Art and Literature
സ്പര്‍ശം
Click the Play button to hear this message in audio format
Art and Literature

സ്പര്‍ശം

ലിസ ലാലു
|
10 Nov 2022 11:35 AM GMT

| കഥ

കടല്‍ക്കാറ്റ്‌ വന്നത് ഇടതു വശത്തു നിന്നാണ്. അതിങ്ങനെ അവളുടെ ഉടലിനെ ചുറ്റിയകന്നു പോയി. വടിവൊത്ത നീണ്ട ശരീരത്തില്‍ വസ്ത്രങ്ങള്‍ പറ്റിച്ചേര്‍ന്നു. പാറക്കെട്ടുകള്‍ക്ക് മുകളില്‍ ഒരു കല്‍പ്രതിമയോളം മനോഹരമായിരുന്നു ആ നില്‍പ്പ്. കാറ്റിന്റെ ഓരോ സ്പര്‍ശത്തിലും വളരെക്കാലമായി തലോടല്‍ എല്‍ക്കാത്തവളെപ്പോലെ അവള്‍ തുടുത്തു.

വെളുത്ത കഴുത്തിലെ നേര്‍ത്ത താലിമാല വിരലുകളില്‍ ചുറ്റി പാറക്കൂട്ടങ്ങളില്‍ നുരയുന്ന സമുദ്രത്തിന്റെ വെണ്‍കൈകള്‍ അവള്‍ കണ്ടു. എത്ര മനോഹരമായ കാഴ്ചയാണിത്. കാലത്തിന്റെ ചക്രം മോഹങ്ങള്‍ക്ക് മേല്‍ കറങ്ങാന്‍ തുടങ്ങിയിട്ട് എത്ര കാലമായി കാണും. ഈ നഗരത്തില്‍ എത്തിയിട്ട് എത്ര നാളായി. അവള്‍ക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല. ഇത്രയും കാലം കാണാതിരുന്ന ഒരു കാഴ്ചയാണ് ഈ രാവ്. കടലെന്ന കാമുകന്‍ ഉറങ്ങാതെ വിളിക്കുകയാണ്.

സാരിയില്‍ പുരണ്ട രക്തക്കറ കാറ്റില്‍ പാറയില്‍ ചെന്നു തൊട്ടു.

അവഗണനയുടെ നീലച്ച വള്ളികള്‍ പിണഞ്ഞിട്ട് എത്ര കാലമായി ഇങ്ങനെ ജീവിക്കുന്നുവെന്നു അവള്‍ കണക്കു കൂട്ടാന്‍ ശ്രമിച്ചു. വിവാഹത്തിന് ശേഷമാണോ താനിങ്ങനെ ഭൂമിയോളം താഴ്ന്നത്. അതിനും മുന്‍പെന്നാണ്? എന്നാണ്? ചിന്തകളുടെ മഞ്ഞുപാളികളിലേക്ക് ഓര്‍മകളുടെ തീക്കനലുകള്‍ പൊഴിഞ്ഞു തുടങ്ങി.

കറുപ്പുയുദ്ധം

-----------------------

'അയ്യേ, ഈ കൊച്ചിന് അവടെ അമ്മേടെ കളറ് കിട്ടീല!'

'കണ്ണകിയെ ഡാന്‍സിന് കൂട്ടാന്‍ പറ്റില്ല. കളിക്കാന്‍ അത്ര ആഗ്രഹം ആണേല്‍ വല്ല സിംഗിളും വായനശാല പരിപാടിയ്ക്ക് കളിച്ചോ.'

'പാട്ടൊന്നും പാടിക്കാന്‍ പറ്റില്ല്യ. അതും അമ്പലത്തിലെ പരിപാടിയ്ക്ക്. കുട്ടി അങ്ങട് മാറി നിക്യാ.'

എത്രയെത്ര അവഗണനകളുടെ തീക്കാറ്റുകള്‍ ഏറ്റുരുകിയുരിക്കുന്നു ബാല്യം.

