Court Room
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം
Court Room

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം

ആദം അയ്യൂബ്
|
23 Sep 2022 10:33 AM GMT

കോളജില്‍ ഞങ്ങളുടെ ഗാങ് പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും കാഴ്ചക്കാരനായി ഒരു ചെറുപ്പ്കകാരനുണ്ടാവും. ഞങ്ങളുടെ നാടകങ്ങളില്‍ ഒരു വേഷം കൊടുക്കാന്‍ അയാള്‍ പലപ്പോഴും അപേക്ഷിച്ചിട്ടുണ്ട്. പക്ഷെ, ഞങ്ങളുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ ഞങ്ങളില്‍ തന്നെ ആളുകള്‍ ഉണ്ടായിരുന്നത് കൊണ്ട് അയാളുടെ ആവശ്യം പരിഗണിക്കാന്‍ കഴിഞ്ഞിരുന്നില്ല. അയാളുടെ പേരാണ് മമ്മൂട്ടി. | വൈഡ് ആംഗിള്‍ - 14

പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞ സംതൃപ്തിയോടെയാണ്, ടൂര്‍ കഴിഞ് മദ്രാസില്‍ നിന്ന് തിരിച്ചെത്തിയത്. ഒരു പക്ഷെ, സിനിമാലോകം എനിക്കുവേണ്ടി കാത്തുവെച്ചിരുന്ന കൂടുതല്‍ ശക്തമായ പല പ്രലോഭനങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ഈ ടൂര്‍ എനിക്ക് സമ്മാനിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

കോളജില്‍ എന്റെ ഒരു വര്‍ഷം ജൂനിയര്‍ ആയി പഠിച്ച ഒരു ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു. ഞാന്‍ ഫൈനല്‍ ഇയറില്‍ എത്തിയപ്പോഴാണ് ഞാന്‍ ഇയാളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. നല്ല പൊക്കമുള്ള മെലിഞ്ഞ പയ്യന്‍. കോളജില്‍ ഞങ്ങളുടെ ഗാങ് പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും കാഴ്ചക്കാരനായി അയാളുണ്ടാവും. ഞങ്ങളുടെ നാടകങ്ങളില്‍ ഒരു വേഷം കൊടുക്കാന്‍ അയാള്‍ പലപ്പോഴും അപേക്ഷിച്ചിട്ടുണ്ട്. പക്ഷെ, ഞങ്ങളുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ ഞങ്ങളില്‍ തന്നെ ആളുകള്‍ ഉണ്ടായിരുന്നത് കൊണ്ട് അയാളുടെ ആവശ്യം പരിഗണിക്കാന്‍ കഴിഞ്ഞിരുന്നില്ല. അയാളുടെ പേരാണ് മമ്മൂട്ടി, അതെ പില്‍ക്കാലത്തു മലയാളാ സിനിമയുടെ മെഗാ സൂപ്പര്‍ സ്റ്റാര്‍ ആയ മമ്മൂട്ടി. എനിക്ക് അത്ഭുതം തോന്നിയിട്ടുള്ള ഒരു കാര്യം, അന്ന് മമ്മൂട്ടി അത്ര സുന്ദരന്‍ ആയൊന്നും ആര്‍ക്കും തോന്നിയിരുന്നില്ല. ഒരു അരക്കയ്യന്‍ ഷര്‍ട്ടും ഒറ്റ മുണ്ടും ഉടുത്ത് ബീഡിയും വലിച്ചു ലേഡീഡ് കോമണ്‍ റൂമിനു മുന്നിലൂടെ മൂളിപ്പാട്ടും പാടി നടക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരന്‍. സിനിമയിലെത്തിയപ്പോള്‍, മമ്മൂട്ടിയില്‍ അഭൂതപൂര്‍വമായ മാറ്റമാണ് ഉണ്ടായത്. കോളജ് ഡേ പരിപാടികളുടെ റിഹേഴ്‌സല്‍ നടക്കുമ്പോള്‍ മമ്മൂട്ടി ഒരു സഹായിയായി ഞങ്ങളോടൊപ്പമുണ്ടായിരുന്നു.


