Column
ബാലചന്ദ്ര മേനോനും എന്‍.കെ അഹമ്മദ് ലോഡ്ജും,
Column

ബാലചന്ദ്ര മേനോനും എന്‍.കെ അഹമ്മദ് ലോഡ്ജും

ആദം അയ്യൂബ്
|
11 Jan 2024 9:19 AM GMT

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പാസ്സായതിനു ശേഷം ടി.എച്ച് കോടമ്പുഴ എന്ന ഫിലിം ജേണലിസ്‌റ് മലയാള പ്രസിദ്ധീകരണങ്ങളില്‍ ഞങ്ങള്‍ക്ക് വ്യാപകമായ കവറേജ് നല്‍കിയെങ്കിലും, അഭിനേതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ആദ്യത്തെ ഏക്‌സ്‌പോഷര്‍ നല്‍കിയത് ബാലചന്ദ്രമേനോന്‍ ആയിരുന്നു. ബാലചന്ദ്ര മേനോന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ 'ജീവിതത്തില്‍ ആദ്യമായി ലഭിക്കുന്നത് എന്തും നമുക്ക് പ്രിയപ്പെട്ടതാണല്ലോ. | ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: 23

അന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തമായി ഹോസ്റ്റല്‍ സൗകര്യം ഇല്ലാതിരുന്നതു കൊണ്ട് പലരും പല സ്ഥലത്താണ് താമസിച്ചിരുന്നത്. ജെയിംസ്, ഫ്രാന്‍സിസ്, ഇന്ദ്രബാലന്‍ എന്നിവര്‍ ജമിനി സര്‍ക്കിളിനടുത്തുള്ള എന്‍.കെ അഹമ്മദ് ലോഡ്ജിലാണ് താമസിച്ചിരുന്നത്. അന്ന് 'നാന' സിനിമ വാരികയുടെ മദ്രാസ് ലേഖകന്‍ ആയിരുന്ന ബാലചന്ദ്ര മേനോനും അവിടെയാണ് താമസിച്ചിരുന്നത്. രവീന്ദ്രന്‍ കോടമ്പാക്കത്തും, ഞാന്‍ അമ്മിഞ്ഞിക്കരയലിലുള്ള അരുണ്‍ ഹോട്ടലിലുമായിരുന്നു താമസം. രാജ്കുമാര്‍ മാത്രം മലയാളി ഉദ്യോഗാര്‍ഥികള്‍ താമസിക്കുന്ന ഒരു വാടക വീട്ടില്‍ അവരോടൊപ്പം കൂടി. ആ വീട്ടിനു തൊട്ടടുള്ള മറ്റൊരു വീട്ടില്‍, കുറെ മലയാളി പെണ്‍കുട്ടികളും താമസിക്കുന്നുണ്ടായിരുന്നു. ആ ലേഡീസ് ഹോസ്റ്റലില്‍ താമസിക്കുന്ന ലീല എന്ന പെണ്‍കുട്ടിയുമായി രാജ്കുമാര്‍ പ്രേമത്തിലായി. ലീല ഒരു ക്ലിനിക്കല്‍ ലാബില്‍ ലാബ് ടെക്‌നിഷ്യന്‍ ആയി ജോലി ചെയ്യുന്നുണ്ടായിരുന്നു. ലീല ക്രിസ്ത്യാനിയും, രാജ്കുമാര്‍ തിരുവനന്തപുരത്തുകാരന്‍ നായരുമായിരുന്നു. പ്രേമം മൂത്തപ്പോള്‍ അവര്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു, വേറെ വീട് വാടയ്‌ക്കെടുത്തു ഒന്നിച്ചു താമസവും തുടങ്ങി. രാജ്കുമാറിന്റെ വീട്ടുകാര്‍ ഈ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. അതുകൊണ്ടു അവനു മാസം തോറും ചിലവിനുള്ള പണം അവന്റെ അച്ഛന്‍ കൃത്യമായി അയച്ചു കൊണ്ടിരുന്നു. ഈ പണവും ലീലയുടെ ശമ്പളവും കൊണ്ട് അവര്‍ സുഖമായി ജീവിച്ചു പോന്നു.

