Column
അതാണ് പുരുഷന്മാരുടെ മെച്യൂരിറ്റിയുടെ ലക്ഷണം!
Column

അതാണ് പുരുഷന്മാരുടെ മെച്യൂരിറ്റിയുടെ ലക്ഷണം!

ആദം അയ്യൂബ്
|
11 Sep 2022 10:33 AM GMT

എല്ലാവരും ഗ്ലാസ്സുകള്‍ ഉയര്‍ത്തി '' ചിയേര്‍സ് '' പറഞ്ഞു. ഞാന്‍ എന്റെ ഗ്ലാസ് എടുത്ത് ചുണ്ടോടടുപ്പിച്ചു. പെട്ടെന്ന് എന്റെ ഉമ്മയുടെ മുഖം എന്റെ മുന്നില്‍ തെളിഞ്ഞു. കൈയ്യില്‍ നോട്ടുകളുമായി നിറഞ്ഞ കണ്ണുകളോടെ ലൈലയെ കൊണ്ട് പോകുന്നത് നോക്കി നില്‍ക്കുന്ന ഉമ്മയുടെ മുഖം. ഞാന്‍ ഗ്ലാസ് താഴെ വെച്ചു. | വൈഡ് ആംഗിള്‍ - 13

പകല്‍ മുഴുവന്‍ മദിരാശി നഗരത്തില്‍ തെണ്ടിത്തിരിഞ്ഞതിനു ശേഷം, രാത്രി റൂമില്‍ തിരിച്ചെത്തിയപ്പോള്‍ ബിയര്‍ കുടിക്കാം എന്നൊരാശയം പൊന്തി വന്നു. ഞങ്ങളില്‍ ആരും ഇതിനു മുന്‍പ് ഒരു തരത്തിലുള്ള മദ്യവും കഴിച്ചിട്ടില്ല. ബിയര്‍ നിരുപദ്രവകാരി ആണെന്ന് നന്ദകുമാര്‍ പറഞ്ഞു. പക്ഷെ, കുടിച്ചു ബോധം കെടുമോ എന്ന് പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. ഏതായാലും ആറു പേര്‍ക്കും കൂടി രണ്ടു കുപ്പി ബിയര്‍ വാങ്ങി, കുറച്ചു കപ്പലണ്ടിയും. എല്ലാവരും ഒരു മുറിയില്‍ ഒത്തുകൂടി. റൂം ബോയ് ഗ്ലാസ്സുകള്‍ സംഘടിപ്പിച്ചു തന്നു. ഞങ്ങള്‍ വാതിലടച്ചു ആഘോഷം തുടങ്ങി.

'' ആദ്യത്തെ പുകവലിയും ആദ്യത്തെ മദ്യപാനവുമാണ് ഒരു ആണ്‍കുട്ടിയെ പുരുഷന്‍ ആക്കി മാറ്റുന്നത്.'' നന്ദകുമാര്‍ ഒരു തത്വജ്ഞാനിയെപ്പോലെ പറഞ്ഞു. ' അതാണ് പുരുഷന്മാരുടെ മെച്യൂരിറ്റിയുടെ ലക്ഷണം''.

' അപ്പോള്‍ ഇന്ന് നമ്മള്‍ എല്ലാവരും പുരുഷന്മാരായി മാറുന്ന ദിവസമാണ്'

ബിയര്‍ പൊട്ടിച്ചു ഗ്ലാസ്സിലേക്കു ഒഴിച്ച് കൊണ്ട് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

