്.
എവടെ, കണ്ണന് ഒന്നും അറിയുന്നില്ല. ചെക്കന് ചിന്തയിലാണ്. ഒരു ഐഡന്റിറ്റി ക്രൈസിസ് മുന്പില് വന്നുപെട്ടിട്ടുണ്ട്. ഇന്നോളം തോന്നാത്ത ഒരു അരക്ഷിതാവസ്ഥ. താന്‍ ആരാണ്? എന്താണ്?
ആത്മഗതമാണ് മുഖ്യമായ ചിന്താശൈലി. ഇക്കാര്യത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമാരീതി ആണ് ദൈവത്തിനും മനുഷേര്‍ക്കും മാതൃക.
കണ്ണന് ആത്മാവില്‍ ഗതം തുടര്‍ന്നു. കലിയുഗവരദന് തത്വമസി എന്നൊക്കെ തിയറി ഉണ്ടാക്കീട്ട്ണ്ട്. കലിയുഗത്തില്‍ ഗൗതമനും ഈ ചോദ്യം ചോദിക്കേണ്ടിവരുംന്ന് സ്വപ്നേപി നിരീച്ചില്യ.
കൃഷ്ണകൃഷ്ണാ, കണ്ണന് തന്നെത്തന്നെ പ്രാര്‍ത്ഥിച്ചു. അതല്ലേലും അങ്ങനെയാണ്, വല്യോരാവുമ്പോ മറ്റുള്ളോരോട് അര്ത്ഥനയില്ല. എല്ലാം സ്വന്തം തലേലാണ്. കുഞ്ഞുന്നാളില്‍ ഈരേഴുപതിനാലെന്നു പെരുക്കപ്പട്ടിക പഠിച്ച കൂര്‍മ്മാവതാര ബുദ്ധി.
പ്രശ്നത്തിലേക്ക് കടക്കാം.
സംഭവം ലളിതമെന്നു തോന്നാം, ന്നാലത്ര ലളിതയല്ലതാനും.
താഴേ, യോഗത്തില്‍ ഇരിക്കണ പട്ടേരിയെ കൊള്ളിച്ച്, എന്നാലും തന്നോടുതന്നെ എന്ന മൂച്ചില്‍ കണ്ണന് പറഞ്ഞുതുടങ്ങി,
നാരായണന് ന്ന് പറേണ ഒരു തലതിരിഞ്ഞ ഭട്ടതിരി ഭജന ഇരുന്നാത്രേ നാരായണീയം രചിക്കാന്‍ പോണത്. കയ്യും കാലും തളര്‍ന്ന പട്ടേരിച്ചെക്കന് വല്ല ഉഴിച്ചിലിനും പോയാല്‍ പോരായിരുന്നോ. ആയുര്‍വേദം തനി കേമന്‍ തന്നെ. ഭാവീല് ജര്‍മ്മന്‍കാര്‍ കണ്ണുവയ്ക്കാന്‍ പോണ രഹസ്യങ്ങളെല്ലാം ഒളിപ്പിച്ചുവച്ച ചരകസൂത്രം!
അതിപ്പോ, ന്റെ കഥ എഴുതേം വേണം ഓന്റെ പിത്തവാതം മാറ്റേംവേണം. ന്താപ്പോ കഥ! എന്നാലിനി ചെക്കന് കഥിക്കണത് സന്തോഷം തന്നെ ന്ന്, എന്നാലും റഫറന്‍സിന് ആ തുഞ്ചത്തെ രാമന്റെ അടുത്ത് പോണം ന്നുണ്ടോ. അക്ഷരം തൊട്ടുകൂട്ടാന്‍ പാടില്ലാത്ത വര്‍ഗ്ഗം വിപ്ലവം പ്രസംഗിക്ക്ണൂ. ഹൈ, കവലപ്രസംഗം തന്നെ. താണ ജാതീലുള്ളോരു എഴുത്തും വായനേം പഠിക്കണം ന്ന്!
ഓന് മരനീരും കുടിച്ചു വീട്ടില്‍ ഇരുന്നാപോരേ ന്നൊരു ചോദ്യം പലോരും ചോദിക്കണും ണ്ട്. അത് പിന്നെ കേട്ടില്ലാ കണ്ടില്ലാ ന്നൊക്കെ വയ്ക്കാം. വൈകിട്ട്, ഭസ്മം പൂശി ത്തിരി നേരമ്പോക്കൊക്കെ ആര്‍ക്കും ആവാം.