'അച്ഛാ, ഈ ഭഗവാന്‍ രാമനും ശിവനും കറുപ്പല്ലേ. പിന്നെ എന്തിനാ ഘോഷയാത്രയിലും ചിത്രത്തിലും കറുപ്പിന് പകരം നീല നിറം നല്‍കുന്നത്? '

'മോളെ കറുപ്പിനോട് ആളുകള്‍ക്ക് ഉള്ള മനോഭാവവും കറുപ്പ് പലര്‍ക്കും അനിഷ്ടമായതിനാലും ആണ്. മോളോട് അച്ഛന്‍ ഒന്നു ചോദിക്കട്ടെ?

പരസ്യങ്ങളിലും സിനിമകളിലും ഒക്കെ നടിക്കുന്നോരുടെ നിറമെന്താ?

അല്ലേല്‍ വേണ്ട. എന്തു സുന്ദരിയാണ് ലേന്നു ഇന്നലെ അമ്മയും മോളും പറഞ്ഞ നര്‍ത്തകിയുടെ നിറമെന്താ?'

'അത് വെളുപ്പ്. വെളുപ്പല്ലേ കാണാന്‍ ചേലുള്ള നിറം.' അവള്‍ ഓര്‍ത്തെടുത്തു.

'അങ്ങനെ ആണേല്‍ എന്റെ കണ്ണകിയുടെ ഈ എണ്ണക്കറുപ്പോ? എന്ത് ഭംഗിയാ കാണാന്‍.'

'എന്നെ കൂട്ടുകാര് കൂട്ടൂല. കളിക്കാനും ഡാന്‍സിനും ഒന്നിനും..' കണ്ണകി നുറുങ്ങിപ്പറഞ്ഞു.

'അപ്പോള്‍ അതിനാണോ മോള് ക്രീം വാരിതേക്കുന്നത്. വെളുപ്പിനോട് മനുഷ്യര്‍ക്കുള്ള ആധര്‍മണ്യം ആണ് കുഞ്ഞേ ഉത്പന്നങ്ങള്‍ വിറ്റ് കാശാക്കുന്നത്. കറുപ്പിന് വേണ്ടി യുദ്ധം ചെയ്യണം മോളെ.'

ഒന്നും മനസ്സിലായില്ലെങ്കിലും അവള്‍ തലയാട്ടി. അച്ഛന്റെ വാക്കുകളെക്കുറിച്ചുളള തെളിഞ്ഞ ഓര്‍മ്മ അവള്‍ക്കത് മാത്രമായിരുന്നു.

അങ്ങനെയുള്ള അച്ഛനാണ് ഒരു ദിവസം രാവിലെ പത്തു കുത്തും വാങ്ങി ചുവന്നകൊടിയില്‍ അരിവാളും നക്ഷത്രവും നെഞ്ചില്‍ പുതച്ചു കിടന്നത്. പരിഗണനയുടെ അവസാന വിരല്‍ സ്പര്‍ശം ആയിരുന്നു തനിക്കത്. അന്ന് കണ്‍മഷി ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂലയില്‍ ചുരുണ്ടിരിക്കുന്ന അമ്മയുടെ ഭാവങ്ങള്‍ എന്തെന്ന് അറിയാനായില്ല.


ചുവന്ന മരണം

--------------------

സഖാവ് കുഞ്ഞന്‍ മരിച്ചു. അല്ല കൊന്നു. സമുദായത്തിന് വേണ്ടി കൂടുതല്‍ ഒണ്ടാക്കാന്‍ നിന്നതാ. അല്ലേലും പാര്‍ട്ടിയില്‍ ഇറങ്ങി കൂടുതല്‍ കളിച്ചാല്‍ നാട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ മുകളില്‍ ഒള്ളോര് വെട്ടും. രാഷ്ട്രീയം ഒരുതരം ചെസ്സ് കളിയാണ്. അവനെ വിശ്വസിച്ചു ഇറങ്ങിത്തിരിച്ച ആ പെണ്ണും പൊടിക്കുപ്പി പോലത്തെ മൂന്നു പിള്ളേരും എന്തു ചെയ്യും. അവക്കാണേല്‍ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് പോലുമില്ല.'

