Art and Literature
അവസ്ഥാന്തരങ്ങള്‍ | Short Story
Art and Literature

അവസ്ഥാന്തരങ്ങള്‍ | Short Story

അബ്ദുല്‍ജമാല്‍ കെ.കെ
|
11 Oct 2024 9:18 AM GMT

| കഥ

പുതിയ വീട് വെക്കാന്‍ തീരുമാനിച്ചപ്പോഴേക്കും തുടങ്ങി ഉമ്മച്ചിയുടെ ഉപദേശം:

'അടുക്കള കിഴക്ക് പടിഞ്ഞാറായി അടുപ്പ് കിഴക്കോട്ട് മുവാക്കി വെക്കണം' എന്ന്.

ഉമ്മച്ചിയെ പറഞ്ഞിട്ട് കാര്യമില്ല. അവരുടെ ഉള്ളിലെ നീറ്റലാണ് അവരെ കൊണ്ട് പറയിപ്പിക്കുന്നത്. അത്രയ്ക്കും ദുരിതപൂര്‍ണമായിരുന്നു അവരുടെ ജീവിതം. ഒരു പാട് അനുഭവങ്ങളിലൂടെ കടന്നുവന്നവര്‍.

തന്റെ ഏറെക്കാലത്തെ ആഗ്രഹമാണ് ഒരു വാര്‍പ്പുവീട് വെക്കണമെന്നത്. തറവാട് ഭാഗം വെച്ചപ്പോള്‍ തന്റെ തലയില്‍ ഏറ്റി തന്ന് പോയതാണ് വല്ലിക്കാക്ക.

ഏച്ചുകെട്ടിയായാല്‍ മുഴച്ചിരിക്കും എന്ന് പറഞ്ഞത് പോലെയായിരുന്നുവത്. ഏറ്റെടുത്ത നാള്‍ മുതല്‍ ചെലവു ചെയ്തിട്ടും ഓരോ ഭാഗവും എപ്പോഴും പണി തന്നുകൊണ്ടിരുന്നു. ഒന്നുകില്‍ കഴുക്കോല്‍ ദ്രവിച്ചാണെങ്കില്‍ മറ്റൊന്ന് പട്ടിക ചിതലരിച്ചും. എന്തായാലും കൂനിന്മേല്‍ കുരു എന്ന പോലെയായി.

'നാലു കോടി'യുടെ പുരയിലാണ് താമസിക്കുന്നതെന്ന് തമാശക്ക് പറയാമെങ്കിലും ഒടുവില്‍ ആ നാലു കോടിയും നിലംപതിച്ചപ്പോഴാണ് ഇനിയും കാശ് ചിലവാക്കുന്നതില്‍ അര്‍ഥമില്ല എന്ന് മനസിലാക്കി ഉള്ള പുരയിടത്തില്‍ നിന്ന് കുറച്ച് വിറ്റും കടം വാങ്ങിയും പുര പണിയാം എന്ന് തീരുമാനമെടുത്തത്.

'പടച്ചോനെ! അന്റ വാപ്പിച്ചി എത്രമാത്രം ചോര നീരാക്കി ഉണ്ടാക്കിയ പൊരേണ്' പണിക്കാര്‍ ഓരോന്നായി പൊളിച്ചിടുമ്പോള്‍ ഉമ്മച്ചി വിഷമത്തോടെ പറയുന്നത് കേട്ടു. ഉമ്മച്ചിയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പായ നെയ്തും ഓലമെടഞ്ഞും അയല്‍ക്കാരെ കൂട്ടി പിഞ്ഞാണക്കുറി നടത്തിയും സ്വരൂപിച്ചെടുത്ത കാശുകൊണ്ട് കെട്ടിയുണ്ടാക്കിയ ഗേഹം ഒരു നിമിഷം കൊണ്ട് തകര്‍ന്ന് വീഴുമ്പോള്‍ അവരുടെ മനസ് പിടയും.

