പൊട്ടിപ്പോയൊരു നൂലിഴ
|| കഥ
രാവിലെ പത്രം കിട്ടിയപ്പോള്‍ മുതല്‍ ഞാന്‍ ചിന്താക്കുഴപ്പത്തിലാണ്. ഈ നേരം കൊണ്ട് പത്രത്താളുകള്‍ എത്ര തവണ മറിച്ചു നോക്കിയെന്നു നിശ്ചയമില്ല. അത് ടുഡുവാണോ....? ആരോട് ചോദിക്കും....? ഈ വാര്‍ത്ത കണ്ട് ഇവിടെ ഉല്ലാസ് റസിഡന്‍സിയില്‍ ആരെങ്കിലും ഇതേ ചോദ്യവുമായി എന്നെപ്പോലെ ചായക്കപ്പും പിടിച്ചിരിക്കുന്നുണ്ടാകുമോ...?
ഇരുപത് കൊല്ലം മുമ്പ് ഉല്ലാസ് റസിഡന്‍സി പണിയുന്ന കാലത്ത് ഫ്ലാറ്റ് വാങ്ങാനായി വന്നപ്പോള്‍ മുതല്‍ ജാര്‍ക്കണ്ഡുകാരന്‍ സുഖ്ലാല് ടുഡു ഇവിടെയുണ്ട്. അന്നവനൊരു കൊച്ചു പയ്യന്. ആദ്യം വര്‍ക്ക് സൂപ്പര്‍വൈസറുടെ സഹായി, ഫ്ളാറ്റിന്റെ പണി തീര്‍ന്നപ്പോള്‍ സെക്യൂരിറ്റി, പിന്നെ ഓള് ഇന്‍ ഓള് ആയ കെയര്‍ ടേക്കര്‍.
ടുഡു റാഞ്ചിയില്‍ നിന്നും ഏത് വര്‍ഷമാണ് കേരളത്തില്‍ വന്നതെന്നെറിയില്ല. കാണുമ്പോള്‍ത്തന്നെ അത്യാവശ്യം മലയാളം പറയുമായിരുന്നു. ആദ്യമൊക്കെ പണ്ട് സി ടെണ്ണില്‍ താമസിച്ചിരുന്ന പ്രൊഫസര്‍ രാംദാസ് വരുത്തിയിരുന്ന ഹിന്ദു പത്രം വാങ്ങി വായിച്ചിരുന്ന ടുഡുവിന്റെ വായന പിന്നീട് മലയാളം പത്രങ്ങളിലേക്കായി. മിഷനറി സ്കൂളില്‍ പഠിച്ചത് കൊണ്ട് ഫ്ലാറ്റില്‍ വരുന്നവരോട് ഇംഗ്ലീഷും സംസാരിക്കും.
ഡി വണ്ണില്‍ താമസിക്കുന്ന ജസ്ബര്‍ സിങ്ങിനോടും ബി സെവനിലെ അഭിജിത്ത് ചൗധരിയോടുമല്ലാതെ വേറാരോടും ടുഡു ഹിന്ദി പറയാറില്ല. സെക്യൂരിറ്റി മുറിയില്‍ ഇരുന്നു സന്താളി ഭാഷയില്‍ മക്കളെ ഫോണിലൂടെ കൊഞ്ചിക്കുന്നത് കേള്‍ക്കുമ്പോള്‍ സ്നേഹത്തിന് ലോകത്തില്‍ ഒരേയൊരു ഭാഷയേയുള്ളൂ എന്ന് തോന്നാറുണ്ട്. പണിത്തിരക്കില്ലാത്ത സമയം മിക്കവാറും വായന തന്നെ. ചിലപ്പോള്‍ ഒരു നോട്ട് പുസ്തകത്തില്‍ വായിക്കുന്നതിന്റെ കുറിപ്പെഴുതി വെക്കുന്നത് കാണാം. ആ പുസ്തകം അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ കുട്ടികള്‍ക്ക് കൊടുക്കാനുള്ളതാണ്. അവരുടെ പൊതുവിജ്ഞാനം കൂട്ടാന്‍. കൊല്ലത്തില്‍ ഒരു പ്രാവശ്യമാണ് നാട്ടില്‍ പോക്ക്.
