Art and Literature
ദ കോയ: മലയാള സാഹിത്യത്തിലെ തിരുത്ത്
Art and Literature

ദ കോയ: മലയാള സാഹിത്യത്തിലെ തിരുത്ത്

ഡോ. പി.കെ പോക്കര്‍
|
24 Sep 2024 9:00 AM GMT

ഗഫൂര്‍ അറക്കല്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ മേല്‍വിലാസമില്ലാത്ത ഒരു കോയയെ കഥാപാത്രമാക്കുകയാണ് നോവലില്‍. ലിബ്‌സന്‍ സര്‍വകലാശാലയിലെ അന്താരാഷ്ട്ര സെമിനാറിന് വിലാസം തെറ്റി ലഭിച്ച കത്തുമായി കോയ പോര്‍ച്ചുഗലില്‍ എത്തുകയാണ്. കോയ വെറുമൊരു കോയയല്ലെന്നും അദ്ദേഹം പൊതുകാര്യങ്ങളില്‍ വിവരവും നിലപാടും ഉള്ള വ്യക്തിയാണെന്നും നാട്ടുകാരായ പള്ളിക്കണ്ടിക്കാര്‍ അംഗീകരിച്ച വസ്തുതയാണ് - ഗഫൂര്‍ അറക്കലിന്റെ 'ദ കോയ' നോവല്‍ വായന.

മലയാള സാഹിത്യത്തിന് അനിവാര്യമായ ഒരു വിച്ഛേദം സംഭവിപ്പിച്ചുകൊണ്ടാണ് ഗഫൂര്‍ അറക്കല്‍ ഈ ലോകത്ത് നിന്നും യാത്രയായത്. അദ്ദേഹം മരണം കാത്തുകിടക്കുമ്പോള്‍ എഴുതിയ നോവലാണ് ദ കോയ. വാസ്തവത്തില്‍ ഗഫൂറിന്റെ മരണശേഷം ഈ നോവല്‍ മാതൃഭൂമി ബുക്സ്റ്റാളില്‍ കയറി വാങ്ങുമ്പോള്‍ രചയിതാവിന്റെ അവസാന ദിനങ്ങളിലെ ആകുലതകളും വേദനകളും ആവിഷ്‌കരിച്ച ഒരു കൃതിയാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍, എന്നെ അത്ഭുതപ്പെടുത്തികൊണ്ട് ദീര്‍ഘകാലത്തെ പഠന ഗവേഷണങ്ങളും നിരീക്ഷണങ്ങളും ആവശ്യമായ ഒരു സാമൂഹികമായ ആഖ്യാനമാണ് എന്റെ കയ്യിലെത്തിയത്. ആധുനിക ജീവിത വ്യവസ്ഥയുടെ ആവിര്‍ഭാവത്തോട് കൂടി ഉയര്‍ന്നുവന്ന ഒരു ആഖ്യാന രീതിയാണല്ലോ നോവല്‍. അതിനനുസൃതമായി മാനവികതയും സാമൂഹിക വിമര്‍ശനവും കൂടിക്കുഴഞ്ഞാണ് നോവല്‍ സാഹിത്യം പൊതുവേ എങ്ങും രൂപപ്പെട്ടത്. ബഹുജനങ്ങളുടെ ഭാഷയും ജീവിതവും ഇടം നേടിയ ആഖ്യാനമായി നോവല്‍ മാറി. ആഗോളമായി സംഭവിച്ച സാഹിത്യപരമായ മാറ്റത്തിന്റെ തുടര്‍ച്ചയിലാണ് ഇന്ദുലേഖയില്‍ ചന്തുമേനോന്‍ പ്രണയത്തിനും യുക്തിചിന്തക്കും നായര്‍ തറവാട്ടില്‍ ഇടം നല്‍കിയത്. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ സരസ്വതീ വിജയത്തില്‍ പോത്തേരി കുഞ്ഞമ്പു കേരളീയ ജീവിതത്തിലെ ജാതി ജന്മി പീഡനങ്ങളും കൊളോണിയല്‍ ആധുനികതയുടെ പ്രാരംഭഘട്ടവും ആവിഷ്‌കരിച്ചു. പിന്നീടുള്ള കാലം മലയാള ഭാഷയില്‍ നോവല്‍ സാഹിത്യത്തിന് കേരളത്തില്‍ പൂക്കാലമായിരുന്നു.

വായനക്കാരായ മലയാളികള്‍ക്ക് ഇഷ്ട വായനാ വിഭവമായി ഇപ്പോള്‍ നോവല്‍ മാറിക്കഴിഞ്ഞു. നോവല്‍ വായനകള്‍ക്ക് പ്രിയം കൂടിയതിന് രണ്ടു കാരണങ്ങള്‍ ഉണ്ട്. ഒന്നു സാമൂഹികമായും വൈയക്തികമായും രഹസ്യമായോ മൂടിവെച്ചോ സൂക്ഷിക്കുന്നതെല്ലാം തുറന്നിടുന്ന ഒരിടമായി നോവല്‍ മാറി. മറ്റൊന്നു സാമൂഹിക ജീവിതത്തിന്റെ ഒരു പരിച്ഛേദമായി നോവലുകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. വസ്തുതകളും അനുഭവങ്ങളും ഭാവനയും ചേര്‍ന്ന് വായനക്കാര്‍ക്ക് അനുഭൂതിയുടെയും കലഹത്തിന്റെയും അനുഭവങ്ങള്‍ നോവലുകള്‍ പ്രദാനം ചെയ്യുന്നു. ഒരു നഗ്‌ന ചിത്രം പലപ്പോഴും ഒളിഞ്ഞാണ് ആളുകള്‍ ആസ്വദിക്കുന്നതെന്ന് കലാസൈദ്ധാന്തികനായ ജോണ്‍ ബെര്‍ഗര്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍, ഒരു നോവലില്‍ ശ്ലീല/അശ്ലീല ദ്വന്ദങ്ങളെ മറന്നുകൊണ്ട് സാമൂഹികമായ സദാചാര സങ്കല്‍പങ്ങളെ മറികടക്കാന്‍ രചയിതാക്കള്‍ക്കും വായനക്കാര്‍ക്കും സാധിക്കുന്നു. അങ്ങിനെ സമ്പന്നമായ ഒരു നോവല്‍ സാഹിത്യ ചരിത്രമുള്ള കേരളത്തില്‍ സാഹിത്യപരമായ ഒരു വിച്ഛേദം സാധ്യമോ എന്നു തോന്നാം. എന്നാല്‍, ദ കോയ അസാധ്യമെന്ന് തോന്നുന്ന ആ വിച്ഛേദം വിസ്മയകരമായ ശൈലിയില്‍ പ്രകടിപ്പിക്കുന്നുണ്ട്.

