Art and Literature
മലയാള ചെറുകഥ
Click the Play button to hear this message in audio format
Art and Literature

റൂബി

മനോജ് കോടിയത്ത്
|
5 Jun 2023 3:37 PM GMT

| കഥ

കോടമഞ്ഞ് തീര്‍ത്തൊരു പന്തലിന്‍ താഴെ, ഭൂമിയും സര്‍വ്വചരാചരങ്ങളും മജ്ജ തൊടും കുളിരിന്‍ ലഹരിയിലമര്‍ന്നു. തത്സമയം, രണ്ടു ഹൃദയങ്ങളുരുകി, പരസ്പരം ചേര്‍ന്നൊഴുകി, തണുത്തുറഞ്ഞ്, ഏതോ ലോഹസങ്കരം പോലെ ഘനീഭവിച്ച് കിടന്നു. ഊട്ടിയിലെ പ്രസിദ്ധിയേറിയ റസിഡന്‍ഷ്യല്‍ സ്‌കൂളിന് സമീപം, പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വരാന്തയില്‍, പതിനാറുകാരി മകളുടെ നെഞ്ചില്‍ മുഖം ചേര്‍ത്ത്, അവളോടൊട്ടിച്ചേര്‍ന്നിരിക്കുമ്പോള്‍, താനേ ഒഴുകിയ കണ്ണുനീരിന് തിളയ്ക്കുന്ന ചൂട്. തന്റെ വലതുകൈ കൊണ്ട് അമ്മയുടെ മുഖം സ്പര്‍ശിച്ച്, കണ്ണുനീര്‍ തുടച്ച്, ഇപ്രകാരം പറയുമ്പോള്‍ മകള്‍ മൃദുവായി പുഞ്ചിരിച്ചു.

'അമ്മയുടെ പ്രശ്‌നമെന്താന്നറിയ്യോ?! യൂ ആര്‍ ഡേഞ്ചറസ്‌ലി സോഫ്റ്റ്.'

മകളുടെ വാക്കുകള്‍ കേട്ട് അവള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. അമ്മയുടെ ഹൃദയഭാഗത്ത് അലസമായി വീണുകിടന്ന താലിമേല്‍ വിരലോടിച്ച്, മകള്‍ തുടര്‍ന്നു.

'എനിക്ക് വേണ്ടിയല്ലേ അമ്മ എല്ലാം സഹിക്കുന്നത്. ശ്വാസമില്ലാതെ പിടയുന്നത്. ഒന്നും ഞാന്‍ അറിയാതിരിക്കാനല്ലേ എന്നെ ഈ മഞ്ഞുമലയില്‍ വിട്ടത്. പക്ഷേ, മമ്മയ്ക്കറിയോ..; ഈ മഞ്ഞിനൊന്നും മറയ്ക്കാനാവാത്ത ഒരു കാഴ്ചയുണ്ടെന്റെ മനസ്സില്‍. ആന്‍ഡ് ഇറ്റ് ഹോണ്ട്‌സ്മീ എവരിടൈം... '

മകളുടെ നെഞ്ചില്‍ നിന്നും മുഖം വേര്‍പെടുത്തി അവളുടെ കണ്ണുകളിലേക്ക് നോട്ടം കൊണ്ടൊരു ചോദ്യമെറിഞ്ഞു. അത് കണ്ടവള്‍ പുഞ്ചിരിച്ചു.

'എന്റെ ഗ്രേഡ് വണ്ണിന്റെ ആദ്യ ദിവസം.. അമ്മയുടെ കൈ ഒടിഞ്ഞത് തെന്നി വീണാണെന്നല്ലേ അമ്മയെന്നോട് പറഞ്ഞേ. പക്ഷേ, പപ്പ അമ്മയോട് ചെയ്തത് ഞാനന്ന് കണ്ടു. പക്ഷേ, എന്തിനെന്നോ ഏതിന്റെ പ്രതികാരമെന്നോ എനിക്കിപ്പോഴുമറിയില്ല'

മകള്‍ ഒരിക്കലും അറിയരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന സത്യങ്ങള്‍ പലതും അവള്‍ കൃത്യമായി മനസ്സിലാക്കിയിരുന്നുവെന്നത് അവരെ അതിശയിപ്പിച്ചു.

'ഓരോ അവധിക്കും ഞാനവിടെ വരുമ്പോഴൊക്കെയും മമ്മാ..''

ഒരു ദീര്‍ഘനിശ്വാസമെടുത്ത്, അവള്‍ തുടര്‍ന്നു.

'മമ്മയുടെ കവിളിലെ ചുവപ്പ്, ശരീരത്തിലെ പാടുകള്‍; എന്തോരം കള്ളമാ അന്ന് മമ്മ എന്നോട് പറഞ്ഞിരുന്നേ.'

പുഞ്ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു.,

'യൂ വേര്‍ നോട്ട് ഗുഡ്ഡറ്റ് ഈവണ്‍ വൈറ്റ് ലയ്‌സ് മമ്മാ... നല്ല കള്ളം പറയാന്‍ പോലും പാവം, എന്റെ മമ്മക്കറിയില്ല '

അത് കേട്ട അമ്മ മകളെ നോക്കി പുഞ്ചിരിച്ചു.

