Art and Literature
ഒഡുഫുല
Click the Play button to hear this message in audio format
Art and Literature

ഒഡുഫുല

ശ്രീദേവി മധു
|
14 Sep 2023 8:43 AM GMT

| കഥ

ആന്‍സി ചൂര മീന്‍ കഴുകിയെടുക്കുകയായിരുന്നു. അപ്പോഴാണ് ഒരു തുണ്ടുപേപ്പറില്‍ എഴുതിയ കവിതയുമായി അയാള്‍ കിച്ചണിലേക്ക് ചെല്ലുന്നത്.

' ആന്‍സി ഞാനൊരു ഉഗ്രന്‍ കവിതയെഴുതിയിട്ടുണ്ട്, ഒന്നു വായിക്കട്ടെ...'

ആന്‍സി രൂക്ഷമായി അയാളെ നോക്കി,

'നീയൊന്ന് കേട്ടിരുന്നാ മതി പ്രത്യേകിച്ച് നഷ്ടമൊന്നും സംഭവിക്കാനില്ലല്ലോ?'

'നിങ്ങള്‍ക്ക് തലക്ക് വെളിവില്ലേ എത്ര പറഞ്ഞാലും മനസ്സിലാവില്ലെന്ന് വെച്ചാല്‍... എനിക്ക് നിങ്ങളുടെ പൊട്ടക്കവിതയൊന്നും കേള്‍ക്കുന്നത് ഇഷ്ടമില്ലെന്ന് കെട്ടിയ കാലം തൊട്ട് പറയുന്നതല്ലേ... എന്നാലും വന്നോളും '

മീന്‍ വെള്ളമെടുത്ത് ആന്‍സി കലിപ്പോടെ തെങ്ങിന്‍ ചുവട്ടിലിലേക്ക് ഒഴിച്ചു.

തൊട്ടപ്പുറത്തെ വീട്ടിലെ പരിമളത്തിന്റെ പൂച്ച മീന്‍ മണം കിട്ടി തെങ്ങിന്‍ ചുവട്ടില്‍ വന്ന് പരുങ്ങി നില്‍ക്കുമ്പോഴാണ് നിനച്ചിരിക്കാതെ മീന്‍ വെള്ളത്താല്‍ ആക്രമിക്കപ്പെട്ടത്.

രണ്ടു ചാട്ടവും ഒരു കുടച്ചിലും രോമം എഴുന്നേല്‍പ്പിച്ച് വാല് പൊക്കി അയാളെ നോക്കി രണ്ട് ചീറ്റല്‍...

പ്രേമഭിക്ഷുകിയെന്ന അയാളുടെ തുണ്ടു പേപ്പറിലെ കവിത നനഞ്ഞ പടക്കം പോലെ താഴെ വീണു.

'ഈ പൂച്ചക്കിത് എന്തിന്റെ കേടാ.... അവളല്ലേ മീന്‍ വെള്ളമൊഴിച്ചത് അതിനും തെറിയെനിക്ക് ....'

മീന്‍ മുളകുപുരട്ടുന്ന ആന്‍സിയുടെ അടുത്തേക്ക് അയാള്‍ വീണ്ടും ചെന്നു.

' എന്നതാ ആന്‍സി നീയിങ്ങനെ ദേഷ്യപ്പെടുന്നത് ഞാന്‍ പിന്നെ ആരോടാ ഇതൊക്കെ പറയുന്നത്, '

അയാള്‍ ശോകകഭാവം പൂണ്ട് ചോദിച്ചു.

'ദുഃഖം തീര്‍ക്കാന്‍ ബാറിലേക്ക് ക്ഷണിക്കുന്ന കുറെ പണിയില്ലാത്ത കവികള്‍ ഉണ്ടല്ലോ അവരെ കൊണ്ടുപോയി കേള്‍പ്പിക്ക്. ഇവിടെ മനുഷ്യന് നൂറുകൂട്ടം ജോലിയുള്ളപ്പഴാണ് ഓരോ കൂടോത്രവുമായി വരുന്നത് '

'ആന്‍സി'

അയാള്‍ ശബ്ദമുയര്‍ത്തി വിളിച്ചു.

