Column
ഗ്രീസിലെ ത്രിമൂര്‍ത്തികളും പിന്‍ഗാമികളും
Column

ഗ്രീസിലെ ത്രിമൂര്‍ത്തികളും പിന്‍ഗാമികളും

ഡോ. സലീമ ഹമീദ്
|
14 Jan 2023 4:56 AM GMT

അടുത്തടുത്ത നൂറ്റാണ്ടുകളില്‍ ജീവിച്ച സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ എന്നിവര്‍ തങ്ങള്‍ ജീവിച്ച കാലത്തിനു മുമ്പേ സഞ്ചരിച്ചവരായിരുന്നു. | DaVelhaMedicina - ഭാഗം: 06

ക്രിസ്തുവിനു മുമ്പ് ജനിച്ചവരെങ്കിലും മാനവരാശിയുടെ ചിന്തകളെയും പ്രവൃത്തികളെയും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്വാധീനിച്ച മൂന്ന് മഹല്‍ജന്മങ്ങളെ പറ്റിയാണ് ഇനി പറയുന്നത്.

സോക്രട്ടീസ് (ബി.സി 470-399)

അഥീനിയക്കാരെ സ്വന്തം വിശ്വാസങ്ങള്‍ പുനഃപരിശോധിക്കാനും വസ്തുതകളില്‍ ഊന്നിയുള്ള കണ്ടെത്തലുകളില്‍ ഉറച്ചു നില്‍ക്കാനും സോക്രട്ടീസ് പ്രേരിപ്പിച്ചു. രോഗചികിത്സയുമായി ഇദ്ദേഹത്തിന് നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും, ഒരു ജനതയ്ക്ക് മുഴുവന്‍ കാര്യകാരണസഹിതം ചിന്തിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം ഉദ്‌ബോധനം നല്‍കി എന്നത് നിശ്ചയമായും വൈദ്യവിജ്ഞാനത്തിന്റെ പുരോഗതിക്ക് കാരണമായി. പ്രായോഗികമായി പറഞ്ഞാല്‍ പാരമ്പര്യമായി നിലനില്‍ക്കുന്ന എല്ലാറ്റിനെയും ചോദ്യം ചെയ്യാന്‍ യുവജനങ്ങളെ അദ്ദേഹം പ്രേരിപ്പിച്ചു. ഇതുമൂലം യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നു എന്ന കുറ്റം ആരോപിച്ച് അദ്ദേഹത്തെ സ്വയം വിഷം കുടിച്ചു മരിക്കാനുള്ള ശിക്ഷ നല്‍കി കൊലപ്പെടുത്തുകയായിരുന്നു.


പ്ലേറ്റോ (ബിസി 428-348)

സോക്രട്ടീസിന്റെ വിദ്യാര്‍ഥിയായിരുന്ന പ്ലേറ്റോ 'അക്കാദമി' എന്ന പേരില്‍ ഒരു സ്‌കൂള്‍ സ്ഥാപിച്ചു. ഭൗതികലോകത്തിന്ഡറെ അപൂര്‍ണതകള്‍ ചൂണ്ടിക്കാട്ടുകയും, മനനം (contemplation) കൊണ്ട് മാത്രമേ കുറേക്കൂടെ ഉന്നതമായ പൂര്‍ണ്ണതയോടെ ലോകം വെളിവാകുകയുള്ളൂവെന്ന് വിശ്വസിക്കുകയും ചെയ്തു. ചിന്തിക്കുന്ന സമൂഹത്തില്‍ മാത്രമേ ശാസ്ത്രീയ മനോഭാവം വളരുകയുള്ളു. ഗുരുവിനെപ്പോലെ തന്നെ വൈദ്യശാസ്ത്രത്തിന്റെ പുരോഗതിക്ക് ഇദ്ദേഹം നല്‍കിയ ഈ സംഭാവന ആര്‍ക്കും വിസ്മരിക്കാനാകില്ല.