'പപ്പയോട് ചോദിക്കണമെന്ന് പലവട്ടം ഓര്‍ത്തതാ.. ഐ വാണ്ടഡ് റ്റു കണ്‍ഫ്രണ്ട്. പക്ഷേ, അത് കാരണം അമ്മയെ കൂടുതല്‍ ഉപദ്രവിച്ചാലോ എന്ന ഭയമായിരുന്നു. .'

അവള്‍ അമ്മയുടെ ചുമലില്‍ തലചായ്ച്ച് അവരെ ചേര്‍ത്ത് പിടിച്ചു.

'ഹീ കാള്‍ഡ്മീ ലാസ്റ്റ് മന്‍ത്. ചോദിച്ചു, ഹലോ മമ്മാസ് ഡോട്ടര്‍ ഹൗ ആര്‍യൂ. ഞാന്‍ പറഞ്ഞു, അയാം ഫൈന്‍ മമ്മാസ് ഹസ്ബന്‍ഡ്.. ആന്‍ഡ് ദെന്‍, ഹീ ഡിസ്‌കണക്ടഡ്..'

അവള്‍ വീണ്ടും ചിരിച്ചു.

'ടിറ്റ് ഫോര്‍ ടാറ്റ്.. ദാറ്റ്‌സ് മൈ പോളിസി നൗ മമ്മാ..'

'ഇനിയുമിങ്ങനെ ഇരുന്നാല്‍ നമ്മള്‍ രണ്ടും തണുത്തുറഞ്ഞ് ഇഗ്‌ളൂ പോലാകും. സമയമായി പോവാന്‍, പാവം ടാക്‌സി ഡ്രൈവര്‍ ഒത്തിരി നേരായി. വൈകീട്ട് എട്ടിനാണ് ഫ്‌ലൈറ്റ്..'

എഴുന്നേറ്റ്, മകളെ എഴുന്നേല്‍പ്പിച്ച്, അവളുടെ ഇടതു കവിളില്‍ തന്റെ കരം ചേര്‍ത്തു.

'പരീക്ഷക്ക് കുറച്ചല്ലേ ഉള്ളൂ.. ഡു യുവര്‍ ബെസ്റ്റ്..'

''ഫസ്റ്റ് റാങ്ക് എനിക്കാ, ഐ പ്രോമിസ്..'

അത് കേട്ട് ചിരിച്ചുകൊണ്ട് അവര്‍ പറഞ്ഞു

' ഓള്‍ദി ബെസ്റ്റ് സ്വീറ്റീ.. !'

ഗാഢമായി പുണര്‍ന്ന്, പരസ്പരം മൂര്‍ദ്ധാവില്‍ ചുംബിച്ച്, അമ്മയുടെ കവിളില്‍ വീണ കണ്ണീര്‍തുള്ളിയെ വിരലില്‍ കോര്‍ത്ത് അവള്‍ പറഞ്ഞു.

'ഇന്ന് മുതല്‍ മമ്മ സഹനത്തിന്റെ ആഴങ്ങളില്‍ സ്വയം ഇല്ലാതാവരുത്..'

അവള്‍ പുഞ്ചിരിച്ചു, മകളുടെ കൈയ്യില്‍ മുത്തമിട്ടു.

'സേഫ് ഫ്‌ളൈറ്റ് മോം..

***********

കൃത്രിമ ഉഷ്ണക്കാറ്റിന്‍ സുഖത്തില്‍, എതിരെ പാഞ്ഞടുക്കും മഞ്ഞിന്‍ മറയെ ഭേദിച്ച്, മനസ്സ് ചുരമിറങ്ങിയത് തെളിച്ചമുള്ള ഓര്‍മ്മകളുടെ താഴ്വാരത്തിലേക്ക്.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കാനറ ബേങ്കില്‍ പ്രൊബേഷണറി ഓഫീസറായി, ഇരുപത്തിരണ്ടുകാരിയുടെ ആദ്യദിനങ്ങളിലൊന്ന്. ഹൃദ്യമായി ചിരിക്കുന്ന ആ യുവാവിന്റെ ആഴ്ചയിലെ രണ്ടാമത്തെ വരവില്‍ പ്രത്യേകത തോന്നിയത് ക്യാഷ്യര്‍ മിനിയേച്ചിക്കാണ്. ഉച്ചയൂണ് പങ്കുവെയ്ക്കുന്നതിനിടയില്‍, 'പുള്ളിക്ക് തന്നോട് ന്തോണ്ടല്ലോ!' എന്ന അവരുടെ സംശയം ചിരിച്ചുതള്ളിയ തന്റെ മുന്നില്‍ അടുത്ത ദിവസം തന്നെ ഒരു ഡ്രാഫ്‌റ്റെടുക്കാനെന്ന ആവശ്യവുമായി വീണ്ടും വന്നപ്പോള്‍ മിനിയേച്ചി തന്നെ നോക്കി, 'കണ്ടില്ലേ..!' എന്ന് പുരികങ്ങളിളക്കി. ഡ്രാഫ്റ്റിനുള്ള ചെക്കിനൊപ്പം, 'മാനേജര്‍ രവിയേട്ടന്‍ അച്ഛനോട് സംസാരിക്കും, പെണ്ണ് കാണാന്‍ വന്നോട്ടെ?' എന്നെഴുതിയ കുറിപ്പ് കണ്ട് അമ്പരപ്പോടെ താനയാളെ നോക്കി.