പക്ഷേ, കഴിഞ്ഞ വേനലവധിക്ക് സേന്ദ്രാ പര്ബിനു റാഞ്ചിയില്‍ പോയ ടുഡു ഇതുവരെ തിരിച്ചെത്തിയില്ല. അവധി കഴിഞ്ഞിട്ടും ആളെത്താഞ്ഞത് പ്രശ്നമായി. ടുഡുവിന്റെ സഹായി നേപ്പാളിപ്പയ്യന്‍ ബികാഷിന് അവന്റെ കല്യാണത്തിന് നാട്ടില്‍ പോകാനുള്ളതാണ്. വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല പരാതിയുമായി അസോസിയേഷന് സെക്രട്ടറി എന്റടുത്തു വന്നു.
'സാറു വിളിച്ചാല്‍ അവന് ഫോണെടുക്കും. ബികാഷിവിടെ ധൃതി പിടിച്ചു നില്ക്കുന്നു.'
ഞാന്‍ വിളിച്ചിട്ടും അവന് ഫോണെടുത്തില്ല. പക്ഷേ, കുറച്ചു സമയത്തിന് ശേഷം
അവന്റെ ഫോണില്‍ നിന്നും വിളി വന്നു.
'എടാ ടുഡു... എന്തായിത് ..? ബികാഷിന് നാട്ടില്‍ പോകേണ്ടതല്ലേ...?'
മറുപടിയായി തളര്‍ന്ന ഒരു പെണ്‍ശബ്ദമാണ് കേട്ടത്.
'നമസ്തേ ജീ..എന്ന് തുടങ്ങിയ ആ ചിലമ്പിച്ച ശബ്ദം ഒരു കരച്ചിലിലാണ് കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തത്.
സേന്ദ്രാ ഉത്സവത്തിന് രണ്ടു നാള് മുമ്പ് അയാള്‍ ഫോണ്‍ പോലുമെടുക്കാതെ എങ്ങോ പോയ്ക്കളഞ്ഞു.. ഇത്തവണ അവധിക്ക് വന്നപ്പോള്‍ മുതല്‍ വല്ലാതെ മൗനിയായിരുന്നത്രേ. മനോനില തെറ്റിയ പോലെ. പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടും വിവരമൊന്നുമില്ല. 'ഇവിടെയെങ്ങാനും വന്നോ..?' എന്ന ആധിയോടുള്ള ചോദ്യത്തിന് ആശ്വാസ വാക്കുകള്‍ പറഞ്ഞു ഞാന്‍ സംസാരം നിര്‍ത്തി.
എന്നാലും അയാളിതെങ്ങു പോയി..? കുടുംബമെന്നാല് എല്ലാമായിരുന്ന മനുഷ്യന്. ഫോണിലെ ഭാര്യയുടെയും മക്കളുടെയും ഫോട്ടോയും വീഡിയോയുമായി കഴിഞ്ഞിരുന്നവന്. അവധി കഴിഞ്ഞു വരുന്ന ആഴ്ച്ച മുഴുവനും കുടുംബത്തെ പിരിഞ്ഞ സങ്കടത്തില്‍ കണ്ണീരും അതിനെ മറികടക്കാന്‍ കള്ളുമായി ജീവിക്കുന്നവന്. ആ ഒരാഴ്ച ടുഡുവിന്റെ നിലവിട്ട കള്ളുസേവ ഞങ്ങള്‍ സഹിക്കും.
'സാരമില്ല, കുറച്ചു ദിവസത്തെ പ്രശ്നമല്ലേ... ഇയാളില്ലെങ്കില്‍ നമ്മല് വലഞ്ഞു പോകും'.
അസോസിയേഷന് സെക്രട്ടറി സഹതപിക്കും. നിലവിട്ട കള്ളുകുടി ദുഃഖാചരണത്തിന് ശേഷം പിന്നീട് ടുഡുവിന് കരച്ചിലിന്റെ ദിവസങ്ങളാണ്. നാലു മക്കളെയും ഭാര്യയെയും പിരിഞ്ഞ ദുഃഖം.
'ചാറോം ബന്ധര്* ഹേ..'