ചായക്കടയില്‍ ഗ്ലാസുകള്‍ നിറഞ്ഞൊഴിഞ്ഞു.

ചുവന്ന കൊടികള്‍ക്ക് നടുവിലൂടെ കുഞ്ഞനെ കൊണ്ടുപോകുമ്പോള്‍ കൂട്ടിലെ ആടുകളും കോഴികളും കരഞ്ഞു. ഉഷ മാത്രം കരഞ്ഞില്ല. പതിയെ കുഞ്ഞനും കുഞ്ഞുങ്ങളും ഉഷയുടെ മാത്രം ചിന്തകളിലേക്ക് ഒതുങ്ങി.

'ഈ കുഞ്ഞാണ് എല്ലാത്തിനും കാരണം. ഇതിന്റെ തല കണ്ടപ്പോളാണ് കുഞ്ഞന്‍ പോയത്.'

മുലപ്പാല് കിട്ടാതെ കണ്‍മഷി തൊണ്ണ കീറി കരഞ്ഞു. അവഗണനയുടെ ആദ്യപടികള്‍ ആ കുഞ്ഞിന്റെ ജീവിതത്തില്‍ ആരംഭിക്കുകയായിരുന്നു.

വിഷാദത്തിന്റെ കടുത്ത ഘട്ടത്തിലൂടെ ഉഷ കടന്നുപോകുമ്പോള്‍ കഞ്ഞിവെച്ചു കുടിച്ചും കൊച്ചിന്റെ നാവില്‍ വെള്ളം ഇറ്റിച്ചും ആടുകള്‍ക്ക് പ്ലാവില വെട്ടിയും കണ്ണകിയും കുട്ടനും കുഴങ്ങി.

ജനമൈത്രി

-----------------

'ന്റെ സഖാവിനെ കൊന്നോരെ ഇനിക്കറിയാം.'

മുഷിഞ്ഞ തുണിയില്‍ വമിക്കുന്ന ദുര്‍ഗന്ധത്തോടെ അമ്മ പൊലീസ് സ്റ്റേഷനില്‍ ഓടിക്കയറിയപ്പോള്‍ കൂടെയെത്താന്‍ കണ്ണകിയ്ക്ക് ഓടേണ്ടി വന്നു.

'ഇവളേതാടോ? '

പി.സിയെ നോക്കി എസ്.ഐ ചോദിച്ചു.

'ആ ചത്ത കുഞ്ഞന്റെ ഭാര്യയാണ്. വെട്ടുകേസിലെ..'

'അവന്‍ ചത്തേപ്പിന്നെ കുളീം നനേം ഒന്നുമില്ലേ. അതോ ഇനി കുളിപ്പിക്കാന്‍ ഞങ്ങള്‍ വരണോ. ടോ ഇവക്ക് കുഞ്ഞനെ കൊന്നോരെ അറിയാം. ഇവിടെ തെളിയാതെ കെടക്കുന്ന കേസെല്ലാം എടുത്തു കൊടുക്ക്. ഇവള് അന്വേഷിക്കും.'

എസ്.ഐ ചിരിച്ചു.

അനങ്ങാത്ത ഇല പോലെ നടന്നിറങ്ങുന്ന അമ്മയ്ക്ക് പിറകില്‍ കണ്ണകിയെ ഉന്തി ഒരാള്‍ പറഞ്ഞു.

'ഇതിനേക്കൂടെ കൊണ്ടു പൊക്കോ.'

'ജനമൈത്രി.. തൂഫ്.'

അമ്മ ആഞ്ഞുതുപ്പി.

കുരിശുപള്ളി

-------------------

തനിയേയിരുന്നു കരഞ്ഞും ചിലപ്പോള്‍ ചിരിച്ചും ദേഷ്യത്തില്‍ എറിഞ്ഞുടച്ചും ഉഷ കുഞ്ഞനില്ലായ്മയില്‍ എരിഞ്ഞപ്പോള്‍ 'പള്ളീല്‍ പോയാല്‍ മതി ഉഷേ. ഇതെല്ലാം മാറും. പള്ളീല്‍ ചേര്‍ന്നാല്‍ അച്ചന്‍ വേണ്ടത് ചെയ്തു തരും. വേണേല്‍ ഞാനും വരാം' എന്നു മറിയച്ചേടത്തി കുറച്ചു കപ്പപുഴുക്കുമായി വീട്ടില്‍ വന്നു പറഞ്ഞു.