കഷ്ടപ്പാടിനിടയിലും ഞങ്ങള്‍ മക്കളെ വളര്‍ത്തി വലുതാക്കി പഠിപ്പിച്ചു. ആദ്യം ജനിച്ച മൂന്ന് മക്കളെയും പടച്ചോന്‍ തിരിച്ചെടുത്തപ്പോള്‍ തുടങ്ങിയതാണ് ഉമ്മച്ചിയുടെ നീറ്റലുകള്‍. അന്നൊക്കെ ഉമ്മച്ചി വല്ലാത്തൊരവസ്ഥയിലായിരുന്നത്രേ. ഒരു തരം ഭ്രാന്തമായ അവസ്ഥയിലേക്ക് കടന്ന് പോയപ്പോള്‍ ആശ്രയമെന്നോണം ബീവിമാരെയും തങ്ങമ്മാരെയും അടുക്കല്‍ നിത്യ സന്ദര്‍ശകരാക്കുകയായിരുന്നു.

പുരയുടെ നാലു കോടിക്കലും കുപ്പിക്കുള്ളില്‍ തിളങ്ങുന്ന എന്തോ ഒന്ന് തട്ടിന്‍പുറത്ത് നിന്ന് തഴച്ചുരുള്‍ എടുക്കാന്‍ കയറിയപ്പോഴാണ് താന്‍ കണ്ടത്.

'വല്ലിത്താത്ത മോളില് കുപ്പീലെന്താ ഞാട്ടിയിട്ടിരിക്കുന്നെ?' തിരിച്ചിറങ്ങി വെപ്രാളത്തോളെ ചോദിക്കുമ്പോഴും ഉള്ളില്‍ നിറയെ ആകാംക്ഷയായിരുന്നു.

ഭൂതപ്രേത പിശാചുക്കള്‍ അടുക്കാതിരിക്കാനാണത്രേ അങ്ങനെ നാലു കോടിയിലും കെട്ടിയിടുന്നത്. മുറ്റത്ത് നിന്ന ഉമ്മച്ചിയെ ജിന്ന് പറത്തിക്കൊണ്ട് പോയി തിരിച്ചിറക്കിയിട്ടുണ്ടത്രേ. ഇത് കൂടാതെ പറമ്പിന്റെ നാലതിരിലും കുഴിച്ചിട്ടുണ്ടെന്നും പൊടിപ്പും തൊങ്ങലും വെച്ച് അന്നിത്താത്ത പറഞ്ഞപ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു ഭയം ജനിപ്പിച്ചു. തന്നെ ഭയപ്പെടുത്തുകയും കൂടി ഇത്താത്തയുടെ ലക്ഷ്യമായിരുന്നെന്ന് അന്നാ കുഞ്ഞു മനസില്‍ തോന്നിയില്ല.

പുതിയ വീടിന് പ്ലാന്‍ വരക്കാന്‍ ഏല്‍പ്പിച്ചിരുന്ന പയ്യന്‍ കടന്ന് വന്നപ്പോള്‍ കോലായിരിക്കുന്ന് ചൂലിന് ഈര്‍ക്കില്‍ കീറി കൊണ്ടിരുന്ന ഉമ്മച്ചിയെ ഒളികണ്ണിട്ട് നോക്കി. ഉമ്മച്ചി പറഞ്ഞതിന് വിരുദ്ധമായാണ് വരച്ചു കൊണ്ട് വന്നിരിക്കുന്നത്. ഉമ്മച്ചിക്ക് ഇപ്പോ കാണിച്ചു കൊടുത്താല്‍ ഇന്നിവിടെ എന്തെങ്കിലുമൊക്കെ നടക്കും. അല്ലെങ്കിലും വിശദീകരിച്ചു കൊടുക്കാതെ എങ്ങനെ മനസിലാകാനാണ്.

''ആരാ മോനെ അത് '' ഉമ്മച്ചി ഏന്തി വലിഞ്ഞ് നോക്കുന്നത് കണ്ടപ്പോള്‍ വേഗം മടക്കി പോക്കറ്റിലിട്ടു.