അധികം താമസിയാതെ പരീക്ഷ അടുത്തെത്തി. കലാപരിപാടികള്‍ ഒക്കെ അവസാനിപ്പിച്ച് എല്ലാവരും പരീക്ഷയെ നേരിടാന്‍ തയാറെടുപ്പുകള്‍ തുടങ്ങി. ഞങ്ങളുടെ ആരുടെ കൈയ്യിലും നോട്ട്‌സ് ഒന്നും ഇല്ലായിരുന്നു. ഞാന്‍ ക്‌ളാസ്സിലെ, നന്നായി പഠിക്കുന്ന പെണ്‍കുട്ടികളുടെ കൈയ്യില്‍ നിന്നും നോട്‌സ് വാങ്ങി. പ്രധാനപ്പെട്ടത് എന്ന് തോന്നിയവ മാത്രം എഴുതിയെടുത്തു. അന്ന് ഫോട്ടോസ്റ്റാറ്റ് ഒന്നും അത്ര പ്രചാരത്തില്‍ ഇല്ലാത്തതു കൊണ്ട്, എല്ലാം കൈ കൊണ്ട് തന്നെ എഴുതിയെടുക്കേണ്ടി വന്നു. പരീക്ഷ കുഴപ്പമില്ലാതെ എഴുതി.

റിസള്‍ട്ടിന് വേണ്ടി കാത്തിരിക്കുന്ന സമയം നാട്ടിലെ പല സാമൂഹ്യ സംഘടനകളുടെയും സജീവ പ്രവര്‍ത്തകനായി..വീട്ടിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തു ഒരു ജോലി സമ്പാദിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സത്യം പറഞ്ഞാല്‍ ഒരു ജോലി സമ്പാദിക്കുക എന്നതിനേക്കാള്‍ ഉപരി, സിനിമയില്‍ പ്രവേശിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ജോലിക്കു വേണ്ടി പത്രങ്ങളിലെ പരസ്യങ്ങള്‍ പരതുന്നതിനിടെ ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരസ്യം എന്റെ ശ്രദ്ധയില്‍ പെട്ടു. മദിരാശിയിലെ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് ആരംഭിക്കുന്ന പുതിയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരസ്യം ആയിരുന്നു അത്. രണ്ടു വര്‍ഷത്തെ ഒരു സമഗ്ര കോഴ്‌സ് ആയിരുന്നു അവിടെ തുടങ്ങുന്നത്. സിനിമ അഭിനയത്തിനായിരുന്നു പ്രാധാന്യം എങ്കിലും, സിനിമയുടെ ചരിത്രവും മറ്റു ചില അനുബന്ധ വിഷയങ്ങളും പാഠ്യ പദ്ധതിയില്‍ ഉണ്ടായിരുന്നു. എനിക്ക് അത്ര ആകര്‍ഷകമായി തോന്നാത്തത് കൊണ്ടു ഞാന്‍ ആ പരസ്യം അവഗണിച്ചു. അതിനിടയില്‍ റിസള്‍ട്ട് വന്നു. ഞാന്‍ ബി.എ പാസ്സായി!

സാമ്പത്തിക സ്ഥിതി വളരെ മോശം ആയിരുന്നെങ്കിലും പിതാവ് എന്നെ ഇസ്റ്റിറ്റിയൂട്ടില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. ഞാന്‍ അതിന്റെ പരസ്യം പത്രത്തില്‍ കണ്ടിട്ട് കുറെ ദിവസങ്ങളായി. പഴയ പത്രം തപ്പിപ്പിടിച്ചു നോക്കിയപ്പോള്‍. അവസാന തിയ്യതിക്ക് രണ്ടു മൂന്നു ദിവസം മാത്രമേ ബാക്കിയുള്ളു. പിന്നെ ഓട്ടമായിരുന്നു. പോസ്റ്റ് ഓഫിസില്‍ പോയി പോസ്റ്റല്‍ ഓര്‍ഡര്‍ വാങ്ങി, അപേക്ഷ ഫോമിനുള്ള പണം അയച്ചു. പിന്നെ ദിവസേന പോസ്റ്റ് ഓഫിസില്‍ പോയി അന്വേഷിക്കും അപേക്ഷാ ഫോം വന്നോ എന്നറിയാന്‍.