കവിതയെ കൂടോത്രമെന്ന് ആക്ഷേപിച്ചതില്‍ പതിവില്ലാത്തവണ്ണം അയാള്‍ക്ക് വേദനിച്ചു.

പണ്ടത്തെ സിനിമയിലെ നായികമാര്‍ ചെയ്യുന്ന പോലെ അയാള്‍ മുറിയിലേക്ക് പോയി കട്ടിലില്‍ കമിഴ്ന്ന് കിടന്നു.

മനസ്സിനു യോജിക്കാത്ത ഒരു പങ്കാളിയെ കിട്ടിയതില്‍ അയാള്‍ അന്നും കണ്ണു നിറച്ചു.

വയസ്സ് അറുപത് കഴിഞ്ഞു ജോലിയില്‍ നിന്ന് വിരമിച്ച ശേഷം വീടും പറമ്പുമാണ് ശരണം, ആകെപ്പാടെയുള്ള ഒരു ദുശ്ശീലം മാസത്തിലൊന്ന് കവി സുഹൃത്തുക്കളുടെ കൂടെയിരുന്ന് മദ്യപിക്കും, നാട്ടുവര്‍ത്തമാനവും കവിതയുമായി കൂടുന്ന ആ വൈകുന്നേരങ്ങള്‍ അല്ലാതെ വെറൊരു നേരമ്പോക്കിനും പോകാറില്ല

മൂന്നു മക്കളെയും പഠിപ്പിച്ച് ജോലിക്കാരാക്കി. വിവാഹവും നടത്തി. വിദേശത്താണ് മൂവരും.

പറമ്പിലെ പണികള്‍ എല്ലാം കഴിഞ്ഞ് കുറച്ചു നേരം സ്വന്തം ഭാര്യയുടെ അടുത്ത് സംസാരിക്കാന്‍ ചെന്നാല്‍

വെറെയാരുടെയോ ഭര്‍ത്താവ് അവളോട് ശൃങ്കരിക്കാന്‍ ചെന്നതു പോലെയുള്ള ഭാവമാണ്.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല മുപ്പത്തഞ്ചു കൊല്ലം കഴിഞ്ഞിരിക്കുന്നു ഇത് സഹിക്കാന്‍ തുടങ്ങിയിട്ട്.

മൂന്ന് പിള്ളേര് ജനിച്ചു കഴിഞ്ഞതില്‍ പിന്നെ ഒന്നു തൊടാന്‍ ചെന്നാലും അപരാധം ചെയ്ത ഭാവം.

ദേഷ്യം വന്ന ഒരു ദിവസം, 'നിനക്ക് വല്ല കന്യാസ്ത്രീ മഠത്തിലും പോയി ചേര്‍ന്നൂടായിരുന്നോ ഇങ്ങനെ മനുഷ്യനെ പറ്റിക്കണ്ട കാര്യമുണ്ടോ' എന്നൊന്നു ചോദിച്ചു പോയി. രണ്ടാഴ്ച കഴിഞ്ഞാണ് അവളൊന്നുമിണ്ടിയത്, ഭക്ഷണം പോലും തനിയെ എടുത്ത് കഴിക്കേണ്ടി വന്നു.

പനിയോ മറ്റോ വന്ന് കിടപ്പിലായാല്‍

'ആന്‍സിയെ ഒന്നടുത്ത് വന്നിരിക്ക്, ഒരു തുണി നനച്ച് നെറ്റിയില്‍ ഇട്ട് താ'

എന്നെങ്ങാനും പറഞ്ഞാല്‍

' നിങ്ങളെ ഡോക്ടറെ കാണിച്ചതല്ലേ ടാബലറ്റും തന്നിട്ടുണ്ട് അതും കഴിച്ച് വായിട്ടലക്കാതെ അടങ്ങിക്കിടക്ക് മനുഷ്യ' എന്നും പറഞ്ഞ് അവള്‍ അടുക്കളയിലേക്ക് മല മറിക്കാന്‍ പോകും.