തറവാട്ട് വീടിന് ഒരു പാട് മാറ്റിമറിക്കലുകള്‍ നടത്തിയിട്ടുള്ളതാണ്. എല്ലാം ഉമ്മച്ചിയുടെ അന്ധവിശ്വാസത്തിന്റെ പുറത്ത് നടന്നത്. ആദ്യം പിറന്ന കണ്‍മണി ജനനത്തോടെ മരിച്ചത് അടുപ്പിന്റെ സ്ഥാനം ശരിയല്ലാത്തതുകൊണ്ടാണെന്നായിരുന്നു തങ്ങളുപ്പാടെ കണ്ടെത്തല്‍. അത് പൊളിച്ചു കളഞ്ഞ് മറ്റൊരു അടുക്കളപ്പുര തന്നെയുണ്ടാക്കിയാണ് പരിഹാരക്രിയ ചെയ്തത്. പക്ഷെ അവിടം കൊണ്ടും ദുരിതം വിട്ടൊഴിഞ്ഞില്ല. രണ്ടാമത്തെ മോളും വയറ്ററിലേ നഷ്ടപ്പെട്ടപ്പോള്‍ ഉമ്മച്ചി ഒരുതരം ഭ്രാന്തിന്റെ അവസ്ഥയിലേക്കെത്തിപ്പെട്ടു.

തങ്ങളുപ്പയുടെ നിര്‍ദേശം വീണ്ടും: 'സ്ഥാനം തെറ്റിയിട്ടൊന്നുമില്ല. പക്ഷേങ്കില് അടുക്കളപ്പുര ഇരിക്കുന്ന ഭാഗത്ത് ഒരു നിധിയുണ്ട്. നിധി കാക്കാന്‍ ഒരു സര്‍പ്പം കാവലിരുപ്പുണ്ട്. ആണ്ടിലൊരിക്കല്‍ നിധി പൊന്തി വന്നുകൊണ്ടിരുന്നപ്പോള്‍ അശുദ്ധാവസ്ഥയിലായിരുന്ന ഉമ്മച്ചി അവിടം ചവിട്ടിപ്പോയി. അതുകൊണ്ടാണ് പിന്നീട് കുരുത്ത ജീവനെ വയറ്റില്‍ വെച്ച് തന്നെ കൊന്നത് '

ആദ്യത്തെ അടുപ്പിന് സ്ഥാനം ശരിയല്ല എന്ന് പറഞ്ഞ തങ്ങളുപ്പാക്ക് അടിയില്‍ കിടന്ന നിധിയും നിധി കാക്കുന്ന ഭൂതത്തെയും കാണാന്‍ കഴിഞ്ഞില്ല.

ആ സംഭവത്തിന് ശേഷം ഉമ്മച്ചിയുടെ ശാന്ത സ്വഭാവം പാടെയങ്ങ് മാറുകയായിരുന്നു. മുന്‍പൊന്നും കണ്ടിട്ടില്ലാത്ത തരത്തിലായിരുന്നു പെരുമാറ്റങ്ങള്‍. പുരപ്പുറത്ത് കയറി അട്ടഹസിക്കുക, കുളത്തില്‍ ചാടാനോടുക. കൈകൊട്ടിപ്പാടുക ഇത്യാദി വേലകളായിരുന്നു. അല്‍പ്പം പോലും വര വശമില്ലാതിരുന്ന ഉമ്മച്ചി പൂഴിമണലില്‍ പത്തി വിടര്‍ത്തിയാടുന്ന സര്‍പ്പത്തെ ഭംഗിയായി വരക്കാന്‍ തുടങ്ങി. പിന്നീടത് ആളുകളെ ഉപദ്രവിക്കാനും കൂടി തുടങ്ങിയപ്പോള്‍ ബാധയൊഴിപ്പിക്കലിനായി 'ബീവി' യുടെ തടങ്കലില്‍ ആയി. പിന്നെ കടുത്ത പ്രയോഗങ്ങളായിരുന്നു ഉമ്മച്ചിയുടെ മേല്‍ നടത്തിയിരുന്നത്.