രണ്ടു കുപ്പി ബിയര്‍ ആറു ഗ്ലാസ്സുകളിലേക്കു ഒഴിച്ചപ്പോള്‍, ഒരാള്‍ക്ക് അര ഗ്ലാസ്സേ ഉണ്ടായിരുന്നുള്ളു. പക്ഷെ, തുടക്കകാരെന്ന നിലയില്‍ എല്ലാവരും ഇതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് അല്‍പം ആശങ്കാകുലരായിരുന്നു. അതുകൊണ്ടു ആവശ്യമെങ്കില്‍ കൂടുതല്‍ വാങ്ങാന്‍ റൂം ബോയിയെ ശട്ടം കെട്ടിയിരുന്നു. എല്ലാവരും ഗ്ലാസ്സുകള്‍ ഉയര്‍ത്തി '' ചിയേര്‍സ് '' പറഞ്ഞു. ഞാന്‍ എന്റെ ഗ്ലാസ് എടുത്ത് ചുണ്ടോടടുപ്പിച്ചു. പെട്ടെന്ന് എന്റെ ഉമ്മയുടെ മുഖം എന്റെ മുന്നില്‍ തെളിഞ്ഞു. കൈയ്യില്‍ നോട്ടുകളുമായി നിറഞ്ഞ കണ്ണുകളോടെ ലൈലയെ കൊണ്ട് പോകുന്നത് നോക്കി നില്‍ക്കുന്ന ഉമ്മയുടെ മുഖം. ഞാന്‍ ഗ്ലാസ് താഴെ വെച്ചു. എന്നെ ടൂറിനു അയക്കാന്‍ വേണ്ടി ഉമ്മ ചെയ്തത് വലിയൊരു ത്യാഗമാണ്. ജീവനെപ്പോലെ സ്‌നേഹിച്ചിരുന്ന ലൈലയെ എനിക്ക് വേണ്ടി വിറ്റു ! എന്നിട്ടു ഞാന്‍ ആ പണം മദ്യപിക്കാന്‍ വേണ്ടി ചിലവാക്കുന്നു! എനിക്കതു സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ എഴുന്നേറ്റു.


'' എന്ത് പറ്റി ? നീയത് രുചിച്ചു പോലും നോക്കിയില്ലല്ലോ' കൂട്ടുകാര്‍ ചോദിച്ചു.

'' എനിക്ക് വേണ്ട'' ഞാന്‍ പുറത്തേക്കു നടക്കാന്‍ തുടങ്ങി.

'' ഇവിടെ ഇരുന്നു കഴിക്കെടാ. ഇത് വലിയ ലഹരിയുള്ള സാധനമൊന്നുമല്ല''

'' എന്നെ നിര്‍ബന്ധിക്കണ്ട, ഞാന്‍ കഴിക്കില്ല'' തറപ്പിച്ചു പറഞ്ഞുകൊണ്ട് ഞാന്‍ വാതില്‍ തുറന്നു പുറത്തേക്കിറങ്ങി.

ഉമ്മയുടെ ത്യാഗത്തെക്കുറിച്ചു ഓര്‍ത്തപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. അത് എന്റെ കൂട്ടുകാര്‍ കാണണ്ട എന്ന് ഞാന്‍ കരുതി. ഞാന്‍ പുറത്തിറങ്ങി മുറിയുടെ വാതില്‍ അടച്ചു.

പെട്ടെന്ന് എനിക്ക് പിന്നില്‍ വാതില്‍ തുറന്നു, ഒരു കൂട്ട ഞെട്ടലിന്റെ ശബ്ദം കേട്ടു. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കൂട്ടുകാരെല്ലാം ആ സ്ത്രീയെ നോക്കി വായും പൊളിച്ചു നില്‍ക്കുകയായിരുന്നു.