എന്നാല്‍, അവള്‍ക്ക് പനി വന്നാല്‍ വിക്‌സ് നെറ്റിയില്‍ പുരട്ടിയും, ഗുളികയെടുത്ത് കൊടുത്തും പുതപ്പിച്ചും കൂടെയിരിക്കും,

അപ്പോഴും പറയും

''നിങ്ങളപ്പുറത്ത് പോയിരിക്ക് മനുഷ്യനേ, പനി പകര്‍ത്തുവാന്‍ ഒട്ടിപ്പിടിച്ച് ഇരിക്കാന്‍ വന്നേക്കുന്നു,

പോയെന്ന് '

ആട്ടിപ്പായിക്കും,

എല്ലാ ഭാര്യമാര്‍ക്കും അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍ സഹായിക്കുന്നതും, പിന്നിലൂടെ ചെന്നൊന്ന് കെട്ടിപ്പിടിക്കുന്നതും ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട് അങ്ങനെയൊന്ന് ചെയ്തതിന് ഒരു മാസം മുഖം കോരു കൊട്ട പോലെയാക്കി മാറിക്കിടന്നു.


'എന്റെ ആന്‍സി നീയെന്റെ ഭാര്യയല്ലേ നിന്നെയല്ലാതെ അപ്പുറത്തെ ജോസേട്ടന്റെ ഭാര്യയെപ്പോയി കെട്ടിപ്പിടിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു.

അതിനവളുടെ മറുപടി

' നിങ്ങളെ ഡോക്ടറെ കാണിക്കേണ്ട സമയം അതിക്രമിച്ചു വയസ്സാംകാലത്ത് ഒരു മുതുകൂത്ത്, നാണമില്ലല്ലോ മനുഷ്യനെ നിങ്ങള്‍ക്ക്.'

പലപ്പോഴും അവളറിയാതെ മിഴിനീര്‍ തുടച്ച് ഉറങ്ങാതെ കിടക്കും' സ്‌നേഹത്തോടെയുള്ള ഒരു നോട്ടം, ഒരു കരുതല്‍ ഒരു തൊടല്‍ അതൊന്നും നല്ല പ്രായത്തുപോലും ഉണ്ടായിട്ടില്ല.

മൂത്ത മകന്‍ രണ്ട് മൊബൈല്‍ ഫോണ്‍ അയച്ചു തന്നു.

ഫേസ്ബുക്കും, വാട്ട്‌സാപ്പും, യൂടൂബും, പപ്പയുടെയും മമ്മിയുടെയും ബോറടി മാറ്റാന്‍ നല്ലതാണെന്ന് പറഞ്ഞു.

ആന്‍സിക്ക് അതത്ര പിടിച്ചില്ല,

പൈസ കളയാന്‍ ആയിട്ട്, ലാന്‍ഡ് ഫോണ്‍ ഉള്ളപ്പം ഒരെണ്ണം വാങ്ങിച്ചാല്‍ പോരായിരുന്നോയെന്ന് ചോദിച്ച് മകനെ വിരട്ടി.

ഫേസ്ബുക്കില്‍ കുറച്ചു നേരം നോക്കിയിരുന്നപ്പോള്‍ അതില്‍ സാത്താന്റെ സാന്നിധ്യമുണ്ടെന്ന് പറഞ്ഞ് അത് കളഞ്ഞു.

വാട്ട്‌സാപ്പ് കളയരുതെന്ന ഉഗ്രശാസനം മകന്‍ കൊടുത്തതു കൊണ്ട് അതു കളഞ്ഞില്ല.

ഒരു നികൃഷ്ടജീവി മേശപ്പുറത്തിരുന്ന് ചിലക്കുന്നതു പോലെയാണ് ബെല്ലടി കേട്ടാല്‍ അവളുടെ ഭാവം ....

