Column
ലിയോ ലംബെര്‍റ്റ് കണ്ടെത്തിയ റൂബി ഫാള്‍സ്
Column

റൂബി ഫാള്‍സ്

ഡോ. സലീമ ഹമീദ്
|
21 Jan 2024 3:34 AM GMT

1928ല്‍ ലിയോ ലംബെര്‍റ്റ് ആണ് റൂബി ഫാള്‍സ് വെള്ളച്ചാട്ടം ആദ്യമായി കണ്ടെത്തിയത്. 145 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന ആ അത്ഭുത ദൃശ്യത്തിന് ലിയോ സ്വന്തം ഭാര്യയുടെ പേര് നല്‍കുകയായിരുന്നു. | കാനമേരിക്കന്‍ യാത്രകള്‍; അമേരിക്കന്‍ വന്‍കരയിലെ ചെറുനഗരക്കാഴ്ചകള്‍ - യാത്രാ വിവരണം. ഭാഗം: 04

അമേരിക്കയിലെ ടെന്നസ്സി പ്രവിശ്യയിലുള്ള റൂബി ഫാള്‍സിനെ പറ്റി കേട്ടിരുന്നു എങ്കിലും അത് കാണാനുള്ള ഭാഗ്യം ഉണ്ടായത് അടുത്ത കാലത്താണ്. ആ സ്റ്റേറ്റിലെ പ്രധാന പട്ടണമായ ചാറ്റനൂഗയില്‍ ആണ് ആദ്യം പോയത്. പട്ടണ മധ്യത്തില്‍ നിന്ന് ഏതാനം കിലോമീറ്ററുകള്‍ കൂടി സഞ്ചരിച്ചാല്‍ ലുക്ക് ഔട്ട് മൌണ്ടന്‍ കാണാം. ഇതാണ് റൂബി ഫാള്‍സിന്റെ പ്രധാന കവാടം. ഇനി ഈ വെള്ളച്ചാട്ടത്തെപ്പറ്റി പറയാം. 145 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന ഈ നീരൊഴുക്ക് ഭൂതലത്തില്‍ നിന്ന് 1120 അടി താഴ്ചയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. അവിടെ നിന്ന് പാറയിടുക്കുകളിലൂടെ ഒഴുകി ടെന്നസി നദിയില്‍ ചേരുന്നു.

ഒന്നുരണ്ടു നൂറ്റാണ്ട് മുന്‍പ് തന്നെ ഈ ഭാഗത്തള്ള ലുക്ക് ഔട്ട് കേവ് എന്ന പേരിലുള്ള ഗുഹയെപ്പറ്റി പല കഥകളും പ്രചരിച്ചിരുന്നു. എങ്കിലും തൊട്ടടുത്ത് തന്നെയുളള ഈ ഫാള്‍സിനെപ്പറ്റി, അക്കാലത്ത് ആര്‍ക്കും ഒന്നും അറിയില്ലായിരുന്നു. ഈ ഗുഹയുടെ വിനോദ സഞ്ചാര സാധ്യതകളെപ്പറ്റി ഉള്‍ക്കാഴ്ചയുണ്ടായിരുന്ന ലിയോ ലംബെര്‍റ്റ് എന്നയാളാണ് ഇതിലേക്കുള്ള വഴി തുറക്കാനായി നടത്തിയ പരിശ്രമങ്ങള്‍ക്കിടയില്‍ 1928ല്‍ ഈ വെള്ളച്ചാട്ടം ആദ്യമായി കണ്ടെത്തിയത്.


ഈ ഗുഹയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ അദ്ദേഹം പുറത്തേക്കു വന്ന് താന്‍ കണ്ട കാഴ്ചകളെപ്പറ്റി കൂട്ടുകാരോടും കുടുംബത്തോടും പറഞ്ഞു. പിറ്റേന്ന് ഗുഹ കാണാനായി മടങ്ങിപ്പോയ സംഘത്തില്‍ ലിയോയുടെ ഭാര്യ റുബിയും ഉണ്ടായിരുന്നു. ആ യാത്രക്കിടയില്‍ ഗുഹയുടെ മേല്‍ത്തട്ടില്‍ നിന്നും 146 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന ആ അത്ഭുത ദൃശ്യം ആ സംഘം കണ്ടെത്തുകയും അതിനു ലിയോ സ്വന്തം ഭാര്യയുടെ പേര് നല്‍കുകയും ചെയ്തു.


ലുക്ക് ഔട്ട് ടവര്‍ ഒരു പഴയകാല കൊട്ടാരത്തിന്റെ ആകൃതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോബിയില്‍ ഗിഫ്റ്റ് ഷോപ്പ് ടിക്കറ്റ് കൌണ്ടര്‍ തുടങ്ങിയവ കാണാം.