പെണ്ണുകാണല്‍ നേരം, 'കുട്ട്യോള്‍ക്ക് ന്തെങ്കിലും ചോയ്ക്കേ പറയേ വേണച്ചാല്‍ ആവാം ട്ടോ' എന്ന് അച്ഛന്‍ പറയാന്‍ കാത്തിരുന്നത് പോലെ തോന്നി, പുള്ളീടെ അന്നത്തെ മട്ടും ഭാവവും കണ്ട്. മുറിയില്‍ വന്നിട്ടും ഒന്ന് ചിരിക്കുക മാത്രം ചെയ്ത് ഒരു മിനിട്ടോളം മിണ്ടാതെ നിന്നു. പിന്നീട് മേശപ്പുറത്ത് അടുക്കി വെച്ചിരുന്ന പുസ്തകങ്ങള്‍ ഓരോന്നായി നോക്കവേ,

'കൊള്ളാലോ, എനിക്കിഷ്ടമുള്ള പുസ്തകങ്ങളാണല്ലോ !' എന്നും പറഞ്ഞ് വര്‍ത്തമാനത്തിന് തുടക്കമിട്ടു.

'എന്റെ പ്രണയം കാട്ടുതേന്‍ പോലെയാണ്, അതില്‍ വസന്തങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ഇതിലും മനോഹരമായി പ്രണയത്തെ നിര്‍വ്വചിക്കുന്നതെങ്ങനെ..! അല്ലേ ? '

തന്റെ മനസ്സില്‍ ആദ്യമായ് പ്രണയത്തിന്‍ തേന്‍ പൊടിയിച്ചത് ആ ചോദ്യമായിരുന്നു. പിന്നീട് നിര്‍ത്താതെയുള്ള സംസാരത്തില്‍ ഇരുവരും തങ്ങളുടെ അഭിലാഷങ്ങളുടെയും പ്രതീക്ഷകളുടെയും സന്തുലിതാവസ്ഥ തിരയുന്നതിനൊടുവില്‍ ആള്‍ ഇപ്രകാരം പറഞ്ഞു.

'കാനറാ ബാങ്കിന് പകരം ദുബായിലൊരു ബാങ്കിലെ ജോലി മതിയെങ്കില്‍, അധികം യാത്ര ചെയ്യാനും ഏറെ സിനിമകള്‍ കാണാനും ആഗ്രഹമുണ്ടെങ്കില്‍, ചായ ഇടുമ്പോള്‍ പഞ്ചസാര കുറയ്ക്കാമെങ്കില്‍; പിന്നെ, എന്നെ ഇഷ്ടമായെങ്കില്‍, പാസ്സ്‌പോര്‍ട്ട് എടുത്ത് വെച്ചോളൂ'

ജോത്സ്യപ്പലകയില്‍ തെളിഞ്ഞ പത്തില്‍ പത്ത് പൊരുത്തത്തില്‍ അമ്മയും, ദുബായിലെ ആകാശം നിറയെ അംബരചുംബികള്‍ വരച്ചിടുന്ന ആര്‍ക്കിടെക്റ്റിനൊപ്പം മകളുടെ ഭാവി സുരക്ഷിതമായിരിക്കുമെന്ന വിശ്വാസത്തില്‍ അച്ഛനും 'നമുക്കിതങ്ങ് ഉറപ്പിച്ചാലോ?' എന്ന ചോദ്യത്തില്‍ അവരുടെ ആഗ്രഹമൊളിപ്പിച്ചു.

സമയമേതുമെടുക്കാതെ 'ആയിക്കോളൂ' എന്ന് സമ്മതം പറഞ്ഞത്, ഇഷ്ടങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ഒരേ നിറം, ഒരേ തരംഗദൂരം എന്ന തന്റെ തോന്നല്‍ കാരണമായിരുന്നു.

വിവാഹാനന്തരം, ആദ്യമായ് ഒരുമിച്ചൊരു പറക്കല്‍. ആഹ്ളാദനഗരിയിലെ പുതിയ ജീവിതം തീര്‍ത്തും സ്വപ്നതുല്യം തന്നെയായിരുന്നു.

കാട്ടുതേനിന്‍ മധുരമുള്ള പ്രണയം നുകര്‍ന്ന് കഥകളിലെ ഹൂറിയെപ്പോലെ ജീവിതം. തനിക്ക് ലഭിച്ച പുതിയ ജോലി. ചിരിയും ആഘോഷവും നിറഞ്ഞ പിക്ചര്‍ പെര്‍ഫെക്റ്റ് ദിനങ്ങള്‍.

പക്ഷേ, എത്ര വേഗമാണ് അവ ഇല്ലാതായത്. മകളുടെ രണ്ടാം പിറന്നാളിന് ശേഷമെപ്പഴോ ആവണം ആദ്യമായി ചുംബനത്തിന് മദ്യത്തിന്റെ ചുവയുണ്ടായത്. 'ബിസിനസ് മീറ്റ് ആയിരുന്നു. ഒരേ ഒരു ഡ്രിങ്ക് മാത്രം'. 'ഇനി ഉണ്ടാവില്ല' എന്ന വാഗ്ദാനം, പക്ഷേ, ഒരു ദിവസത്തേക്ക് പോലും പാലിക്കപ്പെട്ടില്ല. ദിനങ്ങള്‍ പൊഴിയവേ തന്റെ ചുണ്ടുകളില്‍ ചിരി മായുന്നതും, കണ്ണുകള്‍ ഈറനണിയുന്നതും ആളെ ബാധിച്ചതേ ഇല്ല.