മക്കള്‍ വിളിച്ചാല്‍ മാത്രം ആ മുഖത്ത് പനിനീര്‍ പുഷ്പം വിടരും, അല്ലാത്ത ആരു വിളിച്ചാലും മുഖം കടന്നല്‍ കുത്തേറ്റതു പോലെയാണ്.

ഫേസ്ബുക്ക് കിട്ടിയതോടെ അതിലെ നിമിഷ കവികളുടെ കവിതകള്‍ വായിച്ചും പഴയ സൗഹൃദങ്ങള്‍ മിനുക്കിയെടുത്തും ദിവസങ്ങള്‍ക്ക് ഒരു ഉത്സാഹമൊക്കെ വന്നു.

ആന്‍സിയുടെ അവഗണനയുടെ മുറിവിന് ആഴം കൂടുമ്പോള്‍ എല്ലാം മറക്കാന്‍ രണ്ട് പെഗ്ഗ് കൂടുതല്‍ കഴിക്കാറുണ്ട്. പക്ഷേ, അത് ബുമെറാങ്ങ് പോലെ തിരിച്ചു വരികയാണ് ചെയ്യുക, എന്നാല്‍, ഈ മുഖപുസ്തകത്തിലാണ്ട് കഴിഞ്ഞപ്പോള്‍ ആന്‍സിയെക്കുറിച്ചുള്ള ചിന്ത പോലും ഇല്ലാണ്ടായി.

അങ്ങനെയിരിക്കുമ്പോഴാണ് മെസഞ്ചറില്‍ ഒരു മദാമ്മ പെണ്‍കുട്ടി റിക്വസ്റ്റുമായി വരുന്നത് - കാണാന്‍ പാവക്കുട്ടിയെപ്പോലെ, കൂട്ടുകാരായപ്പോള്‍ അവള്‍ മുടങ്ങാതെ ഗുഡ്‌മോണിംഗും ഗുഡ്‌നൈറ്റും അയച്ചു. ഇടക്ക് ഡാര്‍ലിംഗ് എന്നൊരു വിളി. അത് കേള്‍ക്കുമ്പോള്‍ ദേഹമാസകലം കുളിരു കോരും. പാട്ടുപാടി പാടിത്തരുക തമാശ പറയുക, എന്തെങ്കിലും അങ്ങോട്ടു പറഞ്ഞാല്‍ Love you പറയും, ഇടക്കിടെ ഇമോജികള്‍ ലൗവ് സിംബല്‍ .... ഒന്നല്ല ഒരു പാട് ലഡു മനസ്സില്‍ പൊട്ടിക്കൊണ്ടിരുന്നു.

ആഴ്ച ഒന്ന് കഴിഞ്ഞപ്പോള്‍ അവള്‍ക്ക് ഫോട്ടോ കാണണമെന്ന് പറഞ്ഞു. ഒരു ഫാമിലി ഫോട്ടോ അയച്ചുകൊടുത്തു, അതില്‍ അവള്‍ പരിഭവം കാണിച്ചു.

'നിങ്ങള്‍ എന്റെ ലൗവറാണ് നിങ്ങളുടെ മാത്രം ഫോട്ടോ മതി ,'

ഞാനൊരു ഓള്‍ഡ്മാനാണ് എന്നൊക്കെ പറഞ്ഞങ്കിലും അവള്‍ പറഞ്ഞു, പ്രായം ഒരു നമ്പറല്ലേ അതിലൊരു കാര്യവുമില്ല, എനിക്കു നിങ്ങളുടെ മനസ്സിനെയാണ് ഇഷ്ടമെന്ന്.

അതുകേട്ടപ്പോള്‍ മകളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടിയാണത് പറയുന്നതൊന്നും ചിന്തിച്ചില്ല. മഴക്ക് കാത്തിരുന്ന വേഴാമ്പലിനെപ്പോലെ അവളുടെ സ്‌നേഹ വചനങ്ങള്‍ ഹൃദയത്തിലേക്ക് ഏറ്റെടുത്തു.

