വിചാരണ കോടതി മാറുമോ?
|സെഷന്‍സ് കോടതി കേസിലെ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് വനിതാ ജഡ്ജിതന്നെ കേസില്‍ വിചാരണ നടത്തണമെന്ന ആവശ്യവുമായി നടി ഹൈക്കോടതിയെ സമീപിക്കുന്നത്. തന്റെ സ്വകാര്യതയുടെ പ്രശ്നമാണെന്നും വിചാരണയില്‍ കാര്യങ്ങള്‍ പുരുഷ ജഡ്ജിയുടെ മുന്നില്‍ ആവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു നടി പറഞ്ഞിരുന്നത്. | കോര്‍ട്ട് റൂം
നടന് ദിലീപ് പ്രതിയായ കേസിലെ വിചാരണ കോടതി ജഡ്ജിക്കെതിരെ അക്രമിക്കപ്പെട്ട നടി ഹൈകോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്. നേരത്തെയും വിചാരണയുടെ അപാകത ചൂണ്ടികാട്ടി ഇത്തരത്തിലുള്ള പരാതികളുയരുകയും മേല്കോടതികളെല്ലാം തന്നെ അത് തള്ളുകയും ചെയ്തതാണ്. ഇപ്പോള്‍ വീണ്ടും പരാതി നല്‍കാനുണ്ടായ സാഹചര്യമിതാണ്.
നടിയെ അക്രമിച്ച കേസിന്റെ വിചാരണ നടക്കേണ്ടിയിരുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ്. ഇത് പ്രകാരമാണ് അങ്കമാലി മജിസ്ടേറ്റ് കോടതിയില്‍ നിന്നും കേസ് കമ്മിറ്റ് ചെയ്ത് സെഷന്‍സ് കോടതിയിലെത്തിയത്. സെഷന്‍സ് കോടതി കേസിലെ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് വനിതാ ജഡ്ജിതന്നെ കേസില്‍ വിചാരണ നടത്തണമെന്ന ആവശ്യവുമായി നടി ഹൈക്കോടതിയെ സമീപിക്കുന്നത്. തന്റെ സ്വകാര്യതയുടെ പ്രശ്നമാണെന്നും വിചാരണയില്‍ കാര്യങ്ങള്‍ പുരുഷ ജഡ്ജിയുടെ മുന്നില്‍ ആവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു നടി പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് കേസ് ജില്ലയിലെ ഏക വനിതാ ജഡ്ജിയായ സി.ബി.ഐ 3 പ്രത്യേക കോടതിയിലെ ജഡ്ജി ഹണി എം വര്‍ഗീസിന് മുന്നിലെത്തിയത്. എന്നാലിപ്പോള്‍ ഹണി എം വര്‍ഗീസിന് സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. ഇതോടെയാണ് കോടതി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടുമുയരുന്നത്. ജഡ്ജി മാറുന്നതിനുസരിച്ച് കേസിലെ വിചാരണയും കലൂരുള്ള സിബിഐ-3 പ്രത്യേക കോടതിയില്‍ നിന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കും മാറ്റും. എന്നാല്‍, കേസ് പരിഗണിക്കുന്ന ജഡ്ജിയില്‍ മാറ്റമില്ല.
തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ ബാലകൃഷ്ണനെ എറണാകുളത്തെ സി.ബി.ഐ സ്പെഷ്യല്‍ ജഡ്ജിയാക്കി മാറ്റിയിട്ടുണ്ട്. സി.ബി.ഐ കോടതിയിലേക്ക് പുതിയ ജഡ്ജി എത്തുന്ന സാഹചര്യത്തിലാണ് നടിയെ അക്രമിച്ച കേസ് സെഷന്‍സിലേക്ക് മാറ്റുന്നത്.
ഇതിനിടെയാണ് നിലവില്‍ നടക്കുന്ന വിചാരണയില്‍ ത്യപ്തിയില്ലെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് നടി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. നിലവില്‍ വിചാരണ നടത്തുന്ന ജഡ്ജി ഹണി എം വര്‍ഗീസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥലം മാറിയപ്പോള്‍ കേസും അതേ കോടതിയിലേക്ക് മാറ്റിയിരുന്നു. സി.ബി.ഐ കോടതിയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന വിചാരണയില്‍ തൃപ്തയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നടി അപേക്ഷ നല്‍കിയത്'
ഇപ്പോള്‍ വനിത ജഡ്ജിയുടെ കീഴില്‍ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ല. കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുമോയെന്ന് പേടിയുണ്ട്. ഇത് വനിത ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ നടപടി സ്വീകരിച്ചില്ല. കേസിന്റെ വിവിധ വശങ്ങള് വ്യക്തമാക്കി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹര്‍ജി നല്‍കിയിരുന്നു.
ഇപ്പോള്‍ വിചാരണ നടക്കുന്ന സി.ബി.ഐ. കോടതിയില്‍ പുതിയ ജഡ്ജിയെ നിയമിച്ചു. എന്നാല്‍, കേസ് പരിഗണിച്ചുകൊണ്ടിരുന്ന വനിത ജഡ്ജി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറിയപ്പോള്‍ കേസും അതേ കോടതിയിലേക്ക് മാറ്റരുത്. അല്ലെങ്കില്‍ വിചാരണ എറണാകുളം ജില്ലയിലെ മറ്റേതെങ്കിലും വനിത ജഡ്ജിയ്ക്ക് കീഴിലേക്ക് മാറ്റണം. കേസ് വനിത ജഡ്ജി തന്നെ പരിഗണിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നാണ് അപേക്ഷയെന്നും പരാതിയില്‍ പറയുന്നത്. എന്നാല്‍, സാങ്കേതികമായി കോടതി മാറ്റമാണിപ്പോഴുള്ളതെന്നും വിചാരണ ജഡ്ജിയെ മാറ്റാനുള്ള സാഹചര്യമില്ലെന്നുമാണ് ഹൈക്കോടതിയുടെ നിലപാട്. നടിയുടെ ആശങ്കയിലും അടിസ്ഥാനമുണ്ടെന്നിരിക്കെ ഹൈക്കോടതി എന്ത് തീരുമാനമെടുക്കുമെന്നതാണ് ഇനി അതിജീവിതക്കൊപ്പം നില്ക്കുന്നവര് കാത്തിരിക്കുന്നത്.