Art and Literature
A120 ലെ എഴുത്തുകാരന്‍
Art and Literature

A120 ലെ എഴുത്തുകാരന്‍

സുരേഷ് നാരായണന്‍
|
8 Nov 2023 7:24 AM GMT

164 സ്റ്റാളുകള്‍; ഏഴു ദിവസങ്ങളിലായി ഇരുനൂറിലേറെ പ്രകാശനങ്ങള്‍. ഒരു പുസ്തക ബിനാലെയാണ് കണ്‍മുമ്പില്‍ നടന്നന്നത്.

'..ദേ പുസ്തകം എഴുതിയ ആള് വരുന്നൂ. അങ്ങോട്ട് തന്നെ ചോദിക്കിന്‍..!' പാപ്പാത്തിയുടെ A 120 സ്റ്റോളിലേക്ക് ഞാന്‍ നടന്നു കയറിയതും സന്ദീപ് മാഷ് പറഞ്ഞു.

മാധ്യമം തിരുവനന്തപുരത്തുള്ള ഷിബു: അദ്ദേഹത്തിന്റെ കയ്യില്‍ പിടയ്ക്കുന്ന ചിറകുകളോടെ എന്റെ പുസ്തകം. വൈകുന്നേരം അതിനെ അണിയിച്ചൊരുക്കി പ്രകാശനത്തിന് റെഡിയാക്കേണ്ടതുണ്ട്.

ഒറ്റ ശ്വാസത്തില്‍ പുസ്തകത്തിന്റഎ കഥ പറഞ്ഞു തീര്‍ന്നപ്പോഴാണു മനസ്സിലായത്, ജീവിതത്തിലെ ആദ്യത്തെ മാധ്യമ ഇന്റര്‍വ്യൂ പൂര്‍ത്തിയായിരിക്കുന്നു എന്ന്.

'സുരേഷണ്ണാ' എന്ന് വിളി കേട്ട്

അവിടെനിന്നു തിരിഞ്ഞു:

ആശയാണ്; അര്‍ദ്ധ സഹോദരി.

ഒരു വര്‍ഷമായി ഭരണചക്രം തിരിക്കുന്ന ഓഫീസില്‍ ജോലി ചെയ്യുന്നു.. അവളുടെ പുറകെ അനുസരണയുള്ള കുട്ടിയായി നടന്നു.

164 സ്റ്റോളുകള്‍; ഏഴു ദിവസങ്ങളിലായി 200ല്‍ പരം പ്രകാശനങ്ങള്‍. ഒരു പുസ്തക ബിനാലെയാണ് കണ്‍മുമ്പില്‍ ലൈവ് ആയി നടന്നുകൊണ്ടിരിക്കുന്നത്.

ആ ചിന്ത വായിച്ചിട്ടാവണം ആശ തുടര്‍ന്നു: അതുമാത്രമല്ല, ഫുഡ് സ്റ്റാളുകളും ഉണ്ട്.

'ഓ.. നിനക്കൊരു മാറ്റവുമില്ല;

ഫുഡിന്റെ കാര്യം തന്നെ അന്നും ഇന്നും, ല്ലേ'എന്നപ്പോള്‍ കണ്ണുരുട്ടി.

മുഖങ്ങള്‍, മുഖങ്ങള്‍.. ചുറ്റിലും.

ചിരിക്കുന്ന

സംസാരിക്കുന്ന

കെട്ടിപ്പിടിച്ചൊഴുകി നീങ്ങുന്ന മുഖങ്ങള്‍.

ഗൗരവമാര്‍ന്നവയുമുണ്ട്;

പക്ഷേ, പുസ്തകക്കവറുകളില്‍ ആണെന്നു മാത്രം.

ദൂരെയൊരു മുഖം കണ്ട് നടപ്പിനു വേഗത കൂട്ടി. 'ഉമ്മക്കൊതിയനാം കവി'

എന്നു വിളിച്ച വിജീഷയാണ് അത് എന്നു കരുതി. അടുത്ത് ചെന്നപ്പോള്‍ തിരിച്ചറിഞ്ഞു വിജീഷയല്ല; വിജിലയാണ്.

വേദികളില്‍ നിന്ന് അനൗണ്‍സ്‌മെന്റുകള്‍ പ്രവഹിച്ചു കൊണ്ടേയിരിക്കുന്നു.

ഷിനിലാല്‍, ഹാരിസ് നെന്മേനി, രാജേഷ് ചിറപ്പാട്, നജാ ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു തകര്‍ക്കുന്നു. ക്യു.ആര്‍ കോഡുകളും മൊബൈലുകളും നോട്ടങ്ങള്‍ പരസ്പരം കൈമാറിക്കൊണ്ടേയിരുന്നു.


ചൂടുകാറ്റടിക്കുന്നുണ്ട്.

മറ്റു ദിവസങ്ങളിലായിരുന്നെങ്കില്‍ കുട്ടികളുടെ സാന്നിധ്യം ഇളം കാറ്റായ്

അതിനെ വിഴുങ്ങിയേനെ!