പോര്‍ച്ചുഗീസിലെ പ്രശസ്തമായ ലിബ്‌സന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. കോഴിക്കോട്ടെ പള്ളിക്കണ്ടിയെന്ന മുസ്‌ലിം ജനനിബിഡ പ്രദേശമാണ് കഥാ നായകന്റെ ഇരിപ്പിടം. പോര്‍ച്ചുഗീസുകാരും കോഴിക്കോട്ടെ കോയമാരും തമ്മില്‍ അധിനിവേശത്തിന്റെയും അധിനിവേശ വിരുദ്ധതയുടെയും ബന്ധമാണ് ചരിത്രം ചികഞ്ഞു നോക്കിയാല്‍ കിട്ടുക. ലിബ്‌സന്‍ യൂണിവേഴ്‌സിറ്റി ആധുനിക വിദ്യാഭ്യാസത്തിന്റെ മേല്‍ത്തട്ടിലും പള്ളിക്കണ്ടി കോഴിക്കോട്ടെ ഒരു ആധുനിക പൂര്‍വമെന്ന് തോന്നിക്കുന്ന ഭൂപ്രദേശവും ആണ്. ലിബ്‌സനിലെ സായിപ്പന്മാര്‍ ആധുനിക ജ്ഞാന മണ്ഡലത്തിന്റെ ഉത്തുംഗ ശ്രേണിയിലും കോയ സാഹിബ് അങ്ങാടിയിലും തെരുവിലും കറങ്ങി നടക്കുന്ന നാടോടി വിജ്ഞാനത്തിന്റെ മറുകരയിലുമായി നമ്മുടെ പൊതുബോധം എളുപ്പം അടയാളപ്പെടുത്തും. ഈ രണ്ടു ഭൂഭാഗങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ രചയിതാവ് ഫ്രെഡറിക്ക് ജായിംസന്‍ വളരെ മുന്‍പ് നിരീക്ഷിച്ച സംസ്‌കാര മിശ്രണം ആണ് നടത്തുന്നത്. രണ്ടു കാലങ്ങളെ, രണ്ടു സംസ്‌കാരങ്ങളെ, രണ്ടു ജ്ഞാനശാസ്ത്ര പരിപ്രേക്ഷ്യങ്ങളെ, രണ്ടു ജീവിത വീക്ഷണങ്ങളെ ഇവിടെ കൂട്ടിക്കുഴച്ചുകൊണ്ടു ഒരു കീഴാള ചരിത്ര വായന അവതരിപ്പിക്കുകയാണ്. കൊളോണിയല്‍ ആധുനികതയും മനുവാദ ആശയാധികാര വ്യവസ്ഥയും ഉണ്ടാക്കിയ പൊതുബോധത്തിലേക്ക് ഒരു മിസൈല്‍ വിക്ഷേപിക്കുകയാണ് ഈ നോവലിസ്റ്റ് ചെയ്തത്.

ഒരേ സമയം രണ്ടു ആശയ മണ്ഡലങ്ങള്‍ ചേര്‍ന്നാണ് ഇന്ത്യന്‍ ആശയാധികാര വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. ഒരു വശത്ത് കൊളോണിയല്‍ ആധുനികത ഉണ്ടാക്കിയ മിത്തും യാഥാര്‍ഥ്യവും, മറുവശത്തു ബ്രാഹ്മണ്യം ഉല്‍പാദിപ്പിച്ച മിത്തും യാഥാര്‍ഥ്യവുമാണ്. കൊളോണിയല്‍ അധിനിവേശം കേരളത്തില്‍ ഒരു യാഥാര്‍ഥ്യമായിരുന്നു. എന്നാല്‍, മലയാളമോ കേരളമോ ഉണ്ടായത് പോര്‍ച്ചുഗീസുകാര്‍ വന്നത് കൊണ്ടാണെന്നത് പോലുള്ള നിരീക്ഷണം ഒരു മിത്തുമാണ്. 'പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പോര്‍ച്ചുഗീസുകാരുടെ കാലത്തു മലയാളം 'മലിയെമ' എന്നാണ് അറിയപ്പെട്ടത്. അതുകൊണ്ട് മലയാളം എന്ന പദം തന്നെ പോര്‍ച്ചുഗീസുകാരുടെതോ അതിനു തൊട്ട് മുന്‍പോ ഉള്ള കാലത്ത് മാത്രം ഉണ്ടായതാണ്' (ജെബിപി മോറെ, കേരളത്തിലെ മുസ്‌ലിംകള്‍, പു. 29, 2013) വാസ്തവത്തില്‍ കേരളോല്‍പത്തിയെക്കുറിച്ച് പ്രചാരത്തിലുള്ള പരശുരാമാന്‍ മഴു എറിഞ്ഞ കഥ പോലെ പല മിത്തുകളും കൂടിച്ചേര്‍ന്നാണ് നമ്മുടെ ചരിത്ര രചനകള്‍ നടക്കുന്നത്. മാത്രമല്ല, മുഖ്യധാരാ ചരിത്രാഖ്യാനങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്ന ജെ.ബി.പി മോറെയെപ്പോലുള്ള ഒരാള്‍ക്കു പോലും മിത്തുകളില്‍ നിന്നും മോചിതനാവാന്‍ കഴിയുന്നുമില്ല. ഇതുമായി ചേര്‍ത്തുപറയേണ്ട ഒരു കാര്യം അന്റോണിയോ ഗ്രാംഷി അനുഭവങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ മുന്നോട്ട് വെച്ച ആശയാധികാര വ്യവസ്ഥ (Hegemony) വെറും അധീശ പ്രത്യയശാസ്ത്രമല്ലെന്നും സാമ്പത്തിക വ്യവസ്ഥപോലെ നമ്മുടെ വ്യവഹാരങ്ങളും അര്‍ഥോല്‍പാദനവും നിര്‍ണയിക്കുന്ന താരതമ്യേന സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ആശയ വ്യവസ്ഥയാണെന്നും കൂടിയാണ്. ആശയാധികാര വ്യവസ്ഥ പെട്ടെന്നു ഒരു ദിവസമോ, ഒരു വര്‍ഷമോ ഉണ്ടാകുന്നതല്ല. ആയിരത്താണ്ടുകളുടെ തുടര്‍ച്ചയിലാണ് ആ വ്യവസ്ഥ നിലനില്‍ക്കുന്നത്. ബഹുജനങ്ങളുടെ ബോധാബോധങ്ങളില്‍ ആശയാധികാര വ്യവസ്ഥ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. സംസ്‌കാരത്തിലും അറിവിലും ഉത്തമ/അധമ ബോധം നിലനിര്‍ത്തുന്നത് ആശയാധികാര വ്യവസ്ഥയാണ്. സംസ്‌കാരത്തിലും അറിവിലുമുള്ള ഉത്തമ/അധമ ദ്വന്ദത്തെയാണ് ദ കോയ അട്ടിമറിക്കുന്നത്. ചരിത്രവും ചരിത്രസെമിനാറുമവതരിപ്പിച്ചുകൊണ്ടു ഇതുപോലൊരു ജനപക്ഷ നോവല്‍ ഇത്രമാത്രം ചേതോഹരമായ ഭാഷയില്‍ രചിക്കപ്പെട്ടു എന്നത് എന്നെ വീണ്ടും വീണ്ടും അതിശയിപ്പിക്കുകയാണ്.

