Art and Literature
ഹുസ്‌ന റാഫി
Click the Play button to hear this message in audio format
Art and Literature

പൂതം

ഹുസ്‌ന റാഫി
|
15 April 2023 6:57 AM GMT

| കഥ

നിലാവുറങ്ങാത്ത രാത്രികളിലാണ് മുത്തച്ഛന്‍ പൂതത്തിന്റെ കഥ പറയുക.

നിലാവിന്റെ വെട്ടത്തില്‍ മുത്തച്ഛന്റെ നെഞ്ചിലെ നരച്ച രോമങ്ങള്‍ക്കപ്പോള്‍ സ്വര്‍ണത്തിന്റെ നിറമാകും.

കഥയുടെ അവസാനമെപ്പോഴും കുട്ടനെ നെഞ്ചോട് ചേര്‍ത്ത് മുത്തച്ഛന്‍ പാടും

'നങ്ങേലിയമ്മക്കൊരുണ്ണിയുണ്ട്

കുഞ്ഞുണ്ണിക്കാതില്‍ കടുക്കനുണ്ട്

ചെന്താമര പൂത്ത പോലൊരുണ്ണി

ചെന്താമരപൂത്ത പോലൊരുണ്ണി'

ചെന്താമരചേലുള്ള ഉണ്ണിയെ കിനാവ് കണ്ട് കുട്ടനുറങ്ങും.

ഉണ്ണിക്കും മുത്തച്ഛനുമിടയില്‍ കഥകള്‍ക്കൊണ്ട് തീര്‍ത്തൊരു ലോകമുണ്ട്. കുട്ടന്‍ പഠിക്കാതെ മുത്തച്ഛനുമായി കഥ പറഞ്ഞിരിക്കുകയാണെന്ന് അമ്മക്കെന്നും പരാതിയാണ്.

മുത്തച്ഛന്‍ കഥകളില്‍ കുട്ടനേറെ പ്രിയം പൂതത്തിന്റെ കഥയാണ്. കഥകളുറങ്ങുന്നത് മുത്തച്ഛന്റെ പഴയ തുകല്‍ പെട്ടിയിലായിരിക്കണം. ഒരിക്കലും തുറന്ന് കണ്ടിട്ടില്ലാത്ത ആ പെട്ടി നിറയെ കഥകള്‍ ആണെന്ന് കുട്ടന്‍ അമ്മയോട് പറയും.

'ആ പെട്ടിക്കുള്ളില്‍ വല്ല നിധിയും ഉണ്ടോ, ഏത് നേരവും അതിങ്ങനെ തുടച്ചു മിനുക്കാന്‍.'

അമ്മയ്ക്കാ പെട്ടി കാണുന്നതേ കലിയാണ്.

'മുത്തച്ഛാ ഈ പെട്ടിയില്‍ എന്താണ്'

'അതോ,, പറഞ്ഞാ കുട്ടന്‍ ആരോടെങ്കിലും പറയോ'

'ഇല്ല, പ്രോമിസ്'

അതിനുള്ളിലാണ് മുത്തച്ഛന്‍ പറഞ്ഞ കഥയിലെ പൂതം.

ഒരിക്കല്‍ മുത്തച്ഛനും കുട്ടനും മാത്രമാകുമ്പോള്‍ ഞാനാ പൂതത്തിനെ കാണിച്ചു തരും.

'നങ്ങേലിയും ഉണ്ണിയും എവിടെ'

മുത്തച്ഛന്ഉത്തരമില്ല

പൂത്തതിനെ കുറിച്ചു പറയാനാണ് മുത്തച്ഛന് ആവേശം, നങ്ങേലിയെയും ഉണ്ണിയെയും കുറിച്ചു ചോദിച്ചാല്‍ മുത്തച്ഛന്റെ മുഖം മങ്ങും.

വേണ്ട, ചോദിക്കേണ്ട.

'എന്നെക്കാണാന്‍ എന്നാ പൂതം വരാ..'

