Art and Literature
ചുരുളഴിയാത്ത രഹസ്യങ്ങള്‍ | ലിവിങ് ടുഗെതര്‍ - നോവല്‍
Art and Literature

ചുരുളഴിയാത്ത രഹസ്യങ്ങള്‍ | ലിവിങ് ടുഗെതര്‍ - നോവല്‍

അനിത അമ്മാനത്ത്
|
9 May 2024 12:35 PM GMT

ലിവിങ് ടുഗെതര്‍ - നോവല്‍ | അധ്യായം 16

'ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ മൃദുലയ്ക്ക് വിവാഹത്തിന് മുമ്പ് ഒരു പ്രേമബന്ധം ഉണ്ടായിരുന്നു. പക്ഷേ, അതിന്റെ വ്യാപ്തി എല്ലാ തലത്തിലും കൈവിട്ട് പോയതായിരുന്നു. അത് നാട് മുഴുവന്‍ അറിഞ്ഞ് നാണം കെട്ടതാണ്. അവന്‍ കെട്ടിയില്ലെങ്കില്‍ കുടുംബത്തോടെ കെട്ടിത്തൂങ്ങി ചാകേണ്ടിവരുമെന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് പ്രിയദര്‍ശന്‍, അതായത് കണ്ണന്‍ വിവാഹം കഴിക്കാന്‍ തയ്യാറായത്. ഇപ്പോള്‍ അവന്‍ മൃദുലയുടെ വിവാഹപൂര്‍വ്വബന്ധവും പറഞ്ഞാണ് ഞങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നത്. അവന്റെ ആഗ്രഹം പോലെ വീട്ടിലെ കാര്യങ്ങള്‍ സംഭവിക്കണമെന്ന വാശിയിലാണ് അവന്‍. അതായത് ഞങ്ങളുടെ വീടിന്റെ കടിഞ്ഞാണ്‍ അവന്റെ കൈയിലാണ്. ഇപ്പോള്‍ അവന് ആവശ്യം നഥാന്റെ ജീവിതത്തില്‍ നിന്നും അവന്റെ ഭാര്യയെ ഒഴിവാക്കുക എന്നതാണ്. ചുരുക്കി പറഞ്ഞാല്‍ അവന്റെ അളിയന് കുടുംബജീവിതം ഉണ്ടാകരുത്. ഇത് നടപ്പിാക്കി കൊടുത്തില്ലെങ്കില്‍ ഞങ്ങളുടെ മകളെ ഉപേക്ഷിക്കുമോ എന്ന് ഭയമാണ്. അതുകൊണ്ടുതന്നെ അവന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് നിന്നു കൊടുക്കുന്നു.'

'സത്യത്തിന്റെ മുഖം എത്ര വികൃതമാണ് അല്ലേ ചന്ദ്രികാ?'

ഇതെല്ലാം സത്യമാണെന്ന് പറയാന്‍ ചന്ദ്രികയുടെ നാവ് കൊതിക്കുന്നുണ്ടെങ്കിലും അവള്‍ മൗനം പാലിച്ചു. എന്തിനോ വേണ്ടി തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ എവിടെ ചെന്ന് നില്‍ക്കുന്നു എന്ന് ഒരു പിടുത്തവും കിട്ടുന്നില്ല. കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുന്നു.

ചന്ദ്രികയേക്കാള്‍ വേഗത്തില്‍ ആയിരുന്നു ബാഹുലേയന്റെ കുറ്റസമ്മതം. പൊലീസുകാരുടെ മുന്നില്‍ ചന്ദ്രികയുടെ അത്ര പോലും പ്രതിരോധം തീര്‍ക്കാതെ എല്ലാ സത്യങ്ങളും സമ്മതിച്ചു. തുറന്നു പറയേണ്ട കാര്യങ്ങള്‍ എല്ലാം തുറന്നു പറയാന്‍ ബാധ്യസ്ഥനായി. എങ്ങനെയെങ്കിലും ഈ ഊരാക്കുടുക്കില്‍ നിന്നും രക്ഷപ്പെടണം എന്ന ചിന്ത മാത്രമേ അയാള്‍ക്ക് ഉണ്ടായിരുന്നുള്ളൂ.

ചന്ദ്രിക നിര്‍ത്തിയ ഇടത്തു നിന്നും പൊലീസ് ബാഹുലേയനിലേക്ക് തിരിഞ്ഞു.