'ഉദയംപേരൂര്‍ സൂന്നഹദോസിന്റെ കാലത്ത് 1599 ല്‍ പള്ളിയില്‍ ചേര്‍ന്നവരാണ് മാത്തച്ചാന്റേം എന്റേം വീട്ടുകാര്‍. കൂനന്‍ കുരിശു സത്യത്തിനു വളഞ്ഞ കുരിശിന്റെ മുന്നില്‍ കയറില്‍ നിന്ന് സത്യം ചൊല്ലിയതില്‍ ഞങ്ങടെ രണ്ടാടേം അപ്പച്ചമ്മാര്‍ ഒണ്ടാരുന്നു. ഈ എടവകേലെ ഏറ്റവും പാരമ്പര്യ ക്രിസ്ത്യാനികളാണെന്നേ ഞങ്ങള്‍.'

ഉഷയ്ക്ക് ഒപ്പം കണ്ണകിയും തലയാട്ടി.

വലിയ പള്ളിയുടെ വലിയ കുരിശിന്റെ നിഴല്‍ പടര്‍ന്ന ചവിട്ടു പടികളിലൂടെ അച്ചന്റെ വീട് ലക്ഷ്യമാക്കി നടന്നു കയറുമ്പോള്‍ പുതിയ സ്‌കൂളില്‍ പോകുന്ന ഉത്സാഹം കണ്ണകിക്ക് തോന്നി. കണ്‍മഷി ആദ്യമായി കരയാതെ കാഴ്ച കണ്ടത് അന്നായിരുന്നു.

നീളന്‍ താടിയില്‍ നീട്ടിപ്പിടിച്ചു കണ്ണടയ്ക്ക് മുകളിലൂടെ നോക്കി അച്ചന്‍ പറഞ്ഞു.

'ഉഷ പെലയ ക്രിസ്ത്യാനിയാണ്. അല്ലിയോ? ഇപ്പ പഠിച്ചോ? പള്ളീം പട്ടക്കാരും വേണ്ടാതെ മതമില്ലാത്തോന്റെ കൂടെ ഇറങ്ങി പോയതിനു കിട്ടിയില്ലേ? കര്‍ത്താവ് തന്ന ശിക്ഷയാണ്.'

കണ്ണകി വാ പൊളിച്ചു നില്‍ക്കുമ്പോള്‍ ഉഷയുടെ കണ്ണില്‍ നിന്ന് ചോര പൊഴിഞ്ഞു.

'അച്ഛന്‍ അമ്പലത്തില്‍ പോകാറുണ്ടാരുന്നു.'

അവള്‍ അമ്മയ്ക്ക് പിറകില്‍ നിന്ന് പറഞ്ഞു.

ദൈവം ഒന്നേയുള്ളൂ എന്നുകൂടി പറയണമെന്നുണ്ടായിരുന്നു. മറിയച്ചേടത്തി കണ്ണുകൊണ്ട് വിലക്കി.

'അച്ചാ, എങ്ങനെയെങ്കിലും ഇവിടെ ഇവര്‍ക്ക് ഒരു അത്താണി കൊടുക്കണം.'

മറിയച്ചേടത്തിയുടെ അപേക്ഷയില്‍ കനത്തില്‍ മൂളി അച്ചന്‍ പറഞ്ഞു.

'പെലയ ക്രിസ്ത്യാനികള്‍ക്ക് പള്ളി വേറെയാ. ഇവിടെ തോമാശ്ലീഹാ നേരിട്ട് മാമോദീസ മുക്കിയോരുടെ വീട്ടുകാര്‍ ആണ് കൂടുന്നത്. താഴെ പെലയപള്ളിയും നിങ്ങള്‍ക്ക് പറ്റിയൊരു അച്ചനും ഉണ്ട്. പിന്നെ പിള്ളേരെ മാമ്മോദീസ മുക്കണം.'

