ഹെയര്‍ക്ലിപ്പ്
|| കഥ
'ഇതല്ല. വളരെ നേരീയകമ്പി കൊണ്ടുണ്ടാക്കിയതാ. മുത്തൊക്കെയുള്ളത്. അതിലെ ബട്ടര്‍ഫ്‌ളൈസിന്റെ ചിറകുകള്‍ കാറ്റത്തിളകും. നല്ല ഭംഗിയാണ്. തലമുടിയില്‍ ഇങ്ങനെ അള്ളിപ്പിടിച്ചിരിക്കുന്നതുപോലെയാ. നടക്കുമ്പോ അതിലെ ചിറകുകള്‍ ഇങ്ങനെ പറക്കുന്നതുപോലെ തോന്നും. ആ ടൈപ്പ് ഹെയര്‍ക്ലിപ്പാണ് ചോദിച്ചത്'.
പൂമ്പാറ്റച്ചിറകുകള്‍പോലെ ഉയര്‍ന്നുവന്ന ബഷീര്‍ക്കയുടെ പുരികങ്ങള്‍, എന്റെ വിശദമായ വിവരണത്തെ സാധൂകരിക്കുന്നതായിരുന്നു.
'ഓഹ് അതോ; അതൊക്കെ പഴയ ഫാഷനല്ലേ മോളേ. ഇപ്പോ അതൊക്കെ ഉണ്ടോ ആവോ. കണ്ടുപിടിക്കാന്‍ പ്രയാസാ. ന്നാലും പഴയസ്റ്റോക്കില്‍ കാണുമോന്ന് നോക്കട്ടെ. നിക്ക് '
അദ്ദേഹത്തിന്റെ മറുപടിയില്‍, പൂമ്പാറ്റയെ 'പിടികിട്ടിയ' എന്റെ സംതൃപ്തി കൂടി നിറഞ്ഞിരുന്നു. അറിയാവുന്ന ഇംഗ്‌ളീഷും, ഹിന്ദിയും, അറബിയും ചേര്‍ത്തുള്ള എന്റെ ആദ്യ വിശദീകരണത്തില്‍ പരാജയപ്പെട്ട, ഫിലിപ്പിനി പയ്യനോട്, ബഷീര്‍ക്ക അറബിയില്‍ 'പൂമ്പാറ്റക്ലിപ്പിനെ' വര്‍ണ്ണിച്ചുകൊടുക്കുമ്പോള്‍ അവന് ഞാനെന്റെ വിജയസ്മിതം കൈമാറാനും മറന്നില്ല. തിരികെ അവനെനിക്കൊരു പുഞ്ചിരി എറിഞ്ഞുതന്നതില്‍ ചെറിയൊരു പുച്ഛം തുളുമ്പി നിന്നിരുന്നു. എങ്ങനെ പുച്ഛം നിറയാതിരിക്കും. ഉരുണ്ട ചോക്‌ളേറ്റ്, നീളന്‍ ചോക്ലേറ്റ്, സ്വര്‍ണ്ണക്കവറില്‍ പൊതിഞ്ഞ ചോക്ലേറ്റ്, ക്രിസ്പി ചോക്ലേറ്റ് അങ്ങനെഓരോന്നും എവിടെ എന്ന് ചോദിച്ചു ചോദിച്ച് അവന്റെ ക്ഷമ നശിച്ചുകാണും.
'അവന്‍ അത് തപ്പിനോക്കിയിട്ട് വരട്ടെ അപ്പോഴേക്കും വേറെ എന്തെങ്കിലും വാങ്ങാനുണ്ടെങ്കില്‍ മോള് വാങ്ങിക്കോ' എന്നുള്ള നിര്‍ദേശം നല്‍കി ബഷീര്‍ക്ക നടന്നകലുമ്പോള്‍ ആ വലിയ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഏത് കോണിലേക്ക് നീങ്ങണം എന്ന് നിശ്ചയമില്ലാത്ത മനസ്സുംഞാനും അവിടെതന്നെ നിന്നു.
