Art and Literature
കര്‍ത്താര്‍പ്പൂര്‍ കോറിഡോറിലെ സംഗമം
Click the Play button to hear this message in audio format
Art and Literature

കര്‍ത്താര്‍പ്പൂര്‍ കോറിഡോറിലെ സംഗമം

ഡോ. മുഹ്‌സിന. കെ. ഇസ്മായില്‍
|
29 Sep 2023 1:20 PM GMT

വീര്‍സാല്‍ - നോവല്‍ | അധ്യായം 19 - അവസാന ഭാഗം

ഇരുട്ടിന്റെ തീവ്രത കൂടിക്കൂടി വന്നു. അത് സംഹാര ദാഹത്തോടെ എന്നെ ഉറ്റു നോക്കുന്നത് പോലെത്തോന്നി.

''നിനക്കു ഞാനൊരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട്,'' അത് കിഷന്‍ ശങ്കറായിരുന്നു.

ശബ്ദം കേട്ട ഭാഗത്തേക്ക് ആളുകള്‍ നോക്കി. പലരുടേയും ഫോണിലെ ലൈറ്റ് കിഷന്റെ മുഖത്തടിച്ചു. ഇന്‍താജ് ദേഷ്യത്തോടെ കിഷന്റെ അടുത്തെത്തി.

''ആ അത്ഭുത കല്ലെവിടെ?'' ഇന്‍താജ് അലറി. കിഷന്‍ ശങ്കര്‍ തന്റെ കയ്യിലുള്ള പുസ്തകം ഇന്‍താജിന്റെ നേരെ നീട്ടി. ആ പുസ്തകത്തിന്റെ അരികുകള്‍ ക്രമരഹിതമായി അങ്ങോട്ടുമിങ്ങോട്ടും നിരതെറ്റി നില്‍ക്കുന്നതു ഇരുണ്ട വെളിച്ചത്തിലും ഞാന്‍ കണ്ടു.

''ഇതാണ് നിനക്കുള്ള സമ്മാനം. ഇത് വീര്‍സാല്‍ കുടുംബത്തിന്റെ ചരിത്രമാണ്. ഇത് ആ പാറക്കെട്ടിനകത്തുള്ള ഒരു രഹസ്യ അറയിലായിരുന്നു സൂക്ഷിക്കപ്പെട്ടിരുന്നത്. ഞാനൊരിക്കല്‍ ഗുല്‍സാറിന്റെ ബാബയെ കാണാന്‍ വന്നിട്ടുണ്ടായിരുന്നു. എന്റെ ബാബയ്ക്ക് വേണ്ടി. അന്നെന്നെ അദ്ദേഹമേല്‍പ്പിച്ചതാണീ പുസ്തകം. വീര്‍സാല്‍ രാജാക്കന്മാര്‍ നാടുഭരിച്ചിരുന്ന കാലത്ത് ബുദ്ധിമാനും വിവേകശാലിയുമായ ഒരു പണ്ഡിതനുണ്ടായിരുന്നു.''

'' അതെനിക്കറിയാം. അത് ഞങ്ങളുടെ ദാദയാണ്. നീയെന്നെ പറഞ്ഞു കേള്‍പ്പിക്കാന്‍ പോകുന്നത് കെട്ടുകഥകളല്ലേ? അതൊന്നുമെനിക്ക് കേള്‍ക്കണ്ട. എനിക്കു വേണ്ടത് ആ കലവറ തുറക്കാനുള്ള രഹസ്യ കോഡാണ്. അത് നീ എനിക്കു കണ്ടെത്തിത്തന്നേ പറ്റൂ,'' ഇന്‍താജിന്റെ ശബ്ദം ദേഷ്യം കൊണ്ട് വിറച്ചു.

''ക്ഷമയുടെ അധിപനെന്നു അവകാശപ്പെട്ടിരുന്നയാളല്ലേ? ഇപ്പോളെവിടെപ്പോയി നിന്റെ മിടുക്ക്? എനിക്കു പറയാനുള്ളത് കേട്ടാല്‍ ഞാന്‍ നിനക്കു അത് കൈമാറാം.'' ഇന്‍താജ് പിന്നെയൊന്നും പറഞ്ഞില്ല. കിഷന്‍ ശങ്കര്‍ തുടര്‍ന്നു,