അന്നത്തെ പല അഭിനേതാക്കളുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെ, താരപൂര്‍വ്വ ജീവിതം ഇരുളടഞ്ഞതായിരിക്കും. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വരുന്നതിനു മുന്‍പുള്ള അന്ധകാര ഗ്രസിതമായ ജീവിതം ആ കാലത്തെ പലരുടെയും, ഒരിക്കലും രേഖപ്പെടുത്തപ്പെടാത്ത ജീവിത കഥയുടെ, ഇരുളടഞ്ഞ അധ്യായങ്ങളാണ്. ഇന്ന് കാലം മാറി. ഇന്നത്തെ പെണ്‍കുട്ടികള്‍ ധൈര്യവും തന്റേടവും ഉള്ളവരാണ്. അവസരങ്ങള്‍ക്കു വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല എന്ന് പറയാനുള്ള ആര്‍ജവം അവര്‍ക്കുണ്ട്.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അടുത്തായിരുന്നതു കൊണ്ട് പലപ്പോഴും ക്ലാസ് കഴിഞ്ഞാല്‍, ഞാന്‍ അകലെയുള്ള എന്റെ ഹോട്ടലിലേക്ക് പോകുന്നതിനു പകരം ജയിംസിന്റെ മുറിയില്‍ പോയിരുന്നു സമയം ചിലവഴിക്കുമായിരുന്നു. നഗരമധ്യത്തിലുള്ള മൗണ്ട് റോഡിലെ ജമിനി സ്‌റുഡിയോക്ക് അടുത്തുള്ള എന്‍.കെ അഹമ്മദ് ലോഡ്ജില്‍ റൂം കിട്ടാന്‍ വളരെ പ്രയാസമാണ്. അവിടത്തെ അന്തേവാസികളില്‍ കൂടുതലും മലയാളികള്‍ ആയിരുന്നു. അവിടെ ജെയിംസിന്റെ തൊട്ടടുത്ത് ആയിരുന്നു വില്യംസ് എന്ന ക്യാമറാമാന്റെ മുറി. അവിടെ വെച്ച് ഞാന്‍ ഒരിക്കല്‍, ശാരദ സ്റ്റുഡിയോയിലെ എന്റെ പഴയ സഹപ്രവര്‍ത്തകനായിരുന്നു കാമറ അസിസ്റ്റന്റ് പാണ്ഡ്യനെ കണ്ടു. അയാള്‍ അപ്പോള്‍ വില്യംസിന്റെ അസിസ്റ്റന്റ് ആയിരുന്നു. വില്യംസ് ഇല്ലാതിരുന്ന സമയം ആയതു കൊണ്ട് അവന്‍ ഞങ്ങളെ അവന്റെ (വില്യംസിന്റെ) റൂമിലേക്ക് ക്ഷണിച്ചു. അവിടെ വില്യംസ് എടുത്ത കുറെ മനോഹരമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ അവന്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ബ്ലാക്ക് & വൈറ്റ് പ്രകാശവിതാനത്തിന്റെ അതി സൂക്ഷ്മങ്ങളായ മനോഹര ചിത്രങ്ങള്‍! വില്യംസ് എന്ന ക്യാമറാമാന്റെ കരവിരുതും സാങ്കേതിക കൈയടക്കവും വെളിവാക്കുന്ന ചിത്രങ്ങള്‍. ഞങ്ങള്‍ അതെല്ലാം കണ്ടു വിസ്മയിച്ചിരിക്കുമ്പോള്‍ പാണ്ട്യന്‍ പറഞ്ഞു:

'ഇനിയൊരു ഫോട്ടോ കാണിച്ചു തരട്ടെ ? '

'എന്താ?' ഞാന്‍ ചോദിച്ചു.

'ആരോടും പറയരുത് ' അവന്‍ പറഞ്ഞു.

'ഇല്ല'. ഞങ്ങള്‍ സമ്മതിച്ചു.

അവന്‍ വില്യംസിന്റെ ബെഡിന്റെ അടിയില്‍ നിന്ന് ഒരു വലിയ ഫോട്ടോ വലിച്ചെടുത്തു. ഏകദേശം 2ഃ4 സിനിമ പോസ്റ്ററിന്റെ വലിപ്പമുള്ള ഒരു ബ്ലാക്ക് & വൈറ്റ് ഫോട്ടോ!

