Art and Literature
ഉറൂബ്, പി.സി കുട്ടികൃഷ്ണന്‍
Art and Literature

ഓര്‍മയില്‍ ഉറൂബ്

സലീന സലാവുദീൻ
|
10 July 2024 4:39 AM GMT

അതുല്യ കഥാകാരനും കവിയും നോവലിസ്റ്റും ഉപന്യാസകാരനും അധ്യാപകനും പത്രപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായി അറിയപ്പെടുന്ന സ്ത്രീപക്ഷവാദിയായ ഉറൂബ് എന്ന പി.സി കുട്ടികൃഷ്ണന്‍ വിടവാങ്ങിയിട്ട് നാലര പതിറ്റാണ്ടുകള്‍ കഴിഞ്ഞു.

മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തില്‍ കരുണാകര മേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂണ്‍ 8-നാണ് പരുത്തുള്ളി ചാലപ്പുറത്തു കുട്ടികൃഷ്ണന്‍ എന്ന പി.സി കുട്ടികൃഷ്ണന്‍ ജനിച്ചത്. പൊന്നാനി എ.വി ഹൈസ്‌കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ചെറുപ്പത്തില്‍ ത്തന്നെ കാല്‍പനിക കവിയായ ഇടശ്ശേരി ഗോവിന്ദന്‍ നായരുമായി സൗഹൃദത്തിലായതിന് ശേഷം പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ കവിത എഴുതാനാരംഭിച്ചു.

ആദ്യമെഴുതിയ കവിതയും കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതോടെ പൊന്നാന്നിയിലെ സാഹിത്യമണ്ഡലത്തില്‍ കവിയായി അദ്ദേഹം പേരെടുത്തു. 1948-ല്‍ ഇടശ്ശേരിയുടെ ഭാര്യാസഹോദരി കൂടിയായ ദേവകിയമ്മയുമായി അദ്ദേഹത്തിന്റെ വിവാഹം നടന്നു.

കോഴിക്കോട് കെ.ആര്‍ ബ്രദേഴ്‌സ് പ്രസിദ്ധീകരണശാല, മംഗളോദയം മാസിക, കോഴിക്കോട് ആകാശവാണി എന്നിവിടങ്ങളില്‍ ജോലി ചെയ്ത അദ്ദേഹം 1975-ല്‍ ആകാശവാണിയില്‍ നിന്ന് പ്രൊഡ്യൂസറായി വിരമിച്ച ശേഷം കുങ്കുമം, മലയാള മനോരമ എന്നിവയുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 1952-ല്‍ ആകാശവാണിയില്‍ ജോലിനോക്കവേ സഹപ്രവര്‍ത്തകനും സംഗീതസംവിധായകനുമായ കെ. രാഘവനെ കുറിച്ച് ഒരു ലേഖനം മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുമ്പോഴാണ് ഉറൂബ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. സ്വന്തം പേരില്‍ എഴുതാന്‍ ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ അനുവാദം നേടണം എന്ന സര്‍ക്കാര്‍ ഉത്തരവാണ് തൂലികാനാമം സ്വീകരിക്കാന്‍ അദ്ദേഹത്തിനു പ്രേരണയായത്. 'യൗവനം നശിക്കാത്തവന്‍' എന്നര്‍ഥമുള്ള അറബിവാക്കായ ഉറൂബ് എന്ന തൂലികാനാമത്തിലാണ് അദ്ദേഹം പ്രശസ്തനായത്.

മനുഷ്യരുടെ ഉള്ളിന്റെയുള്ളില്‍ മറഞ്ഞിരിക്കുന്ന ഇഛാശക്തിയെ ജീവിതത്തിന്റെ ഉയര്‍ച്ചയ്ക്കും വിജയത്തിനും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന പ്രചോദനാത്മകമായ നോവലുകളാണ് ഉറൂബിന്റെ ഉമ്മാച്ചുവും, സുന്ദരികളും സുന്ദരന്‍മാരും. ഒരു സ്ത്രീയുടെ മാനസികവ്യാപാരങ്ങളെ അഗാധമായ ഉള്‍ക്കാഴ്ചയോടെ ചിത്രീകരിക്കുന്ന നോവലാണ് ഉമ്മാച്ചു.

