ആനന്ദം, അനുകമ്പ, ദുഃഖം; ടെയില്‍സ് ഓഫ് ബിലോവ്ഡ് അഗണീസ്
|ഗോപിക കൃഷ്ണന്, അഹല്യ രാജേന്ദ്രന്, നീലിമ നാഥ് എന്നിവരുടെ ചിത്രങ്ങളുടെ ആസ്വാദനം.
നാം വിലമതിക്കുന്ന കാര്യങ്ങള്‍ എങ്ങനെ പരിപാലിക്കണം? സന്തോഷങ്ങളെയും കഷ്ടപ്പാടുകളെയും സ്നേഹിക്കാന്‍ ചിലപ്പോള്‍ സാധ്യമാണ്. ക്യാച്ച്ഫ്രെയ്സുകളുടെ പൊങ്ങച്ചങ്ങളില്ലാതെ നിങ്ങളെ അടയാളപ്പെടുത്താനുള്ള ആത്മാര്‍ത്ഥമായ മാര്‍ഗമാണ് കല. കല എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മ്യൂസിയങ്ങളിലേക്കോ ഫ്രെയിം ചെയ്ത പെയിന്റിംഗുകളിലേക്കോ ചിന്തകള്‍ കടന്നുപോകാം. ആ സന്ദര്‍ഭത്തില്‍, താന്‍ യഥാര്‍ഥത്തില്‍ കലയുടെ വലിയ ആരാധകനല്ല, തനിക്കിത് മനസ്സിലാകുന്നില്ല എന്ന് പലരും കരുതുന്നു. കലയെ ബുദ്ധിജീവികള്‍ക്കോ കലയുള്ള ആളുകള്‍ക്കോ വേണ്ടിയുള്ള ഒന്നായി അവര്‍ കരുതിയേക്കാം.
കല, അത് അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും വേണ്ടിയുള്ളതാണ്. പലപ്പോഴും നമ്മള് മനസ്സിലാക്കുന്നതിനേക്കാള്‍ അപ്പുറമാണ് കല എന്ന് പറയുന്നത്. ഇഷ്ടപ്പെടുന്ന പാട്ടുകള്‍, കാണുന്ന സിനിമകള്‍, കവിതകള്‍, തിയേറ്റര്‍, മുത്തശ്ശി തുന്നിപ്പിടിപ്പിച്ച പുതപ്പ് പോലും കലയാണ്. അതുപോലെ വ്യത്യസ്തമായ 'വരകള്‍' ആണ് ഗോപിക കൃഷ്ണനും, അഹല്യ രാജേന്ദ്രനും, നീലിമ നാഥും ആവിഷ്കരിക്കുന്നത്. ആകര്‍ഷകമായ വര്‍ണങ്ങളും, വരകളും ചേര്‍ത്ത വളരെ വ്യത്യസ്തമായ ഈ കലകളുടെ സൃഷ്ട്ടാക്കള്‍ ബറോഡ യൂനിവേഴ്സിറ്റിയിലെ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥികളാണ്.
ആത്യന്തികമായ ഒരു ഫലത്തേക്കാള്‍ ഉപരി, ചിത്രം വരയ്ക്കുന്ന പ്രക്രിയയോട് ആണ് ഗോപികക്ക് കൂടുതല്‍ ഇഷ്ടം. അത് ഗോപികയുടെ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നുമുണ്ട്. ഞങ്ങള്‍ മൂന്ന് പേരും ഒരേ അന്തരീക്ഷത്തില്‍, ഒരുമിച്ച് പഠിച്ചു വളര്‍ന്ന ആളുകള്‍ ആണെങ്കില്‍ കൂടി, മൂന്ന് പേരുടെയും വരകളുടെ ഉദ്ദേശം വ്യത്യസ്തമാണെന്നാണ് ഗോപിക കൃഷ്ണന്റെ അഭിപ്രായം.
" ഞാന്‍ വരയില്‍ ഒരുപാട് നിറങ്ങള്‍ ഉള്‍പെടുത്താന്‍ ഇഷ്ടപ്പെടുന്ന ആളാണ്. പ്രധാനമായും സെല്‍ഫ്-പോട്രെയ്റ്റസ് ആണ് ചെയ്തിട്ടുള്ളത്. ചിത്രങ്ങള്‍. ഒരു ചിത്രം ഉണ്ടാക്കി എടുക്കുക എന്നതില്‍ അപ്പുറം എനിക്ക് ആ ഒരു പ്രവര്‍ത്തിയോട് ആണ് കൂടുതല്‍ താല്പര്യം. പലതരം നിറങ്ങള്‍ ഉപയോഗിക്കാനും, ചായങ്ങള്‍ ഉപയോഗിക്കാനുമാണ് താല്പര്യം. ക്രയോണുകള്‍ ഉപയോഗിച്ചു ചെയ്യുന്ന വരകളും കുത്തുകളും മാനസികമായി വളരെ തൃപ്തി തരുന്ന ഒന്നാണ് " - ഗോപിക പറയുന്നു.