വാക്കുകളില്‍ അവഗണനയുടെ കൂരമ്പേറ്റ് വരുമ്പോള്‍ കാലങ്ങള്‍ക്ക് ശേഷം അമ്മ സംസാരിച്ചു.

'ആത്മാഭിമാനം ഉള്ളൊരുത്തി എന്നു പറഞ്ഞാണ് സഖാവ് പഠിക്കുന്ന കാലത്ത് എന്നെ കൂടെ കൂട്ടിയത്.'

അമ്മയുടെ കണ്ണില്‍ പ്രണയത്തിന്റെ നിഴല്‍ അനങ്ങുന്നത് കണ്ണകി കണ്ടു. പ്രണയം ജീവിതത്തില്‍ വേണമെന്നുള്ള മോഹം മോട്ടിട്ടത് അന്നായിരുന്നു.

അന്ന് രാത്രി തന്നെയാണ് മറിയച്ചേടത്തിയുടെ നിലയില്ലാ കിണറിന്റെ പായലും പന്നലും ദ്വാരപാലകരായി പടര്‍ന്ന പരിഗണനയിലേക്ക് ഉഷ കൂപ്പുകുത്തിയത്.

അനാഥാലയം

--------------------

'കരിങ്കോഴി' വിളികളില്‍ വളര്‍ന്ന കൗമാരത്തില്‍ സ്‌നേഹത്തിന്റെ ഒരു തുള്ളി നല്‍കിയത് കുഞ്ഞേലി മാത്രം ആയിരുന്നു. അവഗണനയുടെ മുള്ളുകള്‍ പതിഞ്ഞ വഴികളില്‍ തലയുയര്‍ത്താതെ നടന്ന നാളുകളില്‍ അടുക്കളക്കാരിയ്ക്ക് മാത്രം ഒരിത്തിരി സ്‌നേഹം തോന്നി. ഒരു ചിരിയുടെ ലാഞ്ചന അവരില്‍ ഓളം വെട്ടി. ഒരിത്തിരി നല്ല കറി കൂട്ടി ചോറ് തിന്നാന്‍ കൊതിച്ച നാളുകള്‍ കണ്ണകിയില്‍ നിന്ന് ഓടിപ്പോയി. റേഷന്‍ കടയില്‍ നിന്ന് ലഭിക്കുന്ന അരിയിലെ ചാഴിയും പുഴുവും പെറുക്കി കളഞ്ഞു തിന്നിട്ടും പെട്ടെന്ന് പ്രായപൂര്‍ത്തിയായവരില്‍ കണ്ണകി പെട്ടു. മാറിയിടാനുള്ള പഴയ ഉടുപ്പുകള്‍ കീറിത്തുന്നിയും ഓട്ടയായ അടിവസ്ത്രങ്ങള്‍ ആരും കാണാതെ ഈറനിട്ടും തിരഞ്ഞു വരുവാന്‍ ആളില്ലാത്തവരുടെ പുസ്തകത്തിലേക്ക് അവള്‍ പേരെഴുതി ചേര്‍ത്തു. വേണ്ട സമയത്തു കിട്ടാത്ത പരിഗണനകളാല്‍ കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ മാറിടം ഇടിഞ്ഞു തൂങ്ങി.

വര്‍ഷം തോറും നിരത്തി നിര്‍ത്തി എടുത്തു വിദേശത്തേയ്ക്ക് അയക്കുന്ന ചിത്രങ്ങളില്‍ ലഭിക്കുന്നവ വാര്‍ഡന്റെ കൈയിലും കഴുത്തിലും മഞ്ഞലോഹമായി മിന്നി. പരിഭവങ്ങളില്ലാത്ത ഒരുവളായി മാറിക്കഴിഞ്ഞിരുന്നു താനുള്‍പ്പെടുന്നവര്‍ എന്ന് അവള്‍ തിരിച്ചറിഞ്ഞിരുന്നു.


