റബേക്ക
|| കഥ
പാത്രങ്ങളോട് മല്ലിട്ട് അടുക്കളയോട് സുല്ലിട്ട് രാത്രിയുടെ പകുതിയില്‍ തിരക്കുകളില്‍ നിന്ന് മാറി പുറത്തെ ചാരുകസേരയില്‍ നടുനിവര്‍ത്തുന്ന നേരത്താണ് പുലര്‍ക്കാലത്ത് വീട്ടില്‍ വിരുന്നെത്തുന്ന പത്രത്താഴുകള്‍ മറിക്കാറ്. അരിച്ചു പെറുക്കി വായിച്ചു മടക്കിവെക്കുമ്പോള്‍ പല ദിവസങ്ങളിലും രാവേറെ കഴിയാറുണ്ട്. പതിവുപോലെ വിരലോടിച്ച ചരമകോളത്തിലാണ് കാലങ്ങള്‍ക്ക് ശേഷം അവരുടെ ചിരിച്ച മുഖം കാണുന്നത്. റബേക്ക ഫ്രാന്‍സിസ്. വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് ആ മുഖം എന്നെ കൊണ്ടുപോയി.
പത്തൊന്‍പതിന്റെ തുടക്കത്തില്‍ നാട്ടിലെ അറിയപ്പെട്ടൊരു ഹോസ്പിറ്റലില്‍ ജോലി പരിശീലനത്തിന് കയറിയ സമയം. ഹോസ്പിറ്റലിന് പുറത്തെ റോഡിലൂടെ പോവേണ്ടി വരുന്ന നേരങ്ങളിലൊക്കെയും മുന്‍വശത്തെ ഗെയ്റ്റിലൂടെ ഉള്ളിലേക്ക് നോക്കുമ്പോള്‍ ഒരു പേടി ഉണ്ടാവാറുണ്ട്. ചെറുതിലേ തൊട്ട് ആശുപത്രി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ കുടിയേറിയ ഭയം. അതില്‍ നിന്നും സ്ഥിരമായി അങ്ങനെ ഒരിടത്ത് നില്‍ക്കണം എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. വിധിയെ പഴിച്ച് അവിടെ സ്ഥാനമുറപ്പിച്ച് എല്ലാവരോടും എല്ലാറ്റിനോടും അടുത്തു വരുന്നസമയം. ആ ഇടയ്ക്കാണ് സിസ്റ്റര്‍ റബേക്കയില്‍ ഞാന്‍ എത്തിച്ചേര്‍ന്നത്.
മെഡിക്കല്‍ വാര്‍ഡിലെ സീനിയര്‍ സിസ്റ്ററായിരുന്നു അവര്‍. ജോയിന്‍ ചെയ്ത ആദ്യത്തെ ആഴ്ച്ചയില്‍ വാര്‍ഡിലെ ഒരു രോഗിയുടെ ബ്ലഡ് എടുക്കാന്‍ പോയ എന്നെ സ്വാഗതം ചെയ്തത് ഉയര്‍ന്ന ശബ്ദത്തില്‍ ആരെയോ ചീത്ത പറയുന്ന അവരുടെ വാക്കുകളാണ്. നടുങ്ങിത്തരിച്ചു ഞാന്‍ പതിയെ അങ്ങോട്ട്കയറി ചെന്നപ്പോള്‍ കണ്ടത് കണ്ണ് നിറച്ചു വിറച്ച് നില്‍ക്കുന്ന ഒരു നഴ്‌സിങ് സ്റ്റുഡന്റിനെയാണ്. എന്നെ കണ്ടതും എന്തുവേണമെന്നവര്‍ ചോദിച്ചു. കയ്യിലെ ലിസ്റ്റ് കാണിച്ചു റൂം നമ്പര്‍ 128 എവിടെയാണെന്ന് ചോദിച്ചു. അവര്‍ വിരല്‍ ചൂണ്ടി പറഞ്ഞു 