കാരാമ
|| കഥ
'ഇന്ന് റുഖ്യാത്താനെ കണ്ടില്ല ല്ലോ.. '
ഒരു തൊട്ടാവാടിച്ചെടി വേരോടെ പിഴുതെടുക്കുമ്പോഴാണ് ജാനകിയത് ചോദിച്ചത്.
'അപ്പൊ യ്യൊന്നും അറിഞ്ഞില്ലേ ന്റെ ജാനക്യേ.. '
'ഇല്ല.. എന്താ കൈജുമ്മ..'
കൈജുമ്മ കൈക്കോട്ട് എടുത്ത് കുളപ്പടവിന്റെ അരികില്‍ ആഞ്ഞൊരു കൊത്തു കൊത്തി. മണ്ണിനൊപ്പം പിഴുതു പോന്ന വേരറ്റ പൊന്തക്കാടുകളെ കുറച്ചപ്പുറത്തേക്ക് കുടഞ്ഞിട്ടു. കൈക്കോട്ട് നിലത്തു വച്ച് അഴിഞ്ഞു തുടങ്ങിയ തലയിലെ മക്കനക്കെട്ട് നിവര്‍ത്തി വീണ്ടും കെട്ടാന്‍ തുടങ്ങി.
'റുഖ്യാന്റെ മരോളെ മേത്തു ജിന്ന് കൂടീക്ക ജാനക്യേ.. '
'പിന്നേ... ങ്ങളൊന്ന് തെളിച്ചു പറയീം.. '
'ആ പെണ്ണേ.. ഓളെ മരോളില്ലെ സജ്ന.. ഓളെ മേത്തു പ്രസവം കഴിഞ്ഞപ്പോ ജിന്ന് കൂടി.ഇപ്പൊ ഓള്ക്ക് കുട്ടീനേം വേണ്ട.. കെട്ടിയോനേം വേണ്ട.. എല്ലാരോടും ദേഷ്യം ആണ് ന്ന്.. പാവം പൈതല്‍.. അയിന് പാല് കൊടുക്കാന്‍ പോലും ഓള് കൂട്ടാക്കണില്ല ന്നാ കേട്ടെ.. റുഖ്യ ആകെ വെഷമത്തിലാ.. നമ്മളെ ബീവിനെ കൊണ്ട് ഒന്ന് ഊതിച്ച് കെട്ടിയ ശര്യാവും ന്നാ ഇനിക്ക് തോന്ന്ണ്.. '
ജാനകി പറിച്ച് കൂട്ടിയ പുല്ലുകള്‍ കൊട്ടയിലേക്ക് കോരിയിട്ടു.
'ഇതതൊന്നും അല്ല കൈജുമ്മ.. അത് ഡിപ്രെഷന് ആവും.. ന്റെ മോള് പറയുന്ന കേട്ടിട്ടുണ്ട്. ഇപ്പൊ ചില പെണ്ണുങ്ങള്‍ക്കൊക്കെ പ്രസവശേഷം ഇങ്ങനെ ഉണ്ടാവും ന്ന്.. ഡോക്ടറെ കാണിച്ച മതി.. '
'പിന്നേ.. ഇപ്പൊ എന്താ പ്രസവത്തിനൊരു മാറ്റം.. പണ്ടൊന്നും ഇല്ലാത്തൊരു പുതുമ.. ഇത് ജിന്ന് കൂടീത് തന്നെ.. അല്ലേല്‍ സജ്നാക്ക് പണ്ടേ ആ സൂക്കേട് ണ്ടാവും. മാനസികം. പറയാണ്ടെ കെട്ടിച്ചതാവും.. '
അത് പറയുമ്പോള്‍ കൈജുമ്മ ശബ്ദം താഴ്ത്തി.
'ങ്ങള് വേണ്ടാത്തത് പറയല്ലേ.. '
ജാനകി കൊട്ട തലയില്‍ വെച്ച് കുളപ്പടവില്‍ നിന്ന് മുകളിലേക്ക് കയറി കുറച്ചു അപ്പുറത്തുള്ള തെങ്ങിന് ചുവട്ടില്‍ കൊണ്ടുപോയി തട്ടി. കൈജുമ്മ കൈക്കോട്ട് കൊണ്ട് കുളത്തിനരികില്‍ ചെത്തിക്കോരല് തുടര്‍ന്നു.