കോയ വെറുമൊരു കോയയല്ലെന്നും അദ്ദേഹം പൊതുകാര്യങ്ങളില്‍ വിവരവും നിലപാടും ഉള്ള വ്യക്തിയാണെന്നും നാട്ടുകാരായ പള്ളിക്കണ്ടിക്കാര്‍ അംഗീകരിച്ച വസ്തുതയാണ്. അതിനാല്‍ പള്ളിക്കണ്ടിക്കാര്‍ക്ക് കോയയെ അന്വേഷിച്ചു ലിബ്‌സനില്‍ നിന്നും എത്തിയ ക്ഷണക്കത്തില്‍ അപാകതയൊന്നും തോന്നിയില്ല. ''എടാ എനക്ക് ഗാമെന കുഞ്ഞാലി മരക്കാര്‍ തോല്‍പിച്ച കഥയറിയോ'' പുരുഷോത്തമനോട് ചോദിച്ച ഒറ്റ ചോദ്യം കൊണ്ട് തന്നെ കോയ നടത്തുന്ന വാചകമടികള്‍ ചരിത്രത്തിലെ കാണാപ്പുറങ്ങളാണെന്ന് നാട്ടുകാര്‍ക്ക് അറിയാം. മാത്രമല്ല, ആദ്യ ഘട്ടത്തില്‍ കോയ സെമിനാറിന് പോകാന്‍ പ്രകടിപ്പിച്ച വൈമനസ്യത്തെ നാട്ടുകാരാണ് ദൂരീകരിച്ചത്.

ഗഫൂര്‍ ആവിഷ്‌കരിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ലോകത്താകമാനം ഉയര്‍ന്നുവരാന്‍ തുടങ്ങിയ രണ്ടാം ജ്ഞാനോദയ പ്രക്രിയയാണ്. ജ്ഞാനോദയത്തിന്റെ ഒന്നാം ഘട്ടം പതിനാറാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടു വരെ നിലനിന്നു. രണ്ടാം ജ്ഞാനോദയം ഇരുപതാം നൂറ്റാണ്ടില്‍ തുടങ്ങി അരുകുകളും ഇരുട്ടുകളും ഒരിക്കല്‍ കൂടി വെളിപ്പെടുത്തിയും പ്രകാശിപ്പിച്ചും മൂഖ്യധാരയെ അസ്വസ്ഥപ്പെടുത്തുകയാണ്. നിലനില്‍ക്കുന്ന സമ്പദ് വ്യവസ്ഥയിലേക്ക് ഒരു കല്ലെടുത്ത് എറിയാന്‍ കഴിയാത്തത് പോലെ ആശയാധികാര വ്യവസ്ഥയിലേക്ക് ഒരു അസ്ത്രം എയ്തിടാന്‍ വലിയ ഊര്‍ജവും സര്‍ഗശേഷിയും വേണം. ദറീദയോ, ഫൂക്കോയോ, എഡ്വര്‍ഡ് സെയ്‌ദോ നിര്‍വഹിച്ചതുപോലുള്ള ഒരു സാഹസിക സമാന്തര സാംസ്‌കാരിക പ്രവര്‍ത്തനമാണത്. ഗഫൂര്‍ അറക്കല്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ മേല്‍വിലാസമില്ലാത്ത ഒരു കോയയെ ഇതിന് വേണ്ടി കഥാപാത്രമാക്കുകയാണ്. ലിബ്‌സന്‍ സര്‍വകലാശാലയിലെ അന്താരാഷ്ട്ര സെമിനാറിന് വിലാസം തെറ്റി ലഭിച്ച കത്തുമായി അങ്ങിനെ കോയ പോര്‍ച്ചുഗലില്‍ എത്തുകയാണ്. കോയ വെറുമൊരു കോയയല്ലെന്നും അദ്ദേഹം പൊതുകാര്യങ്ങളില്‍ വിവരവും നിലപാടും ഉള്ള വ്യക്തിയാണെന്നും നാട്ടുകാരായ പള്ളിക്കണ്ടിക്കാര്‍ അംഗീകരിച്ച വസ്തുതയാണ്. അതിനാല്‍ പള്ളിക്കണ്ടിക്കാര്‍ക്ക് കോയയെ അന്വേഷിച്ചു ലിബ്‌സനില്‍ നിന്നും എത്തിയ ക്ഷണക്കത്തില്‍ അപാകതയൊന്നും തോന്നിയില്ല. ''എടാ എനക്ക് ഗാമെന കുഞ്ഞാലി മരക്കാര്‍ തോല്‍പിച്ച കഥയറിയോ'' പുരുഷോത്തമനോട് ചോദിച്ച ഒറ്റ ചോദ്യം കൊണ്ട് തന്നെ കോയ നടത്തുന്ന വാചകമടികള്‍ ചരിത്രത്തിലെ കാണാപ്പുറങ്ങളാണെന്ന് നാട്ടുകാര്‍ക്ക് അറിയാം. മാത്രമല്ല, ആദ്യ ഘട്ടത്തില്‍ കോയ സെമിനാറിന് പോകാന്‍ പ്രകടിപ്പിച്ച വൈമനസ്യത്തെ നാട്ടുകാരാണ് ദൂരീകരിച്ചത്. കണ്ണന്‍ പെരുമണ്ണാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ക്ലാസെടുക്കാന്‍ വന്നപോലെ ഔപചാരിക നടപടിക്രമങ്ങള്‍ക്ക് വഴങ്ങാതെ കോയ ലിബ്‌സനില്‍ എത്തുന്നതും അതിലേക്ക് നയിക്കുന്ന സംവാദങ്ങളും വായിക്കുമ്പോള്‍ നാട്ടു പാതയുടെ പച്ചപ്പിലൂടെ നടക്കുന്ന അനുഭവം നോവലില്‍ നിന്നും വായനാക്കാര്‍ നുകര്‍ന്നെടുക്കും. കീഴാള പ്രതിരോധത്തിന്റെയും പച്ച ജീവിതത്തിന്റെയും ഗന്ധം പള്ളിക്കണ്ടി കുറ്റിച്ചിറ ഭാഗങ്ങളിലൂടെ നടന്നനുഭവിക്കാന്‍ നോവല്‍ അവസരമുണ്ടാക്കുന്നു. പച്ച ജീവിതമെന്നോ, നഗ്‌ന ജീവിതമെന്നോ അഗമ്പെന്റെ ഭാഷയില്‍ പറയാവുന്ന മനുഷ്യരുടെ പ്രതിരോധം കൂടിയാണ് ഈ നോവല്‍. പലപ്പോഴും ഇകഴ്ത്തലിനും കുറ്റപ്പെടുത്തലിനും ശിക്ഷ വിധിക്കാനും മാത്രം പരാമര്‍ശിക്കപ്പെടുന്ന മനുഷ്യ വിഭാഗങ്ങളാണ് പച്ച മനുഷ്യന്‍ അഥവാ നഗ്‌ന മനുഷ്യര്‍. ചരിത്രത്തില്‍ ചിലപ്പോള്‍ യാദൃച്ഛികതകള്‍ ഒത്തുവരാറുണ്ട്. അഗമ്പെന്റെ പച്ചമനുഷ്യരും മുസ്‌ലിം എന്നാണ് പരാമര്‍ശിക്കപ്പെട്ടത്.


പുരുഷോത്തമനു മുല്ലപ്പൂ ചൂടിയ ഒരു നായര്‍ പെങ്കുട്ടിയെ പ്രേമിച്ചതിന് നന്നായി അടികിട്ടിയെങ്കിലും ആ പ്രണയം കൈവിടാതെ നടക്കുമ്പോളാണ് അവളുടെ വിവാഹ നിശ്ചയ വിവരം കേള്‍ക്കുന്നത്. അങ്ങിനെ നിരാശയില്‍ കടലില്‍ ചാടി ആത്മഹത്യക്ക് ഒരുങ്ങുന്ന സന്ദര്‍ഭത്തില്‍ അവിടെ എത്തിപ്പെട്ട കോയ കുഞ്ഞാലിമരക്കാര്‍ വാസ്‌കോഡ ഗാമയെ നേരിട്ട കഥ പറഞ്ഞുകൊണ്ടാണ് പുരുഷോത്തമനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്. പോസ്റ്റ്‌മോഡേണ്‍ വ്യവഹാരങ്ങളില്‍ കുതര്‍ക്കങ്ങള്‍ (paralogies) എന്നത് പോലെ എന്തിനും എവിടേയും കോയ ഒരു കുതര്‍ക്കപരമായ മറുമരുന്നു നിര്‍ദേശിക്കും. ചരിത്രം പറഞ്ഞു കറങ്ങി നടക്കുന്ന കോയക്ക് വട്ടാണെന്നും സംസാരമുണ്ട്. കാരണം, പുസ്തകങ്ങളില്‍ എഴുതാത്തതും മുഖ്യധാരയില്‍ കാണാത്തതുമാണ് കോയ സദാ സംസാരിക്കുന്നത്. അങ്ങിനെയാണ് പാവപ്പെട്ട കണ്ണന് അപകടം പറ്റിയത്. ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ സ്വര്‍ണ്ണ നിധിയെക്കുറിച്ച് ചര്‍ച്ചനടക്കുന്ന സന്ദര്‍ഭത്തില്‍ നമ്മുടെ കോഴിക്കോട്ടും സാമൂതിരിയുടെ നിധിയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞത് വിശ്വസിച്ചാണ് കണ്ണന്‍ കോട്ടപ്പറമ്പ് ആശുപത്രിയുടെ പരിസരം കുഴിച്ചത്. കണ്ണന് സ്റ്റേഷനില്‍ നിന്നും കിട്ടേണ്ടത് കിട്ടിയപ്പോളാണ് കോയയുടെ ബന്ധം ഈ വിഷയത്തില്‍ പ്രവര്‍ത്തിച്ചതായി പൊലീസിന് മനസ്സിലാകുന്നത്. ഉടനെ എസ്‌ഐയുടെ 'ബ്രാഹ്മണിക്ക്' തലച്ചോറ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 'കണ്ണന്‍ ഒരു ദലിതനും കോയ ഒരു മുസ്‌ലിമും', അപ്പോള്‍ ആശുപത്രിക്ക് ബോംബ് വെക്കാന്‍ തുരങ്കമുണ്ടാക്കല്‍ തന്നെയായിരുന്നു പദ്ധതിയെന്ന് സിബിഐ സേതുരാമയ്യരെപ്പോലെ പെരുമാറിക്കൊണ്ട് എസ്‌ഐ നിരൂപിച്ചു! കേരളത്തിലെ പോലീസിന്റെ 'ബ്രാഹ്മണിക് തലച്ചോറും' ദൗത്യവും എംഎല്‍എ അന്‍വറിനെക്കാള്‍ മുന്‍പ് തന്നെ വെളിപ്പെടുത്തിയാണ് ഗഫൂര്‍ ഈ ലോകത്ത് നിന്നും കടന്നുപോയത്.