കവിത എഴുതുമ്പോള്‍ ലഭിച്ചതില്‍ നിന്നും വ്യത്യസ്തമായി കഥയെഴുതുമ്പോള്‍ കിട്ടിയ സ്വത്വബോധത്തിന്റെ പ്രകടമായ സ്വാതന്ത്ര്യവും ആത്മസംതൃപ്തിയുമാണ് അദ്ദേഹം തനിക്ക് അനായാസം വഴങ്ങുന്ന സാഹിത്യ രംഗത്തെ കര്‍മമേഖലയായും വായനക്കാരുമായി എളുപ്പത്തില്‍ സംവദിക്കാന്‍ കഴിയുന്ന മാധ്യമം എന്ന നിലയിലും പിന്നീട് കഥയെ നോക്കിക്കണ്ടത്.

'വേലക്കാരിയുടെ ചെക്കന്‍' എന്ന ആദ്യകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നത് ഉറൂബിന് വലിയ പ്രചോദനമായി. കഥയ്ക്ക് വായനക്കാരില്‍ നിന്നും നല്ല പ്രതികരണം കിട്ടിയത് അദ്ദേഹത്തെ ഏറെ ആഹ്ലാദിപ്പിച്ചു. അങ്ങിനെയാണ് ഉറൂബ് എന്ന, കഥയുടെ കരുത്തനായ പെരുന്തച്ചനെ മലയാളത്തിന് കിട്ടിയത്. സാഹിത്യം, മനുഷ്യ ജീവിതത്തിന്റെ വിവിധ തുറകളില്‍ മാറ്റങ്ങള്‍ക്കായുള്ള അനിവാര്യമായ ആശയ ആഘോഷമായി തീരുമെന്ന ചിന്തകള്‍ കനത്തിരുന്ന കഥാസാഹിത്യത്തിലെ റിയലിസ്റ്റിക് കാലത്തിന്റെ പിന്തുടര്‍ച്ചയായിരുന്നു അത്.


1945 ല്‍ പ്രസിദ്ധീകരിച്ച 'നീര്‍ച്ചാലുകള്‍' ആണ് ഉറൂബിന്റെ ആദ്യ കഥാസമാഹാരത്തിന് ശേഷം നവോന്മേഷം, കതിര്‍ക്കറ്റ, ലാത്തിയും പൂക്കളും, തുറന്നിട്ട ജാലകം, നീലമല, കൂമ്പെടുക്കുന്ന മണ്ണ്, ഉള്ളവരും ഇല്ലാത്തവരും, മൗലവിയും ചങ്ങാതിമാരും, താമരത്തൊപ്പി, വെളുത്ത കുട്ടി, മുഖം മൂടികള്‍, രാച്ചിയമ്മ, നിലാവിന്റെ രഹസ്യം, റിസര്‍വ് ചെയ്യാത്ത ബര്‍ത്ത്, തെരഞ്ഞെടുത്ത കഥകള്‍ ഉള്‍പ്പെടെയുള്ള ഒരുപിടി കഥാസമാഹാരങ്ങളിറങ്ങി.

ഓരോ കഥാസമാഹാരത്തിലേയും കഥകള്‍ വിഷയ സ്വീകരണത്തിലും ആഖ്യാനത്തിലും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. അവ മനുഷ്യ ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന വൈകാരിക മുഹൂര്‍ത്തങ്ങളെ അസാധാരണമായ തന്‍മയത്വത്തോടെയും അതേസമയം അര്‍ഥപൂര്‍ണവും അതിപ്രധാനവുമായ ആലോചനകളായിട്ടുമായിരുന്നു ആവിഷ്‌കരിച്ചിരുന്നത്.