കാടന്‍

----------

കുഞ്ഞേലിയുടെ അകന്ന ബന്ധുവായിരുന്നു വരന്‍. ഒറ്റ നോക്കില്‍ ഇഷ്ടം തോന്നിപ്പിക്കുന്ന ഒരാള്‍. ഒരു കണ്ണില്ല. അത് അനാഥയ്ക്ക് ഒരു കുറവായി തോന്നിയില്ല. പ്രണയത്തിനായി കൊതിച്ചവള്‍ക്ക് കാലം നീട്ടിയത് ഒരു കാടനെയായിരുന്നു.

ജീവിതത്തില്‍ ഏറ്റവും പ്രഹരം ഏല്‍പിച്ച ഒരു സ്ത്രീയ്ക്ക് പുരുഷന്‍ നല്‍കുന്ന ഏറ്റവും വലിയ അവഗണന അവള്‍ക്ക് നല്‍കിയത് അയാളാണ്. പ്രണയമില്ലാത്ത പുരുഷനും സ്‌നേഹ സ്പര്‍ശങ്ങളില്ലാത്ത കിടപ്പറയുമാണ് ജീവിതത്തിലെ വലിയ അവഗണനയെന്നു അവള്‍ക്ക് തോന്നിയത് വിവാഹത്തോടെയാണ്.

'എടീ കറുമ്പീ' എന്ന പരിഹാസ വിളിയില്‍

സ്‌നേഹപൂര്‍ണ്ണമായ സ്പര്‍ശങ്ങള്‍ക്ക് കൊതിച്ച കണ്ണകി ഉള്ളില്‍ ചത്തു കിടന്നു. മൈഥുനങ്ങള്‍ക്ക് കിടന്നുകൊടുക്കുന്ന ഒരു ശരീരം മാത്രമായിരുന്നു അയാള്‍ക്ക് അവള്‍. വൈകൃതങ്ങളില്‍ അഭിരമിച്ചവന്‍ സിഗരറ്റു വച്ചു പൊള്ളിച്ച മാറിലെ അടയാളങ്ങള്‍ക്ക് മീതെ അവളുടെ കൈ പതിഞ്ഞു. അയാള്‍ വരഞ്ഞു കീറിയ വയറിലെ സ്റ്റിച്ചില്‍ അവള്‍ തൊട്ടു.

ഓടുന്ന സമയസൂചിയ്ക്ക് തുല്യമായി രാവിലെ മുതല്‍ ചലിക്കുന്ന തന്നെ രാത്രി കീഴ്‌പ്പെടുത്തുന്ന കാടനെ അവള്‍ വെറുത്തു. ഇരുണ്ട കാട്ടില്‍ നിന്നും മുരണ്ടെത്തുന്ന കാണ്ടാമൃഗമാണയാളെന്നു അവള്‍ക്ക് എന്നു തോന്നി.

'ഇത്രേം കൊല്ലമായിട്ട് ഒരു കൊച്ചുണ്ടോ മച്ചിക്കറുമ്പിക്ക്'

അയാള്‍ ആള്‍ക്കൂട്ടത്തില്‍ ഒച്ചയിട്ടു.

'കൊച്ചുണ്ടാകുന്നത് ആണിന്റെ മിടുക്കാണെന്നു പറയാന്‍ കുട്ടികണ്ണകി വാ തുറന്നതാണ്. അയാളുടെ അമ്മയുടെ കടുത്ത നോട്ടം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവഗണിക്കപ്പെട്ട ഇടങ്ങളെ ഓര്‍മിപ്പിച്ചു. അമ്മയോട് മകന്റെ ഗുണങ്ങള്‍ പറയണമെന്ന് ഉണ്ടായിരുന്നെങ്കിലും അതും വേണ്ടെന്ന് വച്ചു.

'പെലച്ചി മച്ചി'.

അവര്‍ പിറുപിറുത്തു.