അരിസ്റ്റോട്ടില്‍ (ബി.സി 384-322)

പ്ലേറ്റോയുടെ വിദ്യാര്‍ഥി ആയിരുന്നുവെങ്കിലും തന്റെ ഗുരുവിന്റേതിന് വിരുദ്ധമായുള്ള ചിന്താഗതിയായിരുന്നു, അരിസ്റ്റോട്ടിലിന്റേത്. സത്യം ഈ ലോകത്ത് തന്നെ ഉണ്ടെന്നും ഭൗതിക ലോകത്തിലെ വസ്തുക്കളെ അവയുടെ സ്വഭാവമനുസരിച്ച് തരം തിരിക്കണമെന്നും കൂടുതല്‍ പഠിക്കുന്നതോടെ അവയെപ്പറ്റിയുള്ള സത്യം വെളിവാകും എന്നുമാണ് അരിസ്റ്റോട്ടില്‍ തന്റെ അനുചരരോട് പറഞ്ഞത്. ശാസ്ത്രത്തില്‍ കാലൂന്നിയായിരുന്നു അരിസ്റ്റോട്ടിലിന്റെ തത്വചിന്ത. ഈ ലോകത്തിലെ ഓരോന്നിനും അതിന്റേതായ ധര്‍മം ഉണ്ടെന്നും പൂവിന്റെ ഇതളുകള്‍, വൃക്ഷശിഖരങ്ങള്‍ എന്നിവയ്ക്ക് പോലും അതിന്റേതായ ധര്‍മം നിര്‍വഹിക്കാന്‍ ഉണ്ടെന്നും അദ്ദേഹം കരുതി.

തലച്ചോറുകൊണ്ട് ജോലി ചെയ്യുന്നവര്‍ കായികമായ പ്രവര്‍ത്തി എടുക്കുന്നവരേക്കാള്‍ മുകളില്‍ ആണെന്നുള്ള ചിന്താഗതി ലോകമെമ്പാടും പരക്കാന്‍ ഗ്രീക്ക് തത്വചിന്ത ഇടയാക്കി. ഇതുമൂലം പല വിഷയങ്ങളിലും ബുദ്ധിപരമായ തീരുമാനങ്ങളെടുക്കുന്നവരെ 'ഉന്നതരാ'യും അത് നടപ്പാക്കുന്ന ശാരീരികമായ അധ്വാനിക്കുന്നവരെ 'താഴെക്കിടയിലുള്ള'വരായും തരം തിരിക്കപ്പെടാന്‍ ഇടയാക്കി. അദേഹത്തിന്റെതായി അറിയപ്പെട്ട പലതരം ചിന്താപദ്ധതികളും 2000 കൊല്ലങ്ങള്‍ക്ക് ശേഷവും അറിഞ്ഞോ അറിയാതെയോ മനുഷ്യരെ സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകള്‍, സൗന്ദര്യശാസ്ത്രം മുതല്‍ ജീവശാസ്ത്രം വരെ വ്യാപിച്ചു കിടക്കുന്നു എങ്കിലും തര്‍ക്കശാസ്ത്രമാണ് അരിസ്റ്റോട്ടില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ള രംഗം.


ബി.സി 384ല്‍ സ്റ്റാഗിറയില്‍ ജനിച്ച അരിസ്റ്റോട്ടില്‍ വടക്കന്‍ ഗ്രീസിലെ മാസിഡോണിയയിലെ രാജാവിന്റെ കൊട്ടാരം വൈദ്യരുടെ മകനായിരുന്നു. പിതാവിന്റെ കൈയില്‍ ഉണ്ടായിരുന്ന ഹിപ്പോക്രാറ്റസിന്റെ കൃതികള്‍ അദ്ദേഹത്തിന്റെ താല്‍പര്യങ്ങളെ രൂപപ്പെടുത്താന്‍ സഹായകരമായിരുന്നു എന്ന് തീര്‍ച്ചയാണ്. യുവാവായ ശേഷം അരിസ്റ്റോട്ടില്‍ ഏതന്‍സില്‍ ഉള്ള പ്ലേറ്റോ അക്കാദമിയില്‍ പഠിക്കാനായി പോയി. പ്ലേറ്റോയുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു അരിസ്റ്റോട്ടില്‍. ആ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകന്‍ ആയി തുടരാന്‍ ഉള്ള നിര്‍ദേശം ഉണ്ടായെങ്കിലും അദ്ദേഹം അവിടെ നിന്ന് തിടുക്കത്തില്‍ പോവുകയാണുണ്ടായത്.

