Art and Literature
വീര്‍സാല്‍
Click the Play button to hear this message in audio format
Art and Literature

വീര്‍സാല്‍

ഡോ. മുഹ്‌സിന. കെ. ഇസ്മായില്‍
|
30 Nov 2022 12:54 PM GMT

ഇടതൂര്‍ന്നു നില്‍ക്കുന്ന സാല്‍മര കാടുകള്‍ക്കിടയിലൂടെ ഞാന്‍ ദമന്‍ജീത്തിന്റെ വീട് ലക്ഷ്യമാക്കി നടന്നു. ഇപ്പോള്‍ ദമന്‍ജീത്തിന്റെ വീട്ടില്‍ സന്ദര്‍ശകര്‍ കുറഞ്ഞിട്ടുണ്ടാകണം. രാവിലെ അവനെ പൊതിഞ്ഞിരുന്ന ജനക്കൂട്ടത്തിനിടയിലൂടെ ഒരു നോക്ക് മാത്രമേ അവനെ കാണാന്‍ കഴിഞ്ഞുള്ളൂ. | വീര്‍സാല്‍ - ഡോ. മുഹ്‌സിന. കെ. ഇസ്മായില്‍ എഴുതിയ നോവല്‍ ആരംഭിക്കുന്നു. | ചിത്രീകരണം: ഷെമി

'' ഗുല്‍സാര്‍, നിന്റെ സ്വപ്നം പൂവണിയാന്‍ പോകുന്നു.'' എന്ന് ദമന്‍ജീത് ഇന്നു രാവിലെ പറഞ്ഞപ്പോഴും ഞാന്‍ കരുതിയില്ല, അവന്‍ ഖാലിദിനെക്കുറിച്ചാണ് പറയുന്നതെന്ന്. എനിക്കു ഇത്തവണ കൃഷി ചെയ്യാന്‍ കൂടുതല്‍ ഭൂമി പകുത്തു കിട്ടുമെന്നോ ഒരു ട്രാക്ടര്‍ വാങ്ങാനായി ഒരൊന്നൊന്നര വര്‍ഷം മുന്‍പെടുത്ത ലോണ്‍ പാസായിട്ടുണ്ടാകുമെന്നോ ആണ് ഞാന്‍ വിചാരിച്ചത്.

ഇതിപ്പോ?

എന്റെ സന്തോഷത്തിനതിരില്ല. അതെങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ ഞാന്‍ ഒന്നു രണ്ടു നിമിഷം പകച്ചു നിന്നു പോയി എന്നതാണ് സത്യം. ശ്വാസം നിലക്കുന്നതിനു മുന്‍പ് അവനെയൊന്നു കാണണം എന്ന് മാ പറയുമായിരുന്നു. അന്നെല്ലാം എനിക്കു ദേഷ്യമാണ് വരുക. എല്ലാവരും എന്റെ കുറ്റം പറയുകയാണെന്നു എനിക്കു തോന്നുമായിരുന്നു. വെറുതേ ദേഷ്യപ്പെട്ടു വീട്ടില്‍ നിന്നറങ്ങിപ്പോകും. അന്ന് രാത്രി ഈ മഹ്‌വാ മരത്തിന്റെ താഴെയാണുറക്കം. ഊരും പേരുമറിയാത്ത ഭിക്ഷകുന്മാരുടെ കൂടെ ഭാരങ്ങളെല്ലാമിറക്കി വെച്ച് ഞാന്‍ അന്ന് കഴിച്ചു കൂട്ടും.

അന്നേരമാണ് ഓരോന്ന് മനസ്സിലേക്ക് തികട്ടി വരുന്നത്. ഖാലിദിനെക്കുറിച്ച്. അവന്‍ അന്ന് കയ്യില്‍ ഇറുക്കിപ്പിടിച്ചിരുന്ന തകരപ്പെട്ടി, അവന്‍ ഏല്‍പിച്ച റബ്ബര്‍ പന്ത്, അവന്റെ പൂച്ചക്കണ്ണുകള്‍, കള്ളക്കരച്ചില്‍... എല്ലാം. എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്ന നിമിഷങ്ങളാണത്.

