പൂച്ചയും ഒരു ഭീകരജീവിയാണ്
|| കഥ
സങ്കീര്‍ത്തനം എന്നു പേരുള്ള പുഴയോരത്തെ വീട്ടില്‍ താമസമാക്കിയിട്ട് മാസം മൂന്നു കഴിഞ്ഞു. ഇത്രയും പ്രശാന്ത സുന്ദരമായൊരു സ്ഥലം ജീവിതത്തില്‍ വേറെ കണ്ടിട്ടില്ലന്ന് വന്ന അന്നു മുതല്‍ ഞാനും കൃഷ്ണവേണിയും പറയുന്നതാണ്.
ചുറ്റുവട്ടത്തുള്ള വലിയ വീടുകളിലൊന്നിലും ആള്‍ത്താമസമില്ല. പ്രളയം സംഹാരതാണ്ഡവമാടി താമസക്കാരെ ഭയപ്പെടുത്തി ഓടിച്ചിരുന്നു.
ഒഴിഞ്ഞ വീടുകളിലെ നോട്ടക്കാരന് ഡേവിഡേട്ടനും ഭാര്യ ശോശന്നയും പറമ്പുകളിലൂടെ മേഞ്ഞ് നടന്നു.
ഒരു യന്ത്രത്തെപ്പോലെ വീടും ജോലിയുമായി നടന്നിരുന്ന എനിക്ക് മലയാളം ക്ലാസ്സ് എടുത്തു കൊണ്ടിരുന്നപ്പോള്‍ ഒരു തോന്നല്‍. സ്വന്തം ഇഷ്ടത്തിന് ഒരു കൊല്ലം ഒന്നു ജീവിച്ചാലെന്താ?
കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്ത ഗുണപാഠകഥയിലെ രാമുവിനെപ്പോലെ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് പന്ത്രണ്ട് മാസം സ്വന്തം ഇഷ്ടത്തിനൊരു ജീവിതം. മറ്റുള്ളവര്‍ക്കു വേണ്ടിയായിരുന്നല്ലോ ഇതുവരെ ജീവിച്ചത്. സ്വന്തം ഇഷ്ടത്തിന് ഒരു പയറുമെഴുക്കുപെരട്ടി പോലും ഉണ്ടാക്കിക്കഴിച്ചിട്ടില്ലല്ലോ, എന്തായാലും അവധിയെടുത്ത് ഒരു വര്‍ഷത്തേക്ക് ശാന്തസുന്ദരമായ ഒരു പ്രദേശത്ത് സ്വസ്ഥമായൊന്നു ജീവിക്കണം.
വീട്ടുകാര്‍ എതിര്‍പ്പുകളുടെ സൂചിക നിരത്തി.
'വീട്ടുകാര്യങ്ങള്‍ ആരുനോക്കും? '
'' നീ പോയാല്‍ ഫുഡും, കുട്ടികളുടെ കാര്യങ്ങളും എന്തോ ചെയ്യും ?'
ഭര്‍ത്താവ് കയര്‍ത്തു.
'അയ്യോ അമ്മ പോയാ എന്റെയും കുഞ്ഞുവിന്റെയും കാര്യങ്ങള്‍ ആരാ നോക്കുക? ഹോം വര്‍ക്കുകള്‍ ആരുചെയ്യിക്കും?'
'പെട്ടന്ന് ലീവ് എടുത്തു പോകേണ്ട റീസണ്‍ പറയൂ?
' പ്രിന്‍സിപ്പാള്‍ തിമിരക്കണ്ണുകളെ കട്ടിക്കണ്ണടക്കുള്ളില്‍ ചെറുതാക്കിക്കൊണ്ട് ചോദിച്ചു.
എല്ലാവരോടും ഒരു ഉത്തരം പറഞ്ഞു
'ഞാന്‍ മരിച്ചു പോയാല്‍ നിങ്ങളൊന്നും ജീവിക്കില്ലേ?'
എല്ലാവീക്കെന്റിലും വരാമെന്നും, അപ്പുപ്പനും അമ്മൂമ്മയെയും കൂടാതെ ഇനി മുതല്‍ പ്രസന്ന വല്യമ്മച്ചിയും നിങ്ങളെ നോക്കാന്‍ ഇവിടെ ഉണ്ടാവുമെന്ന് പറഞ്ഞപ്പോള്‍ എട്ടില്‍ പഠിക്കുന്ന സത്യയും, ആറില്‍ പഠിക്കുന്ന വേദയും സമ്മതിച്ചു.
ബാക്കി എതിര്‍പ്പുകളെ എട്ടായിമടക്കിക്കൂട്ടി തൊടിയിലേക്ക് എറിഞ്ഞു കളഞ്ഞു. വെറെ എവിടെയെങ്കിലും ജോലി കിട്ടിയാല്‍ ഇങ്ങനെ മാറി നില്‍ക്കേണ്ടി വരുമല്ലോ, അങ്ങനെ ആഴ്ചയില്‍ വീട്ടില്‍ വരുന്ന എത്രയോ ഭാര്യമാരും, അമ്മമാരും ഉണ്ട്.
ഒരു കാര്യത്തിനും ജീവിതത്തിലിന്നേവരെ വാശി പിടിക്കാത്ത എന്റെ പെട്ടന്നുണ്ടായ ഈ കടുംപിടുത്തത്തില്‍, ബാധ കേറിക്കൂടിയ ഒരാളുടെ ചേഷ്ടകളെന്ന് സംശയക്കണ്ണുകള്‍ വിധിയെഴുതി.
ആ വീക്ഷണകോണുകളെ തീരെ ശ്രദ്ധിക്കാതെ അടുത്ത കാര്യങ്ങളിലേക്ക് ഞാന്‍ നടന്നു.
ഗുണപാഠകഥയിലെ രാമു വലിയതലയും ഉണ്ടക്കണ്ണുകളുമായി എന്റെ കൂടെ കട്ടക്ക് നിന്നു.
