Column
യാത്രകളെ ഏറെ സ്വാധീനിച്ചത് എസ്.കെ പൊറ്റക്കാടിന്റെ പുസ്തകങ്ങള്‍ - സന്തോഷ് ജോര്‍ജ് കുളങ്ങര
Column

യാത്രകളെ ഏറെ സ്വാധീനിച്ചത് എസ്.കെ പൊറ്റക്കാടിന്റെ പുസ്തകങ്ങള്‍ - സന്തോഷ് ജോര്‍ജ് കുളങ്ങര

ഷെല്‍ഫ് ഡെസ്‌ക്
|
2 Nov 2023 4:45 PM GMT

കോവിഡിന് ശേഷം ആളുകള്‍ വാശിയോടെ സഞ്ചരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്

കൃത്യമായ ആസൂത്രണത്തിലൂടെയേ ടൂറിസം മേഖലയില്‍ വികസനം സാധ്യമാകൂ എന്ന് മലയാളത്തിന്റെ പ്രിയ സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി കെഎല്‍ഐബിഎഫ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സദസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും അനുഭവങ്ങള്‍ പങ്കുവച്ചും അദ്ദേഹം പരിപാടിയെ വ്യത്യസ്ത അനുഭവമാക്കിത്തീര്‍ത്തു. ലോകത്തിലെ യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കാന്‍ കഴിഞ്ഞാല്‍ കാഴ്ചപ്പാടുകള്‍ വിശാലമാകുമെന്ന് അദ്ദേഹം പറഞ്ഞു.

അതിഥികളെ സന്തോഷിപ്പിക്കാന്‍ സ്വയം എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് ഓരോ ആതിഥേയരും ശ്രദ്ധിക്കേണ്ടതെന്ന് സന്തോഷ് ജോര്‍ജ് വ്യക്തമാക്കി. ഓരോ രാജ്യവും വിദേശസഞ്ചാരികളെ സ്വന്തം നാട്ടിലെത്തിക്കാന്‍ മത്സരിക്കുകയാണ്. കേരളത്തിന്റെ തനത് ജീവിതശൈലി, കലാരൂപങ്ങള്‍, ഭക്ഷ്യവൈവിധ്യം, വാസ്തുവിദ്യ എന്നിവ ഒരു ടൂറിസം പാക്കേജായി ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ കഴിയണം. കോവിഡിന് ശേഷം ആളുകള്‍ വാശിയോടെ സഞ്ചരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. കാണാത്ത നാടുകള്‍ കാണാനുള്ള സഞ്ചാരികളുടെ ഈ മത്സരത്തെ വേണ്ടവിധം വിനിയോഗിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദൃശ്യമാധ്യമ രംഗത്ത് പുതുമയുള്ള എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് സഞ്ചാരം പോലുള്ള പരിപാടിയിലേക്ക് എത്തിച്ചത്. നവമാധ്യമങ്ങളുടെ കാലത്ത് ഭാഷയുടെ സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ സമൂഹത്തിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പടെ കഴിയണമെന്ന് സന്തോഷ് ജോര്‍ജ് അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ ടൂറിസം മേഖലയില്‍ സ്വകാര്യ സംരംഭകരുടെ പങ്ക് വലുതാണെന്നും അവരെ പ്രോത്സാഹിപ്പിക്കാന്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും സന്തോഷ് ജോര്‍ജ് സൂചിപ്പിച്ചു. ഇന്നത്തെ ചെറുപ്പക്കാര്‍ മാറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ കാരണം ആ നാടിന്റെ പ്രൊഫഷണലിസം ആണ്. ജീവിതനിലവാരം മികച്ചതാക്കാന്‍ വിദേശ രാജ്യങ്ങള്‍ക്ക് കഴിയുന്നു എന്നതാണ് യുവാക്കളെ ആകര്‍ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാന്‍ സാധ്യതകള്‍ ഏറെയുള്ള നാടാണ് കേരളമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.


വായിച്ച പുസ്തകങ്ങളിലെ സ്ഥലങ്ങളും മനുഷ്യരെയും ജീവിതങ്ങളെയുമൊക്കെ നേരിട്ട് അറിയാനുള്ള ആഗ്രഹമാണ് തന്റെ ആദ്യകാല യാത്രകള്‍ക്ക് പ്രചോദനമായതെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. എസ്.കെ പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങളാണ് യാത്രകളെ ഏറെ സ്വാധീനിച്ചിട്ടുള്ളത്. സാങ്കേതിക വിദ്യ ഏറെ വികസിച്ച ഇന്നത്തെ കാലത്ത് യാത്ര ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റിനെയാണ് കൂടുതല്‍ ആശ്രയിക്കാറെന്നും അദ്ദേഹം വ്യക്തമാക്കി. ദൃശ്യമാധ്യമ രംഗത്ത് പുതുമയുള്ള എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് സഞ്ചാരം പോലുള്ള പരിപാടിയിലേക്ക് എത്തിച്ചത്. നവമാധ്യമങ്ങളുടെ കാലത്ത് ഭാഷയുടെ സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ സമൂഹത്തിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പടെ കഴിയണമെന്ന് സന്തോഷ് ജോര്‍ജ് അഭിപ്രായപ്പെട്ടു.

കെഎല്‍ഐബിഎഫ് ഡയലോഗ്‌സില്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയുമായി ഷിജിന്‍.പി നടത്തിയ സംഭാഷണത്തിന് ശേഷം അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ വായനക്കാര്‍ക്ക് കയ്യൊപ്പ് വാങ്ങാന്‍ അവസരം ഒരുക്കിയിരുന്നു.



Similar Posts