മഴവില്ലുപോലെ തെളിയുന്ന കാതല്‍; കാതല്‍ സിനിമയുടെ കലയും രാഷ്ട്രീയവും
|കാതല്‍ തികഞ്ഞ ഒരു സ്ത്രീ പക്ഷ സിനിമയാണ്, ഒപ്പം ലിംഗലൈംഗിക ന്യൂനപക്ഷങ്ങളുടെ അഭിമാനത്തോടെയുള്ള ജീവിതത്തിന് കരുത്ത് പകരുന്ന ചലച്ചിത്രവുമാണ്.
സ്വവര്‍ഗാനുരാഗം എന്ന ഇരുതല മൂര്‍ച്ചയുള്ള ഒരു വിഷയത്തെ ജൈവികതയില്‍ നിന്നും ഒരിഴ പോലും അകലാതെ സൂക്ഷ്മമായി, എന്നാല്‍ അത്രമേല്‍ സുന്ദരമാക്കി മാറ്റിയിരിക്കുന്ന ചലച്ചിത്രമാണ് കാതല്‍. സംഭാഷണങ്ങളിലൂടെയൊ സംഘര്‍ഷങ്ങള്‍ കൊണ്ടോ അല്ല കാതലും അതിലെ കഥാപാത്രങ്ങളും അവരുടെ ജീവിതവും നമ്മെ ആഴത്തില്‍ അസ്വസ്ഥമാക്കുകയും ഒടുവില്‍ ഒരുവിധേനയും പ്രതീക്ഷിക്കാത്ത വിധത്തില്‍ ആശ്വസിപ്പിക്കുകയും ചെയ്യുന്നത്.
പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്ന ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ കാതലില്‍ ഉണ്ട്. തന്റെ അച്ഛനെ കുറിച്ച് നാട്ടിലുള്ളവര്‍ നല്ലത് പറയുമ്പോള്‍ അഭിമാനത്തോടെ കേട്ടിരിക്കുന്ന മകനാണ് കഥാ നായകന്‍ മാത്യൂ ദേവസ്സി. ആ അഭിമാനവും സ്‌നേഹവും നിലനില്‍ക്കെ തന്നെ തന്റെ ജീവിതത്തില്‍ ആ അച്ഛന്‍ കൈക്കൊണ്ട തീരുമാനം കൊണ്ട് അദ്ദേഹം കരുതിയ വിധത്തില്‍ ഒന്നും ശരിയാവുകയല്ല എല്ലാം തെറ്റുകയാണ് ചെയ്തത് എന്ന് തന്റെ തന്നെ ജീവിതം കൊണ്ട്, കണ്ണീരു കൊണ്ട് പിതാവിനുമുന്നില്‍ അണമുറിഞ്ഞൊഴുകുന്ന നിസ്സഹായനായ ഒരാളെ മമ്മൂട്ടിയെന്ന നടനിലൂടെ തിരശീലയില്‍ കാണുബോള്‍ നെഞ്ച് പൊടിഞ്ഞു പോകുന്ന ഒരു കരച്ചില്‍ തൊണ്ടവരെ എത്തി നില്‍ക്കുന്നുണ്ടാകും കാണുന്ന ഓരോമനുഷ്യനിലും. ദൈവമേ.. എന്ന അയാളുടെ വിളിയില്‍ അത്രനേരം അടക്കിയ ആ നിലവിളി കണ്ണുനീരായി അണ മുറിഞ്ഞ് ഒഴുകിയിട്ടുമുണ്ടാവും. ഉറപ്പാണ്, മഹാനടനെന്നല്ലാതെ മറ്റൊന്നും വിളിക്കാനില്ല ഈ മുഹൂര്‍ത്തങ്ങളില്‍ മമ്മൂട്ടി എന്ന അതുല്യ പ്രതിഭയെ. മമ്മൂട്ടിയുടെ അത്തരം മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒന്നും ബിഗ് സ്‌ക്രീനില്‍ മലയാളി നഷ്ടപ്പെടുത്താറില്ല എന്നത് കൂടിയാണ് കാതല്‍ എന്ന കൊച്ചു ചിത്രത്തിന് കുറഞ്ഞ ദിവസങ്ങളില്‍ തന്നെ നേടാനായ പ്രേക്ഷകപ്രീതിയുടെ ഒരു കാരണം.