ആര്‍ത്തലച്ചു വീഴാന്‍ ഒരു അമ്മ നെഞ്ച് അവള്‍ കൊതിച്ചു. അമ്മയൊടുങ്ങിയ കിണര്‍ എവിടെയാണെന്ന് പോലും അറിയാത്ത ഇടത്തേക്ക് കാലം അവളെ വളര്‍ത്തി.

നഗരത്തില്‍ കൊച്ചു മുറിയില്‍ സുഹൃത്തിന് അവളെ വച്ചു നീട്ടുമ്പോള്‍

'ഒരു ബിസിനസിനുളള വകുപ്പുണ്ടല്ലോ ഡേയ്' എന്ന അയാളുടെ വാക്കില്‍ അയാള്‍ തലയാട്ടി ഊറിച്ചിരിച്ചത് അവള്‍ക്ക് പൊള്ളി. 'ഭാര്യയെ വിറ്റ് ജീവിക്കാനിരിക്കുന്ന നായ' എന്നു അവള്‍ അവന്റെ മുഖത്തു തുപ്പി.

'പിന്നെ, നിന്നെക്കൊണ്ട് ഒരു കൊണം എനിക്ക് വേണ്ടേ?'

അയാള്‍ തുപ്പല്‍ തുടച്ചു.

മറ്റൊരു പുരുഷന്റെ സ്പര്‍ശത്തിനു മുന്‍പ് കൈയില്‍ കിട്ടിയതെടുത്ത് അടിച്ചു അയാളെ വീഴ്ത്തുമ്പോള്‍ ആടിയ കാലുകളോടെ പുറത്തു കാത്തിരിക്കുകയായിരുന്നു അയാള്‍.

പാഞ്ഞു വരുന്ന അവളെ കണ്ട് അയാള്‍ പിടഞ്ഞെണീക്കാന്‍ ശ്രമിച്ചു. അയാളെ വെട്ടിക്കൂട്ടുമ്പോള്‍ മധുരാപുരി ഒറ്റമുലയെറിഞ്ഞു എരിച്ച കണ്ണകിയായി മാറിയിരിന്നു അവള്‍.

പാറക്കെട്ടുകളില്‍ ഒരു വലിയ തിര ആഞ്ഞടിച്ചു. അവള്‍ താലി പൊട്ടിച്ചെറിഞ്ഞു. കൊലുസൂരി. സാരി ഉരിഞ്ഞു കളഞ്ഞു. വസ്ത്രങ്ങളുടെ ഭാരമില്ലാതെ വട്ടം ചുറ്റിയകലുന്ന കാറ്റില്‍ ഇന്നുവരെ നീണ്ട അവഗണനകളുടെ ചിന്തകളെ പറത്തിവിട്ട് പരിഗണനയുടെ നനുത്ത സ്പര്‍ശങ്ങളിലേക്ക് ആഴ്ന്നു കുതിച്ചു. താഴോട്ട് വീഴുമ്പോള്‍ അപ്പൂപ്പന്‍താടി കണക്ക് സ്‌നേഹസ്പര്‍ശങ്ങളില്ലാതെ ഒടുങ്ങിയ അമ്മയെ അവളോര്‍ത്തു.

ജലം അതിന്റെ കാണാകരങ്ങളാല്‍ അവളെ പൊതിഞ്ഞു. അറിയാചുണ്ടുകളാല്‍ ചുണ്ടില്‍ മുത്തി. കഴുത്തില്‍, പൊക്കിള്‍ച്ചുഴിയില്‍, നാഭിയില്‍ ഇക്കിളിയിട്ടു. കറുത്ത മുത്തായി അവളെ നെഞ്ചോട് ചേര്‍ക്കുമ്പോള്‍ സ്പര്‍ശനങ്ങളില്‍ ഉന്മത്തയായി ഉന്മാദത്തിന്റെ മൂര്‍ച്ചകളറിഞ്ഞു ജീവിതത്തില്‍ ആദ്യമായി കിട്ടിയ മുന്‍ഗണനയില്‍ അവള്‍ നിറഞ്ഞു ചിരിച്ചു.


ലിസ ലാലു

Similar Posts