കണ്ണീരില്‍ കുതിര്‍ന്ന ചിരിയില്‍ വീട്ടുകഥ പറയും. പ്രായ വ്യത്യാസമില്ലാത്ത നാലു കുസൃതിക്കുരങ്ങുകള് അച്ഛന്റെ മടിയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ചിത്രം കാണിച്ചു തരും.
അവസാനം കാണിച്ച ചിത്രത്തില്‍ അവരിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ കഴിഞ്ഞ കൊല്ലം ഞാന്‍ സിംഗപ്പൂര്‍ ടൂറില്‍ വാങ്ങിയതാണ്. പിന്നില്‍ സിംഗപ്പൂര്‍ എന്നെഴുതി സിംഹത്തലയുടെ ചിത്രമുള്ള ഇളം നീല ടീ ഷര്‍ട്ട് ടുഡുവിനും വാങ്ങിയിരുന്നു.
ഇനിയും ടുഡുവിനെ കാത്തിരുന്നാല്‍ കാര്യങ്ങള്‍ കുഴങ്ങുമെന്നു മനസ്സിലായ അസോസിയേഷന് പെട്ടെന്ന് മീറ്റിങ്ങ് നടത്തി പ്രശ്നം ചര്‍ച്ച ചെയ്തു. കുറേ നാളുകളായി ടുഡു മൗനിയായിരുന്നത് മീറ്റിങ്ങില്‍ ചര്‍ച്ചയായി. ഒരു കൗണ്‍സിലിങ്ങ് നടത്തേണ്ടിയിരുന്നു എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ബികാഷ് കല്യാണം കഴിഞ്ഞു വരുന്നതു വരെ തല്‍ക്കാലത്തേക്ക് ഒരാളെ ഏര്‍പ്പാടാക്കാന്‍ തീരുമാനവുമായി. അവന് മാനസിക പ്രശ്നമൊന്നുമല്ല, രോഷാകുലനായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.
ഉല്ലാസ് റസിഡന്‍സിയിലെ ഏറ്റവും പഴയ, പ്രായത്തില്‍ മുതിര്‍ന്ന ആളായത് കൊണ്ടോ എന്തോ, എന്നോടവന് പറയാത്ത കാര്യങ്ങളില്ല. റാഞ്ചിയില്‍ അവരുടെ ഗ്രാമത്തില്‍ സന്താളികളുടെ ഇടയില്‍ ആദ്യം സര്‍ക്കാര്‍ ജോലി കിട്ടിയത് ടുഡുവിന്റെ മുത്തച്ഛനായിരുന്നത്രെ. പോസ്റ്റ് മാസ്റ്റര്‍. അച്ഛന് സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. ചേട്ടന് ഡന്റിസ്റ്റ്, ചേച്ചി കോളജ് അധ്യാപിക. ഞാന്‍ അന്തം വിട്ടു. ചോദിക്കുന്നതിലെ അനൗചിത്യം ഒരു നിമിഷം ഞാന്‍ മറന്നു.
'എന്നിട്ട് നീയെന്താ ടുഡു ഇങ്ങനെ..?
അയാള്‍ പത്താം ക്ളാസ്സ് മുഴുമിപ്പിച്ചിട്ടില്ല എന്നെനിക്കറിയാമായിരുന്നു.
'ഓ... പറ്റിയില്ല. ഓരോരോ കാര്യങ്ങളില്‍ പെട്ട് പഠിത്തം മുടങ്ങിപ്പോയി. വീട്ടുകാര്‍ക്ക് നാണക്കേട് വരുത്താതെ നാടും വിട്ടു. ഇപ്പോള്‍ എനിക്കീ ജോലിയുണ്ടല്ലോ. ഭാര്യയും മക്കളും പാപ്പായുടെ കൂടെ കൃഷികാര്യങ്ങള്‍ നോക്കി നന്നായി കഴിയുന്നുമുണ്ട്. ഏത് ജോലിയും ആത്മാര്‍ഥമായി ചെയ്താല്‍ അതിലെന്താ അന്തസ്സ് കുറവ്....?'
അവന് മറുചോദ്യം ചോദിച്ചു.
