പണ്ടാരമടക്കി പ്രണയദിനം | Poetry
|| കവിത
ഞാനിന്നലെ എന്റെ പ്രണയത്തിന്റെ
ദിനസരികള്‍ക്ക് അവധി കൊടുത്തു!
രക്തത്തില്‍ പ്രണയത്തിന്റെ ആധിക്യം
കാരണം ഇടവേള കൊടുക്കാന്‍
പ്രമേഹത്തിനു ചികിത്സിക്കുന്ന
വൈദ്യര്‍ നിര്‍ദേശിച്ചതാണ് കാരണം!
രണ്ടുനാള്‍ കഴിഞ്ഞു വര്‍ധിതവീര്യത്തില്‍
പ്രണയിക്കാമെന്നു ആശ്വാസവാക്കു
പറഞ്ഞു ഡോക്റ്റര്‍!
കടല്‍ത്തീരത്തും ഭക്ഷണപ്പുരകളിലും
കള്ളുഷാപ്പിലും നന്ദിനിയുടെ വീട്ടിലുമൊക്കെ
പതിവില്ലാത്ത തിരക്ക്;
നന്ദിനി പുതുക്കക്കാരെമാത്രമേ
പ്രണയദിനത്തില്‍ സ്വീകരിച്ചുള്ളൂ
പതിവുകാര്‍ക്കു മറ്റൊരുനാള്‍
കുറിച്ചു കൊടുക്കുകയായിരുന്നു
ഉറപ്പാണല്ലോ എന്ന് പതിവുകാര്‍,
ഒരല്‍പം സങ്കടത്തോടെ!
മൊയ്തീന്‍ പെണ്ണിന്റെ കേടുവന്ന കമ്മല്‍പ്പൊട്ടു
കട്ടെടുത്തു വിറ്റാണ് കാഞ്ചനയ്ക്ക്
ചുരിദാര്‍ സമ്മാനം കൊടുത്തത്!
വാലന്റൈന്‍സ് പ്രണയത്തിന്റെ
നിഷ്‌കളങ്ക പ്രണയ സമ്മാനം!
രജനി ഏട്ടനേയും കൂട്ടി അമ്പലത്തില്‍
പ്രണയദിനപൂജ നടത്താന്‍ വന്നപ്പോള്‍
ദാസേട്ടനും ഷീബയും
ആ വഴിക്കു വരല്ലേന്നു
പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു
ദാസേട്ടന്റെ ഷീബക്ക് ചെറിയ
ക്ലൂ കിട്ടിയിട്ടുണ്ടത്രെ
രജനിയുടെ ഏട്ടനും!
മൈമൂന എല്‍ദോക്കുള്ള വാലന്റൈന്‍സ് ഡേ
ആശംസ എഴുതിക്കാന്‍ അഷ്‌റഫിന്റെയടുത്തു
വന്നപ്പോള്‍ അഷ്റഫ് ഉമ്മ ചോദിച്ചൂ ത്രേ
അത്ര ഇഷ്ടമില്ലാതെയാണ് മൈമൂന വഴങ്ങിയത്
ദീപ കഴിഞ്ഞ വര്‍ഷം വരെ
ഉണ്ണിക്കായിരുന്നു വാലന്റൈന്‍സ്
സമ്മാനം കൊടുത്തോണ്ടിരുന്നത്
ഇക്കൊല്ലംമുതല്‍ അവളുടെ
വാലന്റൈന്‍ ഷഫ്ന ആയിരിക്കും
എന്ന് രണ്ടുപേരും ഉറപ്പിച്ചിട്ടുണ്ട്
ഇന്നലെ എന്റെ സ്ഥിര പ്രണയം പണ്ടാരമടങ്ങി
ചെവിയില്‍ ഉറുമ്പുകയറിയപോലെ
നാളെ വര്‍ധിതവീര്യത്തില്‍
കൂടുതല്‍ ഊറ്റത്തോടെ പ്രണയിക്കാം
എന്ന് വൈദ്യരുടെ ഉറപ്പുമാത്രമാണ്
തെല്ലൊരാശ്വാസം!