Art and Literature
സങ്കടത്തിന്റെ അലകളില്‍
Click the Play button to hear this message in audio format
Art and Literature

സങ്കടത്തിന്റെ അലകളില്‍

ഡോ. മുഹ്‌സിന. കെ. ഇസ്മായില്‍
|
7 July 2023 4:01 PM GMT

വീര്‍സാല്‍ - നോവല്‍ | അധ്യായം 13

ഞാനൊരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു വാര്‍ത്തയുമായിട്ടാണ് ദാമന്‍ജീത് പിറ്റേ ദിവസം രാവിലെ വന്നത്. അതോര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ കൈകള്‍ വിറച്ച് കൊണ്ടിരിക്കുകയാണ്. ആ സമയത്ത് ഞാനെങ്ങനെ ആ വാര്‍ത്ത ഉള്‍ക്കൊണ്ടുവെന്നെനിക്കറിഞ്ഞുകൂടാ. ആദ്യമൊന്നും എനിക്കു വിശ്വസിക്കാനാകുന്നുണ്ടായിരുന്നില്ല. അന്ന് ഞങ്ങളെക്കാണാന്‍ വന്ന ഉര്‍ദ്ദു റിപ്പോര്‍ട്ടര്‍ വിളിച്ചപ്പോഴാണ് എന്റെ മനസ്സ് അതിനോടു പൊരുത്തപ്പെടാനുള്ള ഒരുക്കങ്ങള്‍ നടത്തിയതെന്ന് തോന്നുന്നു. ഒന്നു രണ്ടാഴ്ച മുന്‍പ് നടന്ന സംഭവമാണ്. കാബൂളിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ കൊറോണ ബാധിച്ചു മരിച്ചെന്നു റിപ്പോര്‍ട്ട് ചെയ്തവരുടെ കൂട്ടത്തില്‍ ഖാലിദുമുണ്ടായിരുന്നു. മരിച്ചയാളുടെ കയ്യിലൊരു ടാറ്റൂ ഉണ്ടായിരുന്നുവെന്നുള്ളതാണ് അടയാളമായി രേഖപ്പെടുത്തിയിരുന്നത്. സ്ഥിരമായി ഖാലിദ് ചികിത്സ തേടിയിരുന്ന ഹോസ്പിറ്റല്‍ ആയിരുന്നതിനാല്‍ അവിടുത്തെ രേഖകളില്‍ നിന്നും ഖാലിദിന്റെ രക്തം റെയര്‍ ഗ്രൂപ്പില്‍പ്പെട്ടതാണെന്നറിയുവാനും കഴിഞ്ഞു. മഹാമാരി പടര്‍ന്നു പിടിക്കുന്നത് തടയാന്‍ വേണ്ടി അധികൃതര്‍ കുഴിവെട്ടി മൂടിയവരുടെ കൂട്ടത്തില്‍ എന്റെ ഖാലിദുമുണ്ടായിരുന്നുവെന്നറിഞ്ഞപ്പോള്‍ നെഞ്ചൊന്നു നീറി.

ഞാന്‍ കാരണമല്ലേ അവന്‍ അന്യ നാട്ടില്‍ എത്തിപ്പെട്ടത്? എന്നിട്ട്, ഒരനാഥനെപ്പോലെ...

ബാബ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാനാശിച്ചു പോയി. മായോട് വിവരം പറഞ്ഞപ്പോള്‍ പല്ലു പുറത്തു കാണിച്ചു ചിരിച്ചു. മാ ക്കു എന്ത് ഖാലിദ്? എന്ത് മരണം? എല്ലാ വാക്കുകള്‍ക്കും ഒരേ അര്‍ഥമാണ്. ഒന്നും മായെ സന്തോഷിപ്പിക്കുന്നില്ല. ഭയപ്പെടുത്തുന്നുമില്ല. ഒരു കണക്കിന് അതാണ് നല്ലത്. വേണ്ടപ്പെട്ടവരെ ഓര്‍ത്തിങ്ങനെ ഉരുകിയുരുകിത്തീരുന്നതിനേക്കാള്‍ എന്തുകൊണ്ടും ഭേദമാണത്. ഈ നശിച്ച ജീവിതത്തില്‍ നിന്നു രക്ഷപ്പെടാനെന്തെങ്കിലും വഴിയുണ്ടോ എന്നു വരേ ഞാനാലോചിച്ചു. മഹ്വ മരമായിരുന്നു ഏകാശ്വാസം. അതിന്റെ ഇലകള്‍ക്കും പൂക്കള്‍ക്കും ഇതിനോടകം തന്നെ എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് മനസ്സിലായിക്കഴിഞ്ഞിരുന്നു. അവ ഞാന്‍ പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേള്‍ക്കും ഇടയ്ക്ക് തലയാട്ടും പിന്നെ എന്റെ സങ്കടങ്ങളെല്ലാം പതിയെ ഒപ്പിയെടുക്കും. മഹ്വ മരത്തിനു ചുവട്ടിലുള്ള ഉറക്കം ഞാനൊരു ശീലമാക്കി.