'വിവാഹത്തിന് മുമ്പ് തന്നെ അവള്‍ക്ക് അലന്‍ എന്ന യുവാവുമായി പ്രേമബന്ധം ഉണ്ടായിരുന്നു. അവനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് അവള്‍ വാശി പിടിച്ചു. മറ്റൊരു മതത്തില്‍പ്പെട്ട ഒരാളെ വിവാഹം ചെയ്യുന്നതിന് ഞങ്ങള്‍ എതിര്‍ത്തു. സമുദായത്തില്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന നിലയും വിലയും നഷ്ടപ്പെടുന്നുമെന്ന് ഞാനും ചന്ദികയും ഭയന്നു. പഠനത്തില്‍ മിടുക്കിയായ അവളുടെ അടുത്ത് ഉപദേശങ്ങള്‍ ഒന്നും വിലപ്പോയില്ല. അലനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കോട്ടയത്തെ അറിയപ്പെടുന്ന വലിയൊരു ക്രിസ്ത്യാനി കുടുംബത്തിലെ അംഗമാണെന്ന് അറിഞ്ഞു. മകളുടെ കൂടെ ജോലി ചെയ്യുന്ന ഒരാള്‍. അവന്റെ വീട്ടിലേക്ക് എന്റെ ഒന്ന് രണ്ട് ബന്ധുക്കളെ ഞങ്ങള്‍ പറഞ്ഞയച്ചു. അവര്‍ ഇരുവരേയും ഈ ബന്ധത്തില്‍ നിന്നും വിലക്കാന്‍ വേണ്ടിയായിരുന്നു അത്. അവന്റെ അച്ഛനും അമ്മയും ഈ ബന്ധത്തിനെ വളരെയേറെ ശക്തമായി തന്നെ എതിര്‍ക്കുകയും ചെയ്തു.'

' സഭയും പള്ളിയും പട്ടക്കാരെയും ഒന്നും വിട്ടു തന്റെ മകനെ മറ്റൊരു മതത്തില്‍പ്പെട്ട ഒരുത്തിയുമായി വിവാഹം നടത്താന്‍ അവര്‍ തയ്യാറായിരുന്നില്ല. പിന്നീട് ഒന്ന് രണ്ട് തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വളരെ രൂക്ഷമായാണ് ആ സ്ത്രീ സംസാരിച്ചത്. എന്നിട്ടും മൃദുല പിന്‍മാറാന്‍ തയ്യാറാകാതെ വന്നപ്പോള്‍ ചന്ദ്രിക അവസാന അടവ് തന്നെ പ്രയോഗിക്കാന്‍ തീരുമാനിച്ചു. ആത്മഹത്യാ ഭീഷണിയായിരുന്നു അത്. ചന്ദ്രികക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ടും ട്രീറ്റ്‌മെന്റും മരുന്നും എല്ലാം ഉള്ളതുകൊണ്ടും ഇതില്‍ മൃദുല വീഴുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. ഈ വിവാഹത്തില്‍ നിന്നും പിന്‍വാങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ എല്ലാവരും കെട്ടിത്തൂങ്ങി ചാകുമെന്ന് ചന്ദ്രിക ഭീഷണി മുഴക്കി. നീ അവന്റെ കൂടെ ഈ ഭൂമിയുടെ ഏത് അറ്റത്ത് പോയി താമസിച്ചാലും അവിടെ ഞങ്ങള്‍ വരുമെന്നും അവര്‍ താമസിക്കുന്നിടത്തിന്റെ മുമ്പില്‍ മൂന്നു പേരും ആത്മഹത്യ ചെയ്യുമെന്നും ആജീവനാന്തം നിനക്ക് സമാധാനമോ സൈ്വര്യമോ തരില്ല എന്നും ചന്ദ്രിക വീറോടെയും വാശിയോടെയും വിളിച്ചുപറഞ്ഞു. അവള്‍ പറഞ്ഞത് മാത്രം അനുസരിച്ച് ശീലിച്ച എനിക്കും എന്റെ മകനും അതിനെ പിന്താങ്ങുകയല്ലാതെ മറ്റ് വഴികള്‍ ഇല്ലായിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ അമ്മയുടെ ഭ്രാന്തിനെക്കുറിച്ച് അറിയുന്ന മകള്‍ ആ ബന്ധത്തില്‍ നിന്നും പിന്മാറി. എന്നാല്‍, പിന്നീട് ഒരിക്കല്‍ അവളുടെ ജോലിസ്ഥലത്തേക്ക് മുന്നറിയിപ്പില്ലാതെ ഞങ്ങള്‍ ചെന്നപ്പോഴാണ് മൃദുല ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന് മനസ്സിലായത്. വിവാഹം കഴിക്കില്ല എന്ന് മാത്രമല്ലേ അവള്‍ ഞങ്ങളോട് വാഗ്ദാനം ചെയ്തത്. വിവാഹം കഴിക്കാതെ ഭാര്യ-ഭര്‍ത്താക്കന്മാരെ പോലെ ജീവിക്കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ? അന്നവിടെ കണ്ട കാഴ്ചയില്‍ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.' ബാഹുലേയന്‍ നെഞ്ചില്‍ തടവി കരഞ്ഞു കൊണ്ടിരുന്നു.