ഈ കഥയുടെ കാതലുറപ്പിന് കാരണം തിരക്കഥയും സംവിധാന മികവും കഥാപാത്രങ്ങളാവാന്‍ തിരഞ്ഞെടുത്ത അഭിനേതാക്കളുടെ അനുയോജ്യതയും കൂടിയാണ്. ശാസ്ത്രാധിഷ്ഠിതമായ ലൈംഗികഅവബോധം വളരെ ചെറിയ ഒരു ശതമാനം ആളുകളില്‍ മാത്രം ഉള്ള ഒരു ദേശത്ത് പരീക്ഷണാത്മകമായി പോലും എടുക്കാന്‍ മടിക്കുന്ന ഒരു പ്രമേയത്തെ ബോധവത്കരണ പ്രസ്താവനകളോ സന്ദേശ വാക്യങ്ങളോ ഇല്ലാതെ (അത്തരം കഥാസാഹചര്യങ്ങള്‍ അനേകം ഉണ്ടായിട്ടും അശേഷം വഴുതാതെ) നൂറു ശതമാനവും കലയുടെ കൈപിടിച്ച് തന്നെയാണ് സംവിധായകന്‍ ജിയോ ബേബിയും തിരക്കഥാ കൃത്തുക്കളായ ആദര്‍ശ് സുകുമാരനും പോള്‍സനും കാതലിനെ മുന്നോട്ട് കൊണ്ട് പോകുന്നത്.
കാതല്‍ തികഞ്ഞ ഒരു സ്ത്രീ പക്ഷ സിനിമയാണ്, ഒപ്പം ലിംഗലൈംഗിക ന്യൂനപക്ഷങ്ങളുടെ അഭിമാനത്തോടെയുള്ള ജീവിതത്തിന് കരുത്ത് പകരുന്ന ചലച്ചിത്രവുമാണ്. കലയും രാഷ്ട്രീയവും വേറിട്ടതല്ല എന്ന ഉത്തമ ബോധ്യത്തോടെ തന്റെ ആദ്യ ചിത്രം മുതല്‍ ഇടപെടുന്ന സംവിധായകനാണ് ജിയോ ബേബി. ആ തെളിമയുള്ള, ചിന്തകളുടെ ബലം കാതലിനു കരുത്ത് പകരുന്നുമുണ്ട്.
മലയാളസിനിമയില്‍ പ്രമേയത്തിലും അധികാരഘടനയിലും പുരോഗമന പരമായ ചിന്തകളും രാഷ്ട്രീയ ബോധ്യങ്ങളും വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ക്കു കൂടിത്തെളിവാണ് കാതല്‍. ഈ ചലച്ചിത്രത്തിന്റെ സംവിധാന യുക്തിയില്‍ പ്രവര്‍ത്തിച്ചത് ജിയോ ബേബി എന്ന വെറും പുരുഷനും അവന്റെ യാഥാസ്ഥിതിക അധികാരഘടനയും ആയിരുന്നു എങ്കില്‍ കാതല്‍ തികച്ചും വേറിട്ട മറ്റൊന്നേ ആവുമായിരുന്നുള്ളൂ. ഈ ചലച്ചിത്രത്തിലെ ഇണകള്‍ തമ്മിലും ഇതര കഥാപാത്രങ്ങള്‍ പരസ്പരവും ഓരോ ഇടത്തും പുലര്‍ത്തുന്ന ബന്ധങ്ങളിലെ പിതൃഅധികാരത്തിന്റെ ഇടപെടലില്ലായ്മ പ്രേക്ഷകരെ ഇപ്പോള്‍ കാതലിനാവുന്ന വിധത്തില്‍ അനുഭവിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു.