സ്ത്രീ കഥാപാത്രങ്ങളുടെ അനന്ത വൈചിത്ര്യത്താല്‍ സമ്പന്നമാണ് ഉറൂബ് സാഹിത്യം. സ്ത്രീ മനസ്സിന്റെ ബാഹ്യവും ആന്തരികവുമായ ചേഷ്ടാവിലാസങ്ങള്‍, വികാരവിചാര സൂക്ഷ്മഭാവങ്ങള്‍, വ്യംഗ്യഭംഗിയോടെ അവതരിപ്പിക്കുന്ന ഉറൂബിന്റെ ഓരൊ സ്ത്രീ കഥാപാത്രങ്ങളും വായനക്കാരന്റെ മനസ്സില്‍ എന്നും ജീവിക്കുന്നവയാണ്. ആ കഥകളിലൊന്നായ 'രാച്ചിയമ്മ' എന്ന കഥയിലെ കഥയും ജീവിതവും വേര്‍തിരിച്ചെടുക്കുക സാധാരണ വായനക്കാരെ സംബന്ധിച്ചിടത്തോളം പ്രയാസമായിരുന്നു.

ശക്തിസ്വരൂപിണിയായ കാളിയുടെ മനുഷ്യരൂപമായ രാച്ചിയമ്മ പുരുഷന്റെ സൗമ്യതയ്ക്ക് വഴങ്ങുമ്പോള്‍ സ്ത്രീമനസ്സിന്റെ നിഗൂഢതയാണ് അനാവരണമാക്കപ്പെടുന്നത്. സ്ത്രീശാക്തീകരണം എന്ന പ്രയോഗം കേട്ടുകേള്‍വി പോലുമില്ലാതിരുന്ന കാലത്താണ് രാച്ചിയമ്മ വരുന്നത്.


ഒരിക്കല്‍കൂടി സ്ത്രീയുടെ നൈസര്‍ഗിക ഭാവമായ മാതൃത്വം ഉറൂബ് ഈ കഥയിലൂടെ ആവിഷ്‌കരിക്കുന്നു. ലൈംഗികബന്ധത്തെ കുറിച്ചുള്ള സാമ്പ്രദായിക സദാചാരബോധം മഹാസ്നേഹത്തിന്റെ സ്വര്‍ണപ്രകാശത്തില്‍ നിഷ്പ്രഭമാകുന്നു. ഭൗതികമായ സ്വായത്തമാക്കലല്ല ആത്മീയമായ സ്വാംശീകരണമാണ് യഥാര്‍ഥ സ്നേഹമെന്ന് രാച്ചിയമ്മ ഈ കഥയിലൂടെ നമ്മോട് പറയുന്നുണ്ട്. അവയെല്ലാം ജീവിതവുമായി ബന്ധപ്പെട്ട പുതിയ അനുഭവ പാഠങ്ങളുടെ അവബോധങ്ങളുടെ ആശയ സംഹിതകളെ സ്വയം പുനര്‍നിര്‍മിച്ചു കൊണ്ട് പുതിയ മനുഷ്യരായി ത്തീരാനുള്ള നവീനമായ ഒരു പൊതുബോധം സ്വാംശീകരിക്കപ്പെട്ടതായിരുന്നു.

കഥകളില്‍ വ്യാപരിക്കുകയും വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഉറൂബ് നോവലെഴുത്തിലേക്ക് തിരിയുന്നത്. മനുഷ്യ ജീവിതത്തെ കുറേക്കൂടി വിശാലമായ ഭൂമികയില്‍ കണ്ടെത്തേണ്ടതുണ്ട് എന്ന തിരിച്ചറിവായിരുന്നു അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഒരര്‍ഥത്തില്‍ അത് കാലം ആവശ്യപ്പെട്ട അനിവാര്യമായ ഒരു കര്‍മ പദ്ധതിയായിരുന്നു. വീടും നാടും വിട്ട് ഏതാണ്ട് ആറു വര്‍ഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി അലഞ്ഞു നടന്ന ഉറൂബിന് അക്കാലത്തെ അനുഭവങ്ങളും അവ നല്‍കിയ ആഴക്കാഴ്ചകളും അതുവഴി ചിന്തയില്‍ കനത്ത ആലോചനകളും മനസ്സിനെ അലട്ടിയിരുന്നു. അതിനെ സാന്ത്വനിപ്പിക്കാനുള്ള ശ്രമമെന്ന നിലയില്‍ കൂടിയാണ് എഴുത്തിന്റെ വിശാലതയിലേക്കുള്ള നോവല്‍ സാഹിത്യത്തിലേക്ക് അദ്ദേഹം ഇറങ്ങി പുറപ്പെട്ടത്.