മേശപ്പുറത്ത് ഇരുന്നിരുന്ന വെള്ളം കുടിച്ചിട്ടും അയാള്‍ കിതക്കുകയായിരുന്നു. അയാള്‍ കുഴഞ്ഞു വീഴുമോ എന്ന് പൊലീസുകാര്‍ ഭയപ്പെട്ടു.

'സര്‍... ഞാനൊരു ഷുഗര്‍ പേഷ്യന്റ് ആണ്. എനിക്ക് മധുരമുള്ള എന്തെങ്കിലും...'

'എടോ... ഇയാള്‍ക്ക് ചായ ഏര്‍പ്പാട് ആക്ക്. അല്ലെങ്കില്‍ മകളുടെ കഥ മുഴുവന്‍ പറയാന്‍ ഇയാള്‍ ഉണ്ടാകില്ല.'

ഒരു പൊലീസുകാരന്‍ ഉടന്‍ തന്നെ വാതില്‍ തുറന്ന് പുറത്തേക്ക് പോയി. ചായ കുടിച്ച് പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ അയാള്‍ മൊരട് അനക്കി.

'ഇനി എന്തെല്ലാം പുലിവാലുകള്‍ സമുദായം ഉണ്ടാക്കുമെന്ന് ഓര്‍ത്ത് അവളെ നിര്‍ബന്ധിച്ചു എനിക്ക് വീട്ടിലേക്ക് കൊണ്ടുവരേണ്ടി വന്നു. അവനുവേണ്ടി അവള്‍ കുറെ പട്ടിണി കിടന്നു, യുദ്ധം ചെയ്തു. അങ്ങനെ ഞാന്‍ അവളോട് പറഞ്ഞു, 'എന്തായാലും അവനുമായി ഒരുമിച്ച് ജീവിതം തുടങ്ങിയവളല്ലേ നീ. എങ്കില്‍ ഒരു കാര്യം ചെയ്യാം, നീ അവന്റെ കൂടെ തന്നെ പോക്കോ, ഇഷ്ടം പോലെ ജീവിച്ചോ. പക്ഷേ, ഒന്നുമാത്രമുണ്ട് ഈ വീട്ടില്‍ നിന്നും നയാ ചില്ലി കാശോ സ്വര്‍ണമോ നിനക്ക് ഞങ്ങള്‍ മാറ്റി വയ്ക്കില്ല. ഒന്നും നിനക്ക് തരില്ല. പുകഞ്ഞ കൊള്ളി ഇനി മുതല്‍ പുറത്ത് തന്നെ. ഇതിനെ ഒരു വര്‍ഗീയ കലാപം ആക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഈ നാട്ടില്‍ എല്ലാവരും എല്ലാം അറിഞ്ഞു. കുടുംബത്തിന് പോകാനുള്ള മാനം പോയി കഴിഞ്ഞു. സമുദായത്തിന്റെ മുന്‍പില്‍ എന്തായാലും വിലയില്ലാതായി കഴിഞ്ഞു. അതുകൊണ്ടുതന്നെ കൊള്ളാവുന്ന ഒരു കുടുംബത്തില്‍ നിന്നും നിനക്ക് ഇനിയൊരു നല്ല കല്യാണ ആലോചന വരില്ല. മറ്റൊരുത്തന്റെ കൂടെ കല്യാണത്തിന് മുമ്പ് അഴിഞ്ഞാടി നടന്ന് പൊറുത്തവള്‍ എന്ന പേരുദോഷമുള്ള നിന്നെ ഇവിടെ ആര്‍ക്കും വേണ്ട. നിന്നെ ഇനി ഞങ്ങള്‍ പിടിച്ചുനിര്‍ത്തിയാല്‍ നീ ഇവിടെനിന്ന് മുരടിച്ച് പോവുകയേ ഉള്ളൂ. ഇനി മറ്റൊരുത്തന് കെട്ടിച്ച് കൊടുത്താല്‍ തന്നെയും അത് വഞ്ചനയാണ്. അതുകൊണ്ട് നീ വന്നിടത്തേക്ക് തന്നെ മടങ്ങിപ്പോക്കോ. പിന്നീട് നീയായി നിന്റെ പാടായി.'