'അവിടം തൊട്ട് ദാ അതുവരെ മെഡിക്കല്‍ വാര്‍ഡാണ്. ഓരോ റൂമിന്റെ ഡോറിന് മുകളിലും നമ്പര്‍ എഴുതിവെച്ചിട്ടുണ്ട്. എല്ലാം നോക്കിപ്പഠിച്ചിട്ട് ഇവടന്നു പോയാല്‍ മതി നീ ഇന്ന്...' അവരുടെ വാക്കുകള്‍ക്ക് മുന്‍പില്‍ എന്റെ കയ്യും വിറക്കുന്നത് ഞാനറിഞ്ഞു. 'നേരം കളയണ്ട, പൊക്കോ ' അവര്‍ ദേഷ്യം വിടാതെ പറഞ്ഞു. ഒരു കരച്ചില്‍ ചങ്കില്‍ തട്ടിയെങ്കിലും നടന്നു. അവരെ ഒന്ന് തിരിഞ്ഞു നോക്കി. എന്നേക്കാള്‍ ഇരട്ടി നീളവും ഒത്ത തടിയും ഇരുണ്ട നിറവുമായിരുന്നു അവര്‍ക്ക്. ദേഷ്യംകൊണ്ട് കണ്ണുരുട്ടുമ്പോള്‍ അവരുടെ നീല മൂക്കുത്തിക്ക് തിളക്കം കൂടി വന്നു.
ആ സംഭവത്തിന് ശേഷം ഇടയ്ക്കിടെ ഞാനവരെ കാണാറുണ്ടായിരുന്നു. ആ സമയമൊക്കെയും ആരെങ്കിലുമായി ശബ്ദമുയര്‍ത്തി കയര്‍ക്കുകയായിരിക്കും അവര്‍. എനിക്ക് അങ്ങോട്ട് പോവാന്‍ പേടിയായിരുന്നു. അവരെകുറിച്ച് ആരോടും ചോദിക്കാനും പോയില്ല. ചെന്നതിന്റെ രണ്ടാം മാസം എനിക്ക് ആദ്യമായി നൈറ്റ് ഡ്യൂട്ടി കിട്ടി. തിരക്കൊഴിഞ്ഞ സമയത്ത് മെഡിക്കല്‍ വാര്‍ഡിനടുത്തുള്ള 'കുടിവെള്ള' പൈപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ ചെറിയൊരു മൂളിപ്പാട്ട്പാടി പോയ എന്റെ മുന്നിലേക്ക് ബ്രൗണ്‍ നിറമുള്ള ഒരു സുന്ദരി പൂച്ചക്കുട്ടിചാടി. പണ്ടേതൊട്ട് പൂച്ചയെ പേടിയുള്ള ഞാന്‍ വെള്ളമെടുക്കാന്‍ കൊണ്ടുപോയ ജഗ്ഗ് അവിടെ എറിഞ്ഞ് ഒറ്റഓട്ടം. പിന്നില്‍ ആരോ ചിരിക്കുന്നത് കേട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ല. ലാബിന്റെ വാതില്‍ കടന്നതും എന്റെ ശ്വാസഗതികൂടി. എന്തുപറ്റിയെന്ന് ചോദിച്ച് ബാക്കിയുള്ളവര്‍ അടുത്തുകൂടി. ഞാനൊന്ന് നോര്‍മലായപ്പോള്‍ കാര്യം പറഞ്ഞതും അവര്‍ ചിരിക്കാന്‍ തുടങ്ങി. ആ പൂച്ച ഒന്നും ചെയ്യില്ല. റബേക്ക സിസ്റ്ററുടെ 'ചക്കി' യാണത്. കണ്ണ് മിഴിച്ച് അങ്ങനെ നിന്ന എന്നെ അവര്‍ ഇതൊക്കെ എന്തെന്നമട്ടില്‍ നോക്കി നിന്നു. ഹോസ്പിറ്റലിലും ഈ വക സാധനങ്ങള്‍ ഉണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഈ കോഴ്‌സ് തന്നെ ചെയ്യില്ലായിരുന്നു. അവര്‍ പിന്നെയും ചിരിച്ചു.' അത് എല്ലാരും പെര്‍മിഷന്‍ കൊടുത്തിട്ടാ. സിസ്റ്റര്‍ ഈ ഹോസ്പിറ്റലിലെ സീനിയര്‍ സ്റ്റാഫ് അല്ലെ. സിസ്റ്റര്‍ക്ക് മക്കളില്ല. പാവം അതുകൊണ്ടാ ഈ പൂച്ചകളെ ഒക്കെ വളര്‍ത്തുന്നെ. ചേച്ചി സങ്കട രൂപത്തില്‍ പറഞ്ഞതും റബേക്ക സിസ്റ്റര്‍ക്ക് പാവമെന്ന കൂട്ടിച്ചേര്‍ക്കല്‍ ഒരിക്കലും ശെരിയായില്ലെന്ന് ഞാന്‍ പറഞ്ഞു. അവരുടെ സ്വഭാവം എനിക്ക് മനസ്സിലായതും അറിഞ്ഞതും അനുഭവിച്ചതും അപ്പോള്‍ വിവരിച്ചു. എന്നെ അതിശയിപ്പിച്ച് ചേച്ചിയപ്പോള്‍ പറഞ്ഞു ' പുറമെ കാണുമ്പോലെ ആവില്ലല്ലോ ആരും. നീ ഈ പറഞ്ഞത് ആദ്യമായി സിസ്റ്ററെ കണ്ട ഒരാള്‍ക്ക് തോന്നുന്ന കാര്യമാണ്. അവരെ അടുത്തറിഞ്ഞവര്‍ക്കറിയാം ആളൊരു സാധുവാണെന്ന്. അവര്‍ ചീത്ത പറഞ്ഞതിനൊക്കെയും കാരണങ്ങള്‍ കാണും. പിന്നീടത് ചെയ്യാതിരിക്കാന്‍ ആയിരിക്കും. അല്ലാതെ അവര്‍ക്ക് ആരോടും ദേഷ്യമൊന്നും കാണില്ല. നിങ്ങളെപോലെ ഉളള പിള്ളേരെ നല്ല ഇഷ്ടവുമാണ്. നീ അന്ന് റൂം ചോദിച്ച് അവരത് കാണിച്ചുതന്നിരുന്നുന്നെങ്കില്‍ പിന്നീടോരോ തവണ പോകുമ്പോളും അവിടെ ആരോടെങ്കിലും ചോദിക്കേണ്ടി വരില്ലായിരുന്നോ. ഇത് നീ സ്വയം കണ്ടെത്തിയതിനാല്‍ ഒരു ധൈര്യം തന്നില്ലേ? അതല്ലേ അപ്പൊ ശെരി. സ്വയം നമ്മളെ പാകപ്പെടുത്താന്‍ പഠിപ്പിക്കുന്നത് തെറ്റല്ലല്ലോ? ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയണം. അവരുടെ പോളിസിയാണ് ഞാനിപ്പോള്‍ പറഞ്ഞത്. 'എനിക്കപ്പോള്‍ അവരോടൊരു മതിപ്പുതോന്നി. ചേച്ചി പറഞ്ഞുനിര്‍ത്തിയതും ലാബിലെ ലാന്‍ഡ് ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി. 'ആഹ് സിസ്റ്റര്‍, പറയാം' എന്ന് പറഞ്ഞു ഫോണ്‍ വെച്ച് ആതിര എന്നോട് പറഞ്ഞു 'റബേക്ക സിസ്റ്ററാ വിളിച്ചേ നിന്നോട് അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു'.
' എന്നോടോ, എനിക്ക് പേടിയാ നീ കൂടെ വാടീ... ഞാനവളുടെ കൈപിടിച്ചു വലിച്ചു.