പില്‍ക്കാലത്ത് ഏഷ്യാമൈനറിലെ അസോസ് എന്ന പട്ടണത്തിലെ രാജാവായിരുന്ന ഷണ്ഡനും ഏകാധിപതിയും ആയ ഹെര്‍മിയസ് തന്റെ കൊട്ടാരത്തില്‍ അരിസ്റ്റോട്ടിലിന് ജോലി നല്‍കി. അരിസ്റ്റോട്ടിലിന്റെ കഴിവുകള്‍ കണ്ടു ആരാധന തോന്നി അദ്ദേഹം തന്റെ സഹോദരിയായ പിത്തിയസിനെ മധ്യവയസ്‌കനായ അരിസ്റ്റോട്ടിലിന് വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. പിന്നീടുള്ള ജീവിതം മുഴുവന്‍ അദ്ദേഹം ഈ സ്ത്രീയോടൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ചു. ഗ്രീസിലെ ത്രിമൂര്‍ത്തികളില്‍ അരിസ്റ്റോട്ടില്‍ ഒഴിച്ച് മറ്റാരും തന്നെ രോഗചികിത്സയില്‍ നേരിട്ട് ഉപദേശങ്ങള്‍ ഒന്നും നല്‍കിയിരുന്നില്ല. എന്നാല്‍, അവരുടെ തത്വചിന്തയും മറ്റും പുതിയ തരം ചികിത്സാവിധികളെ തീര്‍ച്ചയായും സ്വാധീനിച്ചിട്ടുണ്ട്. ഹിപ്പോക്രറ്റസിനെ പോലെ തന്നെ അരിസ്റ്റോട്ടിലും മൃഗങ്ങളെ കീറി മുറിച്ചു പരിശോധനകള്‍ നടത്തിയിരുന്നു. എങ്കിലും ആര്‍ട്ടറിയും വെയിനും തമ്മിലുള്ള വ്യത്യാസം അദ്ദേഹം തിരിച്ചറിഞ്ഞില്ല. അതുപോലെ ഞരമ്പുകളെ (Nerves) അദ്ദേഹം കണ്ടെത്തിയില്ല.


ബിസി 342ല്‍ മാസിഡോണിയയിലെ രാജാവ് അരിസ്റ്റോട്ടിലിനെ വിളിപ്പിച്ച് തന്റെ മകനായ അലക്‌സാണ്ടറിന്റെ അധ്യാപകനായിരിക്കാന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചാല്‍ ഓരോരുത്തരും ലോകത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ തയാറായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. അലക്‌സാണ്ടര്‍ അക്ഷരാര്‍ഥത്തില്‍ തന്നെ എല്ലാത്തരം വെല്ലുവിളികളെയും ഏറ്റെടുക്കുകയും പില്‍ക്കാലത്ത് ലോകമറിയുന്ന മഹാനായ അലക്‌സാണ്ടര്‍ ആയി മാറുകയും ചെയ്തു.

പിന്നീട് അരിസ്റ്റോട്ടില്‍ ഏതന്‍സിലേക്ക് മടങ്ങിയെത്തിയ ശേഷം ലൈസിയം (Lyceum) എന്ന പേരില്‍ സ്വന്തമായ ഒരു വിദ്യാലയം സ്ഥാപിച്ചു. പ്ലേറ്റോയുടെ മരണശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ നടത്തിക്കൊണ്ടിരുന്ന പ്ലേറ്റോ അക്കാദമിയുടെ മാതൃകയിലായിരുന്നു ഈ സ്ഥാപനത്തിലെ സൗകര്യങ്ങള്‍. അപൂര്‍വ്വമായ മൃഗങ്ങള്‍ ഉള്‍പ്പെട്ട ഒരു മൃഗശാല ഈ സ്‌കൂളിന് സ്വന്തമായിരുന്നു. ഇവയില്‍ പലതും അലക്‌സാണ്ടര്‍ അദ്ദേഹത്തിന്റെ പടയോട്ടങ്ങള്‍ നടത്തിയ രാജ്യങ്ങളില്‍ നിന്നും കൊണ്ടു വന്നവയായിരുന്നു. സ്‌ക്രോള്‍സ് എന്ന് വിളിക്കപ്പെടുന്ന ചുരുളുകളില്‍ ആയിരുന്നു അക്കാലത്ത് വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. അരിസ്റ്റോട്ടില്‍ സ്വന്തമായി എഴുതിയതും പല നാടുകളില്‍ നിന്നും ശേഖരിച്ചതുമായ ചുരുളുകളുടെ വലിയൊരു ശേഖരം ഇവിടത്തെ ലൈബ്രറിയില്‍ ഉണ്ടായിരുന്നു. കൊട്ടാരങ്ങളിലും ആരാധനാലയങ്ങളിലും ഉള്ളവയെ ഒഴിച്ച് നിര്‍ത്തിയാല്‍ ലോകത്തിലെ ഏറ്റവും വലിയ ആദ്യത്തെ സ്വകാര്യ ലൈബ്രറി ആയി ഇത് കണക്കാക്കപ്പെടുന്നു. ബി.സി 322ല്‍ അരിസ്റ്റോട്ടില്‍ മരിച്ചതോടെ ഈ ചുരുളുകള്‍ അലക്‌സാണ്ട്രിയയിലെ പ്രസിദ്ധമായ ലൈബ്രറിയുടെ ഭാഗമായി മാറി.