ഏഴു വര്‍ഷത്തെ പ്രവാസത്തിനുശേഷം അറബിനാടിനോട് വിട പറയുമ്പോള്‍ കൂടെ കൂട്ടാന്‍ അത്തര്‍ മണങ്ങള്‍ക്കും, ചോക്ലേറ്റ്‌ബോക്‌സുകള്‍ക്കുമൊപ്പം കുട്ടിക്കാലത്തെ ചില പിടിവാശികളും മോഹങ്ങളും കൂടി ലിസ്റ്റിട്ടിരുന്നു.
നീണ്ട ലിസ്റ്റ് കണ്ടപ്പോള്‍തന്നെ ആഷിക്ക കലിതുള്ളി
' ന്റെ ജൂമീ എന്തിത്? ഇതൊക്കെ ഇപ്പോ നാട്ടിലും കിട്ടും.'
'ന്നാലും ഗള്‍ഫില്‍ത്തെ സാധനങ്ങള്‍ക്കൊക്കെ ഇച്ചിരി പവറ്ണ്ടാവും ഇക്കാ അതല്ലേ. എനിക്കിതൊക്കെ വാങ്ങണം. പ്ലീസ് '
എന്റെ വാക്കുകളില്‍ ഒളിപ്പിച്ചുവച്ച പ്രതികാരച്ചുവ, ഇക്കാക്ക് പിടികൊടുക്കാതെ വാക്യങ്ങളില്‍ തന്നെ ഒളിച്ചിരുന്നു.
അവസാനത്തെ പ്ലീസില്‍ ഇക്കായ്ക്ക് സുല്ലിടേണ്ടി വന്നു.
'ന്നാ ഒരു കാര്യംചെയ്യാം. നിന്നെ ഞാന്‍ ബഷീര്‍ക്കാടെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇറക്കിത്തരാം. എന്താ വേണ്ടേന്നുവച്ചാ വാങ്ങീട്ട് എന്നെ വിളിച്ചാമതി. അല്ലാതെ ഇതൊരു നടയ്ക്കുപോവില്ല. ഞാന്‍ ബഷീര്‍ക്കായെ വിളിച്ചുപറഞ്ഞോളാം '
ബഷീര്‍ക്കയുടെ സഹായത്താല്‍ ലിസ്റ്റിലെ സാധനങ്ങള്‍ ഒരുവിധം ബാസ്‌ക്കറ്റില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ലിസ്റ്റില്‍ എഴുതാത്തതും മനസ്സില്‍ കുറിച്ചിട്ടതുമായ ആ പൂമ്പാറ്റകളും കൂടി കിട്ടിയാല്‍ മതി. അപ്പോളേക്കും സോയമോള്‍ അവളുടെ ടെഡി സെക്ഷന്‍ കയ്യേറിക്കഴിഞ്ഞിരുന്നു. മൂന്നു വയസ്സുകാരിയുടെ കയ്യില്‍ കൊള്ളാവുന്നതില്‍ അധികം ടോയ്‌സ്‌കൊണ്ട് അവള്‍ ബാസ്‌കറ്റ് നിറക്കുന്നത്കണ്ടപ്പോള്‍, എഴുതിത്തേഞ്ഞ കുഞ്ഞുചോക്കു പെന്‍സില്‍ ഭദ്രമായി കൈക്കുള്ളില്‍ വച്ചുനടന്നിരുന്ന എന്നിലെ പഴയ അഞ്ചുവയസ്സുകാരിയെ ഓര്‍മ വന്നു.
അതേ. ബഷീര്‍ക്ക പറഞ്ഞതുപോലെ അതൊരു 'പഴയഫാഷന്‍' തന്നെയാണ്. ഒരു ഇരുപത് വര്‍ഷം പഴയത്. ആ ഓര്‍മകള്‍ക്കും നോവിനും അത്ര തന്നെ പുതുമയും ഉണ്ട്.
ചെറീമ്മയുടെ രണ്ടു വയസ്സുകാരി മകളുടെ ചുരുള്‍മുടിയിലിരുന്ന് ആ പൂമ്പാറ്റക്ലിപ്പ് ഇപ്പോളും ചിറകുകള്‍ വിടര്‍ത്തി എന്നിലെ അതേ അഞ്ചുവയസ്സുകാരിയെ നോവിപ്പിക്കുന്നുണ്ട്.