ഓര്‍മകള്‍ മുള്ളുകള്‍ പോലെ തറച്ചു കയറും. അവയുണ്ടാക്കുന്ന വ്രണങ്ങള്‍ നിന്ന് നീറും. അതുണങ്ങാതെ നിന്ന് വിങ്ങും. അതില്‍ നിന്ന് തിരിച്ചു വരാന്‍ ദിവസങ്ങളോ മാസങ്ങളോ എടുക്കും. ഈ ദിവസങ്ങളില്‍ എന്നെ കൃഷി നോക്കാന്‍ സഹായിക്കുന്നത് ദമന്‍ജീത് ആണ്. അവനില്ലായിരുന്നുവെങ്കില്‍ ഈ തരിശ് ഭൂമിയില്‍ പട്ടിണി കിടന്നു ചാവുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. സ്വന്തം നെല്‍പ്പാടങ്ങള്‍ പരിചരിക്കുന്നതിനേക്കാള്‍ ആത്മാര്‍ഥതയോടെയാണ് അവനെന്റെ ചോളച്ചെടികളെ നോക്കിയിരുന്നത്. എന്നോടുള്ള സ്‌നേഹത്തേക്കാളേറെ അതില്‍ അവന്റെ ബാബക്ക് എന്റെ ബാബയോടുള്ള കടപ്പാടാണ്. അവന്‍ ചെയ്ത് തന്ന ഉപകാരങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഇടക്കുണ്ടാകുന്ന ചെറിയ അനിഷ്ടങ്ങള്‍ മറന്നു അടുത്ത തവണ കാണുമ്പോള്‍ പുതിയൊരു ചിരി സമ്മാനിക്കുന്ന ദമന്‍ജീത് എന്ന സുഹൃത്തിന്റെ മുമ്പില്‍ എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നെനിക്കറിയില്ല.

ഇടതൂര്‍ന്നു നില്‍ക്കുന്ന സാല്‍മര കാടുകള്‍ക്കിടയിലൂടെ ഞാന്‍ ദമന്‍ജീത്തിന്റെ വീട് ലക്ഷ്യമാക്കി നടന്നു. ഇപ്പോള്‍ ദമന്‍ജീത്തിന്റെ വീട്ടില്‍ സന്ദര്‍ശകര്‍ കുറഞ്ഞിട്ടുണ്ടാകണം. രാവിലെ അവനെ പൊതിഞ്ഞിരുന്ന ജനക്കൂട്ടത്തിനിടയിലൂടെ ഒരു നോക്ക് മാത്രമേ അവനെ കാണാന്‍ കഴിഞ്ഞുള്ളൂ. എന്നെ ഒരു മിന്നായം പോലെ കണ്ടപ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞതാണ് അതെല്ലാം. അത് കേട്ടപ്പോള്‍ അവന്‍ എനിക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് തോന്നി. നീണ്ട യാത്രക്കിടയില്‍ ഒരുപാടു തവണ ഉരുവിട്ട് പാകപ്പെടുത്തിയ വാചകങ്ങളായിരുന്നു അതെന്നും. ഞാനെത്രമാത്രം ഖാലിദിനെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നു ദമന്‍ജീത്തിന് മാത്രമേ അറിയൂ. മറ്റെല്ലാവരും, എന്തിന് മാ പോലും ചിന്തിക്കുന്നത് എനിക്കവനോട് ദേഷ്യമാണെന്നാണ്.