''അതേ, അത് നിങ്ങളുടെ മുതകബ്ബിര്‍ ദാദ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെ നാടിനെ അലട്ടിയിരുന്ന പകര്‍ച്ചവ്യാധികള്‍ക്കും മറ്റ് രോഗങ്ങള്‍ക്കും മരുന്നുകള്‍ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിനു പ്രത്യേകമായി സജ്ജമാക്കിയിരുന്ന പരീക്ഷണ ശാലകളില്‍ നൂറോളം പണ്ഡിതന്മാരുടെ സഹായത്തോടെ പ്രത്യേക പഠനങ്ങള്‍ നടത്തിപ്പോന്നു. പത്തു കൊല്ലം കൊണ്ട് നാടിനെ പൂര്‍ണ്ണമായി സ്വയം പര്യാപ്തമാക്കുക. അതായിരുന്നു വീര്‍സാല്‍ രാജകുടുംബത്തിന്റെ ലക്ഷ്യം.''

'' വീര്‍സാല്‍ കുടുംബ മഹിമ ഞാനൊരുപാട് കേട്ടിട്ടുണ്ട്. ഒന്ന് നിര്‍ത്ത്.''

'' ഞാന്‍ പറഞ്ഞു മുഴിമിപ്പിക്കട്ടെ,'' കിഷന്‍ ശങ്കറിന്റെ ശബ്ദം ഉറച്ചതായിരുന്നു. എന്താണവന്‍ പറയാനുദ്ദേശിക്കുന്നതെന്ന് മനസ്സിലാകാതെ ഞങ്ങളെല്ലാവരും കിഷനിനെത്തന്നെ നോക്കി നിന്നു.

''രോഗശമനത്തിനായി രാജ്യത്തിന് പുറത്തു നിന്നുവരെ ആളുകള്‍ വരാറുണ്ടായിരുന്നു. എന്നാല്‍, ആ രാജ്യത്തുള്ളവരുടെ പ്രശ്‌നങ്ങള്‍ കേട്ടത്തിന് ശേഷമേ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നുള്ളൂ. എല്ലാവര്‍ക്കും ഈ നിയമം ബാധകമായിരുന്നു. ചിലപ്പോള്‍ അയല്‍ രാജ്യങ്ങളിലെ രാജാക്കന്മാര്‍ക്കു വരെ തങ്ങളുടെ ഊഴം കാത്തിരിക്കേണ്ടി വരുകയും കാര്യം നടക്കാതെ വരുമ്പോള്‍ തിരിച്ചു പോകേണ്ടി വരുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും ഇത് അവരുടെ ഇടയില്‍ വീര്‍സാല്‍ രാജാക്കന്മാരോടുള്ള നീരസത്തിന് കാരണമായി. പലവുരു ഇക്കാര്യത്തിലെ അതൃപ്തി നാട്ടുരാജാക്കന്മാര്‍ വീര്‍സാല്‍ രാജാവിനെ അറിയിച്ചെങ്കിലും ഈ നിയമത്തിനൊരു ഭേതഗതിയും വരുത്താന്‍ രാജാവു തയ്യാറായില്ല. ഇതില്‍ കലിപൂണ്ട് അയല്‍രാജാക്കന്മാര്‍ സംഘടിച്ചു പല തവണ യുദ്ധം ചെയ്തു. ഒരിക്കളവര്‍ പരീക്ഷണ ശാലയിലേക്കും കയറാന്‍ ശ്രമിച്ചു. എന്നാല്‍ ഈ സ്ഥലങ്ങളിലായിരുന്നു ഏറ്റവും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്. അയല്‍ രാജാക്കന്മാര്‍ തോറ്റു പിന്മാറേണ്ടി വന്നുവെന്ന് മാത്രമല്ല ഒരിക്കല്‍ പോലും ആ പരീക്ഷണ ശാലകളിലേക്ക് തങ്ങള്‍ക്കു പ്രവേശിക്കുവാന്‍ കൂടി പറ്റില്ലെന്നവര്‍ തിരിച്ചറിഞ്ഞു.

ചുരുങ്ങിയ സമയത്തിനുള്ളിള്‍ വീര്‍സാല്‍ രാജ്യം നേടിയെടുത്ത നേട്ടങ്ങളവരില്‍ കണ്ണുകടിയുണ്ടാക്കി. ഇനിയുമിത് തുടരാനനുവദിച്ചാല്‍ വീര്‍സാല്‍ രാജ്യം എത്തിച്ചേരാനിടയുള്ള സ്ഥാനമവരെ ഭയപ്പെടുത്തി. തങ്ങളെല്ലാവരും അവര്‍ക്കു കീഴ്‌പ്പെടേണ്ടി വരുമെന്ന് അവര്‍ കണക്ക് കൂട്ടി. അതിനാല്‍, അവര്‍ കുറച്ചു പണ്ഡിതന്മാരെ പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തു കീഴ്‌പ്പെടുത്തി.