'പൂതം വരും.. മഴയ്‌ക്കൊപ്പം വെള്ളാരം കല്ല് വീഴുമ്പോള്‍, മുറ്റത്തെ ചെമ്പരത്തിക്കാട് വെളുക്കുമ്പോള്‍, കരിങ്കല്ല് കണ്ണെഴുതി കുന്നിക്കുരുവാകുമ്പോള്‍'

'പൂതത്തി നെ കാണാന്‍ കുട്ടന്റെ മനസ്സ് തുടിക്കൊട്ടുന്നുണ്ടോ'

ഇടക്ക് മുത്തച്ഛന്‍ ചോദിക്കും.

'ഉം'

'ഒരു ദിവസം വരും ട്ടോ'

ആരും കേള്‍ക്കാതെ മുത്തച്ഛന്‍ പറയും..

ചില ദിവസങ്ങളില്‍ മുത്തച്ഛന്‍ കുട്ടനോട് മിണ്ടാറില്ല. മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ അങ്ങനെ എന്തൊക്കെയോ ഓര്‍ത്തിരിക്കും. മുത്തച്ഛന് വയ്യ, ശല്യപെടുത്തേണ്ടെന്ന് അമ്മ പറയും.


ഉണ്ണിയും മുത്തച്ഛനും മാത്രമുള്ള ഒരു വൈകുന്നേരമാണ് മഴയ്‌ക്കൊപ്പം വെള്ളാരം കല്ല് വീഴുന്നെന്ന് മുത്തച്ഛന്‍ പറയുന്നത്.

'മഴപെയ്യുന്നുണ്ട്.. പക്ഷെ, വെള്ളാരം കല്ല് കുട്ടന്‍ കാണുന്നില്ലല്ലോ'

'ശ്രദ്ധിച്ചു നോക്ക് കാണുന്നില്ലേ'

ശരിയാണ് മഴയ്ക്കൊപ്പം വെള്ളാരം കല്ല് വീഴുന്നു. മുറ്റത്തെ ചെമ്പരത്തിക്കാട് വെളുത്തിരിക്കുന്നു.

ഉമ്മറത്തുള്ള കരിങ്കല്ലുകള്‍ കണ്ണെഴുതി കുന്നിക്കുരുവായിരിക്കുന്നു.

മുത്തച്ഛന്‍ അകത്തെ മുറിയില്‍ കയറി വാതിലടച്ചു.

പെട്ടി തുറക്കുന്ന ശബ്ദം കുട്ടന്‍ കേട്ടു.

വാതില്‍ തുറന്ന് വന്നത് മുത്തച്ഛനായിരുന്നില്ല.

ഉണ്ണിയുടെ കനവുകള്‍ എന്നും തിരയാറുള്ള പൂതം.

ചുകന്നപട്ടെടുത്ത് കാലില്‍ ചിലമ്പുള്ള, പൂതത്തെ കണ്ടപ്പോള്‍ അമ്മയുടെ കുടുംബക്ഷേത്രത്തില്‍ പോയി കാണാറുള്ള തെയ്യം ഓര്‍ത്തു.

വെള്ളാരം കല്ലു വീഴുന്ന മഴയുടെ താളത്തിനൊപ്പം മുത്തച്ഛന്‍ പൂതമായി ആടി.

മുറ്റത്തിറങ്ങി തെച്ചിപ്പൂവിറുത്ത് ഉണ്ണിയുടെ നെറുകില്‍ വെച്ച് അനുഗ്രഹിച്ചു.

വെളുത്ത ചെമ്പരത്തി കാടിനുള്ളില്‍ നിന്നും എന്റെ ഉണ്ണിയെ തിരികെ തരണേ എന്ന് കരഞ്ഞു കൊണ്ടാരോ പറയുന്നുണ്ടോ, അതോ കുട്ടന് തോന്നിയതാണോ.

മുത്തച്ഛന്‍ തളര്‍ന്നു വീഴുന്നു. ചെമ്പരത്തിക്കാട് ചുവക്കുന്നു. വെള്ളാരം കല്ല് വീഴുന്ന മഴ പെയ്തു തോരുന്നു.

അയാളുടെ ഓര്‍മയിലെ പൂതകാലത്തിന് അയാളോളം പഴക്കമുണ്ട്. അച്ഛനപ്പൂപ്പന്മാരായി പൂതം കെട്ടാറുള്ള തറവാട്ടിലെ അവസാനകണ്ണി. പൂതം കെട്ടാന്‍ വേണ്ടി മാത്രമാണ് തന്റെ ജന്മ നിയോഗമെന്ന് ഉള്ളില്‍ ഉറച്ചു പോയത് കൊണ്ടാകാം അയാള്‍ ബ്രഹ്മചാരിയായതും.

