Art and Literature
പരീക്ഷണങ്ങളില്‍ തന്നെ പുതിയ വഴി കണ്ടെത്തുന്ന വൈറ്റ് ആള്‍ട്ടോ
Art and Literature

പരീക്ഷണങ്ങളില്‍ തന്നെ പുതിയ വഴി കണ്ടെത്തുന്ന വൈറ്റ് ആള്‍ട്ടോ

അലി കൂട്ടായി
|
21 Nov 2022 8:45 AM GMT

അനുദിനം പുതുക്കപ്പെട്ട് കൊണ്ടിരിക്കുന്ന പ്രേക്ഷകന് നല്‍കിയ ചിത്രമാണ് വൈറ്റ് ആള്‍ട്ടോ. മലയാള സിനിമ അതിന്റെ വാര്‍പ്പു മാതൃകകളെ തകിടം മറിച്ച് മുന്നോട്ട് പോവുകയാണ്. അങ്ങനെ പരീക്ഷണ ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകരുടെ ഇഷ്ടചിത്രമായിരിക്കും വൈറ്റ് ആള്‍ട്ടോ.

ഒരു സാങ്കല്‍പ്പിക ഭൂപ്രദേശം ഉണ്ടാക്കുക. അവിടെ നമ്മള്‍ ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത വിചിത്ര സ്വഭാവമുള്ള ഒരുകൂട്ടം ആളുകളെ കൊണ്ടുവന്നിടുക. അവിടെ ഒരു കഥ പറയുക. അവര്‍ കാണിക്കുന്നത് പ്രേക്ഷകരിങ്ങനെ കണ്ടുകൊണ്ടിരിക്കുക. ചിരിപ്പിച്ചും ഞെട്ടിച്ചും അതിങ്ങനെ മുന്നോട്ടുപോവുക. അതാണ് 1744 വൈറ്റ് ആള്‍ട്ടോ.

സംസ്ഥാന അവാര്‍ഡ് നേടിയത് കൊണ്ട് മാത്രമായിരുന്നില്ല തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ ചര്‍ച്ചയായത്. ഒ.ടി.ടി റിലീസായി എത്തിയ ആ സിനിമ പ്രേക്ഷകരുമായി അത്രമേല്‍ കണക്ടഡ് ആയിരുന്നു എന്നതാണ് വസ്തുത. വീടിനടുത്ത് സംഭവിക്കുന്നത് പോലെയാണ് ചിത്രം കഥ പറഞ്ഞത്. ചിരിക്കുള്ളില്‍ ചിന്തകള്‍ ഒളിപ്പിച്ച് വെച്ചാണ് ഹെഗ്‌ഡെ എന്ന സംവിധായകന്‍ കാഞ്ഞങ്ങാട്ടെ കല്യാണത്തിന്റെ കഥ പറഞ്ഞത്. ഹെഗ്‌ഡെയുടെ തന്നെ എഴുത്തിലും സംവിധാനത്തിലും പുറത്തിറങ്ങിയ മറ്റൊരു സിനിമയാണ് വൈറ്റ് ആള്‍ട്ടോ.



മലയാളത്തില്‍ തന്നെ ഡബിള്‍ ബാരല്‍, ഇബ്‌ലീസ്, കിളിപോയ് എന്നീ ചിത്രങ്ങളുടെയൊക്കെ സ്വഭാവം ചിത്രത്തിനുണ്ട്. സിനിമ തുടങ്ങി ആദ്യ പത്ത് മിനിറ്റിനുള്ളില്‍ത്തന്നെ താന്‍ ഒരുക്കിയിരിക്കുന്ന സവിശേഷ ലോകം പരിചയപ്പെടുത്താന്‍ സംവിധായകനാവുന്നുണ്ട്. പിന്നെ പിന്നെ പതിയെ സിനിമ മുന്നോട്ടുനീക്കുകയാണ്. ഇടക്ക് ചിരിയും പൊട്ടിച്ചിരികളും സമ്മാനിക്കുമ്പോള്‍ തന്നെ എന്തോ സംഭവിക്കാനുണ്ടെന്ന ഫീലും പ്രേക്ഷകനിലിട്ട് മുന്നോട്ട് പോവാന്‍ സിനിമയ്ക്കാവുന്നുണ്ട്.