ബി.സി 331ലാണ് മഹാനായ അലക്‌സാണ്ടര്‍ ഈജിപ്തില്‍ അലക്‌സാണ്ട്രിയ നഗരം സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ടോളമി സോഹ്റ്റര്‍ ഒന്നാമ (Ptolemy1Soter)ന്റെ 'ലോകത്തിന്റെ മുഴുവന്‍ വിജ്ഞാനം ഒരിടത്ത് ശേഖരിക്കണം' എന്ന ആശയത്തിന്റെ ഫലമായി സ്ഥാപിക്കപ്പെട്ടതാണ് അലക്‌സാണ്ട്രിയയിലെ ചരിത്ര പ്രസിദ്ധമായ ലൈബ്രറി. ഇതിന്റെ സുവര്‍ണ കാലത്ത് ഏഴ് ലക്ഷം വോള്യങ്ങള്‍ ഇവിടെയുണ്ടായിരുന്നുവത്രേ! പിന്നീട് ഇവ പാപ്പിറസ് ചുരുളുകളിലേക്ക് മാറ്റിയെഴുതപ്പെട്ടു. അലക്‌സാണ്ട്രിയയിലെ തുറമുഖത്ത് അടുക്കുന്ന എല്ലാ കപ്പലുകളിലും ഉള്ള പുസ്തകങ്ങള്‍ ഈ ലൈബ്രറിയിലേക്ക് വേണ്ടി പിടിച്ചെടുത്തിരുന്നു. ഏഥന്‍സില്‍ നിന്നും അവരുടെ മഹാന്മാരായ ചില എഴുത്തുകാരുടെ മൂലഗ്രന്ഥങ്ങള്‍ ഇതിനായി കടം കൊടുത്തുവെങ്കിലും അത് ഒരിക്കലും മടക്കി നല്‍കിയില്ലത്രേ! ഈ ലൈബ്രറി ഒരു മ്യൂസിയം സമുച്ചയത്തിന്റെ ഭാഗമായിരുന്നു, അവിടെ കുറഞ്ഞ ചിലവില്‍ പണ്ഡിതന്മാര്‍ക്ക് പഠനങ്ങള്‍ നടത്താനും, തങ്ങളുടെ കണ്ടുപിടുത്തങ്ങളെപ്പറ്റി പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാനും സൗകര്യമുണ്ടായിരുന്നു.

ഗ്രീക്കുകാരുടെയും റോമാക്കാരുടെയും സാമ്രാജ്യത്തിന്റെ ഭാഗമായ ഇടങ്ങളില്‍ നിന്നുള്ള പണ്ഡിതര്‍ ഇവിടെ പഠനത്തിനും ഗവേഷണത്തിനുമായി എത്തി. ജോമെട്രിയിലെ ആദ്യകാല കണ്ടുപിടിത്തങ്ങള്‍ക്കുടമയായ യൂക്ലിഡ്, പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ ആര്‍ക്കമെഡീസ്, ഭിഷഗ്വരന്മാരായ ഹെറോഫിലസ്, ഏറാസിസ്ട്രാറ്റസ് എന്നിവര്‍ ഇവിടെ വിദ്യാര്‍ഥികളായിരുന്നു. പില്‍ക്കാലത്ത് ഒരു തീപിടിത്തത്തില്‍ ഈ വിജ്ഞാനഖനി നശിച്ചുപോയി. ബി.സി 48ല്‍ ജൂലിയസ് സീസര്‍ ആണോ, എ.ഡി270ലെ ഒറീലിയന്‍ (Aurelian) ആണോ അതല്ല, എ.ഡി 391ല്‍ അലക്‌സാണ്ട്രിയയിലെ പോപ്പ് ആയിരുന്ന തിയോഫിലസ് ആണോ ഈ അഗ്‌നി ബാധയ്ക്ക് കാരണക്കാരന്‍ എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. ഭാഗ്യവശാല്‍ 'ഹിപ്പോക്രാട്ടിക് കോര്‍പ്പസ്'ന്റെ ചില കോപ്പികള്‍ ഇതില്‍ നിന്ന് രക്ഷപ്പെട്ടു.

