Art and Literature
പാറക്കല്ലില്‍ ഒളിച്ചിരുന്ന രഹസ്യകോഡ്
Click the Play button to hear this message in audio format
Art and Literature

പാറക്കല്ലില്‍ ഒളിച്ചിരുന്ന രഹസ്യകോഡ്

ഡോ. മുഹ്‌സിന. കെ. ഇസ്മായില്‍
|
10 Aug 2023 10:21 AM GMT

വീര്‍സാല്‍ - നോവല്‍ | അധ്യായം 16

പണ്ട് അറേബ്യയില്‍ ഷെഹ്‌സാന്‍ എന്നൊരു രാജകുമാരന്‍ താമസിച്ചിരുന്നു. ദൂരെ ഒരിടത്ത് പോയി നിന്നു വേദപുസ്തകവും അമ്പെയ്ത്തും മറ്റ് അറിവുകളും നേടി വന്നപ്പോള്‍ രാജകുമാരനെ അമിത ആത്മവിശ്വാസം വേട്ടയാടി. തന്നെ ആര്‍ക്കും തോല്‍പിക്കാന്‍ പറ്റില്ലെന്നും താന്‍ ലോകത്തിലെ ഏറ്റവും മികച്ച പടനായകനാണെന്നുമെല്ലാം തോന്നിത്തുടങ്ങി. എന്നാല്‍, സല്‍സ്വഭാവിയായിരുന്ന രാജകുമാരനില്‍ രാജാവിന് വിശ്വാസമായതിനാല്‍ തിരിച്ചു വന്ന ഉടനെ രാജാവു മകനെ അടുത്ത രാജാവായി വാഴിച്ചു. രാജകുമാരന്‍ അയല്‍ രാജ്യങ്ങളോടെല്ലാം യുദ്ധം ചെയ്യാന്‍ തുടങ്ങി. ഒന്നു രണ്ട് യുദ്ധങ്ങള്‍ ജയിച്ചപ്പോള്‍ രാജകുമാരന് വീണ്ടും വീണ്ടും യുദ്ധം ചെയ്യാന്‍ തോന്നി. അങ്ങനെ രാജ്യങ്ങള്‍ കീഴടക്കുന്നതിനിടയില്‍ രാജകുമാരന്റെ സത്യസന്ധതയും ആത്മാര്‍ഥതയും പോയ്മറഞ്ഞു. എന്ത് വിലകൊടുത്തും ആരെക്കൊന്നും രാജ്യങ്ങള്‍ കീഴടക്കുക എന്നതായി പിന്നീട് രാജകുമാരന്റെ മനസ്സില്‍. ഒരു ദിവസം, രാജകുമാരന്റെ നിലപാടുകളെ എതിര്‍ത്ത രാജാവിനെ രാജകുമാരന്‍ വധിച്ചു.

അന്നുമുതല്‍, രാജകുമാരന്റെ ഉറക്കം നഷ്ട്‌പ്പെട്ടു. ഏഴ് രാത്രികളും ഏഴ് പകലുകളും പശ്ചാതാപത്തില്‍ ഉരുകി എട്ടാം ദിവസം രാവിലെ രാജകുമാരന്‍ ജീവനൊടുക്കി.

പണ്ട് തനിക്കും ഖാലിദിനും മാ പറഞ്ഞു തരാറുണ്ടായിരുന്ന കഥയാണിത്. മാക്കു കുറേ കഥകളറിയാമായിരുന്നു. കഥ വിവരിച്ചു പറഞ്ഞു തരാനും മാക്കിഷ്ടമായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട കഥ ഇതായിരുന്നു. എന്താണ് ഈ കഥയോട് മാത്രം ഇത്ര ഇഷ്ടമെന്ന് മനസ്സിലായിട്ടില്ല. ഈ കഥ കേട്ടത്തിന് ശേഷം ഞാന്‍ പായില്‍ക്കിടന്നു കരയും. കരഞ്ഞു കരഞ്ഞുറങ്ങും. ഇന്ന് ഈ ചിത്രം നോക്കി നില്‍ക്കുമ്പോള്‍ ആ കഥയാണെനിക്ക് ഓര്‍മ വരുന്നത്. ജീവിതത്തിലെപ്പോഴൊക്കെയോ താനും ആ രാജകുമാരനായി മാറിയിട്ടില്ലേ? സത്യസന്ധത നഷ്ട്‌പ്പെട്ട സ്വാര്‍ഥനായി മാറിയ ഷെഹ്‌സാന്‍ രാജകുമാരന്‍.

