ദുരന്തമുഖത്തെ പെണ്‍പോരാളി | Short Story
|| കഥ
ഒരു കടലാഴിയോളം നോവ് പേറി, കണ്ണീരുണങ്ങിയ മിഴികളില്‍ ഉപ്പു നീറ്റിയവള്‍ ദുരന്ത മുഖത്തെ കറുത്ത മണ്ണില്‍ പുതഞ്ഞിരിക്കുന്നു. തികട്ടി വന്ന നൊമ്പര തിരകള്‍ക്ക്, തട്ടം കൊണ്ട് തടയണ കെട്ടിയ പെണ്‍ പോരാളി,
ഹൃദയം പൊടിയുന്ന വേദനയോടെ ഉറ്റുനോക്കുന്ന നിസ്സഹായരായ പ്രിയപ്പെട്ടവര്‍ക്ക് നേരെ മുഖം ഉയര്‍ത്താതെ അവള്‍ ദുരന്ത മുഖത്തു കര്‍മ നിരതയായിരിക്കുന്നു. ചുണ്ടുകളിലെപ്പോഴും ഉരുവിടുന്ന മന്ത്രങ്ങളാല്‍ സമാഹരിക്കുന്ന ഊര്‍ജം അവളുടെ സ്‌ത്രൈണതയെ പോലും കരുത്തുറ്റതാക്കിയിരിക്കുന്നു,
അവ്യക്തമായ ദിവ്യ മന്ത്രങ്ങളുടെ ശക്തിയാലായിരിക്കുമോ അവളുടെ ചലനങ്ങള്‍ പോലും ഒരു പുരുഷനെ വെല്ലും തരത്തില്‍ ചടുലമായിരുന്നു. ഹൃദയഭേദകമായ കാഴ്ചക്ക് സാക്ഷ്യം വഹിച്ചവര്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു. പക്ഷേ, ചുറ്റുമുള്ളതൊന്നും അവള്‍ അറിയുന്നില്ല.
നിലവിളിയൊച്ചകള്‍ക്ക് നേരെ കാത് കൊട്ടിയടച്ച് ഇരു കൈകള്‍ കൊണ്ടവള്‍ അഴുകിയ മനുഷ്യ ശരീരങ്ങള്‍ കോരിയെടുക്കുന്നു. മുഖം ചുളിക്കാതെ വേറിട്ടുപോയ കൈകാകലുകള്‍ നോവേല്‍പ്പിക്കാതെ സൂക്ഷമതയോടെ നെഞ്ചോട് ചേര്‍ക്കുന്നു. ഓരോ മൃതദേഹമെടുക്കുമ്പോഴും പ്രതീക്ഷയോടെയവള്‍ ഉറ്റു നോക്കും. കണ്ണുകളില്‍ കടലിരമ്പും. ഹൃദയം പെരുമ്പറ കൊട്ടും. ഭ്രാന്തിയെ പോലെയവളുടെ നെഞ്ചം ഉയര്‍ന്നു പൊങ്ങും. ഒടുവില്‍ നിരാശ തുളുമ്പുന്ന മിഴികളോടെ പ്രതീക്ഷയസ്തമിച്ചവള്‍ ആര്‍ത്തു കരയും. കണ്ണീരില്ലാതെ, ശബ്ദമില്ലാതെ അവള്‍ നിലവിളക്കും.
'' സൈറാ,'' ചിലമ്പിച്ച സ്വരത്തോടെ ഉമ്മ അവളെ വിളിച്ചു. അവള്‍ നിര്‍വികാരതയോടെ മുഖമുയര്‍ത്തി.
'' മോളെ.. മതി, ദിവസം ഇത്രയുമായില്ലേ.. ഇനി കിട്ടിയാലും നിനക്ക്... നിനക്കവനെ മനസ്സിലാവൂല കുഞ്ഞേ.'' ആ മാതൃഹൃദയം തേങ്ങി. അവര്‍ ദയനീയതയോടെ അവളെ നോക്കി.
അവളൊന്നും മിണ്ടാതെ പിന്നെയും ഒരു ഭ്രാന്തിയെ പോലെ ദുര്‍ഗന്ധം വമിക്കുന്ന ചളിയിലേക്ക് ഊളിയിട്ടു പരതി.
'' അറിയാം.. എനിക്കറിയാം.. ഒരു വിരല്‍ തുമ്പ് കിട്ടിയാലും എനിക്കറിയാം..''
അവള്‍ വിലപിച്ചു.
''കിട്ടും... എനിക്ക് വേണം.. എനിക്ക് വേണം ''
ഉന്മാദിയെ പോലെ കിതച്ചു കൊണ്ട് അവള്‍ പിറു പിറുത്തു.
'' മതി. നിര്‍ത്ത്. നിന്റെയീ ഭ്രാന്ത് ''
സഹികെട്ടു ആ ഉമ്മ അലറി.