രാമൂന് കൂടെ നടക്കാന്‍ ചങ്കായ ഒരു കൂട്ടുകാരനുണ്ടായിരുന്നു. എനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. പക്ഷേ, ആരാണ് കൂട്ടുവരിക?
അതൊരു വലിയ ചോദ്യചിഹ്നമായി മാര്‍ഗതടസ്സമായി വിലങ്ങനെ കിടന്നു.
ബി.എ മലയാളം പഠിക്കുന്ന നര്‍ത്തകി കൂടിയായ എന്റെ പഴയ സ്റ്റുഡന്റിനോട് കാര്യം അവതരിപ്പിച്ചു.
പഠിത്തം കഴിഞ്ഞിരിക്കുന്ന കുട്ടി സന്തോഷത്തോടെ കൂടെ വരാന്‍ തയ്യാറായി, 'ടീച്ചറിന്റെ കൂടെ എങ്ങോട്ടു വിടാനും ഞങ്ങള്‍ക്ക് നൂറ് സമ്മതമാണെന്ന് '
കൃഷ്ണവേണിയുടെ മാതാപിതാക്കളും പറഞ്ഞു.
അതിനു ശേഷമാണ് സുഹൃത്തായ വസുധയുടെ ഒഴിഞ്ഞ വീട്ടില്‍ എത്തുന്നത്. സങ്കീര്ത്തമെന്ന ഇരുനില വീടിനുമുന്നില്‍ ഭാരതപ്പുഴ നന്നെ മെലിഞ്ഞ് വിളര്‍ത്ത് ഒഴുകുന്നു. തൊടിയിലാകമാനം പഴക്കം ചെന്ന വ്യക്ഷങ്ങള്‍, ചെതുമ്പലുകള്‍ ഇളകി വീഴുന്ന നൂറു വര്‍ഷത്തിനു മേല്‍ പഴക്കമുള്ള ഒരു മുത്തശ്ശി പ്ലാവ് അണ്ണാറക്കണ്ണന്മാരും കിളികളും കൈയടക്കിയിരുന്നു. ആകാശം മുട്ടുന്ന കരിമ്പനകള്‍, തെങ്ങുകള്‍.
വേങ്ങയും, ഇരുമുള്ളും, പാലയും ഇരുട്ട് പടര്‍ത്താന്‍ മത്സരിച്ചു. ബാല്‍ക്കണിയിലേക്ക് കൈപിടിച്ചു ചിരി നില്ക്കുന്ന വയസ്സന് കോട്ടമാവ്.
ചുവപ്പന്‍ പേരക്കയും, ഉള്ളിചാമ്പക്കയും, ഇരുമ്പന്‍ പുളിയുമെല്ലാം അടുക്കള വശത്ത് താലമേന്തിയ സ്ത്രീകളെപ്പോലെ നിരന്ന് നിന്നിരുന്നു.
അത്യാവശ്യ വീട്ടു സാധനങ്ങളുമായി പോരുമ്പോള്‍ ഭര്‍ത്താവ് കൃഷ്ണവേണിയോട് പറഞ്ഞു.
'കണ്ടോളു ഒരാഴ്ചക്കുള്ളില്‍ പെട്ടിം തൂക്കി ഇവള് തിരിച്ചു പേരും നോക്കിക്കോ'
കൃഷ്ണവേണിക്ക് എന്തായാലും കുഴപ്പമില്ല ഒരാഴ്ചയെങ്കില്‍ ഒരാഴ്ച. വീട്ടിലിരുന്ന് ബോറടിച്ചിരുന്നു.
മുറ്റവും വീടിനകവുമെല്ലാം വെടിപ്പാക്കി, ചോറും കറിയും വച്ചു.
വീട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ നടന്നാലെ ടൗണിലെത്തൂ. ചുവപ്പന്‍ മണ്ണുവഴിയുടെ നടക്കുമ്പോള്‍ നാല്ക്കാലികളും നായ്ക്കളും തലങ്ങും വിലങ്ങും നടക്കുന്നത് കാണാം. കൃഷ്ണവേണി അവറ്റങ്ങളെ കണ്ടാല്‍ പേടിച്ച് ഓടി കയ്യാലപ്പുറത്ത് കേറും.
പിന്നെ ഓട്ടോ മുത്തുവാണ് ശരണം.
മുത്തുവിന്റെ ഓട്ടോ വിളിച്ച് പോയി വീട്ടു സാധനങ്ങള്‍ക്കൊപ്പം ഒരു റോള്‍ കാന്‍വാസും അക്രിലിക് ഉള്‍പ്പടെ എല്ലാ പെയിന്റിംഗ് മെറ്റീരിയല്‍സും വാങ്ങി. പെന്‍സിലും ബ്രഷും ഒക്കെ വീണ്ടും കണ്ടപ്പോള്‍ കുട്ടികളെപ്പോലെ തുള്ളിച്ചാടാന്‍ തോന്നി.
എത്ര വര്‍ഷത്തിനു ശേഷമാണ് പെയിന്റുചെയ്യുന്നത്. നിറങ്ങളെയെല്ലാം മനസ്സിന്റെ കാണാമറയത്തെ അറയിലിട്ട് പൂട്ടിയിരുന്നു. കാരണം, അതിന് വിഹരിക്കാനുള്ള ഇടവും സമയവും തീരെ ഉണ്ടായിരുന്നില്ല.
തിരക്കുള്ള ജീവിതത്തില്‍ നിന്ന് നിര്‍ബന്ധിത അവധിയെടുത്ത് പോരാന്‍ തോന്നിയല്ലോ. ഗുണപാഠകഥയിലെ രാമു ഉണ്ടക്കണ്ണുകളുമായി ലോകം ചുറ്റി എന്റടുത്ത് വന്നിരുന്ന് സദാ ധൈര്യം തന്നു.
'നിറങ്ങളുമായി ആഘോഷിക്കുവിന്‍ സന്തോഷിപ്പിന്'
രാമു പെയിന്റിംഗ് ബ്രഷ് എടുത്ത് കൈയില്‍ തന്നു.