അങ്ങനെ, ഒരുപാട് നാളത്തെ തയ്യാറെടുപ്പോടു കൂടി ഒരിക്കല്‍ അയല്‍ രാജ്യങ്ങള്‍ വീര്‍സാല്‍ രാജ്യത്തെ ആക്രമിച്ചു. ചാരന്മാരുടെ സഹായത്തോടെ അയല്‍ രാജ്യങ്ങല്‍ രാജ്യത്തെ ആയുധ ശേഖരണ കോട്ടകളെല്ലാം തകര്‍ത്തു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ മുഖ്യ പണ്ഡിതന്‍ രാജകുടുംബത്തോട് ഒളിത്താവളത്തിലേക്ക് പോകാനാവശ്യപ്പെട്ടുവെങ്കിലും ഗുരുവിനെ യുദ്ധമുഖത്ത് ഒറ്റക്കാക്കിയിട്ട് പോകാനവര്‍ കൂട്ടാക്കിയില്ല. താന്‍ എങ്ങനേയും രക്ഷപ്പെടുമെന്നു പണ്ഡിതന്‍ ഉറപ്പ് നല്‍കിയ ശേഷമാണ് രാജകുടുംബം ഒളിവില്‍ പോയത്. ഈ സമയത്തിനുള്ളില്‍ പണ്ഡിതന്‍ തങ്ങളുടെ കണ്ടെത്തലുകളെ ഈ സ്ഥലത്ത് ഒളിപ്പിക്കാനും രഹസ്യ കോഡ് സ്ഥാപിക്കുവാനുമുള്ള ഏര്‍പ്പാടുണ്ടാക്കി. അന്നു കുതിരപ്പുറത്തും കാല്‍നടയായിട്ടും പണ്ഡിതന്റെ വിശ്വസ്തര്‍ ഇവിടെ വന്നാണ് ഇതെല്ലാം ഒളിപ്പിച്ചത്. പക്ഷേ, വിചാരിച്ചത് പോലെ അവിടെ നിന്നു രക്ഷപ്പെടാന്‍ പണ്ഡിതനായില്ല. അതും ആരോ ചതിച്ചതാണെന്ന് കരുതപ്പെടുന്നു. മരിക്കുന്നതിന് മുന്‍പ് പരീക്ഷണ ശാലക്കു തീകൊളുത്താന്‍ പണ്ഡിതനു സാധിച്ചു. അങ്ങനെ, തങ്ങളുടെ അമൂല്യമായ അറിവുകളെല്ലാം കത്തിനശിച്ചുവെന്ന് അയല്‍ രാജ്യത്തെ ബോധ്യപ്പെടുത്താനായി.

എന്നാല്‍, മറ്റൊരു കഥയാണ് പണ്ഡിതന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒരു സംഘം ആളുകള്‍ പാടി നടന്നത്. അതും കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതികളുടെ ബാക്കിപത്രം മാത്രമായിരുന്നു. പണ്ഡിതനൊരു പിന്‍ഗാമി ഉണ്ടാകരുതെന്ന് അവര്‍ക്കു നിര്‍ബന്ധമായിരുന്നു. അവരെ തെറ്റായ കഥകള്‍ പറഞ്ഞു വിശ്വാസിപ്പിച്ചാല്‍ വീര്‍സാല്‍ കുടുംബത്തോടുള്ള പക അവരെ തകര്‍ത്തു കളയുമെന്ന് അവര്‍ കണക്ക് കൂട്ടി. അത് തന്നെ സംഭവിച്ചു,'' കിഷന്‍ ശങ്കര്‍ പറഞ്ഞു നിര്‍ത്തി. ദീര്‍ഘമായൊരു നിശ്ശബ്ദത അവിടെ പരന്നു.

''ഇതെല്ലാം നീ കെട്ടിച്ചമച്ചുണ്ടാക്കിയതല്ലേ?'' ഇന്‍താജിന്റെ ശബ്ദത്തില്‍ തെല്ലും ദേഷ്യമുണ്ടായിരുന്നില്ല.