ഹോമകുണ്ഡം തയ്യാറാക്കാന്‍ ഏഴു തരം പക്ഷികളുടെ കാട്ടം ശേഖരിച്ച.ു ഹോമകുണ്ഡത്തില്‍ എറിഞ്ഞ് പുക ശ്വസിപ്പിക്കുക, ചാരം മേലാസകലം പുരട്ടി മണിക്കൂറുകളോളം നിര്‍ത്തുക തുടങ്ങി ബീവിയുടെ ചികിത്സാ മുറകള്‍ തകൃതിയായി നടന്നു. ഉമ്മാമ്മയാണ് ഇതെല്ലാം അക്ഷരംപ്രതി പാലിച്ചു നടത്തി പോന്നത്. പിന്നീട് ഉമ്മാമയില്‍ നിന്നാണ് ഇതൊക്കെ അറിയാന്‍ സാധിച്ചതും.

ബീവിയുടെ 'കറാമത്ത്'* കൊണ്ടാണോ എന്തോ കുറച്ച് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ ഉമ്മച്ചി ശാന്തത കൈവരിക്കാന്‍ തുടങ്ങി. പിന്നീടുള്ള ദിനങ്ങള്‍ ആരോടും മിണ്ടാതെ ഒന്നിലും ശ്രദ്ധയില്ലാതെയായിരുന്നു ഉമ്മച്ചി കഴിഞ്ഞുപോയി കൊണ്ടിരുന്നത്.

മൂന്നാമതും ഗര്‍ഭിണിയായപ്പോള്‍ എല്ലാം കെട്ടടങ്ങിയെന്ന ആശ്വാസത്തിലായിരുന്നു എല്ലാവരും. പക്ഷെ, ആ കുഞ്ഞും പ്രസവിച്ച് ഇരുപത്തെട്ടാംനാള്‍ ഉമ്മച്ചിയുടെ കയ്യില്‍ കിടന്ന് മരിക്കുകയായിരുന്നു. ഒരുതരം നിസംഗതയായിരുന്നു ഉമ്മച്ചിയില്‍ കാണപ്പെട്ടതെത്രേ. ഒരു തുടര്‍ക്കഥ പോലെ ഒഴുക്കിനനുസരിച്ച് നീന്താന്‍ പാകപെട്ടപോലെയായിരുന്നു. വിധിയെ പഴിച്ച് കാലം കഴിക്കാന്‍ പഠിച്ചു.

ദൈവാധീനം എന്ന് പറയാം, പിന്നീടും ഉമ്മച്ചിയുടെ വയറ്റില്‍ കുരുന്നു ജീവന്‍ നാമ്പെടുക്കുകയും തങ്ങള്‍ നാലുപേരും ഇന്നും ജീവനോടെ ഭൂമിയില്‍ വസിക്കാന്‍ സാധിച്ചു എന്നുള്ളതാണ് ഏറെ സന്തോഷകരം, ഉമ്മച്ചിയുടെ ജീവിതത്തിലും സന്തോഷങ്ങള്‍ അലയടിച്ചു തുടങ്ങി,