ബറോഡയിലെ പഠനകാലത്ത് കാമ്പസിനടുത്തുള്ള ഉദ്യാനത്തിലെ പ്രഭാതകാഴ്ചകളില്നിന്നാണ് അഹല്യയുടെ രചനകളുടെ ആശയം രൂപപ്പെടുന്നത്. " എന്റെ വരകള്‍ എല്ലാം ഒരേ സീരിസ് ആണ്. ഓരോന്നിനും പ്രത്യേക ഉദ്ദേശമോ ഉള്ളടക്കമോ ഇല്ല. എല്ലാം എന്റെ സ്വന്തം കാഴ്ചകള്‍ ആണ്. എന്റെ ചിത്രത്തില്‍ ഉള്ളത് പോലെയൊരു ഉദ്യാനം കമ്മട്ടി ബാഗ് എന്ന പേരില്‍ ബറോഡയില്‍ ഉണ്ട്. ഞാന്‍ അവിടുത്തെ സ്ഥിരം സന്ദര്‍ശകയുമാണ് അതിനെയാണ് ഞാന്‍ ചിത്രങ്ങളില്‍ പ്രതിഫലിപ്പിച്ചിട്ടുള്ളത്. ഉദ്യാനത്തിലെ കുളം കാണുമ്പോള്‍ എനിക്ക് ഉണ്ടാവുന്ന ചിന്തകളുടെയും അവിടെ നിന്ന് എനിക്ക് ഉണ്ടായ വ്യത്യസ്തമായ അനുഭവങ്ങളുടെയും നേര്‍പകര്‍പ്പായി ഇതിനെ വിശദീകരിക്കാം" - അഹല്യ പറയുന്നു.
നീലിമക്ക് ചിത്രരചന ധ്യാനമാണ്. ചിലപ്പോള്‍ വരകളില്‍ പ്രതിഫലിക്കുന്നത് ഒരുകാലചക്രമായിരിക്കാം. ചിലപ്പോള്‍ ഉപബോധ മനസ്സുകളിലെ ഭാവനയായിരിക്കാം. " ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് ഓട്ടോബയോഗ്രഫിക്കല്‍ പെയിന്റിംഗ് ആണ്. എന്റെ തന്നെ അനുഭവങ്ങളും കാഴ്ചകളും ആസ്പദമാക്കി തന്നെയാണ് ഞാന്‍ എല്ലാ ചിത്രങ്ങളും ചെയ്തിട്ടുള്ളത്. എന്റെ ചിത്രങ്ങളുടെ കാഴ്ചകളുടെ തുടക്കത്തില്‍ രേഖപ്പെടുത്തിട്ടുള്ള ' deeply engarage memmories ' എന്ന വാക്യം എന്റെ ചിത്ര ലോകത്തേക്കുള്ള ഒരു കാല്‍വെപ്പ് എന്ന രീതിയിലാണ് " - നീലിമ പറയുന്നു.