പതിയെ പതിയെ മദ്യം നിറഞ്ഞ ഗ്ലാസ്സുകള്‍ ലിവിങ്‌റൂമില്‍ സമ്മേളിച്ചു, സ്റ്റോക്ക് മാര്‍ക്കറ്റിന്റെ രാഷ്ട്രീയം പറഞ്ഞും, പാഴാക്കിയ പന്തേറിന് ടെണ്ടുല്‍ക്കറെ തെറി വിളിച്ചും, ഹോളിവുഡിനെ നിരൂപിച്ചും, അവ തമ്മില്‍ കൂട്ടിമുട്ടി പൊട്ടിച്ചിരിച്ചു. പുലരാന്‍, രാവിന്‍ കാല്‍ ഭാഗം ബാക്കിയിരിക്കെ അവള്‍ എച്ചിലുകള്‍ വാരിക്കൂട്ടി. പാത്രങ്ങള്‍ കഴുകി. ഉറങ്ങും മുന്നേ ഉണര്‍ന്ന്, ഗ്യാസ് ലൈറ്റര്‍ കൊണ്ടൊരു വെടിയുതിര്‍ത്ത് ഓട്ടമാരംഭിച്ചു.

ഒരു പ്രതിമയെപ്പോലെ സഹിക്കാന്‍ തനിക്കായത് എങ്ങനെയെന്ന് നിശ്ചയമില്ല. പൊട്ടാതെ നോക്കേണ്ടത് പ്രതിമയുടെ തന്നെ ആവശ്യമായിരുന്നു. മകളായിരുന്നു ലോകം, അവളുടെ ചിരിയില്‍ സന്തോഷം കണ്ടെത്തി. സഹനത്തിന്റെ പരിധി വികസിപ്പിച്ചെടുത്ത് നെടുവീര്‍പ്പുകളെ താഴിട്ട് പൂട്ടി. ജോലിയെ ധാരാളമായി ഇഷ്ടപ്പെടാന്‍ ശ്രദ്ധിച്ചു. തന്റെ എക്‌സ്ട്രാ ഡിഗ്രി പെര്‍ഫോര്‍മന്‍സിന്, മൂന്ന് വര്‍ഷവും തുടര്‍ച്ചയായി 'സ്റ്റാഫ് ഓഫ് ദി ഇയര്‍' തന്നെ തേടി വന്നു.

ഒരിക്കല്‍, കൂട്ടുകാര്‍ക്കായുള്ള മദ്യസല്‍ക്കാരവേളയില്‍ ക്ഷീണം കാരണം താന്‍ നേരത്തേ മയങ്ങിപ്പോയതാണ് സഹിച്ചുതീര്‍ക്കാന്‍ തനിക്കേറെയുണ്ടെന്ന തിരിച്ചറിവുണ്ടാക്കുന്നത്.

അതിഥികള്‍ക്ക് ഭക്ഷണം വിളമ്പാതെ ഉറങ്ങാന്‍ തീരുമാനിച്ചത് ധിക്കാരമെന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടു. ശിക്ഷയായി തന്റെ ഇടതുകവിളിള്‍ നീറി ചുവന്നു.

പിന്നീട് അതൊരു തുടര്‍ സംഭവമായി.

മകള്‍ക്ക് വേണ്ടി മാത്രമോ, അതോ പേസ്മേക്കര്‍ താളമിടുന്ന അമ്മയുടെ ഹൃദയമിടിപ്പിനും വേണ്ടിയോ താന്‍ മരവിച്ച മനസ്സുമായി ഇത്രയും നാള്‍ സന്ധിചെയ്തത് !