കാതല്‍: ചലച്ചിത്രവും ചരിത്രവും
കാതലിലേക്ക് എത്തിച്ചേരുന്ന മലയാള സിനിമ അത് കടന്നുപോന്ന ചരിത്രത്തിന്റെ കൂടി സൂചികയായി മാറുന്നുണ്ട്. പരസ്പരം പ്രണയികളായ രണ്ടു പുരുഷന്മാരുടെ കഥ പ്രമേയമോ പാശ്ചാത്തലമോ ആക്കിയ ആദ്യ മലയാള ചലച്ചിത്രമല്ല കാതല്‍. ഉപകഥാപാത്രങ്ങളായി സ്വവര്‍ഗ്ഗ പ്രണയികളായ പുരുഷന്മാര്‍ വരുന്ന പ്രമേയങ്ങള്‍ മൂന്നരപ്പതിറ്റാണ്ടിലേറെയായി മലയാളത്തിന് പരിചിതമായിട്ട്. 1982ല്‍ ഐ.വി ശശി സംവിധാനം ചെയ്ത 'ഇന്നല്ലെങ്കില്‍ നാളെ' എന്ന ചിത്രത്തില്‍ കുതിരവട്ടം പപ്പു അവതരിപ്പിച്ച ഉപകഥാപാത്രം സ്വവര്‍ഗ്ഗ പ്രണയിയാണ്. 1984 ല്‍ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത യാത്ര എന്നസിനിമയിലും, ജയില്‍വാസക്കാലത്ത് സ്വവര്‍ഗ്ഗാനുരാഗികളാവുന്ന രണ്ടു പുരുഷന്മാരുടെ ഉപകഥയുണ്ട്. വലിയ ഒരിടവേളക്കുശേഷം അത്തരത്തിലുള്ള ഒരു കഥാപാത്രം വീണ്ടും പ്രത്യക്ഷപ്പെടുന്നത് 2004ല്‍ ലിജി പുല്ലപ്പള്ളിയുടെ സഞ്ചാരം എന്ന ചലച്ചിത്രത്തിലാണ്. എന്നാല്‍, ചിത്രം തീയറ്ററില്‍ റിലീസ് ചെയ്തില്ല. 2004 ലെ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തില്‍ ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രം സ്വവര്‍ഗ്ഗ പ്രണയിയാണെന്ന് സംഭാഷണത്തില്‍ പറയുന്നുണ്ടെങ്കിലും കഥയില്‍ ആ പരാമര്‍ശത്തിനോ, ഗേവ്യക്തിത്വത്തിനോ പ്രസക്തിയില്ല. 2010 ലിറങ്ങിയ പ്രിയനന്ദന്‍ ചിത്രം സൂഫി പറഞ്ഞ കഥയിലെ നായകന്‍ ഉഭയലൈംഗിക (Bisexual) സ്വഭാവമുള്ള വ്യക്തിയാണ്. നായകന് സ്വവര്‍ഗ്ഗ പ്രണയിയായ ഒരു സുഹൃത്തുമുണ്ട്. എന്നാലത് കഥയിലെ മുഖ്യ പ്രമേയമല്ല.
2013 ല്‍ ഇറങ്ങിയ റോഷന്‍ ആന്‍ഡ്രൂസ് ബോബി സഞ്ജയ് ചിത്രം മുംബൈ പോലീസ്, മുഖ്യധാരാ സിനിമയില്‍ സ്വവര്‍ഗ്ഗ പ്രണയിയായ നായകനെ സൂപ്പര്‍ താരപദവിയുള്ള പൃഥിരാജ് എന്ന നടന്‍ അവതരിപ്പിച്ചു എന്നതിനാല്‍ വേറിട്ടടയാളപ്പെടുത്തേണ്ട ഒന്നാണ്. എന്നാല്‍, സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രത്തിലെ നായകന്‍ ആന്റണി മോസസ്സിന്റെയും അയാളുടെ ആണ്‍ സുഹൃത്തിന്റെയും ബന്ധം കഥയുടെ അവസാന ഘട്ടത്തില്‍ മാത്രം ചുരുളഴിയുന്ന രഹസ്യമാണ്. അവസാന ഘട്ടത്തിലല്ലാതെസിനിമയുടെ പ്രമേയ ശരീരത്തില്‍ സ്വവര്‍ഗ്ഗ പ്രണയം കടന്നു വരുന്നില്ല. 2013 ല്‍ തന്നെ ഇറങ്ങിയ ശ്യാമപ്രസാദ് ചിത്രം 'ഇംഗ്ലീഷി'ല്‍, കഥയിലൊരു ഭാഗത്ത് ഭര്‍ത്താവിന്റെ സ്വവര്‍ഗ്ഗപ്രണയം അറിയാനിട വരുന്ന ഭാര്യയുടെ സംഘര്‍ഷങ്ങളും ചിത്രീകരിക്കപ്പെടുന്നുണ്ട്. എന്നാലതുംസിനിമയിലെ മുഖ്യ പ്രമേയമല്ല.