അല്ലാ, എനിക്ക് ജാതി ഒട്ടും ല്ലാട്ടോ. ഭാവീല് ജാതി വേണ്ട മതം വേണ്ടാന്നൊക്കെ ഒരു ഗുരു പറയണ്ട്. ന്നാലും മതത്തിന്റെ അസ്കിത ഇത്തിരിശ്ശേ ണ്ട്ന്ന് മറയ്ക്കണില്ല. യ്ക്ക് കള്ളം പറയാന്‍ പറ്റില്യ.
പറഞ്ഞു വരണത് ന്താന്ന്വച്ചാല്, അക്ഷരം പഠിക്കാന്ന്വച്ചാല് അങ്ങനേണാ? അതും, ബോധം ല്യാണ്ടേ ഈ പറേണ എഴ്ത്തശ്ശന് അമ്പത്താറോളം അക്ഷരങ്ങളും സ്വന്താക്കി ണ്ടാക്കീ ത്രേ! ന്താ കഥ? അതിനൊക്കെ ഇംഗരീസ്കാര്, വെറും ഇരുപത്തിയാറക്ഷരങ്ങളുംകൊണ്ട് ഈ ലോകം മുഴ്വോന്‍ കീഴടക്കീലേ?
കണ്ണന് കൊമ്പിലിരുന്നു പുല്ലാങ്കുഴല്കൊണ്ട് പുറം മാന്തി. ചുറ്റിലും നോക്കി. ശവങ്ങള് പെണ്ണുങ്ങള് കുളി കഴിഞ്ഞില്യ ത് വരെ. ഇവറ്റോള്ക്ക് വല്ലോം അറിയണോ.
കണ്ണന് വീണ്ടും ചിന്താകുഴപ്പത്തിലായി. സംഭവം ന്താന്ന് വച്ചാല്‍, പേരുകേട്ട മേപ്പത്തൂരില്ലത്തെ പട്ടേരി ഗുരുവായൂര്‍ ഇരുന്ന് ഭജന്‍ ഗീതം രചിക്കുന്നു. എവിടന്നു തൊടങ്ങണം ന്ന് ഒരു ശങ്കയും ണ്ടായി. പിന്നേം പിന്നേം ശങ്കരന് തെങ്ങേല് കേറി ഇട്ട അന്തിക്കള്ളു മോന്തി നമ്പൂര്യോളേം പുലഭ്യം ചൊല്ലി ഈഴവപ്പിള്ളേര്ക്ക് ക്ഷ, ണ്ണ, ഭ ന്നൊക്കെ കടുപ്പിച്ചു പറഞ്ഞ്, അക്ഷരം പഠിപ്പിക്കണ എഴ്ത്തശ്ശന്, വെള്ളിയും വെള്ളിയാഴ്ചയും അറിയാത്ത ആ ചേട്ടനോടാ ചോദ്യം, എവിടന്നു തൊടങ്ങണം ന്ന്! പോരേ, തൃശൂര്‍പൂരം?
ന്നിട്ടോ, ഏഭ്യന് മീന്‍ തൊട്ടുകൂട്ടാന്‍ പറയേം കൊടമ്പുളിയിട്ട് കേരം വറുത്തരച്ചു വറ്റിച്ചെടുത്ത ഒന്നാന്തരം ഏട്ടയുടെ റെസിപ്പി ഓലയില്‍ കുറിച്ചു കൊടുക്കേം ചെയ്തു.
സംഭവം അടിപൊളി റെസിപ്പി ഒക്കെയാണ്, പക്ഷേ പട്ടേരിക്ക് എവടന്ന് തൊടങ്ങണം ന്ന് അറിയില്യാച്ചാല് അതിന്റെ അര്‍ത്ഥം എന്താ... ഇല്യാ, ഭക്തി തൊട്ടുതേച്ചിട്ടില്യാന്ന് തന്നെ.