'പപ്പയെന്താ ഇങ്ങനെ !' എന്ന് ആറുവയസ്സ് മുതല്‍ ചോദിക്കുമായിരുന്നുന്നെങ്കിലും, മകള്‍ക്ക് പത്ത് വയസ്സ് തികഞ്ഞപ്പോഴാണ് അവളെ ഊട്ടിയിലെ റെസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കുന്നത്. അതേ മാസമാണ് ആളുടെ ജോലി നഷ്ട്ടമായതും. 'ഇനി ഞാന്‍ ആരുടേയും അടിമയാവാനില്ല' എന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ ബിസിനസ് മൂന്നാം വര്‍ഷം തികച്ചില്ല. തന്റെ ധൂര്‍ത്തും സൂക്ഷ്മതാക്കുറവും മൂലമുണ്ടായ പരാജയം ലോക്ഡൗണിന് പിറകിലൊളിപ്പിച്ച് പിന്‍വാങ്ങാന്‍ ആള്‍ക്കു വേണ്ടി ചിലവാക്കിയത് മകള്‍ക്ക് വേണ്ടി താന്‍ സ്വരൂപിച്ചുകൂട്ടിയതൊക്കെയുമാണ്. ഒരിക്കല്‍, ഫുട്‌ബോള്‍ ചര്‍ച്ചകള്‍ക്കിടയില്‍, 'പുതിയ ജോലിക്ക് ശ്രമിക്കരുതോ 'എന്ന സുഹൃത്തിന്റെ ചോദ്യത്തിന്, 'എന്റെ റിട്ടയര്‍മെന്റ് നേരത്തേ കഴിഞ്ഞല്ലോ' എന്ന ചിരിച്ചുകൊണ്ടുള്ള മറുപടി താന്‍ കാര്യമാക്കിയില്ല. അന്നു മുതല്‍ നാളിതുവരെ, ഭാര്യയുടെ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകളില്‍ അയാള്‍ തന്റെ ഒറ്റയാന്‍ ജീവിതം അടയാളപ്പെടുത്തിക്കൊണ്ടിരുന്നു. ആണ്‍-പെണ്‍ ഭേദമില്ലാതെ ബ്രിട്ടീഷ് കമ്പനി തനിക്ക് തരുന്ന ഉയര്‍ന്ന വേതനം മഞ്ഞുതുള്ളികളെന്ന പോലെ അപ്രത്യക്ഷമായി.


********************************

കോയമ്പത്തൂര്‍ നിന്നുള്ള വിമാനം പറന്നുയര്‍ന്നത് നാല് മണിക്കൂര്‍ വൈകിയാണ്. പുലര്‍ച്ചെ മൂന്ന് മണിക്ക് എത്തേണ്ട വിമാനം ഏഴു മണിയാവാന്‍ പത്ത് മിനുട്ടുള്ളപ്പോഴാണ് റണ്‍വേ തൊടുന്നത്. ഫോണ്‍ ഓണ്‍ ചെയ്തതും, ആദ്യം ശ്രദ്ധിച്ചത് CEO യുടെ വാട്ട്‌സ്ആപ്പ് മെസേജാണ്.

'വീ ഹാവേ മീറ്റിംഗ് അറ്റ് ടെന്‍...'

അവസാന നിമിഷം നിശ്ചയിച്ച മീറ്റിംഗ് ആയിരിക്കണം. രണ്ടുദിവസത്തെ ലീവിന് പോകുമ്പോള്‍ ഇങ്ങനൊരു മീറ്റിംഗ് തീരുമാനിച്ചതായി അറിയില്ലായിരുന്നു. ടാക്‌സിയില്‍ വീട്ടിലേക്കുള്ള യാത്രയില്‍ അവളോര്‍ത്തു.

താഴെ ബെഡ്‌റൂമില്‍ ഉറങ്ങിക്കൊണ്ടിരുന്ന ആള്‍ക്ക് ശല്യമാവാതിരിക്കാന്‍ വാതില്‍ മെല്ലെയടച്ച്, വര്‍ഷങ്ങളായി താനുപയോഗിക്കുന്ന മുകളിലെ ബെഡ്‌റൂമിലിരുന്ന്, ബ്ലാക്ക് കോഫി നുകര്‍ന്ന്, ലാപ്‌ടോപ്പില്‍ പുതിയ ഈമെയിലുകള്‍ വേഗത്തില്‍ വായിച്ചും മറുപടിയയച്ചും വിശ്രമമില്ലാത്ത പുതിയ ദിവസത്തിനാരംഭം കുറിച്ചു. സ്വയമോടിക്കുന്ന കാറില്‍ ലക്ഷ്യസ്ഥാനം അടയാളപ്പെടുത്തുമ്പോള്‍ സമയം ഒമ്പത് കഴിഞ്ഞ് പത്ത് മിനുറ്റ്. ഏതാനും മിനുട്ടിനുള്ളില്‍ ഓഫീസെത്തുമെന്നത് ആശ്വാസമായി. ബാങ്കില്‍ ജോലി കിട്ടുംവരെ തല്‍ക്കാലത്തേക്ക് എന്നു കരുതി ഏറ്റെടുത്ത ജോലിയില്‍ ഇത് പതിനാറാം വര്‍ഷമാണ്. ആറോ ഏഴോ പേരുണ്ടായ കമ്പനിയില്‍ ഇന്നിപ്പോള്‍ മുന്നോറോളം ജോലിക്കാര്‍. പേറോള്‍ ക്ലര്‍ക്കായി തുടങ്ങിയ താനാണിപ്പോള്‍ കമ്പനിയുടെ CF0. ഏറ്റവും നല്ല ഹ്യൂമണ്‍ റിസോഴ്‌സ് പോളിസിയുള്ള കമ്പനികളിലൊന്ന്. ഏറ്റവും ഇഷ്ടപ്പെടുന്ന ജോലിയും ജോലിയിടവും സഹപ്രവര്‍ത്തകരും. തീരെ സുഖകരമല്ലാത്ത വ്യക്തിജീവിതത്തില്‍ നിന്ന് അല്‍പമൊരാശ്വാസം.