രണ്ടു പുരുഷന്മാര്‍ തമ്മിലുള്ള പ്രണയംസിനിമയുടെ മുഴുനീള പ്രമേയമാവുകയും അതിന്മേല്‍ കഥാശരീരം നിര്‍മിതമാവുകയും ചെയ്യുന്ന തരത്തില്‍ ഒരുസിനിമമലയാളത്തിലുണ്ടായത്, 2014 ലാണ്. എം.ബി പത്മകുമാര്‍ സംവിധാനം ചെയ്ത മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രമാണത്. അമീര്‍ നിയാസ് അവതരിപ്പിച്ച റിച്ചാര്‍ഡും സുദേവ് നായര്‍ അവതരിപ്പിച്ച കിരണും തമ്മിലുള്ള പ്രണയവും രതിയും വൈകാരിക ബന്ധവും അതിനിടയിലേക്ക് റിച്ചാര്‍ഡിന്റെ ഭാര്യയായി കടന്നു വരുന്ന പവിത്ര എന്ന പെണ്‍കുട്ടിയുടെ സംഘര്‍ഷങ്ങളും ആണ് കഥാപ്രമേയം. സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ റിച്ചാര്‍ഡ് സമീപിക്കുന്ന മനഃശാസ്ത്രജ്ഞ, സുകന്യ അവതരിപ്പിച്ച ഡോക്ടര്‍ ലീലാ അയ്യര്‍, സ്വവര്‍ഗ്ഗരതിയെ വ്യാഖ്യാനിക്കുന്നത് അത് യഥാര്‍ത്ഥ പ്രണയമല്ലെന്നും സാഹചര്യവും പാരമ്പര്യവുമൊക്കെ കൊണ്ടു സംഭവിക്കുന്ന സ്വഭാവ വൈകല്യമാണ് എന്നുമാണ്. ഡോക്ടറിലൂടെ ചിത്രം സ്ഥാപിക്കാന്‍ ശ്രമിച്ചത് ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും തെറ്റായ സ്വാധീനത്തിലൂടെ വരുത്തിവയ്ക്കുന്ന വിനയാണ് സ്വവര്‍ഗ്ഗ പ്രണയം എന്നാണ്. തികച്ചും അശാസ്ത്രീയവും യാഥാര്‍ഥ്യരഹിതവും ക്വീര്‍ വിരുദ്ധവുമായി, പൊതു സമൂഹഘടനയെ തൃപ്തിപ്പെടുത്താന്‍ ആവതു ശ്രമിക്കുകയായിരുന്നൂ ആ സിനിമ. എന്നിരുന്നിട്ടും പുരുഷന്മാരുടെ പ്രണയം പ്രമേയമായി എന്ന ഒറ്റക്കാരണം കൊണ്ട് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീയറ്ററുകള്‍ തയ്യാറായില്ല. ആദ്യഘട്ടത്തില്‍ ഇരുപത്തിയൊന്ന് തീയറ്ററുകള്‍ തയ്യാറായി വന്നെങ്കിലും റിലീസിംഗിന് തലേന്ന് പതിനഞ്ചെണ്ണവും പിന്മാറി. എന്തായാലും 2014ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ചിത്രത്തിനും, മികച്ച നടനുള്ള അവാര്‍ഡ് കിരണിനെ അവതരിപ്പിച്ച സുദേവ് നായര്‍ക്കും ലഭിച്ചു.