വിഭക്തി ജാസ്തി ണ്ട് ന്നാ കേള്‍വി. സംസ്കൃതത്തിലേ അങ്ങേര് കെടക്കേം പടുക്കേം ചെയ്യൂ ത്രേ! ഇനി നേരമ്പോക്ക് എത് രൂപത്തിലാണോ എന്തോ? വൃഷളിമാര്ക്ക് സംസ്കൃതം വശം ണ്ടാവേരിക്കും. നേരമ്പോക്ക് മ്പിടി വശംണ്ടാവും. അതൊറപ്പാ.
എന്തേലുമാട്ടെ.
ഐഡന്റിറ്റി ക്രൈസിസ് കണ്ണനെ വീണ്ടും ഇക്കിളി കൂട്ടി. വിഷയത്തില്‍നിന്നും വരാലു തെന്നുമ്പോലെ വിഷയവും മാറുന്നുവോ?
അപ്പോ, സംശയം ചോദിക്കാന്‍ ന്റടുത്ത് വരാര്ന്നില്യേ ഭട്ടതിരിക്ക്. ന്നിട്ടോ, ന്തായി? പത്തവതാരവും വെടിപ്പിന് എഴുതി ദണ്ണം മാറി. നമ്മുടെ വരപ്രസാദം തന്നെയല്ലേ. ആയ്ക്കോട്ടെ, ന്നാലും മീന്‍ തൊട്ടുകൂട്ടി അന്തിക്കള്ളും മോന്തി തുഞ്ചത്തെ രാമന് പറഞ്ഞ കണക്കിന് ന്റെ കഥ എഴുതുമ്പോ ന്നോട് ഒരു വാക്കു ചോയ്ച്ചോ പട്ടേരി, ഒക്കെ ഇങ്ങട് തായോ ന്നല്ലേ ഓരോ ശ്ലോകത്തിലും പറഞ്ഞേര്ന്നേ...
ന്നിട്ടോ, ഭക്തീന്ന് പറേണ എന്തേലും അതീന്നു പിടികിട്ട്യോ ഈ സംസ്കൃതം എന്താന്ന് തിരിയാത്ത മലയാളത്താന്മാര്ക്ക്? വല്യേ സംഭവം ന്നൊക്കെ പറയാം, സംസ്കൃതം അല്ലേ. അതിപ്പോ നാല് ഇംഗരീസ് പറഞ്ഞാലും വെവരോല്യാത്തോരു തൊഴും, ന്റെ സായ്പ്പേന്ന് നെഞ്ചത്തടിച്ചു നെലോളിക്കും. നാല് ചില്ലറ തടയണം, അത്രന്നെ. അത് നുമ്മടെ സ്വഭാവാന്ന് കൂട്ടിക്കോളൂ. അതോണ്ട് ഒരു മെച്ചം ണ്ടല്ലോ, രാഷ്ട്രീയം നോക്കാതെ എല്ലാരും എന്നെ തൊഴണില്ലേ, പ്പോ. അതാ ന്റെ ശക്തിയും സത്യവും. കൃഷ്ണാ ഗുരുവായൂരപ്പാ, നിന്നെ നീ തന്നെ കാത്തോളണേ... കണ്ണന് സ്വയം പുകഴ്ത്തി കൊമ്പില്‍ ഞെളിഞ്ഞിരുന്നു.
അപ്പോ, പറഞ്ഞുവന്നത് മ്മടെ ആ പൂന്താനം നല്ല പച്ച മലയാളത്തില്‍ എഴുതീത് കേട്ടിട്ട്, ന്റെ ദൈവേ, കോരിത്തരിച്ചില്ലേ, എഴുന്നേറ്റില്ലേ രോമം മുഴ്വോന്‍. പ്രത്യക്ഷപെട്ടില്ലേ ഞാന്‍!