പക്ഷേ, പുതിയ CEOയുടെ സമീപനമാണ് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നത്. തന്റെ വില്ലയ്ക്ക് സമീപം തന്നെ വില്ലയെടുത്തത്, 'സോ ദാറ്റ് ഐ കാന്‍ സീ യൂ മോര്‍ ഓഫണ്‍'ന്ന് പുള്ളി പറഞ്ഞത് തന്നെ ശരിക്കും ഞെട്ടിച്ചു. പിന്നീട് പലപ്പോഴായി തന്റെ നിറവും മുടിയഴകും പ്രകീര്‍ത്തിക്കപ്പെട്ടത് കേട്ടില്ലാന്ന് നടിച്ചു. ഫയലുകള്‍ കൈമാറുമ്പോള്‍ മനഃപൂര്‍വ്വം സ്പര്‍ശിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചു. ഹ്യുമണ്‍ റിസോഴ്‌സസ് മാനേജര്‍ക്ക് പരാതി അയച്ചാലോ എന്നുവരെ ആലോചിച്ചതാണ്. പക്ഷേ, 'കെസീഹേ ദീദീ ആപ്.. ' എന്ന ചോദ്യവുമായി എന്നും ചിരിക്കുന്ന ഒരുവളുടെ മുഖമോര്‍മവരും.

പ്രതീക്ഷിച്ചതിലും അധികം സമയമെടുത്താണ് മീറ്റിംഗ് അവസാനിച്ചത്. അവധിയെടുത്തത് കാരണം ബാക്കിയായ ജോലികള്‍ തീര്‍ത്ത് ഇറങ്ങുമ്പോള്‍ നേരം വൈകിയിരുന്നു. നാളെ അവധിദിവസമെന്നത് ഏറെ ആശ്വാസമായി.

വീട്ടിലെത്തിയപ്പോള്‍ ആള്‍ ലിവിംഗ്‌റൂമില്‍ ഫോണിലെന്തോ തിരയുന്നു. ഡോര്‍ തുറന്ന്, അകത്തു വന്ന തന്നെയൊന്ന് നോക്കി, ഒന്നും പറയാതെ, ടി.വി ഓണ്‍ ചെയ്തു.

'ഞാന്‍ പറഞ്ഞ സാധനമെവിടെ..?' ടിവിയില്‍ നിന്നും കണ്ണെടുക്കാതെ ആള്‍ ചോദിച്ചു.

തിരികെ വരുമ്പോള്‍ വാങ്ങാനേല്‍പ്പിച്ച മദ്യത്തിന്റെ ലിസ്റ്റും, ധൃതിയില്‍ താനത് മറന്നതും അപ്പോഴാണ് അവളോര്‍ത്തത്.

'ഇല്ല.. ഞാനത് മറന്നു. ഫ്‌ലൈറ്റ് ലേറ്റായി. രാവിലെ ഓഫീസ്..'

പറഞ്ഞ് തീരും മുമ്പേ, കയ്യിലെ റിമോട്ട് ചുമരില്‍ പതിച്ച് ചിന്നിച്ചിതറി. അതിലും ഉച്ചത്തില്‍ വാതില്‍

കൊട്ടിയടച്ച്, അയാള്‍ അപ്രത്യക്ഷനായി.

യാത്രാ ക്ഷീണവും, ഉറക്കമില്ലായ്മയും കാരണം സോഫയിലിരുന്ന് ഉറങ്ങിപ്പോയ അവള്‍, സെല്‍ഫോണിന്റെ ശബ്ദം കേട്ടാണ് ഞെട്ടിയുണരുന്നത്. അപ്പോഴേക്കും രാത്രിയേറെ വൈകിയിരുന്നു. ആളുടെ ഫോണാണ്.

'ക്രെഡിറ്റ് കാര്‍ഡ് രണ്ടുമെന്തേ വര്‍ക്ക് ചെയ്യുന്നില്ല..?'

ഏതോ ബാറിന്റെ ശബ്ദമുഖരിതമായ പശ്ചാത്തലത്തില്‍, വളരെ അസ്വസ്ഥനായും കോപിച്ചുമാണ് ചോദ്യം.

'ഡ്യൂസെല്ലാം അടച്ച്, ഞാനത് ക്യാന്‍സല്‍ ചെയ്തു.. '

'ബ്ലഡി ബിച്ച്.. യൂ വില്‍ നോ' അയാള്‍ ഫോണ്‍ ഡിസ്‌കണക്റ്റ് ചെയ്തു.

ഫോണ്‍ സോഫയിലെറിഞ്ഞ്, അവള്‍ ബാല്‍ക്കണിയിലെ കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ ഏറെ നേരം നോക്കിനിന്നു.

*********

അര്‍ധരാത്രിയില്‍ കോളിംഗ്‌ബെല്‍ നിര്‍ത്താതെ അടിക്കുന്നത് കേട്ടാണ് അവള്‍ വീണ്ടും ഉറക്കമുണരുന്നത്. ആള്‍ സാധാരണ വരുമ്പോള്‍ സ്വയം വാതില്‍ തുറക്കാറാണ് പതിവ്. ഇന്നിപ്പോള്‍ അധികം മദ്യപിച്ചാവുമോ വന്നിരിക്കുന്നത്? ഏത് രീതിയിലാവും ഇന്ന് പെരുമാറുക? ഏണിപ്പടികള്‍ ഇറങ്ങി മുന്‍വാതിലിലേക്ക് നടക്കുമ്പോള്‍, ആശങ്കകളോരോന്നായി മനസ്സില്‍ ഉയര്‍ന്നു.