നേരെ എതിര്‍വശത്തുള്ള മുറിയുടെ ഒരു വാതില്‍ തുറന്നിരിക്കയായിരുന്നു. അര്‍ധനഗ്‌നയായ ഒരു സ്ത്രീ അവിടെ നിന്ന് സാരി വലിച്ചു വാരി ഉടുക്കുന്നുണ്ടായിരുന്നു. പശ്ചാത്തലത്തില്‍ കട്ടിലില്‍ കിടന്നുറങ്ങുന്ന ഒരു പുരുഷന്റെ കാലുകള്‍ കാണാം. ഞാന്‍ വാതില്‍ അടയ്ക്കുന്ന ശബ്ദം കേട്ട് അവള്‍ മുഖമുയര്‍ത്തി, എന്നെ നോക്കി മാദകമായി പുഞ്ചിരിച്ചു. മധ്യ വയസ്‌കയായ ഒരു കറുത്ത സ്ത്രീയായിരുന്നു അത്. അയഞ്ഞു തൂങ്ങുന്ന മാറിടവും ഉന്തിയ വയറുമുള്ള ആ സ്ത്രീ ദയനീയമായ ഒരു കാഴ്ചയായിരുന്നു. ഞാന്‍ അവളെ നോക്കുന്നത് കണ്ടപ്പോള്‍ അവള്‍ ചുറ്റിക്കൊണ്ടിരുന്ന സാരി താഴെയിട്ട് വാതില്‍ക്കലേക്കു വന്നു. അവള്‍ ഒരു സിനിമയിലെ നായികയെപ്പോലെ, പാതി ചാരിയ വാതിലിനു പിന്നില്‍ മറഞ്ഞു നിന്ന്, എന്നെ നോക്കി കണ്ണിറുക്കി. പെട്ടെന്ന് അവളുടെ രൂപം എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു. ഞാന്‍ ഇവളെ എവിടെയോ കണ്ടിട്ടുണ്ട് ! അതെ ആ കാഴ്ച ഞാന്‍ പലതവണ കണ്ടിട്ടുള്ളതാണ്. ശാരദാ സ്റ്റുഡിയോയില്‍ നിന്ന് ജോലി കഴിഞ്ഞു ബസ്സില്‍ തിരിച്ചു പോകുമ്പോള്‍, മാമ്പലം ബസ് സ്റ്റോപ്പിനടുത്തുള്ള ഇലക്ട്രിക്ക് പോസ്റ്റില്‍ ചാരി നില്‍ക്കുന്ന ഇവളെ ഞാന്‍ പല ദിവസവും കണ്ടിട്ടുണ്ട്. അന്ന് കുറേക്കൂടി ചെറുപ്പം ആയിരുന്നു. മൂന്നു വര്‍ഷങ്ങള്‍ അവളെ കൂടുതല്‍ വൃദ്ധയും വിരൂപയും ആക്കിയിരിക്കുന്നു. അവളുടെ തലമുടിയില്‍ വാടിയ ചുവന്ന പൂക്കള്‍ ഉണ്ടായിരുന്നു. അവളുടെ ചുണ്ടിന്റെ കോണുകളില്‍ വെള്ളപ്പാണ്ട് പോലെ വെളുത്ത നിറമായിരുന്നു. ഏതോ ലൈംഗിക രോഗം ബാധിച്ചവള്‍ ആയിരിക്കും. വെറുതെയല്ല മദിരാശിപ്പട്ടണത്തില്‍ ഇത്രയും കുറഞ്ഞ നിരക്കില്‍ ലോഡ്ജില്‍ മുറി കിട്ടിയത്. ഇങ്ങനെയുമുള്ള കാര്യങ്ങള്‍ക്കു ഉപയോഗിക്കുന്ന ലോഡ്ജ് ആയിരുന്നു ഇത്. ഇവള്‍ പാവപ്പെട്ടവരുടെ വേശ്യയും !

'' എന്നാ ? ' അവളുടെ ശബ്ദം എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി. എനിക്ക് പിന്നില്‍ അടഞ്ഞ വാതിലിനുള്ളില്‍ നിന്ന് കൂട്ടുകാരുടെ ഉച്ചത്തിലുള്ള ചിരിയും ബഹളവും കേള്‍ക്കുന്നുണ്ടായിരുന്നു.

''ഉങ്ക ഫ്രണ്ട്‌സാ? ' അവള്‍ ചോദിച്ചു.

ഞാന്‍ അതെ എന്ന് തലയാട്ടി. 'എങ്കിരുന്തു?'' അവളുടെ അടുത്ത ചോദ്യം.

''കേരളം' ഞാന്‍ പറഞ്ഞു.