സാല്‍ മരം തീര്‍ത്ത ഇളം പച്ചപ്പരവതാനിയിലൂടെ ഞാന്‍ ദമന്‍ ജീത്തിന്റെ വീടിനടുത്തെത്തി. മനസ്സ് കുതിക്കുകയായിരുന്നു. ഞാനും. വീടിനു പുറത്തു ഒന്ന് രണ്ടു കാറുകള്‍ നിര്‍ത്തിയിട്ടിരുന്നു. ആളുകളുടെ സാന്നിധ്യം വിളിച്ചറിയിച്ചു കൊണ്ട് മുറ്റത്ത് നിരന്നു കിടക്കുന്ന ചെരുപ്പുകള്‍. ഒരാള്‍ ഗള്‍ഫില്‍ നിന്നു വരുന്നതിനേക്കാള്‍ സന്ദര്‍ശകര്‍ ഗുരുദ്വരാ ദര്‍ബാര്‍ സാഹിബ് എന്ന സിഖ് ആരാധനാലയത്തില്‍ പോയി വന്നാല്‍ ഉണ്ടാകുമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.


എനിക്കു പണ്ടേ ജനക്കൂട്ടത്തെ ഇഷ്ട്ടമല്ല. ഖാലിദ് അങ്ങനെ ആയിരുന്നില്ല. അവന്‍ ബാബയുടെ കൂടെ എല്ലായിടത്തും പോകുമായിരുന്നു. ശനിയാഴ്ച ചന്തകളിലും ഗ്രാമക്കൂട്ടായ്മകളിലും സ്വാന്തന്ത്യ സമര പരിപാടികളിലും ബാബ അവനെകൊണ്ടുപോയി. ഞാന്‍ സ്‌കൂളിലും മാ ജോലിക്കും പോയിക്കഴിഞ്ഞാല്‍ ഖാലിദ് വീട്ടില്‍ ഒറ്റക്കാകാതിരിക്കാനാണ് ബാബ അവനെ കൂടെക്കൂട്ടിയതെങ്കിലും പിന്നീട് അവനതൊരു ശീലമാക്കി. അവന് ആളുകളോട് സംസാരിക്കുന്നത് ഒരു ഹരമായിരുന്നു. കുട്ടികളോട് കൂട്ട് കൂടുന്നതിനേക്കാള്‍ അവന്‍ മുതിര്‍ന്നവരോട് സംസാരിക്കാന്‍ താല്‍പര്യം കാണിച്ചു. ബാബ അവന്റെ എല്ലാ കുസൃതികള്‍ക്കും കൂട്ട് നിന്നു. കള്ളക്കരച്ചിലുകള്‍ കൊണ്ട് അവന്‍ ബാബയില്‍ നിന്നു അവന്റെ എല്ലാ ആവശ്യങ്ങളും നേടിയെടുത്തു. അവന് പുത്തന്‍ ബാഗും ചെരിപ്പും ചായപ്പെന്‍സിലുകളും കിട്ടി. അവന് ബാബ പട്ടവും പമ്പരവും ഉണ്ടാക്കിക്കൊടുത്തു. ഞാനെപ്പോഴും ഒരു തല്ലുകൊള്ളി മാത്രമായിരുന്നു. സ്‌കൂളില്‍ ധീര്‍ സാറിന്റെ അടി മൊത്തം കൊളളുന്നത് ഞാനാണ്. കാരണങ്ങള്‍ പലതാണ്. ഖാലിദിന്റെ പുസ്തകമെടുത്തു, ഖാലിദിനോട് വഴക്ക് കൂടി, ഖാലിദിന്റെ റൊട്ടി കട്ട് തിന്നു. ഓരോ ദിവസവും ഖാലിദ് എനിക്കു അടി വാങ്ങിത്തരാന്‍ ഓരോ കാരണങ്ങളുണ്ടാക്കി. ആ വൈകുന്നേരങ്ങളിലെല്ലാം ഞാനവനെ കണക്കിന് ചീത്തപറഞ്ഞു. എന്നിട്ടും എന്തിനാണ് അവന്‍ എന്നെ തല്ലു കൊള്ളിച്ചിരുന്നതെന്നെനിക്കു മനസ്സിലായില്ല. വലുതാകുന്തോറും ഞങ്ങള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചകള്‍ കൂടിക്കൊണ്ടേയിരുന്നു.