ബുക്ക് ഷെല്‍ഫില്‍ നിന്നും താക്കോലെടുത്ത് തുറക്കാന്‍ ശ്രമിച്ചതും, വാതില്‍ ബലമായി തള്ളിത്തുറന്ന് ആള്‍ അകത്തു വന്ന് രൂക്ഷമായൊരു നോട്ടമെറിഞ്ഞ്, വീണ്ടും പുറത്ത് നോക്കി ആരോടോ അകത്തേക്ക് വരാന്‍ പറഞ്ഞു.

'കം ഇന്‍..'

പൊടുന്നനെ വാതില്‍ക്കലില്‍ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു.

'മീറ്റ് റൂബി, റിയല്‍ ഈജിപ്ഷ്യന്‍ റൂബി..'

വെളുത്ത് തുടുത്ത്, നിമ്‌നോന്മതകളില്‍ ഒട്ടിപ്പിടിച്ച മാണിക്യചുവപ്പണിഞ്ഞ സ്ത്രീയെ ചേര്‍ത്തുപിടിച്ച്, അവളുടെ ചെവിയില്‍ ചുംബിച്ചുകൊണ്ടയാള്‍ പറഞ്ഞു.

സമാനമായ രംഗങ്ങളില്‍ പലവട്ടം കഥാപാത്രമായ അനുഭവം പിന്‍ബലമാക്കി ഭാവഭേദമേതും വരുത്താതെ റൂബി സോഫയില്‍ ചെന്നിരുന്നു. ബാഗ് തുറന്ന്, കണ്ണാടിയും ലിപ്സ്റ്റിക്കുമെടുത്ത് തന്റെ ചുവന്ന ചുണ്ടുകളില്‍ വീണ്ടും ചായം തേച്ചു. ശേഷം, ഒരു സിഗാറെടുത്ത് ചുണ്ടുകള്‍ക്കിടയില്‍ തിരുകി അലസമായി പുകച്ചുരുളുകള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു.

സമീപം ധ്യാനലീനനായ ബുദ്ധന്റെ മുഖം, ലക്ഷ്യമില്ലാതെയൊഴുകിയ പുകയില്‍ അപ്രത്യക്ഷമായി.

സ്തബ്ധയായ അവളുടെ കണ്ണുകള്‍ക്ക് മുന്നില്‍ അയാള്‍ വിരലുകള്‍ ഞൊടിച്ചു. ഒരു കൈകൊണ്ട് താടിയെല്ലില്‍ ബലമായി പിടിച്ചു.

'ലുക്ക് അറ്റ് ഹേര്‍, യൂ പീസോഫ് കോള്‍ '

ഭാര്യയെ പിറകിലേക്ക് തള്ളിമാറ്റുമ്പോള്‍ അയാള്‍ പറഞ്ഞു.

അവള്‍ തന്റെ മുറിയിലേക്കോടി. വാഷ്‌റൂമില്‍ ഷവര്‍ തുറന്ന് നനഞ്ഞു, ഏറെ നേരം. ഒരു വ്യാഴവട്ടമായി സഹനത്താല്‍ മരവിച്ച മനസ്സും ശരീരവും നനഞ്ഞൊഴുകി.

ടേബിള്‍ ലാംപ് തെളിയിച്ചും, കെടുത്തിയും കൊണ്ടിരുന്നു. സ്‌ക്രീനില്‍ തന്റെയും, മകളുടെയും സെല്‍ഫികള്‍ കണ്ട് പുഞ്ചിരിക്കാന്‍ ശ്രമിച്ചു. മകളുടെ മുഖം സൂം ചെയ്ത് വിരലുകള്‍ കൊണ്ട് അവളെ തഴുകി, ഏറെ നേരം ആലോചനയിലമര്‍ന്നു. വീണ്ടും ഫോണെടുത്ത്, വാട്ട്‌സപ്പില്‍ ആര്‍ക്കോ സന്ദേശമയച്ചു. പുതപ്പിനടിയില്‍ നിദ്രയെ തിരഞ്ഞു.


**********

നിര്‍ത്താതെ ഫോണ്‍ ശബ്ദിക്കുന്നത് കേട്ടാണ് അയാള്‍ ഉറക്കമുണരുന്നത്. കണ്ണുകള്‍ പതിയെ തുറന്ന് ചുറ്റും വീക്ഷിച്ചു.

അലങ്കോലപ്പെട്ടു കിടന്ന വിരികള്‍ക്കിടയില്‍ സ്വന്തം വസ്ത്രങ്ങള്‍ തിരഞ്ഞു. താന്‍ എപ്പോള്‍ ഉറങ്ങി എന്നതും, റൂബി പോയ സമയവും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ചുമരിലെ ഘടികാരത്തില്‍ അപ്പോള്‍ സമയം പതിനൊന്ന്. ഭാര്യയുടെ ഫോണാണെന്ന് മനസ്സിലാക്കിയ അയാള്‍ റിങ്ങര്‍ നിശ്ശബ്ദമാക്കി. ഫോണ്‍ വീണ്ടും അടിച്ചു. ശപിച്ചുകൊണ്ട് അയാള്‍ ഫോണെടുത്തു.

