തങ്കലാന്‍: ദൃശ്യവിസ്മയമായി സ്വര്‍ണവേട്ട
|കര്‍ണാടകയിലെ കോലാര്‍ ഖനികളില്‍ സ്വര്‍ണ്ണം കുഴിച്ചെടുത്ത അന്നത്തെ ഗോത്രവര്‍ഗ സമൂഹത്തെ ഓര്‍മിക്കുന്നതോടൊപ്പം മിത്തുകളുടെ പുനരാവിഷ്‌കരണം കൂടി തങ്കലാനില്‍ സംയോജിപ്പിച്ചിട്ടുണ്ട്.
സ്വര്‍ണം തേടി വരുന്നവരെ ആപത്ത് കാത്തിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി സ്വര്‍ണ ഖനിയ്ക്ക് കാവല്‍ നില്‍ക്കുന്ന മായാരൂപിണിയും അവളുടെ അനുചരന്മാരായ ഗോത്രവര്‍ഗവും സ്വര്‍ണത്തിന് കാവല്‍ നില്‍ക്കുന്ന സ്വര്‍ണ നാഗത്താന്മാരും അതിക്രമിച്ചെത്തുന്നവരെ കാത്തിരിക്കുന്ന ചുഴലിക്കാറ്റും, കഠിനതകള്‍ കുറുകിയ കോമ്പല്ലുകളും നിറഞ്ഞ മിത്തുകളുടെ ലോകം ചലച്ചിത്ര ലോകത്തിന് പുതുമയല്ല. എന്നാല്‍, നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ അനിമേഷന്‍ എന്ന് തോന്നിക്കാത്ത വിധം ഗംഭീരമായി ഈ അതിന്ദ്രീയലോകത്തെ അവതരിപ്പിക്കാനുള്ള ശ്രമമാണ് തങ്കലാനില്‍ പാ. രഞ്ജിത്ത് നടത്തിയിട്ടുള്ളത്.
പാ. രഞ്ജിത്തിന്റെ സിനിമകള്‍ വംശീയതയ്ക്കും വര്‍ണ്ണവിവേചനത്തിനും ചൂഷണങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയിട്ടുള്ളവയാണ്. തങ്കലാന്‍ സ്വര്‍ണ്ണം അന്വേഷിച്ച് പോകുന്നത് തന്നെ തങ്ങള്‍ അനുഭവിക്കുന്ന അടിമത്തത്തില്‍ നിന്നും മോചനം നേടാനാണ്. പൂര്‍വജന്മത്തില്‍ സ്വര്‍ണ്ണം അന്വേഷിച്ച് പോയ മുത്തച്ഛന്റെ പൂര്‍വജന്മ സ്മൃതികളാണ് മക്കളോട് തങ്കലാന് പറയാനുള്ളത്. തന്റെ സ്വപ്നത്തില്‍ കടന്നു വരാറുള്ള ആനമലയും മിന്നിത്തിളങ്ങുന്ന സ്വര്‍ണപ്പാളികളും തങ്കമലയ്ക്ക് കാവല്‍ നില്‍ക്കുന്ന ആരതിയും അയാളുടെ ഉറക്കം കെടുത്താറുണ്ട്. തന്റെ മുത്തച്ഛന്‍ കൃഷി ഭൂമി സ്വന്തമാക്കാനായി സ്വര്‍ണവേട്ടയ്ക്ക് ഇറങ്ങിയതു പോലെ വര്‍ഷങ്ങളായി അടിമപ്പണി ചെയ്യുന്ന തന്റെ വര്‍ഗത്തെ രക്ഷിക്കാനായി വെള്ളക്കാരോടൊപ്പം സ്വര്‍ണം അന്വേഷിച്ചു പോവുകയാണ് തങ്കലാനും. അയാളുടെ ദിവ്യദൃഷ്ടിയും കാഴ്ചപ്പാടുകളും വെള്ളക്കാരുടെ ഇടയിലുള്ള പാതിരിക്ക് സംശയം ജനിപ്പിക്കുന്നവയാണ്. അയാള്‍ സാത്താന്റെ പ്രതിനിധിയാണെന്ന് വരെ പാതിരി ഉറപ്പിക്കുന്നു. അയാളെ കൂട്ടത്തില്‍ നിന്നും ഒഴിവാക്കാനായി സംഘത്തലവനായ ക്ലെമന്റിനോട് ആവശ്യപ്പെടുന്നുമുണ്ട്. എന്നാല്‍, സ്വര്‍ണ്ണത്തിന്റെ അയിരുകള്‍ കണ്ടെത്താന്‍ തങ്കലാന് സാധിക്കുമെന്ന് മനസ്സിലാക്കിയ ക്ലെമന്റ് ബുദ്ധിപൂര്‍വം അയാളെ ഉപയോഗിക്കുന്നുണ്ട്. പേയും പിശാചുക്കളും നാഗത്താന്മാരും നിറഞ്ഞ മലമുകളില്‍ കരിമ്പുലിയില്‍ നിന്നു വരെ ക്ലമന്റിനെ രക്ഷിക്കാന്‍ താങ്കലാനു മാത്രമേ കഴിയുന്നുള്ളൂ. സ്വന്തം വര്‍ഗത്തെ അവിടെ എത്തിക്കാനും സ്വര്‍ണം കണ്ടുപിടിക്കാനുള്ള കഠിനപ്രയത്‌നം ചെയ്യാനും തങ്കലാനെ പ്രേരിപ്പിക്കാന്‍ വെള്ളക്കാരന്റെ തന്ത്രങ്ങള്‍ക്കാവുന്നുണ്ട്.