അതാ പറഞ്ഞത്, പൂന്താനത്തിന്റെ ഭക്തിയോളം വരില്യ മേപ്പത്തൂരിന്റെ വിഭക്തീം തുഞ്ചന്റെ അഭ്യാസോം. ന്തായാലും എഴുതി, ക്ഷേത്ര നടേല് ഭജനേം കഴിഞ്ഞു വാതോം മാറ്റി കൈക്കും കാലിനും സ്വാധീനോം കിട്ടി. അപ്പോ, നാട്ടാര്‍ക്ക് ഇത്തിരി നല്ലത് പറഞ്ഞു കൊടുക്കണേനു പകരം ധാര്‍ഷ്ട്യം കാണിക്ക്യെ? അപ്പൊ, അതെന്നെ വെല്ലുവിളിക്ക്യല്ലേ. ഞാന്‍ അങ്ങന്യാണ്, ഇങ്ങന്യാണ്, ഭക്തവത്സലനാണ് ന്നൊക്കെ പറഞ്ഞ് ല്ലാം അങ്കട് ചോദിക്യാ, എടുക്കാ.
അപ്പൊ, എന്നെപറ്റി നാട്ടാര്ടെ മുമ്പില്‍ ഒരു ധാരണ ണ്ടാക്കീട്ട്, ന്നോട് കടപ്പെട്ടിട്ട് നേരേ വിപരീതം പ്രവര്ത്തിക്ക്യാ? നന്നോ ഇതൊക്കെ? നിക്ക് ഭക്തി ള്ളോരേ മാത്രേ ഇഷ്ടള്ളൂ.
അതോണ്ട്, ന്റെ കഥ എഴ്തീന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യോല്യ. പൂന്താനത്തിന് ഞാന്‍ ഒരു വണ്‍ വേ ടിക്കറ്റ് തരാക്കീട്ട്ണ്ട്, ഒടലോടെ സ്വര്‍ഗം കാട്ടാനുള്ള ഒരു പാക്കേജ്. തിരിച്ചൊരു വരവ് ണ്ടാവില്യ അങ്ങേര്‍ക്ക്.
താന്‍ ഇവിടെ എന്നേം ഭജിച്ചു കയ്യും കാലും കൊഴമ്പിട്ട് തിരുമ്മി തിലകനെപ്പോലെ കൊറച്ചു നേരമ്പോക്കുമായി ഇവടെ അങ്ങനെ കഴിഞ്ഞോളാ.
ആരോടും നിക്ക് വൈരാഗ്യം ഒന്നൂലാട്ടോ, എഴ്ത്തശ്ശനോടും പറഞ്ഞേക്ക്. ഇനീപ്പോ പഞ്ഞമാസത്തില്‍ അങ്ങേര്ടെ രാമായണോം ചൊല്ലി പശിയകറ്റണ കൊശവന്മര്ടെ എണ്ണോം കൂടണ കാലം വരണ്ട്. നമുക്കെന്ത് കാര്യം. നടക്കട്ടെ. ഗുരുവായൂര്‍ തന്റേം എഴ്ത്ത് പാട്ടാക്കാന്‍ ഏര്‍പ്പാടാക്കീട്ട്ണ്ട്. ഏശൂന്റെ ദാസനാ അകത്തു കേറി അശുദ്ധാക്കാതെ കാണാതെ ചെലത് ചൊല്ലുക, കുരുത്തം ണ്ട്. അകത്ത് കേറില്യ, പടിക്കെ നിന്നേ പാടൂ. എനിക്ക് പിന്നെ, ആര് വിളിച്ചാലും വിളിപ്പുറത്താ.
ന്നാലും പൂന്താനം വേറെ ലെവലാ ട്ടോ.
**
ഒരു തീരുമാനത്തിലെത്തിയ കണ്ണന്റെ ആശ്വാസധാരയില് മുരളിക നാദമുണര്‍ത്തി. ഹരിഹരപ്രിയരാഗം വിടര്‍ന്നു.യമുനയില്‍ ഓളങ്ങള്‍ നൃത്തമാടി. ഗോപികമാര്‍ ലജ്ജാവതീലതകളായി. കണ്ണന്റെ മോണോലോഗ് കേട്ട് ആയുരാരോഗ്യസൗഖ്യം കിട്ടാന്‍ ഭട്ടതിരി തിരക്കിട്ടുനടന്നു, നടയിലേക്ക്.
''ത്തിരി മുടന്തും ന്നേയുള്ളു, കണ്ടാല്‍ ആരും മോശം പറയില്ല്യ''. വഴിപോക്കരില്‍ ഒരു പോക്കര് രഹസ്യം ചൊല്ലി.
ഡോ. അജയ് നാരായണന്