ഹെറോഫിലസ് (ബി.സി 325-255)

അനാട്ടമിയുടെ പിതാവ് എന്ന് കണക്കാക്കപ്പെടുന്ന ഹെറോഫിലസ് ബോസ്ഫറസ് നദിയുടെ ഏഷ്യന്‍ കരയിലാണ് ജനിച്ചത്. ഗ്രീക്കുകാരനായിരുന്നെങ്കിലും അദ്ദേഹം അലക്‌സാണ്ട്രിയയിലായിരുന്നു തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗം കഴിച്ചുകൂട്ടിയത്. ഗ്രീസില്‍ വൈദ്യ പഠനത്തിനായി മനുഷ്യശരീരം കീറി മുറിക്കുന്നത് വിലക്കപ്പെട്ടിരുന്നു. ഈജിപ്തില്‍ മൃതശരീരങ്ങളെ കേടു വരാതെ സംരക്ഷിക്കുന്നതിനുള്ള വിദ്യ, കീമിയ (Khemeia) എന്ന ശാസ്ത്രത്തിന്റെ ശാഖയായി നിലവിലിരുന്നു. മൃതശരീരം എംബാം ചെയ്യാനായി കീറി മുറിക്കേണ്ടതുണ്ടല്ലോ. തന്മൂലം ഇതിനെതിരായി നിലനിന്ന വിലക്ക് മാറിത്തുടങ്ങിയിരുന്നു. എന്നാല്‍, ആത്മാവാണ് പ്രധാനം എന്നും ശരീരം വെറും കെട്ട്കാഴ്ച മാത്രമാണ് എന്നുള്ള പ്ലേറ്റോയുടെ ചിന്താഗതി വ്യാപകമായതിനെത്തുടര്‍ന്ന് കുറച്ചുകാലത്തേക്കെങ്കിലും ഗ്രീസില്‍ ഡിസെക്ഷന്‍ അനുവദിക്കപ്പെട്ടു. യഥാര്‍ഥത്തില്‍ ഇതിനു ശേഷം എന്താണ് നടന്നത് എന്നതിനെപ്പറ്റി സംശയരഹിതമായ വിവരങ്ങള്‍ ലഭ്യമല്ല. 300 കൊല്ലങ്ങള്‍ക്ക് ശേഷം റോമന്‍ എന്‍സൈക്ലോപീഡിയക്കാരനായ സെല്‍ഷ്യസ് രേഖപ്പെടുത്തിയതനുസരിച്ച് അക്കാലത്തെ രാജാവിന്റെ തടവുകാരായ കുറ്റവാളികളില്‍ വധശിക്ഷക്ക് വിധേയരാവരുടെ മൃതശരീരം, ഡിസക്ഷന് വേണ്ടി ലഭിച്ചിരുന്നു. ഹെറോഫിലസും എറസിസ്റ്റ്രാറ്റസും പഠനത്തിനായി മനുഷ്യശരീരങ്ങള്‍ കീറിമുറിച്ചു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, അക്കാലത്തെ രാജാവിന്റെ ജയിലുകളില്‍ നിന്നും കുറ്റവാളികളെ പുറത്തു കൊണ്ടുവന്ന് അവരെ ജീവനോടെ കീറി മുറിക്കുകയായിരുന്നോ അതോ വധശിക്ഷയ്ക്ക് വിധേയരായവരെ ശിക്ഷ നടത്തിയ ഉടനെ തന്നെ ഇതിനായി ഉപയോഗിക്കുകയായിരുന്നോ എന്നതാണ് വിവാദവിഷയം. അതെന്തായാലും പ്രകൃതി മനുഷ്യനില്‍ നിന്നും നൂറ്റാണ്ടുകളായി മറയിട്ടു വച്ച രഹസ്യങ്ങളുടെ ലോകത്തെ അദ്ദേഹം കണ്ടെത്തുകയും അവയെ പിന്‍ഗാമികള്‍ക്കായി രേഖപ്പെടുത്തുകയും ചെയ്തു.


മനുഷ്യനേത്രങ്ങളുടെ വിശദമായ പഠനകാലത്താണ് നേത്രഗോളത്തിന്റെ അകത്തുള്ള വളരെ നേര്‍ത്ത പാടയായ റെറ്റിന ഹെറോഫിലസ് കണ്ടെത്തുന്നത്. ആമാശയം കഴിഞ്ഞുള്ള ചെറുകുടലിലെ ഭാഗത്തിന് ഡുവോഡിനം (duodenum) എന്ന് ഇദ്ദേഹമാണ് പേര് നല്‍കിയത്. 12 വിരലുകളുടെ വീതി ഉള്ളത് എന്നര്‍ഥം വരുന്ന 'duodeka' എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഈ പേര് ഉണ്ടായതത്രേ! ഇദ്ദേഹമാണ് പുരുഷന്മാരുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി ആദ്യമായി കണ്ടുപിടിക്കുകയും പേര് നല്‍കുകയും ചെയ്തത്.