ചക്രധാരിയുടെ സഹായത്തോടെ കലാലയ ഫിലിംസിന്റെ സിനിമകളില്‍ സംവിധാന സഹായിയോ, ക്യാമറ അസ്സിസ്റ്റന്റോ ആയി ചേരാം എന്നായിരുന്നു എന്റെ മോഹം. പാവം എന്റെ പിതാവ് വീണ്ടും എന്റെ ആഗ്രഹവുമായി ചക്രധാരിയെ സമീപിച്ചു. എന്നാല്‍, അവര്‍ സിനിമ നിര്‍മാണം മിക്കവാറും നിര്‍ത്തിയ മട്ടായിരുന്നു. അവരുടെ അവസാന ചിത്രമായ ''ജാലകന്യകയുടെ'' ചിത്രീകരണത്തിനിടയില്‍ ഒരു അപകടം ഉണ്ടായി. ചിത്രത്തില്‍ പ്രൊഡക്ഷന്‍ മാനേജര്‍ ആയിരുന്ന, ഞങ്ങളുടെ നാട്ടുകാരനും സുഹൃത്തും ഒക്കെ ആയിരുന്ന ഇബ്രാഹിം, ബോട്ടില്‍ നിന്ന് കായലില്‍ വീണു മുങ്ങി മരിച്ചു. ''ജാലകന്യക'', എന്ന ചിത്രവും സാമ്പത്തികമായി പരാജയമായിരുന്നു. പിന്നീട് കലാലയ സിനിമകളൊന്നും നിര്‍മിച്ചില്ല. അതോടെ എന്റെ ആ പ്രതീക്ഷയും അസ്തമിച്ചു. പക്ഷെ, ചക്രധാരി എന്നേക്കാള്‍ ആവേശത്തിലായിരുന്നു.

അദ്ദേഹം എന്റെ പിതാവിനോട് ഫിലിം ചേംബര്‍ തുടങ്ങുന്ന പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ച് പറഞ്ഞു. ഫിലിം ചേംബര്‍ എന്നത് നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍. സ്റ്റുഡിയോ ഉടമകള്‍, ലാബ് ഉടമകള്‍ എന്നിങ്ങനെ സിനിമ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മുതലാളിമാരുടെയും സംഘടനയാണ്. അതുകൊണ്ടു അവിടെ പഠിക്കുന്നവര്‍ക്ക് അവസരങ്ങള്‍ അവര്‍ തന്നെ നല്‍കും. ഇതൊക്കെ കേട്ടപ്പോള്‍ പിതാവിനും ആവേശമായി. പിതാവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കും താല്‍പര്യമായി. സാമ്പത്തിക സ്ഥിതി വളരെ മോശം ആയിരുന്നെങ്കിലും പിതാവ് എന്നെ ഇസ്റ്റിറ്റിയൂട്ടില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. ഞാന്‍ അതിന്റെ പരസ്യം പത്രത്തില്‍ കണ്ടിട്ട് കുറെ ദിവസങ്ങളായി. പഴയ പത്രം തപ്പിപ്പിടിച്ചു നോക്കിയപ്പോള്‍. അവസാന തിയ്യതിക്ക് രണ്ടു മൂന്നു ദിവസം മാത്രമേ ബാക്കിയുള്ളു. പിന്നെ ഓട്ടമായിരുന്നു. പോസ്റ്റ് ഓഫിസില്‍ പോയി പോസ്റ്റല്‍ ഓര്‍ഡര്‍ വാങ്ങി, അപേക്ഷ ഫോമിനുള്ള പണം അയച്ചു. പിന്നെ ദിവസേന പോസ്റ്റ് ഓഫിസില്‍ പോയി അന്വേഷിക്കും അപേക്ഷാ ഫോം വന്നോ എന്നറിയാന്‍. അപേക്ഷ ഫോം വന്നപ്പോള്‍ അത് പൂരിപ്പിച്ചു ഫോട്ടോയോടൊപ്പം അനുബന്ധ രേഖകളോടെ അയക്കാന്‍ കഷ്ടിച്ച് സമയമേ ഉണ്ടായിരുന്നുള്ളു. അവിടെ ചേരാന്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്‌ളാസ് മാത്രം ആയിരുന്നു. ഏതായാലൂം ദിവസങ്ങള്‍ക്കുള്ളില്‍ മദിരാശിയില്‍ ഇന്റര്‍വ്യൂവില്‍ സംബന്ധിക്കാനുള്ള കത്ത് വന്നു. പിതാവ് മദിരാശിക്ക് പോകാനുള്ള പണം സംഘടിപ്പിച്ചു തന്നു.