പിന്നീടൊരിക്കല്‍ സെക്യുരിറ്റി മുറിയിലിരുന്ന്, ഒരുച്ച നേരം സ്കൂള്‍ പഠിത്തം നിന്ന് പോയ കഥ അയാള്‍ പറഞ്ഞു.
ഹൈസ്കൂള്‍ കാലം. മൂന്നു നേരം ഉണ്ടുറങ്ങിയവന് അത് തിരിച്ചറിവിന്റെ കാലമായിരുന്നു. കാട്ടില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടി സ്കൂളില്‍ വരുന്ന കൂട്ടുകാര്‍. അവരുടെ ദയനീയത. പട്ടണത്തില്‍ പോയി കുറച്ചു തേനും കാട്ടുമരുന്നും വിറ്റാല്‍ എന്ത് കിട്ടാനാണ്..? എന്തെങ്കിലും കൃഷി ചെയ്യാമെന്ന് വെച്ചാല്‍ പട്ടയമില്ലാത്തതിനാല്‍ ഫോറസ്റ്റുകാരുടെ ഉപദ്രവം. മനസ്സ് മടുത്ത അവരില്‍ പലരും കാട്ടിലെ വിപ്ലവ പ്രസ്ഥാനക്കാര്ക്കൊപ്പമാണെന്നും മനസ്സിലായി. പ്രിയ കൂട്ടുകാരന് മദന്‍മോഹന്റെ പാപ്പയുടെ കൃഷി മുഴുവനും നശിപ്പിക്കപ്പെട്ടപ്പോഴാണ് ഫോറസ്റ്റുകാരോട് അവര്‍ ഇടഞ്ഞത്.
'കൃഷിയിടത്തു നിന്ന് കരയുന്ന അവന്റെ അച്ഛന്റെയും മുത്തച്ഛന്റെയും കണ്ണീര് കണ്ടപ്പോള്‍ അവരോട് ചോദിക്കാന്‍ പോയവരുടെ കൂട്ടത്തില്‍ ചേരാതിരിക്കാനായില്ല. അവനൊപ്പം എല്ലാത്തിനും ഞാനുമുണ്ടായിരുന്നു. രക്ഷയില്ലാതെ ഞങ്ങള്‍ ഉള്‍ക്കാട്ടില്‍ ഒളിവിലായി. അവിടെയും പിടിക്കപ്പെടും എന്നായപ്പോള്‍ എല്ലാവരും പലയിടങ്ങളിലേക്ക് ചിതറി. അങ്ങനെ പല സ്ഥലങ്ങളില്‍ അലഞ്ഞ്, വന്നെത്തിയത് ഇവിടെ. അവിടെ നിന്നാല്‍ ഒന്നില്‍ നിന്നും മാറി നില്‍ക്കാനാവില്ല. അത്രക്ക് പ്രശ്നങ്ങളാണ് കാടിനുള്ളിനുള്ളവര് അനുഭവിക്കുന്നത്. ഇടപെട്ടാലോ കുടുംബാംഗങ്ങളെ ബാധിക്കുകയും ചെയ്യും. അന്ന് ഞാന്‍ ഒളിച്ചോടി പോയില്ലായിരുന്നെങ്കില്‍ അച്ഛന്റെ ജോലി നഷ്ടപ്പെട്ടേനെ.'
'എന്നാലും ടുഡു, കാട്ടിലെ വിപ്ലവ പ്രസ്ഥാനക്കാര്‍ മാവോയിസ്റ്റുകളല്ലേ..? അവര്‍ അക്രമികളല്ലേ..?'
'ഞങ്ങളവിടെ ഒരക്രമവും ചെയ്തിട്ടില്ല. സര്‍ക്കാരുദ്യോഗസ്ഥരാണ് കാട്ടിലെ മനുഷ്യരെ ചൂഷണം ചെയ്യുന്നത്. പ്രതികരിക്കുന്നവര്‍ക്ക് കള്ളക്കേസും. അത് ചോദ്യം ചെയ്താല്‍ മാവോയിസ്റ്റുകളും..'
