Column
വീണ്ടും മദിരാശിയില്‍
Column

വീണ്ടും മദിരാശിയില്‍

ആദം അയ്യൂബ്
|
24 Aug 2022 11:15 AM GMT

മലയാള സിനിമയില്‍ പ്രധാനമായും സംഭവിച്ചത് മുന്ന് കാര്യങ്ങളാണ്. സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും കളറിലേക്കു മാറി. സ്റ്റുഡിയോ ഫ്‌ളോറിലെ കൃത്രിമ സെറ്റുകളും മിച്ചല്‍ ക്യാമറയും സ്റ്റുഡിയോയും ഉപേക്ഷിച്ച്, സംവിധായകര്‍ ആരിഫ്‌ലെക്‌സ് ക്യാമറയുമായി യഥാര്‍ഥ ലൊക്കേഷനുകള്‍ തേടി പുറത്തിറങ്ങി. | വൈഡ് ആംഗിള്‍ - ഭാഗം 12

കോളജില്‍ ബി.എ അവസാന വര്‍ഷം ഒരു വിനോദയാത്ര സംഘടിപ്പിച്ചിരുന്നു. വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളും അധ്യാപകരും അടങ്ങുന്ന ഒരു ഔദ്യോഗിക എക്‌സ്‌കര്‍ഷന്‍ ആയിരുന്നു അത്. മൂന്നാര്‍ ആയിരുന്നു ലക്ഷ്യം. അനേകം വിദ്യാര്‍ഥികള്‍ അതില്‍ പങ്കെടുക്കാന്‍ ആവേശത്തോടെ പേര് നല്‍കി. എന്നാല്‍, ഞങ്ങള്‍ക്ക് അതില്‍ പങ്കെടുക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. നമുക്ക് സ്വതന്ത്രമായി ഒരു യാത്ര സംഘടിപ്പിക്കാം എന്നായിരുന്നു രവിയുടെ ആശയം. എല്ലാവര്‍ക്കും അത് സ്വീകാര്യമായി. അങ്ങിനെ ഞങ്ങള്‍ ആറു പേരടങ്ങുന്ന സുഹൃത് സഘം മദിരാശിയിലേക്കൊരു ടൂര്‍ പ്ലാന്‍ ചെയ്തു. മൊത്തം ചിലവുകള്‍ കൂട്ടി, അത് പ്രതി ശീര്‍ഷം എത്ര വരുമെന്ന് കണക്കാക്കി. നല്ലൊരു തുകയായിരുന്നു അത്. എന്നാല്‍, ഞാന്‍ ഈ ടൂറിന്റെ ചര്‍ച്ചകളിലും ആസൂത്രണത്തിലും ഒന്നും സജീവമായി പങ്കെടുത്തില്ല. ഞാന്‍ ഈ പ്രശ്‌നത്തില്‍ മാത്രം നിശബ്ദതയും നിസ്സംഗതയും പാലിച്ചത് എന്റെ സുഹൃത്തുക്കളെ അത്ഭുതപ്പെടുത്തി. അവര്‍ കാരണം അന്വേഷിച്ചപ്പോള്‍ എനിക്ക് ടൂറില്‍ താല്‍പര്യമില്ല എന്ന് പറഞ്ഞൊഴിഞ്ഞു. യഥാര്‍ഥ കാരണം സാമ്പത്തികം തന്നെയായിരുന്നു. വീട്ടിലെ സ്ഥിതി മോശമായിരുന്നു. ഈ അവസരത്തില്‍ ടൂറിന്റെ കാര്യം വീട്ടില്‍ പറയുന്നതു പോലും ഒരു അപരാധമാണ്. സുഹൃത്തുക്കള്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഞാന്‍ ഇല്ലെങ്കില്‍ അവര്‍ ടൂര്‍ ഉപേക്ഷിക്കുമെന്നു പറഞ്ഞു. യഥാര്‍ഥ കാരണം മറച്ചുവെച്ച് കൊണ്ട് ഞാന്‍ പല ഒഴിവുകഴിവുകളും പറഞ്ഞു നോക്കി. പക്ഷെ, അതിനെയെല്ലാം അവര്‍ ശക്തിയുക്തം വെട്ടി. അവസാനം ഗത്യന്തരമില്ലാതെ എനിക്ക് അവരോടു സത്യം തുറന്നു പറയേണ്ടി വന്നു. അവര്‍ക്കതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

അടുത്ത ദിവസം കള്ളിമുണ്ടും ബനിയനും ധരിച്ച ഒരാള്‍ വന്നപ്പോള്‍ ഉമ്മ ലൈലയുടെ കയര്‍ അയാളുടെ കൈയില്‍ ഏല്‍പ്പിച്ചിട്ട് പണം എണ്ണി വാങ്ങുന്നത് കണ്ടപ്പോള്‍ ഞാന്‍ സ്തബ്ധനായി നിന്ന് പോയി. പോകുന്ന പോക്കില്‍ ലൈല തിരിഞ്ഞു നോക്കി 'ഉമ്മാ...' എന്ന് നീട്ടിവിളിച്ചപ്പോള്‍, നിറഞ്ഞ കണ്ണുകളുമായി ഉമ്മ വേഗം തിരിഞ്ഞു നടന്നു.