''ഗുല്‍സാര്‍, വാ. എന്താ പുറത്തു നിന്നു കളഞ്ഞത്?''

'' ഭായി. നല്ല തിരക്കായിരുന്നല്ലോ. യാത്രയെങ്ങനെയുണ്ടായിരുന്നു?'' ഞാന്‍ ദമന്‍ജീത്തിന്റെ മുഖത്തെ കറുരുവാളിപ്പിലേക്കു നോക്കികൊണ്ട് ചോദിച്ചു.

'' നീയെന്തിനാണ് ഇപ്പോള്‍ വന്നതെന്നെനിക്കറിയാം,'' ഒരു ചെറു പുഞ്ചിരിയോടെ ദമന്‍ജീത് തുടര്‍ന്നു,

'' ഖാലിദിനെക്കുറിച്ചറിയാനല്ലേ?''

'' എനിക്കവനെ ഒന്ന് കാണണം. ഖാലിദെന്തു പറഞ്ഞു? അവന് എന്നോട് ദേഷ്യമുണ്ടോ? അവനിപ്പോ എവിടുണ്ട്? സുഖം തന്നെയാണോ അവന്? അവന്റെ വീട്? കുടുംബം? കുട്ടികള്‍?''

'' എല്ലാം പറയാം. ഒന്ന് സമാധാനപ്പെട് ഭായി.''

'' എനിക്കിപ്പോള്‍ത്തന്നെ അവനെക്കാണണം,'' ഞാന്‍ എന്ത് കൊണ്ട് അപ്പോള്‍ ദമന്‍ജീത്തിനോട് അങ്ങനെ പറഞ്ഞു എന്നറിയില്ല.

'' എനിക്കാരുമില്ല ദമന്‍ജീത്. ഈ ലോകത്ത് സ്വന്തമെന്നു പറയാന്‍ എനിക്കിനി അവനേയുള്ളൂ,'' ഞാന്‍ ദമന്‍ജീത്തിന്റെ കയ്യില്‍ പിടിച്ചു കൊണ്ട് പറഞ്ഞു. ഒരിറ്റു കണ്ണീര്‍ എന്റെ കണ്‍കോണിലൂടെ കവിളിലേക്കൊലിച്ചു.

'' എനിക്കറിയാം ഭായി. എല്ലാം ശരിയാകും.'' ദമന്‍ജീത് ഒന്നും വിട്ടു പറയാതത്തില്‍ എനിക്കല്‍പം ദേഷ്യം തോന്നി.

'' ഖാലിദെവിടെ?'' ഞാന്‍ അല്‍പമുച്ചത്തില്‍ ചോദിച്ചു.

അതിന് മടുപടിയെന്നോണം ദമന്‍ജീത് ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പിന്നെ സാവധാനത്തില്‍ പറഞ്ഞു തുടങ്ങി,

'' ഗുരുദ്വാര ദര്‍ബാര്‍ സാഹിബില്‍ വന്ന ഫക്രുദ്ദീന്‍ എന്ന ആളാണ് പണ്ട് ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് കുടിയേറിപ്പാര്‍ത്ത തന്റെ സുഹൃത്തിനെക്കുറിച്ച് എന്നോട് പറഞ്ഞത്. വളരെ അവിചാരിതമായി ഉണ്ടായ സംഭാഷണമാണത്. ഞാന്‍ നിന്നെക്കുറിച്ച് അവനോട് പറയുകയും ചെയ്തു . അപ്പോഴൊന്നും അത് നിന്റെ ഖാലിദായിരിക്കുമെന്ന് എനിക്കു തോന്നിയില്ല. മടക്കയാത്രക്കിടയിലാണ് ഇങ്ങനെ ഒരു സാധ്യതയെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നത് തന്നെ.