അവന്റെ ഇടുങ്ങിയ കണ്ണില്‍ കനലെരിഞ്ഞു
കഴിഞ്ഞ കൊല്ലം അതേ തീ ടുഡുവിന്റെ കണ്ണില്‍ വീണ്ടും കണ്ടു. ഫാദര്‍ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത വന്ന ദിവസം.
'ഭീമകൊറേഗാവ് എവിടെ കിടക്കുന്നു, ഫാദര്‍ എവിടെ കിടക്കുന്നു..? ഫാദര്‍ അവിടെ പോയിട്ടു പോലുമില്ല. മുപ്പത് കൊല്ലമായി ഫാദര്‍ ജാര്‍ഖണ്ഡില്‍ ഞങ്ങള്‍ക്കിടയിലുണ്ട്. സര്‍ക്കാരിനെ എതിര്‍ത്താല്‍ മാവോയിസ്റ്റുകള്‍, ഭീകരര്‍ എന്ന് പറഞ്ഞുള്ള അറസ്റ്റാണ് എപ്പോഴും നടക്കുന്നത്. അതിനൊരു സമാധാനമുണ്ടായത് ഫാദര്‍ വന്നതിന് ശേഷമാണ്. പിന്നീടവര്‍ ഫാദറിനെയും മാവോയിസ്റ്റാക്കി.'
'മിണ്ടാതിരിയടാ, ഇനി നിന്നെയും പിടിച്ചുകൊണ്ട് പോകുന്നത് ഞങ്ങള്‍ കാണണോ..?'
ആ തമാശ അയാള്‍ക്ക് ദഹിച്ചില്ല.
'ഞാനെന്ത് ചെയ്തു സാര്‍....? ഇവിടെ തീവ്രവാദികള്‍ ഉണ്ടാകുന്നതല്ല, ഉണ്ടാക്കുന്നതാണ്. ഒരു ആക്റ്റിവിസ്റ്റിനും ടെററിസ്റ്റിനും ഇടക്കൊരു നേര്‍ത്ത നൂലിഴയുണ്ട്. അത് പൊട്ടിക്കാനാണ് ഭരിക്കുന്നവരുടെ ശ്രമം. ഒരു ആക്റ്റിവിസ്റ്റ് ഒരു പ്രശ്നത്തില്‍ ഇടപെടുന്നത് ഒരിക്കലും സ്വാര്‍ഥ താല്പര്യങ്ങള്ക്ക് വേണ്ടിയല്ല. അതെന്തുകൊണ്ട് ആരും മനസ്സിലാക്കുന്നില്ല..? പരസ്യമായ അഴിമതിയും കളവും ഇവിടെ കുറ്റമല്ല, പാവങ്ങള്‍ക്ക് വേണ്ടി പോരാടുന്നതാണ് ഏറ്റവും വലിയ കുറ്റം.'
അയാളുടെ കണ്ണിലേക്ക് നോക്കിയ എനിക്ക് ലേശം ഭയം തോന്നി. ടുഡു ആക്ടിവിസ്റ്റിന്റെ കുപ്പായമണിയുമ്പോള്‍ അവന്റെ സംസാര രീതി മാറും. ശബ്ദം ഉറച്ചു സ്ഫുടമാകും.
ഒരു ദിവസം രാവിലെ നടത്തം കഴിഞ്ഞു വന്ന എന്നോട് ടുഡു ചോദിച്ചു.
'ഒരു സ്ട്രോ അത്ര വിലക്കപ്പെട്ടതാണോ സാര്‍...? പാര്‍ക്കിന്‍സന്‍സ് മൂലം കൈ കൊണ്ട് വെള്ളം പിടിച്ചു കുടിക്കാന്‍ പറ്റാത്തവന്, നടുക്കടലില്‍ വെള്ളമില്ലാതെ ദാഹിക്കുന്നതിന് തുല്യമല്ലേ...?'
നവിമുംബൈയിലെ തലോജ ജയിലില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് സിപ്പറും സട്രോയും നിഷേധിച്ച വാര്‍ത്ത വന്ന പത്രവും പിടിച്ചാണ് അവന് രോഷാകുലനായത്.