ദമന്‍ജീത്താണ് എന്നെ അവിടെ നിന്നു വിളിച്ചു കൊണ്ട് പോയത്. അവനെന്നെ അന്ന് കുറേ വഴക്കു പറഞ്ഞു. ജീവിതത്തില്‍ നിന്നു ഒളിച്ചോടിയിട്ട് കാര്യമില്ലെന്നുപദേശിച്ചു. എനിക്കെന്തോ അന്നതൊന്നും മനസ്സിലായില്ല.

എന്റെ സിരയിലൂടെ രക്തം തിളച്ചു കയറി. ഉപദേശിക്കാനെല്ലാവര്‍ക്കും എളുപ്പമാണ്. നേരിട്ട് അനുഭവിക്കുമ്പോഴേ ബുദ്ധിമുട്ട് മനസ്സിലാവുകയുള്ളൂ. ഞാനവനെ ചീത്ത പറഞ്ഞു. വായില്‍ തോന്നുന്നതെല്ലാം വിളിച്ചു. എന്നിട്ടും അവനെന്നോട് ദേഷ്യപ്പെട്ടില്ല. എല്ലാം കഴിഞ്ഞപ്പോള്‍ അവനെന്നെ ചേര്‍ത്ത്പിടിച്ചു ആശ്വസിപ്പിച്ചു. ഇത്രയും നല്ലോരു സുഹൃത്തിനെ കിട്ടിയതില്‍ ഞാനഭിമാനിച്ചു. അവനില്ലായിരുന്നുവെങ്കില്‍ ഞാനൊരുപക്ഷെ, ഇപ്പോള്‍ ജീവിച്ചിരിക്കുമോ എന്നു തന്നെ എനിക്കറിയില്ല. ജീവിതത്തിന്റെ ക്ലേശമേറിയ അവസരങ്ങളിലെല്ലാം കൂട്ടായി അവനെപ്പോഴുമെന്റെ കൂടെയുണ്ടായിരുന്നു. ഞാനൊന്നുമവന് ഇതുവരെ ചെയ്തു കൊടുത്തിട്ടില്ല. പകരം നല്‍കിയിട്ടുള്ളത് ദുഷിച്ച കുറെ വാക്കുകള്‍ മാത്രം. എന്നിട്ടും അവനെങ്ങനെ എന്നോടു ക്ഷമിക്കാന്‍ കഴിയുന്നു?

അതി രാവിലെ എഴുന്നേറ്റു മഹ്‌വ പൂക്കള്‍ ശേഖരിക്കാന്‍ വയ്യാതെയായി. ശരീരത്തേക്കാള്‍ മനസ്സിനാണ് മടുപ്പ്. മാ അപ്പോഴും വീടിനുള്ളില്‍ അങ്ങോട്ടു മിങ്ങോട്ടും നടക്കുന്നുണ്ടാകും. മാ ക്കു രാത്രി കാലത്തെ ഉറക്കം നഷ്ട്‌പ്പെട്ടിട്ട് നാളേറെയായി. പകല്‍ മുഴുവന്‍ സമയവും മാ ഉറക്കമാണ്. എന്ത് ശബ്ദം കേട്ടാലും എഴുന്നേല്‍ക്കില്ല. മായുടെ കണ്ണില്‍പ്പെടാതിരിക്കാനായി ഞാന്‍ പുറത്തെ കോച്ചുന്ന തണുപ്പിലേക്ക് ഊളിയിടും. ഓരോ രോമപാളിയിലും തണുപ്പ് ഇരച്ചു കയറും. കമ്പിളിപ്പുതപ്പിനടിയിലും ഞാന്‍ വിറച്ച് കൊണ്ടേയിരിക്കും. ഞാന്‍ നടക്കും. ലക്ഷ്യമില്ലാത്ത ഒരു മനുഷ്യനെപ്പോലെ. അതേ, ഇപ്പോള്‍ ലക്ഷ്യങ്ങളില്ലാതായിരിക്കുന്നു. ഖാലിദിനെ കണ്ടെത്തി മാപ്പ് പറയണമെന്നുണ്ടായിരുന്നു. അവന് നഷ്ട്‌പ്പെട്ട ജീവിതം തിരിച്ചു കൊടുക്കാനാകില്ലെന്നറിയാം. എങ്കിലും അവനോടു മാപ്പ് ചോദിക്കാമായിരുന്നു. അവന്റെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാമായിരുന്നു. എത്ര പെട്ടന്നാണ് മനുഷ്യര്‍ അനാഥരായിത്തീരുന്നത്? തലേ ദിവസം വരേ മനസ്സില്‍ നെയ്ത് കൂട്ടിയ സ്വപ്‌നങ്ങള്‍ തകര്‍ന്നുപോകുമ്പോള്‍ നിസ്സഹായനായി നോക്കി നില്‍ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. ഇനി താനെന്തിന് ജീവിക്കണം എന്നതായിരുന്നു എന്നെ വേട്ടയാടുന്ന മുഖ്യ പ്രശ്‌നം. ആര്‍ക്കുവേണ്ടി? എന്റെ ഓരോ ചിന്തയും എന്നെ തകര്‍ത്ത് കൊണ്ടേയിരുന്നു. ജീവിക്കണം. മായ്ക്ക് ഇനി ആരുണ്ട്? എന്നു മനസ്സിന്റെ മറുഭാഗം വാദിച്ചുകൊണ്ടിരുന്നു. അത് അശക്തമായിരുന്നു. മാ ക്കു താനല്ലെങ്കില്‍ മറ്റൊരാള്‍. ആരായാലും മായ്‌ക്കൊരുപോലെയാണ്.