പാറക്കഷണത്തില്‍ കൊത്തിവെച്ച ആ ചിത്രത്തിലേക്ക് ഞാന്‍ വീണ്ടുമൊന്നു നോക്കി, കുഞ്ഞനുജന്റെ കൈ പിടിച്ചു നില്‍ക്കുന്ന ഒരു കുട്ടി. ആ കുട്ടിക്ക് തന്നെപ്പോലെ ചുരുണ്ട മുടിയാണ്. വള്ളിട്രൌസറും ഷര്‍ട്ടുമാണ് ആ കുട്ടി അണിഞ്ഞിരിക്കുന്നത്. അവന്‍ ചിരിച്ചു കൊണ്ട് തന്റെ കയ്യിലുള്ള പന്ത് അനുജന് കൊടുക്കുകയാണ്. അനുജന് വെള്ളാരം കണ്ണുകളാണ്. അവന്‍ തന്നേക്കാള്‍ ഒരുപാട് വലിയ വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. അവന്റെ കയ്യില്‍ ജലഛായമുണ്ടായിരുന്നു. ഒരു ബ്രഷും. അവനാണ് ചുറ്റുമുള്ള മരങ്ങള്‍ക്കും ചെടികള്‍ക്കും ആകാശത്തിനുമെല്ലാം നിറം നല്‍കുന്നത്. അതേ, അത് ഖാലിദാണ്.

ഒരു കുടുംബമെപ്പോഴും വളരുന്നത് ആദ്യത്തെക്കുട്ടിയോടൊപ്പമാണ്. അവനാണ് കുടുംബത്തിന്റെ വഴികാട്ടി. ആദ്യത്തെ കുട്ടിയോടാണ് ചെറിയവന്‍ മത്സരിച്ചു ജയിക്കേണ്ടത്. ഈ തത്വങ്ങള്‍ക്കിടയില്‍ ചെറിയവര്‍ക്ക് നഷ്ടപ്പെട്ടു പോകുന്ന ചിലതുണ്ട്. ചിലപ്പോളത് പുതിയ വസ്ത്രമാകാം. പുതിയ കളിപ്പാട്ടങ്ങളാകാം. മാതാപിതാക്കള്‍ക്കുള്ള വിശ്വാസമാകാം. ഖാലിദിനും ചിലത് നഷ്ടപ്പെട്ടിട്ടുണ്ടാകില്ലേ? അല്ലെങ്കില്‍, താനവന്റെ എന്തെങ്കിലും അവകാശങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടാകില്ലേ?

പണ്ടവന്‍ സ്‌കൂളിലെ ഓട്ടമത്സരത്തില്‍ ജയിക്കാന്‍ പോകുമ്പോള്‍ ആരും കാണാതെ കാല്‍ കുറുകെ വെച്ചു വീഴ്ത്തിയതെന്തിനായിരുന്നു? വഴിയരികില്‍ നിന്നു കിട്ടിയ മഹ്‌വാ ചാരായക്കുപ്പി അവന്റെ പായ്ക്കടുത്ത് കൊണ്ട് പോയി വെച്ചിട്ടു അവനെ തല്ലുകൊള്ളിച്ചതോ? ഒരിക്കല്‍ മാ അവനു കൂടുതല്‍ റൊട്ടി കൊടുത്തപ്പോള്‍ അവന്‍ കാണാതെ റൊട്ടി നിലത്തിട്ടിട്ട് പാത്രത്തില്‍ തിരിച്ചു വച്ചതും വഴക്കു കൂടുമ്പോള്‍ ബാബ എന്നെ കൂടുതല്‍ പണികളേല്‍പ്പിക്കുമ്പോള്‍ ബാബ പറഞ്ഞു തരാറുള്ള നരകത്തില്‍ ഖാലിദിനെ ഇടണേ എന്നു അല്ലാഹുവിനോട് പ്രാര്‍ഥിക്കാറുള്ളതും ശര്‍വില്‍ ഖാലിദിനായി തരുന്ന ഇഞ്ചിമിഠായി അവനു കൊടുക്കാതെ കഴിച്ചു തീര്‍ത്തിരുന്നതും ബാബയോടൊപ്പം ബസാറില്‍ പോകുമ്പോള്‍ കിട്ടുന്ന പാനീപ്പൂരിയില്‍ ഖാലിദിന്റെ പങ്കു ബാബ കാണാതെ അകത്താക്കുന്നതെല്ലാം എനിക്കോര്‍മ വന്നു. ബാബയൊരിക്കല്‍ മാത്രമേ ഖാലിദിന് പുത്തനുടുപ്പ് വാങ്ങിക്കൊടുത്തിടുള്ളൂ. അല്ലെങ്കില്‍ അവന്‍ ധരിക്കാറുണ്ടായിരുന്നത് എന്റെ പഴയ ഉടുപ്പുകളാണ്. അന്ന് അത് വലുതാണെന്നും തനിക്ക് വേണമെന്നും പറഞ്ഞു ആ ഉടുപ്പു വാശി പിടിച്ചു കൈക്കലാക്കിയതും എന്റെ മനസ്സിലൂടെ കടന്നുപോയി. അതേ, ഞാന്‍ ഒരു ദുഷ്ടനായ ജേഷ്ഠനായിരുന്നു. എന്നാല്‍ ഖാലിദിനെന്നോട് സ്‌നേഹം മാത്രമേയുള്ളൂ. അല്ലെങ്കില്‍ അവന്‍ തന്റെയും അവന്റെയും ഒരു ചിത്രമിങ്ങനെ വരക്കേണ്ട കാര്യമുണ്ടോ?