ഇന്നു ഞായറാഴ്ചയായിപ്പോയില്ലേ.

എസ്. ജോസഫ്, നിബുലാല്‍ വെട്ടൂര്‍, വിനോദ് വെള്ളായണി, സുനില്‍ സി.ഇ, സനിത അനൂപ്

എന്നിവരെ കണ്ടു... മുട്ടി.. മിണ്ടി.

അപ്പോഴേക്കും 'തലശ്ശേരി ബിരിയാണിയുടെ കൗണ്ടര്‍ ഇപ്പോള്‍ ക്ലോസ് ചെയ്യും' എന്ന് പറഞ്ഞ് രമേശന്‍ മാഷ് കൈ പിടിച്ചു വലിച്ചു.

അങ്ങനെ നാലരയാകാറായി.

ശ്രീ നൃപന്‍ദാസിന്റെ വിളി മൊബൈലിലേക്ക് ഒഴുകിയെത്തി. വേദി നാലിലേക്കോടി.

ക്യാമ്പസിന്റെ സമരമരച്ചുവട്ടില്‍ ചുരുട്ടിപ്പിടിച്ച മുഷ്ടിക്കു താഴെ ഗര്‍ജിക്കുമായിരുന്ന ശബ്ദത്തിന്റെ ഉടമയെ

20 വര്‍ഷങ്ങള്‍ക്കിപ്പുറം നേരിട്ടു കണ്ടു; അലിഞ്ഞുചേര്‍ന്നു.

സുധീഷ് മാഷ് വേദിയില്‍ നിറഞ്ഞുനില്‍ക്കുന്നു.

അതിനരികില്‍ ഒതുങ്ങിയിരുന്ന് കിതപ്പാറ്റവേ, ബാങ്കിലെ ശ്രീകാന്ത് സര്‍ വിളിച്ചു;

വരാനുള്ള വഴി ചോദിച്ചു.

'ഗേറ്റു കടന്ന് ചെറുതായി ഇടത്തേക്ക് തിരിഞ്ഞോളൂ. അവിടെ ഒരു ആംബുലന്‍സ് കിടക്കുന്നുണ്ട്. അതിനടുത്തു കൂടെയുള്ള വഴിയിലൂടെ മുന്നോട്ട് വന്നാല്‍ വേദി നാല്' ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.

'ഞാന്‍ വരുമ്പോ ആംബുലന്‍സ് അവിടെ ഇല്ലെങ്കിലോ' എന്ന് തിരിച്ചു ചോദ്യത്തിന്

'അതു ശരിയാണ്! പുസ്തക പ്രകാശനം നടന്നില്ലെങ്കില്‍ അതെന്നെയും കൊണ്ട് കുതിച്ചു പായുന്നുണ്ടാകും' എന്ന് മറുപടിയും പറഞ്ഞു.

പക്ഷേ,

പ്രകാശനം ഭംഗിയായ് നടക്കുക തന്നെ ചെയ്തു. 'ചിറകാകൃതിയിലുള്ള പുസ്തകമാണ് എന്നു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കുറേക്കൂടി വിസ്തരിച്ച് ബ്ലര്‍ബ് എഴുതിയേനെ 'എന്ന് സുധീഷ് മാഷ് സങ്കടപ്പെട്ടു.

മറുമൊഴി പറയാന്‍ എഴുന്നേറ്റതും സദസ്സിന്റെ ഏറ്റവും മുമ്പില്‍ ജോര്‍ജ് ഓണക്കൂര്‍ സാറിനെ കണ്ടു. 'ഹോ' എന്ന് വിറയ്ക്കാന്‍ തുടങ്ങിയ വിരലുകള്‍ തൊട്ടപ്പുറത്ത് രാജലക്ഷ്മി ടീച്ചറിന്റെ ചിരിക്കുന്ന മുഖം കണ്ടപ്പോള്‍ തണുത്തു. അപ്പോഴേക്കും എവിടുന്നൊക്കെയോ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സ്വന്തം നാട്ടുകാരും ഒഴുകിയെത്തി.

കഴിഞ്ഞിറങ്ങിയപ്പോള്‍, ഒരാള്‍ മൈക്കും പിടിച്ചുകൊണ്ട് മുമ്പില്‍ നില്‍ക്കുന്നു ജോസില്‍. അഭിവാദ്യം ചെയ്യാനായി നീട്ടിയ കൈ തട്ടിക്കളഞ്ഞുകൊണ്ട് അവന്‍ പറഞ്ഞു 'അതു പിന്നെ; പുറകെ വാ, ഒരു പണിയുണ്ട്.' അങ്ങനെ അവന്റെ ക്യാമറയ്ക്കു മുമ്പില്‍ അനുസരണയോടെ നിന്ന് വീണ്ടും പുസ്തകത്തിന്റെ ചിറകുകള്‍ വിടര്‍ത്തി.


Related Tags :
Similar Posts