കാരണം, കോളജ് കാലത്ത് ഒന്നു രണ്ടു വണ്‍വേ പ്രേമം ഉണ്ടായതല്ലാതെ ഇങ്ങോട്ടു വന്ന് ആരും I love you പറഞ്ഞിട്ടില്ല,

മരുഭൂമിയിലെ മരീചിക പോലെ ആ സുന്ദരിമദാമ്മ പെണ്‍കുട്ടി വിസ്മയിപ്പിച്ചു കൊണ്ടേയിരുന്നു.

അവള്‍ ഫോട്ടോസ് അയച്ചു കൊണ്ടിരുന്നു. പക്ഷേ, തിരിച്ച് ഫോട്ടോ അയക്കാന്‍ വല്ലാത്ത ജാള്യം. വയസ്സായിപ്പോയല്ലോ എന്ന കുണ്ഡിതം.

'' 7 billion people in the world But - My heart choose you.... '

അവളുടെ മെസേജ് വായിച്ചു കഴിയുമ്പോള്‍ ആനന്ദം കൊണ്ട് പൂത്തു വിടരും, ആന്‍സിയോട് പക തീര്‍ക്കുന്നതു പോലെ ഒരു ഫീല്‍, സ്‌നേഹം കൊതിച്ച് കൊതിച്ച് ചെല്ലുമ്പോള്‍ ഒരു തരിമ്പും തരാതെ പലപ്പോഴും ആട്ടിപ്പായിച്ച് കരയിപ്പിച്ച് വിട്ടതാണ് ഭാര്യ'..

നോക്കൂ, സുന്ദരിയായ ഒരു മദാമ്മപ്പെണ്‍കുട്ടി എന്നെ ആഴത്തില്‍ സ്‌നേഹിക്കുന്നു. എനിക്ക് വില്യംവേഡ്‌സ് വര്‍ത്തിന്റെ കവിത ചൊല്ലിത്തരുന്നു, എന്റെ മലയാള കവിതകള്‍ കേള്‍ക്കുന്നു.. നൈസ് നൈസ് എന്നു പറയുന്നു....

ക്രിസ്റ്റീനയെന്ന മദാമ്മക്കുട്ടിയുടെ നൂറു നൂറു കിസ്സുകളില്‍ ആന്‍സി അപ്പൂപ്പന്‍ താടി പോലെ പറന്നു പോയി.


'നിങ്ങള്‍ക്കിപ്പം ആ സാത്താന്റെ പ്രലോഭനം കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നുവല്ലോ, എപ്പോഴും ആ കുന്തോം ആയിട്ട് ആലോചിച്ച് ഇരിപ്പാണല്ലോ, '

അവളറിയാതെ അയാള്‍ ക്രിസ്റ്റീനയുടെ Kssi all delete ചെയ്തു,

ഒരു ദിവസം പുലര്‍ച്ചേ ക്രിസ്റ്റീനയുടെ മെസേജ്,

ഡാര്‍ലിംഗ് ഞാന്‍ നിങ്ങള്‍ക്കായ് ഒരു പാട് സമ്മാനങ്ങള്‍ പര്‍ച്ചേസ് ചെയ്തു, അടുത്ത അവധിക്ക് ഞാന്‍ നിങ്ങളെ കാണാന്‍ വരികയാണ്. കേരളം ഫുള്‍ കറങ്ങണം. ഹോട്ടലില്‍ റും എടുക്കാനുള്ള ക്യാഷ് വരെ ഞാനയക്കുന്നുണ്ട്.

നിങ്ങള്‍ ആഗഹിച്ച ഗിഫ്റ്റുകള്‍ എല്ലാം ഉണ്ട്. ഹാപ്പിയായി ഇരിക്കൂ. ഉടനെ ഞാനെത്തും, അതിനു മുന്‍പ് ഞാനയച്ച സമ്മാനങ്ങള്‍ കൈപറ്റണം.