നീലിമ നാഥ്
ഗോപിക: " എന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ അപ്രതീക്ഷിതമാണ്. എന്റെ ഓരോ പ്രക്രിയകള്‍ കഴിയുമ്പോഴും എന്റെ ചിത്രം എന്തായി തീരുമെന്ന് പ്രവചിക്കാന്‍ ആവില്ല. ഞാന്‍ ഓരോ വരകള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴും, വ്യത്യസ്ത നിറങ്ങള്‍ ചേര്‍ക്കുമ്പോഴും ചിത്രത്തിന്റെ രീതി മാറി വരും. എന്റെ എല്ലാ ചിത്രങ്ങളും അടുത്ത ചിത്രം വരയ്ക്കാന്‍ ഉള്ള ശ്രമമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. അതിനാല്‍ ഒരു ചിത്രം വരയ്ക്കുമ്പോള്‍ കൂടുതല്‍ നിറങ്ങളോ വരകളോ വരികയാണെങ്കിലും, വരക്കാന്‍ ഉപയോഗിച്ച ക്യാന്‍വാസ് കീറുകയാണെങ്കിലും അതില്‍ ശ്രദ്ധ കൊടുക്കാറില്ല. എന്റേത് ഒരിക്കലും പൂര്‍ത്തിയായൊരു ചിത്രമാവില്ല, നിറങ്ങളിലൂടെ സംസാരിക്കാന്‍ ആണ് എനിക്കിഷ്ട്ടം. അതിനാല്‍ തന്നെ, ചിത്രം നോക്കിയാല്‍ അതിന്റെ ഉള്ളടക്കം മനസ്സിലാവുകയും ഇല്ല. കോവിഡ് സമയങ്ങളില്‍ തുടങ്ങിയ വരകള്‍ ആയതിനാല്‍ തന്നെ അത് പ്രേക്ഷകര്‍ക്ക് വരയിലൂടെ മനസ്സിലാക്കി കൊടുക്കണം എന്നുണ്ടായിരുന്നു. അതിന്റെ അടയാളമാണ് എന്റെ പോട്രേറ്റ്സ് വരകള്‍ എല്ലാം തന്നെ. ജാപ്പനീസ് ആര്‍ട്ടുകളോട് കൂടുതല്‍ താല്പര്യം ഉള്ളത് കൊണ്ട് തന്നെ, എന്റെ പല ചിത്രങ്ങളിലും അത്തരം വരകള്‍ പ്രതിഫലിക്കുന്നത് കാണാം ".
ഗോപികയുടെ പോര്‍ട്രൈറ്റ് സീരീസ് ചിത്രം
അഹല്യ: " ചിത്രങ്ങള്‍ ഞാന്‍ വളരെ ശ്രദ്ധയോടെയാണ് വരച്ചത്. ചിത്രത്തിന്റെ പാറ്റേണ്‍ എല്ലാം കൃത്യമായിരിക്കും. ചിത്രത്തിനായി ഉപയോഗിച്ച ക്യാന്‍വാസിനു പോലും കഥകള്‍ ഉണ്ട്. ഞാന്‍ തെരഞ്ഞെടുത്ത ക്യാന്‍വാസിന്റെ അറ്റങ്ങള്‍ കൃത്യമല്ല, ഞാന്‍ വരച്ചതിനുമപ്പുറത്തേക്ക് ചിത്രങ്ങള്‍ ഉണ്ട് എന്ന സൂചനയാണ് ആ ക്യാന്‍വാസുകള്‍. ഒരു യാത്ര പോകുമ്പോഴോ ഇല്ലെങ്കില്‍ ഒരിടത്തു ചെല്ലുമ്പോഴോ എന്റെ കണ്ണുകള്‍ പെട്ടെന്ന് ഉടക്കുന്ന ഒരു രൂപമോ, വസ്തുവോ ഉണ്ടാവും. ഇല്ലെങ്കില്‍ അത് കാണുമ്പോള്‍ ഞാന്‍ സ്വയം ആലോചിച്ചെടുക്കുന്ന ഭാവനകള്‍ ഉണ്ടാവു.ം അതിനെ ആസ്ഥാനമാക്കിയാണ് എന്റെ ചിത്രങ്ങള്‍ വികസിപ്പിച്ചിട്ടുള്ളത്. ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വരകളിലൂടെ സാധിച്ചെടുക്കുക എന്നൊരു ഉദ്ദേശമാണ് എന്റെ ചിത്രങ്ങള്‍ക്ക് ഉള്ളത്."