'ദേ ആമ.. '
കുളത്തില്‍ നിന്ന് ചെളിയില്‍ പൂണ്ടു കിടക്കുന്ന പായലുകള്‍ വലിച്ചെടുക്കുകയായിരുന്നു സുമ. കോലു കൊണ്ട് നിലത്തു കുത്തിയപ്പോഴാണ് ഒരാമ പൊന്തി വന്നത്. തലയും കാലുകളും പുറത്തിട്ടു പരിഭ്രമത്തോടെ ചുറ്റും നോക്കി പതുക്കെ അത് കുളത്തിനടിയിലേക്ക് തന്നെ ഊളിയിട്ടു. ആ കാഴ്ച കണ്ടുനിന്ന റംലയ്ക്കും രസം തോന്നി. അവള് വെറുതെ നിന്നയിടത്തില്‍ കോലുകൊണ്ടൊന്നു കുത്തി. അപ്പോള്‍ വീണ്ടും ഒരാമ പൊന്തി വന്നു.
'അത് കാരാമയാണ്.. ഇനീം കാണും നെറയെ.. അവറ്റകള് ചെളിയില്‍ പതുങ്ങി കിടക്കാവും..'
കുളപ്പടവില്‍ നിന്ന് നോക്കി നിന്ന കൈജുമ്മ വിളിച്ചു പറഞ്ഞു.
'അതുശരി.. അപ്പൊ അതാണോ ഈ കുളത്തിനു കാരാമക്കുളം ന്ന് പറയുന്നേ.. '
ജാനകി അപ്പോഴേക്കും കൊട്ടയും കോലുമായി കുളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു.
'പിന്നെല്ലാതെ.. കുറേ കാലം മുന്‍പ് ഈ കുളം ഇന്നാട്ടുകാര് കുളിക്കാനും മറ്റും ഉപയോഗിച്ചിരുന്നതാണത്രേ.. ആയിടയ്ക്കാണ് വായനാട്ടിന്ന് കെട്ടിക്കൊണ്ട് വന്ന ഒരു ചേട്ടത്തിപ്പെണ്ണ് ഈ കുളത്തില്‍ ചാടി ചത്തത്. അതില്‍ പിന്നെ ആരും ഇത് ഉപയോഗിക്കാതെയായി. കാടും പടലും കയറിക്കിടന്നു. കാരാമകള്‍ ഇതില്‍ താമസം തുടങ്ങിയതില്‍ പിന്നെ ഇത് അവറ്റകളുടെ സ്വന്തമായി. അങ്ങനെ ഈ കുളത്തിനു കാരാമക്കുളമെന്ന പേരുമായി. കുറച്ചു കാലം മുന്‍പ് വരെയൊക്കെ നായാടികളും വേട്ടയ്ക്ക് വരുന്നവരുമൊക്കെ കാരമകളെ പിടിച്ചു ചുട്ടു തിന്നാറുണ്ടായിരുന്നു. ഇപ്പൊ അതും കാണാറില്ല. എന്തായാലും തൊഴിലുറപ്പ് പണിയായി ഇത്തവണ ഈ കുളം നന്നാക്കി എടുത്താല്‍ നമുക്ക് കൂലി മാത്രല്ല വേനലില്‍ വെള്ളത്തിന്റെ ബുദ്ധിമുട്ടും തീരും.'
ജാനകി പറഞ്ഞത് കേട്ട് എല്ലാവരും അതെയെന്ന് തലയാട്ടി. കൂട്ടത്തില്‍ പലരും ആ കഥയൊക്കെ ആദ്യമായി കേള്‍ക്കുകയായിരുന്നു. ജാനകി വടികൊണ്ട് ചെളിയിലെ പായലില്‍ ചുറ്റി മേലോട്ട് വലിച്ചു.
'നല്ല ഭാരമുണ്ട് ഇതിന്.. ശാന്തേ ഒന്ന് കൂടിക്കെ.. '
അവര്‍ രണ്ടാളും കൂടി പായല്‍ വലിച്ചു പൊക്കി കുട്ടയില്‍ ഇട്ടപ്പോള്‍ രണ്ടു കാരാമകള്‍ വെള്ളത്തിനു മുകളിലേക്ക് പൊന്തി വന്നു. പെട്ടെന്ന് തന്നെ തല ഉള്ളിലേക്ക് പിന്‍വലിച്ചുകൊണ്ട് അവ താഴേക്ക് നീങ്ങി.
****
കുളവക്കിലെ പ്ലാവില്‍ നിന്ന് വെട്ടിയെടുത്ത ഇലച്ചുള്ളികള് തലയില്‍ വെച്ചാണ് കൈജുമ്മ വീട്ടിലേക്ക് വന്നത്.