കറുക പൂക്കുന്ന കാലത്തതാണ് പൂതം കെട്ടുക, വീട് വീടാന്തരം കയറിയിറങ്ങി പൂതം കുഞ്ഞുണ്ണികളെ അനുഗ്രഹിക്കും.

ഇടക്കെപ്പോഴാണ് ഒരുണ്ണി പൂതി മനസ്സില്‍ കുരുത്തത്, എപ്പോള്‍ മുതലാണ് കൊച്ചരി പല്ലുകള്‍ ചിരിക്കുന്ന കിനാവുകള്‍ അയാളുടെ ഉറക്കം കളഞ്ഞത്.

ഇലഞ്ഞിത്തറയിലെ കേശവന്റെ വീട്ടില്‍ പൂതം കെട്ടി യടുമ്പോഴൊക്കെ ആറ്റബീവി മോനെയും കൊണ്ട് വരും

'ചെക്കനെപ്പോഴും ദണ്ണമാണ്, 'പൂതം' അരിയും പൂവും ഉഴിഞ്ഞു ദേഹത്തിടണം'

ആാ വര്‍ഷം ആറ്റബീവി മകനെ എല്‍പിച്ചപ്പോള്‍ അരിയും പൂവും ഉഴിഞ്ഞു തിരികെ നല്‍കാന്‍ തോന്നിയില്ല.

കരഞ്ഞു കൊണ്ട് പിറകെ ഓടിയ ആറ്റബീവിക്ക് പൂതത്തിനൊപ്പ മെത്താനായില്ല.

എന്നെങ്കിലും മകനെ തിരഞ്ഞു ആറ്റബീവി വരുമെന്നായാള്‍ ഭയപ്പെട്ടിരുന്നു.

'മുത്തച്ഛന്‍ പൂതമായത് ആരോടും പറയല്ലേ'

'അതെന്താ'

പറഞ്ഞാല്‍ മുത്ത്ച്ഛന് സങ്കടാകും.

'ഇല്ല, പറയില്ല.'

പൂതമായതില്‍ പിന്നെ മുത്തച്ഛനെപ്പോഴും സങ്കടമാണ് പഴയപോലെ കുട്ടനോട് കഥപറയാറില്ല.

ഒറ്റക്കെന്തൊക്കെയോ പറഞ്ഞു നടക്കുന്നത് കാണാം.

ഏത് നേരവും അച്ഛനെ കണ്ടോണ്ടിരിക്കണം, അച്ഛന്‍ ഓഫീസില്‍ പോയാല്‍ വരുവോളം അമ്മയെ സൈ്വരം കെടുത്തും.

അച്ഛന്‍ വരുന്ന നേരം കഴിഞ്ഞാല്‍ കരയാന്‍ തുടങ്ങും, അച്ഛനെ ആരോ പിടിച്ചോണ്ട് പോയി എന്ന് ബഹളം വെക്കും.'

'അച്ഛനെ അടുത്ത ആഴ്ച ഒരു സൈക്കാട്രിസ്റ്റിനെ കൊണ്ട് പോയി കാണിക്കണം'

'അച്ഛന് പണ്ടേ ഇങ്ങനെ വയ്യായ്കയുണ്ടോ.'

'അച്ഛന്റെ കരളുറപ്പ് ആര്‍ക്കാണുള്ളത് അമ്മയില്ലാതെ എന്നെ ഒറ്റയ്ക്ക് വളര്‍ത്തിയില്ലേ അച്ഛന്റെ ജീവനും ജീവിതവും ഞാന്‍ മാത്രമായിരുന്നു.

എനിക്ക് ഓര്‍മ വെക്കുമ്പോള്‍ ഞങ്ങള്‍ ആസാമിലാണ് വടക്കന്‍ മലബാറില്‍ എവിടെയോ ആണ് അച്ഛന്റെ നാട്.

കുട്ടിക്കാലത്ത് നാട്ടില്‍ പോകണമെന്ന് ഞാന്‍ പറയുമ്പോഴൊക്കെ അവിടെ നമുക്ക് ആരുമില്ലെന്ന് അച്ഛന്‍ പറയും, പിന്നെ പിന്നെ ഞാന്‍ ചോദിക്കാതെയായി.