അഹല്യ രാജേന്ദ്രന്റെ ചിത്രം
നീലിമ: " ഓര്‍മകളെ വീണ്ടും തിരിച്ചുവിളിക്കുന്ന രീതിയിലാണ് എന്റെ എല്ലാ ചിത്രങ്ങളും വരച്ചെടുത്തിട്ടുള്ളത്. ഓരോ വരയ്ക്കും അതിന്റേതായ കാരണങ്ങള്‍ ഉണ്ട്. എന്റെ ചെറിയ ചെറിയ ചലനങ്ങള്‍, കാഴ്ചകള്‍ എന്നിവ തന്നെയാണ് ആ ചിത്രങ്ങള്‍. എന്റെ ചിത്രങ്ങളിലെ ഓരോ പോയിന്റുകള്‍ക്കും അര്‍ഥമുണ്ട്. എന്റെ ചിത്രങ്ങളിലെ ചെറിയ വരകള്‍ എന്റെ ഉപബോധമനസ്സിലെ ഭാവനകള്‍ ആണ്. ചിത്രങ്ങളില്‍ വര ഉപയോഗിക്കാന്‍ എനിക്കേറെ ഇഷ്ട്ടമാണ്, അതിനാല്‍ എനിക്ക് അതൊരു മെഡിറ്റേഷന്‍ പോലെയാണ്. എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ എന്റെ ചിത്രങ്ങള്‍ എന്നെ സഹായിക്കാറുണ്ട്. ഒരു ജീവിയുടെ ജനനം മുതല്‍ മരണം വരെ എന്റെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും. പിന്നെയും പുനര്‍ജനനം അതില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്നിവ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ ഉപബോധമനസ്സിന്റെ ഭാവനകള്‍ ആണ് എന്റെ ചിത്രം സംസാരിക്കുന്നത്. ചിലപ്പോള്‍ മനുഷ്യന്റെ സാന്നിധ്യം അവിടെ ഉണ്ടാകാം, ചിലപ്പോള്‍ മാനസികമായ സാന്നിധ്യം മാത്രമേ കാണിക്കുകയുള്ളു. സാധാരണ ഒരു ചിത്രത്തിലേത് പോലെയുള്ള പ്രകൃതിയല്ല എന്റെ ചിത്രങ്ങളില്‍ കാണുന്നത്. എല്ലാം വളരെ വ്യത്യസ്തമായാണ് പ്രദര്‍ശിപ്പിക്കുന്നത്. ഞാന്‍ ഉപയോഗിച്ച ക്യാന്‍വാസ് പോലും ഒരു പ്രത്യേക തരം ക്യാന്‍വാസ് ആണ്. ശൂന്യമായി വെച്ചിരിക്കുന്ന ഭാഗങ്ങളില്‍ പോലും കൃത്യമായ അവസാനം ലഭിക്കാന്‍ വേണ്ടിയാണ് അത്തരമൊരു പേപ്പര്‍ ഞാന്‍ വരയ്ക്കാനായി ഉപയോഗിക്കുന്നത്."
നീലിമ നാഥിന്റെ ചിത്രം
ഗോപികയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ വ്യക്തിത്വത്തോട് അടുപ്പം കാണിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ആണ്. ഗോപികയുടെ സങ്കല്പത്തിലെ വരകളുടെ മാതൃക, സ്വാര്‍ഥതയെയും അതിന്റെ ആശയത്തെയും പ്രതിഫലിപ്പിക്കുന്നു. സെല്‍ഫ് പോര്‍ട്രെയ്റ്റുകളുടെ ചിത്രങ്ങള്‍ക്ക് ഗോപികയുടെ വരകള്‍ വ്യത്യസ്തമായ മറ്റൊരു മുഖം നല്കുന്നു. ഇത് വിശദാംശങ്ങളില്ലാതെ സ്വന്തം രൂപത്തെ ചിത്രീകരിക്കുന്നു.
നേരിട്ടുള്ള വരകള്‍ക്കു പകരം, ചിത്രങ്ങളില്‍ നിന്ന് വളരുന്ന ഞരമ്പുകള്‍ പോലെ, ചിത്ര പ്രതലത്തില്‍ അലങ്കാര ഡ്രോയിങ് ഉപയോഗിച്ചു ചിത്രങ്ങള്‍ മനോഹരമാക്കിയിരിക്കുകയാണ്. നിറങ്ങളും, വരകളും, പ്രയോഗിക്കുന്നത് ഒരു തരം തെറാപ്പി ആയിട്ടാണ് ഗോപിക കാണുന്നത്. ഗോപികയുടെ പോര്ട്രെയ്റ്റസുകള് ഒറ്റപ്പെടലുകളിലെ സന്തോഷങ്ങളെ പ്രതിഫലിപ്പിക്കുന്നു. അത് ആരും കേള്‍ക്കാതെ സംസാരിക്കുന്നതായി നമുക്ക് തോന്നാം. വികാരങ്ങള്‍ നിറഞ്ഞ ഒരു കഥാപാത്രം ഏകാന്തതയുടെ ഒരു ലോകത്തു നിന്ന് ഉയര്‍ന്ന് വരുന്നത് പോലെ ഉള്ള ഒരു ആശയം ഗോപികയുടെ ചിത്രങ്ങളില്‍ കാണാം.