അത് ഒരു നടിയുടെ അര്‍ധ നഗ്‌ന ചിത്രമായിരുന്നു. ആ നടിയെ എനിക്കറിയാം. അന്നവര്‍ തന്റെ ആദ്യ ഭര്‍ത്താവുമൊത്തു സിനിമയില്‍ അവസരങ്ങള്‍ തേടി കോടമ്പാക്കത്ത് താമസിക്കുന്നുണ്ടായിരുന്നു. പിന്നീട് അവര്‍ക്ക് സിനിമയില്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചു. ആ നടിയുടെ ഐഡന്റിറ്റി വെളിവാക്കുന്ന വിവരങ്ങളൊന്നും ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ല. ആ ചിത്രം ഫോട്ടോഗ്രഫിയിലെ ഒരു വിസ്മയം തന്നെ ആയിരുന്നു. ആ സ്ത്രീയുടെ നഗ്‌നതയെക്കാളുപരി, എന്നെ ആകര്‍ഷിച്ചത് ആ ഫോട്ടോയുടെ പ്രകാശ വിതാനവും, ഓരോ രോമകൂപവും, തൊലിയുടെ ഇഴയടുപ്പവും വ്യക്തമാക്കുന്ന ഷാര്‍പ് ഫോക്കസ് എന്നിവയായിരുന്നു. ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ള, കുറെ നാള്‍ കാമറ അസിസ്റ്റന്റ് ആയി ജോലി ചെയ്തിട്ടുള്ള, എനിക്ക് വില്യംസ് എന്ന ക്യാമറാമാന്റെ അപാര കഴിവില്‍ അത്ഭുതവും ബഹുമാനവും തോന്നി. അന്നത്തെ പല അഭിനേതാക്കളുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെ, താരപൂര്‍വ്വ ജീവിതം ഇരുളടഞ്ഞതായിരിക്കും. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വരുന്നതിനു മുന്‍പുള്ള അന്ധകാര ഗ്രസിതമായ ജീവിതം ആ കാലത്തെ പലരുടെയും, ഒരിക്കലും രേഖപ്പെടുത്തപ്പെടാത്ത ജീവിത കഥയുടെ, ഇരുളടഞ്ഞ അധ്യായങ്ങളാണ്. ഇന്ന് കാലം മാറി. ഇന്നത്തെ പെണ്‍കുട്ടികള്‍ ധൈര്യവും തന്റേടവും ഉള്ളവരാണ്. അവസരങ്ങള്‍ക്കു വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല എന്ന് പറയാനുള്ള ആര്‍ജവം അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് വിദ്യാസമ്പന്നരായ പല പെണ്‍കുട്ടികളും ഒരു തൊഴില്‍ എന്ന നിലയില്‍ സിനിമ തെരഞ്ഞെടുക്കുവാന്‍ മുന്നോട്ടു വരുന്നത്.

അന്ന് 'നാന' ഫിലിം വാരികയുടെ ലേഖകന്‍ ആയിരുന്ന ബാലചന്ദ്ര മേനോന്‍ എന്‍.കെ അഹമ്മദ് ലോഡ്ജിലെ അന്തേവാസി ആയിരുന്നു എന്ന് പറഞ്ഞല്ലോ. ഞങ്ങളുടെ കോഴ്‌സ് തീരുന്നതിനു മുന്‍പേ തന്നെ അദ്ദേഹം ഞങ്ങളെ കുറിച്ചും ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ചും നാനയില്‍ ഫോട്ടോ സഹിതം ലേഖനം എഴുതിയിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പാസ്സായതിനു ശേഷം ടി.എച്ച് കോടമ്പുഴ എന്ന ഫിലിം ജേണലിസ്‌റ് മലയാള പ്രസിദ്ധീകരണങ്ങളില്‍ ഞങ്ങള്‍ക്ക് വ്യാപകമായ കവറേജ് നല്‍കിയെങ്കിലും, അഭിനേതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ആദ്യത്തെ ഏക്‌സ്‌പോഷര്‍ നല്‍കിയത് ബാലചന്ദ്രമേനോന്‍ ആയിരുന്നു. ബാലചന്ദ്ര മേനോന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ 'ജീവിതത്തില്‍ ആദ്യമായി ലഭിക്കുന്നത് എന്തും നമുക്ക് പ്രിയപ്പെട്ടതാണല്ലോ !''. നാനയില്‍ മേനോന്റെ പംക്തി 'നാനാജിയുടെ സിനിമാവാരഫലം' അന്ന് നാന യില്‍ വളരെ ജനപ്രീതി നേടിയ ഒരു പംക്തി ആയിരുന്നു. പിന്നീട ബാലചന്ദ്ര മേനോന്റെ സഹസംവിധായകനും , സംവിധായകനും ഒക്കെ ആയിത്തീര്‍ന്ന രാജന്‍ ശങ്കരാടിയും അവിടെയായിരുന്നു താമസം. അന്ന് അദ്ദേഹം ഒരു സെയില്‍സ് റെപ്രെസെന്ററ്റീവ് ആയിരുന്നു. അങ്ങിനെ എന്‍.കെ അഹ്മദ് ലോഡ്ജ് സിനിമാമോഹികളുടെ ഒരു താവളമായിരുന്നു.