എന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെട്ടതാണ് എന്നായിരുന്നു അവരെല്ലാവരും ധരിച്ചിരുന്നത്. പക്ഷെ, അവര്‍ ടൂര്‍ ഒഴിവാക്കാന്‍ തയ്യാറല്ലായിരുന്നു. ഈ വര്‍ഷം കഴിഞ്ഞാല്‍ നമ്മള്‍ പിരിയും. പിന്നെ ആരൊക്കെ എവിടെയൊക്കെ ആയിരിക്കും എന്ന് ഒരു നിശ്ചയവുമില്ല. ജീവിതത്തില്‍ എന്നും ഓര്‍ക്കാന്‍ കുറെ നല്ല നിമിഷങ്ങള്‍ ഈ ടൂര്‍ നമുക്ക് സമ്മാനിക്കുമെന്ന് അവര്‍ വാദിച്ചു. ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. എന്നെ ഒഴിവാക്കി, അവരെല്ലാവരും തലകള്‍ കൂട്ടിയിട്ടു പുകച്ചു. അവസാനം ഒരാശയവുമായി അവരെന്റെ മുന്നില്‍ വന്നു. ടൂറിലെ എന്റെ ചിലവ് ഓഹരി അവരെല്ലാവരും കൂടി പങ്കിട്ടെടുക്കും. ഞാന്‍ പ്രതിഷേധിച്ചു. പക്ഷെ, അവരെന്റെ പ്രതിഷേധം അവഗണിച്ചു കൊണ്ട് മദിരാശിയിലേക്കു ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ഞാന്‍ വളരെ അസ്വസ്ഥനായി. എന്റെ ദാരിദ്ര്യം എല്ലാവരും അറിഞ്ഞതില്‍ വൈക്ലബ്യം ഒരു വശത്ത്. പിന്നെ കൂട്ടുകാരുടെ ഔദാര്യത്തില്‍ യാത്ര പോകുന്നതിലെ നാണക്കേട് മറുവശത്തു. ടൂര്‍ പോകുന്ന ദിവസം എന്തെങ്കിലും അസുഖം അഭിനയിച്ചു അന്ന് പോകാതിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. വീട്ടില്‍ വന്നു ഉമ്മാനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞു.

കൂട്ടുകാരുടെ ചിലവില്‍ പോകുന്നത് നാണക്കേടാണെന്ന് ഉമ്മയും പറഞ്ഞു.

ഒന്ന് ആലോചിച്ച ശേഷം ഉമ്മ പറഞ്ഞു,

''പക്ഷെ നീ യാത്ര ഒഴിവാക്കണ്ട '

'പിന്നെ ? '

'ഞാന്‍ നോക്കട്ടെ.''

ഉമ്മയുടെ കൈയില്‍ പണമൊന്നുമില്ല എന്നെനിക്കറിയാമായിരുന്നു. പിന്നെ എന്താണ് ഉമ്മ കാണുന്ന പോംവഴി എന്നെനിക്കു മനസ്സിലായില്ല.

ഉമ്മ, പാലിന് വേണ്ടി വീട്ടില്‍ ഒരു ആടിനെ വളര്‍ത്തുന്നുണ്ടായിരുന്നു. നല്ല വെളുത്ത രോമങ്ങളും, നെറ്റിയില്‍ ഒരു കറുത്ത പുള്ളിയുമുള്ള സുന്ദരിയായ ആട്. ഉമ്മ അവളെ ലൈല എന്നാണ് വിളിച്ചിരുന്നത്. ഉമ്മയുടെ ' ലൈലാ..'' എന്ന നീട്ടിയുള്ള വിളി കേട്ടാല്‍ അവള്‍ ഓടിയെത്തും. ഞങ്ങള്‍ വിളിക്കുന്നതു പോലെ അവളും ഉമ്മയെ ''ഉമ്മാ...' എന്ന് വിളിക്കും. മനുഷ്യരേക്കാള്‍ സ്‌നേഹം മൃഗങ്ങള്‍ക്കാണ് എന്ന് അവള്‍ക്ക് ഉമ്മയോടുള്ള സ്‌നേഹം കാണുമ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്. ഉമ്മ അവളെ ആഴ്ചയില്‍ ഒരിക്കല്‍ കുളിപ്പിക്കും. അപ്പോള്‍ അവള്‍ കൂടുതല്‍ സുന്ദരിയാവും.