വികാരങ്ങളുടെയും ബോധത്തിന്റെയും ഇരിപ്പിടം ഹൃദയമാണ് എന്ന അരിസ്റ്റോട്ടിലിന്റെ ചിന്താഗതി അദ്ദേഹം ചോദ്യം ചെയ്തു. ശ്രദ്ധാപൂര്‍വമായ ഡിസക്ഷന്‍ മൂലം മനുഷ്യശരീരത്തിലെ ഞരമ്പുകളെ വേര്‍ തിരിച്ചെടുക്കുകയും അവയുടെ തലച്ചോറുമായുള്ള ബന്ധം കണ്ടെത്തുകയും ചെയ്തു. നാഡിമിടിപ്പിന്റെ എണ്ണം, വലിപ്പം, ബലം, താളം എന്നിവ ഇദ്ദേഹം ആദ്യമായി രേഖപ്പെടുത്തി. മൂത്രസഞ്ചിയില്‍ നിന്ന് കൃത്രിമമായി മൂത്രം നീക്കം ചെയ്യാനുള്ള കുഴലായ കത്തീറ്ററിന്റെ പ്രാകൃത രൂപം ഇദ്ദേഹം നിര്‍മിച്ചിരുന്നുവത്രെ!

ഇദ്ദേഹത്തിന്റെ പ്രിയ വിദ്യാര്‍ഥി ആയിരുന്ന എറസിസ്റ്റ്രാറ്റസ് അരിസ്റ്റോട്ടിലിന്റെ ചെറുമകന്‍ ആണെന്ന് ഒരു കൂട്ടര്‍ പറയുന്നുണ്ട്. ഞരമ്പുകളില്‍ മോട്ടോര്‍ (motor) എന്നും സെന്‍സറി ( Sensory) എന്നും രണ്ട് തരം ഉണ്ടെന്ന് കണ്ടെത്തിയത് ഇദ്ദേഹമാണ്. തലച്ചോറിന്റെ സെറിബ്രം, സെറിബെല്ലം എന്നീ രണ്ട് ഭാഗങ്ങള്‍ കണ്ടെത്തിയത് കൂടാതെ, തലച്ചോറിലെ മടക്കുകളുടെ എണ്ണവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സൂചന നല്‍കിയത് ഇദ്ദേഹമായിരുന്നു. രക്തചംക്രമണം, ശ്വസനം, ദഹനം എന്നിവയെ പറ്റി വിശദമായ പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയാത്ത അര്‍ബുദരോഗബാധയെത്തുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇദ്ദേഹത്തിന്റെ കാലശേഷം യൂറോപ്പില്‍ വീണ്ടും ഡിസെക്ഷന്‍ നിരോധിക്കപ്പെട്ടു, മൃഗങ്ങളുടെ ശരീരപഠനം മനുഷ്യരുടേതിന് തുല്യമാകുകയില്ലല്ലോ. അങ്ങനെ മൂഢത മൂലം ഏകദേശം 1500 വര്‍ഷത്തോളം വൈദ്യശാസ്ത്രത്തിന് കാര്യമായ പുരോഗതി ഉണ്ടായില്ല. കുറ്റിയില്‍ കെട്ടിയിട്ട മൃഗത്തെപ്പോലെ ഗേലന്റെ ഹ്യൂമറുകളുടെ ചുറ്റും അത് വട്ടം തിരിഞ്ഞു കൊണ്ടിരിരുന്നു. ആധുനിക ഇറ്റലിയിലെ റ്റസ്‌കനിയുംചുറ്റുമുള്ള ഭാഗങ്ങളുമാണ് എട്രൂസ്‌കന്‍ (Etruscan) സംസ്‌കാരം നിലനിന്നിരുന്ന ഭാഗങ്ങള്‍: ഈ നാട്ടില്‍ രോഗചികിത്സ പദ്ധതികള്‍ നിലവിലിരുന്നതായും ഈ നാട്ടുകാര്‍ക്ക് ഔഷധങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു എന്നും തിയോഫ്രസ്റ്റസ് (Theophrastus), തന്റെ 'ഹിസ്റ്ററി ഓഫ് പ്ലാന്‍സ്' എന്ന രചനയില്‍ പറയുന്നുണ്ട്. വൈദ്യവൃത്തി നിന്ദ്യമായ ഒന്നായി കരുതിയ റോമാക്കാര്‍ എട്രൂറിയ (Etruria) യിലെ പുരോഹിതന്മാരെയാണ് രോഗ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നത്.