ബാലചന്ദ്ര മേനോന്റെ സിനിമാ ജീവിതവും ആരംഭിക്കുന്നത് അവിടെ നിന്നാണ്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റെ ജൂനിയര്‍ ആയിരുന്ന, കൊല്ലത്തുകാരന്‍ നങ്ങാശ്ശേരി ശശിയെ നായകനും നിര്‍മാതാവും ആക്കിയാണ് ബാലചന്ദ്ര മേനോന്റെ ആദ്യ സിനിമ ''ഉത്രാട രാത്രി'' ഉദയം ചെയ്തത്. മധു, ശോഭ, രവി മേനോന്‍, സുകുമാരന്‍ എന്നിവരോടൊപ്പം നിര്‍മാതാവ് ശശിയും ഒരു പ്രധാന വേഷം ചെയ്തു. ആ സിനിമ സാമ്പത്തികമായി വന്‍ വിജയം നേടിയില്ലെങ്കിലും, ബാല ചന്ദ്ര മേനോന്‍ എന്ന സംവിധായകന്‍ ഈ ചിത്രത്തോടെ മലയാള സിനിമയില്‍ തന്റെ വരവ് അറിയിച്ചു. ഈ സിനിമയില്‍ അദ്ദേഹം അഭിനയിക്കുക കൂടി ചെയ്തിരുന്നു. അതോടെ നായകന്‍, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം ബാലചന്ദ്ര മേനോന്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന സിനിമകളുടെ പ്രവാഹമായിരുന്നു. എന്നാല്‍, നങ്ങാശ്ശേരില്‍ ശശി എന്ന നടനെ പിന്നെ സിനിമയില്‍ അധികം കണ്ടില്ല. നങ്ങാശ്ശേരില്‍ ഫിലിംസ് പിന്നെയൊരു സിനിമ നിര്‍മിച്ചതുമില്ല.


വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ശശിയെ കൊല്ലം KSRTC ബസ് സ്റ്റാന്‍ഡിനു അടുത്തുള്ള ഒരു ഹോട്ടലില്‍ വെച്ച് കണ്ടു. കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം ''ഇപ്പോള്‍ എന്ത് ചെയ്യുന്നു'' എന്ന് ചോദിച്ചപ്പോള്‍, ''ലോറി ഓടിക്കുന്നു'' എന്നായിരുന്നു മറുപടി. ഞാന്‍ അന്ന് സീരിയലുകളില്‍ സജീവമായിരുന്ന കാലമായിരുന്നു. എന്റെ സീരിയലുകളൊക്കെ കാണാറുണ്ടെന്നു പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ വല്ലാത്ത വ്യര്‍ഥതാ ബോധം ഉള്ളത് പോലെ തോന്നി. ഭാരിച്ച മുതല്‍ മുടക്കി സ്വയം ഒരു സിനിമ നിര്‍മിച്ചിട്ടും, അതില്‍ നായകനായി അഭിനയിച്ചിട്ടും, ആ സിനിമയോ സ്വന്തം ഭാവിയോ പച്ച പിടിക്കാതെ പോയ ശശിയെ കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം, മേനോന്‍ തന്റെ ഏതോ ഒരു പടത്തില്‍ ശശിക്ക് നല്ലൊരു വേഷ0 നല്‍കി എന്നറിഞ്ഞു. പക്ഷെ ശശി എന്ന നടനെ സംബന്ധിച്ചിടത്തോളം ആ ചിത്രത്തിനും അദ്ദേഹത്തിന് ഒരു പുനര്‍ജ്ജന്മം നല്‍കാന്‍ കഴിഞ്ഞില്ല.


ബാലചന്ദ്ര മേനോന്‍ മലയാള സിനിമയില്‍ അരങ്ങു വാഴുന്ന കാലത്തു, കൃത്യമായി പറഞ്ഞാല്‍, 1989ല്‍ അദ്ദേഹത്തിന്റെ 'ഞങ്ങളുടെ കൊച്ചു ഡോക്ടര്‍' എന്ന സിനിമയില്‍ എന്റെ ഇളയ മകന്‍ മാസ്റ്റര്‍ അര്‍ഫാന്‍ അയൂബ് അഭിനയിച്ചു. ബാലചന്ദ്ര മേനോന്റെയും രേവതിയുടെയും മകനായിട്ടായിരുന്നു അവന്റെ അരങ്ങേറ്റം. ചിത്രം വന്‍ വിജയമായിരുന്നു. അതിനു ശേഷം അവന് സീരിയലിലും സിനിമയിലും കുറെ അവസരങ്ങള്‍ വന്നു. പിന്നീട് ഞാന്‍ സംവിധാനം ചെയ്ത 'മിന്നാമിനുങ്ങുകള്‍' എന്ന സീരിയലിലെ അഭിനയത്തിന് അവനു ഏറ്റവും നല്ല ബാലനാടാനുള്ള സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചു. ക്രമേണ അവനു അഭിനയത്തില്‍ താല്‍പര്യം ഇല്ലാതായി. പഠിത്തത്തില്‍ ആയി കൂടി ശ്രദ്ധ. അവനിപ്പോള്‍ കാനഡയില്‍ എഞ്ചിനീയര്‍ ആണ്.

(തുടരും)

|

Similar Posts