'' ന്റെ മോനാണവന്‍. എനിക്ക് വേണ്ട. മുറിഞ്ഞു തുണ്ടമായ അവന്റെ ശരീരം. എനിക്ക് കാണണ്ട. അവനെന്നെ ഏല്‍പ്പിച്ചു പോയ അവന്റെ ചോരയുണ്ട്, നീന്റെയീ ഭ്രാന്ത് കൊണ്ട് മുലകുടി മാറാത്ത ആ പൈതലിനെയും എനിക്ക് നഷ്ടപ്പെടുത്തരുത് ''
സര്‍വ്വ ശക്തിയുമെടുത്ത് അവര്‍ നിലവിളിച്ചു.
അവള്‍ അവശതയോടെ ഉമ്മയെ നോക്കി. ദയനീയമായ അവളുടെ വലിയ കണ്ണുകളില്‍ നിസ്സഹായതയുടെ മേഘമിരുണ്ടുകൂടി പെയ്യാന്‍ വെമ്പി.
'' പെറ്റുമ്മ ജീവിച്ചിരുന്നിട്ടും ദിവസങ്ങളായി അതൊന്ന് തൊണ്ട നനച്ചിട്ട്, ചങ്കുപൊട്ടി കരയുന്ന ആ പൈതലിനിത്തിരി മുലപ്പാല്‍ കൊടുക്കാനെങ്കിലും നീ ഇതൊന്ന് മതിയാക്ക്. ഇനിയും അതിനെ നീ ശിക്ഷിക്കല്ലേ മോളെ, പടച്ചോന്‍ പൊറുക്കൂലാ '' അവര്‍ കൈക്കൂപ്പി.
'' അവന്‍ പോയില്ലേ മോളെ. നമ്മളെ വിട്ട് അവന്‍ പോയെന്ന് നീയൊന്ന് വിശ്വസിക്ക്. ആ പൈതലിനെ ഓര്‍ത്തു ഉമ്മാടെ കുട്ടി വാ. ഇനിയും അവനെ തിരയണ്ട ''
കനത്തു വിങ്ങുന്ന തന്റെ മാറിലേക്ക് നോക്കിഅവള്‍ വിതുമ്പി. മുലപ്പാല്‍ നിറഞ്ഞു മാറിടം കല്ലച്ചിരിക്കുന്നു. വേദന കൊണ്ട് പുളഞ്ഞിട്ടും തന്റെ പ്രിയതമനെ ആ ചളിക്കുഴിയില്‍ ഉപേക്ഷിച്ചു പോകാന്‍ അവള്‍ തയ്യാറായില്ല. ഈ മണ്ണിനടിയിലെവിടെയോ തന്റെ ജീവനുണ്ടെന്നു അവള്‍ക്കുറപ്പായിരുന്നു.
കനത്ത ഇരുട്ടിനെയും ഭേദിച്ച് ഒത്തിരി ജീവനുകളെ ആര്‍ത്തിയോടെ വിഴുങ്ങി അപ്രതീക്ഷിതമായി. ആര്‍ത്തട്ടഹസിച്ചെത്തിയ മഴവെള്ളപ്പാച്ചിലില്‍ സൈറക്ക് അവളുടെ പ്രിയതമനെയും നഷ്ടമായിരുന്നു. ദിവസങ്ങള്‍ നീണ്ട തിരച്ചിലുകള്‍ക്കൊടുവിലും നിരാശ മാത്രമായിരുന്നു ഫലം. അഴുകിയതും, വേറിട്ടതും ചിന്നഭിന്നമായതുമായ ശരീരങ്ങള്‍ കറുത്ത ചളിയില്‍ പൊതിഞ്ഞു കൈകളില്‍ തടയുമ്പോഴുക്കെയും അവളാഗ്രഹിച്ചിരുന്നത് തന്റെ പ്രിയപ്പെട്ടവന്റെ ഒരംശമെങ്കിലും കിട്ടിയിരുന്നെങ്കിലെന്നായിരുന്നു.
പള്ളിക്കാട്ടില്‍ ഒരു മൈലാഞ്ചിചെടിക്ക് ചുവടെ അടക്കം ചെയ്യാന്‍. കൊഞ്ചിച്ചു കൊതിതീരാത്ത തന്റെ പൊന്ന് മകനെ കൊണ്ട് ഖബറിങ്കല്‍ ദുആ ചെയ്യിക്കാന്‍. മീസാനില്‍ കൊത്തിയ പേരില്ലെങ്കിലും അവന്റെ വാപ്പയെ അവനു കണ്‍ നിറയെ കാണാന്‍. ഒരു വിരല്‍ തുമ്പെങ്കിലും പരതുകയായിരുന്നു അവള്‍.