എങ്കിലും തങ്ങമ്മാരെ അടുത്ത് പോകലും ചരട് കെട്ടലുമൊന്നും ഇന്നും നിര്‍ത്തിയിട്ടില്ല, ഒരിക്കല്‍ തനിക്ക് പത്ത് പതിനഞ്ച് വയസുള്ളപ്പോള്‍ തമിഴ്നാട്ടിലെ രാമനാഥപുരത്തുള്ള ഒരു തീര്‍ഥാടന കേന്ദ്രത്തിലേക്ക് കുടുംബസമേതം പോയിരുന്നു. ഉമ്മച്ചിയുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നത്രേ മഖ്ബറയില്‍ പോയി പ്രാര്‍ഥിക്കാനും പാവങ്ങള്‍ക്ക് അന്നദാനം നടത്താനും. ഇന്നത്തെപ്പോലെ എതിര്‍ക്കാനും തടയാനും ഒന്നും പറ്റാതിരുന്ന സമയം. പക്ഷെ, അന്നത്തെ ആ യാത്രയാണ് തന്നില്‍ മാറ്റങ്ങളുടെ പരിവര്‍ത്തനം സൃഷ്ടിച്ചത്. തട്ടിപ്പിന്റെ വലിയൊരു കൂടാരമാണ് ഈ പുണ്യസ്ഥലമെന്നത് തന്റെ കുഞ്ഞു മനസിനെ വല്ലാതെ മഥിച്ചു.


മനുഷ്യരുടെ നിസഹായത മുതലെടുത്ത് ജീവിക്കുന്ന ഒരു പറ്റം കഫം തീനികളുടെ വിഹാരകേന്ദ്രം. അവിടെ ആണിനും പെണ്ണിനും ഇടകലര്‍ന്ന് നടക്കാം ഇരിക്കാം. ഇവിടെയാണ് മത വിലക്കുകള്‍. പണം പിടുങ്ങാന്‍ മാത്രം ഓരോ മുക്ക് മൂലകളില്‍ പരാതിപ്പെട്ടിയുമായി ഇരിക്കുന്നവര്‍. ഒരു വലിയ പരാതി പെട്ടിയുടെ അടുത്ത് പരാതി വാങ്ങാന്‍ ആളും നില്‍പുണ്ട്. പരാതി കടലാസില്‍ നോട്ടും വെച്ച് നാലായി മടക്കി അതിലിടണം. കണ്ണൊന്ന് തെറ്റിയാല്‍ കാവല്‍ നില്‍ക്കുന്നയാള്‍ തന്നെ തഞ്ചത്തില്‍ നോട്ടെടുത്ത് മാറ്റി കടലാസ് പെട്ടിക്കുള്ളില്‍ നിക്ഷേപിക്കും. അല്ലങ്കില്‍ തന്നെ 'മഖ്ബറയില്‍'** കിടക്കുന്ന ആള്‍ക്കെന്തിനാണ് കാശ്. അത് കമ്മറ്റിക്കാര്‍ക്ക് പുട്ടടിക്കാനുള്ളതല്ലേ? പരാതി കുപ്പതൊട്ടിലും മരിച്ച് മണ്ണടിഞ്ഞവര്‍ എന്ത് പരാതി തീര്‍പ്പ് കല്‍പ്പിക്കാനാണ്? ജീവനുള്ള മനുഷ്യര്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയുന്നില്ല. അവിടുത്തെ അനുഭവങ്ങളായിരിക്കണം തന്നെ ഇങ്ങിനെയൊക്കെ ചിന്തിക്കാന്‍ പ്രാപ്തമാക്കിയത്. ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലേയും തീരുമാനങ്ങള്‍ തന്റേത് മാത്രമാണ്.

അടുപ്പ് എങ്ങോട്ട് വെച്ചാലും കലത്തിലിടുന്ന അരി വേവണം. കാറ്റും വെളിച്ചവുമുള്ള ഏതെങ്കിലും ഒരു മുറി അടുക്കും ചിട്ടയും പഠിപ്പിക്കുന്ന പാഠശാലയായിട്ടായിരുന്നു അടുക്കളയെ ഇതുവരെ കണ്ടിരുന്നത്. പക്ഷെ, ഇന്നത്തെ അടുക്കളക്ക് എന്തെങ്കിലും പ്രാധാന്യം കല്‍പിക്കുന്നുണ്ടോ? കുറെ അലങ്കാരപ്പണികള്‍ കൊണ്ട് വികൃതമാക്കിയ ഒരിടം.