ഫാദര്‍ തടവില്‍ മരിച്ച വാര്‍ത്ത വന്ന ദിവസം ടുഡുവിന് മുഖം കൊടുക്കാതെ ഞാന്‍ മാറി നടന്നു. പിന്നീടൊരിക്കലും അവന്റെ മുഖത്ത് പഴയ പ്രസരിപ്പ് കണ്ടില്ല.
'ഒന്ന് നാട്ടില്‍ പോയി വാ ടുഡു.. നീയൊന്ന് ഫ്രഷാകാനുണ്ട്. ദീപാവലിയല്ലേ വരുന്നത്. വീട്ടില്‍ നിന്നകന്നു നില്‍ക്കുന്നതിന്റെ മന്ദിപ്പാണിത്.'
'പ്രശ്നമൊന്നുമില്ല സാര്‍. ഞാനെത്ര കൊല്ലമായി ഇവിടിങ്ങനെ. ഇപ്പോള്‍ പോയിട്ട് കാര്യമില്ല. ഞാന്‍ അടുത്ത സേന്ദ്ര പര്ബിനേ പോകുന്നുള്ളു. ഒന്ന് കാട്ടില്‍ പോയി തിമര്ത്താഘോഷിക്കുമ്പോള് മാറാത്ത മനഃപ്രയാസമെന്താ ഉള്ളത്.'
അവര്‍ക്ക് ദീപാവലി ആഘോഷമില്ല എന്നയാള്‍ എപ്പോഴോ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഏത് നഗരത്തില്‍ പാര്‍ത്താലും സേന്ദ്രയില് അവര്‍ റാഞ്ചിയിലെ കാട്ടിലുണ്ടാകും.
'ഞങ്ങള്‍ കാടിന്റെ മക്കള്‍ക്ക് സര്ണയെന്ന പ്രകൃതിയാണ് ദൈവം. ആദ്യം പ്രകൃതി, പിന്നെയാണ് മനുഷ്യരും അവരുണ്ടാക്കിയ ദൈവങ്ങളുണ്ടായത്. ആദ്യമുണ്ടായ പ്രകൃതി കഴിഞ്ഞേ വേറെന്തുമുള്ളു.'
ദൈവങ്ങളും ആഘോഷങ്ങളും അവര്‍ക്ക് പുതിയ പരിഷ്കാരങ്ങളാണ്. എല്ലാ വര്‍ഷവും സേന്ദ്ര പര്‍ബ് കഴിഞ്ഞു വന്നാല്‍ ഒരു മാസം കാണും ടുഡുവിന്റെ നായാട്ടു വിശേഷം. ഓരോ കൊല്ലത്തെയും മ്ലാവും കാട്ടു പന്നിയുമെല്ലാം ടുഡുവിന്റെ ഫോണിന്റെ സ്ക്രീനില്‍ കനമുള്ള കമ്പുകളില്‍ തൂങ്ങി കിടന്നു.
കൊടും കാടിന്റെ ഇരുളില്‍ വന്യമൃഗങ്ങള്‍ക്കായി അമ്പും വില്ലുമായി കാത്തിരിക്കുന്ന കാടിന്റെ മക്കള്‍. വേട്ടപ്പാകത്തിന് പന്നി മുന്നില്‍ വന്നു പെട്ടാല്‍ സംഘം ജാഗരൂകരാകും. നേതാവിന്റെ ആദ്യ അമ്പ് പന്നിക്ക് ഏറ്റാലുടന്‍ തൊട്ടു പുറകെ മൂളക്കത്തോടെ അമ്പുകള്‍ പറക്കും. ചെറിയൊരു താമസം മതി, വിരണ്ടോടുന്ന പന്നി അതിന്റെ തേറ്റയില് അവരെ വീഴിക്കാന്‍. ഒടുവില്‍ പന്നിയെ കമ്പില്‍ കെട്ടി തോളിലേറ്റി അവരുടെ വിജയ യാത്ര. വേട്ടമൃഗത്തിന്റെ ഇറച്ചി പങ്കിട്ടെടുത്തു കഴിക്കണമെന്നാണ് നിയമം.