അയാള്‍ സന്തോഷം കൊണ്ട് മതി മറന്നു.

പക്ഷേ, ഹോട്ടല്‍ മുറിയില്‍ അത് വേണ്ടാ ആരെങ്കിലും അറിഞ്ഞാല്‍, ആന്‍സിയറിഞ്ഞാ കഷ്ണിച്ച് പന്നിക്ക് ഇട്ടു കൊടുക്കും.

എന്തു ചെയ്യും മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ.

പാഴ്‌സല്‍ കൊറിയര്‍ ചെയ്തിട്ടുണ്ട്, അവര്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കണം.

'Yess dear ' എന്ന് മറുപടി കൊടുത്തു.

ലാപ്‌ടോപ്പ്, വില കൂടിയ മൊബെല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ സുഗന്ധദ്രവങ്ങള്‍ ക്യാഷ് എല്ലാമടങ്ങിയ കൊറിയറാണ്, വാങ്ങാതെ ഇരിക്കരുതെന്ന് ക്രിസ്റ്റീന പലയാവര്‍ത്തി പറഞ്ഞിട്ടുണ്ട്. അയാള്‍ തല പുകഞ്ഞ് ആലോചിച്ചു കൊണ്ടിരുന്നു. ആന്‍സിയോട് പറയേണ്ടുന്ന കള്ളങ്ങളെപ്പറ്റി.

ഡല്‍ഹിയില്‍ നിന്നൊരു കോള്‍ അയാള്‍ക്ക് വന്നു. നിങ്ങള്‍ക്കൊരു കൊറിയര്‍ ഉണ്ട്.

പ്രതീക്ഷിച്ചിരുന്നതാണ് അയാള്‍ കിളി ശബ്ദത്തിന് മറുപടി പറഞ്ഞു.

കിളി ശബ്ദം വീണ്ടും പറഞ്ഞു.

'35,000 രൂപ കെട്ടിയാല്‍ ഉടനെ സമ്മാനം നാട്ടിലേക്ക് അയക്കുന്നതാണ്.'

അയാളുടെ തലമണ്ടക്ക് തട്ടു കിട്ടിയ പോലെ പകച്ചിരുന്നു

അയാള്‍ ഉടനെ ക്രിസ്റ്റീനക്ക് മെസേജ് അയച്ചു.

അവള്‍ നിസ്സാരമായി പറഞ്ഞു 35,000 കൊടുത്താലെന്താ ലക്ഷങ്ങളുടെ സമ്മാനമാണ് കയ്യിലെത്തുന്നത്.

നമ്മുടെ ഡ്രീം സഫലമാക്കാനല്ലേ ഡിയര്‍, വേഗം ക്യാഷ് അടച്ച് സമ്മാനം വാങ്ങു.

എന്നാലും 35,000 ഇതു കേട്ടാല്‍ ആന്‍സി വെളിച്ചപ്പാടാകും, ആന്‍സിയറിയാതെ ഒരു രൂപ എടുക്കാന്‍ പറ്റില്ല, പത്ത് രൂപക്ക് വരെ അവള്‍ എള്ളു കീറി കണക്ക് പറയും. എന്തെങ്കിലും ആവശ്യത്തിന് ആന്‍സിയാണ് പൈസ തരിക. കള്ളത്തരം കാണിച്ചാല്‍ അവള്‍ കൈയോടെ പൊക്കും, പിന്നെ മാസങ്ങളോളം മനഃസമാധാനമില്ലാതെ നടക്കേണ്ടി വരും.

ക്രിസ്റ്റീനയെ പിണക്കാനും വയ്യ.

ഒടുവില്‍ അയാള്‍ അവളോട് 35,000 അടക്കാനുള്ള ക്യാഷും കൂടി അവര്‍ക്ക് അയച്ചു കൊടുക്കാമോയെന്ന് മടിച്ച് മടിച്ച് ചോദിച്ചു.