നോവലിലെ ഓരോ വാചകവും വളരെ സൂക്ഷ്മതയോടെയാണ് എഴുതിയതെന്ന് കാണാം. കോയയെ ദ കോയയായി ഘട്ടം ഘട്ടമായി ഉയര്‍ത്തികൊണ്ട് വരികയാണ് ഗഫൂര്‍ ചെയ്തത്. ദാര്‍ശനികനായ ഫൂക്കോയെപ്പോലെ ചരിത്രത്തിലെ അപ്രധാനമായി തള്ളുകയും മുഖ്യധാര എന്നും ഒഴിവാക്കുകയും ചെയ്യുന്ന ഇടങ്ങളിലൂടെയാണ് നോവല്‍ കോയയെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. അങ്ങിനെ കോയ ഒരു സാമ്രാജ്യത്വ അധിനിവേശ വിരുദ്ധനായി പരിണമിച്ച ശേഷമാണ് ലിബ്‌സനിലേക്ക് പോകുന്നത്. ''മമ്പുറം തങ്ങള്‍ പോലും നഗ്‌നപാദനായി ആദരവോടെ സന്ദര്‍ശിച്ച ആ ജാറത്തില്‍പോയി അയാള്‍ എല്ലാ വെള്ളിയാഴ്ചയും നിസ്‌കാരത്തിന് ശേഷം പ്രാര്‍ഥിക്കും. കുഞ്ഞാലിമരക്കാര്‍ രണ്ടാമന്റെയും മൂന്നാമന്റെയും ആത്മീയ ഗുരുവിന്റെ ആ തിരുസന്നിധിയില്‍ പ്രാര്‍ഥിക്കുമ്പോള്‍ താന്‍ പറങ്കികളുടെയല്ല, പറങ്കികളെ തോല്‍പ്പിച്ച വീരപുത്രന്മാരുടെ താവഴിയില്‍ ജനിച്ചതാണെന്നൊരു വിശ്വാസം അയാളില്‍ വന്നുനിറയും.''(പു.84) അങ്ങിനെ അധിനിവേശ വിരുദ്ധ പോരാട്ട വീര്യം സ്വയം ആര്‍ജിച്ചു കരുതലോടെ ജീവിക്കുന്ന കോയ ലിബ്‌സനിലേക്ക് പറക്കുന്നതില്‍ യാതൊരു അസ്വാഭാവികതയും തോന്നുന്നില്ല. കാരണം, കോയയെ ആ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആധുനികോത്തര കീഴാള പ്രതിരോധ മാതൃകയാക്കി അപ്പോഴേക്കും നോവല്‍ മാറ്റുന്നുണ്ട്. അതുപോലെ ലിബ്‌സനിലെത്തി അവിടെ ഭരണകൂടത്തെയും സര്‍വകലാശാലയെയും മുള്‍മുനയില്‍ നിര്‍ത്തുന്നതിലും ആവശ്യമായ യുക്തി രചയിതാവ് വളര്‍ത്തിക്കൊണ്ടുവരുന്നു.


പോര്‍ച്ചുഗലിലേക്ക് പോകുന്നത് ഒരു സാഹസിക ദൗത്യമാണെന്നും രക്തം ചീന്തിയ ഗാമയുടെ ഓര്‍മകളും തിരിച്ചു നാട്ടിലെത്തുമോ എന്ന ആശങ്കയും കോയയെ അസ്വസ്ഥമാക്കുന്നുണ്ട്. എന്നാല്‍, അതിനും പ്രതിവിധി കുഞ്ഞിപ്പള്ളിയിലെ ശൈഖ് സൈനുദ്ദീന്‍ മഖ്ദും രണ്ടാമന്റെ ശവകുടീരത്തില്‍ പോയി പ്രാര്‍ഥിക്കുകയാണ്. കാരണം, കൊളോണിയല്‍ വിരുദ്ധ സമര സന്ദര്‍ഭങ്ങള്‍ അടയാളപ്പെടുത്തുന്ന ആദ്യകാല രചന നിര്‍വഹിച്ച പുണ്യ വ്യക്തിയുടെ ഭൗതീക ശരീരം അടക്കം ചെയ്ത കബര്‍ അവിടെയാണ്. കബറിടത്തില്‍ നിന്നും ഉരുവിടുന്ന വാക്കുകളില്‍ കൊളോണിയല്‍ ശക്തികളോടുള്ള രോഷവും അവര്‍ക്ക് മുന്നില്‍ അകപ്പെടുമ്പോള്‍ അനുഭവപ്പെടുന്ന ആകുലതയും പ്രകടമാണ്. കോയയുടെ ഓരോ സന്ദര്‍ശനവും, ഓരോ പ്രാര്‍ഥനയും പറങ്കികളെ തോല്‍പ്പിച്ച പ്രാദേശിക ചെറുത്തു നില്‍പ്പിന്റെ പാഠങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നതാണ്.

കോയ ലിബ്‌സനില്‍ എത്തിയ ശേഷമുള്ള സംഭവ വികാസങ്ങളും രാഷ്ട്രീയമായ മാനങ്ങള്‍ പ്രക്ഷേപിക്കുന്നതാണ്. അന്താരാഷ്ട്ര സെമിനാറായതിനാല്‍ അതിന്റെ സംഘാടന ചര്‍ച്ചകള്‍ മുതല്‍ കോയയുടെ പ്രഭാഷണ പരിഭാഷ, താമസ സൗകര്യം വരെയും പ്രഫസര്‍മാര്‍ ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഹാസ്യാത്മകമായി തോന്നുമെങ്കിലും പാശ്ചാത്യ മേല്‍ക്കോയ്മയെ നിലംപരിശാക്കുന്ന സംവാദങ്ങളാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ എന്നുവേണ്ട കോഴിക്കോട്ടു എയര്‍ പോര്‍ട്ടിലെങ്കിലും പോയ മുസ്‌ലിം നാമധാരികള്‍ക്ക് പലപ്പോഴും അനുഭവിക്കേണ്ടി വരുന്ന ഭരണകൂട ഭീകരതയുടെ ഹാസ്യാത്മകമായ അവതരണവും ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. കാരണം, ഈ ലേഖകനും സമാനമായ അനുഭവങ്ങള്‍ സ്വന്തം നാട്ടിലെ എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ ഉണ്ടായിട്ടുണ്ട്. ''പേരില്‍ മുഹമ്മദ് ഉള്ളത് കൊണ്ട് പതിവുപോലെ നഗ്‌നനാക്കി ദേഹപരിശോധന നടത്തുന്ന അനുഷ്ഠാനത്തിന് തുനിഞ്ഞെങ്കിലും യൂണിവേഴ്‌സിറ്റിയുടെ ക്ഷണപത്രം കണ്ടപ്പോള്‍ അവര്‍ ആ ഉദ്യമത്തില്‍ നിന്നും പിന്തിരിഞ്ഞു. പക്ഷേ, കേരളത്തിന്റെ ദേശീയ ഫലമായ ചക്കകൊണ്ടുള്ള മഞ്ഞക്കോലുകള്‍ അവര്‍ക്കൊരു സമസ്യയായി. മയക്കുമരുന്നു മാത്രം കണ്ടെത്തുന്ന നായകള്‍ പുതുഗന്ധത്തെ സ്വാഗതം ചെയ്തു നിര്‍ത്താതെ വാലാട്ടി. സ്‌കാനര്‍ കൊണ്ടും നേരിട്ടും പരിശോധിച്ചു രാസായുധമാണോ എന്നു തിട്ടപ്പെടുത്തുമ്പോള്‍ ഒരുദ്യോഗസ്ഥന്‍ അത് മണത്തു നോക്കി. ഗന്ധം ഇഷ്ടമായെങ്കിലും അത് രുചിച്ചു നോക്കാനുള്ള ധൈര്യം അയാള്‍ക്കുണ്ടായിരുന്നില്ല.''(പു.146)