വീടിന് തറക്കല്ലിടാന്‍ തുടങ്ങിയപ്പോള്‍ ചുറ്റും മൊയ്‌ല്യാരും ബന്ധുജനങ്ങളെയും കാണാഞ്ഞിട്ടാവണം മേസ്തിരിക്ക് വല്ലാത്തൊരു ലാപ്പ്.

''ങ്ങടെ പള്ളീന്ന് ആരെം കൊണ്ടന്നില്ലെ?' മേസ്തിരിയുടെ ചോദ്യം കേട്ട് തെല്ലൊന്ന് പതറിയെങ്കിലും തിരിച്ചു പറയാതിരിക്കാന്‍ ശമിച്ചു.

''മൊയ്‌ല്യാര് ഒരു കല്ലല്ലേ തറയിലിടൂ. ബാക്കി നിങ്ങ തന്നെ ഇടണ്ടേ?.ൃ അപ്പോ അതും കൂടി ശങ്കരേട്ടന്‍ ഇട്ടോളും'' തന്റെ മറുപടിയില്‍ തൃപ്തിയാകാതെ മേസ്തിരി കണ്ണ് മിഴിച്ചു നോക്കി.

''ഇവിടെ കാര്‍ന്നന്‍മാരായിട്ടും ആരൂല്ലേ?'' മേസ്തിരി വിടാന്‍ ഭാവമില്ല. മൊയ്‌ല്യാക്കന്‍മാരെ വിളിക്കാത്ത കലിപ്പിലാണ് ഉമ്മച്ചി എന്ന് ഇങ്ങേരോട് പറയാന്‍ പറ്റുമോ?

''ഏതെങ്കിലും ഒരു കല്ലെടുത്ത് താ ശങ്കരേട്ടാ! ഞാനിട്ടോളാം ശങ്കരേട്ടന്‍ പേടിക്കേണ്ട'' എന്തിനാ കുറെ ആളും ബഹളവും. ദൈവവിശ്വാസമുണ്ട് അദ്ദേഹം തീരുമാനിക്കുന്നതെന്താണോ അത് നടപ്പില്‍ വരും. നല്ലതായാലും ചീത്തയായാലും താന്‍ തന്നെ അനുഭവിക്കണം.

തറ കെട്ടി കഴിഞ്ഞപ്പോഴൊന്നും അടുക്കള ഏത് ഭാഗത്താണെന്ന് ഉമ്മച്ചിക്ക് മനസിലായില്ല. പറഞ്ഞു കൊടുക്കാനും തുനിഞ്ഞില്ല. എന്നിട്ട് വേണം ഉമ്മയുടെ വായിലുള്ളത് കേള്‍ക്കാന്‍. വാര്‍പ്പും കഴിഞ്ഞ് അടുപ്പ് കൂട്ടാന്‍ പണിക്കാര് വന്നപ്പോഴാണ് ഉമ്മച്ചി നിലവിളിച്ചു കൊണ്ട് കടന്നുവന്നത്.

''തന്ത തള്ളാര് പറയണ കേക്കാണ്ട് ഓരോന്നും വരുത്തി കൂട്ടുകേണല്ലോ എന്റെ ബദരീങ്ങളെ'' ഉമ്മച്ചി പതം പറഞ്ഞ് കരയുകയാണ്.

''എനിക്കിതൊന്നും കാണാന്‍ മേലായേ'' ഉമ്മച്ചി മടിശ്ശീല കൊണ്ട് കണ്ണ് തുടക്കുന്നത് കണ്ടു. അടുപ്പിന്റെ മുഖം തെക്കോട്ടാണ് വന്നിരിക്കുന്നത്. ഉമ്മച്ചിക്ക് സഹിക്കാന്‍ കഴിയുമോ? ഇനിയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമോ എന്ന ഭയമായിരിക്കും ഉമ്മച്ചിയുടെ ഉള്ളില്‍.