അതിന്റെ ഫലമായി മലയാളത്തിന് വിശ്വസാഹിത്യത്തിലേക്ക് ഉയര്‍ത്തിപ്പിടിക്കാവുന്ന ചില നോവലുകള്‍ ലഭിച്ചു എന്നതില്‍ നമുക്ക് അഭിമാനിക്കാം. 1954 ല്‍ എഴുതിയ 'ഉമ്മാച്ചു', 1958 ല്‍ എഴുതിയ 'സുന്ദരികളും സുന്ദരന്മാരും' എന്നീ നോവലുകള്‍ക്ക് യഥാക്രമം പ്രഥമ കേരള സാഹിത്യ അക്കാദമി അവാര്‍ഡും(1958) കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും (1960) ലഭിച്ചത് അതിനുദാഹരണമാണ്.

മനുഷ്യരുടെ ഉള്ളിന്റെയുള്ളില്‍ മറഞ്ഞിരിക്കുന്ന ഇഛാശക്തിയെ ജീവിതത്തിന്റെ ഉയര്‍ച്ചയ്ക്കും വിജയത്തിനും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന പ്രചോദനാത്മകമായ നോവലുകളാണ് ഉമ്മാച്ചുവും, സുന്ദരികളും സുന്ദരന്‍മാരും. ഒരു സ്ത്രീയുടെ മാനസികവ്യാപാരങ്ങളെ അഗാധമായ ഉള്‍ക്കാഴ്ചയോടെ ചിത്രീകരിക്കുന്ന നോവലാണ് ഉമ്മാച്ചു. മായനെ സ്‌നേഹിക്കുകയും അയാളുടെ ഘാതകനായ ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത ഉമ്മാച്ചു എന്ന സ്ത്രീയുടെ കഥയാണ് തന്റെ അനശ്വരനോവലിലൂടെ ഉറൂബ് പറഞ്ഞത്.

ഇഷ്ടമില്ലാത്തവനെ നിക്കാഹ് ചെയ്ത് ഉമ്മയുടെയും വാപ്പയുടെയും അനുസരണയുള്ള മകളായി, വെറുക്കുന്ന ഭര്‍ത്താവിനൊപ്പം ജീവിക്കുമ്പോഴും കാമുകനെ സ്വപ്നം കാണുന്ന നിത്യകാമുകിയായി, കെട്ടിയവനോട് ആത്മരാഗം തോന്നാതിരുന്നിട്ടും അവന്റെ കുഞ്ഞിനെ പ്രസവിച്ച് അതിനെ സ്നേഹിച്ച് ആത്മനിര്‍വൃതിയടയുന്ന നല്ല അമ്മയായി സ്ത്രീത്വത്തിന്റെ ഭിന്നഗൂഢഭാവങ്ങള്‍ പ്രകാശിപ്പിക്കുന്നു ഉമ്മാച്ചു.

വികാരത്തെ വിവേകം കൊണ്ടു നിയന്ത്രിച്ച് ഖല്‍ബില്‍ കാരുണ്യം നിറച്ച്, അനുഭവങ്ങളുടെ അപ്പുറത്തേക്ക് നോക്കി, ജീവിതമെന്നത്തുടക്കവും ഒടുക്കവുമല്ല ഒരു തുടര്‍ച്ചയാണെന്ന് തിരിച്ചറിഞ്ഞ്, വാര്‍ധക്യത്തിന്റെ അവശതകളെ അതിജീവിച്ച് ഉമ്മാച്ചു ജീവിക്കുകയാണ് മനുഷ്യ മനസ്സില്‍ സ്ത്രീത്വത്തിന്റെ മഹാപ്രഹേളികയായി!

'നീലക്കുയില്‍' എന്ന പ്രസിദ്ധ സിനിമയുടെ കഥയും തിരക്കഥയും ഉള്‍പ്പെടെ എട്ടോളം തിരക്കഥകളൊരുക്കിയ ഉറൂബ് മനോരമയുടെ പത്രാധിപരായിരിക്കെ 1979 ജൂലൈ 10-ന് കോട്ടയത്തു വച്ചായിരുന്നു അന്തരിച്ചത്.



Similar Posts