പ്രഭാതത്തിന്റെ ആദ്യ കിരണങ്ങള്‍ ആകാശത്ത് വിടരുന്ന സമയത്ത് ഈ ചിന്തകളെല്ലാം മുറിയും. പിന്നെ, ഒരു ഇരുട്ട് വന്നു മൂടും കണ്ണുകളേയും മനസ്സിനേയും. പകലൊന്നും പിന്നെ വീടിന് പുറത്തിറങ്ങാന്‍ പറ്റില്ല. ഖാലിദ് ചുവരില്‍ കരികൊണ്ട് വരച്ച ചിത്രങ്ങള്‍ ഹൃദയത്തെ കീറിമുറിക്കും. അവന്‍ മുള്ളുകൊണ്ടു എന്റെ ശരീരത്തില്‍ കോറിയിടുന്നത് പോലെത്തോന്നും. ഞാനവനെ കണക്കിന് ശകാരിക്കും. എന്റെ ഒച്ച ഉയരുന്നത് കേട്ടു അവന്‍ നിലവിളിക്കും. അപ്പോള്‍ പണ്ടെത്തപ്പോലെ നിന്നെ രക്ഷക്കാനാരുമില്ലെന്ന് പറഞ്ഞു ഞാവനെ കളിയാക്കും. ഉറക്കെ ചിരിക്കും. അവന്‍ പതിവിലും ഉച്ചത്തില്‍ കരയും. അവന്റെ കള്ളക്കരച്ചില്‍ കേട്ടു ആരും സഹായിക്കാന്‍ വന്നില്ലെന്ന് പറഞ്ഞു ഞാന്‍ വീണ്ടുമവനെ കളിയാക്കും.

ജീവിതമൊരു കളിതമാശയല്ലെന്നു അവനെപ്പറഞ്ഞു മനസ്സിലാക്കാന്‍ നോക്കും. അവന്റെ നേതൃത്വത്തില്‍ ഒരു ജനക്കൂട്ടം എന്റെ നേരെ നടന്നു വരും. അവരെന്നെ കല്ലെറിയും. നെറ്റിയിലും കയ്യിലും കല്ലുകള്‍ വന്നുപതിക്കുമോയെന്നും അതിന്റെ കുത്തിത്തുളക്കുന്ന വേദന അനുഭവപ്പെടുമോയെന്നും ഞാന്‍ ഭയക്കും. മുറിവില്‍ നിന്നുള്ള നീറ്റലെന്നെ വന്നു പൊതിയും. ശരീരമാസകലം വേദന കൊണ്ട് പുളയും. ശരീരം ചലനമറ്റ് പോകുമ്പോള്‍ ഖാലിദ് എന്റെ മുന്നില്‍ വന്നു ചിരിക്കും. ഇത്തരം കാഴ്ചകളാണ് ഇന്നു മനസ്സ് നിറയെ. ഞാനെത്ര ശ്രമിച്ചിട്ടും ഇതില്‍ നിന്നു പുറത്തു വരാന്‍ സാധിച്ചില്ല. ഭൂതകാലത്തേക്ക് തിരിച്ചു പോകുന്ന ഈ മനസ്സിനെ കുടഞ്ഞു മാറ്റാന്‍ ഞാന്‍ ശ്രമിച്ചു. ഒന്നും വിലപ്പോയില്ല. ശ്രമിക്കുന്തോറും ഞാന്‍ വിഷമത്തിന്റെ അനന്തതയിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു.

(തുടരും)

| ഡോ. മുഹ്‌സിന കെ. ഇസ്മായില്‍: നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതുന്നു. മറ്റു നോവലുകള്‍: ജുഗ്ഇം (മരണം), മംഗാല, യല്‍ദ-ജവാരിയ (ദയ). ലെറ്റേഴ്സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Similar Posts