'നിന്നെയല്ലേ വിളിച്ചേ ഞാനും കൂടെ വന്നാല്‍ അതിന് ചീത്ത വേറെ കേള്‍ക്കും '... അവള്‍ എന്നെ കൈഒഴിഞ്ഞു. അവള്‍ വന്നില്ല. അവസാനം രണ്ടും കല്‍പിച്ചു അങ്ങോട്ട് പോയപ്പോള്‍ ഞാന്‍ എറിഞ്ഞിട്ടുപോയ ജഗ്ഗില്‍ അവര്‍ വെള്ളം നിറച്ചു വെച്ചത് കണ്ടു. 'ഇങ്ങുവാ..' മൂക്കുത്തിക്കു താഴെയുള്ള വിടര്‍ന്ന ചുണ്ടുകളാല്‍ ചിരിച്ച് എന്നെ മാടിവിളിച്ചു. കോട്ടിന്റെ ബട്ടന്‍സില്‍ തിരിപ്പിടിച്ച് മെല്ലെ മെല്ലെ ഞാനങ്ങോട്ട് ചെന്നു. 'ഇരിക്ക്.. എന്തിനാ നീ ഓടിയെ. പൂച്ച ഒന്നും ചെയ്യില്ല. നീ അതിനെ ഒന്നും ചെയ്യാഞ്ഞാല്‍ മതി.' അവിടെ മേശയില്‍ കിടന്ന ഒരു ചോക്ലേറ്റ് അവരെനിക്ക് തന്നു. വാഷ് ബൈസണ്‍ ചൂണ്ടിക്കാണിച്ചു കൈ കഴുകി വരാന്‍ പറഞ്ഞു. കേട്ടപാതി കൈ കഴുകി ഒരു മരക്കസേരയില്‍ ഇരിപ്പുറപ്പിച്ചു. അവര്‍ ഫ്‌ളാസ്‌ക്കില്‍ നിന്ന് രണ്ട് ഗ്ലാസ്സുകളിലേക്ക് ചായ പകര്‍ന്നു. ബാഗില്‍ നിന്ന് ഒരു ടിഫിന്‍ ബോക്‌സ് എടുത്ത് തുറന്നു. അതില്‍ എണ്ണച്ചിരിയാലെ നേരിയ ചൂടില്‍ അസ്സല്‍ പഴംപൊരി. മടിച്ചിരുന്ന എന്നോട് എടുത്ത് കഴിക്കെന്ന് ആജ്ഞാപിച്ചു. കഴിക്കാന്‍ തുടങ്ങിയപ്പോള്‍ അവരെന്റെ കണ്ണ് മറച്ച് ഇറങ്ങിവന്ന സ്‌കാഫ് പിന്നീലേക്ക് വലിച്ചു. നെറ്റിയില്‍ കിടന്നിരുന്ന മുടിയിഴകള്‍ വിരല്‍കൊണ്ട് ഉള്ളിലേക്കാക്കി. നിവര്‍ന്നു നിന്ന എന്റെ കോട്ടിന്റെ കോളര്‍ മടക്കി വെച്ചു. ഗൗരവക്കാരിയില്‍ നിന്നും പരിണമിച്ച് സ്‌നേഹനിധിയായ ഒരു അമ്മയിലേക്കുള്ള ചെറിയ ദൂരം ഞാനവരില്‍ കണ്ടു. വേഗം കഴിച്ചെണീറ്റ് ജഗ്ഗുമെടുത്ത് നടന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ അവര്‍ ചിരിച്ചു. ഞാനും. എന്തോ ഒരു അടുപ്പം എനിക്കവരോട് തോന്നിത്തുടങ്ങി. നൈറ്റ് ഡ്യൂട്ടി ആഴ്ചയിലെ അവസാന ദിവസം ഫാസ്റ്റിംഗ് ബ്ലഡ് എടുക്കാന്‍ വാര്‍ഡിലെ 130 ആം നമ്പര്‍ റൂമില്‍ കൊട്ടിവിളിച്ചതും ഭ്രാന്തനെന്ന് തോന്നിക്കുന്ന ഒരാള്‍ വാതില്‍ തുറന്നു. അയാള്‍ക്കൊപ്പം വേറെ ആരെയും കാണാഞ്ഞതിനാല്‍ ഞാനാ റൂമില്‍ കയറാന്‍ മടിച്ചു. എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ 'എന്തുപറ്റി ' എന്നചോദ്യവുമായി ആ മാലാഖ എനിക്ക്മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
'സിസ്റ്ററേ..... അത്.....' ഞാന്‍ പരുങ്ങി.