പതിനെട്ടു ഡോളര്‍ ആണ് ഒരു ടിക്കറ്റിന്റെ വില. ടിക്കറ്റ് എടുത്തു കഴിഞ്ഞ്, അല്‍പനേരം കാത്തിരുന്നപ്പോള്‍ താഴേക്ക് പോകേണ്ട ലിഫ്റ്റ് വന്നു. ഓരോ മുപ്പത് മിനിറ്റ് കൂടുമ്പോഴും ഒരു ചെറിയ സംഘത്തെ മടക്കിക്കൊണ്ടുവന്ന് അതു പോലൊന്നുമായി ലിഫ്റ്റ് മടങ്ങി പോകും. ഓരോ സംഘത്തിനും ഒരു ഗൈഡ് ഉണ്ടാവും. പുള്ളി ചില തമാശകളൊക്കെ കൂട്ടിച്ചേര്‍ത്ത് വെള്ളച്ചാട്ടത്തിന്റെ ആദികാലം മുതലുള്ള കഥകള്‍ വിളമ്പിക്കൊണ്ടിരിക്കും. ഏകദേശം അര കിലോമീറ്റര്‍ നീളമുള്ള ഒരു ഗുഹയുടെ തുടക്കത്തിലാണ് ലിഫ്റ്റ് ചെന്ന് നില്‍ക്കുന്നത്. കഷ്ടിച്ച് ഒന്നോ രണ്ടൊ പേര്‍ക്ക് നടന്നു പോകാന്‍ കഴിയുന്ന ഈ വഴിയുടെ ഇരുഭാഗങ്ങളും മുകള്‍ ഭാഗവും വളരെ മനോഹരമാണ്. ചുണ്ണാമ്പ് കല്ലില്‍ കാലപ്പഴക്കത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ പലതരം ശില്പങ്ങളായി പരിണമിച്ചത് നമുക്കവിടെ കാണാം.


ഉരുകിയൊലിക്കുന്ന മെഴുകുതിരി, മത്സ്യം, കഴുത എന്നിങ്ങനെ ആകൃതി അനുസരിച്ച് പലതിനും പേരുകളും അവിടെ എഴുതി വച്ചിരിക്കുന്നത് കാണാം. ലിയോ ഗുഹ കണ്ടു പിടിക്കാനായി ഇഴഞ്ഞു നീങ്ങി സഞ്ചരിച്ച വഴിയുടെ ഒരു ഭാഗം അത് പോലെ തന്നെ സൂക്ഷിച്ചിട്ടുണ്ട്.


ഈ വഴി അവസാനിക്കുന്നിടത്തു ആണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. മേല്‍പറഞ്ഞ വഴികള്‍ എല്ലാം പ്രകാശപൂര്‍ണമാണ്. മറ്റൊരു പ്രധാന കാര്യം, ഇവിടെ ഉപയോഗിക്കുന്ന വൈദ്യുതി മുഴുവന്‍ സോളാര്‍ എനര്‍ജിയില്‍ നിന്ന് ലഭിക്കുന്നതാണ്. വഴി അവസാനിക്കുമ്പോള്‍ കാണുന്ന കൂരിരുട്ട്, സംഘത്തിലെ എല്ലാവരും എത്തിക്കഴിഞ്ഞശേഷം സംഗീത്തിന്റെ അകമ്പടിയോട് കൂടി അലങ്കാര വിളക്കുകള്‍ കത്തിത്തുടങ്ങുമ്പോഴാണ് അപ്രത്യക്ഷമാകുന്നത്. പകരം, നിറം മാറിക്കൊണ്ടിരിക്കുന്ന പ്രകാശത്തില്‍ കുളിച്ചു താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യം നമ്മളെ മറ്റൊരു ലോകത്തിലേക്ക് എത്തിക്കും. ഈ കാഴ്ചകള്‍ ഒരു അപൂര്‍വമായ അനുഭവമായി ഇവിടെയെത്തിയ ഏതൊരാളിന്റെയും ഓര്‍മകളില്‍ ഇടംപിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 1930 മുതല്‍ ഇവിടം ടൂറിസ്റ്റുകള്‍ക്കായി തുറന്നു കൊടുത്തു. പ്രതിവര്‍ഷം ഏകദേശം നാല് ലക്ഷം സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ടെന്നു കണക്കുകള്‍ പറയുന്നു. വെള്ളച്ചാട്ടവും ഗുഹയും അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ഇന്ന് സ്‌റ്റൈനെര്‍ കുടുംബത്തിനു സ്വന്തമാണ്.

(തുടരും)


Similar Posts