കോളജില്‍ നിന്നും വിനോദ യാത്രയ്ക്ക് വന്നപ്പോള്‍ താമസിച്ചതു പോലുള്ള തീരെ നിലവാരം കുറഞ്ഞ ലോഡ്ജില്‍ പോകരുതെന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നിറങ്ങി വലത്തോട്ട് തിരിയുമ്പോള്‍ മൂര്‍മാര്‍ക്കറ്റ്. അതിനപ്പുറമാണ് ആ പഴയ ലോഡ്ജ്. ഇപ്രാവശ്യം ഞാന്‍ സ്റ്റേഷനില്‍ നിന്നറങ്ങി ഇടത്തോട്ട് നടന്നു. സ്റ്റേഷന് അടുത്ത് തന്നെ കേരള ലോഡ്ജ് എന്നൊരു ബോര്‍ഡ് കണ്ടു. അവിടെ തന്നെ മുറിയെടുത്തു.




മദിരാശി മൗണ്ട് റോഡില്‍ ജമിനി സര്‍ക്കിളിന് അടുത്തുള്ള, സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിന്റെ, വിശാലമായ കോംപ്ലക്‌സില്‍ ആയിരുന്നു ഇന്റര്‍വ്യൂ. ഒരു കോളജ് പോലെ വിശാലമായ ക്യാമ്പസ് ആയിരുന്നു അത്. പക്ഷെ, അത് മുഴുവനും ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരുന്നില്ല. പുതിയ സിനിമകളുടെ സെന്‍സറിങ് നടത്തുന്ന പ്രിവ്യു തീയേറ്റര്‍, ഫിലിം ചേംബറിന്റെ ഓഫീസ്, HMV യുടെ റെക്കോര്‍ഡിങ് സ്റ്റുഡിയോ എന്നിവ കൂടാതെ ബ്രിട്ടീഷ്‌കാരുടെ കാലത്തേ ഒരു പഴയ കൂറ്റന്‍ ബംഗ്ലാവും. അതായിരുന്നു ഇസ്റ്റിട്യൂട്ടിന്റെ കെട്ടിടം. നൂറോളം സിനിമാമോഹികള്‍ ഉണ്ടായിരുന്നു ഇന്റര്‍വ്യൂവിന്. പെണ്‍കുട്ടികള്‍ നാലഞ്ചു പേരെ ഉണ്ടായിരുന്നുള്ളു. അന്ന് ഫിലിം ചേംബറിന്റെ തലപ്പത്ത് ആന്ധ്രയിലെ നിര്‍മാതാക്കളും സിനിമ മുതലാളിമാരും ഒക്കെ ആയിരുന്നത് കൊണ്ടാവാം അപേക്ഷകരില്‍ കൂടുതലും ആന്ധ്രയില്‍ നിന്നുള്ളവരായിരുന്നു. അവരില്‍ മിക്കവാറും നിര്‍മാതാക്കളുടെയോ, സ്റ്റുഡിയോ ഉടമകളുടെയോ ഒക്കെ മക്കള്‍ ആയിരുന്നു. അവരില്‍ പലരും നല്ല പൊക്കവും തടിയും ഒക്കെ ഉള്ളവരായിരുന്നു. ഞാന്‍ അന്ന് വളരെ മെലിഞ്ഞ ശരീര പ്രകൃതം ഉള്ളവനായിരുന്നു. മലയാളികള്‍ പത്തില്‍ താഴെയേ ഉണ്ടായിരുന്നുള്ളു. അവരില്‍ ഞാനും രവീന്ദ്രനും മാത്രമേ ഡിഗ്രി പാസായവര്‍ ഉണ്ടായിരുന്നുള്ളു. ബാക്കിയെല്ലാവരും എസ്.