തന്റെ മുന്‍ ചിത്രം പോലെ തന്നെ സറ്റയറിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയാണ് ഹെഗ്‌ഡെ ഈ കാറിന്റെ കഥ പറഞ്ഞത്. പക്ഷേ അതില്‍ നിന്ന് ഏറെ വ്യത്യസ്തമയി ആത്മവിശ്വാസം വര്‍ധിച്ച ഹെഗ്‌ഡെയെ വൈറ്റ് ആള്‍ട്ടോയില്‍ കാണാം. സറ്റയറിനെ അബ്‌സേര്‍ഡിറ്റിയില്‍ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് സംവിധായകന്റെ ശ്രമം. അതായത് യുക്തിയെ ഒക്കെ തിയറ്ററിന് പുറത്തെ ബാഗില്‍ വെച്ച് തിയറ്ററില്‍ വന്നിരുന്നാല്‍ ഹെഗ്‌ഡെ ഒരു കഥ പറഞ്ഞുതരും. മലയാളിക്ക് ഇതുവരെ പരിചയമില്ലാത്ത ആളുകളെയും ഭൂപ്രദേശവും പരിചയപ്പെടുത്തിതരും. കോമഡി ക്രൈം ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രം ചിരിപ്പിച്ചാണ് മുന്നോട്ട് പോവുന്നത്.


രാജേഷ് മാധവനും ആനന്ദ് മന്മഥനും അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയാണ് സിനിമയുടെ തുടക്കം. നായകന്‍, നായിക, വില്ലന്‍ എന്നിങ്ങനെ സിനിമയിലെ പൊതുരീതിയെ എല്ലാം ഹെഗ്‌ഡെ കീഴ്‌മേല്‍ മറിക്കുകയാണ്. കഥ പറച്ചില്‍ രീതിയാണ് ഇവിടെ നായകന്‍. തട്ടിപ്പും ഗുണ്ടാപ്പണിയുമായും നടക്കുന്ന രണ്ടുപേരാണ് രാജേഷ് മാധവനും ആനന്ദ് മന്മഥനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍. ഇതില്‍ ഒരാളുടെ ചില നേരത്തെ അപ്രതീക്ഷിത നീക്കത്തില്‍ വലിയ ഒരു പ്രശ്‌നം ഉണ്ടാവുന്നു. അതേ തുടര്‍ന്ന് പൊലീസ് ഇവരെ ഇവരെ തിരയുന്നു. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള രണ്ട് പേരുടേയും ഓട്ടമാണ് ചിത്രം പറയുന്നത്. അതിങ്ങനെ പ്രേക്ഷകരെ കൂടെ കൂട്ടി സഞ്ചരിക്കുകയാണ്.

എല്ലാവരുടെയും കപ്പിലെ ചായയല്ല വൈറ്റ് ആള്‍ട്ടോ. അത് കൈയ്ക്കുന്നവരും മധുരിക്കുന്നവരുമൊക്കെ ഉണ്ടാവും. ഇവിടെ കഥയേക്കാള്‍ അത് പറഞ്ഞിരിക്കുന്ന സ്റ്റൈലിനാണ് പ്രധാന്യം. വിഷ്വല്‍ ലാന്‍ഗ്വേജും, ഒപ്പം സൗണ്ട് ഡിസൈനുമൊക്കെ സിനിമക്ക് പ്രത്യേക ഭംഗി നല്‍കുന്നുണ്ട്. സാങ്കല്‍പ്പിക ഭൂമികയില്‍ ഒരു വെസ്റ്റേണ്‍ സ്റ്റൈല്‍ കോമഡി ക്രൈം ഡ്രാമ പറഞ്ഞുവെന്നതാണ് വൈറ്റ് ആള്‍ട്ടോയുടെ ആദ്യ പ്ലസ് പോയന്റ്.


വെസ്റ്റേണ്‍ കോമഡി ആക്ഷന്‍ ചിത്രങ്ങളുടേതിന് സമാനമായ മേക്കിങ്ങാണ് ചിത്രത്തിന്. വിചിത്ര സ്വഭാവമുള്ള കഥാപാത്രങ്ങളും സാങ്കല്‍പ്പിക നാടും കഥാപാത്രങ്ങളുടെ അപ്രതീക്ഷിത നീക്കങ്ങളും തുടങ്ങി ഹോളിവുഡില്‍ ഈ ഴോണറില്‍ നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ട്. ആ സ്്റ്റൈല്‍ പിടിച്ചാണ് ഹെഗ്ഡെ കഥ പറഞ്ഞത്. അത്തരം ചിത്രങ്ങള്‍ കണ്ടുപരിചയിച്ചവര്‍ക്ക് ചിത്രം എളുപ്പത്തില്‍ റിലേറ്റാവുകയും കഥ നടക്കുന്നിടത്തേക്ക് വേഗത്തില്‍ ഇറങ്ങിചെല്ലാനും കഴിയും. മലയാളത്തില്‍ തന്നെ ഡബിള്‍ ബാരല്‍, ഇബ്‌ലീസ്, കിളിപോയ് എന്നീ ചിത്രങ്ങളുടെയൊക്കെ സ്വഭാവം ചിത്രത്തിനുണ്ട്. സിനിമ തുടങ്ങി ആദ്യ പത്ത് മിനിറ്റിനുള്ളില്‍ത്തന്നെ താന്‍ ഒരുക്കിയിരിക്കുന്ന സവിശേഷ ലോകം പരിചയപ്പെടുത്താന്‍ സംവിധായകനാവുന്നുണ്ട്. പിന്നെ പിന്നെ പതിയെ സിനിമ മുന്നോട്ടുനീക്കുകയാണ്. ഇടക്ക് ചിരിയും പൊട്ടിച്ചിരികളും സമ്മാനിക്കുമ്പോള്‍ തന്നെ എന്തോ സംഭവിക്കാനുണ്ടെന്ന ഫീലും പ്രേക്ഷകനിലിട്ട് മുന്നോട്ട് പോവാന്‍ സിനിമയ്ക്കാവുന്നുണ്ട്.