'ആ സിറിഞ്ചിങ്ങു താ... ബ്ലഡ് എടുത്തു തരാം... 'സിസ്റ്റര്‍ ആ റൂമില്‍ കയറി. അയാളുടെ ബ്ലഡ് സാമ്പിള്‍ എനിക്ക് വേണ്ടി എടുത്തു തന്നു. എന്റെ ഒരു നന്ദിവാക്കിന് പോലും കാത്തുനില്‍ക്കാതെ 'മാറി നില്‍ക്കൂ കുട്ടീ' എന്നും പറഞ്ഞ് അവര്‍ അടുത്ത റൂം ലക്ഷ്യമാക്കി ധൃതിയില്‍ നടന്നു.
പിന്നെയും ദിവസങ്ങള്‍ പോയ്ക്കൊണ്ടിരുന്നതിന്റെ ഒരു പകലില്‍, കൈകോര്‍ത്തു ഞാനും നീതുവും നടന്നു കയറിയ ഹോസ്പിറ്റല്‍ വരാന്തയിലേക്ക് അവര്‍ ഓടിക്കേറി. 'കൈ കോര്‍ത്തു നടക്കാന്‍ ഇത് കോളജ് ഒന്നും അല്ലല്ലോ, വിട്ട് വിട്ട് നടക്ക് പിള്ളേരെ 'അവരുടെ ശബ്ദം ആ ഹാള്‍ മുഴുവന്‍ പ്രതിധ്വനിച്ചു. എല്ലാവരും ഞങ്ങളെ നോക്കിയതും എനിക്ക് വല്ലാതെയായി. അവര്‍ ഓപ്പറേഷന്‍ തിയ്യേറ്ററിലേക്ക് ഓടിക്കേറി. വീല്‍ചെയറും സ്ട്രെച്ചറും രോഗങ്ങളും രോഗികളുടെ വേദനകളും കൂട്ട് വന്നവരുടെ ടെന്‍ഷനുകളും വേഗതയും പ്രാര്‍ഥനയും നിറഞ്ഞ ഹോസ്പിറ്റലില്‍ ഇതുപോലെ കൈകള്‍ ചേര്‍ത്ത് ലോകകഥ പറഞ്ഞു നടക്കാന്‍ പാടില്ലല്ലോ. എന്നിരുന്നാലും ഇത്ര ഉറക്കെ എല്ലാവരും കേള്‍ക്കേ പറയേണ്ടിയിരുന്നില്ല. ചെറിയ നീരസം ഉള്ളില്‍ തോന്നാതിരുന്നില്ല.