എസ്.എല്‍.സി.ക്കാര്‍ ആയിരുന്നു. രണ്ടു ഘട്ടം ആയിട്ടാണ് ഇന്റര്‍വ്യൂ നടന്നത്. നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും വെവ്വേറെ ഇന്റര്‍വ്യൂ ആയിരുന്നു. ഓരോ ദക്ഷിണേന്ത്യന്‍ ഭാഷയുടെയും ഇന്റര്‍വ്യൂ നടത്താന്‍ അതാതു ഭാഷാ സിനിമയിലെ ഒരു പ്രമുഖ നടനോ സംവിധായകനോ ആണ് ഇന്റര്‍വ്യൂ ബോര്‍ഡിലെ ചെയര്‍മാന്‍. മലയാളികളുടെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ നടന്‍ മധു സാര്‍ ആയിരുന്നു പ്രധാനി. ആദ്യ ദിവസം ഞങ്ങള്‍ക്ക് മുന്‍കൂട്ടി തന്നിരുന്ന ഒരു സിനിമയിലെ സംഭാഷണം അവതരിപ്പിക്കാനാണ് പറഞ്ഞത്. സംഭാഷണം മനഃപാഠം പഠിച്ചു, കുഴപ്പമില്ലാതെ അവതരിപ്പിച്ചു. അത് കഴിഞ്ഞപ്പോള്‍ സ്വന്തമായി എന്തെങ്കിലും അവതരിപ്പിക്കാന്‍ മധു സാര്‍ പറഞ്ഞു. കാലടി ഗോപിയുടെ ''ഏഴ് രാത്രികള്‍'' എന്ന നാടകത്തിലെ ഒരു രംഗം ഞാന്‍ അവതരിപ്പിച്ചു. ഈ നാടകം ആ അടുത്ത കാലത്തു കൊച്ചിയില്‍ മേമന്‍ യൂത്ത് ഫോറത്തിന്റെ വാര്‍ഷികത്തില്‍ ഞങ്ങള്‍ അവതരിപ്പിച്ചിരുന്നു. അന്ന് ഞാന്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ ഒരു രംഗമായിരുന്നു അത്. പിന്നീട് മധു സാര്‍ ചില ചോദ്യങ്ങള്‍ ഒക്കെ ചോദിച്ചു. നാളത്തെ സ്‌ക്രീന്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ എന്നെ തെരഞ്ഞെടുത്തതായി അറിയിച്ചു. കുറേപ്പേര്‍ ഒന്നാമത്തെ ദിവസം തന്നെ പുറത്തായിരുന്നു.