വെസ്റ്റേണുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈന്‍ എലമെന്റുകള്‍ ചിത്രത്തിന്റെ ഫ്രെയ്മുകളില്‍ ഉടനീളം കാണാം. ഓരോ ഷോട്ടിലും വരുന്ന ചെറിയ ഒബ്‌ജെക്റ്റ്സ് പോലും ചിത്രത്തിന്റെ കഥയ്ക്കും, ആ സീനിലെ നര്‍മ്മത്തിനും അത്രമേല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ചിത്രത്തിന്റെ ഫ്രെയിമുകള്‍ക്ക് അങ്ങനെയൊരു ഭംഗി നല്‍കിയത് രണ്ട് പേരാണ്. അതിലൊന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയ ഉല്ലാസ് ഹൈദൂരും ആര്‍ട് ഡയറക്ടര്‍ വിനോദ് പട്ടണക്കാടനുമാണ്. ക്യാമറ കൈകാര്യം ചെയ്ത ശ്രീരാജ് രവീന്ദ്രന്റെ മികവ് കൂടി ചേരുമ്പോള്‍ ഇത് പൂര്‍ണമാവുകയാണ് സംവിധായകനൊപ്പം ശ്രീരാജ് കൂടി ചിത്രത്തിന്റെ തിരക്കഥയില്‍ പങ്കാളിയാണ്. താന്‍ എഴുതിവെച്ചത് കാമറയില്‍ കണ്ടതിന്റെ ഭംഗിയും ചിത്രത്തിനുണ്ടായിരുന്നു എന്നത് മറ്റൊരു വസ്തുതയാണ്. മുജീബിന്റെ പശ്ചാത്തല സംഗീതവും, ഹരിലാലിന്റെ കട്ടുകളും, അവിനാശിന്റെ ഗ്രേഡിങ്ങും, ചിത്രത്തിന്റെ എസ്തെറ്റിക്‌സിന് ഒരു ഇന്റര്‍നാഷണല്‍ അപ്പീല്‍ കൊണ്ട് വരുന്നുണ്ട്.

തമാശയ്ക്ക് വേണ്ടി കാത്തിരിക്കുകയും ചിരിക്കാന്‍ റെഡിയായി ഇരിക്കുകയുമാണ് പ്രേക്ഷകര്‍. അവരെ തുടരെ തുടരെ ചിരിപ്പിക്കുന്ന രീതി ചിത്രം സ്വീകരിച്ചിട്ടില്ല. ആ ട്രീറ്റ്മെന്റ് ഉണ്ടായിരുന്നെങ്കില്‍ ചിത്രം കൂടുതല്‍ എന്‍ഗേജിങ് ആവുമായിരുന്നു. സറ്റയര്‍ പൊതിഞ്ഞും അല്ലാതെയും കഥ പറയുക എന്നത് മലയാളം പിന്തുടരുന്ന രീതിയാണ്. എന്നാല്‍, ഹെഗ്‌ഡെയും ശ്രീരാജും ഇവിടെ പൊതിഞ്ഞത് പുറത്തേക്ക് കാണാന്‍ ഏറെ പാടുള്ള രീതിയിലാണ്.