'' നീ ദേഷ്യപ്പെടില്ലെങ്കില്‍ ഞാന്‍ നിന്നോടൊരു കാര്യം പറയാം. പണ്ട് ധീര്‍ മാഷിന് നിന്നെപ്പറ്റി കുറ്റം പറഞ്ഞു കൊടുത്തിരുന്നത് ഖാലിദല്ലായിരുന്നു. ഞാനായിരുന്നു.''

എന്റെ മനസ്സിലേക്ക് ദേഷ്യം ഇരച്ചു കയറി വന്നു. അതെന്റെ കണ്ണുകളെ മൂടി.


'' അന്ന് എന്റെ ബാബ നിന്റെ ബാബയോട് വഴക്കുണ്ടാക്കിയിട്ടില്ലേ? അന്ന് മുതല്‍ എന്റെ ബാബ ശരിക്കുറങ്ങിയിട്ടില്ല. കുറ്റബോധം കൊണ്ട് ആ മനസ്സ് നീറുന്നത് എനിക്കു കാണാമായിരുന്നു. പല തവണ നിന്റെ ബാബയെ അന്വേഷിച്ചു നടന്നിട്ടുണ്ട്. കാണുന്നവരോടൊക്കെ അന്വേഷിച്ചിട്ടുണ്ട്. പക്ഷേ, കണ്ടെത്താനായില്ല. അങ്ങനെ, ഉരുകിയുരുകി ബാബ ആത്മഹത്യ ചെയ്തു. ബാബയുടെ ആത്മാവു ഇപ്പോഴും ശാന്തി കിട്ടാതലയുകയാണ്,'' കിഷന്‍ തുടര്‍ന്നു,

''ഗുല്‍സാര്‍, ദേഷ്യം നമ്മെ നശിപ്പിക്കും. പറഞ്ഞു പോയ വാക്ക് തിരിച്ചെടുക്കാനാവില്ല. പിന്നീട്, പശ്ചാത്തപിക്കുമ്പോള്‍ ഉരുകിയുരുകി നമ്മളില്ലാതാകും,'' കിഷന്‍ ഒരനുഭവസ്ഥനെപ്പോലെ വിവരിച്ചു.

''ശരിയാണ് കിഷന്‍. എന്നെ സ്‌നേഹിച്ചവരെയൊക്കെ ഞാന്‍ വേദനിപ്പിച്ചയിട്ടേയുള്ളൂ. ഖാലിദ്, ബാബ, മാ, എന്റെ സുഹൃത്ത് ദമന്‍ജീത്.. എല്ലാവരേയും. ഖാലിദും ബാബയുമെല്ലാം എത്താന്‍ പറ്റാത്തത്ര ദൂരെയെത്തിക്കഴിഞ്ഞിരിക്കുന്നു. എനിക്കൊന്നു മാപ്പ് പറയാന്‍ പോലും നിന്നു തരാതെ. എന്നെ സ്‌നേഹിക്കുന്നവരെയെല്ലാം അകറ്റിനിര്‍ത്താന്‍ നോക്കിയിട്ടേയുള്ളൂ. ദേഷ്യം- അതാണ് എന്നെ അന്ധനാക്കുന്നത്. ഇതില്‍ നിന്നെനിക്ക് രക്ഷ നേടണം.''