'സലീമ.. '
വന്നപാടെ മരുമകളെ നീട്ടിവിളിച്ച് മുറ്റത്തേക്ക് പ്ലാചുള്ളികള് തട്ടിയിട്ട് അവര്‍ കുളിക്കാന്‍ പോയി. ഉമ്മയുടെ വിളികേട്ട് അടുക്കളയില്‍ നിന്ന് സലീമ തല പുറത്തേക്കിട്ട് നോക്കി. പ്ലാവില വെട്ടി ആടിന് കൊടുക്കാന്‍ അവളോട് ആരും പറയേണ്ട ആവശ്യമില്ല. എല്ലാകാര്യവും കണ്ടറിഞ്ഞു ചെയ്യാന്‍ അവള് ശ്രദ്ധിക്കാറുണ്ട്. എന്നാലും കൈജുമ്മ തരം കിട്ടുമ്പോഴെല്ലാം അവളെ ചീത്ത പറയും. കുറ്റപ്പെടുത്തും.. എല്ലാം കേട്ട് അടുക്കളയുടെ നാല് ചുമരിനുള്ളില്‍ അവളൊതുങ്ങും.
മിക്കപ്പോഴും നേരങ്ങളില്‍ സലീമയൊരു കാരാമയാണ്. കൈജുമ്മ ഒച്ചയെടുക്കാന്‍ തുടങ്ങുന്ന നേരങ്ങളിലെല്ലാം അടുക്കളയുടെ ഉള്ളിലേക്ക് തല വലിച്ചു പതുങ്ങി നില്ക്കും. മറുത്തൊരക്ഷരം പറഞ്ഞാല്‍ ആഴ്ചയില്‍ വരുന്ന കെട്യോന്റെ അവഗണന മാത്രമാവില്ല മുഖമടച്ച് അടിയും കിട്ടും. അത്കൊണ്ട് കെട്യോന്റെ മുന്നിലും അവളൊരു കാരാമയായി മാറും. അയാള്‍ക്ക് ജോലി സ്ഥലത്തു മറ്റൊരു ഭാര്യയുണ്ടെന്ന് കേട്ടറിഞ്ഞതില്‍ പിന്നെ അവള് സ്നേഹത്തിനു വേണ്ടിയുള്ള അപേക്ഷിക്കലും നിര്‍ത്തി.
'ന്റെ റബ്ബേ.. ഞാനിവിടെ വെച്ച പൈസ എവിടെപ്പോയ്.. '
ഉമ്മാന്റെ ഒച്ചയിടല്‍ കേട്ട് നനഞ്ഞ കൈ ഇടുപ്പില്‍ കല പിടിച്ച മാക്സിയില്‍ തുടച്ച് സലീമ അടുക്കളയില്‍ നിന്ന് ഉമ്മയുടെ മുറിയിലേക്ക് ഓടി..
'എന്താ ഉമ്മാ.. '
'ഞാനിവിടെ വെച്ച പൈസ കാണാനില്ല. '
തടിയലമാരയുടെ മുകളിലെ തട്ടിലേക്ക് ചൂണ്ടിക്കൊണ്ട് കൈജുമ്മ പറഞ്ഞു.
'അവിടെ തന്നെ ണ്ടാവും.. നേരെ നോക്കീം..'
'നേരെ നോക്കീട്ട് തന്നെ പറേണത്. കുടുംബശ്രീടെ ലോണ്‍ അടക്കാന്‍ വെച്ച പൈസയാ.. ആര് എടുത്തോണ്ട് പോയി റബ്ബേ.. പുറത്ത് ന്ന് ഒരാള്‍ വന്ന് അലമാര തുറന്ന് ഇടുക്കൂല ല്ലോ. ഇതിന്റെ ഉള്ളില്‍ ഉള്ളോര് തന്നെ ആവും എടുത്തത്.. '
കൈജ്ജുമ്മയുടെ മുഖം കനത്തു. സലീമയുടെ ഉള്ളൊന്ന് പിടഞ്ഞു. വീട്ടിനുള്ളില്‍ താനും ഉമ്മയും മാത്രമല്ലേ ഉള്ളൂ. ഇക്കയാണേല്‍ ആഴ്ചയില്‍ ഒരു ദിവസമേ വരൂ.. ആ പൈസ താനാണ് എടുത്തതെന്ന് എത്ര നിസ്സാരമായാണ് ഉമ്മ പറഞ്ഞത്.