അവള്‍ വീണ്ടും ക്യാഷ് കൊടുത്താല്‍ കിട്ടുന്ന സൗഭാഗ്യങ്ങളെപ്പറ്റി പറഞ്ഞു.

അയാള്‍ അതിന് വഴങ്ങുന്നില്ലന്ന് കണ്ട് അവള്‍

'സ്റ്റുപ്പിഡ്' എന്നലറി.

കുളിര്‍ മഴയയായി കാതില്‍ വീണ മൃദ്യുഭാഷണങ്ങള്‍ക്ക് പകരം അവള്‍ തെറികള്‍ ആല്‍ഫാബെറ്റ് ഓര്‍ഡറില്‍ പറഞ്ഞു തുടങ്ങി, അയാള്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെയുള്ള തെറികള്‍ കേള്‍ക്കുന്നത്. കണ്ണു തള്ളി നടുങ്ങി വിവശതയോടെ അയാള്‍ സെറ്റിയിലേക്ക് വീണു.

പിന്നെ അയാള്‍ ക്രിസ്റ്റീനയെന്ന സുന്ദരിയെ തിരഞ്ഞെങ്കിലും പൊടിപോലുമുണ്ടായില്ല കണ്ടു പിടിക്കാന്‍,

അയാളെ ബ്ലോക്ക് ചെയത് അവള്‍ അടുത്ത ഇരയെ പിടിക്കാന്‍ പോയിരുന്നു.

കവിസുഹൃത്തുക്കള്‍ക്കൊപ്പം സായാഹ്ന കൂടിച്ചേരലില്‍ രണ്ട് പെഗ്ഗ് കൂടുതല്‍ കഴിച്ചപ്പോള്‍ അയാള്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞ് മൂന്നാഴ്ചയോളം നീണ്ടു നിന്ന പ്രണയത്തെപ്പറ്റി അയാള്‍ സുഹൃത്തുക്കളോട് പങ്കുവെച്ചു.

സുഹൃത്തുക്കളുടെ പൊട്ടിച്ചിരിയില്‍ അയാള്‍ അന്തം വിട്ട് കരച്ചില്‍ നിര്‍ത്തി.

'ഔസേപ്പച്ചയാന്റെ മുപ്പത്തയ്യായിരമിപ്പോള്‍ കാക്കച്ചി കൊത്തിപ്പോയെനെ.... അയ്യോ കാക്കച്ചി കൊത്തിപ്പോയെനെ ... '

കവി സുഹൃത്തായ ഭാസി കവിത പോലെ ചൊല്ലിക്കൊണ്ട് ഡസ്‌കില്‍ താളമടിച്ചു.

'ഇങ്ങനെയുള്ള

''ഒഡുഫുല'കള്‍ക്ക് ഇതല്ല ഇതിലപ്പുറം പറ്റും... എടോ ഇതിനുള്ളില്‍ ഇഷ്ടം പോലെ ചതിക്കുഴികള്‍ ഉണ്ട്.... സൂക്ഷിച്ച് കളിക്കണം...

കൈമള്‍ സ്‌പ്രൈറ്റ് ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊണ്ട് പറഞ്ഞു.

ഔസേപ്പച്ചായന്‍ മേശപ്പുറത്തിരുന്ന ബാക്കിയായ ബക്കാര്‍ഡി എടുത്ത് കുടിച്ചിട്ട് കണ്ണ് തുടച്ച് ടേബിളില്‍ തല ചായ്ച്ച് കിടന്നു.

കവി സുഹൃത്തുക്കളുടെ പാരടിപ്പാട്ട് ഉച്ചത്തിലായി അയാള്‍ക്കും ചുറ്റും കരകാട്ടം നടത്തിക്കൊണ്ടിരുന്നു.

*ഒഡുഫുല - വയസ്സനായ വിഡ്ഢി

*************

വര: ശ്രീദേവി മധു


Similar Posts