പെട്ടെന്ന് എനിക്ക് പിന്നില്‍ വാതില്‍ തുറന്നു, ഒരു കൂട്ട ഞെട്ടലിന്റെ ശബ്ദം കേട്ടു. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കൂട്ടുകാരെല്ലാം ആ സ്ത്രീയെ നോക്കി വായും പൊളിച്ചു നില്‍ക്കുകയായിരുന്നു.

അബ്ദുല്‍ റഹ്മാന്‍ എന്റെ ചെവിയിലേക്ക് ശ്വാസം വിട്ടു. 'ആരാടാ ഇത് '

'ഒരു വേശ്യ. കണ്ടിട്ട് മനസ്സിലായില്ലേ? 'ഞാന്‍ തിരിച്ച് അവന്റ ചെവിയിലേക്ക് ശ്വാസം വിട്ടു. അവന്റെ കണ്ണുകള്‍ പുറത്തേക്കു തള്ളി വന്നു.

'' എന്താടാ, ഇതിനു മുന്‍പ് വേശ്യകളെ കണ്ടിട്ടില്ലേ?' എനിക്ക് ദേഷ്യം വന്നു.

''നീ കണ്ടിട്ടുണ്ടോ? ' അവന്‍ തിരിച്ചു ദേഷ്യപ്പെട്ടു.

'' ഞാന്‍ കണ്ടിട്ടുണ്ട്. ഇവളെത്തന്നെ കണ്ടിട്ടുണ്ട്.''

''ങേ, അപ്പൊ നിങ്ങള്‍ പഴയ പരിചയക്കാരാണല്ലേ ?''

'' ഇല്ല ഇപ്പൊ പരിചയപ്പെട്ടതെ ഉള്ളു.''

'''എന്നാ ഉങ്കളുക്കു ഉള്ളെയേ പേശീട്ടിരിപ്പീങ്കളെ? എങ്കിട്ടെ പേശുമാടീങ്കളാ ?'' (എന്ത നിങ്ങള്‍ തന്നെ തമ്മില്‍ സംസാരിക്കുന്നതു? എന്നോട് സംസാരിക്കില്ലേ ?'') അവള്‍ കൊഞ്ചി.

'' എന്‍ ഫ്രണ്ട്‌സ്‌ക്ക് തമിഴ് തെരിയാത് ' ഞാന്‍ ഇത് പറഞ്ഞ ഉടനെ പിന്നില്‍ നിന്ന് ഒരു കോറസ് കേട്ടു.

'' തെരിയും തെരിയും. ഞങ്ങള്‍ക്ക് തെരിയും '

അത് കണ്ടു അവള്‍ പൊട്ടിച്ചിരിച്ചു. 'നാന്‍ ഉള്ളെ വരട്ടുമാ ?''

'' വേണ്ട'' എന്ന എന്റെ ശബ്ദം ''വാങ്കോ, വാങ്കോ' എന്ന കോറസില്‍ മുങ്ങിപ്പോയി.

അവന്മാര്‍ അവളെ സ്വാഗതം ചെയ്യാനായി വാതില്‍ മലര്‍ക്കെ തുറന്ന്, അവള്‍ക്കായി വഴിയൊരുക്കി.

'' അപ്പൊ അന്ത ആള്‍ ?'' ഞാന്‍ അവളുടെ മുറിയിലേക്ക് വിരല്‍ ചൂണ്ടി.

''അവന്‍ മുടിഞ്ചാച്ചു' അലസമായി പറഞ്ഞു കൊണ്ട് അവള്‍ മുറിയിലേക്ക് കയറി. അവള്‍ക്കു ബിയര്‍ ഒഴിച്ച് കൊടുക്കാന്‍ മത്സരിക്കുകയായിരുന്നു എന്റെ കൂട്ടുകാര്‍. എനിക്ക് ദേഷ്യം വന്നു.

'' എടാ അലവലാതികളെ, അവള്‍ക്കു എന്തോ ഗുഹ്യരോഗമുണ്ട്. അവളേ തൊട്ടാല്‍ നിന്റെയൊക്കെ ജീവിതം പോക്കാണ്.''