അഹല്യയുടെ ചിത്രങ്ങളിലേക്ക് വരുമ്പോള്‍ പ്രകൃതി സൂക്ഷ്മമായ സംവേദനങ്ങള്‍ നല്‍കുന്നത് കാണാം. തന്റെ ചുറ്റുമുള്ള അനുഭവങ്ങളുടെ ഒരു വേറിട്ട കാഴ്ചപ്പാടുകളാണ് അഹല്യ കാണിച്ചു തരുന്നത്. വ്യക്തമായ പൗരസ്ത്യ കാഴ്ചകളുടെ പദാവലി ഉപയോഗിച്ച് ഇന്ത്യന്‍ പെയിന്റിംഗ് പാരമ്പര്യം ആവിഷ്കരിക്കാന്‍ അഹല്യക്ക് സാധിച്ചിട്ടുണ്ട്. മുഗള്‍ ചിത്രങ്ങളുടെ ഒരു സാദൃശ്യം നമുക്ക് അഹല്യയുടെ ചിത്രത്തില്‍ കാണാന്‍ കഴിയും. എല്ലാ ചിത്രങ്ങളിലും തോട്ടങ്ങളെയും, തടാകങ്ങളെയും, പക്ഷികളെയും, മനുഷ്യരെയും ഉപയോഗിച്ച് കൃത്യമായി സജ്ജീകരിച്ചിട്ടുണ്ട്. അവളുടെ ചിത്രങ്ങളില്‍ ഒരു അവസാനം ഉണ്ടാവാതിരിക്കാനും തടസ്സങ്ങള്‍ വരാതിരിക്കാനും ഉപയോഗിച്ചിരിക്കുന്ന പേപ്പറില്‍ പോലും വ്യത്യസ്തത കണ്ടെത്തിയിട്ടുണ്ട്. അത് യഥാര്‍ഥമായി നിലനില്‍ക്കുന്നതിനെക്കാള്‍ പ്രകൃതിയെ സ്വന്തമായി മനസ്സിലാക്കുന്നതുപോലെ വികസിക്കുന്നു. തന്റെ ചുറ്റുപാടുകളെക്കുറിച്ചുള്ള ജിജ്ഞാസയാര്‍ന്ന പെണ്‍കുട്ടിയുടെ ദൃശ്യം അഹല്യയുടെ ചിത്രങ്ങളില്‍ ഉണ്ട്.
നീലിമയുടെ ചിത്രങ്ങള്‍ നോക്കുമ്പോള്‍, വളരെ വ്യത്യസ്തമായ ഒരു ചിതറിയ രൂപങ്ങളിലൂടെ അതിജീവനത്തിന്റെയും, ശക്തിയില്ലായ്മയുടെയും കാഴ്ചകള്‍ നമുക്കായി ഒരുക്കുന്നു. വളരെ ലഘുവായ ഒരു ആഖ്യാനത്തിലൂടെ ആന്തരികബന്ധത്തിലേക്കുള്ള ഒരു പ്രവേശനമായാണ് ചിത്രങ്ങള്‍ വരച്ചിട്ടുള്ളത്. വളരെ സൂക്ഷ്മമായ വരകള്‍ ഉപയോഗിച്ച് ആഴത്തില്‍ മനുഷ്യ വികാരങ്ങളെ തുറന്ന് കാട്ടി തരികയാണ് നീലിമ ചെയ്യുന്നത്. അല്ലെങ്കില്‍ മനുഷ്യന്റെ ഉള്ളിലെ ഭാവനകളെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. കഥപറച്ചില്‍ രീതികള്‍ ഉപയോഗിച്ച്, ജീവചരിത്രപരമായ ജീവിതാനുഭവങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെറിയ സാമ്യങ്ങള്‍ക്ക് ജീവിതത്തെ നിര്‍വചിക്കാന്‍ കഴിയുമെന്ന് ഇടയ്ക്കിടെ തെളിയിക്കുകയും ചെയ്യുകയാണ് നീലിമയുടെ ചിത്രങ്ങള്‍.
ഗോപിക കൃഷ്ണന്, അഹല്യ രാജേന്ദ്രന് എന്നിവരോടൊപ്പം ലേഖിക
'ടെയില്‍സ് ഓഫ് ബിലോവ്ഡ് അഗണീസ്' എന്ന പേരില്‍ കോഴിക്കോട് ലളിതകല അക്കാദമി ആര്‍ട്ട് ഗാലറിയില്‍ മൂവരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സുധീഷ് കോട്ടേമ്പ്രം ആയിരുന്നു ക്യൂറേറ്റര്‍.