ഗള്‍ഫില്‍ നിന്നെത്തിയ ഉപ്പാടെ അനിയനെ കാണാന്‍ കുഞ്ഞനിയന്റെ കൈയ്യും പിടിച്ച് ഒരഞ്ചുവയസ്സുകാരി, അന്ന് ചെറ്യുപ്പയുടെ വീട്ടിലേക്ക് കയറിച്ചെന്നത് വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ചോക്ലേറ്റ്മധുരം ഉള്ളാലെ നുണഞ്ഞുകൊണ്ടാണ്.
മുറിക്കകത്തെ കട്ടിലില്‍ നിരത്തിയിട്ടിരുന്ന അനേകം 'ഗള്‍ഫ് സാധനങ്ങള്‍'. അവയില്‍നിന്നും വരുന്ന ഗള്‍ഫ്‌സുഗന്ധമാകട്ടെ ആ മുറിയാകെ പടര്‍ന്നിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത കളിപ്പാട്ടങ്ങള്‍ക്കും, തുണിക്കെട്ടുകള്‍ക്കും, ചോക്ലേറ്റ് ബോക്‌സുകള്‍ക്കുമിടയില്‍ അനുവാദമില്ലാതെ കണ്ണുകള്‍ പറന്നുനിന്നത്, നേര്‍ത്ത സ്വര്‍ണ്ണക്കമ്പിയില്‍ മുത്തുകള്‍കോര്‍ത്ത ചിറകുകളുള്ള ഒരു പിങ്ക്പൂമ്പാറ്റയിലാരുന്നു. ആ ചിറകുകള്‍ തൊടാനുയര്‍ന്ന എന്റെ കൈകളെ മനസ്സിലാക്കിയപ്പോളാവണം ചെറീമ്മയുടെ ശാസനസ്വരം ആ മുറിയാകെ മുഴങ്ങിയത്.
'ജൂമീ നീ അവനേയുംകൂട്ടി വരാന്തയില്‍ പോയിരിക്ക്. ഞങ്ങള്‍ ഇതൊക്കെ ഒതുക്കിയിട്ടുവരാം'. കൈയിലേക്ക് വച്ചുതന്ന രണ്ടു ചോക്ലേറ്റ് മിഠായികള്‍ അന്ന് ആ രണ്ടു കുരുന്നുകള്‍ക്ക് ആത്മാഭിമാനമെന്തെന്ന് മനസ്സിലാക്കിത്തന്നു.
'രണ്ടിനും മര്യാദ എന്നതില്ല. എങ്ങനെ ഉണ്ടാവാനാ ചോത്തിയുടെ മക്കളല്ലേ ' അടയുന്ന വാതിലിനപ്പുറം കേള്‍ക്കുന്ന ചെറീമ്മയുടെ ശബ്ദത്തിലും, ചെറ്യുപ്പയുടെ ചിരിയിലും അടങ്ങിയ പരിഹാസം മനസ്സിലാകാതെപോയ 'ചോത്തിയുടെ മക്കള്‍'. മതം മാറിക്കഴിഞ്ഞിട്ടും 'ചോത്തി' വിശേഷണപ്രിയയാകുന്നു. മതപരിവര്‍ത്തനം കൊണ്ടുപോലും പരിവര്‍ത്തനം ഏല്‍ക്കാത്ത സമൂഹം.
ഒരുപക്ഷേ അന്നുമുതലാവാം അവഗണനയുടെ തീച്ചൂളകള്‍ ഹൃദയം പൊള്ളിക്കാന്‍ തുടങ്ങിയത്. കണ്‍മുന്നില്‍ ചില വാതിലുകള്‍ അടയുന്നതിന്റെ പൊരുള്‍ തേടിപ്പോകാന്‍ തുടങ്ങിയത്. 'സങ്കരയിനങ്ങള്‍ക്ക്' പരിഗണന കിട്ടാത്തതിന്റെ കാരണം മനസ്സിലായിത്തുടങ്ങിയത്.