അവള്‍ പോകുമെന്നായിരുന്നു ഞങ്ങളുടെ എല്ലാം പ്രതീക്ഷ. എന്നാല്‍, അവള്‍ക്കാവശ്യം ഞാന്‍ അദ്ധ്വാനിച്ച് ഉണ്ടാക്കിയ പൈസയും വിവാഹത്തിന് വേണ്ടി ഞങ്ങള്‍ കരുതിവച്ചിരുന്നു സ്വര്‍ണ്ണവും സ്വത്തും എല്ലാം ആയിരുന്നു.

'എന്തായാലും എന്റെ വിവാഹത്തിന് വേണ്ടി മാറ്റിവെച്ച സ്വര്‍ണമില്ലേ, അതും എനിക്ക് അവകാശപ്പെട്ടതും തന്നാല്‍ ഞാന്‍ ഇവിടെ നിന്ന് പൊക്കോളാം.' അവള്‍ പറഞ്ഞു.

'നീയുമായുള്ള സകല ബന്ധവും വേണ്ടെന്നു വെച്ചിട്ടാണ് ഞാന്‍ ഇപ്പോള്‍ നിന്നോട് ഇത് പറഞ്ഞത്. ഇവിടെ നിന്നും അഞ്ച് പൈസ കിട്ടുമെന്ന് നീ കണക്കാക്കേണ്ട.'

അങ്ങനെ ആ വാഗ്വാദത്തിന് ഒടുവില്‍ അവള്‍ ഒരു കാര്യം സമ്മതിച്ചു. പൈസയും സ്വര്‍ണവും സ്വത്തും കിട്ടുന്നില്ലെങ്കില്‍ അവള്‍ പോകുന്നില്ല എന്ന്. തുടര്‍ന്ന് ഇതെല്ലാം അതേപടി തന്നെ അവള്‍ വീട്ടിലെ ലാന്‍ഡ്‌ഫോണില്‍ നിന്നും ഞങ്ങളുടെ മുമ്പില്‍ വച്ച് തന്നെ അലനോട് വിളിച്ചു പറഞ്ഞു. പിന്നീട് രണ്ടുദിവസത്തേക്ക് ഇതിനെക്കുറിച്ച് ശബ്ദമൊന്നും കേട്ടില്ല. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അവള്‍ വീട്ടില്‍ നിന്നും പുറത്തു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ തിരിച്ചു വന്ന് ഒരു പ്രഖ്യാപനം നടത്തി.

'ഈ ബന്ധത്തില്‍ നിന്നും പിന്‍മാറുന്നു. അച്ഛന്റെ മാനം പോയത് കാക്കാന്‍ ഏത് കോന്തനെ വേണമെങ്കിലും കെട്ടാം. അവന്‍ എത്ര കഴിവ് കെട്ടവന്‍ ആയാലും, കാണാന്‍ കൊള്ളാത്തവന്‍ ആയാലും, എന്തെല്ലാം വൈകല്യങ്ങള്‍ ഉണ്ടായാലും പൂര്‍ണ്ണ മനസ്സോടുകൂടി വിവാഹം ചെയ്യാന്‍ എനിക്ക് സമ്മതമാണ്. ' ഇത്രയും പറഞ്ഞു അവള്‍ മുറിയിലേക്ക് കയറിപ്പോയി.

It's time for the hidden stories to come out ...!

(തുടരും)

അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.






Similar Posts