2014ല്‍ തന്നെ ഇറങ്ങിയ, കൃഷ്ണജിത്ത് എസ്.വിജയന്‍, സംവിധാനം ചെയ്ത ഫ്‌ലാറ്റ് നമ്പര്‍ 4 B എന്ന ചിത്രത്തില്‍ ശ്രീജിത്ത് രവി അവതരിപ്പിച്ച ഉപകഥാപാത്രം ഗേയാണ്. എന്നാല്‍, അതൊരു ഗേപ്രമേയസിനിമയല്ല. 2015ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം നീനയില്‍ നായികയായ നീനക്ക് സുഹൃത്തുക്കളായിട്ടുള്ളത് രണ്ടു ഗേ ദമ്പതികളാണ്. ഇത്തരത്തില്‍ ഗൗരവമുള്ള ഉപകഥാപാത്രങ്ങളായി ഗേവ്യക്തികള്‍ മലയാളസിനിമയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതിന്റെ തുടര്‍ച്ചയിലാണ്, പാപ്പിലിയോ ബുദ്ധയെന്ന ആദ്യസിനിമയിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകന്‍ ജയന്‍ ചെറിയാന്‍ ചിത്രം കബോഡിസ്‌കേപ്‌സ്, 2016ല്‍ മുഴുനീള ഗേ പ്രമേയ ചിത്രമെന്ന നിലയില്‍ ഇറങ്ങുന്നത്. അതേ കാരണത്താല്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഗേ ലവ്, ഫണ്ണി ബോയ്, ക്വിയര്‍ ഇന്ത്യ, സെയിം സെക്‌സ് ഇന്ത്യ, IPC 377, യാരാനാ എന്നീ പുസ്തകങ്ങള്‍ കൈയിലേന്തിപ്പറക്കുന്ന ഹനുമാനെ പ്രതീകാത്മകമായി ചിത്രീകരിച്ചു, സ്വയംഭോഗം, സ്വവര്‍ഗ്ഗലൈംഗികത തുടങ്ങിയ പ്രതിപാദിക്കുന്നു എന്നീ മൂന്നു കാരണങ്ങളാലായിരുന്നു സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. എന്നാല്‍, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ 2016 ഐ.എഫ്.എഫ്.കെ.യില്‍ ചിത്രംപ്രദര്‍ശിപ്പിക്കുകയുണ്ടായി. വിഷ്ണു, ഹാരിസ് എന്ന രണ്ടു യുവാക്കളുടെ പ്രണയം അതുവരേക്കും സമാനസിനിമകളില്‍ പ്രതിപാദിക്കപ്പെട്ടതില്‍ നിന്ന് വ്യത്യസ്തമായി സത്യസന്ധമായും ശാസ്ത്രാവബോധത്തോടും ചിത്രീകരിക്കപ്പെട്ട കാബോഡിസ്‌കേപ്പ്‌സ്, കപട മത/സദാചാര മൂല്യങ്ങളോട് വിരുദ്ധ ചേരിയില്‍ നിന്ന് സംവദിക്കുക എന്ന കലാപരമായ ദൗത്യം, വളരെ ഭംഗിയായി നിര്‍വ്വഹിച്ചു. അതിനു ശേഷം ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോനിലെ അമീറും അക്ബറും ആണ് ആ നിരയില്‍ അവസാനം വന്നത്.