'എന്റെ റൂമിലേക്കൊന്ന് വരാമോ..? 'എന്ന് മാത്രം ചോദിച്ച് അവള്‍ ഫോണ്‍ കട്ട് ചെയ്തു.

ഒരു നിമിഷം ആലോചിച്ച്, വസ്ത്രങ്ങള്‍ ഓരോന്നായി ധരിച്ച് ഒന്നാംനിലയിലെ മുറിയിലേക്ക് അയാള്‍ പടികള്‍ കയറി.

ബെഡ്‌റൂമിന്റെ വാതില്‍ പൂര്‍ണ്ണമായും അടയാതെ കിടന്നിരുന്നു. അയാള്‍ വാതിലിന് മുന്നില്‍ ഒരു നിമിഷം ആലോചനയില്‍ മുഴുകി.

പതിയെ വാതില്‍ തുറന്നതും, തീര്‍ത്തും അപ്രതീക്ഷിതമായ കാഴ്ചയാല്‍ വിദ്യുത്പ്രവാഹമേറ്റ പോല്‍ അയാള്‍ ക്ഷണം മരവിച്ചു.

വാതിലിന് നേര്‍രേഖയിലുള്ള മെത്തയില്‍, ആഗതന് അഭിമുഖമായി, പൂര്‍ണ്ണ നഗ്‌നയായ അവള്‍ ഒരാണ്‍ദേഹത്തിലമര്‍ന്ന്, ഉന്മാദിനിയെപ്പോലെ ചുംബിച്ച്, രതിയുടെ വേഗം നിയന്ത്രിച്ചുകൊണ്ടിരിന്നു.

മുന്നില്‍ താനൊരുക്കിയ ഉപഹാരക്കാഴ്ചയാല്‍ പ്രഹരമേറ്റ ആളുടെ കണ്ണുകളിലേക്ക് അതിരൂക്ഷമാം വിധമൊരു നോട്ടമെറിഞ്ഞ്, അരക്കെട്ടിന്‍ ചലനത്തിന് വേഗമേറ്റി. കൈകള്‍ രണ്ടുമുയര്‍ത്തി, മുടിക്കെട്ടഴിച്ച്, ശിരസ്സ് കുടഞ്ഞ്, മിനുമിനുത്ത മുടിയിഴകളെ സ്വതന്ത്രമാക്കി. തടയണ ഭേദിച്ച നദി പോല്‍ അവ അനുസ്യൂതമൊഴുകി.

ശേഷം, സക്ഥികളെ തഴുകും പുരുഷഹസ്തങ്ങളെയവള്‍ തന്റെ മാറിലേക്ക് നയിച്ചു. മുഖം പതിയെ വശം ചെരിച്ച്, പുരികങ്ങളനക്കി, മെത്തയില്‍ പങ്കാളിയെ അടയാളപ്പെടുത്തി അയാളോട് ഇപ്രകാരം പറഞ്ഞു.

'കാണൂ.. കരിക്കട്ടയും മാണിക്യവും വേര്‍തിരിക്കാനുള്ള രസതന്ത്രമറിയുന്നവനാണ്.'

ക്രോധത്താല്‍ മനോനില കൈവിട്ട അയാള്‍ അവള്‍ക്ക് നേരെ കുതിക്കവേ, സമീപത്തിരുന്ന പണവും കാര്‍ഡുകളുമെടുത്ത് അതിവേഗം അവള്‍ അയാളുടെ നേര്‍ക്കെറിഞ്ഞു. കൂടുവിട്ട വവ്വാലുകള്‍ പോല്‍ അവ അയാള്‍ക്ക് ചുറ്റും വട്ടമിട്ട് പറന്നു.

ഇമവെട്ടാതെ അയാളുടെ കണ്ണുകളിലേക്ക് നോക്കവേ, ഒരു നിമിഷം അവള്‍ ശരീരം നിശ്ചലമാക്കി. പതിയെ, അവള്‍ തന്റെ മാറില്‍ ഇഴയും കരങ്ങളെ തഴുകി, മുന്നില്‍ സ്തബ്ധനായി നിന്ന ആളെ നോക്കി നിഗൂഢം മന്ദഹസിച്ച്, ദേഹം വീണ്ടും മന്ദം ചലിപ്പിച്ചു. ആ സമയം പതിഞ്ഞ സ്വരത്തില്‍, രഹസ്യമെന്നപോല്‍ അവള്‍ അയാളോട് ഇങ്ങനെ പറഞ്ഞു.

'ലിസന്‍.. ജസ്റ്റ് ക്ലോസ് ദ ഡോര്‍ വൈല്‍ യൂ ലീവ്. '

*************************

ഊട്ടിയില്‍ വീണ്ടും മൂടല്‍മഞ്ഞ് ഭൂമിയെ പൊതിഞ്ഞു. തത്സമയം, റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വരാന്തയില്‍ രണ്ട് ഹൃദയങ്ങളുരുകി, പരസ്പരം ചേര്‍ന്നൊഴുകി, തണുത്തുറഞ്ഞ്, ഏതോ ലോഹസങ്കരം പോല്‍ ഘനീഭവിച്ച് കിടന്നു. എന്നേക്കുമായി.

**********


കഥാ വായന: റോഷ്‌ന മെല്‍വിന്‍

Similar Posts