''ഈ വിവരങ്ങളെല്ലാം ഈ പുസ്തകത്തിലുള്ളതാണ്. നിനക്കു വേണമെങ്കില്‍ വായിച്ചു നോക്കാം,'' കിഷന്‍ശങ്കര്‍ ആ പുസ്തകം ഇന്‍താജിന് നേരെ നീട്ടി.

** **

പാറക്കഷ്ണങ്ങളും അത്ഭുത വെള്ളാരം കല്ലുമുപയോഗിച്ച് ഞങ്ങള്‍ രഹസ്യ കലവറ തുറന്നു. അതിലുണ്ടായിരുന്ന സ്വത്തില്‍ പകുതി ഭാഗവും ഞങ്ങള്‍ ഇന്‍താജിനും കുടുംബത്തിനും ആ ജനതക്കുമായി മാറ്റിവെച്ചു. ആയിരത്തലൊരാള്‍ക്കു ബാധിക്കുന്ന ഒരു രോഗം വന്നു കിഷന്‍ ശങ്കറിന്റെ അനുജത്തി ഏറെ നാളായി കിടപ്പിലായിരുന്നു. കലവറയില്‍ സൂക്ഷിച്ചിരുന്ന ഒറ്റമൂലി മാത്രമായിരുന്നു അതിനൊരു പരിഹാരം. കുടുംബപരമായി കൈമാറി വന്ന അറിവുകളെല്ലാം രാജ്യത്തെ ശാസ്ത്രജ്ഞനമാര്‍ക്കു കൈമാറി. ഇന്‍താജ് കുറ്റമേറ്റ് പറഞ്ഞു നിയമത്തിനു മുന്‍പില്‍ കീഴടങ്ങി. ഇന്‍താജിന്റെ സഹായത്തോടെ ഞങ്ങള്‍ ഖാലിദിനെ കണ്ടെത്തി. കോറോണാക്കേസുകള്‍ കുറഞ്ഞതോട് കൂടി കര്‍താര്‍പൂര്‍ കോറിഡോര്‍ വീണ്ടും തുറന്നു. ആ അസുലഭ നിമിഷത്തിനായി ഞാന്‍ കാത്തിരുന്നു.

എഴുപത്തിനാല് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഒരു മഞ്ഞണിഞ്ഞ ദിവസത്തില്‍ ഇന്ത്യ-പാക് സൈനികരേയും വലിയൊരു ജനാവലിയെയും സാക്ഷി നിര്‍ത്തി ഞാനും ഖാലിദും കണ്ടുമുട്ടി. ഖാലിദിന്റെ വെള്ളാരം കണ്ണുകള്‍ നിറഞ്ഞു. രണ്ടു സഹോദരങ്ങള്‍ കൈ പിടിച്ചു നില്‍ക്കുന്ന ആ ചിത്രം എന്റെ മനസ്സില്‍ നിറഞ്ഞു. ഞാനവനെ ചേര്‍ത്തു പിടിച്ചു. ആര്‍പ്പുവികളുയര്‍ന്നു. പിഞ്ഞിപ്പറിഞ്ഞ് തുടങ്ങിയ പന്ത് ഞാന്‍ ഖാലിദിന് കൈമാറി. പിന്നെ, അവന്റെ തകരപ്പെട്ടിയും. അതിനകത്തെ വെള്ളാരം കല്ലുകള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് ഖാലിദിനെ നോക്കി. ഖാലിദ് തന്റെ നെഞ്ചോടു ചേര്‍ത്തു. സന്തോഷം കൊണ്ട് എന്റെ രോമങ്ങള്‍ എഴുന്നേറ്റു നിന്നു. അവന്റെ കണ്ണില്‍ നിന്നു ഒരിറ്റു കണ്ണുനീര്‍ കവിളിലേക്കൊഴുകി.

വാര്‍ത്താ മാധ്യമങ്ങളും യൂടൂബ് ചാനലുകളും ഞങ്ങളുടെ സംഗമത്തെ ഏറ്റുപാടി. കൂടുതല്‍ സന്തോഷിച്ചത് ജനങ്ങളാണ്. അതിരില്ലാത്ത സ്‌നേഹം മാത്രം മനസ്സില്‍ സൂക്ഷിയ്ക്കുന്ന ഓരോ മനുഷ്യനുമാണ്.

(അവസാനിച്ചു)

| ഡോ. മുഹ്സിന കെ. ഇസ്മായില്‍: നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതുന്നു. മറ്റു നോവലുകള്‍: ജുഗ്ഇം (മരണം), മംഗാല, യല്‍ദ-ജവാരിയ (ദയ). ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Similar Posts