അന്നേക്ക് ശേഷം അവരെ കാണാത്ത കുറേ ദിവസങ്ങള്‍ കടന്നുപോയി. ഇതിനിടെ ട്രെയിനിങ് കഴിഞ്ഞു ഞാനവിടെ അവിടെ സ്റ്റാഫ് ആയി. ഒരു ദിവസം റിസള്‍ട്ട് കൊടുക്കാന്‍ മെഡിക്കല്‍ വാര്‍ഡില്‍ പോയപ്പോള്‍ നഴ്‌സിങ് റൂമില്‍ അവള്‍ ഉണ്ടായിരുന്നു. ആദ്യമായ് അവിടെ പോയപ്പോള്‍ റബേക്ക സിസ്റ്ററുടെ ശബ്ദത്തിന് മുന്നില്‍ വിറച്ചു നിന്നിരുന്ന ആ കണ്ണടയിട്ട പെണ്‍കുട്ടി. ഞാനവളോട് പറ്റിച്ചേര്‍ന്ന് കുശലം ചോദിച്ചു. ഇടയില്‍ അന്നെന്തിനാണ് നിന്നെ സിസ്റ്റര്‍ ചീത്ത പറഞ്ഞതെന്നും ചോദിച്ചു. 'ഓഹ് നീ അതൊന്നും മറന്നില്ലേ എന്ന ഭാവത്തില്‍ അവളെന്നെ ഒരു നോട്ടം. ഞാന്‍ വെളുക്കെ ചിരിച്ചു. ജിജ്ഞാസ നിറഞ്ഞ എന്റെ മുഖത്തുനോക്കി അവളാകാര്യം പറഞ്ഞു.' മെര്‍കുറി ഗോള്‍ഡില്‍ വീണാല്‍ ആ ഗോള്‍ഡിന് പിന്നെ വിലയില്ലാതെയാവും. അശ്രദ്ധ കാരണം മെര്‍കുറി എന്റെ വളയില്‍ വീണു. എന്നോട് വന്ന അന്നുതൊട്ട് പറയുന്നതാ ശ്രദ്ധിക്കണമെന്ന്. വീട്ടുകാര്‍ എത്ര കഷ്ടപ്പെട്ട് എടുത്തു തന്നതായിരിക്കും ആ വളയെന്ന് പറഞ്ഞാ അന്ന് ചീത്തവിളിച്ചത്. അല്ലാതെ ഡ്യൂട്ടികാര്യത്തിലോ സിസ്റ്ററെ ബാധിക്കുന്ന ഒന്നിനോ വേണ്ടി അല്ലായിരുന്നു. അവര്‍ അങ്ങനാ.... ' അവള്‍ പറഞ്ഞു നിര്‍ത്തിയതും എനിക്കവരെ കാണാന്‍ തോന്നി. ഞാന്‍ അവരെ അന്വേഷിക്കുകയും ചെയ്തു. ' അവരുടെ ഹസ്ബന്റിനു ഹാര്‍ട്ടിന്റെ സര്‍ജറി കഴിഞ്ഞിരിക്കുകയാണെന്നും സിസ്റ്റര്‍ ലീവിലാണെന്നും അവള്‍ പറഞ്ഞു. അന്ന് അവസാനമായി കണ്ട ദിവസം അവര്‍ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് ഓടിക്കയറിയത് എന്റെ മനസ്സില്‍ തെളിഞ്ഞു. അവിടുന്നൊരു രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് ചിക്കന്‍-പോക്‌സ് വന്നുകിടപ്പിലായി.
ഒരുമാസക്കാലം വീടും അകത്തളവും മാത്രമായി. ഹോസ്പിറ്റലില്‍ നിന്നും ഇടയ്ക്കിടെ കാള്‍ വരാറുണ്ടായിരുന്നു. ഞാന്‍ സിസ്റ്ററെ തിരക്കാറുണ്ടായിരുന്നു. നീണ്ട ഒരുഇടവേളക്ക് ശേഷം ഞാനാ ഹോസ്പിറ്റലില്‍ തിരിച്ചെത്തി. നീല മൂക്കുത്തിയില്‍ സുന്ദരിയായി ആ ഇരുണ്ടമുഖക്കാരി അവിടെ ഉണ്ടായിരുന്നു. റൂമുകള്‍ തോറും കയറിയിറങ്ങുന്ന റൗണ്ട്‌സ് എന്ന ഡോക്ടര്‍ പരിപാടിയില്‍ ഫയലുകളും ബി. പി അപ്പാരറ്റസും കയ്യില്‍ പിടിച്ച് അവരും. ഡോക്ടര്‍ പറഞ്ഞ എന്തോ കുറിച്ചു വെക്കാന്‍ പെന്‍ തിരഞ്ഞ അവര്‍ അതുവഴി വന്ന എന്നെ തടഞ്ഞു നിര്‍ത്തി എന്നോട് പോലും ചോദിക്കാതെ എന്റെ പോക്കറ്റില്‍ നിന്നും പെന്നെടുത്ത് ഡോക്ടറെ അനുഗമിച്ചു നടന്നു. അവരേയും എന്റെ പെന്നിനെയും കാത്ത് ഞാനാ മെഡിക്കല്‍ വാര്‍ഡില്‍ നിന്നു. കുറച്ചു നേരം കഴിഞ്ഞ് അവരങ്ങോട്ട് വന്നതും പെന്നിനു വേണ്ടി എന്റെ കൈ നീണ്ടു . 'എന്ത് വേണ'മെന്നവര്‍ ചോദിച്ചു..'എന്റെ പെന്ന്...' ഞാന്‍ മെല്ലെ പറഞ്ഞു. ' നിന്റെയോ.... ' അവരെന്നെ ഒന്നൂടെ നോക്കി. 'ആഹ് എന്റെ സ്വന്തം പെന്നാ.... ' എന്ന് പറഞ്ഞതും അവര്‍ ഉറക്കെ ചിരിച്ചു ' അതെങ്ങനെ നിന്റെ സ്വന്തമാകും, അതിപ്പോ എന്റെ കയ്യിലല്ലേ.. അപ്പൊ എന്റേതല്ലേ...? അല്ലെങ്കിലും ആര്‍ക്കും ഒന്നും സ്വന്തമല്ലല്ലോ..? നീ നിന്റേതെന്ന് പറയുന്ന നിന്നേപോലും യഥാര്‍ഥ അവകാശി വന്നാല്‍ പങ്കുവെക്കില്ലേ...? ഒന്നും ആര്‍ക്കും സ്വന്തമല്ല. വെറും സൂക്ഷിപ്പുകാര്‍ മാത്രമാണ് നമ്മള്‍. ആര്‍ക്കോ വേണ്ടി എന്തൊക്കെയോ സൂക്ഷിക്കുന്ന വെറും സൂക്ഷിപ്പുകാര്‍. ' ഇത്രയും പറഞ്ഞ് ചിരിച്ചുകൊണ്ടുതന്നെ അവരാ പെന്ന് എന്റെ കയ്യില്‍ തന്നു.
ഓരോ തവണയും എനിക്കവര്‍ അതിശയമായി തോന്നി. വാക്കുകള്‍ കൊണ്ടും വ്യത്യസ്തമായ പെരുമാറ്റംകൊണ്ടും തീര്‍ത്തും വേറിട്ട ജന്മം. പത്തൊന്‍പതിന്റെ തുടക്കത്തില്‍ അവിടെ കയറിപ്പറ്റി, ഇരുപത്തിരണ്ടിന്റെ പക്വതയില്‍ ആ പടികളിറങ്ങുമ്പോള്‍ മറക്കാന്‍ പറ്റാത്ത പലമുഖങ്ങളില്‍ ഒന്ന് സിസ്റ്റര്‍ റബേക്ക ഫ്രാന്‍സിസ് തന്നെയായിരുന്നു. പിന്നീടൊരിക്കല്‍ ആ ഹോസ്പിറ്റലിലേക്ക് പോയ സമയം ഞാനവരെ തിരഞ്ഞു. ഭര്‍ത്താവ് മരിച്ചെന്നും പാലക്കാട് ഏതോ അഗതി മന്ദിരത്തിന് സ്വത്തെല്ലാം എഴുതിവെച്ച് അവിടെ ശിഷ്ട്ടകാലം ജീവിക്കാന്‍ തീരുമാനിച്ചെന്നും അവിടുത്തെ അന്തേവാസികള്‍ക്ക് 'സ്വന്തം നേഴ്‌സ് 'ആയി സര്‍വീസ് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അറിഞ്ഞു. മറക്കില്ലെന്ന് കരുതുന്നതൊക്കെയും പൊള്ളയാണ്. അല്ലെങ്കില്‍ നിറങ്ങളുള്ള അവരുടെ ഓര്‍മകള്‍ അയവിറക്കാന്‍ ചരമകോളത്തിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം വേണ്ടിവരില്ലായിരുന്നല്ലോ..