മനസ്സിന്റെ തറ മുഴുവന്‍ കളര്‍ കോരിയൊഴിച്ചു പണ്ടത്തെപ്പോലെ.
പച്ച നിറഞ്ഞ പാടങ്ങള്‍, പൂക്കള്‍, ചിത്രശലഭങ്ങള്‍ മനുഷ്യര്‍, മൃഗങ്ങള്‍ ഓരോ നിറത്തിലും കാല്പാദം മുക്കി അടിവെച്ചടിവച്ച് നടന്നു വീടിനു മുകളിലൂടെ, ആകാശത്തൂടെ, പുഴയിലൂടെ മഞ്ഞിലൂടെ
അവസാനിക്കാത്ത വഴിയിലൂടെ..
കൃഷ്ണവേണിയുമായി ചുറ്റുവട്ടമെല്ലാം നടന്നു കണ്ടു.
തൊട്ടടുത്ത ക്ഷേത്രത്തിലും പോയി. വൈകുന്നേര കാഴ്ച കണ്ട് നടന്നപ്പോള്‍, മയിലുകള്‍ കുടുംബസമേതം വരുന്ന മനോഹര കാഴ്ച വീഡിയോ കോളിലൂടെ മക്കളെയും കാണിച്ചു കൊടുത്തു. അത് കണ്ട് അവര്‍ക്കും ഇങ്ങോട്ട് പോരണമെന്ന് വാശി പിടിച്ചു. അവധിക്ക് കൊണ്ടു പോരാമെന്ന് പറഞ്ഞ് സമാധാനിപ്പിക്കേണ്ടി വന്നു.
ഡേവിഡേട്ടന്റെ ശോശന്നചേട്ടത്തി മുരിങ്ങക്കായും വാഴക്കുടപ്പനും തേങ്ങയുമെല്ലാം കൊണ്ടുത്തന്നു
'എമ്പടി സാധനങ്ങളാ പറമ്പിലൊക്കെ കൂട്ടാന്‍ വച്ചോളൂട്ടോ'
പുറമെനിന്ന് പച്ചക്കറിയൊന്നും വാങ്ങേണ്ടന്ന് അവര്‍ പറഞ്ഞു.
''എന്താവശ്യമുണ്ടേലും ശോശചേട്ത്തീന്നൊന്ന് വിളിച്ചാ മതി ഞാനോടിയെത്താം.'
'ഞങ്ങള്‍ വിളിച്ചോളാം ചേട്ടത്തീ'
കൃഷ്ണവേണി പറഞ്ഞു,
'നിങ്ങള്‍ പടം വരപ്പുകാരണെന്ന് ഡേവിഡച്ചായന് പറഞ്ഞു എന്നേം ഒന്നു വരക്കണേ'
'ഓ, വരക്കാലോ'
ഞാനതു പറഞ്ഞപ്പോള്‍ ശോശന്നച്ചേടത്തി മുന്‍നിരയിലെ ഒടിഞ്ഞ പല്ലു കാണിക്കാതെ പുഞ്ചിരിച്ചു.
'നീലയില്‍ വെളുത്ത നക്ഷത്രപ്പൂക്കളുള്ള സാരിയൊണ്ട്, ഡേവിഡച്ചായന് മൂന്നു കൊല്ലം മുന്നേ എന്നെ കെട്ടിയപ്പം വാങ്ങിത്തന്നതാണ്. അതുടുത്താ എന്നെക്കാണാന്‍ ഭയങ്കര രസാന്നാ പറയാറ്, അതുടുത്ത് വരാം വരക്കാനായിട്ട്'
നാണം പൂത്തു വിടര്‍ന്ന ശോശന്നപ്പൂവ് പറഞ്ഞു.
'മൂന്നു കൊല്ലാമായൊള്ളോ നിങ്ങടെ കല്യാണം കഴിഞ്ഞിട്ട് ?'
കൃഷ്ണവേണി ഉള്ള അത്ഭുതം മുഴുവന്‍ കണ്ണില്‍ പടര്‍ത്തിക്കൊണ്ട് ചോദിച്ചു.
'അച്ചായന്റെ ആദ്യകെട്ടിയവള് പ്രസവത്തോടെ ചത്തുപോയി,
കൊച്ചും അക്കൂടെ പോയി, വര്‍ഷങ്ങളായി അച്ചായന് ഒറ്റയാനായിട്ട് '
'എടിയെ ശോശന്നേ..'
'യ്യോ അച്ചായന് വിളിക്കുന്നേ ഞാന്‍ പോണേ..'
ശോശന്ന ചെരുപ്പിടാത്ത കാലുകളോടെ തൊട്ടാവാടിപ്പൂക്കള്ക്കിടയിലൂടെ ഓടി.
ഈസലില്‍ ക്യാന്‍വാസ് ഉറപ്പിച്ചു. നൃത്ത മുദ്രകളുമായി മോഡല്‍ നിന്ന ക്യഷ്ണയെയാണ് ആദ്യം വരച്ചത്.
മഞ്ഞയും പച്ചയും സ്ത്രീകള്‍, ചുവന്ന ആകാശം, ഐതിഹാസികപ്പറവകള്, അഘോരനൃത്തം, വേനലിലെ മരങ്ങള്‍, േവഴാമ്പലിന്റെ ദാഹം, വസന്തത്തിലെ പൂമരങ്ങള്‍ തുടര്‍ച്ചയായി വരച്ചു കൊണ്ടേയിരുന്നു.
സങ്കീര്‍ത്തനത്തില്‍ നിറങ്ങളും കൃഷ്ണവേണിയും സംഘനൃത്തം സംഘടിപ്പിച്ചു
'ഉഗ്രാ നീ താഴെ ഇറങ്ങുന്നുണ്ടോ,? മുകളിലോട്ട് കയറിപ്പോയാ നിനക്ക് ഇറങ്ങാനാവില്ല.
ഉഗ്രാ മോനേ താഴെയിറങ്ങടാ.
അമ്മയാടാ പറയുന്നത്,
താഴെ ഇറങ്ങ് മോനേ.., '
'രാവിലെ തന്നെ കിരീടം സിനിമ ഡയലോഗ് കീച്ചുന്നത് ആരാ ടീച്ചറേ?'
കണ്ണു തിരുമ്മി അപ്പുറത്തെ മുറ്റത്തേക്ക് നോക്കിക്കൊണ്ട് കൃഷ്ണ വേണി ചോദിച്ചു.
'പുതിയ താമസക്കാരാവും..'
'ജഗപൊകയാണല്ലോ എന്റെ ടീച്ചറേ'
'നാരായണീയത്തില്‍ പുരാണ അവതാരങ്ങളെല്ലാം പൂച്ചയായി കറങ്ങി നടക്കുന്നുന്നുണ്ടല്ലോ, ഒന്നല്ല രണ്ടല്ല മൂന്നല്ല കാക്കത്തൊള്ളായിരം പൂച്ചകള്‍'
മുകളിലത്തെ നിലയിലെ ജനലിലൂടെ നാരായണീയത്തിലെ കാഴ്ചകള്‍ കണ്ടു രസിക്കുകയാണ് കൃഷ്ണവേണി.
' ആ സ്ത്രീയെന്തിനാണാവോ ഇത്ര ഉച്ചത്തില്‍ സംസാരിക്കുന്നത്? പൂച്ചകള്‍ക്ക് ചെവിടു കേട്ടൂടേ, വെടി പൊട്ടുന്ന പോലാ സൗണ്ട്...'
'ഭീമസേനാ ഇങ്ങട്ട് വരൂ..
ദുശ്ശളേ കിണറില്‍ വീഴാതെ ശ്രദ്ധിച്ച് ഇറങ്ങൂ..
പാഞ്ചാലി, നകുലാ, ഉത്തങ്കാ, കുന്തി മോളെ, ജനമേയാ, കൃഷ്ണാ, കര്‍ണ്ണാ, രുഗ്മിണിക്കുട്ടി, രാധ വാവേ.... എല്ലാരും വരൂ. അമ്മ ദേ ചിക്കന്‍ ബിരിയാണിയുണ്ടാക്കി വച്ചേക്കുന്നു,
വായോ, ശാപ്പിട്ടിട്ട് പോ മക്കളെ'
പേരുവിളി കേട്ടതും പലയിടത്തും ചിതറി നടന്നവരെല്ലാം ഓടിയെത്തി.
ദുശ്ശള കിണറ്റില്‍ മുകളീലുടെയുള്ള സര്‍ക്കസ് നിര്‍ത്തി ഇറങ്ങി.
കൃഷ്ണവേണി ശബ്ദമുണ്ടാക്കാതെ വാ പൊത്തി ചിരിച്ചു.
ചിരിച്ച് ചിരിച്ച് താഴെക്കുകുത്തിയിരുന്നു. അവളുടെ ചിരി കണ്ട് ഞാനും പൊട്ടിച്ചിരിച്ചു.
പത്തു മുപ്പതോളം പൂച്ചകള്‍, കടുവക്ക് പൂച്ചയില്‍ ഉണ്ടായ സന്തതികളെപ്പോലെയെന്ന് കൃഷ്ണ പൂച്ചയെ കണ്ട് പറഞ്ഞു. ഗൗരവപ്പെട്ട മുഖങ്ങള്‍, മനുഷ്യരെ കണ്ടിട്ടില്ലാത്ത കാടന്‍ പച്ചകള്‍.
പുരാണ അവതാരങ്ങളെയെല്ലാം പൂച്ചയാക്കി മാറ്റിയ മന്ത്രവാദിനിത്തള്ളയാണോ ഇനി ഇത്?
കൃഷ്ണയും ഒപ്പം ഞാനും സംശയിച്ചു.
ക്യാന്‍വാസുകള്‍ ഒഴിഞ്ഞുകിടന്നു. നിശബ്ദതയുടെ സുന്ദരമായ ഇടത്തിലേക്ക് അതിക്രമിച്ചു വന്ന മര്‍ജാര കുടുബത്തെ ഉള്‍ക്കൊള്ളാനാകാതെ ഞങ്ങള്‍ അന്തംവിട്ട പകലുകള്‍ക്കൊപ്പം നടന്നു.
കുറച്ചു ദിവസം കൊണ്ട് അയലത്തെ പൂച്ചച്ചൂരുമായി ഞങ്ങള്‍ താദാത്മ്യം പ്രാപിച്ചു. അല്ലെങ്കില്‍ അങ്ങനെയായെന്ന് നടിച്ചു.
ദുഷ്യന്തനെയും ശകുന്തളെയും മാത്രം കണ്ടില്ല ഭാഗ്യം'
വാട്ടര്‍ കളറില്‍ മതിലിരുന്ന പേര്‍ഷ്യന്‍ പൂച്ചയെ വരക്കുകയായിരുന്നു ഞാന്‍. നീണ്ട രോമക്കുപ്പായമിട്ട് അവള് എല്ലാവരെക്കാളും ഗമയോടെ രാജകീയമായാണ് നടക്കുന്നത്.
മുറ്റത്ത് ഉണക്കാനിട്ട ബെഡ്ഷീറ്റുകളിലൂടെ തല കുത്തിമറിഞ്ഞു നടക്കുന്ന പൂച്ചകളെ ഓടിച്ചു കൊണ്ട് കൃഷ്ണവേണി ചോദിച്ചു.
''ടീച്ചറെ ദേവലോകത്തിലെ പട്ടീ ഇതില്‍ ഏതാണ്?'
'ഇതില്‍ ആരോ ആണ്. സരമേ എന്ന് വിളിച്ച് ആ സ്ത്രീ നടക്കുന്നത് കണ്ടു'
'ടെറസ്സില്‍ ഇന്ന് പതിനാലാമത്തെ അണ്ണാനാണ് ജീവന് വെടിഞ്ഞ് കിടക്കുന്നത്. കൃഷ്ണ സങ്കടം നിറച്ച കണ്ണുകളോടെ പറഞ്ഞു'
'എനിക്കതൊന്നും കാണാന്‍ വയ്യ കുട്ടീ. ഭീകരവാദികള്‍ നുഴഞ്ഞു കയറി വന്ന അവസ്ഥയായി നമ്മള്‍ക്കും, ഇവിടത്തെ പക്ഷിമൃഗാദികള്‍ക്കും'
' ശോശന്നപ്പൂവ് പറഞ്ഞു നെടുങ്ങാടീടെ പറമ്പില്‍ ഒരു വെള്ളിക്കെട്ടനെ കടിച്ചുകീറിയിട്ടേക്കണ കണ്ടെന്ന്.'
'ഉണങ്ങാനിട്ടമെത്തയില് കയറിയായിരുന്നു ആ സയാമീസ് പൂച്ചകളുടെ സര്‍ക്കസ്. എത്ര കൊട്ടിക്കളഞ്ഞിട്ടും രോമം പോകുന്നില്ല ടീച്ചറേ'
'എന്റെ മോളെ ആ പിന്നിലെ ജനല്‍ അടക്കാന്‍ മറക്കരുത് ട്ടോ, കഴിഞ്ഞ ദിവസത്തെപ്പോലെ അവറ്റ അകത്തു കയറും'
കടുവയോ പുലിയോ അകത്തു കയറും പോലെയൊരു ഭയമാണ് പൂച്ച അകത്തു കയറിയെന്നറിയുമ്പോള്.
പൂച്ചയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ എന്തൊരു ഓമനത്തമാണ്. മടിയിലിരുത്തി തലോടാന്‍ തോന്നും,
ശാന്തനായി ഒറ്റയാനായി കിടന്ന് ഉറങ്ങുന്ന വൃത്തിയുള്ള ആ പഞ്ഞിക്കെട്ടിനെ അരുമയോടെ തലോടാത്തവര്‍ ആരുണ്ട്. 'ബോബനും മോളിയുടെയുടെയും കൂടെ നടക്കുന്ന പട്ടിക്കുട്ടിയെപ്പോലെ എന്റെ ചെറുപ്പകാലങ്ങളിലെല്ലാം പൂച്ചകള്‍ ഉണ്ടായിരുന്നു കൂട്ടിന്.
വളരെ ഇഷ്ടവുമാണ്. പക്ഷേ ഇത് അസാധാരണ ജനുസ്സില്പെട്ട പൂച്ചയാണെന്ന് തോന്നുന്നു, വന്യതയാണ് മുഖത്ത്. കാടന്‍ പൂച്ചയുടെ തരം ഒച്ചയും രൂപവും'
' ശരിയാ ടീച്ചര്‍, ഞാനൊന്ന് തൊടാന്‍ ചെന്നപ്പം വാല് ഒക്കെ ഉയര്‍ത്തി ശത്രുവിനോടെന്നപോല് പോരിന് വന്നു.'
'കടിയും മാന്തലും ഇരന്നു വാങ്ങാന്‍ പോകണ്ടാ കേട്ടോ. പേ പിടിക്കും'
അകത്തെ പുഴുക്കം കൂടി കൂടി വന്നു, കാറ്റില്‍ മണലുകള്‍ പാറി വന്നു. ആരോ വാരി വിതറും പോലെ പൊടിമണല്‍ ബാല്‍ക്കണിയില്‍ വരെ വന്നു വീണു. പുഴയോരം ശാന്തസുന്ദരമായി നാണിച്ചു നിന്നു.
വെയിലാറിയ മണലില്‍ കിടന്ന് നിലാവു കണ്ടു. പുഴയിലെ വെള്ളത്തില്‍ നിന്ന് ഓളത്തോടൊപ്പം തണുപ്പ് അരിച്ചു വന്നു.
'അകത്ത് ഇരുന്നാ വെന്ത് പോകും പോലാണ്. പുഴയോരത്ത് എന്തൊരു സുഖാണല്ലേ ടീച്ചര്‍'
അതും പറഞ്ഞ് കൃഷ്ണവേണി ന്യത്തച്ചുവടുകളോടെ പുഴയില്‍ കാല് നനച്ചു.
'അമ്മാ എത്ര ചിത്രം വരച്ചു കഴിഞ്ഞു'
സത്യഫോണില് ചോദിച്ചു.
നാല് അക്രിലിക് പെയിന്റിങ്ങ്, വാട്ടര്‍ കളറില്‍ ഔട്ട് ഡോര്‍ പെയിന്റിംഗ് പതിനഞ്ച് എണ്ണത്തോളം, മൂന്ന് ഓയില്‍ പെയിന്റ്, കുറെ പെന്‍ സ്കെച്ചുകള്‍, പെന്‍സില്‍ വരകള്‍.. '
'അമ്മയുടെ പെയിന്റിംഗ് ഫോട്ടോസ് കണ്ട് അമ്മ കിടുവാണെന്ന് എന്റെ ഫ്രണ്ട്സെല്ലാം പറഞ്ഞു'
'ആഹാ നിനക്ക് എന്താ തോന്നിയെ...?
'അമ്മാ പൊളിയാണട്ടോ.. ഉമ്മാ... '
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു വന്നു.
'കുഞ്ഞനെന്തിയെ അവള്‍ക്ക് ഫോണ്‍ കൊടുക്ക് ''
'അമ്മേ.... ഞാന്‍ സാമ്പാറ് ഉണ്ടാക്കാന്‍ പഠിച്ചു, പിന്നെ അച്ഛന് കോഴിക്കറി സൂപ്പറായിട്ട് ഉണ്ടാക്കാനറിയാട്ടോ...
ദേ മിണ്ടല്ലേയെന്ന് കണ്ണിറുക്കിക്കാണിക്കുകയാ അച്ഛന്'
'അമ്പടാ അച്ഛാ ഫോണ്‍ അച്ഛനു കൊടുത്തേ..'
'പരീക്ഷിച്ചു നോക്കിയതാ ടീ... സക്സസായി... എല്ലാവര്ക്കും ഇഷ്ടപ്പെട്ടു.'
അച്ഛനും അമ്മയുമള്പ്പടെ എല്ലാവരും സ്വയംപര്യാപ്തത കൈവരിച്ചതില്‍ ഈ എളിയവള്‍ക്ക് വളരെയധികം സന്തോഷമുണ്ട്.
രാവിലെ നിങ്ങടെയെല്ലാം ഡ്രസ്സ് അയണ്‍ ചെയ്ത് ശേഷം ആളാം വീതം ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കണം. ദോശ, ഇഡ്ലി, ഗോതമ്പ് ഉപ്പുമാവ്.. പഴം പുഴുങ്ങിയത്. അതിനു ശേഷം സ്ക്കൂളിലേക്കുള്ള തയ്യാറെടുപ്പ്. നാലു തൊട്ട് ഒമ്പതു മണി വരെ ചെവിയിലൂടെ കിളി പറന്നു കൊണ്ടെയിരിക്കും'
'അമ്മ എന്റെ സോക്സ് എവിടെ '
'എന്റെ ബൈക്കിന്റെ കീ എവിടെ?'
'അമൃതേ ഗോതമ്പു കഞ്ഞി വെന്തോ ..?'
ഇതിനിടയില്‍ ശ്വാസം കിട്ടാതെ ഓടിയിരുന്ന ഞാന്‍ സര്‍ക്കസ് നടത്തി ബസില്‍ കയറി നില്ക്കുമ്പോള് വിശപ്പിന്റെ സൈറന്‍ വയറ്റില്‍ മുഴങ്ങും... ഇന്നും ഒന്നും കഴിച്ചിട്ടില്ലന്ന്,
രജിസ്റ്ററില്‍ സൈന്‍ ചെയ്യുമ്പം കട്ടി ക്കണ്ണടയിലെ ചുരുങ്ങുന്ന കണ്ണുകള്‍ ഭയപ്പെടുത്തും'
'ഇനി സമയത്തിന് വന്നില്ലങ്കില്‍ അമൃതയുടെ ശമ്പളം പകുതി കട്ട് ചെയ്യും.'
അങ്ങനെ ഭീഷണികളുടെ നടുവില്‍ തീരെ വയ്യാണ്ടായിരുന്നു.
' സോറി.... ഞങ്ങളാരും നിന്നെ ഒട്ടും മനസ്സിലാക്കിയില്ല.., അതിന് നീയൊരു പരാതിയും പറഞ്ഞിരുന്നില്ലല്ലോ. വണ്ടിക്കാള പോലെ എല്ലാം ചെയ്തു. നിന്റെ ഇഷ്ടങ്ങള്‍ ഒക്കെ കുഴിച്ചുമൂടിക്കൊണ്ടല്ലേ ഞങ്ങള്‍ക്കു വേണ്ടി നീ...,
പെയിന്റിംഗ് ഇഷ്ടം പോലെ ചെയ്തോളു, നന്നായി റസ്റ്റ് എടുത്തോ.,
അത് കേട്ടപ്പോള്‍ ഒരു നിലവിളി വന്ന് തൊണ്ടയില്‍ കുടുങ്ങിക്കിടന്നു. സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിലവിളി.
ഒന്നും പറയാനാകാതെ ഫോണ്‍ വച്ചു .
നല്ല വാക്കുകള്‍ പനീനീര് മഴയായി ചുറ്റിനും നിന്ന് പെയ്തു.
'എയ്...കുട്ടികളെ, ആരൂല്ലേ...?'
'ടീച്ചറേ പൂച്ചകളെയല്ല നമ്മളെയാ വിളിക്കുന്നത്. '
ഞങ്ങള്‍ മതിലിനടുത്തേക്ക് ചെന്നു.
'നിങ്ങള്‍ രണ്ടാളുമേ ഇവിടെയൊള്ളൂ...? ' ഉച്ചത്തില്‍ അവര്‍ ചോദിച്ചു.
'അതെ ഞങ്ങള്‍ ചിത്രം വരക്കാന്‍ വന്നതാണ്.'
'ഞാന്‍ സാവിത്രി... ടീച്ചറായിരുന്നു കഴിഞ്ഞ കൊല്ലം റിട്ടയര്‍ഡ് ആയി. എന്റെ ഹസ്ബന്‍ഡിനെ കണ്ടിരുന്നോ, അദ്ദേഹം ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. രാവിലെ പോകും രാത്രിയെത്തുള്ളൂ.
നിങ്ങള്‍ ഇനി പാമ്പിനെയൊന്നും ഭയപ്പെടണ്ടാ. എന്റെ മക്കള്‍ ഉണ്ട് അവറ്റങ്ങളെ ഓടിക്കാന്‍.
എന്റെ മക്കളെ കണ്ടുവോ മുപ്പത്തഞ്ചു പേരുണ്ട്. കൂടാതെ യമുനയും, മത്സ്യഗന്ധിയും പ്രസവിച്ചിട്ടുണ്ട്. ഏഴ് കുഞ്ഞുങ്ങള്‍ രണ്ടാള്‍ക്കും കൂടി ഉണ്ടായിട്ടുണ്ട്. ലിറ്റര്‍ ബോക്സ് ഉണ്ടാക്കണം... നിങ്ങടെയടുത്ത് അറക്കപ്പൊടിയുണ്ടോ....?
'ഇല്ല '
കൃഷ്ണവേണി ഉടനെ പ്രതിവചിച്ചു.
'ഉറക്കെ പറയണം കെട്ടോ, കേള്‍വി പതിയെ ആണ്. കുട്ട്യോള്‍ക്ക് വിസര്ജിക്കാനായി ലിറ്റര്‍ ബോക്സ് ഉണ്ടാക്കുന്ന തിരക്കിലാണ്.
ചിത്രം വരക്കുന്നവരെ വലിയ ഇഷ്ടാണ്. ഇടക്ക് ഞാനും കുട്ട്യോളും വീട്ടിലേക്ക് വരാം കെട്ടോ, ഇപ്പോള്‍ പോണേ.
അല്ലാ നിങ്ങടെ പേര് പറഞ്ഞില്ലാ ..'
പേരു പറഞ്ഞപ്പോള്‍ അവര്‍ മനോഹരമായി ചിരിച്ചു.
കാറിന്റെ മുകളില്‍ കിടന്ന പൂച്ചയോട് എന്തൊക്കെയോ വഴക്ക് പറഞ്ഞ് അകത്തേക്കു പോയി.
'മന്ത്രവാദിനിയമ്മയുടെ മീന്‍ പിടിയന്‍ പൂച്ച നിസാരക്കാരനല്ല. കൃഷ്ണ, പൂച്ച പിടിച്ച പച്ചിലക്കുടുക്കയെ എടുത്ത് ആളൊഴിഞ്ഞ പറമ്പിലേക്ക് എറിഞ്ഞു. ഇവറ്റകള്‍ക്ക് തിന്നാനല്ല പക്ഷികളെയും അണ്ണാനെയും പിടിക്കുന്നത . രസിക്കാനാ. പണ്ടത്തെ സിനിമയിലെ ജോസ് പ്രകാശിനെപ്പോലെയാണ് ചില പൂച്ചകള്‍'
കൃഷ്ണ അമര്‍ഷമടക്കി പറഞ്ഞു.
വന്ന് വന്ന് മതിലുകളിലും മുറ്റത്തും വരാന്തയിലും ബാല്‍ക്കണിയും ടെറസ്സിലും പൂച്ചകളെക്കൊണ്ട് നിറഞ്ഞു. വാതില്‍ തുറക്കാന്‍ പോലും പേടിയായിത്തുടങ്ങി. എന്തു സാധനം മുറത്തില്‍ ഉണങ്ങാനായ് മുറ്റത്ത് വച്ചാലും തട്ടിത്തൂവികളയും പൂച്ച രോമം ഇല്ലാത്ത ഒരു സ്ഥലവുമില്ല. സ്വസ്ഥത പോയ ഞങ്ങള്‍ ഉറക്കത്തില്‍ ഭീമാകാരങ്ങളായ പൂച്ചകളെ സ്വപ്നം കണ്ട് ഞെട്ടിവിറച്ചുകൊണ്ടിരുന്നു.
എല്ലാവരെയും കണ്ടുവീട്ടില് നിന്നു മടങ്ങുമ്പോള്‍ കൃഷ്ണ പറഞ്ഞു.
നമ്മള് ചെല്ലുമ്പോഴേക്കും ആ പുരാണപൂച്ചകളുമായി ആ മന്ത്രവാദിനിത്തള്ള സ്ഥലം വിട്ടാല്‍ മതിയായിരുന്നു.
ഉള്ളില്‍ ഞാനുമത് ആഗ്രഹിച്ചു.
ഓട്ടോറിക്ഷ വന്നു നില്‍ക്കുന്നത് കണ്ട് തിണ്ണയില്‍ മലര്‍ന്നു കിടന്ന് ഉച്ചമയക്കത്തിലാണ്ടിരുന്ന പൂച്ചകളെല്ലാം ചാടിപ്പിടഞ്ഞ് എഴുന്നേറ്റു. ഗേറ്റ് തുറന്ന് ഞങ്ങള്‍ അകത്തു കയറി. ഞങ്ങള്‍ അതിക്രമിച്ചു കയറിയെന്ന ഭാവത്തില്‍ രൂക്ഷമായി പൂച്ചകള്‍ ഞങ്ങളെ നോക്കി.
വാതില്‍ തുറന്നപ്പോള്‍ ഹാളില്‍ മൂന്നു പൂച്ച, സ്റ്റെയറില്‍ രണ്ട് പൂച്ച, മുറിയില്‍ ചെന്നപ്പോള്‍ ഒരു കരിമ്പൂച്ച തീക്കണ്ണുകളോടെ ചുറ്റിനും വലം വച്ച് ഇറങ്ങിയോടി. കൃഷ്ണ ഭയന്ന് പിന്നോക്കം വീണു. കിച്ചണില്‍ ചില്ലു പാത്രങ്ങളെല്ലാം പൊട്ടിച്ചിതറിക്കിടക്കുന്നു. മുകളിലത്തെ നിലയിലെ കട്ടിലില്‍ മടക്കി വച്ച കമ്പിളിപ്പുതപ്പുകള്ക്കിടയില് വെള്ളപൂച്ച പ്രസവിച്ചു കിടക്കുന്നു. പൂച്ചച്ചൂരടിച്ച് കൃഷ്ണ ഛര്‍ദ്ദിച്ചു.
ഉള്ളില്‍ ഒരാന്തല് ഓടിവരപ്പുമുറിയിലേക്ക് ... സര്‍വ്വം തകര്‍ന്ന് താഴെയിരുന്നു.
പ്രാണനെപ്പോലെ കരുതിയ ബുക്കുകളും ആറു മാസം കൊണ്ട് വരച്ച ചിത്രങ്ങളും എല്ലാം തച്ചുടച്ചിട്ടിരിക്കുന്നു. പേര്‍ഷ്യന്‍ പൂച്ച എന്റെ അക്രിലിക് അഘോരന്യത്തത്തില് നഖം കൊണ്ട് പുതിയ ചിത്രപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
'കുട്ട്യോളെ ... നിങ്ങള്‍ എത്തിയോ?'
വെടി പൊട്ടുന്ന ശബ്ദത്തില്‍ സാവിത്രി ചോദിച്ചു.
''അതെ എന്റെ ശ്രീരാമന് നിങ്ങളുടെ വീട്ടില്‍ പെട്ടു പോയിരുന്നു. നിങ്ങള്‍ പൂട്ടിപ്പോയതോടെ കരച്ചിലോട് കരച്ചില്. നിങ്ങളുടെ ഒരു ജനാല ഞാന്‍ ഇളക്കി മാറ്റി കെട്ടോ, അല്ലേ എന്റെ കുഞ്ഞ് പേടിച്ചു പോവില്ലേ..,
പിന്നെ സീതയുള്പ്പടെ ബാക്കിയെല്ലാവരും ശ്രീരാമനെ തേടി ഇങ്ങോട്ട് വന്നിട്ടുണ്ട്. അവര്‍ക്കവിടം ഇഷ്ടായി ഫുഡ് ഞാന്‍ ജനലിലൂടെ ഇട്ടു കൊടുക്കുകയാ ചെയ്തത്.'
പാതിയാക്കി വച്ചിരുന്ന കൊളാഷില്‍ ചോറുണങ്ങിയതും മീന്മുള്ളുകളും ചിക്കന്‍ കഷ്ണങ്ങളും പറ്റിപ്പിടിച്ചിരുന്നു. പുറത്തു നിന്നെത്തിയ വെയിലില്‍ മുറിയിലൂടെ പൂച്ച രോമങ്ങള്‍ പറന്നു കളിക്കുന്നുണ്ട്.
പൂച്ചക്കാഷ്ടത്തിന്റെ ചൂര് മൂക്കിലടിച്ച് കയറി. ഓക്കാനിച്ചുകൊണ്ട് ഞാന്‍ പറത്തേക്ക് ഓടി. പ്ലാവിന് ചുവട്ടില്‍ എളിക്ക് കൈ കൊടുത്ത് കൃഷ്ണ ഛര്‍ദ്ദിക്കുന്നു.
പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് ഭര്‍ത്താവിന്റെ നമ്പറില്‍ വിളിച്ചു.
'ഇമ്മീഡിയറ്റായി കാറുമായി വരണം ഞങ്ങള്‍ തിരിച്ചുപോരുകയാണ്...'
രോഷം കൊണ്ടും സങ്കടം കൊണ്ടും പൂച്ചകളെ നോക്കി.
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ വാലുചുഴറ്റി അവറ്റകള് എന്നെയും തുറിച്ചു നോക്കി.
ഉണ്ടക്കണ്ണു മിഴിച്ച് രാമു എന്നെ പുച്ഛത്തോടെ നോക്കിക്കൊണ്ട് മതിലില്‍ ഇരുന്ന് ചോദിച്ചു,
'പൂച്ചയെപ്പേടിച്ച് ഇല്ലം ചുടുകയാണോ? '
' നീ കണ്ടില്ലേ ഞാന്‍ വരച്ച ചിത്രങ്ങള്‍ എല്ലാം നശിപ്പിച്ചിട്ടിരിക്കുന്നു. എത്ര ദിവസം കൊണ്ട് ഞാന്‍ വരച്ചതാണ്. എല്ലാം നിനക്കറിയാവുന്നതല്ലേ?'
'ഈ സംഭവിച്ചത് നിങ്ങളുടെ വീട്ടിലാണെങ്കില്‍ വീടുകളഞ്ഞിട്ട് നിങ്ങള്‍ പോകുമോ?'
ഉത്തരം മുട്ടി ഞാന്‍ ശിരസ്സ് കുനിച്ചു.
'നിങ്ങളുടെ ഭാവന, നിങ്ങളുടെ ചിത്രം വരയ്ക്കാനുള്ള കഴിവ് ഇതൊന്നും ആ പൂച്ച നശിപ്പിച്ചോ? ഇല്ലല്ലോ.. കേവലം കുറച്ച് പൂച്ചകളെ പേടിച്ച് ഒളിച്ചോടാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു - പൂച്ചകളെ ഒഴിവാക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗം കിടക്കുന്നു. പൂര്‍വാധികം കരുത്തോടെ നിങ്ങള്‍ ചിത്രംവരക്കു. ഏതു പ്രതിസന്ധിയെയും നിഷ്പ്രഭമാക്കൂ. ഇനിയുമുണ്ടല്ലോ ആറു മാസം. നിങ്ങള്‍ വരച്ച് തകര്‍ക്ക് പൂച്ചകളെ തുരത്താന്‍ കൂടെ കട്ടക്ക് ഞാനുണ്ട്'
'ടീച്ചര്‍ ഞാന്‍ ആ മന്ത്രവാദിനിത്തള്ളയുടെ അടുത്ത് പോകുകയാണ്. ഈ അടിച്ചതിനകത്ത് ഇനി പുരാണപ്പൂച്ചകളെ കണ്ടാല്‍ വിഷം കൊടുത്ത് കൊല്ലുംന്ന് ഭീഷിണി മുഴക്കാന്‍ പോവാണ് '
കൃഷ്ണവേണി തീ പിടിച്ചതു പോലെ നാരായണീയത്തിലേക്ക് നടന്നു.
അത് കണ്ട് ഗുണപാഠകഥയിലെ രാമു ചിരിച്ചു കൊണ്ട് കണ്ണിറുക്കിക്കാണിച്ചു.
ഫോണ്‍ എടുത്ത് ഭര്‍ത്താവിന്റെ നമ്പര്‍ ഡയല് ചെയ്തു.
'തിരക്ക് പിടിച്ച് വരികയൊന്നും വേണ്ടാ. ഞാന്‍ പെട്ടന്ന് ഒരു തോന്നലിന് പറഞ്ഞതാണ് സോറി '
'നീയല്ലേ ആള്, എനിക്കത് തോന്നിയിരുന്നു, ഓ.കെ ഞാന്‍ ഡ്രൈവിങ്ങിലാണ്, ഫോണ്‍ വയ്ക്കാണ്.
വര: ശ്രീദേവി മധു