അസ്‌ക്ലെപിയേഡസ് ( ബിസി 124 - 40 )

അതിപുരാതന റോമില്‍ മന്ത്രവിദ്യ, പ്രകൃത്യാതീതശക്തികള്‍, പലതരം ദൈവങ്ങളുടെ സംരക്ഷണം എന്നിവയെ ആശ്രയിച്ചായിരുന്നു രോഗ ചികിത്സ. ആദ്യം ദുരഭിമാനം മൂലം മാറി നിന്നെങ്കിലും ഗ്രീസിലെ പ്രസിദ്ധമായ സര്‍വ്വകലാശാലകളില്‍ ദീര്‍ഘകാലത്തെ കഠിനമായ പരിശീലനം നേടി പുറത്തേക്ക് ഇറങ്ങുന്ന ചികിത്സകര്‍ക്ക് ലഭിക്കുന്ന ബഹുമാനവും പ്രാധാന്യവും റോമാക്കാരെ പതുക്കെ പതുക്കെ തങ്ങളുടെ നിലപാടുകള്‍ മാറ്റാന്‍ പ്രേരിപ്പിച്ചു.

ബി.സി ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഗ്രീസിലെ ബിഥിനിയയിലെ അസ്‌ക്ലെപിയേഡസ് അധികം അറിയപ്പെട്ട ചികിത്സകനല്ലെങ്കിലും, യുക്തിസഹമായ കാഴ്ചപ്പാടുകള്‍ മൂലം സമകാലികര്‍ 'ഭിഷഗ്വരന്മാരുടെ രാജകുമാരന്‍' (Prince of physicians) എന്ന വിശേഷണം അദ്ദേഹത്തിന് നല്‍കി. റോമില്‍ പ്രശസ്തനായ ആദ്യത്തെ ഗ്രീക്ക് ഡോക്ടറായിരുന്നു ഇദ്ദേഹം. സുഖലോലുപന്മാരും തീറ്റപ്രിയരുമായ റോമാക്കാരുടെ മനസിക വ്യാപാരങ്ങളെ പറ്റി നല്ല അറിവുണ്ടായിരുന്ന ഇദ്ദേഹം കൈപ്പുള്ളതും ദുര്‍ഗന്ധം ഉള്ളതുമായ മരുന്നുകള്‍ അവര്‍ക്ക് നല്‍കിയില്ല-പകരം പ്രത്യേക രീതിയിലുള്ള ഭക്ഷണം. വ്യായാമം, നടത്തം, കുളികള്‍, തിരുമ്മല്‍, എന്നിവയാണ് ഇദ്ദേഹം രോഗ ചികിത്സയ്ക്കായി വിധിച്ചത്. അസ്‌കലെപിയേഡസിനെ പിന്തുടരുന്നവര്‍ തൊലിപ്പുറത്തുള്ള ദ്വാരങ്ങള്‍ തുറന്നു വിയര്‍പ്പ് പുറത്തേക്ക് കളയുന്ന വിധത്തിലുള്ള തരം കുളികള്‍ക്കു വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു. മറ്റു ചിലപ്പോള്‍ ഈ ദ്വാരങ്ങള്‍ അടയ്ക്കാനായി പ്രത്യേകതരം മരുന്നുകളും ആസ്ട്രിന്‍ജന്റ്കളും നല്‍കി.


ടോണിക്ക്, ക്ലോണിക് എന്നിങ്ങനെ രണ്ടു തരത്തില്‍ ചുഴലി ദീനത്തെ അടയാളപ്പെടുത്തിയത് ഇദ്ദേഹമാണ്. മനുഷ്യ ശരീരം തന്മാത്രകള്‍ ചേര്‍ന്നതാണ് എന്ന് പ്രചരിപ്പിച്ച ആദ്യത്തെ ഡോക്ടര്‍ എന്ന ബഹുമതി ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ബി.സി 3600ലെ ഈജിപ്ഷ്യന്‍ ടാബ്ലെറ്റുകളില്‍ ട്രക്കിയോട്ടമി (tracheotomy) യുടെ രേഖാചിത്രങ്ങള്‍ കാണാമെങ്കിലും ആദ്യമായി ഇത് ചെയ്തത് ഇദ്ദേഹമാണ്. ഇത് ഒരു ഡിഫ്ത്തീരിയ രോഗിയിലായിരുന്നുവത്രെ. മലേറിയ മൂലം ഉണ്ടാകുന്ന പനിയുടെ പ്രത്യേക പാറ്റേണ്‍ അദ്ദേഹം വളരെ കൃത്യമായി വിവരിച്ചിട്ടുണ്ട്.