ചുരുങ്ങിയ ചിത്രങ്ങള്‍കൊണ്ട് തന്നെ രാജേഷ് മാധവന്‍ എന്ന നടന്‍ മലയാള ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറിയിട്ടുണ്ട്. വൈറ്റ് ആള്‍ട്ടോയില്‍ രാജേഷിന്റെ പല കൗണ്ടറുകളും ചില സമയത്തെ നോട്ടം പോലും നല്ല ചിരി കൊണ്ടുവരുന്നുണ്ട്. പൊലീസായി എത്തിയ ഷറഫുദ്ദീനും ചിരിപ്പിക്കുന്നുണ്ട്. ഷറഫുദ്ദീന്റെ കരിയറിലെ ഒരു ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നായി ഈ ചിത്രത്തിലെ മഹേഷുണ്ടാവും, ഒപ്പം നമ്മളിതുവരെ കാണാത്ത പൊലീസുകാരും. പ്രധാന കഥാപാത്രങ്ങളും അവരോടൊപ്പമുള്ളവരെയും മാറ്റി നിര്‍ത്തിയാല്‍ രണ്ട് മൂന്ന് പേര്‍ മാത്രമാണ് സീനുകളില്‍ വന്നുപോവുന്നത്. ബാക്കി കഥയെല്ലാം അവര്‍ തന്നെയാണ് പറയുന്നത്. ഇങ്ങനെ ഒരു മേക്കിങ് സ്‌റ്റൈല്‍ അധികം മലയാളത്തില്‍ ഉണ്ടായിട്ടില്ല.

പരീക്ഷണം എന്ന ബ്രാക്കറ്റിനുള്ളില്‍ ഒതുക്കുമ്പോള്‍ തന്നെ പ്രേക്ഷകനെ കൂടെ നടത്തണമെങ്കില്‍ അവര്‍ക്ക് പിടിച്ച് മുന്നോട്ട് പോവാവുന്ന കഥയുടെ ഒരു നൂല് ഇട്ട് കൊടുക്കണം. അതില്ലാത്തതിന്റെ പ്രശ്‌നം ചിത്രം നേരിടുന്നുണ്ട്. ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിം എന്നതിനപ്പുറത്തേക്ക് ചിത്രം ഗ്രാഫ് ഉയര്‍ത്താത്തതും പ്രശ്‌നമാണ്. അതായത് ഫ്‌ളാറ്റായി പോയി അങ്ങനെ തന്നെ അവസാനിക്കുന്ന രീതിയാണ് ചിത്രത്തിന്. തമാശയ്ക്ക് വേണ്ടി കാത്തിരിക്കുകയും ചിരിക്കാന്‍ റെഡിയായി ഇരിക്കുകയുമാണ് പ്രേക്ഷകര്‍. അവരെ തുടരെ തുടരെ ചിരിപ്പിക്കുന്ന രീതി ചിത്രം സ്വീകരിച്ചിട്ടില്ല. ആ ട്രീറ്റ്മെന്റ് ഉണ്ടായിരുന്നെങ്കില്‍ ചിത്രം കൂടുതല്‍ എന്‍ഗേജിങ് ആവുമായിരുന്നു. സറ്റയര്‍ പൊതിഞ്ഞും അല്ലാതെയും കഥ പറയുക എന്നത് മലയാളം പിന്തുടരുന്ന രീതിയാണ്. എന്നാല്‍, ഹെഗ്‌ഡെയും ശ്രീരാജും ഇവിടെ പൊതിഞ്ഞത് പുറത്തേക്ക് കാണാന്‍ ഏറെ പാടുള്ള രീതിയിലാണ്.


നടന്‍ മമ്മൂട്ടിയുടെ ഒരു അഭിമുഖത്തിന്റെ ഏതാനും സെക്കന്റുകളുള്ള ഒരു ഭാഗം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ കിടന്ന് കറങ്ങുന്നുണ്ട്. അത് പ്രേക്ഷകന്റെ ആസ്വാദനത്തില്‍ വന്ന മാറ്റത്തെ കുറിച്ചുള്ളതാണ്. സിനിമയെ വിമര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകളുണ്ടായതോടെയാണ് പ്രേക്ഷകരുടെ സിനിമാ കാഴ്ചകളിലെയും ആസ്വാദനത്തെയും അവര്‍ക്കുണ്ടായ മാറ്റത്തെ കുറിച്ചുള്ള മമ്മൂട്ടിയുടെ പറച്ചിലും വൈറലായത്. ഇവിടെ സിനിമ തലയില്‍ കയറിയ ഏറെ ആത്മവിശ്വാസമുള്ള ഒരു സംവിധായകന്‍ അനുദിനം പുതുക്കപ്പെട്ട് കൊണ്ടിരിക്കുന്ന പ്രേക്ഷകന് നല്‍കിയ ചിത്രമാണ് വൈറ്റ് ആള്‍ട്ടോ. മലയാള സിനിമ അതിന്റെ വാര്‍പ്പു മാതൃകകളെ തകിടം മറിച്ച് മുന്നോട്ട് പോവുകയാണ്. അങ്ങനെ പരീക്ഷണ ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകരുടെ ഇഷ്ടചിത്രമായിരിക്കും വൈറ്റ് ആള്‍ട്ടോ.

Similar Posts