ലൈല

അടുത്ത ദിവസം കള്ളിമുണ്ടും ബനിയനും ധരിച്ച ഒരാള്‍ വന്നപ്പോള്‍ ഉമ്മ ലൈലയുടെ കയര്‍ അയാളുടെ കൈയില്‍ ഏല്‍പ്പിച്ചിട്ട് പണം എണ്ണി വാങ്ങുന്നത് കണ്ടപ്പോള്‍ ഞാന്‍ സ്തബ്ധനായി നിന്ന് പോയി. പോകുന്ന പോക്കില്‍ ലൈല തിരിഞ്ഞു നോക്കി 'ഉമ്മാ...' എന്ന് നീട്ടിവിളിച്ചപ്പോള്‍, നിറഞ്ഞ കണ്ണുകളുമായി ഉമ്മ വേഗം തിരിഞ്ഞു നടന്നു.

ഉമ്മ പണം എണ്ണി എന്നെ ഏല്‍പ്പിച്ചിട്ടു പറഞ്ഞു: 'നിന്റെ കോളജിലെ അവസാന വര്‍ഷമല്ലെ ഇത്, പണം ഇനിയും വരും. പക്ഷെ, ജീവിതത്തില്‍ ഇങ്ങനെ ഒരവസരം വീണ്ടും വരില്ലല്ലോ.''

ഞാന്‍ ഉമ്മയെ കെട്ടിപ്പിടിച്ചു. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ ഞാന്‍ കരഞ്ഞതെന്നറിയില്ല.


പിറ്റേ ദിവസം ഞാന്‍ ആളോഹരി പ്രകാരം തീരുമാനിച്ച മുഴുവന്‍ തുകയും കൊണ്ടുപോയി രവിയെ ഏല്‍പ്പിച്ചു. കൂട്ടുകാര്‍ക്കെല്ലാം സന്തോഷമായി. പണത്തിന്റെ ഉറവിടം ഞാനാരോടും പറഞ്ഞില്ല. ഉമ്മയുടെ ത്യാഗത്തിനു മുന്നില്‍ എന്റെ ടൂര്‍ നിസ്സാരവും അനാവശ്യവുമാണെന്നു എനിക്ക് തോന്നി. കൂട്ടുകാര്‍ വലിയ ആവേശത്തിലായിരുന്നു.

ഞങ്ങള്‍ മദ്രാസിലെത്തി. മൂര്‍ മാര്‍ക്കറ്റിനു അടുത്തുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്തു. വലിയ നിലവാരം ഉള്ള ലോഡ്ജ് ഒന്നുമല്ലായിരുന്നു അത്. പല ലോഡ്ജുകളില്‍ കയറിയിറങ്ങി. സാമാന്യം വാടക കുറഞ്ഞ ഒരു ലോഡ്ജാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്. രണ്ടു മുറികളിലായി ഞങ്ങള്‍ ഒതുങ്ങി. പകല്‍ മുഴുവന്‍ ഞങ്ങള്‍ നഗരം കാണാന്‍ ചിലവഴിച്ചു. വൈകുന്നേരം മറീന ബീച്ചിലും പോയി. പണ്ട് ഞാന്‍ ജോലി ചെയ്തിരുന്ന ശാരദാ സ്റ്റുഡിയോവില്‍ പോകണമെന്നുണ്ടായിരുന്നു. പക്ഷെ, മൂന്നു വര്‍ഷത്തെ ഇടവേളയില്‍ അവിടെ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടാകുമെന്നോ, ആരൊക്കെ അവിടെ ഉണ്ടാകുമെന്നോ അറിയാത്തതു കൊണ്ട് ഞാന്‍ അങ്ങനെ ഒരാശയം കൂട്ടുകാരോട് പറഞ്ഞില്ല. മാത്രമല്ല അന്നേ വൃദ്ധനായിരുന്ന മാനേജര്‍ ചെട്ടിയാര്‍ റിട്ടയര്‍ ചെയ്തിരിക്കും. പരിചയമുള്ള ആരെയും കണ്ടില്ലെങ്കില്‍, അകത്തേക്ക് കയറ്റി വിടാതിരുന്നാല്‍ അത് നാണക്കേടാവുകയും ചെയ്യും.

