യു.എ.പി.എ റദ്ദാക്കിയ കോടതി വിധിയും പുനഃസ്ഥാപന ഹരജിയില്നിന്നുള്ള സര്‍ക്കാര്‍ പിന്മാറ്റവും
|രൂപേഷിന്റെ യു.എ.പി.എ റദ്ദാക്കിയതിന് കാരണം പ്രോസിക്യൂഷന് അനുമതിക്കുണ്ടായ കാലതാമസമാണ്. മറ്റ് യു.എ.പി.എ കേസുകളും സമാനമായ കാരണം പറഞ്ഞ് കോടതികള്‍ കേസ് റദ്ദാക്കാനിടിയുണ്ടെന്നായിരുന്നു സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.
അലന് ഷുഹൈബിനും താഹ ഫസലിനുമെതിരെ പന്തീരങ്കാവ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യു.എ.പി.എ ചുമത്തിയപ്പോള്‍ ഇടതു സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. യു.എ.പി.എ വിരുദ്ധ നിലപാടുള്ള സി.പി.ഐ.എം നയിക്കുന്ന സര്‍ക്കാര്‍ കാര്യമായ തെളിവില്ലാതെ പാര്‍ട്ടിയോടടുത്ത് നില്ക്കുന്ന രണ്ടു വിദ്യാര്‍ഥികളെ യു.എ.പി.എയുടെ വിവിധ വകുപ്പുകള്‍ ചുമത്തി തടവിലിട്ടതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധവും ഉയര്‍ന്നു. അത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കും മുന്‍പേയാണ് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ യു.എ.പി.എ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുന്നത്. ഇതോടെ യു.എ.പി.എ വിരുദ്ധ കേന്ദ്ര നിലപാടിനെതിരായ കേരള നിലപാടില്‍ പ്രതിഷേധം കൂടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വളയം കുറ്റ്യാടി സ്റ്റേഷനിലെ കേസുകളിലാണ് രൂപേഷിനെതിരെ യു.എ.പി.എ ചുമത്തിയത്. തോക്കും മറ്റ് മാരകായുധങ്ങളുമായി മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തെന്നാരോപിച്ചായാരുന്നു കേസ്. ഈ കേസുകളില്‍ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) പ്രകാരമുള്ള പ്രോസിക്യൂഷന് അനുമതി നല്കുന്നതില് സര്‍ക്കാര്‍ കാലതാമസം വരുത്തിയിരുന്നു. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷന് പരിധികളിലായി മൂന്ന് കേസുകളില്‍ പ്രതിയായ രൂപേഷിനെതിരെ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും അടക്കം കുറ്റങ്ങളാണ് ചുമത്തിയത്. രാജ്യദ്രോഹക്കുറ്റത്തിന് പ്രോസിക്യൂഷന് അനുമതി നല്കുമ്പോള് ബന്ധപ്പെട്ട രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ച് മനസിരുത്തിയും സ്വതന്ത്രമായും വേണം ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് വ്യവസ്ഥ. എന്നാല്‍, തന്റെ കാര്യത്തില്‍ ഇക്കാര്യം പാലിച്ചിട്ടില്ലെന്ന് കാണിച്ച് രൂപേഷ് ആദ്യം കോഴിക്കോട് അഡീ. സെഷന്‍സ് കോടതിയില്‍ ഹരജി നല്കി. എന്നാല്‍, ഇത് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒരാള്‍ക്കെതിരെ കേസെടുത്താല്‍ യു.എ.പി.എ ചുമത്തേണ്ടതെന്ന് തോന്നിയാല്‍ തെളിവുകള്‍ വ്യക്തമാക്കി അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കും. യു.എ.പി.എ നിയമപ്രകാരം രൂപം നല്കിയ ശുപാര്‍ശാ സമിതി ഈ റിപ്പോര്‍ട്ടില്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണം. പിന്നീട് ഒരാഴ്ചയ്ക്കകം സര്‍ക്കാറിന്റെ അനുകൂല തീരുമാനമുണ്ടാകണം. എന്നാല്‍, രൂപേഷിന്റെ കാര്യത്തില്‍ ഈ വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന വാദങ്ങള്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. 2016 മുതല്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ പ്രോസിക്യൂഷന് അനുമതി സമയപരിധിക്കകം ലഭിച്ചിട്ടില്ലെന്ന വാദം സംബന്ധിച്ച് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയില്‍നിന്നും സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്നും ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. രൂപേഷിന്റെ കേസില്‍ തീരുമാനമെടുക്കാന്‍ നാലു മുതല്‍ ആറു മാസം വരെ സമയം എടുത്തതായി കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹൈക്കോടതി യു.എ.പി.എ ചുമത്തിയത് റദ്ദാക്കി. ഹൈക്കോടതി റദ്ദാക്കിയ യു.എ.പി.എ പുനഃസ്ഥാപിക്കണമെന്നായിരുന്നു സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടത്. സുപ്രിം കോടതി ഇതില്‍ രൂപേഷ് അടക്കമുള്ള എതിര് കക്ഷികള്‍ക്ക് നോട്ടീസയക്കാനും നിര്‍ദേശം നല്കി. യു.എ.പി.എ അനുകൂല നിലപാട് സ്വീകരിച്ച ഇടതു സര്‍ക്കാരിന്റെ നടപടിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിച്ചത്. യു.എ.പി.എ പുനഃസ്ഥാപിക്കാന്‍ സുപ്രിം കോടതിയില്‍ നല്കിയ ഹരജി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന് നിര്‍ദേശം നല്കി. അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി എം.പി പ്രിയമോളാണ് എ.ജിക്ക് ഇത് സംബന്ധിച്ച കത്ത് നല്‍കിയത്. അടിയന്തിരമായി സുപ്രീം കോടതിയിലെ ഹരജി പിന്‍വലിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
രൂപേഷിന്റെ യു.എ.പി.എ റദ്ദാക്കിയതിന് കാരണം പ്രോസിക്യൂഷന് അനുമതിക്കുണ്ടായ കാലതാമസമാണ്. മറ്റ് യു.എ.പി.എ കേസുകളും സമാനമായ കാരണം പറഞ്ഞ് കോടതികള്‍ കേസ് റദ്ദാക്കാനിടിയുണ്ടെന്നായിരുന്നു സര്‍ക്കാരിന്് ലഭിച്ച നിയമോപദേശം. യു.എ.പി.എ ചുമത്താനുളള പ്രോസിക്യൂഷന് അനുമതി നല്‍കുന്നത് ഏഴ് ദിവസത്തിനകം പല കേസുകളിലും സര്‍ക്കാര്‍ തീരുമാനമെടത്തിട്ടില്ല. പൊലിസ് സേനയിലും ഇതു സംബന്ധിച്ച് ആശങ്ക നിലനിന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.