എന്റെ സിരകളിലേക്ക് രക്തം തിളച്ചു കയറി. ഞാന്‍ കസേരയില്‍ നിന്നും എഴുന്നേറ്റു പോകാനൊരുങ്ങി. എന്റെ ശ്വാസോഛ്വാസം ഉച്ചതിലായിട്ടുണ്ടായിരുന്നു. എന്റെ ഹൃദയമിടുപ്പ് എനിക്കുതന്നെ കേള്‍ക്കാമായിരുന്നു.

'അപ്പോ നിനക്കൊന്നുമറിയില്ല. അതെന്റെ ഖാലിദാണോ എന്ന് പോലുമറിയില്ല. പിന്നെ, നീയെന്തിനാണ് എന്നെ പറ്റിച്ചത്? വെറുതേ എന്തിനാണ് മോഹിപ്പിച്ചത്? '

' നീയവിടെ ഇരിക്ക്. പറയട്ടെ,'' ദമന്‍ജീത് എന്നെ അവിടെ പിടിച്ചിരുത്താന്‍ നോക്കി. ഞാനവന്റെ കൈ തട്ടി മാറ്റി മുറ്റത്തേക്കിറങ്ങി. സാല്‍ മരച്ചില്ലകള്‍ ഭ്രാന്തു പിടിച്ചത് പോലെ ആടുന്നുണ്ടായിരുന്നു. എന്റെ ഉള്ളില്‍ അതിനേക്കാള്‍ വലിയൊരു ഭ്രാന്തു ഇരച്ചു കയറുന്നുമുണ്ടായിരുന്നു.

'' നമുക്കവനെ കണ്ടു പിടിക്കാം,'' ദേഷ്യത്തോടെ നിലം ചവിട്ടി നടന്നകലുന്ന എന്നെ നോക്കി ദമന്‍ജീത് വിളിച്ചു പറഞ്ഞു.

'' ഫോണ്‍ നമ്പറോ അഡ്രസ്സൊ എന്തെങ്കിലുമുണ്ടോ?'' ഒരവസാന ശ്രമമെന്നോണം ഞാന്‍ ദമന്‍ജീത്തിനോട് ചോദിച്ചു.

ദമന്‍ജീത് നിശബ്ദനായി. അവന്റെ മുഖത്തുണ്ടായിരുന്നു പ്രകാശമെല്ലാം അണഞ്ഞു. അവന്‍ നിസ്സഹായത്തോടെ ഇല്ലെന്നു തലയാട്ടി.

'' എന്നാല്‍, എനിക്കിനി ഇങ്ങനെ ഒരു സുഹൃത്തില്ല,'' വെട്ടൊന്നു മുറി രണ്ട് എന്ന പോലെ ഞാനവനോട് പറഞ്ഞു.

'' നമുക്ക് കണ്ടു പിടിക്കാം ഖാലിദിനെ. നമുക്കൊരുമിച്ചു പോകാമവിടെ,'' എന്നിട്ടും വളരെ ശാന്തനായി ദമന്‍ജീത് പറഞ്ഞു.

ഞാന്‍ സാല്‍മരക്കാടുകളെ ചവുട്ടി മെതിച്ചു കൊണ്ട് വീട്ടിലേക്കു പോയി. മനസ്സില്‍ നിന്ന് തിളച്ചു പൊങ്ങുന്ന വികാരങ്ങളെ വരുതിയിലാക്കുവാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. അല്‍പ സമയത്തിന് ശേഷം ഞാനെന്നെത്തന്നെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

' ഖാലിദിനെ കാണാനൊരു വഴിയുമില്ല. അവന്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും എനിക്കറിയില്ല. ഏകാന്തത ഒരു മൂടല്‍ മഞ്ഞു പോലെ എന്നെ പൊതിഞ്ഞു കഴിഞ്ഞിരുന്നു.

ആ സംഭവം എന്റെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.

(തുടരും)

ഡോ. മുഹ്‌സിന കെ. ഇസ്മായില്‍: നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതുന്നു. ലെറ്റേഴ്സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചിത്രീകരണം: ഷെമി


ഡോ. മുഹ്‌സിന കെ. ഇസ്മായില്‍


Similar Posts