ദിവസത്തിലെ മുക്കാല്‍ ഭാഗവും കഴിച്ചുകൂട്ടുന്നൊരിടമായിരുന്നു അടുക്കള. ഇപ്പോ അങ്ങനെയാണോ? പാതി വേവിച്ചതും കൊണ്ട് വന്ന് പേരിനൊന്ന് ചൂടാക്കി ഓരോരുത്തര്‍ക്ക് ആവശ്യമുള്ളപ്പോള്‍ വന്ന് കഴിക്കുന്നു. ചിരിയില്ല, കരിയില്ല, കുശുമ്പും കുന്നായ്മ പറച്ചിലും ഇല്ല. ഒന്നില്‍ നിന്നെടുത്ത് മറ്റൊന്നിലേക്ക് ഇറക്കി വെച്ചാല്‍ റെഡിയാവുന്ന ഭക്ഷണങ്ങള്‍.

പണി കഴിഞ്ഞ് പുര പാര്‍പ്പും കഴിഞ്ഞപ്പോഴാണ് തറവാട്ട് പുരയിലെ അമ്മിക്കല്ലും ഉരലും അന്വേഷിച്ച് ഉമ്മച്ചി പിന്നാലെ കൂടിയത്. വര്‍ക്ക് ഏരിയ ഒരടി കൂടി ചാടിച്ചാലോ എന്ന് തീരുമാനിച്ചപ്പോള്‍ വേലിക്കരികിലെ കല്ലും കൂടി തികയാതെ വന്നപ്പോള്‍ അതും കൂടി പൊട്ടിച്ച് തറയിലിട്ട് മൂടി.

''നീ അതും പൊക്കി കുളത്തിലെറിഞ്ഞോ?'' തന്റെ മൗനം കണ്ടിട്ടാകണം ഉമ്മച്ചി ഒച്ചവെച്ചു.

''അതാ പൊളിച്ച വേസ്റ്റിനടിയില്‍ കിടപ്പുണ്ട്'' തത്ക്കാലം കള്ളം പറഞ്ഞ് തടി തപ്പി. ഏതായാലും അവിടുന്നത് നീക്കം ചെയ്യുന്നത് വരെ സമാധാനം കിട്ടും. ദിവസങ്ങളോളം കറണ്ട് പോയാല്‍ പോലും ഉപയോഗിക്കില്ല പിന്നെയെന്തിന് കാത്ത് വെക്കണം.

''കല്ലിലരച്ച ഇച്ചിരി മീന്‍ചാറ് കൂട്ടിയിട്ടെത്ര കാലായി'' ഈ കുന്ത്രാണ്ടത്തിലിട്ട് വെക്കണ കൂട്ടാന്‍ എന്തിന് കൊള്ളാ. തൊട്ടപ്പുറത്തെ കല്യാണിയമ്മയോട് ഉമ്മച്ചി ഒരിക്കല്‍ പറയുന്നത് കേട്ടു. ശരിയാണ് ഉമ്മച്ചിയുടെ കൂട്ടാന്‍ കൂട്ടി ശീലിച്ച നാവാണ്. പക്ഷെ ഇപ്പോഴത്തെ പെണ്‍പിള്ളേരോട് പറഞ്ഞിട്ട് കാര്യമുണ്ടോ?

കൂട്ട് കുടുംബമായിരുന്നപ്പോള്‍ ഉമ്മച്ചിക്കായിരുന്നു പാചകത്തിന്റെ ചുമതല. പ്രത്യക കൈപ്പുണ്യമാണെന്നാണ് വാപ്പുമ്മയുടെ കണ്ടെത്തല്‍.

വീട് വാര്‍പ്പിന് വന്നവരില്‍ ബ്രോക്കര്‍ പണിയുമായി നടക്കുന്ന പഴയ ഒരു കൂട്ടുകാരന്‍ മൊത്തം വീക്ഷിച്ച കൂട്ടത്തില്‍ തെക്കോട്ട് അടുപ്പ് കണ്ട് നെറ്റി ചുളിക്കുന്നത് കണ്ടു.