എന്റെ കവിളിലൂടെ കണ്ണുനീരൊലിച്ചിറങ്ങി. ഞാന്‍ കിഷന്റെ മുന്‍പില്‍ ഒരു ചെറിയ കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു.

'വിഷമിക്കാതിയിക്ക്. എല്ലാം ശെരിയാകും.''

കിഷന്‍ അങ്ങനെ പറഞ്ഞെങ്കിലും എന്റെ മനസ്സ് ആളിക്കത്തുകയായിരുന്നു. എന്റെ അനുജനെ വെറുത്ത ഞാന്‍ എന്തൊരു നീചനാണ്. അവനെ മനസ്സിലാക്കാന്‍ എനിക്കായില്ലല്ലോ. ഞാന്‍ എന്നെപ്പറ്റി മാത്രമെ ചിന്തിച്ചുള്ളൂ. എനിക്കു കിട്ടാത്ത സ്‌നേഹത്തെക്കുറിച്ചും പരിഗണനയെക്കുറിച്ചും മാത്രമേ പരിഭവിക്കാറുണ്ടായിരുന്നുള്ളൂ.

എനിക്കിനിയെങ്കിലും ഒരു നല്ല മനുഷ്യനായി ജീവിക്കണം. ദേഷ്യത്തെ കീഴ്‌പ്പെടുത്തിയ, സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കാത്ത ഒരു മനുഷ്യന്‍.

ഞാന്‍ കിഷന്റെ കയ്യിലുള്ള പാറയിലെ ചിത്രം പരിശോധിച്ചു. അതിനു മുകളില്‍ മണ്ണു പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. നിലത്തു നിന്നും ഒരു പച്ചിലയെടുത്ത് ഞാന്‍ ആ മണ്ണു തുടച്ചു കളയാന്‍ ശ്രമിച്ചു. ദീര്‍ഘ കാലം ചെളി പറ്റിപ്പിടിച്ച് കിടന്നതിനാലാകണം ആ ചിത്രം തെളിഞ്ഞു വരുന്നേ ഉണ്ടായിരുന്നില്ല.

കുറെ നേരത്തെ പരിശ്രമത്തിനുള്ളില്‍ ആ ചിത്രം എന്റെ മുമ്പില്‍ തെളിഞ്ഞു വന്നു ഒരു പരുന്ത് തന്റെ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നത്. അപ്പോള്‍ ഇതിനൊപ്പമുള്ള പാറയിലുണ്ടായിരുന്ന ചിത്രം ഇതിന്റെ ബാക്കിയായിരിക്കുമോ? അതേ, ആ പാറക്കഷ്ണങ്ങള്‍ രണ്ടും ഒരു വലിയ പാറയുടെ രണ്ട് പാതിയാണ്. ആ ചിത്രത്തിലെ കുട്ടിക്ക് ഇപ്പോള്‍ വെള്ളാരം കണ്ണുകളോ വലിയോ ഉടുപ്പകളോ ഇല്ല. വലിയ കുട്ടിയുടെ കയ്യിലെ പന്തും അപ്രത്യക്ഷമായിരിക്കുന്നു. എല്ലാം തന്റെ മനസ്സ് നെയ്‌തെടുത്തതാണ്. അപ്പോള്‍, ഇത് തന്നെയാണ് ആ രഹസ്യ കോഡ്. എനിക്കു രാജ കുടുംബത്തിന്റെ അറിവുകളെ സംരക്ഷിച്ചേ പറ്റൂ. അതിപ്പോള്‍ എന്റെ മാത്രം ഉത്തരവാദിത്തമാണ്. ദമന്‍ജീത്തിന്റെ സഹായത്തോടു കൂടി അത് ചെയ്‌തേ തീരൂ.

(തുടരും)

| ഡോ. മുഹ്സിന കെ. ഇസ്മായില്‍: നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതുന്നു. മറ്റു നോവലുകള്‍: ജുഗ്ഇം (മരണം), മംഗാല, യല്‍ദ-ജവാരിയ (ദയ). ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Similar Posts