ഭയവും ഭയപ്പെടുത്തലും ആശയാധികാര വ്യവസ്ഥയുടെ ഭാഗമാണ്. മുസ്‌ലിം പേരുകള്‍, മൂന്നാം ലോക രാജ്യങ്ങള്‍ മുതലായ പാശ്ചാത്യ അപര സ്വത്വങ്ങള്‍ കൂടുതലായി അനുഭവിക്കേണ്ടി വരുന്ന കടമ്പകള്‍ നര്‍മവും സര്‍കാസവും ചേര്‍ത്തു അവതരിപ്പിക്കുന്നത് വായിക്കുമ്പോള്‍ ചിരിക്കാനും ചിന്തിക്കാനും അവസരം കിട്ടുന്നു. (ബാപ്പയുടെ പേരിനൊപ്പം ഹാജി ഉള്ളത് കാരണം, ഹാജീ എത്ര സ്വര്‍ണമുണ്ടെന്ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും ഈ ലേഖകനോടു ചോദിച്ചതു വര്‍ഷങ്ങള്‍ക്ക് മുന്‍പു ഇ.എം.എസ്-എ.കെ.ജി അനുസ്മരണം നടത്തിയശേഷം തിരിച്ചു വരുമ്പോളാണ്. പിന്നീട് പാസ്സ്‌പോര്‍ട്ടിലെ അവസാന പുറത്തു യൂണിവേഴ്‌സിറ്റികാമ്പസ് അഡ്രസ്സ് കണ്ടപ്പോള്‍ ഭാഷ മയപ്പെട്ടതും കൃത്യം.)

ഫാഷിസ്റ്റുകള്‍ക്ക് ഇപ്പോള്‍ അവര്‍ ഫാഷിസ്റ്റുകളാണെന്നു ക്ലാസ്സിക്കല്‍ ഫാഷിസ്റ്റുകളെപ്പോലെ പറയാനോ ആ പരാമര്‍ശം കേള്‍ക്കാനോ താല്‍പര്യമില്ല. കാരണം, ഹിറ്റ്‌ലര്‍-മുസ്സോളിനിമാരുടെ കാലത്തില്‍ നിന്നും വിഭിന്നമാണ് വര്‍ത്തമാന ലോകാവസ്ഥ. ഫാഷിസത്തിനെതിരായ എല്ലാ സംസാരങ്ങളും റദ്ദ് ചെയ്യേണ്ടത് ഭരണകൂടത്തിന്റെയും ഭരണകൂട പ്രത്യയ ശാസ്ത്രം പിന്തുടരുന്നവരുടെയും ആവശ്യമാണ്. എന്നാല്‍, ഫാഷിസത്തിനെതിരായി സംസാരിച്ചുകൊണ്ടിരിക്കുകയും അതിനെ ചെറുക്കാന്‍ ബഹുസംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ടത് വിമോചനത്തിന് അനിവാര്യവുമാണ്.

ലിബ്‌സന്‍ എയര്‍പോര്‍ട്ടിലെ സ്വീകരണത്തിന് ശേഷം കോയയെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് കൊണ്ടുപോയെങ്കിലും കോയ അവിടെ നില്‍ക്കാന്‍ വിസമ്മതിച്ചു. പിന്നീടുള്ള ദിവസങ്ങള്‍ സംഭവ ബഹുലമാണ്. സെമിനാര്‍ സംഘാടകയായ ഓഡറ്റു കോയയെയും കൊണ്ട് ആകെ പരിഭ്രമത്തിലായി. പരിഭാഷകയായ മലയാളി നീനയും കോയയും സൗഹൃദത്തിലും സ്‌നേഹ വാത്സസല്യത്തിലുമായിത്തീരുന്ന സംഭാഷണങ്ങള്‍ നോവലിന് ജീവന്‍ നല്‍കുന്നു. എങ്കിലും നീന അവളുടെ വസ്ത്രധാരണം, പുകവലി, മദ്യപാനം മുതലായ സ്വാഭാവങ്ങളിലൂടെ കോയയെ അസ്വസ്ഥമാക്കുന്നുണ്ട്. അതിനെക്കാളുപരി ഫുട്‌ബോള്‍ താരം റൊണാള്‍ഡോ കോയയെ കാണാനെത്തിയപ്പോള്‍ നീന അവളുടെ മാറിടത്തില്‍ അയാളുടെ ഒപ്പ് വാങ്ങിയത് കോയക്കു ഉള്‍ക്കൊള്ളാനാവാത്ത സംസ്‌കാര വൈരുധ്യമായി നിലനിന്നു.

സാവന്നയുടെ മരണമാണ് നോവലിലെ മറ്റൊരു വഴിത്തിരിവ്. ലിബ്‌സനിലെ കോയയുടെ പരിഭാഷകയും സഹായിയുമായ നീനയുടെ സുഹൃത്ത് സാവന്ന നവ ഫാഷിസ്റ്റ് ഭരണത്തിനെതിരെ നടത്തിയ സമരത്തിന്നിടയില്‍ കൊല്ലപ്പെടുന്നു. അവളുടെ അനുസ്മരണത്തില്‍ കോയ പങ്കെടുക്കുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം, മാധ്യമങ്ങള്‍, അഭിമുഖങ്ങള്‍ അങ്ങിനെ കാര്യങ്ങള്‍ കലങ്ങിമറിയുന്നു. കോയയുടെ യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം നിരീക്ഷിക്കാന്‍ വന്ന രണ്ടു പൊലീസുകാര്‍ അലസമായിരുന്നു മയങ്ങുകയായിരുന്നു. എങ്കിലും കോയ പ്രഭാഷണത്തിനിടയില്‍ നവഫാഷിസം എന്നു ഉച്ചരിച്ചപ്പോള്‍ പൊലീസുകാര്‍ പെട്ടെന്നു ഉണര്‍ന്ന് ജാഗ്രതയോടെ ഇരിക്കുന്നു. സെമിനാര്‍ഹാളിലെ ഈ ഒരു സന്ദര്‍ഭം എവിടേയും പ്രസക്തമായ രാഷ്ട്രീയ മാനമുള്ള പെരുമാറ്റമാണ്. ഫാഷിസ്റ്റുകള്‍ക്ക് ഇപ്പോള്‍ അവര്‍ ഫാഷിസ്റ്റുകളാണെന്നു ക്ലാസ്സിക്കല്‍ ഫാഷിസ്റ്റുകളെപ്പോലെ പറയാനോ ആ പരാമര്‍ശം കേള്‍ക്കാനോ താല്‍പര്യമില്ല. കാരണം, ഹിറ്റ്‌ലര്‍-മുസ്സോളിനിമാരുടെ കാലത്തില്‍ നിന്നും വിഭിന്നമാണ് വര്‍ത്തമാന ലോകാവസ്ഥ. ഫാഷിസത്തിനെതിരായ എല്ലാ സംസാരങ്ങളും റദ്ദ് ചെയ്യേണ്ടത് ഭരണകൂടത്തിന്റെയും ഭരണകൂട പ്രത്യയ ശാസ്ത്രം പിന്തുടരുന്നവരുടെയും ആവശ്യമാണ്. എന്നാല്‍, ഫാഷിസത്തിനെതിരായി സംസാരിച്ചുകൊണ്ടിരിക്കുകയും അതിനെ ചെറുക്കാന്‍ ബഹുസംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ടത് വിമോചനത്തിന് അനിവാര്യവുമാണ്. അവിടെയാണ് നമ്മുടെ സെക്കുലര്‍ ബുദ്ധിജീവികള്‍ പോലും പതറിപ്പോകുന്നത്. അതുകൊണ്ടു തന്നെ കേരളീയ പൊതുമണ്ഡലത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധത്തിലെ മുന്നണിപ്പോരാളിയായ കെ.ഇ.എന്റെ ആമുഖം ഈ നോവലില്‍ പ്രസക്തവുമാണ്.