അതിനിടയില്‍ കുഞ്ഞിനെ ഓര്‍ത്തില്ല. ചുറ്റുമുള്ളതൊന്നും ഓര്‍ക്കാനും ചിന്തിക്കാനും കഴിഞ്ഞില്ല. ഒരുമിച്ചു ജീവിച്ചു കൊതി തീര്‍ന്നിട്ടില്ല. ഇണക്കവും പിണക്കവും ഇഴ പിരിഞ്ഞ മധുവിധു നാളുകള്‍ക്കു മങ്ങലേറ്റിട്ടില്ലായിരുന്നു. അനാഥത്വത്തിന്റെ ഇരുണ്ട ഇടനാഴിയില്‍ നിന്നും ആരോരുമില്ലാത്തവളെ ജീവിതത്തിന്റെ വസന്തകാലത്തേക്ക് കൈപിടിച്ചു നടത്തിയത് മുതല്‍ ഇക്കാലമത്രയും ഒരു രാവു പോലും പിരിഞ്ഞിരുന്നിട്ടില്ല. എല്ലാ പിണക്കങ്ങള്‍ക്കും പരിഭവങ്ങള്‍ക്കും ഒറ്റ ചുംബനത്തിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.
അത്തരമൊരു ചെറിയ പരിഭവത്തില്‍ തുടങ്ങിയ അഭിപ്രായ വിത്യാസം ഒരു സൗന്ദര്യ പിണക്കത്തിന്റെ ലാഘവത്തോടെ തന്നെയാണ് അവസാനിച്ചത്. എങ്കിലും എല്ലാം മറന്ന് ഇണങ്ങാന്‍ അടുത്ത് കൂടിയവനെ കപട ഗൗരവത്താല്‍ അവഗണിച്ചു. കൊഞ്ചിയും കെഞ്ചിയും അടുത്ത് കൂടിയിട്ടും കള്ള ചിരിയാല്‍ പരിഭവം നടിച്ചു. അടുത്തു വരുമ്പോഴുള്ള തരളിതഭാവത്തിന്റെ മധുരം അനുഭവിക്കാന്‍ കടക്കണ്ണില്‍ ഒരു കള്ള പരിഭവം കെടാതെ സൂക്ഷിച്ചു.
ഒടുക്കം തോല്‍വി സമ്മതിച്ചു പിണങ്ങി ചിണുങ്ങി മാറി കിടന്ന ആ മുഖം പിന്നെ കണ്ടില്ല. ഒന്ന് മാപ്പ് പറയാന്‍ പോലുമാവാതെ ഒഴുക്കിനെ കൂട്ടുപിടിച്ചു കറുത്ത രാത്രിയുടെ മറവിലെന്നെ തോല്‍പ്പിച്ചിരിക്കുന്നു. ആ ഒഴുക്കിലേക്കൂളിയിടും മുമ്പ് തൊട്ടടുത്തു കിടക്കുന്ന എന്റെ കൈകളിലൊന്ന് കോര്‍ത്ത് പിടിച്ചിരുന്നെങ്കില്‍, അവള്‍ ആഗ്രഹിച്ചു പോയി. ഒന്നായതിന് ശേഷം ഒറ്റയാവാന്‍ പേടിച്ചവളെ വീണ്ടും തനിച്ചായിരിക്കുന്നു. കണ്ണീരു വറ്റിയ കണ്ണുകള്‍ നീറി പുകഞ്ഞു.
ഇങ്ങടെ സൈറക്ക് പിണക്കമില്ലെന്ന് കെട്ടിപ്പിടിച്ചു പറയാന്‍, മതി വരുവോളം ചുംബിക്കാന്‍ ഒരു വിരല്‍ തുമ്പെങ്കിലും കിട്ടിയിരുന്നെങ്കിലെന്നവള്‍ കൊതിച്ചു. നിരാശയാല്‍ ചങ്കില്‍ വേദനയുടെ മിന്നല്‍ പുളഞ്ഞു.
'' ഉമ്മാ.. എനിക്കൊന്ന് മാപ്പ് പറയാനാ ഉമ്മാ. മറ്റൊന്നിനും അല്ല. എനിക്ക് പിണക്കമില്ലെന്ന് പറയാനാ. ഉമ്മാടെ മോന്‍ എന്നെ തോല്‍പ്പിച്ചു ഉമ്മാ. എന്നോട് പൊറുക്കണേന്ന് ഒന്ന് പറയണെ. ഇങ്ങള്‍ പറഞ്ഞ ഇക്ക കേള്‍ക്കും''
അവള്‍ പൊട്ടിക്കരച്ചിലോടെ ഉമ്മയുടെ നെഞ്ചിലേക്ക് തളര്‍ന്നു വീണു. ആ മാതൃ ഹൃദയം അസഹ്യമായ വേദനയാല്‍ തളര്‍ന്നു. പൊള്ളുന്ന അവളുടെ ചുണ്ടുകളില്‍ അപ്പോഴുമാ മന്ത്രം ഉരുവിട്ടു. രാവും പകലും പോരാടാന്‍ അവള്‍ക്ക് ഊര്‍ജം നല്‍കിയ അവ്യക്തമായ മന്ത്രം.
'' ന്നോട് പൊറുക്കണേ ഇക്ക. എനിക്ക് ഇങ്ങളോട് പിണക്കമില്ല. ഇങ്ങടെ സൈറയെ വെറുക്കരുതേ'
അവളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു.