റായ്ഗല്ലിയിലെ സംഗീത രാവുകള്‍
|| കഥ
റായ്ഗല്ലി തെരുവിന്റെ അരികില്‍ കൂടി കടന്നു പോകുമ്പോഴായിരുന്നു കിരണ്‍ രത്തയുടെ ബംഗാളി സംഗീതത്തിന്റെ ആഴത്തിലുള്ള രാഗം പതിവായി കേള്‍ക്കാറുണ്ടായിരുന്നത്. സംഗീതത്തേക്കാളേറെ ഉച്ചത്തില്‍ ആ തെരുവാകെ മുഴങ്ങുന്നത് മിച്ചാസോയുടെ തബലയാണ്.
രമേശന് ഇടക്ക് കമലാസുന്ദറിനെ കഥ കേള്‍പ്പിക്കാന്‍ പോകുമ്പോള്‍ ഒന്നെത്തി നോക്കാറുണ്ടല്ലോ. സദസ്സിലിരിക്കുന്ന ആളുകളുടെ എണ്ണം കണ്ടാലറിയാം കൊല്‍ക്കത്തയിലെ തിരക്കു പിടിച്ച ജീവിതങ്ങള്‍ക്കിടയിലും സംഗീതം എത്രത്തോളം മരണമില്ലാതെ തുടരുന്നുണ്ടെന്ന്.
''നീയെന്താ ആലോചിക്കുന്നത്? മരണവീടുവരെ ഒന്ന് പോയാലോ?''
രമേശന് മുതുകില്‍ തട്ടി വിളിച്ചപ്പോളാണ് സേതുമാധവന് ചിന്തയില്‍ നിന്നുണര്‍ന്നത്. തബല വാദ്യക്കാരന് മിച്ചാസോയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെയാണ് കഴിഞ്ഞു പോയ പല കാര്യങ്ങളും സേതു ഓര്‍മിച്ചത്.
''പോകണം. വാദ്യം കൊണ്ട് ഹൃദയം കീഴടക്കിയ ഈശ്വര സാന്നിദ്ധ്യമുള്ള ആ കലാകാരനെ അവസാനമായൊന്ന് കാണണം..''
മിച്ചാസോയുടെ അവസാന വാദ്യം കേട്ടത് അമ്മയെ തേടിയിറങ്ങിയ അവസാനത്തെ രാത്രിയിലാണെന്ന് സേതു ഓര്‍ത്തു. അന്വേഷിച്ചു പരാജയപ്പെട്ട ആ രാത്രി, ഇനിയൊരിക്കലും എവിടെയും കണ്ടെത്തുകയില്ലെന്ന് തീര്‍ച്ചപ്പെടുത്തി ഹൃദയം തകര്‍ന്ന ആ രാവില്‍ ജീവന് വീണ്ടെടുക്കാന്‍ സഹായിച്ചത് അവസാനമായി കേട്ട മിച്ചാസോയുടെ ആ തബലവാദ്യമായിരുന്നു.
''ഇനിയൊരിക്കലും കിരണ്‍ രത്തയുടെ സംഗീതത്തിന് അത്രത്തോളം ഭംഗിയുണ്ടാവില്ല.''
സേതു ഇതും പറഞ്ഞു മുറിയുടെ വാതില്‍ പൂട്ടി രമേശന്റെ കൂടെ മരഗോവണിയിറങ്ങി. പ്രതീക്ഷിക്കാതെ കിട്ടിയ റിക്ഷാവണ്ടിയില്‍ കയറി അവര്‍ മിച്ചാസോയുടെ വീട്ടിലെത്തി. മൃതദേഹത്തിനരികിലിരുന്ന് അയാളുടെ ശിഷ്യന്മാര് തബല കൊട്ടുന്നുണ്ട്. വാദ്യത്തിനൊത്തു പാടാറുള്ള കിരണ്രത്ത ഒന്നും ഉരിയാടാതെ ചാണകം മെഴുകിയ ആ ചുമരില്‍ ചാരി അനങ്ങാതെ നില്‍ക്കുകയാണ്.
''അയാളിനി പാടില്ലേ? ''
രമേശന് സേതുവിന്റെ ചെവിയില്‍ രഹസ്യം ചോദിച്ചു.
അതൊരു ചെറിയ സംശയമാണെങ്കിലും രത്തയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ ചോദ്യം തന്നെയാണ്.
''തബല വായിക്കാന്‍ വേറെയും ആള്‍ക്കാരുണ്ടാവില്ലേ? പിന്നെന്തിനയാള് പാട്ട് നിര്‍ത്തണം.''
രമേശന് പലതും പറഞ്ഞുകൊണ്ടിരുന്നു.
മരണവീടിന്റെ വഴിയവസാനിക്കുന്നിടത്തോളം ആ തബല വാദ്യം ഹൃദയം കൊണ്ടാണ് സേതു കേട്ടത്.
വൈകുന്നേരം ബഗീര പാര്‍ക്കിനടുത്തു സംസാരിച്ചിരിക്കുന്നതിനിടെ രമേശന് പറഞ്ഞു.
''സേതു, കഴിഞ്ഞ മൂന്നു മാസമായി നിന്റെ അമ്മയെ തേടി ഈ ബംഗാള്‍ മുഴുവനും നമ്മള് അലയുന്നുണ്ട്. ഇതുവരെ ഒരു വിവരവും നമുക്ക് കണ്ടെത്താനായിട്ടില്ല. നിനക്കിനി നാട്ടില്‍ പൊയ്ക്കൂടേ?''
''നമുക്ക് റായ്ഗല്ലിയിലേക്കൊന്ന് പോയി നോക്കിയാലോ?''
സേതു പറയുന്നത് കേട്ട് രമേശന് മുഖം ചുളിച്ചു.
''റായ്ഗല്ലിയിലോ? അത് പാട്ടുകാര്ക്കുള്ളതല്ലേ? നിന്റെ അമ്മ എങ്ങനെ അവിടെയുണ്ടാവാന്‍?''
''എന്റെ മനസ്സങ്ങനെ പറയുന്നു. ഇനിയിപ്പോ അമ്മയ്ക്ക് സംഗീതം ഇഷ്ടമുണ്ടായിരുന്നോ എന്നറിയില്ലല്ലോ. കുറെ പുസ്തകങ്ങളൊക്കെ വായിക്കുന്നത് കണ്ടിട്ടുണ്ട്. പാട്ടും കേള്‍ക്കാറുണ്ട്. അത് മാത്രമല്ല രമേശാ ഈ കിരണ്‍ രത്തയുടെ ഭാര്യ ഒരു മലയാളിയാണെന്ന് കേട്ടിട്ടുണ്ട്.''
രണ്ട് പേരും ഒരു ക്യാബ് പിടിച്ച് റായ്ഗല്ലിയിലേക്ക് പോയി. തെരുവിലേക്ക് കടക്കുന്നതിനു മുന്നേ തന്നെ സംഗീതം കേള്‍ക്കുന്നുണ്ട്. അത് പക്ഷെ കിരണ്‍ രത്തയുടെ ബംഗാളി രാഗമായിരുന്നില്ല.മറിച്ച് ഒരു സ്ത്രീ ശബ്ദത്തിലുള്ള ശാസ്ത്രീയ സംഗീതമായിരുന്നു. തബലയ്ക്ക് പകരം സാരംഗിയുടെ നാദമാണ് സംഗീതത്തിന് മാറ്റു കൂട്ടിയിരുന്നത്. റായ്ഗല്ലിയിലെ ഓരോ വസ്തുവിലും സംഗീതം ഒളിഞ്ഞിരിക്കുന്നുവെന്ന് പലരും പറയാറുണ്ട്. മിച്ചാസോയുടെ അഭാവത്തിലും അത് നിറഞ്ഞ സദസ്സായിരുന്നു.
''അകത്തേക്ക് വരൂ.''
രത്തയുടെ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന പത്മിനി റായ് അവരെ സദസ്സിലേക്ക് വിളിച്ചിരുത്തി. നിലക്കാത്ത സംഗീതത്തിനിടയിലും ആളുകള്‍ സദസ്സില്‍ കയറിയിറങ്ങുന്നുണ്ട്. അവര്‍ രണ്ടു പേരും കിരണ്‍ രത്തയുടെ അരികിലെത്തി. നിര്‍വികാരനായി സംഗീതം ശ്രവിച്ചു കൊണ്ടിരിക്കുന്ന രത്തയോടൊപ്പം കുറച്ചു സമയം അവരും കച്ചേരി ശ്രദ്ധിച്ചു.സേതു അയാളുടെ മുമ്പില്‍ കൈ കൂപ്പി നിന്നു.
''നമസ്തേ ജീ മേം സേതുമാധവന്. യെഹ് മേരാ ദോസ്ത് രമേശന്.''
രത്ത പതിയെ തിരിഞ്ഞു നോക്കി.എന്നിട്ട് വീണ്ടും സംഗീതത്തില്‍ ലയിച്ചിരുന്നു. അദ്ദേഹമിരിക്കുന്നതിന്റെ അടുത്തായി പഴയൊരു ഗ്രാമഫോണ്‍ ശബ്ദമില്ലാതെ കറങ്ങുന്നുണ്ടായിരുന്നു.
''സേതു. വാ പോകാം''
രമേശന് സേതുവിന്റെ ചുമലില്‍ തട്ടി പതുക്കെ പറഞ്ഞു. അവര്‍ രണ്ട് പേരും സ്റ്റേയര്‍കേസ് ഇറങ്ങാനൊരുങ്ങവേ പത്മിനി റായ് തടഞ്ഞു.
''നില്ക്ക്, നിങ്ങളെന്തിനാണ് വന്നത്. കിരണ്ജിയെ എന്തിന് കണ്ടു.?''
രണ്ടു പേരും കുറച്ചു സമയം മിണ്ടാതിരുന്നു. ഒടുവില്‍ സേതു പറഞ്ഞു.
''മേഡം, ഞങ്ങളൊരാളെ അന്വേഷിച്ചിറങ്ങിയതാണ്. കൊല്‍ക്കത്ത മുഴുവനും തിരഞ്ഞു. ബംഗാളിലെ മിക്കവാറും നഗരങ്ങളിലും തെരുവുകളിലും ഞങ്ങളലഞ്ഞു. ഇനിയീ റായ്ഗല്ലി മാത്രമേ ബാക്കിയുള്ളു.''
പത്മിനി ഒരു നിമിഷം എന്തോ ചിന്തിച്ചു മറുപടി പറഞ്ഞു.
''മിസ്രയില്‍ നടക്കാന്‍ പോകുന്ന ബാവുല്‍ സംഗീത രാവിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ഈ ബംഗാളിലുള്ള ആരെ കാണണമെങ്കിലും നിങ്ങള്‍ക്കവിടെ വരാം.''
മലയാളത്തനിമ നഷ്ടപ്പെട്ടാലും വിശ്വസിക്കാവുന്ന ഒരു മലയാളി സ്ത്രീ തന്നെയാണ് പത്മിനി റായ് എന്നവര്‍ക്ക് തോന്നി.
മിസ്ര ബാവുലിനു വേണ്ടി കൂടുതല്‍ സൗന്ദര്യവതിയായിരിക്കുന്നു. ബംഗാളിലെ ഗ്രാമങ്ങളില്‍ കൊണ്ടാടുന്ന ബാവുല്‍ സംഗീത സന്ധ്യ ഇപ്രാവശ്യം മിസ്ര ഗ്രാമത്തിലാണ് നടക്കുന്നത്.മാസങ്ങള്‍ നീണ്ട പരിശീലനം കഴിഞ്ഞാണ് ഓരോ ബംഗാളി സംഗീതജ്ഞരും ബാവുലിനൊരുക്കിയിരിക്കുന്ന കൂടാരങ്ങളിലെത്തുന്നത്.
മിച്ചാസോയുടെ അഭാവത്തില്‍ ശബ്ദം നഷ്ടപ്പെട്ട കിരണ്‍ രത്തക്ക് ബാവുലിന്റെ രാത്രിയില്‍ പാടാതിരിക്കാന്‍ കഴിയില്ലെന്ന് സേതു ഓര്‍ത്തു.
''എന്റെ അമ്മ തീര്‍ച്ചയായും ഇവിടെ ഉണ്ടാവും. അമ്മയ്ക്ക് സംഗീതം ഇഷ്ടമായിരുന്നോ? അറിയില്ല. അമ്മയെക്കുറിച്ചോ അമ്മയുടെ ഇഷ്ടങ്ങളെക്കുറിച്ചോ അച്ഛനോ ഞാനോ ഇന്നുവരെ അന്വേഷിച്ചിട്ടില്ല.''
സേതുവിന്റെ മനസ്സിലെ കനലുകളില്‍ പതിവില്ലാത്തൊരു തീനാളം ജ്വലിക്കുന്നതു പോലെ തോന്നി.
''മേം സാബ്.. ഹം മസ്ര കെ പാസ്സ് ആ ചുക്കേ ഹേ.''
ക്യാബിന്റെ ഡ്രൈവര്‍ തട്ടിവിളിച്ചപ്പോളാണ് സ്ഥലമെത്തിയതറിഞ്ഞത്. മിസ്രയാകെ മഞ്ഞ നിറത്തില്‍ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.ഓരോ ചെറു കൂടാരങ്ങളും പനയോല കൊണ്ടും ജാതിത്തോടുകള് കൊണ്ടുണ്ടാക്കിയ ഹാരങ്ങള്‍ കൊണ്ടും ഭംഗിയായി അലങ്കരിച്ചിരിക്കുന്നു. കച്ചേരി നടക്കുന്ന കൂടാരങ്ങളിലേക്ക് ബംഗാള്‍ ജനതയുടെ മാത്രമല്ല, നാനാ ദേശക്കാരുടെയും നിലക്കാത്ത ഒഴുക്കാണ്. ഓരോ കൂടാരങ്ങള്‍ കടന്ന് പോകുമ്പോഴും മനോഹരങ്ങളായ ശബ്ദങ്ങളുടെ സമ്മിശ്രങ്ങളായിരുന്നു സേതുവിന് ചുറ്റിലും. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ സംഗീത നിശയില്‍ ഒരു രാത്രിയെങ്കിലും തനിക്കാ ശബ്ദം തിരിച്ചറിയുമെന്ന് അവന് മനസ്സിലുറപ്പിച്ചു.
''തുമര് ദിന് ആയേംഗീ തൂ..''
മഞ്ഞ പ്രകാശങ്ങള്‍ക്കിടയിലൂടെ കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പ് വൈദ്യുതി ബള്‍ബുകള്‍ മിന്നിക്കത്തുന്ന മിസ്രയിലെ ആ പനയോലക്കൂടാരത്തിലേക്ക് കുറച്ചകലെ നിന്നും സേതു നോക്കിനിന്നു. അടുത്തേക്ക് ചെല്ലും തോറും പരിചിതമായി തോന്നിയ ആ സ്വരം മനസ്സിന്റെ ഓര്‍മതാളുകളില്‍ നിറമുള്ള ചിത്രങ്ങളായി മിന്നിതെളിയുന്നുണ്ട്.
ഒത്തിരി പ്രതീക്ഷയോടെ നിറഞ്ഞു നില്ക്കുന്ന ആ സംഗീത സദസ്സിലേക്ക് അവന് കയറിച്ചെന്നു.
മഞ്ഞ പട്ടുസാരി ബംഗാളി രീതിയില്‍ ഞൊറിഞ്ഞെടുത്തു തലയില്‍ മഞ്ഞപ്പൂക്കള്‍ ചൂടി മെയ്യനക്കത്തോടെ നാടോടി കീര്‍ത്തനങ്ങള്‍ പാടുന്ന ആ സ്ത്രീക്ക് ചുറ്റും കച്ചേരിവാദ്യങ്ങളുടെ ഒരു മേള തന്നെയുണ്ടായിരുന്നു.
സേതുമാധവനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ആ സ്ത്രീയേ തന്നെ നോക്കി പതിഞ്ഞ സ്വരത്തില്‍ അവന്റെ ചുണ്ടനങ്ങി.
''അമ്മ''
ഒന്നുറക്കെ വിളിക്കാനാവാതെ, ഒന്ന് തൊടാന്‍ കഴിയാതെ സേതു അമ്മയെ ദൂരെ നിന്നും നോക്കി നിന്നു.
കച്ചേരി കഴിഞ്ഞ് വേദി വിട്ടിറങ്ങിയ തന്റെ അമ്മയെ അവന് പിന്തുടര്ന്നു.
''അമ്മേ''
വിളികേട്ട് അവര്‍ പെട്ടന്ന് തിരിഞ്ഞു നോക്കി.
''അമ്മേ.. ഞാന്‍ നിങ്ങളുടെ സേതുവാണ്.''
സേതുവിനെ കണ്ടിട്ടും അവരില്‍ ഒരു ഭാവവ്യത്യാസവുമുണ്ടായില്ല. നനഞ്ഞു തുടങ്ങുന്ന കണ്ണുകളെ മറച്ചു പിടിക്കാന്‍ അവന് നന്നേ പാടുപെട്ടു.
''അമ്മയെന്താ ഒന്നും പറയാത്തത്. അമ്മ എന്റെ കൂടെ വരണം. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ അമ്മയെ തിരക്കാത്ത സ്ഥലങ്ങളില്ല.''
അമ്മ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് അവന് കുറച്ചു കൂടി അരികില്‍ ചെന്നിട്ട് ചോദിച്ചു.
''ഒരു ബംഗാളിയുടെ കൂടെ ഒളിച്ചോടിയ അമ്മയെങ്ങനെ ഈ മിസ്രയിലെത്തി. അമ്മയെവിടുന്നാണ് പാട്ടു പാടാന്‍ പഠിച്ചത്? എന്റെ കൂടെ വരൂ''
അവര്‍ സേതുവിന്റെ കൈ പിടിച്ച് കൂടാരത്തിന് പുറത്തേക്ക് നടന്നു. നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നു. അവര്‍ അയാളോട് ബംഗളയില്‍ എന്തോ പറഞ്ഞു. അയാള്‍ കാര്‍ മുന്നോട്ടെടുത്തു. എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും സേതു വേണ്ടെന്ന് വച്ചു.
''നമുക്ക് വീട്ടില്‍ വെച്ചു സംസാരിക്കാം.''
റായ്ഗല്ലിയുടെ പ്രവേശന കവാടത്തിലൂടെ വാഹനം കടന്നു പോകുമ്പോള്‍ അവന് സംശയിച്ചിരുന്നത് ശരിയാണെന്നവനു തോന്നി.
കിരണ്‍ രത്തയുടെ വീടിനു മുന്നില്‍ കാര്‍ നിര്‍ത്തി. അവര്‍ രണ്ടുപേരും ഇറങ്ങി. അവര്‍ സേതുവിനെ ഒന്ന് നോക്കി പുഞ്ചിരിച്ചു. അവനും തിരിച്ചൊന്ന് പുഞ്ചിരിച്ച് അവരെ അനുഗമിച്ചു.
''നീയിരിക്ക് ഞാന്‍ ഭക്ഷണമെടുക്കാം''
''കിരണ്‍ രത്തയുടെ കൂടെയാണോ നിങ്ങള്‍ താമസിക്കുന്നത്.?''
''അദ്ദേഹം എന്റെ ഭര്‍ത്താവാണ്.''
അവരുടെ മറുപടി കേട്ട് അവന് ശരിക്കും ഞെട്ടി. അമ്മയുടെ കൈയില്‍ നിന്നും വീണുപോയ കൈക്കുഞ്ഞിനെപ്പോലെ അവന് അന്താളിച്ചു നിന്നു.
അവന് അതിനെക്കുറിച്ചു കൂടുതലൊന്നും ചോദിക്കാന്‍ കഴിഞ്ഞില്ല.
''അമ്മ എന്റെ കൂടെ വരണം.''
അവന് വീണ്ടും പറഞ്ഞു.
അവരത് കേള്‍ക്കാത്ത മട്ടില്‍ അടുക്കളയിലേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞ് തീന്മേശയില് റൊട്ടിയും ഉരുളക്കിഴങ്ങ് കറിയും പിന്നെ കുറച്ചു മധുര പലഹാരങ്ങളും കൊണ്ടുവെച്ചു അവര്‍ സേതുവിന്റെ അടുത്തിരുന്നു.
അവന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി.
''ശരിക്കും അയാളെന്നെ കൂടെ കൂട്ടിയതല്ല. ഞാന്‍ അയാളുടെ കൂടെ പോന്നതാണ്. നിന്റെ അച്ഛനും നിനക്കും നിങ്ങളുടെ മാത്രം ഇഷ്ടങ്ങളായിരുന്നല്ലോ വലുത്. എനിക്കെന്താണ് വേണ്ടതെന്നോ എന്റെ സന്തോഷങ്ങള്‍ എന്താണെന്നോ നിങ്ങള്‍ ഒരിക്കല്‍ പോലും അന്വേഷിച്ചില്ല. നീ ചോദിച്ചില്ലേ അമ്മ എങ്ങനെ സംഗീതം പഠിച്ചുവെന്ന്. അവിടെ ജീവിക്കുമ്പോളും എന്റെ മനസ്സ് നിറയെ സംഗീതമായിരുന്നു. അത് പക്ഷെ, നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. കിരണ്രത്തയും ഈ നഗരവും മാത്രമാണ് എന്നെ കുറച്ചെങ്കിലും മനസ്സിലാക്കിയത്.''
എല്ലാം കേട്ട് അശ്ശേഷം തകര്‍ന്ന് തരിപ്പണമായ മനസ്സുകൊണ്ട് അമ്മയെ നോക്കി നില്ക്കുന്ന സേതുവിന് തന്നെ കണ്ണുകളെ മറയ്ക്കാനായില്ല. കണ്ണുനീര് ഭക്ഷണത്തിലേക്ക് വീഴാതിരിക്കാന്‍ അവന് നന്നേ പാടുപെട്ടു.
ഇടറുന്ന സ്വരത്തില്‍ അവന് വീണ്ടും പറഞ്ഞു.
''അമ്മ കഴിഞ്ഞതൊക്കെ മറന്ന് എന്റെ കൂടെ വരണം.''
''ഇല്ല മോനേ, ഞാനൊരു മടക്കത്തേക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. ഞാന്‍ വായിച്ചു തീര്‍ത്ത മാധവിക്കുട്ടിയുടെ മനസ്സുകളത്രയും ബംഗാളിന്റെ തെരുവുകളിലായിരുന്നു. അതിന്റെ സൗന്ദര്യത്തില്‍ ഞാനും ലയിച്ചു പോയിരിക്കുന്നു. ഇനിയെനിക്ക് ഈ നഗരത്തെ ഉപേക്ഷിക്കാനാവില്ല'' അവര്‍ പറഞ്ഞു.
''അമ്മയെന്താണ് അച്ഛനെക്കുറിച്ചന്വേഷിക്കാത്തത്?''
ഭക്ഷണം തൊണ്ടയില്‍ നിന്നിറക്കിക്കൊണ്ട് സേതു ചോദിച്ചു.
സേതുവിന്റെ അരികില്‍ നിന്നും എഴുന്നേറ്റ് അവന് മുഖാമുഖമിരുന്നു കൊണ്ട് അവര്‍ മറുപടി പറഞ്ഞു.
''നിന്റെ അച്ഛന് മരിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് ഇവിടെ വന്നിരുന്നു. ഞാന്‍ ബംഗാളില്‍ വന്നതിനു ശേഷം ആദ്യത്തെ തവണ. പോകുന്നതിന്റെ അന്നു രാത്രി ഞാനയാള്‍ക്ക് വയറു നിറയെ അത്താഴം കൊടുത്തു. ഇനിയൊരിക്കലും അയാളെന്നെ അന്വേഷിച്ചു വരരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ അയാള്‍ക്ക് കൊടുത്ത ഭക്ഷണത്തില്‍ വിഷം ചേര്‍ത്തത്.'' ഒരു ഭാവവ്യത്യാസവുമില്ലാതെ അവരത് പറയുമ്പോള്‍ സേതു അവസാനത്തെ റൊട്ടിക്കഷണവും വായിലേക്കിട്ടിരുന്നു.
അവരുടെ കണ്ണുകള്‍ നിഗൂഢമായി ഒരേ ദിശയിലേക്കു തന്നെ പതിച്ചിരിക്കുകയാണ്. നിശബ്ദതയെ മുറിച്ചു കൊണ്ട് അവര്‍ പറഞ്ഞു.
''മോന് തിരിച്ചു പൊയ്ക്കോളൂ. രണ്ടു ദിവസത്തിനുള്ളില്‍ നിന്റെ പ്രശ്നങ്ങളൊക്കെയും തീരും.'' അവര്‍ അവന്റെ കണ്ണുകളിലേക്ക് നോക്കി പതുക്കെ പറഞ്ഞു.
''പിന്നെ.. നീയും ഇനിയൊരിക്കലും എന്നെത്തേടി ഇവിടേക്ക് വരരുതെന്നാണ് ഞാനാഗ്രഹിക്കുന്നത്.''
അപരിചിതനായൊരു വഴിയാത്രക്കാരനെപ്പോലെ റായ്ഗല്ലിയിലെ ആ അരണ്ട വെളിച്ചത്തിലൂടെ സേതു നടന്നു നീങ്ങി.