അതിനു ശേഷം സ്വവര്‍ഗ പ്രണയം മുഖ്യപ്രമേയമായി വരുന്നസിനിമയെന്ന നിലയില്‍ സമാന മുന്‍കാലസിനിമകള്‍ക്കു നേരിടേണ്ടി വന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും കൃത്യമായി മനസ്സിലാക്കിക്കൊണ്ടാണ്, വളരെ സൂക്ഷ്മതയോടെ, എന്നാല്‍ കലാപരമായ സൗന്ദര്യാംശം ഒട്ടും ചോരാതെ, ജിയോ ബേബി കാതലിലെ ഗേ പ്രമേയത്തെ കൈകാര്യം ചെയ്യുന്നത്. എന്നിരുന്നിട്ടും ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ സെന്‍സര്‍ ബോര്‍ഡുകള്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു ഒമാന്‍, ബഹറൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലെ സെന്‍സര്‍ ബോര്‍ഡുകളും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതേസമയം നിറഞ്ഞ സദസ്സുകളില്‍ കേരളത്തിലെ 175 തീയറ്ററുകളില്‍ പ്രേക്ഷക പ്രീതി നേടി കാതല്‍ നിറഞ്ഞോടുമ്പോള്‍ മൂന്നര പതിറ്റാണ്ട് കാലം എത്രയോ ക്യൂര്‍ മനുഷ്യര്‍ ഒഴുക്കിയ കണ്ണീരും നേരിടേണ്ടി വന്ന അപമാനവും നഷ്ടപ്പെടുത്തേണ്ടി വന്ന അനേകം ജീവനുകളും കൂടി നേടിയതാണ് ചെറുതല്ലാത്ത വിപ്ലവാത്മകമായ ഈസാമൂഹ്യ സ്വീകാര്യത എന്നും ഓര്‍മിക്കണം. അത്തരത്തില്‍ ഒരു തിരഞ്ഞെടുപ്പിന് നടനെന്ന നിലയില്‍ സ്വയം സജ്ജനായി എന്നതിനാണ് മമ്മൂട്ടി എന്ന മനുഷ്യസ്‌നേഹിക്ക് കയ്യടിക്കേണ്ടതും. മാത്യൂ ദേവസ്സിയായി മമ്മൂട്ടി ഒഴുക്കുന്ന കണ്ണീരു പൊള്ളിച്ച മനുഷ്യര്‍ അപരനെ അവന്റെ ലൈംഗിക വ്യക്തിത്വത്തിന്റെ പേരില്‍ അവഹേളിക്കാനോ അപമാനിക്കാനോ പിന്നീട് ഒരിക്കലും നില്‍ക്കുകയില്ല എന്നുറപ്പ്.
മമ്മൂട്ടി എന്ന നടന്‍ തന്റെ അഭിനയ ജീവിതത്തില്‍ ഏറ്റെടുത്ത ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്ര സ്വീകരണവും മാത്യൂ ദേവസ്സിയുടെത് തന്നെയാവും. മിതത്വവും ആഴവും ഒരുപോലെ ധ്വനിപ്പിച്ച അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ ശ്രദ്ധ നേടിയ സുധി കോഴിക്കോടും, ആര്‍.എസ്.പണിക്കരും, അവസാന ചിത്രമെന്ന നൊമ്പരപ്പെടുത്തുന്ന സാന്നിധ്യമായി കലാഭവന്‍ ഹനീഫും ഓമനയായി ജീവിച്ച് തന്റെ അഭിനയ ജീവിതത്തിലെ തിരിച്ചു വരവ് അന്വര്‍ഥമാക്കിയ ജ്യോതികയും ഉള്‍പ്പെടെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവരുടെ തിരഞ്ഞെടുപ്പ് എന്തുകൊണ്ടും ഉചിതമാണ് എന്ന് തെളിയിച്ചു.