സാമ്രാജ്യത്വ സയണിസ്റ്റ് അച്ചുതണ്ടിലാണു ഇന്ന് അധിനിവേശങ്ങളും വംശഹത്യകളും അരങ്ങ് തകര്‍ക്കുന്നത്. നവ ഫാഷിസം സമ്പത്തു കൊണ്ട് മാത്രമളക്കാന്‍ കഴീയുന്ന പ്രതിഭാസമല്ല. ഇഹ്‌സന്‍ ജാഫ്രി പാവപ്പെട്ടവനോ മത വര്‍ഗീയവാദിയോ ആയിരുന്നില്ല. രാജ്യം വിട്ടു പോകേണ്ടിവന്ന എം.എഫ് ഹുസൈന്‍ ഒരു ചെറിയ കലാകാരനും ആയിരുന്നില്ല. ആശയാധികാര വ്യവസ്ഥയെക്കുറിച്ചും കീഴാളത്തത്തെ സംബന്ധിച്ചും അന്റോണിയോ ഗ്രാംഷി മുസോളിനിയുടെ തടവറയില്‍ നിന്നും എഴുതിവെച്ച കൃതികളുടെ പിന്‍ബലം കൂടിയുണ്ടെങ്കില്‍ മാത്രമേ ഇന്ന് ആശയങ്ങള്‍ കൊണ്ടു സമൂഹത്തെ കീഴടക്കുന്നത് നമുക്ക് പ്രതിരോധിക്കാന്‍ കഴിയൂ.

ബഹുസംസ്‌കാരം എന്നത് സോവിയറ്റ് അനന്തര ലോകത്ത് ഏറെ പ്രസക്തി നേടിയ ഒരു സംസ്‌കാര രാഷ്ട്രീയമാണ്. ആധുനികതയോടൊപ്പം വളര്‍ന്നുവന്ന സെക്കുലര്‍ മതരഹിത കാഴ്ചപ്പാടുമായി ബഹുസംസ്‌കാര രാഷ്ട്രീയം പലപ്പോഴും സംഘര്‍ഷത്തിലാണ്. മതാധികാര രാഷ്ട്രീയത്തിനും ബഹുസംസ്‌കാര രാഷ്ട്രീയം സ്വീകാര്യമാകാറില്ല. ആധുനികോത്തര ദര്‍ശനങ്ങളുടെ വിമര്‍ശകനായിട്ടും മാര്‍ക്‌സിസ്റ്റ് ദാര്‍ശനികനായ ടെറി ഈഗ്ലെടന്‍ സംസ്‌കാരത്തിലെ വൈവിധ്യങ്ങളും വിശ്വാസപരമായ ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കുന്ന രണ്ടു പുസ്തകങ്ങള്‍ എഴുതിയത് ശ്രദ്ധേയമാണ്. (Terry Eagleton, Idea of Culture, Reaosn Faith and Revolution). വാസ്തവത്തില്‍ കോയ ഇടക്കിടെ ''ലക്കും ദീനുക്കും വലിയദീന്‍'' എന്നു ആവര്‍ത്തിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്കു എന്റെ മതം എന്ന ഖുറാനിലെ സൂറത്തുല്‍ കാഫിറൂനിലെ ഈ അവസാന വാചകം മക്കയിലെ ഇതര വിശ്വാസികളുമായി മുഹമ്മദ് നബി കരാറില്‍ ഏര്‍പ്പെടുന്ന സന്ദര്‍ഭത്തില്‍ അവതരിപ്പിച്ചതാണ്. വംശീയ വിദ്വേഷവും തീവ്ര വലതുപക്ഷവും ചേര്‍ന്ന് നവ ഫാഷിസം തിരിച്ചു വരുന്ന സന്ദര്‍ഭത്തില്‍ യൂറോപ്പിലെ വംശീയ വിദ്വേഷത്തെ പ്രശ്‌നവത്കരിച്ചു കൊണ്ട് ബഹുസ്വരതയിലേക്ക് കോയ നമ്മുടെ ചിന്തയെ നയിക്കുകയാണ്.


''ഒരു യഹൂദന്റെ ശരീരത്തില്‍ എവിടെ സ്പര്‍ശിച്ചാലും നിങ്ങള്‍ക്കൊരു മുറിവ് കണ്ടെത്താനാവും എന്നാണ് കസാന്റ്‌സാകീസു പറഞ്ഞത്.'' ''അത് പണ്ടാ ഇപ്പം മുസ്‌ലിമിന്റെ മേത്താ മുറിവ്'' നീനയും കോയയും തമ്മിലുള്ള ഈ സംവാദം വര്‍ത്തമാനകാല ഇസ്‌ലാമോഫോബിയയിലേക്കാണു കൃത്യമായി നമ്മെ നയിക്കുന്നത്. എങ്ങിനെയാണോ റഷ്യന്‍ വിപ്ലവാനന്തരം തീവ്ര വലതുപക്ഷം ജൂത വിരോധം ലോകത്ത് കരുപ്പിടിപ്പിച്ചത് അതേ രീതിയിലാണ് സോവിയറ്റ് തകര്‍ച്ചക്ക് ശേഷം ഇസ്‌ലാമോഫോബിയയും ചോംസ്‌കിയുടെ പുസ്തകത്തില്‍ പറയുന്നപോലെ ''തിന്മയുടെ അച്ചുതണ്ടും'' ഉണ്ടാക്കിക്കൊണ്ടു അധിനിവേശത്തിനു വേണ്ട യുക്തി സാമ്രാജ്യത്വ ആശയാധികാര വ്യവസ്ഥയുടെ (Imperial Hegemony) ഭാഗമാക്കിയത്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും സംസ്‌കാര സംഘര്‍ഷം എന്നപേരില്‍ ശത്രുപക്ഷത്ത് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിഷ്ടിക്കപ്പെട്ടത് ശീത യുദ്ധാനന്തര പ്രതിഭാസമാണ്.