വാസ്തവത്തില്‍, മൂന്നു വര്‍ഷം മുന്‍പ് ശാരദാ സ്റ്റുഡിയോയിലെ ജോലി മതിയാക്കി അവിടന്ന് ഇറങ്ങിയതിനു ശേഷം പിന്നെ ഞാന്‍ ഒരിക്കലും ആ സ്റ്റുഡിയോയുടെ അകത്തു കയറിയിട്ടില്ല. അതിനു പ്രധാന കാരണം, മൂന്നു വര്‍ഷത്തെ ഡിഗ്രി പഠനവും രണ്ടു വര്‍ഷത്തെ ഫിലിം ഇന്‍സ്റ്റിറ്ട്ട് പഠനവും കഴിഞ്ഞു, ഞാന്‍ വീണ്ടും സിനിമയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും, സിനിമയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. എഴുപതുകളുടെ മധ്യത്തോടെ ലോകസിനിമയില്‍ തന്നെ വലിയ മാറ്റങ്ങള്‍ വന്നു. സാങ്കേതികവും പ്രമേയപരവുമായ മാറ്റങ്ങള്‍ സിനിമയെ പുതിയ ഔന്നത്യങ്ങളില്‍ എത്തിച്ചു. പൂനാ ഫിലിം ഇന്‍സ്‌റിറ്റിയൂട്ട് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ നിന്നും സിനിമയില്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങിയ യുവ പ്രതിഭകള്‍ ഇന്ത്യന്‍ സിനിമയ്ക്ക് പുതിയ ഭാവുകത്വങ്ങള്‍ നല്‍കി.

മലയാള സിനിമയില്‍ പ്രധാനമായും സംഭവിച്ചത് മുന്ന് കാര്യങ്ങളാണ്. സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും കളറിലേക്കു മാറി. സ്റ്റുഡിയോ ഫ്‌ളോറിലെ കൃത്രിമ സെറ്റുകളും മിച്ചല്‍ ക്യാമറയും സ്റ്റുഡിയോയും ഉപേക്ഷിച്ച്, സംവിധായകര്‍ ആരിഫ്‌ലെക്‌സ് ക്യാമറയുമായി, യഥാര്‍ഥ ലൊക്കേഷനുകള്‍ തേടി പുറത്തിറങ്ങി. സിനിമ കൂടുതല്‍ റിയലിസ്റ്റിക് ആയി. ഇതിനെല്ലാമുപരി, മലയാള സിനിമയെ മദിരാശിയില്‍ നിന്നും കേരളത്തിലേക്ക് പറിച്ചു നടാനുള്ള പദ്ധതിയുടെ ഭാഗമായി, കേരള സര്‍ക്കാര്‍ കേരളത്തില്‍; നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്ക് സബ്‌സിഡിയും പ്രഖ്യാപിച്ചു. അതോടെ മലയാള സിനിമയ്ക്ക് മദിരാശിയിലെ സ്റ്റുഡിയോകളെ ആശ്രയിക്കേണ്ട ആവശ്യമില്ലാതെ വന്നു. എന്നെ സംബന്ധിച്ചിടത്തോളം ശാരദാ സ്റ്റുഡിയോയിലെ ജോലി സിനിമയുടെ പഴയ യുഗത്തിലെ സങ്കേതങ്ങളും സംവിധാനങ്ങളും പഠിക്കാനുള്ള അസുലഭ അവസരമായി. സിനിമയിലെ പുതിയ തലമുറയ്ക്ക് തീര്‍ത്തും അന്യവും അപ്രാപ്യവുമായ ഒരു കാലഘട്ടത്തിലെ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്നുള്ളത് സിനിമസയില്‍ എന്റെ അനുഭവങ്ങളുടെ അടിത്തറ കൂടുതല്‍ ശക്തമാക്കാന്‍ സഹായിച്ചു. സിനിമയുടെ അടിസ്ഥാന വ്യാകരണങ്ങള്‍ക്കു മാറ്റമൊന്നും സംഭവിച്ചില്ലെങ്കിലും, സാങ്കേതിക വിദ്യയിലെ കുതിച്ചു ചാട്ടം, ആഖ്യാന രീതികളിലെ നൂതനമായ പരീക്ഷണങ്ങള്‍ എന്നിവ സിനിമയെ കൂടുതല്‍ സമ്പന്നമാക്കി.


മദിരാശിയിലേക്കു വീണ്ടുമൊരു സന്ദര്‍ശനം നടത്തിയപ്പോള്‍, മനസ്സ് വര്‍ത്തമാന കാലത്തില്‍ നിന്നും ഭൂതത്തിലേക്കും ഭാവിയിലേക്കും ഒന്ന് സഞ്ചരിച്ചു പോയതാണ്. ഈ ടൂറിന്റെ വിശേഷങ്ങള്‍ അടുത്ത അധ്യായത്തില്‍ തുടരാം.

Similar Posts