അപൂര്‍വമായി ശരവേഗത്തിലോടുന്ന മ്ലാവും സേന്ദ്ര നാളില്‍ വീടുകളില്‍ മസാലയില്‍ മൊരിയും. ഇറച്ചി പാകപ്പെടുന്ന ഗന്ധം അന്തരീക്ഷത്തില്‍ അലിയുമ്പോള്‍ സംപ്രീതയാകുന്ന പ്രകൃതീദേവി മക്കള്‍ക്ക് അനുഗ്രഹം വാരി വിതറും. കഴിഞ്ഞ കൊല്ലത്തെ അവധി കഴിഞ്ഞു കണ്ടപ്പോഴേ ടുഡു പറഞ്ഞു.
'ഇക്കൊല്ലത്തെ വേട്ടക്ക് കാര്യമായി ഒന്നും കിട്ടിയില്ല. കാട്ടുമുയല്‍ മാത്രം. എല്ലാം ഫോറസ്റ്റുകാര് വേട്ടയാടി തീര്‍ത്തു. '
'അപ്പോള്‍ ഇക്കൊല്ലം വേട്ടയിറച്ചി കിട്ടിക്കാണില്ലല്ലോ...?'
'ഹേയ്..അതുണ്ട്. കുഞ്ഞു കഷണമെങ്കിലുമാക്കി ഓരോ വീട്ടിലും എത്തിക്കണം.'
പര്ബിന് മാസങ്ങള്‍ക്ക് മുമ്പേ മുതിര്‍ന്നവര്‍ അതിനായി ഒരുങ്ങിത്തുടങ്ങും. മഹുവ മരത്തിന്റെ പൂക്കള്‍ വാറ്റിയുണ്ടാക്കുന്ന ഒന്നാന്തരം മദ്യം ചുരയ്ക്കാക്കുടങ്ങളില് നിറയും. പിന്നെ പഴങ്കഞ്ഞി പുളിപ്പിച്ചുണ്ടാക്കുന്ന ഹാണ്ടിയായും. മഹുവായും ഹാണ്ടിയായും എനിക്ക് രുചിക്കാനായി ടുഡു രഹസ്യമായി എത്തിച്ചു തന്നിട്ടുണ്ട്.
'എങ്ങനുണ്ട് സാര്‍..? സാറിന്റെ ആര്‍മി ക്വാട്ട ഇവരുടെ മുന്നില്‍ മാറി നില്‍ക്കില്ലേ...?'
'നിനക്കിതുണ്ടാക്കാനറിയുമോ...? നമുക്കൊന്നു പരീക്ഷിച്ചാലോ...? ഇനി നീ നാട്ടില്‍ പോകുമ്പോള്‍ എനിക്ക് കുറച്ചു മഹുവ പൂ കൊണ്ടു താ.'
'ഹേയ്.. ഇതുണ്ടാക്കാനൊന്നും എനിക്കറിയില്ല. ഒക്കെ വയസ്സായവരുടെ പണി.'
ടുഡുവിനെ കാണാതായിട്ടു നാലഞ്ചു മാസത്തോളം അയാളുടെ വീട്ടിലേക്ക് വിളിച്ചു വിവരമാരാഞ്ഞു കൊണ്ടിരുന്നു. വിളിക്കുമ്പോഴൊക്കെ
'കോയീ ഖബര്‍ ഹേ ഭയ്യാ...?' എന്ന പ്രതീക്ഷയോടുള്ള ചോദ്യം ഭാര്യ ആവര്‍ത്തിക്കും.
'അവന് വരും. വിളിക്കും. നിങ്ങളെന്നു വെച്ചാല്‍ ജീവനായിരുന്നല്ലോ..'
എന്ന പതിവ് പല്ലവിയില്‍ ഞാനും മടുത്തു.
'മനഃസ്സുഖമില്ലാതെ എവിടെയെങ്കിലും അലയുന്നുണ്ടാകും. '
എന്ന അവരുടെ പതിഞ്ഞ മറുപടിക്ക് ഞാന്‍ വെറുതെ മൂളും.
പിന്നീട് കുറേ നാള് കഴിഞ്ഞു ടുഡുവിന്റെ ഭാര്യയുടെ ഫോണ്‍ വന്നു. ഇപ്രാവശ്യം അവരുടെ ശബ്ദം ഏറെ സന്തോഷത്തിലായിരുന്നു.