'സങ്കരയിനങ്ങള്‍'... മിശ്രവിവാഹത്തിലെ സന്തതികള്‍ക്ക് ഇതിലും നല്ലൊരു വിശേഷണം ഉണ്ടോ?.
'ഉപ്പ മുസ്‌ലിമും ഉമ്മി ഹിന്ദുവും ആണല്ലേ.. അപ്പോ നീയൊരു നസ്രാണിയെ കെട്ടിക്കോ. അപ്പോ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാല്ലോ ' സൗഹൃദങ്ങള്‍ക്കിടയിലെ പല പരിഹാസങ്ങളും ആസ്വദിക്കാന്‍ കഴിയാതെ പോയതും, ഉള്ളറകളില്‍ ഉറങ്ങിക്കിടക്കുന്ന പക്വതയെത്താത്ത അതേ 'സങ്കരയിന'വിചാരം കൊണ്ടുതന്നെയല്ലേ.
മതസൗഹാര്‍ദത്തിന്റെ വീമ്പുപറഞ്ഞു പ്രകീര്‍ത്തിക്കുന്ന മിശ്രവിവാഹങ്ങളോട്, സര്‍വ്വോപരി പ്രണയവിവാഹങ്ങളോട് പരമപുച്ഛമടക്കി ജീവിക്കാന്‍ പഠിപ്പിച്ച ജീവിതം. വര്‍ഗീയതയെ ചോദ്യം ചെയ്യുന്ന വിപ്ലവാത്മകമായ മിശ്രവിവാഹങ്ങള്‍, പക്ഷേ കുടുംബബന്ധങ്ങളിലേക്ക് പടരുമ്പോള്‍ മേല്‍പ്പറഞ്ഞ വിപ്ലവങ്ങള്‍ പ്രഹസനം മാത്രമാകുന്നു. കാലങ്ങള്‍ക്കിപ്പുറവും കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാവാത്ത വിപ്ലവ പ്രഹസനങ്ങള്‍.
പൂമ്പാറ്റക്ലിപ്പില്‍ നിന്ന് വിപ്ലവത്തിലേക്ക് കുടിയേറിയ എന്റെ ചിന്തകളെ കുടിയിറക്കിക്കൊണ്ടാണ് ആ ഫിലിപ്പിനി ഹെയര്‍ക്ലിപ്പും പൊക്കിപ്പിടിച്ചുകൊണ്ടുവന്നത്. പൊടിപിടിച്ച് നിറം മങ്ങിയവയെങ്കിലും എന്റെ കണ്ണുകളില്‍ അവയ്ക്ക് തിളക്കമേറെയായിരുന്നു.
ഒരു സ്ട്രാപ്പില്‍ പല വര്‍ണ്ണത്തില്‍ അഞ്ചു ക്ലിപ്പുകള്‍. ചിലതിന്റെ വര്‍ണ്ണക്കല്ലുകള്‍ ഇളകിപ്പോയിരുന്നു. ചിലതിന്റെ കമ്പികള്‍ അടര്‍ന്നും. എങ്കിലും ഉപോയോഗയോഗ്യമായ രണ്ടെണ്ണം ഞാന്‍ തെരഞ്ഞെടുത്തു.
ഒരെണ്ണം മഞ്ഞനിറത്തിലുള്ളതും മറ്റൊന്ന് വയലറ്റ് നിറത്തിലുള്ളതും.
വയലറ്റ് ക്ലിപ്പുമായി തിരക്കൊഴിഞ്ഞ മൂലയിലെ ചില്ലുകണ്ണാടിയ്ക്ക് മുന്നില്‍നിന്ന് തലയിലെ സ്‌കാഫിനു മുകളിലൂടെ ക്ലിപ്പ് മുടിയില്‍ തിരുകി ഞാന്‍ ഭംഗി നോക്കുമ്പോള്‍ ആശ്ചര്യചകിതരായ നാലു കണ്ണുകള്‍ എന്നെത്തന്നെ മിഴിച്ചുനോക്കുകയായിരുന്നു.