മാറുന്ന കാലത്തെ മതവും കലയും
ചലച്ചിത്രത്തിന് വലിയ പ്രേക്ഷക പ്രീതി നേടാന്‍ കഴിയുമ്പോളും ചെറുതെങ്കിലും അപകടകരമായി ഉയര്‍ന്ന എതിര്‍പ്പ് തീവ്ര ക്രിസ്ത്യന്‍ കൂട്ടായ്മയായ കാസ (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലൈന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) എന്ന സംഘടനയില്‍ നിന്നായിരുന്നു. ചരിത്രപരമായി, ലോകം എമ്പാടും ഉള്ള ക്രിസ്ത്യന്‍ സഭകളില്‍ വിരലില്‍ എണ്ണാവുന്നവ ഒഴിച്ച് സ്വവര്‍ഗരതിയെ പാപമായി കണക്കാക്കുന്നവരായിരുന്നു. പ്രകൃതി നിയമത്തെക്കുറിച്ചുള്ള കത്തോലിക്കരുടെ ധാരണയുടെയും ബൈബിളിലെ ചില ഭാഗങ്ങളുടെ പരമ്പരാഗത വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തില്‍. സ്വവര്‍ഗരതിയെ പാപമായി കണക്കാക്കുന്നുണ്ടെങ്കിലും പാപിയെ സ്‌നേഹിക്കുക എന്നാല്‍ പാപത്തെ വെറുക്കുക എന്നത് തങ്ങളുടെ കടമയാണെന്ന ചിന്തയില്‍ സ്വവര്‍ഗാനുരാഗിയായ വ്യക്തിയുടെ ഹൃദയത്തെയും ജീവിതത്തെയും മാറ്റിമറിക്കാനും അവന്റെ 'സ്വവര്‍ഗാനുരാഗ പാപത്തെ 'മറ്റേതൊരു പാപത്തെയും' പോലെ ദൈവത്തിന് മാറ്റാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അവര്‍ അതിനെ ഉള്‍ക്കൊണ്ടിരുന്നത്. എന്നാല്‍, പുതിയ കാലത്ത് പല രാജ്യങ്ങളിലും സ്വവര്‍ഗ അനുരാഗികളായ പുരോഹിതന്മാര്‍ സഭാ അധ്യക്ഷന്‍മാര്‍ വരെ ആകുന്ന തരത്തില്‍ ഉള്ള മാറ്റങ്ങള്‍ വരികയും ഹോമോ ഫോബിയയില്‍ നിന്നും മാറി ശാസ്ത്ര അവബോധത്തിന്റെ അടയാളങ്ങള്‍ വിശ്വാസി സമൂഹം കാണിച്ച് തുടങ്ങുകയും ചെയ്യുന്ന കാലത്ത് സ്വയം അപഹാസ്യരാവുകയാണ് കാസ. എന്തായാലും അവരുടെ ആഹ്വാനം ഏറ്റെടുത്ത് ഒരു സഭയും കാതല്‍ ബഹിഷ്‌കരിക്കാന്‍ ഉള്ള ഇടയ ലേഖനം ഇറക്കാന്‍ തയ്യാറായിട്ടില്ല എന്നത് ആശ്വാസകരം!
നായിക/നായകന്‍ എന്ന പൂരക ലിംഗ സഖ്യത്തെ റദ്ദുചെയ്ത് ഇണ എന്ന ലിംഗഭേദമില്ലാത്ത തലത്തില്‍ മനുഷ്യബന്ധങ്ങളെ, പ്രണയത്തെ, കാമത്തെ, രതിയെ പുനര്‍നിര്‍വചിക്കേണ്ടതുണ്ട്; കഥയിലല്ല ജീവിതത്തിലെന്നു തന്നെയാണ് കാതല്‍ പറയുന്നത്. ചലച്ചിത്രത്തിന്റെ അവസാന ദൃശ്യത്തിലെ ആകാശത്തില്‍ തെളിയുന്ന മഴവില്ല് പോലെ മനോഹരമായി വൈകാരികതയുടെ നേര്‍ത്ത അടരുകളെ ലിംഗ രാഷ്ട്രീയത്തോട് ചേര്‍ത്ത് പ്രേക്ഷകന് മുന്നിലേക്ക് നീക്കി വെച്ചുകൊണ്ടവസാനിക്കുന്ന കാതല്‍ തികച്ചും വ്യത്യസ്തമായ ഒരു ചലച്ചിത്ര അനുഭവമായി പ്രേക്ഷകമനസ്സില്‍ ഏറെക്കാലം തെളിഞ്ഞു തന്നെ നില്‍ക്കും.