'' അതിനു ഞങ്ങള്‍ അവളെ തൊടുന്നില്ലല്ലോ.'' റഷീദ് പറഞ്ഞു.

'' പിന്നെ എന്തിനാ അവളെ വിളിച്ചു സല്‍ക്കരിക്കുന്നതു ?'

'' ഞാന്‍ അവളുടെ ഇന്റര്‍വ്യൂ എടുത്തു കോളേജ് മാഗസിനില്‍ പബ്ലിഷ് ചെയ്യും'' റഷീദിലെ എഴുത്തുകാരന്‍ ആവേശത്തിലായിരുന്നു.

'' വേറെ ആരേം കിട്ടീല്ല'' ഞാന്‍ പല്ലു കടിച്ചു കൊണ്ട് പിറുപിറുത്തു.

വാസ്തവത്തില്‍ എന്റെ ആശങ്ക ആസ്ഥാനത്തായിരുന്നു. അവര്‍ക്കു ആര്‍ക്കും അവളെ തൊടാന്‍ പോലും താല്പര്യം ഇല്ലായിരുന്നു. ഒരു വേശ്യയെ അടുത്ത് കണ്ടതിന്റെ ത്രില്ലില്‍ ആയിരുന്നു എല്ലാവരും.

''ഞാന്‍ സിനിമയില്‍ മാത്രമേ ഇതുപോലുള്ള കഥാപാത്രങ്ങളെ കണ്ടിട്ടുള്ളു. പക്ഷെ, അവരൊക്കെ സുന്ദരികളും വൃത്തിയും വെടിപ്പും ഉള്ളവരായിരുന്നു,'' അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

'' എടാ , അവരൊക്കെ സിനിമാ നടികളാണ്. കഥാപാത്രമായി അഭിനയിക്കുകയല്ലേ''. ഞാന്‍ പറഞ്ഞു.

'' ഓ..നീ സിനിമയില്‍ ജോലി ചെയ്തിട്ടുള്ള കൊണ്ട് നിനക്കതൊക്കെ അറിയാം. ഞാന്‍ ഇതുവരെ ഷൂട്ടിംഗ് പോലും കണ്ടിട്ടില്ല'' അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

''ഒന്ന് മിണ്ടാതിരിയെടാ, ഞാന്‍ ഇവരെ ഒന്ന് ഇന്റര്‍വ്യൂ ചെയ്‌തോട്ടെ''

റഷീദ് നോട്ട് ബുക്കും പേനയുമെടുത്ത് ഇന്റര്‍വ്യൂവിന് തയാറായികൊണ്ട് പറഞ്ഞു. അവന്‍ അവളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അവള്‍ അവിടെ ഉണ്ടായിരുന്ന ബിയര്‍ മുഴുവന്‍ കുടിച്ചു തീര്‍ക്കുന്നതിനിടെ യാന്ത്രികമായി ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു കൊണ്ടിരുന്നു. അവളുടെ ശ്രദ്ധ മുഴുവനും ബിയറിലും കപ്പലണ്ടിയിലുമായിരുന്നു. അവള്‍ തന്റെ കഥ പറഞ്ഞവസാനിപ്പിക്കുന്നതിനു മുന്‍പേ ബിയറും കപ്പലണ്ടിയും തീര്‍ന്നിരുന്നു. അവള്‍ വീണ്ടും മദ്യവും ശാപ്പാടും വാങ്ങിത്തരാമോ എന്ന് ചോദിച്ചു.

'' പാവം ഒന്നും കഴിച്ചിട്ടില്ലെന്നു തോന്നുന്നു'' രവി പറഞ്ഞു.

'' വേഗം പറഞ്ഞു വിടാന്‍ നോക്കെടാ ഇവളെ ' ഞാന്‍ പറഞ്ഞു.

'' നമുക്ക് ഒരു പിരിവെടുത്തു ഇവള്‍ക്ക് കുറച്ചു പൈസ കൊടുത്താലോ?''