എന്റെ രൂക്ഷനോട്ടത്തില്‍ പകച്ചുപോയ ഫിലിപ്പിനി പയ്യന്‍ അവിടെ നിന്നു തടിതപ്പിയപ്പോളും സോയക്കുട്ടി കൗതുകം വിട്ടൊഴിയാതെ കയ്യടിച്ചു ചിരിച്ചുകൊണ്ടിരുന്നു. അന്നേരം ചില്ലു കണ്ണാടിയിലെ വയലറ്റ് പൂമ്പാറ്റ എന്റെ തലയില്‍ നിന്നും പറന്നുപറന്ന് സോയമോളുടെ ചുരുണ്ടമുടിയില്‍ സ്ഥാനംപിടിച്ചിരുന്നു. സ്വപ്നങ്ങളുടെയും, ആഗ്രഹങ്ങളുടെയും ചിറകുകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന രസതന്ത്രം.
എന്നോ മോഹമായി മനസ്സില്‍കയറിപ്പറ്റിയ പൂമ്പാറ്റകളാണ് ഉള്ളംകൈയ്യില്‍. കൈപ്പിടിയില്‍ ഒതുങ്ങുന്നതുവരെയേ മോഹങ്ങളില്‍ കൗതുകമുണ്ടാവൂ എന്ന് ദ്യോതിപ്പിച്ചുകൊണ്ട് അവയുടെ നിറം മങ്ങിനില്‍ക്കുന്നു. വെറും ഒരു ഹെയര്‍ക്ലിപ്പിനോടുള്ള കൗതുകം മാത്രമാണോ അതോ അപ്രാപ്യമായ മറ്റെന്തോ നേടിയെടുക്കാനുള്ള വാശിയോ എന്ന ആശയക്കുഴപ്പവുമായി മനസ്സും.
ഒടുവിലൊരുത്തരമെന്നോണം ചെറിയൊരു മധുരപ്രതികാരചിന്ത എന്റെ പുഞ്ചിരിയില്‍ കയറിപ്പറ്റിയത് ഞാന്‍ പോലുമറിയാതെയായിരുന്നു. ആ പ്രതികാരചിന്തയില്‍ ഒരു വര്‍ണച്ചിത്രം തെളിഞ്ഞുവരുന്നു. ദിവാസ്വപ്നങ്ങളുടെ ക്യാന്‍വാസില്‍ ചലിക്കുന്ന ചില ചിത്രങ്ങള്‍.
എനിക്കുവേണ്ടി തുറന്നുപിടിച്ച വാതിലിനുമുന്‍പില്‍ ക്ഷീണിച്ച ചിരിയോടെ ചെറീമ്മ. അവര്‍ക്കു പുറകിലായി അവരുടെ മകള്‍ നീസയും. ആ പഴയ രണ്ടുവയസ്സുകാരി ഇന്ന് മറ്റൊരു രണ്ടുവയസ്സുകാരിയുടെ അമ്മയായിരിക്കുന്നു. മതപരിവര്‍ത്തനത്തിന്റെ കുങ്കുമച്ചോപ്പ് അവളുടെ തിരുനെറ്റിയില്‍ സ്ഥാനമേറ്റിരുന്നു. മിശ്രവിവാഹത്തിന്റെ വേരുകള്‍ പടരുന്ന വഴികള്‍ നിശ്ചയിക്കാന്‍ മനുഷ്യര്‍ക്കാവില്ലല്ലോ.
അവളുടെ കുഞ്ഞുപെണ്ണിന്റെ കൈയിലേക്ക് മഞ്ഞ പൂമ്പാറ്റക്ലിപ്പ് വച്ചുകൊടുത്തു. ഞാന്‍ ചുമന്നതുപോലെ 'സങ്കരയിന ചിന്തകളുടെ' ഭാണ്ഡം അവളെ വിഴുങ്ങാതിരിക്കട്ടെ എന്ന് മനസ്സാല്‍ മന്ത്രിക്കുമ്പോള്‍ ആ ക്യാന്‍വാസില്‍ നിന്നും അനേകായിരം 'സങ്കരയിനപ്പൂമ്പാറ്റകള്‍' ദൂരേക്ക് പറന്നകലുന്നു.