നമ്മുടെ കുട്ടന്‍ ജനിച്ചതിന് ശേഷമാണ് അച്ഛന്റെ മാറ്റം ഞാന്‍ ശ്രദ്ധിക്കു ക്കുന്നത്, അവന്റെ ഒന്നാം പിറന്നാളിന് അല്ലെ അച്ഛന് ആദ്യം വയ്യായ്ക വന്നത്.'

'നിന്നെകാണാന്‍ അവര്‍ വന്നിരുന്നോ'

ഒരുദിവസം അത്താഴം കഴിക്കുമ്പോള്‍ മുത്തച്ചന്‍ അച്ഛനോട് ചോദിച്ചു.

'ആര്'

'ആറ്റബീവി'

'ആറ്റബീവിയോ അതാര്'

'അവര്‍ ഇവിടെ എവിടെയോ ഉണ്ട്.'

'അച്ഛനിതെന്തൊക്കെയാ പറയുന്നത്'

അയാളുടെ കിനാവില്‍ വന്നു ആറ്റബീവി കരയാറുണ്ടെന്നും ഒരിക്കല്‍ എന്റെ ഉണ്ണിയെ പിടിച്ച് കൊണ്ട് പോകുമെന്നുള്ള പറച്ചില്‍ പതിവായിരിക്കുന്നു.

എന്തോ കിലുങ്ങുന്ന ശബ്ദം കേട്ട് ഒരു പാതിരാത്രി വീടുണരുബോള്‍, ഉണ്ണി മാത്രം കണ്ട പൂതം കോലായില്‍ ഉണ്ട്.

വെള്ളാരം കല്ല് വീഴുന്ന മഴ കാണാന്‍ ഉണ്ണി ജനലു തുറന്നു. ഇരുട്ടില്‍ ചെമ്പരത്തിക്കാട് വെളുത്ത് നില്‍ക്കുന്നത് കാണാന്‍ എന്ത് ചന്തമാണ്. നേരം വെളുക്കുവോളം മുത്തച്ഛന്‍ പൂതമായെങ്കില്‍ കരിങ്കല്ല് കണ്ണെഴുതി കുന്നിക്കുരുവായത് കൂട്ടുകാരെ വിളിച്ചു കാണിക്കാമായിരുന്നു.

'അച്ഛാ...'.

അയാള്‍ വിളികേള്‍ക്കാതെ മുറ്റത്തിറങ്ങി തെച്ചിപ്പൂവിറുത്ത് മകനു നേരേ എറിഞ്ഞു, ഇരുട്ടിലൂടെ ഓടി.

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ കുട്ടന്റച്ഛന്‍ പകച്ചു നിന്നു.

അയാള്‍ക്ക് പിറകെ ഓടി, മുത്തശ്ശന്റെ പിറകില്‍ മിന്നുന്ന തട്ടമിട്ട ഒരുമ്മച്ചിയെ കുട്ടന്‍ മാത്രം കണ്ടു.

*****

മുത്തച്ഛനെ പതിയെ എല്ലാവരും മറന്നു തുടങ്ങിരിക്കുന്നു.

എവിടെയെങ്കിലും കിടന്ന് മുത്തച്ചന്‍ മരിച്ചിട്ടുണ്ടാകുമെന്ന് ഒരിക്കല്‍ മേമ വിളിച്ചപ്പോള്‍ അമ്മ പതുക്കെ പറയുന്നത് കേട്ടു.

'അമ്മാ,മൂത്തച്ഛന്‍ മരിക്കില്ല,

പൂതങ്ങള്‍ക്ക് മരണമില്ല.'

മുത്തച്ചന്‍ വരും. മഴയ്‌ക്കൊപ്പം വെള്ളാരം കല്ല് വീഴുമ്പോള്‍.. ചെമ്പരത്തിക്കാട് വെളുക്കുമ്പോള്‍ കരിങ്കല്ല് കണ്ണെഴുതി കുന്നിക്കുരുവാകുമ്പോള്‍.

ശബ്ദം: ഫെമിന എം.ടി



ഹുസ്‌ന റാഫി



Similar Posts