ഫലസ്തീന്‍ കവി നജുവാന്‍ ദര്‍വിഷിന്റെ മൂന്നു കവിതകള്‍
|| കവിത
ഞാന്‍ മണ്ണിനെ എഴുതുന്നു
എനിക്ക് പിറന്ന മണ്ണിനെ എഴുതണം
മണ്ണ് തന്നെയാകണം അതിന്റെ വാക്കുകള്‍
പക്ഷേ ഞാന്‍
അറബികളാല്‍ വിസ്മരിക്കപ്പെട്ട്
റോമാക്കാര്‍ കൊത്തിയെടുത്ത ഒരു പ്രതിമ മാത്രം.
അധിനിവേശ ഭീകരത
എന്റെ അറ്റുപോയ കൈ അപഹരിച്ച് മ്യൂസിയത്തില്‍ പതിച്ചു വച്ചു.
എന്നാലും
എനിക്കെഴുതണം
ഞാന്‍ പിറന്ന മണ്ണ്
എവിടെയുമുണ്ടെന്റെ വാക്കുകള്‍
മൗനമാണ് എന്റെ കഥ.
**************
വെടിയൊച്ചകളുടെ അവസാനം
നാളെ ആരും നിങ്ങളെ അറിയുകയില്ല
വെടിയൊച്ച നിലച്ചിരിക്കുന്നു.
നിങ്ങളുടെ ഹൃത്തടത്തില്‍ പുനരാരംഭിക്കുവാന്‍ വേണ്ടി മാത്രം.
നിര്‍മിതികള്‍ മുഴുവന്‍ തകര്‍ന്ന് നിലം പതിച്ചു
ദിങ് മണ്ഡലം കത്തി ദഹിക്കുന്നു
നിങ്ങളുടെ ഉള്ളിനെ ഉല്‍ക്കടമാക്കുന്ന
തീ പടര്‍ത്താന്‍ മാത്രം,
കല്ലുകള്‍ പോലും വെന്തുരുക്കുന്ന
തീജ്വാലകള്‍.
കൊല്ലപ്പെട്ടവര്‍ നിദ്രയില്‍ ആണ്ടിറങ്ങി,
പക്ഷേ ഉറക്കം ഒരിക്കലും നിങ്ങളെ തേടി വരില്ല -
എക്കാലവും ഉണര്‍ന്നിരിക്കുക,
ഉന്നിദ്രമാവുക
ഈ മഹാശിലകള്‍,
അപഗമിക്കപ്പെട്ട ദൈവങ്ങളുടെ മിഴിനീര്‍, തകര്‍ന്നു പൊടിയുന്നതു വരെ
ക്ഷമ
അതിരു കണ്ടിരിക്കുന്നു,
കാരുണ്യം ചോര വാര്‍ന്ന്
കാലത്തിനു വെളിയിലാണ്.
നിങ്ങളെ ഇപ്പോള്‍ത്തന്നെ ആരുമറില്ല
നാളെയും ആരുമുണ്ടാകില്ലറിയാനും.
ബോംബുകള്‍ പതിക്കുന്നിടത്ത്, നട്ടുപിടിപ്പിക്കപ്പെട്ട വൃക്ഷങ്ങള്‍ പോലെ ശ്വസനമറ്റവര്‍ നിങ്ങള്‍.
മുറിയില്‍ ദുഃഖം വാര്‍ന്നൊഴുകുന്നു.
ഞാനൊരു പ്രേതാത്മാവെന്നപോലെ
പ്രവേശിക്കുന്നു.
ബോംബ് വര്‍ഷ മദ്ധ്യേ
നിങ്ങള്‍ നട്ടുവളര്‍ത്തിയ
കൈവെടിയപ്പെട്ട നിങ്ങളുടെ വീടുകളില്‍.
******************
പ്രാണ വായുവിന്റെ നിഷേധം
മുറികളില്‍ വിഷാദം അണപൊട്ടുമ്പോള്‍ ഞാന്‍ പ്രേതാത്മാവായി
കുടിയിറക്കപ്പെട്ട നിങ്ങളുടെ വീടുകളില്‍ പ്രവേശിക്കുന്നു
പ്രാണനും കയ്യിലേന്തി.
എന്റെ കെടുതികളില്‍ നടന്നും, അതിനിദ്രയിലാണ്ടും,
വിജനതക്കും
എന്റെ ഏകാന്തതക്കും ഒപ്പം നടന്നെത്തുക എത്ര നിരുന്മേഷകരം.
എനിക്കുമേല്‍ അമര്‍ന്ന് എന്നെ ഭാരപ്പെടുത്തുന്നു - ഈ ഉപേക്ഷിക്കപ്പെട്ട വീടുകള്‍,
അവിടെ നിറയുന്ന വിജനത
ഞാന്‍ കടന്നുചെന്നു
അവരുടെ
തകര്‍ന്ന ഹൃദയത്തിലേക്ക് ആസന്നമരണത്തിലേക്ക്....
പേര്‍ഷ്യന്‍, അറബ്, ബൈസാന്റണ്‍
ആര്‍ക്കും എന്നെ തൊട്ടറിയാനാകില്ല.
ഞാനെന്നും ചരിത്രത്തിന്റെ
ഉള്‍സാരങ്ങളില്‍ ഇടമില്ലാത്തവനോ?
എന്റെ വീഥികളില്‍ നിന്നും ചരിത്രം എങ്ങനെ അപ്രത്യക്ഷമായി -
നൊടിയിട ലോകത്തെ പുറത്തേക്ക് വിടര്‍ത്തുന്ന കവിതകള്‍?
നിങ്ങളെല്ലാവരും പിന്നെയെങ്ങനെ നഷ്ടോന്മുഖരായി?
എന്റെ വിനാശത്തിന്റെ ഓഹരി പറ്റി
പിന്നെ ഭൂതകാലത്തില്‍ ഉപേക്ഷിക്കപ്പെട്ടു,
അടയാളപ്പെടാത്ത ഉപഗ്രഹം -
എനിക്ക് വേണ്ടി ഒഴിച്ചിട്ട് എന്നില്‍
അതിന്റെ ഭാരം ചുമത്തി.
ഞാന്‍ വിടചൊല്ലിയെങ്കില്‍ ഇവിടെ ആരുമേ
ഉണ്ടാകുമായിരുന്നില്ല
ശൂന്യതയല്ലാതെ,
എന്റെ സ്വരം വിഴുങ്ങുന്ന അതിന്റെ പരുഷ മുഴക്കങ്ങളല്ലാതെ.
വിവര്‍ത്തനം: പി.എ പ്രേംബാബു