സ്റ്റുഡിയോവില്‍ സ്‌ക്രീന്‍ ടെസ്റ്റിന് ക്യാമറയുടെ മുന്നില്‍ അവതരിപ്പിക്കാനായി 'കടല്‍പ്പാലം' എന്ന സിനിമയിലെ സത്യന്റെ ഒരു സംഭാഷണം ആണ് എനിക്ക് കിട്ടിയത്. ഇന്റര്‍വ്യൂ കഴിഞ്ഞ ഉടനെ മുറിയില്‍ പോയി. രാത്രി മുറിയില്‍ ഇരുന്നു ഞാന്‍ ആ രംഗം പലപ്രാവശ്യം ആവര്‍ത്തിച്ച് പഠിച്ചു. പിറ്റേ ദിവസം നേരത്തെ റെഡി ആയി ഫിലിം ചേംബറിന്റെ ഓഫീസില്‍ എത്തി. അവിടുന്ന് അവരുടെ വാഹനത്തില്‍ ഞങ്ങളെ കോടമ്പാക്കത്തുള്ള, വാഹിനി സ്റ്റുഡിയോയിലേക്ക് കൊണ്ട് പോയി. അവിടെ 35 എം.എം മൂവീ ക്യാമറയില്‍ ഓരോരുത്തരുടെയും രണ്ടു രംഗങ്ങള്‍ വീതം ചിത്രീകരിച്ചു. ഒന്ന് മീഡിയം ഷോട്ടും, മറ്റേത് ക്ലോസ് അപ്പും. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആയിരുന്നു ഷൂട്ട് ചെയ്തത്. ആ ഫിലിം ഡെവലപ്പ് ചെയ്ത്, പ്രിന്റ് എടുത്തു കണ്ട് വിലയിരുത്തിയതിനു ശേഷം, രണ്ടാഴച കഴിഞ്ഞു, തെരഞ്ഞെടുക്കപ്പെട്ടവരെ വിവരം അറിയിക്കും എന്ന് പറഞ്ഞു. ഞാന്‍ അന്ന് തന്നെ നാട്ടിലേക്കു തിരിച്ചു.


ഇന്റര്‍വ്യൂവിലും സ്‌ക്രീന്‍ ടെസ്റ്റിലും ഒക്കെ സാമാന്യം നന്നായി പ്രകടനം കാഴ്ച വെച്ചു എങ്കിലും, എന്റെ മെലിഞ്ഞ ശരീരത്തെക്കുറിച്ചു എനിക്ക് ഒരു അപകര്‍ഷതാ ബോധം തോന്നി. പ്രത്യേകിച്ച്, അവിടെ തെലുങ്കന്മാരു കര്‍ണാടകക്കാരുമായ തടിമാടന്മാരെ കണ്ടപ്പോള്‍. ഇന്റര്‍വ്യൂവിന്റെയും സ്‌ക്രീന്‍ ടെസ്റ്റിന്റെയും സമയത്തു ഞാന്‍ മലയാളി വിദ്യാര്‍ഥികളുമായാണ് കൂടുതല്‍ ഇടപഴകിയത്. ജെയിംസ്, ഫ്രാന്‍സിസ്, രാജ്കുമാര്‍, രവീന്ദ്രന്‍, ഇന്ദ്രബ്വാലന്‍ എന്നിവരായിരുന്നു പ്രധാനികള്‍. വേറെയും ഒന്ന് രണ്ടു പേര് ഉണ്ടായിരുന്നെങ്കിലും ചിലര്‍ സ്‌ക്രീന്‍ ടെസ്റ്റിന്റെ കടമ്പ കടന്നില്ല. പിന്നെ അഡ്മിഷന്‍ ലഭിച്ചവരില്‍ തന്നെ ഒരാള്‍ പിന്നീട് വന്നില്ല. തെലുങ്ക്, തമിഴ് എന്നീ വിഭാഗത്തിലായിരുന്നു പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ മലയാളി പെണ്‍കുട്ടികള്‍ ആരും ഇല്ലായിരുന്നെങ്കിലും ഒരു മലയാളി പെണ്‍കുട്ടി പിന്നീട് വന്നു ചേര്‍ന്നു .

ഇന്റര്‍വ്യൂ കഴിഞ്ഞു നാട്ടിലെത്തിയപ്പോള്‍ എല്ലാവരും ചോദിച്ചു, എങ്ങിനെ ഉണ്ടായിരുന്നു? അഡ്മിഷന്‍ കിട്ടുമോ? എന്നൊക്കെ. എന്റെ പ്രകടനത്തില്‍ എനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ടായിരുന്നെങ്കിലും, ഔദ്യോഗികമായി അറിയിപ്പ് വരുന്നത് വരെ അമിത പ്രതീക്ഷ വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു.

ആകാംക്ഷാ ഭരിതമായ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് ആ സന്തോഷ വാര്‍ത്ത വന്നെത്തി. എന്നെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ തെരഞ്ഞെടുത്തിരിക്കുന്നു എന്ന വാര്‍ത്ത !

Similar Posts