'അല്ല സലീമ. അന്റെ ഉമ്മ ഉച്ചക്ക് വന്നീന്നു ന്നല്ലേ യ്യ് പറഞ്ഞെ.. ഇനി യ്യ് ഉമ്മാക്ക് എടുത്തു കൊടുത്തോ.. '
ആ ചോദ്യം കേട്ട് അവളുടെ ഹൃദയം പൊടിഞ്ഞു. കണ്ണുകള്‍ നിറഞ്ഞു. പട്ടിണിക്കിടയിലും ആരുടെ മുന്നിലും കൈനീട്ടാത്ത തന്റെ ഉമ്മയെ അവള്‍ക്ക് ഓര്‍മ്മ വന്നു.
'ഞാനെന്തിനാ ഉമ്മാ ങ്ങളെ പൈസ എടുക്കുന്നെ.. '
അവളുടെ ശബ്ദം ഇടറി.
'അയിന് യ്യ് എന്തിനാ കരേണത്.. അപ്പോഴേക്കും പൂങ്കണ്ണീര് ഒഴുക്കും. ഇനി ന്റെ കുട്ടി വരുമ്പോ ഇതും പറഞ്ഞു കരയാല്ലോ..'
സലീമ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു. അപ്പോഴാണ് റുഖിയ അങ്ങോട്ട് വന്നത്.
'കൈജുമ്മാ.. കാരാമക്കുളം വൃത്തിയാക്കാന്‍ നാളെ മുതല്‍ ഞാനും ണ്ടാവും ട്ടോ.. '
'അയിനെന്താ.. യ്യ് ഇരിക്ക്.. '
'എന്താ ഇവിടെ ഒരു തിരക്ക് കേട്ടെ.. '
'ഞാന്‍ ലോണ്‍ അടക്കാന്‍ എടുത്തേച്ച പൈസ കാണാനില്ല റുഖ്യാ.. ഓള് കണ്ടോ ന്നൊന്നു ചോയ്ച്ചേനാ.. ആ പൈസ ആരെ കൈയില്‍ എത്തി ആവോ.. ആട്ടെ
അന്റെ മരോളെ വര്‍ത്താനം എന്താ.. '
'ഒന്നും പറയണ്ട.. സുഖല്ലാത്ത ഓളെ എന്തിനാ ന്റെ ചെറുക്കന് .. ഒഴിവാക്കാന്‍ പറഞ്ഞു ഞാന്‍. ഓനെന്താ വേറെ പെണ്ണിനെ കിട്ടൂലെ.. '
സലീമ അടുക്കളയില്‍ നിന്ന് തല പുറത്തേക്കിട്ട് അവരെ നോക്കി ചിരിച്ചെന്ന് വരുത്തി.
'അതന്നെ നല്ലത്. ഇവിടെ കണ്ടോ. കാരാമയേ പോലെ ഇടയ്ക്ക് തല പുറത്തേക്ക് നീട്ടും ഓള്.. എത്ര നല്ല ആലോചനകള്‍ വന്നതാ ന്റെ കുട്ടിക്ക്. കാരാമയെ പോലെ കറുത്ത ഒന്നിനെയാ ഓന്ക്ക് വിധിച്ചത്.'
സലീമ തല ഉള്ളിലേക്ക് തന്നെ വലിച്ചു. സങ്കടത്തിന്റെ ആധിക്യത്താല്‍ അവള്‍ക്ക് കരച്ചില് മുട്ടി. അപമാനത്തിന്റെ കനല് അവളുടെ നെഞ്ചില്‍ എരിഞ്ഞു. അവഗണനയുടെ കൂടെ അപമാനവും കൂടി താങ്ങാന്‍ ആവാതെ അവള് നിലത്തേക്കിരുന്നു. അപ്പോഴും കാണാതായ പൈസ കൈജ്ജുമ്മയുടെ വസ്ത്രങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നു.
******
പിറ്റേന്ന് കാരാമക്കുളം വൃത്തിയാക്കാന്‍ ഇറങ്ങിയ ജാനകിയുടെയും റുഖിയയുടെയും കൈയില്‍ തടഞ്ഞ പായല്‍വള്ളികള്‍ അവര്‍ വളരെ കഷ്ടപ്പെട്ടാണ് പൊക്കിയെടുത്തത്. നിറയെ കാരാമകള്ക്കൊപ്പം സലീമയും മുകളിലേക്ക് പൊന്തി വന്നു. അപ്പോഴേക്കും ആ കാരാമക്കുളത്തില് അവള് തീര്‍ത്തുമൊരു കാരാമയായി മാറിയിരുന്നു.