മാനസികരോഗികളുടെ ചികിത്സയില്‍ ഇദ്ദേഹം ദയാപൂര്‍ണമായ പല മാറ്റങ്ങളും വരുത്തി. മിഥ്യാധാരണയില്‍ നിന്നുള്ള വ്യാമോഹം (Illusion), അബദ്ധവിശ്വാസം (delusion) എന്നിവ നിര്‍വചിച്ചത് ഇദ്ദേഹമാണ്. ഇരുട്ട് നിറഞ്ഞ മുറികളില്‍ അടച്ച് സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിന് പകരം വായുവും വെളിച്ചവും ലഭിക്കുന്ന, പ്രത്യേകമായി നിര്‍മിച്ച മന്ദിരങ്ങളിലേക്ക് ഇവരെ മാറ്റി, രോഗശമനത്തിന് സഹായകരമായ ചില വ്യായാമ മുറകള്‍ നല്‍കി വന്നു. മാനസികവും ശാരീരികവുമായ പല രോഗങ്ങളുടെയും ചികിത്സയ്ക്ക് ഇദ്ദേഹം സംഗീതം ഉപയോഗിച്ചു. രോഗത്തിന്റെ സ്വഭാവം അനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള സംഗീതം ഉപയോഗിച്ചിരുന്നു. കൃത്യമായ രീതിയില്‍ ഉപയോഗിച്ചാല്‍ വേദനയുള്ള ഭാഗങ്ങളില്‍ സംഗീതം ചില തരം തരംഗങ്ങളുണ്ടാക്കുമെന്നും അത് ആ പ്രത്യേക ഭാഗത്തുള്ള വേദനയെ അകറ്റും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സമീകൃതാഹാരവും വ്യായാമവും കുളിയും ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാനമെന്ന് കരുതിയ ഇദ്ദേഹം, എന്നെങ്കിലും താന്‍ രോഗിയായാല്‍ തന്റെ ഡോക്ടര്‍ എന്നുള്ള പദവി ഉപേക്ഷിക്കാന്‍ തയാറാണെന്ന് പറഞ്ഞു കൊണ്ട് വളരെ വലിയ ഒരു തുകക്ക് അദ്ദേഹം പന്തയം വച്ചിട്ടുണ്ടായിരുന്നുവത്രേ. വാര്‍ധക്യത്തിലെത്തിയശേഷം ഒരു അപകടത്തിലാണ് അദ്ദേഹം മരിച്ചത്. പക്ഷേ, പന്തയത്തില്‍ അദ്ദേഹം വിജയിച്ചു.

അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ പ്രകൃതിശാസ്ത്ര പണ്ഡിതനായ പ്ലിനി (Pliny the elder-എഡി23-79) എഴുതിയ 37 പുസ്തകങ്ങള്‍ അടങ്ങിയ 'നാച്ചുറല്‍ ഹിസ്റ്ററി' എന്ന കൃതി അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ഉദാഹരണമാണ്. പച്ചക്കറികള്‍, മൃഗങ്ങള്‍ ധാതുലവണങ്ങള്‍ എന്നിവയില്‍ നിന്നും നിര്‍മിക്കാവുന്ന മരുന്നുകളെപ്പറ്റി ഇതില്‍ വിവരിക്കുന്നുണ്ട്. വൈദ്യചികിത്സയെ സംബന്ധിച്ച പുസ്തകം അല്ലെങ്കിലും അക്കാലത്തെ രോഗചികിത്സാ സംവിധാനങ്ങളെയും രീതികളെയും പറ്റി ധാരാളം വിവരങ്ങള്‍ ഇതില്‍ കാണാം.

നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഓറിബസിയൂസ് (Oribasius),ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്റ്റെഫാനസ് ഓഫ് അലക്‌സാന്‍ഡ്രിയ (Stephanus of Alexandria) എന്നി ഭിഷഗ്വരന്മാരുടെ പേരുകളും പല ചരിത്ര പുസ്തകങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.

(തുടരും)

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Similar Posts