ചരിത്രപരമായി പരിശോധിച്ചാല്‍ ആന്റി സെമെറ്റിസം ഹിറ്റ്‌ലെറോ മുസ്സോളിനിയോ തുടങ്ങിയതല്ല. 1843 ലാണ് കാള്‍ മാര്‍ക്‌സ് ജൂത പ്രശ്‌നം (The Jewish Question) എഴുതുന്നത്. അതിലെ ആദ്യ വാചകം ഇതാണ്, ''ജര്‍മനിയിലെ ജൂതര്‍ വിമോചനം ആഗ്രഹിക്കുന്നു. ഏത് തരത്തിലുള്ള വിമോചനമാണ് അവര്‍ ആഗ്രഹിക്കുന്നത്? സാമൂഹികവും, രാഷ്ട്രീയവും.'' ബ്രൂണോ ബോയര്‍ക്കുള്ള മറുപടിരൂപത്തിലാണ് മാര്‍ക്‌സ് ഇതെഴുതുന്നത്. ബ്രൂണോ ബോയര്‍ ജൂതരോടു അവരുടെ മതവും സംസ്‌കാരവും ഉപേക്ഷിച്ചു ജര്‍മന്‍കാരവാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങിനെ ചെയ്ത ശേഷം ക്രിസ്ത്യാനികളോടും അതുപോലെ മാറാന്‍ ആവശ്യപ്പെടാമെന്നായിരുന്നു ബോയറുടെ വാദം. എന്നാല്‍, ബോയര്‍ക്കുള്ള മറുപടിയില്‍ ബോയര്‍ മുന്നോട്ട് വെക്കുന്ന മനുഷ്യന്‍ ''അമൂര്‍ത്തവും കൃത്രിമവുമാണെന്ന്''(abstract and artificial) മാര്‍ക്‌സ് വിമര്‍ശിക്കുന്നുണ്ട്. മാര്‍ക്‌സ് ആധുനിക സെക്കുലര്‍ സങ്കപത്തിലാണ് ബോയറെ വിമര്‍ശിച്ചത്. എങ്കിലും ജൂതരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്‌ലറുടെ കിരാതത്വത്തിന് ശേഷം മാര്‍ക്‌സിന് ഭൂരിപക്ഷ/ന്യൂനപക്ഷ വൈരുധ്യത്തെ സംബോധന ചെയ്യാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഉണ്ടായിട്ടുണ്ട്.

ഹിറ്റ്‌ലര്‍ ജൂതരെ കൂട്ടക്കശാപ്പ് നടത്തുന്നതിന് നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബോയറും മാര്‍ക്‌സും തമ്മിലുള്ള സംവാദം നടക്കുന്നത്. ഹിറ്റ്‌ലറുടെ മുഖ്യ ലക്ഷ്യം ജൂത സമുദായമായിരുന്നെങ്കിലും തടവറയിലെ ഏറ്റവും പീഡിതരും അവശരുമായി മരണം കാത്തു കിടന്നവരെ മുസല്‍മാന്‍ എന്നാണ് പരാമര്‍ശിച്ചത്. ഇക്കാര്യം ഹിറ്റ്‌ലറുടെ ആത്മഹത്യയെതുടര്‍ന്ന് ഫാഷിസ്റ്റ് ഭരണം തകര്‍ന്ന ശേഷം തടവില്‍ നിന്നു രക്ഷപ്പെട്ട രസതന്ത്രജ്ഞനായ പ്രിമോ ലിവിയുടെ പുസ്തകത്തെ അധികരിച്ചാണ് അഗമ്പെന്‍ പരിശോധിക്കുന്നത്. പാശ്ചാത്യ ആശയാധികാര വ്യവസ്ഥയില്‍ നീഗ്രോ, ജൂതര്‍, മുസ്‌ലിം മുതലായ സമൂഹ ഗണങ്ങളോട് നിലനിര്‍ത്തിയ അപര വിദ്വേഷത്തിന്റെ വേരുകളിലേക്കാണ് നമ്മള്‍ ഇന്ന് ഇറങ്ങി ചെല്ലേണ്ടത്. കാരണം, സാമ്രാജ്യത്വ സയണിസ്റ്റ് അച്ചുതണ്ടിലാണു ഇന്ന് അധിനിവേശങ്ങളും വംശഹത്യകളും അരങ്ങ് തകര്‍ക്കുന്നത്. നവ ഫാഷിസം സമ്പത്തു കൊണ്ട് മാത്രമളക്കാന്‍ കഴീയുന്ന പ്രതിഭാസമല്ല. ഇഹ്‌സന്‍ ജാഫ്രി പാവപ്പെട്ടവനോ മത വര്‍ഗീയവാദിയോ ആയിരുന്നില്ല. രാജ്യം വിട്ടു പോകേണ്ടിവന്ന എം.എഫ് ഹുസൈന്‍ ഒരു ചെറിയ കലാകാരനും ആയിരുന്നില്ല. ആശയാധികാര വ്യവസ്ഥയെക്കുറിച്ചും കീഴാളത്തത്തെ സംബന്ധിച്ചും അന്റോണിയോ ഗ്രാംഷി മുസോളിനിയുടെ തടവറയില്‍ നിന്നും എഴുതിവെച്ച കൃതികളുടെ പിന്‍ബലം കൂടിയുണ്ടെങ്കില്‍ മാത്രമേ ഇന്ന് ആശയങ്ങള്‍ കൊണ്ടു സമൂഹത്തെ കീഴടക്കുന്നത് നമുക്ക് പ്രതിരോധിക്കാന്‍ കഴിയൂ. ഗഫൂര്‍ അറക്കല്‍ അതിനുവേണ്ട പ്രതിരോധാത്തിന്റെ ഒരു വഴിവെട്ടിയാണ് ഈ ലോകത്തോട് അകാലത്തില്‍ വിട പറഞ്ഞത്. ആ വഴി ഇനി സൈ്വര ജീവിതം ആഗ്രഹിക്കുന്ന ആര്‍ക്കും എളുപ്പം ഉപേക്ഷിക്കാന്‍ കഴിയില്ല.





Similar Posts