''നീയിനെന്താ കാണിച്ചെ? ഇനി ഇതെപ്പോഴെങ്കിലും വിക്കാന്‍ നോക്കിയാ നടക്കോ'' അവന്റെ പരിഹാസത്തോടെയുള്ള ചോദ്യം കേട്ടിട്ടാകണം ഉമ്മച്ചി കൂടെ കൂടി.

''പറഞ്ഞ് കൊടുക്ക് മോനെ! അങ്ങനെയെങ്കിലും അവന് നേരം വെളുക്കട്ടെ. എന്തൊക്കെ ഇനി കാണാന്‍ കിടക്കണ്. ഒന്നും കാണാണ്ടും കേക്കാണ്ടും മയ്യത്താക്കിയാല്‍ മത്യാര്‍ന്നു'' ഉമ്മച്ചി വീണ്ടും സങ്കടപ്പെട്ടു.

പുര പാര്‍പ്പ് കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞ് ചവിട്ട് പടിയിലെ തുണി ചവിട്ടിയില്‍ തെന്നി ഭാര്യ കാലുമടങ്ങി രണ്ടു ദിവസം കിടപ്പിലായപ്പോള്‍ ഉമ്മച്ചി വലിയ വായിലേകരയാന്‍ തുടങ്ങി.

''എന്റെ ബദരീങ്ങളെ. ന്റ കുട്ട്യോള്‍ക്ക് ഓരാപത്തും വരുത്തല്ലേ? അറിവില്ലാതെ ഓരോന്നും ചെയ്ത് കൂട്ടുന്നതാ ശിക്ഷിക്കല്ലേ'' ഉമ്മച്ചി പ്രാര്‍ഥനയില്‍ മുഴുകി.

കാലങ്ങള്‍ കടന്നുപോയി. പറയത്തക്ക സംഭവങ്ങളൊനും പിന്നീടുണ്ടായില്ലെങ്കിലും മക്കള്‍ വളര്‍ന്നു. അത്യാവശ്യം സൗകര്യങ്ങളും മറ്റും വന്നപ്പോള്‍ മറ്റൊരു വീട്ടിലേക്ക് മാറാന്‍ തീരുമാനിച്ചപ്പോഴാണ് വില്ലന്‍ കടന്ന് വന്നത്.

ഉമ്മച്ചിയുടെ ഉപദേശങ്ങളുടെ വില മനസിലായത് അപ്പോഴാണ്. നമുക്ക് വിശ്വാസമില്ലെങ്കിലും ജനങ്ങളെ ബോധിപ്പിക്കാന്‍ ഓരോന്ന് ചെയ്ത് വെച്ചേ പറ്റൂ എന്നത്.

തെക്കോട്ട് മുഖമായുള്ള അടുപ്പും കന്നിമൂലയിലെ സെപ്റ്റിക് ടാങ്കുും വരുന്നവരില്‍ ആശങ്കയുണ്ടാക്കി. ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞ് പോകാന്‍ തുടങ്ങി. ഒന്നും നോക്കിയില്ല അടുപ്പ് പൊളിച്ച് അവിടം മനോഹരമായ ടൈല്‍ വിരിച്ചു സുന്ദരമാക്കി. ഇനിയാരും അടുപ്പിന്റെ പേര് പറഞ്ഞ് പോകില്ലല്ലോ. ഓര്‍ഡര്‍ ചെയ്താല്‍ വിളിപ്പുറത്തെത്തുമ്പോള്‍ അടുപ്പെന്തിന്. അപ്പോഴും മറ്റൊരു പ്രശ്‌നക്കാരന്‍ അവിടെ തന്നെ നിലകൊണ്ടും 'കന്നിമൂല' അതിപ്പോ ഓര്‍ഡര്‍ ചെയ്താലും അടുപ്പിലുണ്ടാക്കിയാലും ദഹനം നടന്ന് കഴിഞ്ഞാല്‍ ചെല്ലേണ്ടിടത്ത് ചെന്നേ പറ്റൂ.

*കറാമത്ത് - അമാനുഷികത

**മഖ്ബറ - ശവകുടീരം

Similar Posts