വേദി കീഴടക്കിയ ഭാവ താള ചാരുത
|കഥകളുടെയും കവിതകളുടെയും സംഗമഭൂമിയിൽ മുദ്രകളും ഭാവങ്ങളും കൊണ്ട് കഥ പറഞ്ഞ് അവിസ്മരണീയമായ ഒരു സായാഹ്നമാണ് നർത്തകർ അനുവാചകർക്ക് സമ്മാനിച്ചത്.
ആസ്വാദകർക്ക് കലയുടെ വിരുന്നൊരുക്കി ഭരതനാട്യവും മോഹിനിയാട്ടവും. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ കലാസന്ധ്യയിൽ ലാസ്യഭാവങ്ങളും ചടുല താളങ്ങളും സമന്വയിക്കപ്പെട്ടപ്പോൾ ഒന്നാം വേദിക്ക് മിഴിവേറി. ഹസ്തമുദ്രകളുടെ ചലനത്തിലൂടെ ലാസ്യ ഭാവത്തിൽ മോഹിനിയാട്ടത്തിന്റെ വിസ്മയം തീർക്കുകയായിരുന്നു നർത്തകർ.
പ്രശസ്ത നർത്തകിയും മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ മകളുമായ അശ്വതി വി. നായരും ഭർത്താവ് ശ്രീകാന്തും ചേർന്ന് അവതരിപ്പിച്ച ഭരതനാട്യം സദസിനെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ചു. നൃത്തത്തിലുടനീളമുള്ള ആവിഷ്കാര സാധ്യതകളെ കാഴ്ചക്കാരന് അനുഭവവേദ്യമാക്കാൻ സാധിക്കുന്ന ശൈലിയിലായിരുന്നു അവതരണം. അടവുകള്‍ക്കനുയോജ്യമായ ഭാവങ്ങളും ആകര്‍ഷകമായി.
തുടർന്ന് ശ്രീലേഖ പി.ടി., ഗീതു സേതുനാഥ്, പ്രീത രാജു എന്നിവർ ഒരുക്കിയ ഭരതനാട്യവും ശ്രദ്ധേയമായി. നാട്യവേദ കോളേജ് ഓഫ് പെർഫോമിംഗ് ആർട്സിലെ രേഷ്മ സുരേഷ്, നവമി ബി., ചിത്ര ആർ.എസ്. നായർ എന്നിവർ അവതരിപ്പിച്ച മോഹിനിയാട്ടം മലയാണ്മയുടെ ലാസ്യ ഭംഗി മൊത്തം പകർന്ന് നൽകുന്ന മനോഹര കാഴ്ചയായി. നേത്രഭാവങ്ങളിലൂടെ മോഹിനിയാട്ടത്തിന്റെ മനോഹാരിത കൊണ്ട് നർത്തകർ വിരുന്നൂട്ടി. കഥകളുടെയും കവിതകളുടെയും സംഗമഭൂമിയിൽ മുദ്രകളും ഭാവങ്ങളും കൊണ്ട് കഥ പറഞ്ഞ് അവിസ്മരണീയമായ ഒരു സായാഹ്നമാണ് നർത്തകർ അനുവാചകർക്ക് സമ്മാനിച്ചത്.