'ഭയ്യാജി... അദ്ദേഹം ഞങ്ങളെ വിളിച്ചു. ഹൈദരാബാദിനടുത്ത് പുതിയ ജോലിയും കിട്ടി. ഉടനേ വീട്ടില്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്.'
'ഓ...ആശ്വാസം. അവനിഷ്ടമുള്ള ജോലി ചെയ്യട്ടെ. ഇനി വിളിക്കുമ്പോള്‍ എന്നെ വിളിക്കാന്‍ പറയു.'
ഭാര്യയെയും മക്കളെയും അയാള്‍ വിളിക്കുന്നുണ്ടല്ലോ. സമാധാനം.
അതിന് ശേഷം ഇന്ന് ഈ പത്രത്തിലെ ചിത്രം കാണുന്ന വരെ ടുഡു എന്റെ അസ്വസ്ഥതയായിരുന്നില്ല. വിളിക്കാഞ്ഞതില്‍ പരിഭവം തോന്നിയതുമില്ല. മിണ്ടാതെ പോയതിന്റെ ജാള്യമായിരിക്കും എന്നോര്‍ത്തു. എന്തോ, അസോസിയേഷനില്‍ കാര്യം പറയാന്‍ തോന്നിയതുമില്ല. ഈ നേരം കൊണ്ട് ടുഡുവിന്റെ പകരക്കാരന് മുരുകന്, ഉല്ലാസ് റസിഡന്‍സിയില്‍ സെറ്റായി കഴിഞ്ഞിരുന്നു.
രാവിലത്തെ ചായ കുടി കഴിഞ്ഞു പുറത്തേക്കിറങ്ങാനായി ലിഫ്റ്റിന് മുന്നിലെത്തിയപ്പോള്‍ നടത്തം കഴിഞ്ഞു വന്ന സെക്രട്ടറിയുടെ കയ്യില്‍ ചുരുട്ടിപ്പിടിച്ച പത്രം.
'നമ്മുടെ ടുഡുവിനെപ്പറ്റി എന്തെങ്കിലും വിവരം കിട്ടിയോ..?'
'ഒരു വിവരവുമില്ല.'
പത്രത്തിലേക്ക് പാളി നോക്കിയ ഞാന്‍ ലിഫ്റ്റില്‍ കയറാതെ നിന്നയിടത്തു തന്നെ നിന്നു പോയി. വേഗം വീട്ടിലേക്ക് പോയി ടീപ്പോയില്‍ കിടന്ന പത്രമെടുത്ത് ആ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി. ചുരുണ്ട മുടിയും കുറുകിയ കഴുത്തുമുള്ള ഒരു തടിയന് മനുഷ്യന് മരങ്ങള്‍ക്കിടയില്‍ പുല്ലില്‍ കമിഴ്ന്ന് കിടക്കുന്നു.
അത് അവനായിരിക്കില്ല എന്ന പ്രതീക്ഷയോടെ ഫോണെടുത്ത് പത്ര വാര്‍ത്തയുടെ ഓണ്‍ലൈന്‍ ലിങ്ക് തുറന്നു, ചിത്രം സൂം ചെയ്തു. ഇളംനീല ടീഷര്‍ട്ടിലെ സിംഹത്തലയിലും 'സിംഗപ്പൂര്‍' എന്നെഴുതിയ അക്ഷരങ്ങളിലും രക്തപ്പാടുകള്‍. ചെവിക്ക് താഴെയുള്ള അരിമ്പാറ മറുക് സ്ക്രീനില്‍ വ്യക്തമായി.
'തെലുങ്കാനയില്‍ വനത്തില്‍ വെടിയേറ്റു കിടക്കുന്ന തിരിച്ചറിഞ്ഞിട്ടില്ലാത്ത മാവോയിസ്റ്റ്' എന്ന തലക്കെട്ടിലേക്ക് ഒന്നു കൂടെ കണ്ണോടിച്ചു. അതിലെ അവസാന രണ്ടു വാക്കുകളെ ഒന്നൂടെ ശരിവെക്കാനെന്നവണ്ണം ഞാന്‍ പേനയെടുത്തു ചുവട്ടില്‍ കടുപ്പിച്ചു വരച്ചു.