രവിയുടേത് ആയിരുന്നു ആശയം. എല്ലാവര്ക്കും അത് സമ്മതമായിരുന്നു. രവി എന്റെ സംഭാവന വാങ്ങാനായി വന്നപ്പോള്‍ ഞാനൊന്നു സംശയിച്ചു. ഒരു വേശ്യക്ക് പണം കൊടുക്കുന്നത് ശരിയാണോ? പക്ഷെ, ഇത് അവളുടെ സേവനത്തിനുള്ള പ്രതിഫലം അല്ലല്ലോ. പാവപ്പെട്ട ഒരു സ്ത്രീക്ക് നല്‍കുന്ന ഒരു ധനസഹായം. ഞാന്‍ സ്വയം ന്യായീകരിച്ചു. രവി ആ തുക അവള്‍ക്കു കൊടുത്തപ്പോള്‍ അവള്‍ അത്ഭുതത്തോടെ ചോദിച്ചു. നിങ്ങള്‍ എനിക്ക് വെറുതെ പണം തരികയാണോ, എന്റെ സേവനം സ്വീകരിക്കാതെ?

'' നിങ്ങള്‍ നിങ്ങളുടെ കഥ പറഞ്ഞു തന്നില്ലേ, അതിനുള്ള പ്രതിഫലമാണ്'' റഷീദ് പറഞ്ഞു.

'' ഓ.. ഒറു വ്യപിചാരിയുടെ കഥയ്ക്ക് എന്ന മതിപ്പ് ?'' ( ഒരു വേശ്യയുടെ കഥയ്ക്ക് എന്ത് മൂല്യം) ' അപ്പൊ ഉങ്കളുക്കു എന്നെ വേണ്ടാമാ?'' അവള്‍ വീണ്ടും ചോദിച്ചു.

'' നിങ്ങള്‍ ഞങ്ങള്‍ക്ക് ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു തന്നില്ലേ, അത് തന്നെ ധാരാളം'' റഷീദ് പറഞ്ഞു.

'' നല്ല ശാപ്പാട് വാങ്ങി ശാപ്പിട്ടു, വീട്ടുക്കു പോയി നിമ്മതിയാ തൂങ്കുങ്കോ'' ഞാന്‍ പറഞ്ഞു. ' ഇന്ത മാതിരി വേലയെല്ലാം വിട്ടുകിട്ടു, കണ്ണിയമാഹ ഉങ്കള്‍ വാഴ്കയേ വാഴുങ്കള്‍ ' ( നല്ല ഭക്ഷണം വാങ്ങികഴിച്ചിട്ടു, വീട്ടില്‍ പോയി സമാധാനമായി ഉറങ്ങൂ. ഇതുപോലുള്ള തൊഴില്‍ ഉപേക്ഷിച്ചു മാന്യമായി ജീവിക്കൂ.)

അവള്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവളുടെ കണ്ണുകളില്‍ നനവുണ്ടായിരുന്നു.

''ഇതുവരേക്കും യാരുമേ എങ്കിട്ടെ ഇവളോ അന്‍പോടെ പേശലെ '

അവളെ യാത്രയാക്കിക്കഴിഞ്ഞപ്പോള്‍ എല്ലാവരുടെയും മുഖത്ത് ഒരു നല്ല കാര്യം ചെയ്തതിന്റെ ചാരിതാര്‍ഥ്യം ഉണ്ടായിരുന്നു.

''ഫ്രണ്ട്‌സ്, ഇന്ന് നമ്മള്‍ മെച്വര്‍ (Mature) ആയി'' ഞാന്‍ പറഞ്ഞു.

' സിഗരറ്റ് വലിക്കുന്നതും മദ്യപിക്കുന്നതും അല്ല, മെച്യുരിറ്റിയുടെ ലക്ഷണം. പ്രലോഭനങ്ങളെ അതിജീവിക്കുന്നതാണ്''. ഞാന്‍ ഒരു തത്വജ്ഞാനിയെപ്പോലെ പറഞ്ഞു.


Similar Posts