കര്‍ണാടകയിലെ കോലാര്‍ ഖനികളില്‍ സ്വര്‍ണ്ണം കുഴിച്ചെടുത്ത അന്നത്തെ ഗോത്രവര്‍ഗ സമൂഹത്തെ ഓര്‍മിക്കുന്നതോടൊപ്പം മിത്തുകളുടെ പുനരാവിഷ്‌കരണം കൂടി തങ്കലാനില്‍ സംയോജിപ്പിച്ചിട്ടുണ്ട്. ഒരു മിത്തിക്കല്‍ ഡ്രാമ എന്നുള്ള നിലയില്‍ കഥാഗതിയെ നോക്കിക്കാണാന്‍ സാധിക്കുമ്പോള്‍ തന്നെ വെള്ളക്കാരന്റെ കുടില ബുദ്ധിയും പരിസ്ഥിതി ചൂഷണത്തിന് എതിരായുള്ള ദേശീയതയും സ്വാതന്ത്ര്യ ദാഹവും വര്‍ഗസമരവും ജന്മികുടിയന്‍ പ്രശ്‌നങ്ങളും എല്ലാം പലതലങ്ങളില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചതിനാല്‍ തിരക്കഥയ്ക്ക് ഉണ്ടായ ദൗര്‍ബല്യം കൂടി സിനിമയുടെ ആസ്വാദനത്തിന് ഭംഗം വരുത്തുന്നുണ്ട്.
തങ്കലാനായി വിക്രമും ഗംഗമ്മയായി പാര്‍വ്വതിയും സ്‌ക്രീനില്‍ വരുമ്പോള്‍ ആ കഥാപാത്രങ്ങളെ മാത്രമേ നമുക്ക് കാണാന്‍ കഴിയുകയുള്ളൂ. വളരെ പരുക്കന്‍ ശരീരവും ഭാവവുമായി രണ്ടുപേരും തകര്‍ത്ത് അഭിനയിക്കുമ്പോഴും പ്രണയത്തിന്റെ നനുത്ത മന്ത്രണം പരുക്കന്‍ ഭാവങ്ങള്‍ക്ക് മേല്‍ ദാമ്പത്യ ബന്ധത്തിന്റെ വശ്യതയും അനുഭൂതിയും പകരുന്നുണ്ട്.
ആരതി, ആരന്‍ എന്നീ കഥാപാത്രങ്ങള്‍ പ്രകൃതിയുടെ സൂക്ഷിപ്പുകാരായി പ്രത്യക്ഷപ്പെടുമ്പോഴാണ് സ്വര്‍ണ്ണം മോഹിച്ചു വരുന്നവര്‍ അപകടം വരുത്തി വയ്ക്കുമെന്ന ആരതിയുടെ വാക്കുകള്‍ സത്യമാണെന്ന് നാം മനസ്സിലാക്കുന്നത്. പൊന്നു കണ്ടെത്താന്‍ മല തുരക്കുന്നവര്‍ കാടിന്റെ അന്തകരാകുമെന്നതിനാല്‍ അവരെ നേരിടാന്‍ പത്തിവിരിച്ച് ആഞ്ഞുകൊത്തുന്ന കരിനാഗങ്ങളും കാവല്‍ക്കാരായി നില്‍ക്കുവാന്‍ കരിമ്പുലിയും വനദേവതയുടെ സൈനികരായി പ്രത്യക്ഷപ്പെട്ടേ മതിയാകൂ. പ്രകൃതിയോട് മല്ലടിച്ച് ജീവിതവൃത്തി കണ്ടെത്തിയ പ്രാക്തനജനവിഭാഗത്തിന്റെ പോരാട്ടങ്ങളെ യഥാതഥമായി ആവിഷ്‌കരിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വെള്ളത്തില്‍ മുങ്ങിപ്പോകുന്ന തങ്കലാനെ കാണിക്കുന്ന അണ്ടര്‍ വാട്ടര്‍ സീനുകളും ആരതിയുമായുള്ള പോരാട്ടങ്ങളും മാന്ത്രിക പരിവേഷത്തില്‍ സ്‌ക്രീനില്‍ നിറയുന്ന ദൃശ്യവിസ്മയങ്ങളാണ്. ആരതിയായെത്തുന്ന മാളവിക മോഹനും പശുപതിയും ക്ലെമന്റിന്റെ വേഷം ചെയ്ത ഡാനിയേലും എടുത്തു പറയേണ്ടവരാണ്. ഛായാഗ്രാഹണത്തിലും (കിഷോര്‍ കുമാര്‍), വസ്ത്ര സംവിധാനത്തിലുമെല്ലാം ഏറെ മികവു പുലര്‍ത്തിയ തങ്കലാന്റെ രണ്ടാം പകുതി ഒന്നാം പകുതിയോളം ദൃഢത പുലര്‍ത്തിയില്ലെന്നു കാണാം.